കടലിലെ അത്ഭുതങ്ങളും കുര്‍ആന്‍ നല്‍കുന്ന വെളിച്ചവും

ഡോ.സബീല്‍ പട്ടാമ്പി

2020 ജൂണ്‍ 27 1441 ദുല്‍ക്വഅദ് 06
ആഴിയുടെ ആഴങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. സ്രഷ്ടാവിന്റെ അമൂല്യമായ സൃഷ്ടികളാല്‍ സമ്പന്നമായ സമുദ്രത്തെ കുറിച്ചുള്ള ഓരോ അറിവും സൃഷ്ടികര്‍ത്താവിന്റെ സൃഷ്ടിപ്പിനെ അടുത്തറിയാനും ദൃഢവിശ്വാസത്തിലേക്ക് മനുഷ്യരെ കൊണ്ടെത്തിക്കാനും നിമിത്തമാകും. സൃഷിവൈഭവത്തിലെ മഹത്വങ്ങള്‍ മനസ്സിലാക്കി സ്രഷ്ടാവിനെ അറിയാനുള്ള പഠനപരമ്പരയുടെ ആദ്യ ഭാഗം.

കടല്‍ മനുഷ്യനെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അറ്റമില്ലാത്ത ജലപ്പരപ്പും എണ്ണമില്ലാത്ത തിരമാലകളും വര്‍ണാലങ്കാരം തീര്‍ക്കുന്ന അസ്തമയ സൂര്യനും നമ്മുടെ കണ്ണിനും മനസ്സിനും ഒരേ സമയം ആനന്ദവും അമ്പരപ്പും നല്‍കുന്ന കാഴ്ചയാണ്. അലതല്ലുന്ന നീലക്കടല്‍ മനുഷ്യന്റെ മനസ്സില്‍ നിരവധി ചിന്തകളും ചോദ്യങ്ങളും ബാക്കി വെക്കാറുണ്ട്.

ഒരുപക്ഷേ, ഗുഹകളില്‍ താമസിക്കുകയും വനങ്ങളില്‍ വേട്ടയാടുകയും ചെയ്തിരുന്ന കാലത്ത് തന്നെ മനുഷ്യന്‍ കടലില്‍ മത്സ്യബന്ധനവും നടത്തിയിട്ടുണ്ടായിരിക്കണം. ക്രമേണ അവന്‍ കടല്‍ സഞ്ചാരത്തിന്റെ പുതുവഴികള്‍ തേടുകയും വഞ്ചിയും പായ്ക്കപ്പലുകളും പോലുള്ളവ വികസിപ്പിക്കുകയും ചെയ്തു. ഇന്ന് ടണ്‍ കണക്കിനു ഭാരമുള്ള യുദ്ധക്കപ്പലുകളും ആയിരങ്ങളെ വഹിക്കുന്ന സര്‍വാഢംഭരങ്ങളോടും കൂടിയ ക്രൂസ് ഷിപ്പുകളും വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

കപ്പലുകളിലുള്ള മനുഷ്യന്റെ കടല്‍ സഞ്ചാരത്തെ അല്ലാഹു അവന്റെ ദൃഷ്ടാന്തമായും അതിലെ ഭക്ഷ്യവിഭവത്തെ നമുക്കുള്ള അനുഗ്രഹമായും കുര്‍ആനില്‍ പല സ്ഥലങ്ങളിലായി പരിചയപ്പെടുത്തിത്തരുന്നുണ്ട്.

'നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് തിന്നുവാനും നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ്. (അവനത് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്)'' (ക്വുര്‍ആന്‍ 16:14).

''കടലിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം നിമിത്തമാണെന്ന് നീ കണ്ടില്ലേ? അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ വേണ്ടിയത്രെ അത്. ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 31:31).

''കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ''(ക്വുര്‍ആന്‍ 42:32).

