മഹാമാരി നല്‍കുന്ന മഹാപാഠങ്ങള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2020 ഏപ്രില്‍ 04 1441 ശഅബാന്‍ 11
മനുഷ്യമനസ്സില്‍ മുഴുവന്‍ തീ കോരിയിട്ടുകൊണ്ട് കോവിഡ് 19 നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യരംഗത്തെ അതികായന്മാരായി അറിയപ്പെടുന്ന രാജ്യങ്ങള്‍ പോലും പുതിയ സാഹചര്യത്തില്‍ അസ്തപ്രജ്ഞരായിക്കൊണ്ടിരിക്കുന്ന കാഴ്ച തെല്ലൊന്നുമല്ല ഭീതി പരത്തുന്നത്. ലോകം മുഴുവന്‍ വ്യാപിച്ച ഈ മഹാമാരി പകര്‍ന്നു നല്‍കുന്ന ചില പാഠങ്ങളുണ്ട്; മനുഷ്യന്റെ ദുര്‍ബലതയെക്കുറിച്ച്, ശാസ്ത്രപുരോഗതിയുടെ ബലഹീനതയെക്കുറിച്ച്...

മനുഷ്യന്റെ ദുര്‍ബലതയെയും ശാസ്ത്ര പുരോഗതിയുടെ ബലഹീനതയെയും വിളിച്ചോതിക്കൊണ്ട് കോവിഡ്-19 ലോകത്തിന്റെ അഷ്ടദിക്കുകളെ കീഴടക്കി നൂറ്റാണ്ടു കണ്ട മഹാമാരിയായി മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. നവംബര്‍ 17നു ചൈനയിലെ വുഹാനില്‍ ജന്മംകൊണ്ടുവെന്ന് അനുമാനിക്കുന്ന വൈറസ് നാലുമാസം പിന്നിടുമ്പോള്‍ ലോകത്തെ പ്രബല രാജ്യങ്ങളെ മുഴുവന്‍ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്ര, സാങ്കേതിക മുന്നേറ്റങ്ങളില്‍ മികവു തെളിയിക്കുകയും ആരോഗ്യശാസ്ത്രത്തിലും ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങളിലും വന്‍കുതിപ്പു നടത്തി ലോകത്തെ ഞെട്ടിക്കുകയും ചെയ്ത രാഷ്ട്രങ്ങള്‍ മുഴുവന്‍ കൊറോണ എന്ന രോഗവിഷാണുവിന്റെ പിടിയില്‍ അമരുമ്പോള്‍ പകച്ചുനില്‍ക്കാനല്ലാതെ പിടിച്ചുനില്‍ക്കാന്‍ ആവാത്തവിധം തലതാഴ്ത്തി നില്‍ക്കേണ്ട ഗതികേടിലാണിപ്പോള്‍. ന്യൂക്ലിയര്‍ ബോംബുകളെയും പീരങ്കിപ്പടകളെയും മറ്റെല്ലാ അത്യന്താധുനിക ശക്തികളെയും നേരിടാന്‍ കെല്‍പുള്ള രാജ്യങ്ങളിപ്പോള്‍ ഒരു മില്ലീമീറ്ററിന്റെ പത്തുലക്ഷത്തിലൊരംശം വരുന്ന (100 നാനോമീറ്റര്‍) ക്ഷുദ്രാണുവിന് മുമ്പില്‍ പഞ്ചപുച്ഛമടക്കേണ്ട അവസ്ഥയിലായിരിക്കുകയാണ്.

കോവിഡിന്റെ പിടിയിലമര്‍ന്ന രാജ്യങ്ങളിലധികവും സമ്പന്നവും വികസിതവുമായ രാജ്യങ്ങളാണ്. ചൈന, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, യു.കെ, യു.എസ്.എ, ഫ്രാന്‍സ്, സൗത്ത് കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ആസ്ത്രിയ, ബെല്‍ജിയം, നോര്‍വെ, സ്വീഡന്‍, ഡെന്മാര്‍ക്, മലേഷ്യ, പോര്‍ച്ചുഗല്‍, ജപ്പാന്‍, കാനഡ, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധിതരിലേറെയും. ഇതെഴുതുമ്പോള്‍ 19000 പേര്‍ മരണത്തിനു കീഴടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ചൈന, ഇറ്റലി, സ്‌പെയിന്‍, ഇറാന്‍, അമേരിക്ക എന്നിവിടങ്ങളിലുള്ളവരാണ് മരണപ്പെട്ടവരിലധികവും. മനുഷ്യന്‍ ഇന്നോളം ആര്‍ജിച്ചെടുത്ത മുഴുവന്‍ വിജ്ഞാനവും കഴിവുകളും മഹാമാരിയില്‍നിന്നും സംരക്ഷിക്കാന്‍ സഹായകമായില്ല. ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ഇനിയെല്ലാം ആകാശത്തുനിന്നുള്ള ദൈവിക സഹായംകൊണ്ട് മാത്രമെ സാധിക്കൂ എന്നുമുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ഗദ്ഗദകണ്ഠത്തോടെയുള്ള സംസാരം മനുഷ്യന്റെ നിസ്സഹായതയെയാണ് വിളിച്ചോതുന്നത്.

