നിര്‍ഭയ: ഘാതകരുടെ വധശിക്ഷയും പ്രതികരണങ്ങളും

പത്രാധിപർ

2020 ഏപ്രില്‍ 04 1441 ശഅബാന്‍ 11

''വീട്ടില്‍ മടങ്ങിയെത്തി മകളുടെ ചിത്രത്തെ കെട്ടിപ്പിടിച്ചു. എന്നിട്ട് അവളോടു പറഞ്ഞു, നമുക്കു നീതി ലഭിച്ചിരിക്കുന്നു. ഞാന്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു. പരമോന്നത നീതിപീഠത്തിന്, സര്‍ക്കാരിന്, എല്ലാവര്‍ക്കും. അവരുടെ എല്ലാ ഹര്‍ജികളും കോടതി തള്ളി. നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പ് വേദനാജനകമായിരുന്നു. എങ്കിലും നീതി നടപ്പിലായി'' നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയതിനു ശേഷം നിര്‍ഭയയുടെ അമ്മയുടെ പ്രതികരണമാണിത്.

തിഹാര്‍ ജയിലിനു മുന്നില്‍ തടിച്ചുകൂടിയ നൂറുകണക്കിനാളുകള്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയതറിഞ്ഞ് മധുരം വിതരണം ചെയ്താണ് ആഹ്ലാദം പങ്കിട്ടത് എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് കാണുവാനായി. ജയിലിനു പുറത്തു സന്തോഷം പങ്കുവച്ച സാമൂഹിക പ്രവര്‍ത്തക യോഗിത ഭഗ്യാനയുടെ കയ്യിലെ പോസ്റ്ററില്‍ ഇങ്ങനെ എഴുതിയിരുന്നു: 'നിര്‍ഭയയ്ക്കു നീതി ലഭിച്ചു. മറ്റു പെണ്‍കുട്ടികള്‍ കാത്തിരിക്കുകയാണ്.'

രാജ്യത്തെ പിടിച്ചുകുലുക്കിയ ഡല്‍ഹി കൂട്ടബലാല്‍സംഗത്തിനു മുമ്പും ശേഷവും അനേകം പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരകളായിട്ടുണ്ട്, പലരും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം കേരളത്തില്‍ തന്നെ എത്രയോ ക്രൂരകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ അരങ്ങേറി. സൗമ്യയും ജിഷയും ചില ഉദാഹരണങ്ങള്‍ മാത്രം. ചില കേസുകളില്‍ പ്രതികള്‍ പിടിക്കപ്പെടുന്നു. ചില കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ പോലും കഴിയാതെ പോകുന്നു. നിയമത്തിനു മുന്നില്‍ ഹാജരാക്കപ്പെടുന്നവരില്‍ നല്ലൊരു ശതമാനവും തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുകയാണ് പതിവ്. അപൂര്‍വമായി ചിലര്‍ ശിക്ഷിക്കപ്പെടുകയും ജയിലില്‍ സുഖവാസം നടത്തുകയും ചെയ്യുന്നു.

കുറ്റകൃത്യങ്ങള്‍ക്ക് ആനുപാതികമായ നിലയില്‍ ശിക്ഷ നല്‍കുവാന്‍ ഭൗതികലോകത്തെ ഒരു കോടതിക്കും സാധ്യമല്ല എന്നത് നേരാണ്. എന്നാല്‍ സാധ്യമാകുന്നത്ര ശിക്ഷ നല്‍കുവാന്‍ പ്രയാസമില്ല താനും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുക, നിസ്സാരമായ ശിക്ഷ മാത്രം നല്‍കപ്പെടുക, ശിക്ഷാകാലാവധിക്കു ശേഷം പ്രതികള്‍ പുറത്തിറങ്ങി വീണ്ടും കുറ്റങ്ങള്‍ ആവര്‍ത്തിക്കുക എന്നതാണ് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഏറിയാല്‍ ജീവപര്യന്തം തടവും പിഴയും ലഭിക്കും. ജീവപര്യന്തം എന്നതാകട്ടെ വെറും 12 വര്‍ഷത്തില്‍ തീരുന്നതും! വധശിക്ഷയാകട്ടെ അപൂര്‍വങ്ങളില്‍ അപൂര്‍വവും. എത്ര വലിയ കുറ്റം ചെയ്താലും രക്ഷപ്പെടാനും ശിക്ഷിക്കപ്പെടാതിരിക്കാനും പഴുതുകളേറെയുണ്ടെന്ന തിരിച്ചറിവ് കുറ്റവാളികള്‍ക്ക് പ്രചോദനമാണ്. 'മുകളില്‍' പിടിപാടുള്ളവരാണെങ്കില്‍ എഫ്.ഐ.ആറില്‍ തന്നെ തിരിമറി നടത്തി കുറ്റത്തെ നേര്‍പ്പിച്ചെടുക്കാന്‍ പ്രയാസമില്ല താനും.

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയതിനു പിന്നാലെ മനുഷ്യാവകാശവും പറഞ്ഞ് ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. അവരെ ഓര്‍മപ്പെടുത്താനുള്ളത് ലോക്‌സഭാംഗവും സുപ്രീംേകാടതി സീനിയര്‍ അഭിഭാഷകയുമായ മീനാക്ഷി ലേഖിയുടെ വാക്കുകളാണ്. അവര്‍ പറഞ്ഞു: ''ഇരയ്ക്കില്ലാത്ത രണ്ടാം ജന്മം പ്രതികള്‍ക്കെന്തിനാണ് എന്ന ചോദ്യം പ്രസക്തമാണ്. പ്രത്യാഘാതങ്ങളെക്കുറിച്ച് അക്രമിയുടെ മനസ്സില്‍ ഭയമുണ്ടാക്കുക എന്നതും നീതി നടപ്പാക്കലാണ്. നിയമം നീതി നല്‍കിയില്ലെന്ന തോന്നലില്‍ നിന്നാണു ജനങ്ങള്‍ നീതി നടപ്പാക്കുന്ന, സംഭവിക്കാന്‍ പാടില്ലാത്ത അവസ്ഥയുണ്ടാകുന്നത്. നീതി നടപ്പാകണമെങ്കില്‍ കുറ്റവും ശിക്ഷയും ഒരേ അളവിലായിരിക്കണം.''

അതെ, കുറ്റം ചെയ്താല്‍ ശിക്ഷയനുഭവിക്കേണ്ടിവരുമെന്ന ദൃഢബോധ്യമുണ്ടാകണം. ഇരകള്‍ കൊല്ലപ്പെടുകയോ ജീവച്ഛവമായി ജീവിതം തള്ളിനീക്കുകയോ ചെയ്യുമ്പോഴും കുറ്റവാളികള്‍ സൈ്വര്യവിഹാരം നടത്തുന്ന അവസ്ഥ പുതിയ കുറ്റവാളികളെ സൃഷ്ടിക്കാനേ ഉപകരിക്കൂ. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും നിര്‍ഭയയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ തന്നെയായിരുന്നു.

ഇസ്‌ലാമിലെ ശിക്ഷാവിധികളുടെ പ്രസക്തിയും പ്രാധാന്യവും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ഇസ്‌ലാമിലെ ശിക്ഷാമുറകള്‍ പ്രാകൃതമാണെന്ന് ആരോപിക്കുന്നവര്‍ രണ്ടുവട്ടം ചിന്തിക്കുക; കടുത്ത ശിക്ഷ സമൂഹത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്.