കടലിനെ കുറിച്ചും അവയില്‍ ഒളിഞ്ഞിരിക്കുന്ന പല നിഗൂഢ രഹസ്യങ്ങളെ കുറിച്ചും ക്വുര്‍ആനില്‍ അങ്ങിങ്ങായി പരാമര്‍ശിക്കുന്നുണ്ട്. കടലിനെ പോലെത്തന്നെ അത്ഭുതപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതുമാണു കടലിനെ കുറിച്ച് ക്വുര്‍ആനില്‍ വന്ന പരാമര്‍ശങ്ങളും! അത്തരത്തിലുള്ള ചില ക്വുര്‍ആന്‍ വചനങ്ങളെ നമുക്ക് പരിശോധിക്കാം.

സമുദ്രത്തിലെ തട്ടുകള്‍

സമുദ്രശാസ്ത്രം (Oceanography) സമുദ്രജലത്തെ പഠനസൗകര്യാര്‍ഥം 5 തട്ടുകളായി വേര്‍ത്തിരിക്കുന്നുണ്ട്. ഈ വിഭജനം സമുദ്രോപരിതലത്തില്‍ നിന്ന് സൂര്യപ്രകാശം എത്ര ആഴത്തിലേക്ക് പോകുന്നു എന്നതിനെ അനുസരിച്ചാണ്. ഏറ്റവും മുകളിലുള്ള തട്ടിനെ സൂര്യപ്രകാശ മേഖല/പകല്‍ മേഖല (Sunlight zone) എന്ന് വിളിക്കുന്നു. സൂര്യപ്രകാശം എത്ര താഴ്ചയിലേക്ക് കടക്കുന്നുവോ അതെല്ലാം ഈ മേഖലയില്‍ വരും. രണ്ടാമത്തെ തട്ടിനെ അസ്തമയ മേഖല (Twilight zone) എന്ന് വിളിക്കുന്നു. ഈ ഭാഗത്ത് വെളിച്ചം കുറവായിരിക്കും. മൂന്നാമത്തെ തട്ടിനെ പാതിരാ/അന്ധകാര മേഖല (Midnight zone) എന്നും അതിന് താഴെയുള്ള ഭാഗത്തെ Abbyss എന്നും അതിനും താഴെയുള്ള അടിത്തട്ടിനെ ഗര്‍ത്തം (Trench) എന്നും വിളിക്കുന്നു. താഴെയുള്ള രണ്ട് തട്ടുകളില്‍ പൂര്‍ണമായ അന്ധകാരമായിരിക്കും.

കടലിലെ ഈ ഓരോ തട്ടും വ്യത്യസ്തങ്ങളായ ജീവിവര്‍ഗങ്ങളാല്‍ സമ്പന്നമാണ്. കടലിലെ ഭൂരിഭാഗം ജീവികളും ജീവിക്കുന്നത് ഒന്നാമത്തെ തട്ടായ Sunlight zoneലാണ്. ഇതിന്റെ ആഴം മുകളില്‍ നിന്ന് ഏകദേശം 700 മീറ്റര്‍ വരെ ആണ്.

സൂര്യപ്രകാശത്തെ ആശ്രയിച്ച് ജീവിക്കുന്ന ചെറിയ സസ്യവര്‍ഗങ്ങളും ഈ സസ്യവര്‍ഗങ്ങളെ തിന്നുജീവിക്കുന്ന ചെറിയ മല്‍സ്യങ്ങളുമുണ്ടിവിടെ. തീരത്തോട് ചേര്‍ന്നുകിടക്കുന്ന ഭാഗങ്ങളിലാണെങ്കില്‍ കളകളും (Weeds) പായലുകളും (Algae) നീര്‍നായ (Seal),  ആമ, തവള പോലുള്ള ഉഭയ ജീവികളെയും (കടലിലും കരയിലും ജീവിക്കാന്‍ സാധിക്കുന്നവ) കാണാം.

 ഇതിനു താഴെയുള്ള തട്ടില്‍ (2000 - 2500 അടി വരെ ആഴം) ജീവിക്കുന്നത് സ്രാവുകള്‍, തിമിംഗലം പോലുള്ള വലിയ മല്‍സ്യങ്ങളും നീരാളിയും മറ്റുമാണ്. ഇവ സൗകര്യാര്‍ഥം സമുദ്രോപരിതലത്തിലേക്കും ആഴക്കടലിലേക്കും പോകാന്‍ കഴിവുള്ളവയാണ്.