മഹാമാരികള്‍ ലോകത്തെ കീഴ്‌പ്പെടുത്തുന്നത് ആദ്യമായിട്ടൊന്നുമല്ല. ചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടുവന്നിട്ടുള്ള പ്രക്രിയയാണിത്. സാംക്രമിക രോഗങ്ങളുടെ അറിയപ്പെട്ട ചരിത്രം ബി.സി 426 മുതല്‍ തുടങ്ങുന്നു. പ്‌ളേഗ് ഓഫ് ഏതെന്‍സ് എന്ന പേരിലറിയപ്പെട്ട പകര്‍ച്ചവ്യാധിയില്‍ ഒരു ലക്ഷത്തോളം പേരാണ് മരണമടഞ്ഞത്. ക്രിസ്താബ്ദം 541ല്‍ യൂറോപ്പിലും പടിഞ്ഞാറന്‍ ഏഷ്യയിലുമുണ്ടായ 'പ്‌ളേഗ് ഓഫ് ജസ്റ്റിനിയന്‍' മൂലം മരണമടഞ്ഞത് യൂറോപ്പിന്റെ ജനസംഖ്യയുടെ പകുതിയായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. പത്തുകോടി ജനങ്ങള്‍ അന്ന് മരണപ്പെട്ടു. 1330ല്‍ യൂറോപ്പിലും ഏഷ്യയിലും നോര്‍ത്ത് ആഫ്രിക്കയിലും ആഞ്ഞുവീശിയ 'ബ്ലാക്ക്‌ഡെത്ത്' എന്നറിയപ്പെടുന്ന മഹാമാരിയിലും ഇതുപോലെയുള്ള ആള്‍നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1772ല്‍ ഇറാനില്‍ (പഴയ പേര്‍ഷ്യ) പ്‌ളേഗ് കാരണം 20 ലക്ഷത്തിലധികം പേര്‍ മരണപ്പെട്ടിട്ടുണ്ട്. പ്‌ളേഗിന് പുറമെ വസൂരിയായിരുന്നു മറ്റൊരു മഹാമാരി. 735ല്‍ ജപ്പാനില്‍ പടര്‍ന്നുപന്തലിച്ച വസൂരിയില്‍ ജപ്പാന്‍ ജനസംഖ്യയുടെ മൂന്നിലൊന്നു പേര്‍ (20 ലക്ഷം പേര്‍) മരണപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. ആധുനിക കാലഘട്ടത്തില്‍ ഏറ്റവുമധികം പേരുടെ മരണത്തിന് കാരണമായ മഹാമാരി 1918 ലെ 'സ്പാനിഷ് ഫ്‌ളൂ' ആണ്. 1957ലെ 'ഏഷ്യന്‍ ഫ്‌ളൂ'വില്‍ 20 ലക്ഷം പേര്‍ മരണപ്പെട്ടു. 1968ലെ 'ഹോങ്കോങ് ഫ്‌ളൂ' കാരണം പത്തുലക്ഷം പേരും മരണപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകം അഭിമുഖീകരിച്ച വലിയ ഭീഷണി എയ്ഡ്സ് ആയിരുന്നു. എയ്ഡ്സ് മൂലം ഇന്നേവരെ 32 കോടി ജനങ്ങള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2009ലെ H1 N1 (പക്ഷിപ്പനി) കാരണം അഞ്ചുലക്ഷത്തോളം മരണം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോളറയായിരുന്നു ലോകം അഭിമുഖീകരിച്ച മറ്റൊരു രോഗം. 1817ല്‍ ഇന്ത്യയിലെ കൊല്‍ക്കത്തയിലായിരുന്നു അതിന്റെ തുടക്കം. ഇന്ത്യയില്‍ മാത്രം 80 ലക്ഷത്തോളം പേര്‍ മരണപ്പെട്ടുവെന്നാണ് കണക്ക്. അഞ്ചാം പനി, ഡെങ്കി, എബോള, നിപ്പ തുടങ്ങിയവയും ആധുനികലോകം അഭിമുഖീകരിച്ച പകര്‍ച്ചവ്യാധികളില്‍ പ്രധാനികളാണ്. മനുഷ്യാരംഭത്തിനു ശേഷം കോടിക്കണക്കിനാളുകള്‍ക്ക് മഹാമാരികള്‍ കാരണം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ലോകത്തിന്റെ പ്രകൃതിവ്യവസ്ഥയെ അതിലംഘിച്ചുകൊണ്ടുള്ള മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ക്കുള്ള കൃത്യമായ മറുപടികളാണ് മനുഷ്യരുടെതന്നെ അന്തകരായി കടന്നുവരുന്ന മഹാമാരികള്‍ എന്നാണു വിലയിരുത്തപ്പെടുന്നത്. ഭൂമിയുടെ പ്രകൃതിയില്‍ മനുഷ്യര്‍ നടത്തുന്ന ഇടപെടലുകള്‍ വഴി ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ അണുക്കളുടെ രൂപീകരണങ്ങള്‍ക്കും വ്യാപനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. സ്വാഭാവികമായ കൃഷിക്ക് പകരം വ്യാവസായികമായി കൃഷികള്‍ ഇതിനൊരു ഉദാഹരണമാണ്. അതുപോലെ വനങ്ങള്‍ വെട്ടിത്തെളിയിച്ചതു വഴി മനുഷ്യരുമായി ഇടപഴകാതെ ജീവിച്ചിരുന്ന ജീവികളില്‍ കേന്ദ്രീകരിച്ചിരുന്ന അണുക്കള്‍ മനുഷ്യരിലേക്ക് പടരാന്‍ കാരണമാവുകയും ചെയ്തു. ഒരു വൈറസ് മനുഷ്യനെ ബാധിച്ചിട്ടുണ്ടെങ്കില്‍ അതിനര്‍ഥം മനുഷ്യന്‍ വൈറസിന്റെ സഞ്ചാരപാതയിലേക്ക് കാലെടുത്തുവച്ചുവെന്നാണ്. വൈറസുകള്‍ മനുഷ്യന്റെ സഞ്ചാരപാതയിലേക്ക് വരികയല്ല ചെയ്യുന്നത്. