അസത്യം സിംഹാസനത്തിലാണ്

പത്രാധിപർ

2020 ജനുവരി 11 1441 ജുമാദല്‍ അവ്വല്‍ 16

സത്യം കൊലമരത്തിലാണെന്നും

എന്നും സിംഹാസനത്തിലാണസത്യം

എങ്കിലും ആ കൊലമരം

ഭാവിയെ ഇളക്കിമറിക്കുന്നു

-ജെയിംസ് ലോവല്‍

 

ഇന്ത്യയുടെ ഭരണസാരഥ്യത്തിലുള്ള രണ്ട് ഉന്നത സ്ഥാനീയരില്‍ ആരാണ് സത്യം പറയുന്നത്? ആരാണ് കള്ളം പറയുന്നത്? അഭ്യന്തര മന്ത്രി ഒന്ന് പറയുന്നു. പ്രധാനമന്ത്രി അതിനെതിരായി പറയുന്നു. ഒരു കാര്യം ഉറപ്പ്; രണ്ടുപേര്‍ പറയുന്നതും രണ്ടായി തോന്നുമെങ്കിലും രണ്ടു പേരുടെയും ലക്ഷ്യം ഇന്ത്യയുടെ മുഖഛായ മാറ്റുക എന്നത് തന്നെയാണ്. ഭാവനാസമ്പന്നരും ഭരിക്കാന്‍ കഴിയുന്നവരുമായ ഭരണാധികാരികള്‍ നാടിന്റെ മുഖഛായ മാറ്റുക ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിക്കൊണ്ടുള്ള നാനോന്മുഖമായ പുരോഗതികള്‍കൊണ്ടും ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടുമാണെങ്കില്‍ ഇന്ന് നമ്മുടെ ഭരണാധികാരികള്‍ നാടിന്റെ മുഖഛായ മാറ്റുന്നത് അതിന്റെ മതേതരത്വം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ സുന്ദരമായ വശങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലൂടെയാണ്.

രാജ്യത്തെ ഏകശിലാത്മകമാക്കി മാറ്റുവാനുള്ള തീവ്രശ്രമത്തിന്റെയും ഗൂഢചിന്തകളുടെയും ബഹിര്‍സ്ഫുരണമാണ് പൗരത്വ ഭേദഗതി ബില്ലും എന്‍.ആര്‍.സിയും എന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട. ഒരു സമുദായേത്താട് മൊത്തം ഭരണകൂടം അയിത്തം കല്‍പിക്കുന്നതിനെക്കാള്‍ നാണക്കേട് മറ്റെന്താണ്? ഇസ്‌റാഈല്‍ എന്ന ഭീകര രാജ്യത്തിന്റെ വംശീയ വിരോധത്തെയും ഉന്മൂലന സിദ്ധാന്തത്തെയും ചാണിനു ചാണായി പിന്തുടരുവാന്‍ മത്സരിക്കുകയാണ് നമ്മുടെ ഭരണാധികാരികള്‍.

ന്യൂനപക്ഷത്തിന് ഭരണഘടന അനുവദിച്ചു നല്‍കിയ അവകാശങ്ങള്‍ ഓരോന്നായി എടുത്തുകളഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവരുടെ പൗരത്വത്തിലേക്ക് വരെ കടന്നുകയറുമെന്ന് അധികമാരും നിനച്ചിരിക്കാനിടയില്ല. ഇന്നിപ്പോള്‍ ആ ഭീഷണിയും നിലവില്‍ വന്നിരിക്കുന്നു. എന്നാല്‍ മതനിരപേക്ഷ ഇന്ത്യ ഈ അനീതിക്കെതിരെ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ ജനങ്ങളില്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കുവാനും അവരെ ഭിന്നിപ്പിക്കുവാനും സമ്മതിക്കില്ല എന്ന് ഒറ്റക്കെട്ടായി ഉറക്കെ വിളിച്ചു പറഞ്ഞുെകാണ്ടിരിക്കുന്നു. പ്രതിഷേധത്തിന്റെ വഴിയില്‍ ഡസണ്‍ കണക്കിനാളുകള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ആയിരങ്ങള്‍ ജയിലിലടക്കപ്പെട്ടു.

സ്വാതന്ത്ര്യസമര രംഗത്ത് മുസ്‌ലിം ജനത വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ ഒരു നൂറ്റാണ്ടു മുമ്പുതന്നെ വെള്ളക്കാരുടെ കണ്ണിലെ കരടായി കേരളത്തിലെ സ്വാതന്ത്ര്യദാഹികളായ മുസ്‌ലിംകള്‍ മാറിയിരുന്നതായി ചരിത്രം പറയുന്നു. തങ്ങളുടെ അധിനിവേശത്തെ ചോദ്യം ചെയ്യുന്ന മുസ്‌ലിംകളെ പാഠം പഠിപ്പിക്കാന്‍ 1853ല്‍ മദിരാശി ഗവണ്‍മെന്റ് ടി.എല്‍ സ്‌ടെയിഞ്ചിന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിശ്ചയിച്ചു. സമരത്ത അടിച്ചമര്‍ത്താന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. സ്വത്ത് പിടിച്ചെടുക്കുക, സംശയിക്കുന്നവരെ നാടുകടത്തുക, ആയുധങ്ങള്‍ ശേഖരിക്കുന്നത് തടയുക, പള്ളിനിര്‍മാണം തടയുക, ഹിന്ദുക്കള്‍ മാത്രമായുള്ള സായുധസേന രൂപീകരിക്കുക തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍. അതിനായി നിയമങ്ങള്‍ നിര്‍മിച്ചു. മാപ്പിള റെബല്ലിയസ് ആക്ട്, മാപ്പിള ഔട്ട്‌റേജസ് ആക്ട് എന്നിവ ഉദാഹരണം. സ്വാതന്ത്ര്യസമരക്കാരായ മുസ്‌ലിംകളെ തീയിലിട്ടുകരിക്കാന്‍ വരെ ഈ നിയമം അധികാരം നല്‍കി.

എന്നിട്ട് എന്ത് സംഭിച്ചു എന്നതിന് ചരിത്രം സാക്ഷിയാണ്. ആര്‍ക്കാണ് അടിയറവു പറയേണ്ടി വന്നത്? ചരിത്രത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.