തെരുവിലിറങ്ങിയ കര്‍ഷകരും ഉറക്കംനടിക്കുന്ന ഭരണകൂടവും

പത്രാധിപർ

2020 ഡിസംബര്‍ 05 1442 റബീഉല്‍ ആഖിര്‍ 20

ഇന്ത്യ ഇതുവരെ കാണാത്ത ഒരു സമരത്തിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിനു കര്‍ഷകര്‍ സര്‍ക്കാരിന്റെ പുതിയ കാര്‍ഷികനയത്തിനെതിരെ സമരവുമായി രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ആബാലവൃദ്ധം ജനങ്ങള്‍ എന്ന പ്രയോഗത്തെ അക്ഷരാര്‍ഥത്തില്‍ സത്യപ്പെടുത്തുന്നതാണ് കര്‍ഷകരുടെ നിലനില്‍പിനായുള്ള ഈ സമരം. അഞ്ചു വയസ്സുപോലും തികയാത്ത കുഞ്ഞുങ്ങളും തൊണ്ണൂറു കടന്ന വൃദ്ധരും കൊടിപിടിച്ച് അവശത വകവയ്ക്കാതെ നടന്നുനീങ്ങുന്നതും മുദ്രാവാക്യം മുഴക്കുന്നതും തങ്ങള്‍ക്ക് എന്തെങ്കിലും സ്ഥാനമാനങ്ങള്‍ ലഭിക്കുവാനോ കോടികളുടെ കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടോ അല്ല.

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ 80 ശതമാനത്തോളം ജനങ്ങള്‍ ചെറുകിട, ഇടത്തരം, നാമമാത്ര കാര്‍ഷിക വൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. പുതിയ നിയമം നടപ്പിലാക്കുമ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ വ്യാപകമായ ചൂഷണത്തിന് വിധേയരാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാര്‍ഷികോല്‍പന്ന വിപണനം, അവശ്യസാധന നിയമഭേദഗതി, വിലയുറപ്പ് എന്നീ മൂന്ന് ബില്ലുകളും കര്‍ഷകരെ കുത്തക കച്ചവടക്കാരുടെ അടിമകളാക്കും. അഥവാ റിലയന്‍സ്, ബിഗ്ബസാര്‍, മോര്‍ തുടങ്ങിയ കോപ്പറേറ്റ് കമ്പനികള്‍ക്ക് കര്‍ഷകരുടെമേല്‍ വളരെ പെട്ടെന്ന് തന്നെ ആധിപത്യം സ്ഥാപിക്കാനാകും.

പുതിയ നിയമമനുസരിച്ച് നിലവിലുള്ള പ്രാദേശിക ചന്തകളും വ്യാപാര കേന്ദ്രങ്ങളും ഇല്ലാതെയാകും. ഇതാണ് ഹരിയാനയിലെയും പഞ്ചാബിലെയും മറ്റു വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും കര്‍ഷകരെ കൂടുതല്‍ പ്രകോപിപ്പിക്കുന്നത്. കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവില ഇല്ലാതാകും. കൃഷിരംഗത്ത് മത്സരം കൊണ്ടുവരുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ ഗുണം ഏതാനും വന്‍കിട കൃഷിക്കാര്‍ക്ക് മാത്രമായി ചുരുങ്ങും. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ നിയമങ്ങളെല്ലാം നടപ്പിലാക്കാന്‍ പോകുന്നത്.

കാര്‍ഷിക വിപണികളിലേക്ക് വന്‍കിട കോര്‍പ്പറേറ്റുകളുടെ വ്യാപകമായ കടന്നുവരവിന് ഈ നിയമനിര്‍മാണം വഴിയൊരുക്കും. കര്‍ഷകര്‍ക്ക് മുന്‍കൂറായി പണം നല്‍കി വ്യാപകമായി കരാര്‍ കൃഷി ചെയ്യുന്ന സമ്പ്രദായം ഇപ്പോള്‍ നിലവിലുണ്ട്. ഈ നിയമനിര്‍മാണത്തിലൂടെ ഇത്തരം കരാര്‍കൃഷികള്‍ക്ക് നിയമസാധുത ലഭിക്കും. കാര്‍ഷികോല്‍പന്നങ്ങളുടെ വില മാത്രമല്ല, കര്‍ഷകര്‍ കൃഷി ചെയ്യേണ്ട വിളകളും വിത്തിനങ്ങളും കോര്‍പ്പറേറ്റുകള്‍ തീരുമാനിക്കും. ഇത്തരം കോര്‍പ്പറേറ്റ് ഭീമന്മാര്‍ കരാര്‍ കൃഷിയെ വ്യാപിപ്പിക്കുമ്പോള്‍ ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയിലാകും. വന്‍കിട ഭൂവുടമകളുടെ വാണിജ്യ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായിട്ടായിരിക്കും കാര്‍ഷികോല്‍പാദനവും വിതരണവും നടക്കുക. കര്‍ഷക താല്‍പര്യങ്ങള്‍ കുഴിച്ചുമൂടുകയും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും.

കര്‍ഷകര്‍ രാജ്യത്തിന്റെ അടിസ്ഥാന വിഭാഗമാണ്. അവരുടെ അദ്ധ്വാനഫലമാണ് നമ്മുടെയെല്ലാം വിശപ്പകറ്റുന്നത്. അതിനാല്‍ അവരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചുകൊടുക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് രാജ്യത്തെ തന്നെ അടിയറവെക്കുന്ന ശ്രമങ്ങള്‍ക്കെതിരെ എല്ലാവരും ഉണരണം. ഈ കര്‍ഷകസമരത്തോട് ആരും പുറം തിരിഞ്ഞു നില്‍ക്കരുത്. അവര്‍  സമരം ചെയ്യുന്നതും അതിന്റെ പേരില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നതും എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയാണ്.