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി സംഭവിച്ച കാലാവസ്ഥ വ്യതിയാനം വൈറസുകളുടെ പെരുകലിന് അനുകൂലമായ രീതിയിലുള്ള താപനം സൃഷ്ടിക്കുകയും ചെയ്യുന്നു. മനുഷ്യരില്‍ സഞ്ചാര താല്‍പര്യങ്ങള്‍ വര്‍ധിക്കുകയും അതിനുള്ള സൗകര്യങ്ങള്‍ വികസിക്കുകയും ചെയ്തതോടുകൂടി ഒരു പ്രദേശത്ത് പ്രത്യക്ഷപ്പെടുന്ന വൈറസുകള്‍ നിമിഷനേരം കൊണ്ട് വന്‍കരകള്‍ താണ്ടി ലോകത്തെ പൊതിയാന്‍ കാരണമാവുകയും ചെയ്തു. നഗരവത്കൃത സംസ്‌കാരത്തിന്റെ ഭാഗമായി മനുഷ്യരില്‍ സംഭവിച്ച ശുചിത്വ കാര്യങ്ങളിലെ വീഴ്ചയാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ളത്.

വവ്വാലുകളെ പല വൈറസുകളുടെയും ആലയമായിട്ടാണ് കരുതപ്പെടുന്നത്. സസ്തനികള്‍ ആണെങ്കിലും പറക്കാന്‍ സാധിക്കുന്നതുകൊണ്ട് വൈറസുകളെ വ്യാപനം നടത്തുന്നതില്‍ വലിയ പങ്കാണ് വവ്വാലുകള്‍ നിര്‍വഹിക്കുന്നത്. ശരീരോഷ്മാവ് കൂടുതല്‍ ഉള്ളതുകൊണ്ട് അവയെ വൈറസ് ദോഷകരമായി ബാധിക്കില്ല എന്നാണ് ശാസ്ത്രാനുമാനം. വവ്വാലുകളില്‍ നിന്നും ഇത് മനുഷ്യരിലേക്ക് എത്തുന്ന മാര്‍ഗം അന്വേഷിച്ചാല്‍ മനുഷ്യര്‍ എവിടെയാണ് സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടത് എന്ന കാര്യം ബോധ്യമാവും.

ഇന്‍ഫ്‌ളുവെന്‍സ മഹാമാരികളില്‍ അധികവും തുടക്കമിട്ടത് ചൈനയില്‍ നിന്നാണെന്നു കാണാം. അവിടെ വൈറസുകള്‍ ഉറങ്ങിക്കിടക്കുന്ന ആതിഥേയ സംഭരണികള്‍ (Reservoir host) താറാവുകളാണ് എന്നാണ് പഠനങ്ങളില്‍ കാണുന്നത്. ഇന്‍ഫ്‌ളുവെന്‍സ വൈറസ് ഉള്ള വവ്വാലുകള്‍, പലതരം പക്ഷികള്‍ തുടങ്ങിയവ മനുഷ്യരാല്‍ കൃഷിചെയ്യപ്പെടുന്ന താറാവുകളുമായി കൂടിക്കലരുന്നതോടെ താറാവുകള്‍ അണുവാഹിനികളായി മാറുന്നു. എന്നാല്‍ അവ രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല. താറാവിനെയും പന്നിയെയും ഒരുമിച്ച് കൃഷിചെയ്യുമ്പോള്‍ പ്രാഥമിക ആതിഥേയര്‍ (Primary host) ആയിരുന്ന താറാവില്‍ നിന്നും പന്നിയിലേക്ക് വൈറസുകള്‍ സംക്രമിക്കുന്നു. അതോടെ പന്നികള്‍ മധ്യമ ആതിഥേയര്‍ (Intermediate host) ആയി മാറുന്നു. വവ്വാലുകളില്‍ നിന്നോ പക്ഷികളില്‍ നിന്നോ പന്നികളിലേക്ക് വൈറസുകള്‍ സംക്രമിക്കുന്നതോടെ ജനിതക മാറ്റങ്ങള്‍ സംഭവിക്കുകയും പുതിയ ജൈവസങ്കലനങ്ങള്‍ക്ക് വേദിയാവുകയും ചെയ്യുന്നു. ഈ മാറ്റങ്ങള്‍ വൈറസുകള്‍ക്ക് മനുഷ്യരിലേക്ക് പടരാനുള്ള വാതായനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജന്തുക്കളുമായും പക്ഷികളുമായും ഇടപെടാതെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധിക്കില്ല. എന്നാല്‍ അവയുമായി ബന്ധപ്പെട്ടു ജീവിക്കുമ്പോള്‍ പാലിച്ചുവരേണ്ട ശുചിത്വ നിയമങ്ങള്‍ അവഗണിക്കപ്പെടുമ്പോഴാണ് വൈറസുകള്‍ മനുഷ്യരെ കീഴ്‌പ്പെടുത്തുന്നതും മഹാമാരികള്‍ പെരുകുകയും ചെയ്യുന്നത്.