മൂന്നാമത്തെ തട്ടും (2500 അടി മുതല്‍ താഴോട്ട്) അതിനു താഴെയുള്ള ഭാഗവും നാം സൂചിപ്പിച്ച പോലെ കൂരിരുട്ടാണ്. ഇവിടെയാണ് പ്രകാശം ഉല്‍പാദിപ്പിക്കുന്ന പലതരം ജീവികള്‍ കാണപ്പെടുന്നത്. ഈ തട്ടില്‍ പല നിറങ്ങളോടുകൂടിയ പ്രകാശങ്ങളും പ്രകാശ മത്സ്യങ്ങളും കൗതുകകരമായ പലതരം നക്ഷത്ര മല്‍സ്യങ്ങള്‍ (Starfish), സ്‌ക്വിഡുകള്‍ (Squids), ജെല്ലി ഫിഷുകള്‍ തുടങ്ങിയവയും കാണപ്പെടുന്നു.

ഇതിനും താഴെയുള്ള ഭാഗം Abbyss എന്നും അതിനും താഴെയുള്ള അടിത്തട്ടിനെ Trench എന്നും പറയുന്നു. ഈ ഭാഗങ്ങളില്‍ എന്തെങ്കിലും ജീവിവര്‍ഗങ്ങള്‍ ഉണ്ടോ എന്നോ ഉണ്ടെങ്കില്‍ അവ എന്താണെന്നോ മനുഷ്യര്‍ക്ക് യാതൊരു ധാരണയുമില്ല. ഇതിനു കാരണം പലതാണ്:

(1) ഇവിടെയുള്ള തണുപ്പ്: കടലിന്റെ മുകള്‍ ഭാഗം സൂര്യപ്രകാശം കൊണ്ട് ചൂടുള്ളതാണ്.  താഴേക്ക് വരും തോറും ചൂട് ഇല്ലാതാവുകയും അടിത്തട്ടില്‍ എത്തുമ്പോഴേക്കും തണുപ്പായി മാറുകയും ചെയ്യും. ഏറ്റവും അടിത്തട്ടില്‍ വെള്ളം തണുത്തുറഞ്ഞു പോകുന്ന സാഹചര്യം വരെ ഉണ്ട്. ഇത്തരം ഒരു സാഹചര്യം ജീവവാസ യോഗ്യമല്ലെന്ന് പറയേണ്ടതില്ലല്ലോ.

(2) ശക്തമായ മര്‍ദം ((Pressure): കടലിന്റെ മുകള്‍ഭാഗത്തുള്ളതിന്റെ 1000 ഇരട്ടി മര്‍ദമാണ് അടിത്തട്ടില്‍ ഉള്ളത്. അതായത് നിങ്ങള്‍ അടിത്തട്ടില്‍ പോയിയെന്ന് സങ്കല്‍പിക്കുക, നിങ്ങളുടെ മുകള്‍ ഭാഗത്തുള്ള ജലത്തിന്റെ ഭാരം നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന മര്‍ദമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അടിത്തട്ടില്‍ മര്‍ദം അതിശക്തമായത് കൊണ്ട് തന്നെ കടല്‍ ജീവികള്‍ക്ക് അവിടെ ജീവിക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില ജീവികള്‍ ഇവിടേക്ക് അപ്പപ്പോള്‍ പോയി വരാറുമുണ്ട്.

(3) അടിത്തത്തിലെ വെള്ളത്തിന്റെ കട്ടി (ഉലിേെശ്യ) കൂടുതലാണ്. ഇതും ജീവികള്‍ ഇല്ലാതിരിക്കാനുള്ള ഒരു കാരണമാണ്.

