പ്രതിഷേധങ്ങളില്‍ ത്രിവര്‍ണമണിഞ്ഞ് രാജ്യം

നബീല്‍ പയ്യോളി

2020 ജനുവരി 18 1441 ജുമാദല്‍ അവ്വല്‍ 23
ഭിന്നതയുടെ വിഷവിത്ത് പാകാന്‍ ഫാസിസ്റ്റുകള്‍ ഒരുക്കിയ നിയമങ്ങള്‍ രാജ്യത്തെ ഒന്നിപ്പിക്കുന്ന മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. കപട ദേശീയതയും ദേശസ്‌നേഹവും നിഷ്പ്രഭമാവുന്ന കാഴ്ച. ത്രിവര്‍ണ പതാകയ്ക്ക് കീഴില്‍ അണിനിരന്ന് യഥാര്‍ഥ ദേശീയതയുടെ വക്താക്കള്‍ നാടും നഗരവും കീഴടക്കുകയാണ്. സ്വതന്ത്ര ഇന്ത്യ ഇത്രയധികം ദേശീയ പതാകകള്‍ ഒന്നിച്ച് കണ്ടിട്ടില്ല. ഭരണഘടനയും രാഷ്ട്രശില്‍പികളുടെ ചിത്രങ്ങളും ആസാദി മുദ്രാവാക്യങ്ങളും കേവലം നിയമഭേദഗതികള്‍ക്കെതിരെയുള്ള പ്രതിഷേധം മാത്രമല്ല. മറിച്ച്, രാജ്യനൈതികക്കെതിരു നില്‍ക്കുന്ന ഫാസിസത്തിന്റെ അടിവേരറുക്കുന്ന പോരാട്ടം കൂടിയാണ്.

പൗരത്വ ഭേദഗതി ബില്ലും എന്‍.ആര്‍.സിയും നടപ്പിലാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും. കേന്ദ്ര സര്‍ക്കാരിന്റെ ഈ ഭരണഘടന വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുകയാണ്. നാനാത്വത്തില്‍ ഏകത്വം എന്ന അനുപമ മാതൃക ലോകത്തിന് സമ്മാനിച്ച വൈവിധ്യങ്ങളുടെ പൂന്തോട്ടത്തെ കരിച്ചുകളയാന്‍ അനുവദിക്കുകയില്ലെന്ന പ്രഖ്യാപനമാണ് പ്രതിഷേധ സമരങ്ങളിലൂടെ നാം കാണുന്നത്. ജാതി, മത, വര്‍ണ, വര്‍ഗ, ഭാഷ, വേഷ ഭേദമന്യെ ഇന്ത്യയെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനതയും പ്രതിഷേധത്തിലാണ്. ഇന്ത്യയിലുള്ളവര്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സവിശേഷതയെ തകര്‍ക്കുന്ന, ഒരുവിഭാഗം ജനങ്ങളെ അപരവല്‍കരിക്കുന്ന ഈ നീക്കത്തിനെതിരെ ലോകരാഷ്ട്രങ്ങളില്‍ പലതും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

മുസ്‌ലിം സമൂഹത്തെ അന്യവത്കരിക്കാനും ഇല്ലാതാക്കാനും സംഘപരിവാര്‍ നിരന്തരം നടത്തിവരുന്ന നീക്കങ്ങളുടെ ഏറ്റവും പുതിയ എപ്പിസോഡ് മാത്രമാണ് ഈ നിയമ ഭേദഗതി. അതിലൂടെ മുസ്‌ലിം സമൂഹം ഒറ്റപ്പെടും എന്നതായിരുന്നു മോദി, അമിത്ഷാ കൂട്ടുകെട്ടിന്റെ കണക്കുകൂട്ടല്‍. ഇത് പാടെ തകര്‍ത്തുകൊണ്ടാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളും പ്രക്ഷോഭരംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിനെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്.  