മനുഷ്യരെയും ജന്തുക്കളെയും പക്ഷികളെയും സൃഷ്ടിക്കുകയും അവയ്ക്കെല്ലാം ജീവിക്കാനാവശ്യമായ ബോധനം നല്‍കുകയും ചെയ്തിട്ടുള്ള സ്രഷ്ടാവ് ശുചിത്വകാര്യങ്ങളില്‍ മനുഷ്യര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. മഹാമാരിക്കാലത്ത് പാലിക്കേണ്ട നിയമങ്ങളും അവന്‍ അറിയിച്ചിട്ടുണ്ട്. അന്തിമ വേദഗ്രന്ഥമായ ക്വുര്‍ആനിലൂടെയും അന്തിമപ്രവാചകനായ മുഹമ്മദ് നബിയിലൂടെയും ഇക്കാര്യങ്ങള്‍ ലോകത്തെ ഉണര്‍ത്തിയിട്ടുണ്ട്. ലോകപ്രശസ്ത അമേരിക്കന്‍ മാഗസിനായ ന്യൂസ് വീക്ക് മാര്‍ച്ച് 17ന് "Can the Power of Prayer Alone Stop a Pandemic like the Coronavirus? Even the Prophet Muhammad Thought Otherwise'  എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ മുമ്പോട്ടുവെച്ചത് മുഹമ്മദ് നബി ﷺ  ആണെന്ന് വ്യക്തമാക്കുന്നു. ഇസ്ലാമിലെ ശുചിത്വ നിയമങ്ങളെ പരിഹസിച്ചിരുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ശുചിത്വത്തിന്റെ പ്രാധാന്യവും അണുപ്രസരണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ അതിന്റെ പങ്കും ബോധ്യപ്പെട്ടിരിക്കുകയാണ്. അറിയപ്പെടുന്ന രോഗപ്രതിരോധ ശാസ്ത്ര വിദഗ്ധന്‍ ആന്റണി ഫ്യൂച്ചിയെയും മെഡിക്കല്‍ റിപ്പോര്‍ട്ടര്‍ സഞ്ചയ്ഗുപ്തയെയും ഉദ്ധരിച്ചുകൊണ്ടാണ് ന്യൂസ് വീക്ക് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 'ഒരു നാട്ടില്‍ മഹാമാരി ബാധിച്ചിട്ടുണ്ടെന്നു നിങ്ങളറിഞ്ഞാല്‍ നിങ്ങള്‍ അങ്ങോട്ട് പോകരുത്. അപ്രകാരം മഹാമാരി ബാധിച്ച പ്രദേശത്തുനിന്നും നിങ്ങള്‍ പുറത്തു കടക്കുകയും ചെയ്യരുത്' എന്ന പ്രവാചക വചനവും ന്യൂസ്‌വീക്ക് ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഒരു മഹാമാരി സംഭവിച്ചാല്‍ പാലിക്കേണ്ട ഏറ്റവും നല്ല ശുചിത്വ നിയമങ്ങളും സാമൂഹിക അകലം പാലിക്കേണ്ട മര്യാദകളും പഠിപ്പിച്ചത് 1300 വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ന ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദ് നബിയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 'പകര്‍ച്ചവ്യാധി ബാധിച്ചവരെ അത് ബാധിക്കാത്ത ആരോഗ്യവാന്മാരില്‍ നിന്നും അകറ്റിനിര്‍ത്തണം' എന്ന പ്രവാചകനിര്‍ദേശവും ന്യൂസ് വീക്ക് ഉദ്ധരിക്കുകയുണ്ടായി. ദൈവത്തില്‍ നിന്നുള്ള സഹായം പ്രതീക്ഷിച്ചുകൊണ്ട് ദൈവികനിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുകയാണ് മഹാമാരികളെ അകറ്റാനുള്ള ഏറ്റവും ശക്തമായ മാര്‍ഗമെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെയും ന്യൂസ്‌വീക്കിന്റെയുമെല്ലാം തിരിച്ചറിവുകള്‍ ഇതാണ് വിരല്‍ചൂണ്ടുന്നത്.

