എന്തുകൊണ്ട് 'പ്രൊഫ്‌കോണ്‍?'

പത്രാധിപർ

2020 മാര്‍ച്ച് 14 1441 റജബ് 19

വിദ്യാര്‍ഥിസമൂഹം നാളെയുടെ വാഗ്ദാനമാണ്, നാടിന്റെയും സമൂഹത്തിന്റെയും നട്ടെല്ലാണ്. അവരില്‍നിന്നാണ് രാജ്യം ഭരിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരും അധ്യാപകരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമെല്ലാം ഉണ്ടാകാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രോല്‍സാഹനവും സഹായവും പിന്തുണയും ലഭിക്കേണ്ടതുണ്ട്. ധാര്‍മികബോധത്തില്‍ അവര്‍ വളര്‍ന്നുവരേണ്ടതുണ്ട്. മനഷ്യത്വമില്ലാത്തവരും മനസ്സാക്ഷി മരവിച്ചവരുമായി അവര്‍ വളര്‍ന്നുകൂടാ.

ക്യാമ്പസുകള്‍ നന്മയുടെ വിളനിലങ്ങളാകണം. തങ്ങള്‍ പഠിക്കുന്നത് കേവലം സാമ്പത്തിക നേട്ടത്തിനായി മാത്രമല്ലെന്നും രാജ്യത്തോടും സമൂഹത്തോടും കുടുംബത്തോടും പ്രതിബദ്ധത പുലര്‍ത്തല്‍ തങ്ങളുടെ ബാധ്യതയാണെന്നും വിദ്യാര്‍ഥികള്‍ തിരിച്ചറിയണം.

ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനനുസരിച്ച് ധാര്‍മിക-സാംസ്‌കാരിക രംഗത്ത് അധഃപതനത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യര്‍ ആപതിച്ചുകൊണ്ടിരിക്കുകയാണിന്ന്. തല്‍ഫലമായി വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളുമെല്ലാം ദിനംപ്രതി അശാന്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

മതം, ജാതി, രാഷ്ട്രീയം, വര്‍ണം, ഭാഷ... ഇങ്ങനെ പലതിന്റെ പേരിലും മനുഷ്യര്‍ മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ പണിയുന്നു, കലഹിക്കുന്നു, അക്രമം നടത്തുന്നു. ഭരണരംഗത്ത് അനീതിയും അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്നു.

മനുഷ്യത്വത്തിന്റെ മഹിതമായ സന്ദേശം ഉയര്‍ത്തിപ്പിടിച്ച്, സമൂഹത്തിനും നാടിനും കുടുംബത്തിനും താങ്ങും തണലുമായി മാറേണ്ട യുവത ലഹരിയുടെ പുതിയ ആസ്വാദന മേഖലകള്‍ തേടി അലയുകയാണ്. ഒരു കയ്യില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ േഫാണും മറുകയ്യില്‍ എരിയുന്ന കഞ്ചാവുമായി പാതിരാത്രികളില്‍ ആളൊഴിഞ്ഞ ഇടങ്ങളില്‍ ഒത്തുകൂടുന്നവരില്‍ യുവാക്കളും മധ്യവയസ്‌കരും മാത്രമല്ല, സ്‌കൂള്‍ വിദ്യാര്‍ഥികളുമുണ്ടെന്ന വിവരം നമ്മളില്‍ ഞെട്ടലുളവാക്കുന്നേയില്ല!

ഇവിടെയാണ് 'പ്രൊഫ്‌കോണ്‍' എന്ന പേരില്‍ എല്ലാവര്‍ഷവും നടക്കാറുള്ള പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ അന്താരാഷ്ട്ര സമ്മേളനം പ്രസക്തമാകുന്നത്. ഉന്നത വിദ്യാഭ്യാസം നേടി; സമൂഹത്തില്‍ ഏറെ ആദരവ് ലഭിക്കുന്ന, ഉയര്‍ന്ന വരുമാനം കൈപ്പറ്റുന്ന േജാലി കരസ്ഥമാക്കുന്നവര്‍ ധാര്‍മിക ബോധവും മനുഷ്യപ്പറ്റുമില്ലാത്തവരാണെങ്കില്‍ അത് സമൂഹത്തിനും രാജ്യത്തിനുമുണ്ടാക്കുന്ന ദോഷം ഏറെ വലുതായിരിക്കും.

കഴിഞ്ഞുപോയ 'പ്രൊഫ്‌കോണു'കള്‍ വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടാക്കിയ മാറ്റം വമ്പിച്ചതാണ്. മദ്യത്തിനും മയക്കുമരുന്നിനും കീഴ്‌പെട്ട് അതില്‍നിന്ന് രക്ഷനേടാനാകാതെ ജീവിച്ചിരുന്നവര്‍, വ്യഭിചരിച്ചിരുന്നവര്‍, മാതാപിതാക്കളെ ധിക്കരിക്കുകയും ദ്രോഹിക്കുകയും ചെയ്തിരുന്നവര്‍, റാഗിംഗ് എന്ന ഓമനപ്പേരില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ കഠിനമായി ഉപദ്രവിച്ച് രസിച്ചിരുന്നവര്‍...അങ്ങനെയങ്ങനെ താന്തോന്നികളായി 'അടിപൊളി' ജീവിതം നയിച്ച അനേകം വിദ്യാര്‍ഥികള്‍...അവര്‍ക്ക് തിരിച്ചറിവ് പകരാന്‍, അവരിലെ മനുഷ്യത്വത്തെ തൊട്ടുണര്‍ത്താന്‍, അവര്‍ക്ക് യഥാര്‍ഥ ജീവിതലക്ഷ്യം പകര്‍ന്നു നല്‍കാന്‍ പ്രൊഫ്‌കോണുകള്‍ കാരണമായിട്ടുണ്ടെന്നത് അനിഷേധ്യമായ വസ്തുതയാണ്.