(4) ഓക്‌സിജന്റെ ലഭ്യതക്കുറവ്: കടലിന്റെ മുകളില്‍ ഓക്‌സിജന്‍ ധാരാളം ലഭ്യമാണ്. കാരണം ആ ഭാഗം അന്തരീക്ഷത്തോട് അടുത്തുകിടക്കുന്നതാണ്. എന്നാല്‍ ആഴങ്ങളിലേക്ക് പോകുന്തോറും ഓക്‌സിജന്‍ ലഭ്യത കുറയുകയും ജീവികള്‍ക്ക് വാസയോഗ്യമല്ലാതാവുകയും ചെയ്യുന്നു. ശുദ്ധമായ ഓക്‌സിജന്‍ ലഭിക്കുന്നതിനു വേണ്ടി വമ്പന്‍ സ്രാവുകളും തിമിംഗലങ്ങളും സമുദ്രോപരിതലത്തിലേക്ക് വരുന്നത് സമുദ്ര സഞ്ചാരികള്‍ക്ക് ഒരു സ്ഥിരം കാഴ്ചയാണ്.

(5) ഭക്ഷണത്തിന്റെ ലഭ്യതക്കുറവ്: കടലിന്റെ മുകള്‍ത്തട്ടിലാണു ഭൂരിഭാഗം സസ്യങ്ങളും ജീവികളും കഴിയുന്നത് എന്ന് സൂചിപ്പിച്ചല്ലോ. അപ്പോള്‍ അടിത്തട്ടില്‍ ഏതെങ്കിലും ജീവികള്‍ ഇരതേടിപ്പോയാല്‍ തന്നെ അവിടെ ഒന്നും ലഭ്യമായിരിക്കില്ല. അപ്പോള്‍ ഭക്ഷണതിന്റെ ലഭ്യതക്കുറവും ഇവിടെ ജീവവാസം ഇല്ലാത്തിന്റെ ഒരു കാരണമാണ്.

കടലിലെ ഇത് വരെ കണ്ടെത്തിയതില്‍ ഏറ്റവും ആഴമുള്ള ഭാഗം പസഫിക് സമുദ്രത്തിലെ മറിയാന ട്രെഞ്ച് ആണ്. ഏകദേശം 36,000 അടി താഴ്ചയിലാണ് ഇത്.

ആഴക്കടലിലെ ഇരുട്ടിനെക്കുറിച്ച് ക്വുര്‍ആന്‍

കടലിനടിയില്‍ കൂരാകൂരിരുട്ടാണെന്നും സ്രാവ്, തിമിംഗലം പോലുള്ള വലിയ മല്‍സ്യങ്ങള്‍ ആഴക്കടലിലാണു വസിക്കുന്നതെന്നും തുടങ്ങിയ കാര്യങ്ങള്‍ മനുഷ്യന്‍ പ്രത്യേകതരം കടല്‍യാത്രാ ഉപകരണവും ഓക്‌സിജന്‍ സിലിന്‍ഡറും പ്രകാശ സ്രോതസ്സുകളും ഉപയോഗിച്ച് 19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ (1870കള്‍ക്ക് ശേഷം) കടലിനടിയിലേക്ക് യാത്ര തുടങ്ങിയ ശേഷമാണു മനസ്സിലാക്കിയത്. എന്നാല്‍ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിച്ച വിശുദ്ധ ക്വുര്‍ആനില്‍ കടലിലെ അന്ധകാരങ്ങളെ കുറിച്ചും അവിടെയുള്ള ജീവികളെ കുറിച്ചും ചില സൂചനകള്‍ കാണാം. അവ പരിശോധിക്കാം:

(1) യൂനുസ് നബി(അ)യെ വിഴുങ്ങിയ മത്സ്യവും കടലിലെ ഇരുട്ടും

യൂനുസ് നബി(അ)യെ കൂറ്റന്‍ മല്‍സ്യം വിഴുങ്ങിയ ചരിത്രം പരാമര്‍ശിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

''ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു'' (ക്വുര്‍ആന്‍ 21:87).

