പ്രതീക്ഷയുടെ പൊന്‍കിരണമായി ഇന്ത്യന്‍ യുവത

പത്രാധിപർ

2020 ജനുവരി 04 1441 ജുമാദല്‍ അവ്വല്‍ 09

''വിദ്യാര്‍ഥികള്‍ എം.എല്‍.എമാരല്ല; നിങ്ങള്‍ക്കവരെ വാങ്ങാന്‍ കഴിയില്ല. വിദ്യാര്‍ഥികള്‍ ജഡ്ജസല്ല; നിങ്ങള്‍ക്കവരെ ഭീഷണിപ്പെടുത്താന്‍ കഴിയില്ല. വിദ്യാര്‍ഥികള്‍ ഐ.എ.എസ് അല്ല; നിങ്ങള്‍ക്കവരോട് ആജ്ഞാപിക്കാന്‍ കഴിയില്ല. നിങ്ങള്‍ എത്ര അടിച്ചമര്‍ത്തുന്നുവോ അവരുെട ദൃഢനിശ്ചയം അത്രയധികം വര്‍ധിക്കും''-പ്രശാന്ത് ഭൂഷണ്‍.

ഇന്ത്യന്‍ യുവത കര്‍മവിമുഖരും മൊബൈലില്‍ തോണ്ടി താഴേക്ക് മാത്രം നോക്കി സമയം കൊല്ലുന്നവരുമല്ല എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ചില സംസ്ഥാനങ്ങളെ പ്രളയം വിഴുങ്ങിയപ്പോള്‍ ദുരന്ത ബാധിത മേഖലകളില്‍ യുവാക്കള്‍ ത്യാഗനിര്‍ഭരമായ സേവനം കാഴ്ചവച്ചത് നാം മറന്നിട്ടില്ല.

ഇന്നിതാ ഇന്ത്യ എന്ന മഹാരാജ്യത്തെ കാര്‍ന്നുതിന്നുന്ന ക്യാന്‍സര്‍ കോശമായി പൗരത്വ ഭേദഗതി ബില്ലും എന്‍.ആര്‍.സിയും കടന്നുവന്നപ്പോള്‍ യുവത സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു. വിദ്യാര്‍ഥികളും അല്ലാത്തവരുമായ യുവാക്കള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇന്ന് വിവിധ പട്ടണങ്ങളിലും കലാലയപരിസരങ്ങളിലും രാപകല്‍ വ്യത്യാസമില്ലാതെ സമരത്തിലാണ്. അവര്‍ക്ക് രാഷ്ട്രീയമുണ്ട്. അവര്‍ക്ക് മതമുണ്ട്. പക്ഷേ, അവര്‍ പ്രതിബദ്ധതയുള്ളവരാണ്; രാജ്യത്തോടും ജനങ്ങളോടും. അവര്‍ രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുള്ളവരാണ്. അവര്‍ ഇന്ത്യയുടെ വൈവിധ്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്.

'ദേശീയ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കാനുള്ള ആലോചനകളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത് വരെ ഉണ്ടായിട്ടില്ല' എന്ന ആശ്വാസ വചനം കള്ളമാണെന്ന് അവര്‍ തിരിച്ചറിയുന്നു. കാരണം ബംഗാളില്‍ നിന്നുള്ള എം.പി സ്വപന്‍ ദാസ് ഗുപ്തയുടെ ചോദ്യത്തിന്  ഉത്തരമായി  രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പാക്കും എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത് ഇക്കഴിഞ്ഞ നവംബര്‍ 20 നാണ്.

'പൗരത്വ നിയമ ഭേദഗതി കാരണം ഒരു ഇന്ത്യന്‍ പൗരനും പൗരത്വം നഷ്ടപ്പെടില്ല' എന്നതും നുണയാണെന്ന് അവര്‍ മനസ്സിലാക്കുന്നു. ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹരാണ് എന്നിരിക്കെ പുതിയ ഭേദഗതി അനുസരിച്ച് പൗരത്വം നിഷേധിക്കപ്പെടുന്നവര്‍ മുസ്‌ലിംകള്‍ മാത്രമാണ്. മറ്റു മതക്കാര്‍ മാത്രം പൗരത്വത്തിനു അര്‍ഹരാണ് എന്നാണ് പുതിയ നിയമഭേദഗതി പറയുന്നത്. കുടിയേറ്റക്കാര്‍ എന്ന പേരില്‍ പൗരത്വം നിഷേധിക്കപ്പെടുന്നവര്‍ മുസ്‌ലിംകള്‍ മാത്രമാണ് എന്ന് ഇന്ത്യന്‍ യുവത തിരിച്ചറിയുന്നു.

'പൗരത്വം നിഷേധിക്കപ്പെട്ട ആളുകള്‍ക്ക് മാത്രമായുള്ള ജയിലുകളെ പറ്റി ആലോചിച്ചിട്ട് കൂടിയില്ല' എന്ന പച്ചക്കള്ളവും അവര്‍ തിരിച്ചറിയുന്നു. അങ്ങനെ ആലോചിക്കുക മാത്രമല്ല തീരുമാനിക്കുക കൂടി ചെയ്തിട്ടുണ്ടെന്നും ഈ ജയിലുകള്‍ എങ്ങനെയായിരിക്കണമെന്നതിന്റെ മാര്‍ഗരേഖ 2019 ജനുവരിയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട് എന്നും ആസാമില്‍ ഇപ്പോള്‍ ഇത്തരം ആറ് ജയിലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റോയി  രാജ്യസഭയില്‍ പ്രസ്താവിച്ചത് ഈ ഡിസംബര്‍ മാസത്തില്‍ തന്നെയാണെന്നും അവര്‍ക്കറിയാം.

അതെ, യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ അന്ധത നടിക്കാന്‍ ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും നാനാത്വത്തില്‍ ഏകത്വവും നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥി സമൂഹത്തിന് സാധ്യമല്ല. യുവാക്കള്‍ അതിന് സമ്മതിക്കില്ല.