അത്‌കൊണ്ട് തന്നെയാണ് പ്രധാനമന്ത്രിക്ക് കള്ളം പറയേണ്ടിവന്നത്. രാജ്യം മുഴുവന്‍ എന്‍. ആര്‍.സി നടപ്പിലാക്കാന്‍ ഒരു ചര്‍ച്ചയും തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും അത് കുപ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും പലപ്പോഴായി ഈ വിഷയത്തില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിക്കുള്ള വായടപ്പന്‍ മറുപടികളാണ്. സര്‍ക്കാര്‍ ഔദേ്യാഗികമായിത്തന്നെ എം.പിമാര്‍ക്ക് നല്‍കിയ മറുപടികളിലും കാര്യം വ്യക്തം. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ പരസ്പരം ബന്ധിതമാണെന്നും അത്  രാജ്യം മുഴുവന്‍ നടപ്പിലാക്കാനാണ് പദ്ധതി എന്നും ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. മുന്‍ കോണ്ഗ്രസ്സ് സര്‍ക്കാരുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പലപ്പോഴായി ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കുക മാത്രമെ ഇതിലൂടെ ഞങ്ങള്‍ ചെയ്യുന്നുള്ളു എന്ന നല്ലപിള്ള ചമയല്‍ ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. അത് വസ്തുതാ വിരുദ്ധമാണെന്ന് കാര്യങ്ങള്‍ പഠിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകും.  

പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയും സംഘപരിവാര്‍ സംഘടനകളും നിരന്തരം നുണകള്‍ പടച്ചുവിട്ടിട്ടും പ്രതിഷേധങ്ങളെ ഒരു തരി പിന്നോട്ട് വലിക്കാന്‍ സാധ്യമായിട്ടില്ല എന്നത് ശുഭകരമാണ്. പ്രക്ഷോഭകാരികളുടെ വേഷം കണ്ടാല്‍ തന്നെ അവരെ തിരിച്ചറിയാം എന്ന നീചവും വംശീയവുമായ പ്രസ്താവന വരെ പ്രധാനമന്ത്രി നടത്തിയിട്ടും പ്രതിഷേധങ്ങളെ തെല്ലും തളര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മുഴുവന്‍ സംസ്ഥാനങ്ങളും ഈ കാര്യങ്ങള്‍ നടപ്പിലാക്കില്ല എന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള നിയമസഭ പ്രമേയം പാസ്സാക്കി. രാജ്യസഭയിലും ലോക സഭയിലും ഈ ബില്ലിനെ അനുകൂലിച്ച എന്‍.ഡി.എ ഘടകകക്ഷികള്‍ തന്നെ ശക്തമായ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ബി.ജെ.പി ഭരണപങ്കാളിത്തം വഹിക്കുന്ന സംസ്ഥാനങ്ങള്‍ വരെ ഈ നിയമം നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ചതും കേന്ദ്രസര്‍ക്കാറിനെയും ബി.ജെ.പിയെയും വെട്ടിലാക്കിയിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് രംഗത്ത് വന്നു. ബീഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറും ആന്ധ്രയില്‍ നടപ്പാക്കില്ലെന്ന് ജഗ്‌മോഹന്‍ റെഡ്ഢിയും പ്രഖ്യാപിച്ചു. വാജ്‌പേയ് സര്‍ക്കാരിലെ അംഗമായിരുന്ന യശ്വന്ത് സിന്‍ഹ ബില്ലിനെതിരെ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് 'ഭാരത് ജോഡോ' യാത്ര നടത്തുകയാണ്. ബി.ജെ.പിക്ക് അകത്തുനിന്ന് തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. മോദിയും അമിത്ഷായും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ ഭാവിയില്‍ ആശങ്കപ്പെടുന്നവരുടെ മനസ്സിന് ഏറെ സന്തോഷം നല്‍കുന്നതും സംഘപരിവാറിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത്കളയുന്നതുമായ ഒരു കാര്യം പ്രതിഷേധസമരങ്ങളുടെ സവിശേഷമായ രീതി തന്നെയാണ്. രാജ്യം മുഴുവന്‍ പ്രതിഷേധം ആളിപ്പടരുമ്പോള്‍ ദേശീയ പതാകയാണ് വാനില്‍ പാറിപ്പറക്കുന്നത്. വ്യത്യസ്ത മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ സ്വന്തം കൊടികള്‍ മാറ്റിവച്ച് ദേശീയ പതാകയുമായാണ് പ്രതിഷേധ സമരത്തിനിറങ്ങുന്നത്. സംഘടനാ അതിര്‍ വരമ്പുകള്‍ക്കപ്പുറം ഇന്ത്യന്‍ പൗരന് അണിനിരക്കാന്‍ പറ്റുക ദേശീയ പതാകക്ക് കീഴിലില്ലാതെ മറ്റെന്തിന് കീഴിലാണ്?! ഇന്ത്യയെന്ന വികാരത്തിന് മുന്നില്‍ മറ്റേത് അഭിപ്രായവ്യത്യാസങ്ങളും നിഷ്പ്രഭമാകുന്ന കാഴ്ച അതിമനോഹരമാണ്.