ഇസ്ലാമിന്റെ ആരോഗ്യവീക്ഷണത്തെ ശരിയായ രൂപത്തില്‍ ലോകത്തിന്റെ സുരക്ഷക്കായി അവതരിപ്പിക്കുകയായിരുന്നു കഴിഞ്ഞ ആഴ്ചകളിലായി സൗദി അറേബ്യയിലെ ഇസ്ലാമിക പണ്ഡിതന്മാരും ഭരണാധികാരികളും ആരോഗ്യപ്രവര്‍ത്തകരും ചെയ്തുകൊണ്ടിരുന്നത്. ശുചിത്വും (Cleanliness) സാമൂഹിക അകലം പാലിക്കലും (Social distancing) മാത്രമാണ് കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള ദൈവികമാര്‍ഗമെന്നു അവര്‍ നേരത്തെ മനസ്സിലാക്കി പ്രവര്‍ത്തിച്ചുവന്നു. ത്വവാഫും സഅ്‌യും ഒരു കാലത്തും നിലച്ചിട്ടില്ലാത്ത മക്കയുടെ പരിശുദ്ധമായ ഹറമില്‍ ഉംറയ്ക്ക് താത്കാലിക വിരാമം കുറിച്ചുകൊണ്ട് മസ്ജിദുല്‍ ഹറാമിന്റെ വാതായനങ്ങള്‍ക്ക് അവര്‍ താഴിട്ടു. ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന സാഹചര്യങ്ങള്‍ അവര്‍ ഇല്ലാതാക്കി. ആരാധനകളും അനുഷ്ഠാനങ്ങളും ചടങ്ങുകളല്ല, മറിച്ച് മനുഷ്യന്റെ ഇഹപര നന്മകള്‍ക്ക് വേണ്ടിയുള്ളതാണെന്നും അവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. പ്രവാചകന്റെ നിര്‍ദേശങ്ങള്‍ അവര്‍ ലോകത്തിനു മുമ്പില്‍ വച്ചു. ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഒരഭിപ്രായ വ്യത്യാസം പോലുമുണ്ടായില്ല. ലോകത്തെ വന്‍കിട രാജ്യങ്ങള്‍ ഇങ്ങനെയൊരു സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നതിന് മുമ്പ് തന്നെ സൗദി അറേബ്യക്ക് അത് നടപ്പാക്കാന്‍ സാധിച്ചത് ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ നല്‍കിയ തിരിച്ചറിവ് മൂലം മാത്രമായിരുന്നു. രോഗം ബാധിച്ച ഖതീഫ് എന്ന പ്രദേശത്തെ തുടക്കം മുതല്‍ അവര്‍ ലോക്ക്ഡൗണ്‍ ചെയ്തു.

ഇസ്ലാം ശുദ്ധിക്ക് മാത്രമല്ല, സമൂഹത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പക്ഷേ, ഇത് മനസ്സിലാക്കുന്നതില്‍ മുസ്‌ലിം സമൂഹം വളരെ പിറകോട്ട് പോയിട്ടുണ്ട് എന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനില്‍ മഹാമാരി പടരാന്‍ കാരണമായത് 'ഖും' നഗരത്തിലെ തീര്‍ഥാടനങ്ങളായിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നും തീര്‍ഥാടനത്തിനായി 'ഖും' നഗരത്തിലെത്തിയ വ്യാപാരികളിലൂടെയാണ് ആദ്യമായി വൈറസ് ഇറാനിലെത്തുന്നത്. പാകിസ്ഥാന്‍, അസര്‍ബൈജാന്‍, യു. എ.ഇ, ബഹ്റൈന്‍, അഫ്ഗാനിസ്ഥാന്‍, കുവൈറ്റ്, ഇറാഖ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെല്ലാം ഇവിടേക്ക് തീര്‍ഥാടകര്‍ സ്ഥിരമായി എത്താറുണ്ട്. ഇതില്‍ ഖും സന്ദര്‍ശിച്ച് ബഹ്റൈന്‍ വഴി സൗദിഅറേബ്യയില്‍ എത്തിയവരാണ് സൗദിയിലേക്ക് വൈറസിനെ എത്തിച്ചത് എന്നാണ് നിഗമനം. മുസ്‌ലിം രാജ്യമായ മലേഷ്യയില്‍ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനമാണ് കോവിഡിന്റെ വ്യാപനത്തിന് കാരണമായത്. ക്വലാലംപൂരിനു പുറത്തുള്ള മുസ്‌ലിം പള്ളിയില്‍ ആയിരുന്നു തബ്ലീഗ് ജമാഅത്ത് സംഘടിപ്പിച്ച മഹാസമ്മേളനം. മലേഷ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ തന്നെ പുറത്തുവിട്ട കാര്യമാണിത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും സമാനമായ സമ്മേളനം നടക്കാനിരുന്നത് മലേഷ്യന്‍ ദുരന്തം അനുഭവിച്ചറിഞ്ഞ സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു.

