ജീവിതവും പരീക്ഷണങ്ങളും

പത്രാധിപർ

2020 ജൂലൈ 04 1441 ദുല്‍ക്വഅദ് 13

'കോവിഡ് 19' ലോകത്ത് പിടിമുറുക്കിക്കൊണ്ടേയിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തും ദിനംപ്രതി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. പഴയതുപോലെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും സജീവത കൈവന്നില്ലെങ്കില്‍ ജനജീവിതം പാടെ താളംതെറ്റുെമന്നായിട്ടുണ്ട്. കച്ചവടക്കാരും ഡ്രൈവര്‍മാരും കൂലിപ്പണിക്കാരുമടക്കം മിക്കവാറും എല്ലാ രംഗങ്ങളിലുള്ളവരും വരുമാനമാര്‍ഗം നിലച്ച് പ്രയാസപ്പെടുകയാണ്.

മലയാളനാടിന്റെ സര്‍വതോന്മുഖമായ പുരോഗതിയുടെയും പിന്നില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള പ്രവാസികളും വല്ലാത്തൊരു പ്രതിസന്ധിയിലാണ്. കോവിഡ് ബാധിച്ചും മാനസിക പിരിമുറുക്കം കാരണത്താല്‍ ഹൃദയാഘാതമുണ്ടായും വിദേശരാജ്യങ്ങളില്‍വെച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും സ്വന്തം നാടണയാനുള്ള അവരുടെ ആഗ്രഹത്തിന് ഭരണകൂടങ്ങള്‍ തീര്‍ത്ത നിയമങ്ങളുടെ സങ്കീര്‍ണതകള്‍ വിലങ്ങുതടിയാവുകയാണ്.

ലക്ഷക്കണക്കിനു പ്രവാസികള്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. കുറച്ചുപേര്‍ എത്തിക്കഴിഞ്ഞു. അവരില്‍ മിക്കവരും ജോലി നഷ്ടപ്പെട്ടവരാണ്. ഇനിയൊരു തിരിച്ചുപോക്ക് സാധിക്കുമോ എന്ന് ആര്‍ക്കും ഉറപ്പില്ല. അതുകൊണ്ടു തന്നെ ജീവിതം എങ്ങനെ മുന്നോട്ടു നയിക്കും എന്ന ചിന്ത അവരെയും അലട്ടുന്നുണ്ട്.

ഭരണകൂടവും പൊതുസമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കു വേണ്ട പിന്തുണ നല്‍കുകയും അവരെ സഹായിക്കുകയും ചെയ്യല്‍ അനിവാര്യമാണ്. കച്ചവടം, ചെറുകിട വ്യവസായങ്ങള്‍, കൃഷി... തുങ്ങി അവനവന് സാധ്യമാകുന്ന ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ സന്നദ്ധരാകണം.

എല്ലാവരും ഭയപ്പെടുന്നത് പട്ടിണിയും ദാരിദ്ര്യവുമാണ്. ഇങ്ങനെ പോയാല്‍ എന്തു ചെയ്യും എന്ന അമിതമായ ആധി പലരെയും വിഷാദരോഗികളും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരുമാക്കി മാറ്റുന്നുണ്ട്. ഇങ്ങനെയൊരു അവസ്ഥ സത്യവിശ്വാസികള്‍ക്ക് ഉണ്ടായിക്കൂടാ. കാരണം ഭൗതിക ജീവിതം പരീക്ഷണങ്ങളുടെതാണ്. ജീവിതാവസ്ഥകള്‍ മാറിമാറി വരുമ്പോള്‍ സ്രഷ്ടാവിന്റെ തീരുമാനമെന്നു കരുതി ക്ഷമിക്കുവാനും മനക്കരുത്തോടെ മുന്നോട്ടുപോകുവാനും കഴിയണം.

അല്ലലും അലട്ടലുമില്ലാതെ, തിന്നും കുടിച്ചും രസിച്ചും ജീവിതം കഴിച്ചുകൂട്ടുക എന്നത് ഏതൊരാളുടെയും ആ്രഗഹമാണ്. പ്രയാസങ്ങള്‍, രോഗങ്ങള്‍, പരീക്ഷണങ്ങള്‍, ദാരിദ്ര്യം... ഇവയെല്ലാം എല്ലാവരും വെറുക്കുന്നു. എന്നാല്‍ നമ്മുടെ ആഗ്രഹങ്ങളെല്ലാം പൂവണിയുന്നതല്ലല്ലോ ഈ ലോകം!

അല്ലാഹു പറയുന്നു: ''നിങ്ങള്‍ ഗ്രഹിക്കണം; ഐഹികജീവിതം കളിയും വിനോദവും അലങ്കാരവും ധനത്തിലും സന്താനങ്ങളിലും പരസ്പരം അഭിമാനംകൊള്ളലും പെരുമനടിക്കലും മാത്രമാകുന്നു. ഒരു മഴപോലെ. അതുവഴി തഴച്ചുവളരുന്ന സസ്യലതാതികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തുന്നു. പിന്നീടത് വാടുന്നു. അപ്പോഴത് മഞ്ഞ നിറമായിമാറുന്നതു കാണാം. പിന്നീടത് വൈക്കോലായി നുറുങ്ങിപ്പോകുന്നു. പരലോകത്ത് കഠിനശിക്ഷയും അല്ലാഹുവിങ്കല്‍നിന്നുള്ള പാപമോചനവുമുണ്ട്. ഇഹലോകജിവിതം കബളിപ്പിക്കുന്ന ചരക്കു മാത്രമാകുന്നു'' (ക്വുര്‍ആന്‍ 57:20).