ദേശീയ പതാകയുടെ ചരിത്രം

ഇന്ത്യന്‍ ദേശീയ പതാകയുടെ ചരിത്രം ഹ്രസ്വമായൊന്നു മനസ്സിലാക്കാം:  1947 ജൂലൈ 22ന് സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഒരു പതാക സമിതി രൂപവത്കരിക്കുകയുണ്ടായി. രാജേന്ദ്രപ്രസാദ്അധ്യക്ഷനായ സമിതിയില്‍  അബുല്‍ കലാം ആസാദ്,കെ.എം.പണിക്കര്‍,സരോജിനി നായിഡു,സി. രാജഗോപാലാചാരി,കെ.എം. മുന്‍ഷി,ബി.ആര്‍. അംബേദ്കര്‍എന്നിവരായിരുന്നു അംഗങ്ങള്‍ . എല്ലാ കക്ഷികള്‍ക്കും സമുദായങ്ങള്‍ക്കും സ്വീകാര്യമായ രീതിയില്‍ ചില സമുചിതമായ മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പതാക ഇന്ത്യയുടെ ദേശീയപതാകയായി സ്വീകരിക്കാമെന്ന് അവര്‍ തീരുമാനിച്ചു. യാതൊരു തരത്തിലുള്ള സാമുദായിക ബിംബങ്ങളും പതാകയില്‍ അന്തര്‍ലീനമായിരിക്കില്ല എന്നും തീരുമാനിക്കുകയുണ്ടായി.സാരനാഥിലെഅശോകസ്തംഭത്തിലെധര്‍മചക്രംചര്‍ക്കയുടെ സ്ഥാനത്ത് ഉപയോഗിച്ചുകൊണ്ട് ദേശീയപതാകയ്ക്ക് അന്തിമരൂപം കൈവന്നു.1947ഓഗസ്റ്റ് 15ന് ഈ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയായി ആദ്യമായി ഉയര്‍ന്നു. ഈ പതാകയില്‍ തിരശ്ചീനമായി മുകളില്‍ കേസരി (കടും കാവി), നടുക്ക് വെള്ള, താഴെ പച്ച നിറങ്ങളാണ് ഉള്ളത്. മധ്യത്തിലായി നാവികനീല നിറമുള്ള, 24 ആരങ്ങള്‍ ഉള്ളഅശോക ചക്രവും

ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാല്‍ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടെയും നീളത്തിന്റെയും അനുപാതം 2:3 ആണ്.ഈ പതാകഇന്ത്യന്‍ കരസേനയുടെയുദ്ധപതാകയും കൂടിയാണ്. ഇന്ത്യന്‍ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു.

ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായസര്‍വേപ്പള്ളി രാധാകൃഷ്ണന്‍ പതാകയിലെ വിവിധ പ്രതിരൂപങ്ങളെ താഴെ കാണുന്ന വിധം നിര്‍വചിക്കുകയും ചെയ്തു: കുങ്കുമം ത്യാഗത്തെയും നിഷ്പക്ഷതയെയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാര്‍ ഐഹിക സമ്പത്ത് നേടുന്നതില്‍ താല്‍പര്യം ഇല്ലാത്തവരാണെന്നും അവര്‍ ചെയ്യുന്ന ജോലിയില്‍ പൂര്‍ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും ഇത് സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിര്‍ത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തെയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോകചക്രം ധര്‍മത്തിന്റെ ചക്രമാണ്. സത്യം, ധര്‍മം; ഇവയായിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടെയും മാര്‍ഗദര്‍ശി. ചക്രം ചലനത്തെയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയില്‍ മരണം ഉള്ളപ്പോള്‍ ചലനത്തില്‍ ജീവന്‍ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞുനിര്‍ത്താതെ മുന്നോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

കുങ്കുമം പരിശുദ്ധിെയയും ആത്മീയതയെയും വെള്ള സമാധാനത്തെയും സത്യത്തെയും പച്ച സമൃദ്ധിയെയും ഫലപുഷ്ടിയെയും ചക്രം നീതിയെയും ആണ് സൂചിപ്പിക്കുന്നത് എന്ന അനൗദേ്യാഗികമായ മറ്റൊരു വ്യാഖ്യാനവും ഉണ്ട്. പതാകയിലുള്ള വിവിധ നിറങ്ങള്‍ ഇന്ത്യയിലെ മതങ്ങളുടെ നാനാത്വമാണ് സൂചിപ്പിക്കുന്നതെന്നും കുങ്കുമം ഹൈന്ദവതയെയും പച്ച ഇസ്‌ലാമിനെയും വെള്ള ജൈനമതം, സിഖ് മതം, ക്രിസ്തുമതം എന്നിവയെയും സൂചിപ്പിക്കുന്നു എന്നും വേറൊരു വ്യാഖ്യാനവുമുണ്ട്.