 ഈ വചനത്തിലെ 'മൂന്ന് ഇരുട്ടുകള്‍' എന്താണെന്ന് ഇബ്‌നു മസ്ഊദ്(റ) വിശദീകരിച്ച് പറഞ്ഞു:  'മല്‍സ്യത്തിന്റെ വയറ്റിലെ ഇരുട്ടും കടലിലെ ഇരുട്ടും രാത്രിയുടെ ഇരുട്ടും.'

ഇബ്‌നു മസ്ഊദ്(റ), ഇബ്‌നു അബ്ബാസ്(റ) എന്നിവര്‍ പറയുന്നു: 'ആ മത്സ്യം അദ്ദേഹത്തെയും കൊണ്ട് കടലിന്റെ അടിത്തട്ടിലേക്ക് (ഇരുട്ടിലേക്ക്) ഊളിയിട്ടു പോയി' (തഫ്‌സീര്‍ ഇബ്‌നു കഥീര്‍ 21:87ന്റെ വ്യാഖ്യാനം കാണുക).

(2) സത്യനിഷേധിയുടെ ഹൃദയത്തിലെ ഇരുട്ട് അടിക്കടലിലെ ഇരുട്ട് പോലെ

സത്യനിഷേധികള്‍ അകപ്പെട്ടു പോയ 'ഇരുട്ടിനെ' കുറിച്ച് അല്ലാഹു ഒരു ഉപമ  പറയുന്നത് കാണുക:

''അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു (അവരുടെ ഉപമ). തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനുമീതെ വീണ്ടും തിരമാല. അതിനുമീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല'' (ക്വുര്‍ആന്‍ 24:40).

ഈ വചനത്തില്‍ ആഴക്കടലില്‍ കൂരാകൂരിരുട്ടാണെന്നാണ് അല്ലാഹു പറയുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ അതാകട്ടെ മനുഷ്യര്‍ മനസ്സിലാക്കിയത് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് യാത്ര തുടങ്ങിയ ശേഷവും!

ആഴക്കടലിലെ പ്രകാശവാഹകര്‍

ആഴക്കടലിലെ ഇരുട്ടില്‍ അല്ലാഹുവിന്റെ മറ്റൊരു സൃഷ്ടി വൈഭവം നമുക്ക് കാണാന്‍ കഴിയും. അത് പ്രകാശം പരത്തുന്ന ജീവികളാണ്. ചില ജീവികള്‍  ഇരുട്ടില്‍ തപ്പുമ്പോള്‍ മറ്റു ചില ജീവികളെ അല്ലാഹു പ്രത്യേകം 'ടോര്‍ച്ചുകളോടു കൂടി'യാണു സൃഷ്ടിച്ചിട്ടുള്ളത്. അവ അവയുടെ ശരീരത്തിലെ ടോര്‍ച്ചുകള്‍ ഉപയോഗിച്ച് പ്രകാശം ജനിപ്പിക്കുകയും ഇരുട്ടിനെ അതിജീവിക്കുകയും ചെയ്യുന്നു.Angler fish, Cookie cutter shark, Cat shark, Gulper eel, Lantern fish, Marine hatchet fish, Midshipman fish, Pinecone fish, Viper fish, Black dragon fish തുടങ്ങിയ മല്‍സ്യങ്ങളും ചില നീരാളികളും സ്‌ക്വിഡുകളും ജെല്ലി ഫിഷുകളും ഇത്തരത്തില്‍ പ്രകാശം ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ളവയാണ്. ആഴക്കടലിലെ 76 ശതമാനത്തോളം ജീവികള്‍ സ്വയം പ്രകാശം ഉണ്ടാക്കാന്‍ കഴിവുള്ളവയാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഇവ പ്രകാശം ഉല്‍പാദിപ്പിക്കുന്നതിന്റെ പിന്നിലുള്ള ലക്ഷ്യങ്ങള്‍ ഇവയാണ്:

(1) ഇരുട്ടില്‍ കാഴ്ചക്ക് വേണ്ടി.

(2) ഇണകകളെ ആകര്‍ഷിക്കാന്‍.

(3) ഇരകളെ ആകര്‍ഷിച്ച് ഭക്ഷിക്കാന്‍.