കേരളത്തിലെ മതസംഘടനകളില്‍ ചിലത് വൈകിയാണെങ്കിലും പള്ളികളിലെ ജുമുഅ ജമാഅത്തുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ജനങ്ങളില്‍ വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന ഇസ്ലാമിന്റെ നിര്‍ദേശം പള്ളികളില്‍ പോലും നടപ്പിലാക്കാന്‍ തടസ്സമാവുന്നത് പരമ്പരാഗത ശീലങ്ങളും ഇസ്ലാമിക ആരാധനകളുടെ ലക്ഷ്യത്തെ കുറിച്ചുള്ള ബോധമില്ലായ്മയും വ്യത്യസ്ത സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട ഇസ്ലാമിക കര്‍മശാസ്ത്രത്തെ കുറിച്ചുള്ള വിവരമില്ലായ്മയുമാണ്. 'വസ്വാസ്' എന്ന പൈശാചിക ബോധനവും കാരണമാണ്. ഇത് മാറ്റിയെടുക്കല്‍ സമൂഹത്തെ ഭയമില്ലാത്ത പണ്ഡിതന്മാരുടെ ഉത്തരവാദിത്തമാണ്. മഹല്ലുകള്‍ക്കും സംഘടനകള്‍ക്കും ആര്‍ജവവും കരുത്തുമുള്ള നേതാക്കള്‍ ഇല്ലെങ്കില്‍ ഇസ്ലാമിക സ്ഥാപനങ്ങളും ആരാധനകളും അണുപ്രസരണത്തിന്റെ പ്രഭവകേന്ദ്രങ്ങളായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം വത്തിക്കാനില്‍ നിന്നും മാര്‍പ്പാപ്പ നല്‍കിയ സന്ദേശവും കൂടിക്കലര്‍ന്നുകൊണ്ടുള്ള പ്രാര്‍ഥനകള്‍ ഒഴിവാക്കണമെന്നാണ്. ഈസ്റ്റര്‍ വരെയുള്ള നോമ്പുകാലവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും റോം അവസാനിപ്പിച്ചു. പ്രായം ചെന്നവര്‍ രൂപതകളില്‍ വരാതിരിക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കുകയും ചെയ്തു. പല പള്ളികളില്‍നിന്നുമുള്ള ഉപദേശ പ്രഭാഷണങ്ങള്‍ ഓണ്‍ലൈന്‍ ആക്കുകയും ചെയ്തു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ അടച്ചിടുകയും ചെയ്തു. ജൂത സിനഗോഗുകളിലെ കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റബ്ബാനിക്കല്‍ കൗണ്‍സില്‍ ഓഫ് അമേരിക്ക തീരുമാനിക്കുകയും ചെയ്തു. ഗുരുദ്വാരകളിലെ സേവനങ്ങള്‍ റദ്ദാക്കുമെന്ന് സിഖ് കൗണ്‍സിലും പ്രഖ്യാപിച്ചു. കേരളത്തില്‍ ദേവസ്വം ബോര്‍ഡ് ശബരിമല തീര്‍ഥാടകരോട് അങ്ങോട്ടുള്ള യാത്രയും സന്ദര്‍ശനവും അവസാനിപ്പിക്കാനും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ അടച്ചിടാനും ആഹ്വാനം ചെയ്തത് വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടിയുള്ള ഹൈന്ദവ സമൂഹത്തിന്റെ കരുതലിന്റെ ഭാഗമാണ്.

സാമൂഹിക അകലം പാലിക്കുന്നതില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ 'ജനത കര്‍ഫ്യു' ആചരിക്കുകയുണ്ടായി. കേരളത്തെ ലോക്ക്ഡൗണ്‍ ആയി പ്രഖ്യാപിച്ചു. പലയിടങ്ങളിലും സി. ആര്‍.പി.സി 144 പ്രഖ്യാപിച്ചു. വളരെ നല്ല കാര്യങ്ങള്‍ തന്നെ. പക്ഷേ, തുടക്കം മുതല്‍ ജാഗ്രത കാണിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയമായിരുന്നുവെന്നാണ് വസ്തുതകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കേണ്ടതുണ്ട്. പക്ഷേ, സര്‍ക്കാര്‍ നടപടികളില്‍ പലതും വൈരുധ്യങ്ങള്‍ നിലനില്‍ക്കുകയോ അല്ലെങ്കില്‍ അവ ആര്‍ക്കോ വേണ്ടി നടത്തുന്ന ചടങ്ങുകള്‍ ആയിത്തീരുകയോ ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ജനുവരി 30നു ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയായിരുന്ന ഒരു വിദ്യാര്‍ഥിനിയിലാണ് ആദ്യമായി വൈറസ് കണ്ടെത്തിയത്. ചൈനയില്‍ നിന്നും വരുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരും വകുപ്പുകളും അന്ന് ശ്രദ്ധിച്ചില്ല. ചൈനയിലെ വുഹാനില്‍ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടത് ഡിസംബര്‍ ഒന്നിനായിരുന്നു. ചൈനയും ഇന്ത്യയും തമ്മില്‍ വ്യാപാര ബന്ധവും വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ സഹവര്‍ത്തിത്വവുമെല്ലാം നിലനില്‍ക്കുന്നെണ്ടെന്നത് എല്ലാവര്‍ക്കുമറിയാം. പക്ഷേ, ചൈനയില്‍ പടര്‍ന്നുപന്തലിച്ച വൈറസ് ഇന്ത്യയില്‍ എത്താന്‍ അധികമൊന്നും സമയം വേണ്ടിവരില്ലെന്നു ചിന്തിക്കുവാനോ അതിനനുസരിച്ച മുന്‍കരുതലുകള്‍ സ്വീകരിക്കാനോ നമ്മുടെ സര്‍ക്കാരുകള്‍ക്കോ ആരോഗ്യവകുപ്പിനോ പൊതുസമൂഹത്തിനോ ആയില്ല എന്നത് വളരെ ഖേദകരമാണ്. ഇന്ത്യയിലെ ഒരു അന്താരാഷ്ട്ര വിമാനത്തവാളത്തിലും വിദേശങ്ങളില്‍ നിന്നും വരുന്ന കോവിഡ് രോഗബാധിതരെ നിരീക്ഷിക്കാന്‍ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. മറ്റു രാജ്യങ്ങള്‍ ഏറ്റവും ചുരുങ്ങിയത് ശരീരതാപം അളക്കാനുള്ള ഉപകരണങ്ങള്‍ വിമാനത്താവളങ്ങളില്‍ കരുതുകയും ഉയര്‍ന്ന താപനിലയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ അങ്ങനെയുള്ള സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. ചൈനയില്‍നിന്നും വന്ന വിദ്യാര്‍ഥികള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്തതുകൊണ്ട് മാത്രമാണ് സര്‍ക്കാരിന് അതറിയാന്‍ സാധിച്ചത്. പിന്നീട് ഫെബ്രുവരി 28നു ഇറ്റലിയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയ പത്തനംതിട്ട സ്വദേശികളിലാണ് കൊറോണവൈറസ് കണ്ടെത്തിയത്. ഇവരെ കുറിച്ചുള്ള പ്രാഥമികമായ വിവരങ്ങള്‍ പോലും സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. ഇവരുടെ ബന്ധുക്കളിലൊരാള്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് പരിശോധനക്കായി എത്തിയപ്പോള്‍ ഡ്യൂട്ടി ഡോക്ടറുടെ ഒരൊറ്റ ചോദ്യംകൊണ്ട് മാത്രമാണ് ഇറ്റലിയില്‍ നിന്നുമെത്തിയവരെ പിടികൂടാന്‍ സാധിച്ചത്. ബന്ധുക്കളാരെങ്കിലും വിദേശത്തു നിന്ന് വന്നിട്ടുണ്ടോ എന്ന ഡോക്ടറുടെ ചോദ്യത്തിനുത്തരമായി ഇറ്റലിയില്‍ നിന്നും വന്നവരെ കുറിച്ച് പറയുകയും ആരോഗ്യവകുപ്പ് അവരെ അന്വേഷിച്ചു കണ്ടെത്തുകയുമായിരുന്നു. ഇങ്ങനെയൊരു സംഭവമില്ലായിരുന്നുവെങ്കില്‍ കേരളം മറ്റൊരു വുഹാനോ ഇറ്റലിയോ ആയിത്തീരുമായിരുന്നു.

വിദേശങ്ങളില്‍ നിന്നും വരുന്നവരെ നിരീക്ഷിക്കുന്നതിലും അവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിലും വേണ്ട ജാഗ്രത നമ്മുടെ രാജ്യം കാണിച്ചിട്ടില്ല എന്നതാണ് പല സംഭവങ്ങളും വ്യക്തമാക്കുന്നത്. കോവിഡിനെ കുറിച്ചുള്ള ഭീതി ജനങ്ങളില്‍ വ്യാപകമായതിനു ശേഷമാണു കാസര്‍കോട്ടെ സംഭവം ഉണ്ടാകുന്നത്. അവിടെ ഒരു യുവാവ് ദുബൈയില്‍ നിന്നും എത്തിയതിനു ശേഷം വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും കൂടെ കറങ്ങിനടക്കുകയും ചെയ്തു എന്ന അക്ഷന്തവ്യമായ അലംഭാവത്തിന് യുവാവിനെ നമുക്ക് പഴി പറയാമെങ്കിലും നമ്മുടെ ഭരണസംവിധാനത്തിന്റെ പോരായ്മ തന്നെയാണ് അത് ചൂണ്ടിക്കാണിക്കുന്നത്. സമാനമായ സംഭവങ്ങള്‍ മലപ്പുറം ജില്ലയിലെ അരീക്കോട്, വാണിയമ്പലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് കാസര്‍കോട്ടെ സംഭവം എന്നതും നാം ഓര്‍ക്കേണ്ടതുണ്ട്.