ദേശീയ പതാക രാജ്യത്തെ ജനതയുടെ ഐക്യത്തെയാണ് ഊട്ടിയുറപ്പിക്കുന്നത്. 1925ല്‍ രൂപീകൃതമായതു മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ രാജ്യത്തെ ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള സമരങ്ങളെ ആര്‍.എസ്.എസ് എതിര്‍ത്തുപോന്നു. 1929ല്‍ ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ സമയത്ത്, അഭിപ്രായ സമന്വയത്തിലൂടെ ത്രിവര്‍ണപതാക ദേശീയ പ്രസ്ഥാനത്തിന്റെ പതാകയായി അംഗീകരിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ലാഹോര്‍ സമ്മേളനം പൂര്‍ണസ്വരാജ് ലക്ഷ്യമിട്ട്, 1930 ജനുവരി 26ന് സ്വാതന്ത്ര്യദിനമായി ആചരിക്കാനും ത്രിവര്‍ണപതാകയെ ആദരിക്കാനും രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. എന്നാല്‍, കോണ്‍ഗ്രസ് ആഹ്വാനത്തെ തള്ളിക്കൊണ്ട് ഭഗവത് സണ്ട(കാവിപതാക)യെ ആരാധിക്കാന്‍ ആര്‍. എസ്. എസ് സര്‍സംഘചാലക് ആയിരുന്ന ഡോക്ടര്‍ ഹെഗ്‌ഡേവാര്‍ എല്ലാ ആര്‍. എസ്. എസ് ശാഖകള്‍ക്കും നിര്‍ദേശം നല്‍കി. അന്നുമുതല്‍ ഇന്നുവരെ ആര്‍. എസ്. എസിന്റെ ഒരു ചടങ്ങിലും ദേശീയപതാക ഉപയോഗിക്കുന്നില്ല. ആര്‍.എസ്.എസ് നേതാക്കള്‍ ദേശീയ പതാകയെ നിരാകരിച്ചുകൊണ്ട് നടത്തിയ സംസാരങ്ങള്‍ ചരിത്രത്തില്‍ നമുക്ക് കാണാം. 1946 ജൂലായ് 14ന് നാഗ്പൂരില്‍ വെച്ച് ഗുരുപൂര്‍ണിമ ആഘോഷിക്കുമ്പോള്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞു: 'അവസാനം രാജ്യമൊന്നടങ്കം കാവി പതാകക്ക് മുന്നില്‍ നമിക്കുമെന്ന് ഞങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു.' വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ദേശീയ പതാകയെ കുറിച്ച് ഇങ്ങനെയാണ് എഴുതുന്നത്: 'രാഷ്ട്രത്തിന് വേണ്ടി നമ്മുടെ നേതാക്കന്മാര്‍ പുതിയൊരു പതാകയുണ്ടാക്കി. എന്തുകൊണ്ടാണ് അവരങ്ങനെ ചെയ്തത്? അത് പ്രവാഹത്തിന്റെയും അനുകരണത്തിന്റെതുമായ ഒരു വിഷയമാണ്... മഹത്ത്വപൂര്‍ണമായ ഒരു ഭൂതകാലമുള്ള, പ്രാചീനവും ശ്രേഷ്ഠവുമായ ഒരു രാഷ്ട്രമാണ് നമ്മുടേത്. അപ്പോള്‍, നമുക്ക് നമ്മുടെ സ്വന്തമായ ഒരു പതാക ഉണ്ടായിരുന്നില്ലേ? ആയിരക്കണക്കിന് വര്‍ഷങ്ങളില്‍ നമുക്ക് ദേശീയ ചിഹ്നമുണ്ടായിരുന്നില്ലേ? തീര്‍ച്ചയായും നമുക്കുണ്ടായിരുന്നു. പിന്നെന്തുകൊണ്ട് നമ്മുടെ മനസ്സുകളില്‍ ദൗര്‍ബല്യവും ശൂന്യതയും?'

ഇന്നും ആര്‍.എസ്.എസുകാര്‍ ഇതുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ദേശീയ പതാകയെ ആര്‍.എസ്.എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. സ്വാതന്ത്ര്യം ലഭിച്ച തലേദിവസം രാവിലെ (ആഗസ്ത് 14, 1947) ഇറങ്ങിയ 'ഓര്‍ഗനൈസര്‍' ദേശീയ പതാകയെ പുച്ഛിച്ചുകൊണ്ട് ഒരു ലേഖനമെഴുതി: 'ഒരു വിധിയുടെ തൊഴിയില്‍ അധികാരത്തില്‍ വന്നവര്‍ നമ്മുടെ കൈയിലേക്ക് ഒരു ത്രിവര്‍ണപതാക തന്നിരിക്കുന്നു. ഇതിനെ ഹിന്ദുക്കള്‍ ബഹുമാനിക്കരുത്, അംഗീകരിക്കരുത്. മൂന്ന് എന്നത് തന്നെ വിനാശകരമാണ്. മൂന്ന് നിറമുള്ള പതാക മനുഷ്യരില്‍ മാനസിക പ്രശ്‌നങ്ങളാണ് ഉണ്ടാകുക. അത് രാജ്യത്തിന് ഹാനികരമാണ്.' ഇതാണ് ദേശീയ പതാകയോട് സംഘപരിവാര്‍ എന്നും സ്വീകരിച്ച സമീപനം.

