ഇസ്‌ലാം വെളിച്ചമാണ്

പത്രാധിപർ

2020 ഡിസംബര്‍ 19 1442 ജുമാദല്‍ അവ്വല്‍ 04

ജീവിതത്തിന്റെ നിഖിലമേഖലകളിലേക്കും വെളിച്ചം വീശുന്ന നിയമങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നു എന്നത് ഇസ്‌ലാമിന്റെ മാത്രം സവിശേഷതയാണ്. കുടുംബപരവും സാമൂഹികവും വൈയക്തികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ കാര്യങ്ങള്‍ മുതല്‍  ഇതരജീവികളോട്  അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ വരെ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. യുദ്ധത്തിലും സമാധാനത്തിലും സന്ധിയിലും കൈക്കൊള്ളേണ്ട നിയമങ്ങള്‍ അതില്‍ ഉണ്ട്.

മതം വിരോധിച്ച കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് നല്ലതാണെന്നോ ഇസ്‌ലാം അംഗീകരിച്ച കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് മോശമാണെന്നോ ഒരാള്‍ക്കും പറയാന്‍ സാധ്യമല്ല.

മനുഷ്യബുദ്ധിയെ തട്ടിയുണര്‍ത്തുന്ന ചിന്താവിഷയങ്ങള്‍ ക്വുര്‍ആന്‍ മനുഷ്യര്‍ക്കുമുമ്പില്‍ അവതരിപ്പിക്കുന്നു. അത് ശാസ്ത്രഗ്രന്ഥമല്ലെങ്കിലും അതില്‍ ശാസ്ത്രീയമായ കാര്യങ്ങളുണ്ട്. ആധുനികശാസ്ത്രം കണ്ടുപിടിച്ച പല കാര്യങ്ങളും നിരക്ഷരനായ പ്രവാചകനിലൂടെ അവതീര്‍ണമായ ക്വുര്‍ആനില്‍ കാണാന്‍ കഴിയുന്നു എന്നതുതന്നെ അതിന്റെ ദൈവികതയെ അറിയിക്കുന്നു.

യാത്രക്കാര്‍, രോഗികള്‍, വൃദ്ധന്മാര്‍, ആര്‍ത്തവ, പ്രസവ രക്തമുള്ള സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം ആരാധനകളില്‍ ഒഴിവുകഴിവുകള്‍ നല്‍കി ഇസ്‌ലാം പ്രായോഗികമായി നിലകൊള്ളുന്നു.  

മരണാനന്തരജീവിതവും സ്വര്‍ഗനരകങ്ങളും അന്ത്യനാളിലെ അതിഭീകരമായ സംഭവങ്ങളും ക്വുര്‍ആനും ഹദീഥും വിവരിച്ചുതരുന്നത് മനുഷ്യമനസ്സിനെ നന്നാക്കുവാന്‍ സാധിക്കുന്നു. സ്വര്‍ഗത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ സല്‍കര്‍മനിരതരായി ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ജീവിതം ഒരു പരീക്ഷണമാണെന്നും ക്ഷമയും സഹനവും അനിവാര്യമാണെന്നും സര്‍വകാര്യങ്ങളും അല്ലാഹു മുന്‍കൂട്ടി അറിയുന്നുവെന്നും അത് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നുവെന്ന വിധിയിലുള്ള വിശ്വാസം ഏത് പരീക്ഷണങ്ങളിലും പതറാതെ പിടിച്ചുനില്‍ക്കാന്‍ വിശ്വാസിയെ സഹായിക്കുന്നു.

എല്ലാ പാപങ്ങളും പൊറുക്കുന്നവനായ അല്ലാഹുവിനെ ഒരു പാപി പരിചയപ്പെടുമ്പോള്‍ അവന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിതം നന്നാക്കുവാന്‍ അവന് കഴിയുന്നു.

മാതാപിതാക്കള്‍, മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരങ്ങള്‍, കുടുംബങ്ങള്‍, അയല്‍വാസികള്‍. അഗതികള്‍, അനാഥര്‍... ഇങ്ങനെ സര്‍വരോടും  നന്മചെയ്യുവാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. മാതാപിതാക്കള്‍ മുസ്‌ലിംകളല്ലെങ്കില്‍പോലും ഭൗതികമായ നന്മകള്‍ അവര്‍ക്കായി ചെയ്യണമെന്ന് അല്ലാഹുപറയുന്നു:

''നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെമേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക...'' (ക്വുര്‍ആന്‍ 31:15).

തീവ്രതയില്ലാത്ത മധ്യമസരണിയാണ് ഇസ്‌ലാമിന്റെ ആദര്‍ശം. യുദ്ധരംഗത്ത് പോലും അനീതി ചെയ്യാന്‍ പാടില്ല എന്ന് മതം നിര്‍ദേശിക്കുന്നു.

മനുഷ്യകര്‍മങ്ങള്‍ ആത്മാര്‍ഥമായി, അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ടായിരിക്കണമെന്നും പുറംപൂച്ചും ലോകമാന്യതയും പാപമാണെന്നും ഏതൊരു തിന്മയെയും നിസ്സാരമായി ഗണിക്കരുതെന്നും മതം നിര്‍ദേശിക്കുന്നു.  

''നിങ്ങളെ ഇരുട്ടില്‍നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി തന്റെ ദാസന്റെമേല്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഇറക്കിക്കൊടുക്കുന്നവനാണ് അവന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് വളരെയധികം ദയാലുവും കാരുണ്യവാനും തന്നെയാണ്'' (ക്വുര്‍ആന്‍ 57:9).