അതിലും ഗുരുതരമായ സംഭവമാണ് സുപ്രസിദ്ധ ഗായികയും സെലിബ്രിറ്റിയുമായ കനിക കപൂറുമായി ബന്ധപ്പെട്ടത്. ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തി അവിടെ നിന്ന് ലഖ്‌നോയിലേക്ക് പോയ കനികയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. യാത്രാവിവരങ്ങള്‍ മറച്ചുപിടിച്ചതിനും പിന്നീട് ഒരു മുന്‍കരുതലുമില്ലാതെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിനും ലഖ്‌നോ പോലീസ് അവര്‍ക്കെതിരെ എഫ്. ഐ. ആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കനിക പങ്കെടുത്ത പരിപാടിയില്‍ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും മകനും പങ്കെടുക്കുകയും അതില്‍ പങ്കെടുത്ത പലരും രാഷ്ട്രപതി രാംനാഥ് കോവിന്ത് മാര്‍ച്ച് 18നു ഒരുക്കിയ പ്രാതല്‍ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു എന്നത് വലിയ വീഴ്ചയായി കാണേണ്ടതുണ്ട്. വിദേശത്തുനിന്നെത്തിയ ബോക്‌സിങ് താരം മേരികോമും രാഷ്ട്രപതിയുടെ വിരുന്നിലെത്തി എന്നത് സര്‍ക്കാരിന്റെയും ഉന്നതരുടെയും അലംഭാവമാണ് സൂചിപ്പിക്കുന്നത്. രാജ്യം ഗുരുതരമായ വൈറസ് ഭീഷണിയില്‍ കഴിയുമ്പോള്‍ സാമൂഹിക അകലം പാലിക്കാന്‍ പൊതുജനങ്ങളോട് സര്‍ക്കാരുകളും ആരോഗ്യ പ്രവര്‍ത്തകരും ആവശ്യപ്പെടുമ്പോഴാണ് രാഷ്ട്രപതി പോലും യാതൊരു സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും പാലിക്കാതെയുള്ള വിരുന്നുകള്‍ ഒരുക്കുന്നത്. കൊറോണയെ പ്രതിരോധിക്കുന്ന നടപടികള്‍ ആളുകളെ പറ്റിക്കുന്നതിനു വേണ്ടിയുള്ള ചടങ്ങുകള്‍ മാത്രമായി മാറുകയാണ് എന്നല്ലേ ഇതെല്ലാം സൂചിപ്പിക്കുന്നത്.

ജില്ലാ ഭരണകൂടങ്ങള്‍ കൊറോണ നിയന്ത്രിക്കുന്നതിന് വേണ്ടി കൈക്കൊള്ളുന്ന നടപടികള്‍ ശ്ലാഘനീയമാണെന്നു പറയാം. പക്ഷേ, ജില്ലാ ഭരണകൂടങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഇല്ലാത്തതുകൊണ്ട് തന്നെ അവര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളില്‍ പലതും ഓട്ടപ്പാത്രങ്ങളായി മാറുകയാണ്. പൊതുജനങ്ങള്‍ ഒരുമിച്ചുകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നു ജില്ലാഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ പോലും അതിനു തയ്യാറാവുന്നില്ല. ആരാധനാലയങ്ങളും മതപഠന കേന്ദ്രങ്ങളുമെല്ലാം അടച്ചിടുകയാണ് വേണ്ടതെന്നു നിര്‍ദേശിക്കുന്നവര്‍ക്ക് ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ നീണ്ടു പരന്നുകിടക്കുന്ന ക്യൂ വൈകിയാണ് നിരോധിക്കാന്‍ സാധിച്ചത്. ഇത്രയും ഭീതിതമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെ ജില്ലാ ആസ്ഥാനങ്ങളില്‍ കള്ളുഷോപ്പ് ലേലം നടന്നുവെന്നതും സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്‍ സംശയം ജനിപ്പിക്കുന്നു. സര്‍ക്കാരിന് ലഭിക്കുന്ന വരുമാനമാണോ അതോ മനുഷ്യജീവനാണോ കൂടുതല്‍ വിലയുള്ളത് എന്ന് ചിന്തിക്കാന്‍ പോലും നമ്മുടെ സര്‍ക്കാരിനോ ആരോഗ്യവകുപ്പിനോ ജില്ലാ ഭരണകൂടങ്ങള്‍ക്കോ സാധിക്കുന്നില്ല. ഒട്ടനവധി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവന്‍കൊണ്ട് പന്താടിക്കൊണ്ടാണ് ഇത്രയും നാള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മാത്രമാണ് പരീക്ഷകള്‍ മാറ്റിവച്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തയ്യാറായത്.

ശുചിത്വവും സാമൂഹിക അകലവും പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് നമ്മുടെ സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. അതിനു വിരുദ്ധമായ ഒരു പ്രവൃത്തിയും ഒരു വ്യക്തിയില്‍ നിന്നും ഉണ്ടാവാന്‍ പാടുള്ളതല്ല. നമ്മുടെ ജാഗ്രതാ കുറവുകള്‍ ഒരു സമൂഹത്തിന്റെ നാശത്തിനു കാരണമാവാന്‍ പാടില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും നാം കണ്ണുതുറന്നു പ്രവര്‍ത്തിക്കുക. സര്‍ക്കാരിനു വേണ്ടിയല്ല, നമുക്കും നമ്മുടെ ചുറ്റും ജീവിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി. ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ മനോഭാവങ്ങളിലും ജീവിതശൈലികളിലും പരമ്പരാഗത ശീലങ്ങളിലും ഇനിയും മാറ്റം വരുത്തിയില്ലെങ്കില്‍ ഒരിക്കലും മഹാമാരികളെ ചെറുക്കുവാന്‍ സാധിക്കില്ലെന്ന് മാത്രമല്ല, ചൈന, ഇറ്റലി, ഇറാന്‍ എന്നിവിടങ്ങളില്‍ സംഭവിച്ചതിനെക്കാള്‍ വലിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരും. ശുചിത്വബോധം വളര്‍ത്തുക; കുറച്ചു കാലത്തേക്ക് അകന്നു നില്‍ക്കുക; മഹാമാരിയെ അകറ്റി നിര്‍ത്താം.