ദേശീയ പതാകയേന്തിയുള്ള സമരം തെല്ലൊന്നുമല്ല സംഘപരിവാര്‍ സംഘടനകള്‍ക്ക് തലവേദനയാകുന്നത്. അവരുടെ സ്ഥാപക നേതാക്കള്‍ മുതല്‍ നാളിതുവരെയുള്ളവര്‍ വരെ എതിര്‍ത്ത ത്രിവര്‍ണ പതാകയാണ് രാജ്യം മുഴുവന്‍ കാണുന്നത്. ഏകശിലാത്മകമായ ഒരു രാജ്യം സ്വപ്‌നം കാണുന്ന സംഘപരിവാറിന് ത്രിവര്‍ണം എന്നത് തന്നെ തിരിച്ചടിയാണ്. വൈവിധ്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതും സത്യം, ധര്‍മം, നീതി, സമാധാനം എന്നീ ഗുണങ്ങളും സംഘപരിവാര്‍ പ്രത്യയ ശാസ്ത്രത്തിന് വിരുദ്ധമാണെല്ലോ. അത്‌കൊണ്ടു തന്നെ ലക്ഷങ്ങള്‍ അണിനിരക്കുന്ന ത്രിവര്‍ണ പതാകയേന്തിയുള്ള പ്രതിഷേധ പരിപാടികള്‍ സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ്.

പ്രതിഷേധ സമരക്കാരെ പ്രകോപിതരാക്കി അക്രമങ്ങള്‍ അഴിച്ചുവിടുക എന്ന കുതന്ത്രവും പരാജയപ്പെടുന്നതില്‍ സംഘപരിവാര്‍ അരിശത്തിലാണ്. റോസാപ്പൂ നല്‍കിയും ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയും രാഷ്ട്രശില്‍പികളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയും സക്രിയമായ സരങ്ങള്‍ക്കാണ് നാടും നഗരവും സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും നിലയ്ക്ക് പ്രകോപനം സൃഷ്ടിക്കാനുള്ള ഭരണകൂട ശ്രമങ്ങള്‍ക്ക് തലവച്ചുകൊടുക്കാതെ അവര്‍ സമാധാനപരമായ സമരജ്വാലകള്‍ തീര്‍ക്കുന്നു. ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും പൊയ്മുഖമണിഞ്ഞ് തങ്ങളുടെ കുതന്ത്രങ്ങള്‍ നടപ്പിലാക്കാം എന്ന് കരുതിയവര്‍ക്ക് മുന്നിലാണ് ഭരണഘടനയും ദേശീയ പതാകയും രാഷ്ട്ര ശില്‍പികളുടെ ചിത്രങ്ങളുമായി പ്രതിരോധം തീര്‍ക്കുന്നത്. നിങ്ങളെക്കാള്‍ വലിയ രാജ്യസ്‌നേഹികള്‍ ഞങ്ങള്‍ തന്നെയാണെന്ന് അവര്‍ സധൈര്യം വിളിച്ചു പറയുന്നു. ഭരണഘടനയെ തകര്‍ക്കാനുള്ള ഒരു നീക്കത്തിനും ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല, അനൈക്യത്തിന്റെ ആശയങ്ങള്‍ക്ക് ഞങ്ങളുടെ മനസ്സില്‍ ഇടമില്ല എന്നിവ പ്രതിഷേധ സമരത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നു.

രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ തന്നെയാണ്. അത് നയിക്കുന്നത് മുഴുവന്‍ ജനങ്ങളുമാണ്. ഈ സമരത്തിന്റെ നായകര്‍ ഓരോ ഇന്ത്യക്കാരനുമാണ്. മതം, ജാതി, രാഷ്ട്രീയം തുടങ്ങിയ മുഴുവന്‍ ഐഡന്റിറ്റികളും മാറ്റിവച്ച് ഇന്ത്യക്കാര്‍ എന്ന ഒരൊറ്റ ഐഡന്റിറ്റിയുമായാണവര്‍ സമര രംഗത്തുള്ളത്. അതുകൊണ്ട് തന്നെ ആരെയെങ്കിലും ഒറ്റതിരിഞ്ഞു വേട്ടയാടാന്‍ അവര്‍ക്ക് കഴിയുന്നില്ല. പ്രതിഷേധത്തെ തടയാന്‍ വന്ന നിയമപാലകരോട് 'ഞങ്ങളുടെ കൂടെ അണിചേരൂ, നമുക്ക് ഒന്നിച്ചു മുന്നേറാം' എന്ന് പറയുന്ന പ്രതിഷേധക്കാര്‍ എത്ര സര്‍ഗാത്മകമായാണ് മുന്നോട്ട് പോകുന്നത്!