(4) ശത്രുക്കളെ അഥവാ തന്നെ വേട്ടയാടാന്‍ വരുന്ന മറ്റു ജീവികളെ / മല്‍സ്യങ്ങളെ ഭയപ്പെടുത്താന്‍.

(5) ആശയ വിനിമയം നടത്താന്‍: ഒരു ജീവി അതിന്റെ അതേ വര്‍ഗത്തില്‍ പെട്ട മറ്റു ജീവികളുമായി ആശയ വിനിമയം നടത്താന്‍ അവയുടെ പ്രകാശം ഉപയോഗപ്പെടുത്താറുണ്ട്. ചില പ്രത്യേക രീതിയിലുള്ള പ്രകാശം കൊണ്ട് ചില പ്രത്യേക ആശയം (സിഗ്‌നല്‍) കൈമാറുന്നു.

ഈ ജീവികളൊക്കെ പ്രകാശം ഉല്‍പാദിപ്പിക്കുന്നത് ചില പ്രത്യേക കെമിക്കല്‍ റിയാക്ഷന്‍ വഴിയാണ്. അവയില്‍ പലജീവികള്‍ പലനിറത്തിലുള്ള പ്രകാശങ്ങളാണ്ു ഉണ്ടാക്കാറ്. നാം കടലിനടിയിലേക്ക് ഒരു യാത്ര പോവുകയാണെങ്കില്‍ അവിടെ കാണുന്ന കാഴ്ച രാത്രിയില്‍ ആകാശത്ത് മിന്നുന്ന നക്ഷത്രങ്ങളെ പോലെയോ അല്ലെങ്കില്‍ രാത്രിയിലെ വര്‍ണശബളമായ ഒരു വെടിക്കെട്ട് പോലെയോ ഭംഗിയുള്ളത് ആയിരിക്കും.

ആരാണ് ഈ ജീവികളുടെ ശരീരത്തില്‍ ഈ പ്രകാശ സംവിധാനം ഘടിപ്പിച്ചത്? അവ സ്വയം ഗവേഷണം ചെയ്ത് കണ്ടെത്തി ശരീരത്തില്‍ പിടിപ്പിച്ചാതാണോ? അല്ല, നിസ്സംശയം പറയാം! അവയെ സൃഷ്ടിച്ച, ആഴക്കടലില്‍ അവയ്ക്ക് വെളിച്ചം ആവശ്യമാണെന്ന് അറിയുന്ന സ്രഷ്ടാവായ അല്ലാഹുവാണത് സംവിധാനിച്ചത്.

''സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക'' (ക്വുര്‍ആന്‍ 87:1,2).

മുമ്പ് നാം ഉദ്ധരിച്ച കുര്‍ആന്‍ വചനം (24:40) ശ്രദ്ധിക്കുക. സത്യനിഷേധിയുടെ അവസ്ഥയെ ആഴക്കടലിലെ അന്ധകാരത്തോട് ഉപമിച്ച ശേഷം ആ ആയത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്: 'അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവനു യാതൊരു പ്രകാശവുമില്ല.'

ഇത് സത്യനിഷേധിയെ കുറിച്ച് പറയുന്നതാണെങ്കിലും അവരെ ഉപമിച്ച ആഴക്കടലിനു കൂടി ഇത് ബാധകമാണ്. അഥവാ കടലിനടിയില്‍ 'അല്ലാഹു സ്വന്തമായ പ്രകാശ സ്രോതസ്സ് നല്‍കിയ ജീവികള്‍ പ്രകാശത്തിലാണ്, അല്ലാത്ത ജീവികള്‍ ഇരുട്ടില്‍ തപ്പുന്നവയും.'

കടലിനെ സംബന്ധിച്ച കുര്‍ആനിക പരാമര്‍ശങ്ങളിലെ അത്ഭുതങ്ങള്‍ ഇനിയുമുണ്ട്. അവ അടുത്ത ലേഖനത്തില്‍ പരിശോധിക്കാം (ഇന്‍ശാ അല്ലാഹ്).

(തുടരും)