പ്രതിഷേധ സമരങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലാണ് കൂടുതല്‍ ജീവഹാനി ഉണ്ടായത്. സമരത്തില്‍ പങ്കെടുക്കാത്തവര്‍ പോലും അവിട കൊല്ലപ്പെട്ടിട്ടുണ്ട്. യോഗി ആദിത്യനാഥ് എന്ന ക്രൂരനായ മുഖ്യമന്ത്രി തന്റെ അധികാരം ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണ്. പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ ക്രൂരതക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇരകള്‍ക്ക് ആശ്വാസം പകരാന്‍ പോയ പ്രിയങ്ക ഗാന്ധി നിയമപാലകരുടെ വിലക്ക് ലംഘിച്ച് ഇരകളുടെ കണ്ണീരൊപ്പുന്ന കാഴ്ച നാം കണ്ടു. മുസ്‌ലിം ലീഗിന്റെ പ്രതിനിധികളും  മനുഷ്യാവകാശ പ്രവര്‍ത്തകരും മുസഫര്‍ നഗറില്‍ അടക്കം രംഗത്തുണ്ട്. യോഗിയുടെ അടിച്ചമര്‍ത്തലിനെ പരോക്ഷമായി അനുകൂലിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് അപലപനീയമാണ്. ബി.ജെ.പി അധികാരം കയ്യാളുന്ന ആസാമിലും കര്‍ണാടകയിലും പ്രതിഷേധക്കാര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇത് സംഘപരിവാര്‍ നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് വ്യക്തം.

ലക്ഷങ്ങള്‍ അണിചേര്‍ന്ന ചില പ്രതിഷേധ സമരങ്ങളില്‍ പോലും ഒറ്റപ്പെട്ട ചെറിയ അക്രമങ്ങളേ നടന്നിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. അവര്‍ പിന്തുടരുന്നത് ഗോഡ്‌സെയെ അല്ല മറിച്ച് ഗാന്ധിജിയെയാണ് . അവര്‍ അണിനിരക്കുന്നത് ത്രിവര്‍ണ പതാകക്ക് കീഴിലാണ്; കാവിക്കൊടിക്ക് കീഴിലല്ല. ഈ സമരം വിജയം കാണുകതന്നെ ചെയ്യും. അത്രമാത്രം ആഴത്തില്‍ വേരൂന്നിയ നമ്മുടെ ജനാധിപത്യബോധം  ആരുടെയും ആഹ്വാനം കാത്ത് നില്‍ക്കാതെ മുഴുവന്‍ ജനതയെയും ഈ കരിനിയമത്തിനെതിരെ രംഗത്തിറങ്ങാന്‍ പ്രാപ്തമാക്കിയെങ്കില്‍ അത് രാജ്യത്തിന്റെ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും ഉതകുന്നതാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് കാക്കുന്ന വിധി ജനുവരി 22 ന് സുപ്രീം കോടതിയില്‍ നിന്നും രാജ്യം പ്രതീക്ഷിക്കുന്നു. സമാധാനവും നീതിയും വാഴുന്ന നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം.

പ്രതിഷേധ പരിപാടിയില്‍ കണ്ട ഒരു പ്ലേ കാര്‍ഡിലെ വാചകങ്ങള്‍ ചിന്തനീയമാണ്: 'ഞാന്‍ ചരിത്രം പഠിക്കുകയാണ് എന്ന് അച്ഛന്‍ കരുതുന്നുണ്ടാവും. പക്ഷേ, ഞാന്‍ പുതുചരിത്രം രചിക്കുന്ന തിരക്കിലാണെന്ന് അദ്ദേഹം അറിയില്ലല്ലോ.' അതെ, രാജ്യം പുതുചരിത്രം രചിക്കുന്ന തിരക്കിലാണ്.