ലോകം കണ്ട മഹാമാരികള്‍
ഡോ.സബീല്‍ പട്ടാമ്പി
2020 ഏപ്രില്‍ 11 1441 ശഅബാന്‍ 18
പുരാതനകാലം മുതല്‍ക്കുതന്നെ വിവിധ പകര്‍ച്ചവ്യാധികള്‍ ഉണ്ടായിരുന്നതായി പല രേഖകളിലും എഴുതപ്പെട്ടത് കാണാം. പുരാവസ്തു ഗവേഷകരുടെ നിഗമന പ്രകാരം ഏറ്റവും പഴക്കമുള്ള പകര്‍ച്ച വ്യാധിയുടെ തെളിവുകള്‍ ലഭിച്ചിട്ടുള്ളത് ചൈനയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യയില്‍ നിന്നാണ്. ഈ സ്ഥലം 'ഹമിന്‍ മങ്ക' (Hamin Mangha) എന്നാണ് അറിയപ്പെടുന്നത്. ഇവിടുന്ന് കിട്ടിയ അസ്ഥികള്‍ക്ക് ഏകദേശം ബി.സി 5000ത്തിനും ബി.സി 3000ത്തിനും ഇടക്ക് പഴക്കമുണ്ടെന്നാണു നിഗമനം. ഒരു വീടിനകത്ത് കുറെ അസ്ഥികൂടങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് ഇവിടെ കാണപ്പെട്ടത്. ഇതിനെക്കുറിച്ചുള്ള പഠനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത് അവിടെ ഏതോ ഒരു പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിച്ചിരുന്നുവെന്നും മറ്റുള്ളവര്‍ക്ക് പകരുന്നത് ഒഴിവാക്കാന്‍ ഒന്നുകില്‍ രോഗബാധിതരെ ജീവനോടെയോ അല്ലെങ്കില്‍ മരണശേഷം മൃതദേഹങ്ങള്‍ കൂട്ടിയിട്ടോ കത്തിച്ചതാകാം എന്നുമാണ്. എന്നാല്‍ ഇവര്‍ക്ക് എന്ത് രോഗമാണു പകര്‍ന്നത് എന്നതിനെക്കുറിച്ച് ഗവേഷകര്‍ക്ക് കൃത്യമായ ഒരു ധാരണയുമില്ല.
മുന്‍ കാലങ്ങളില്‍ രോഗങ്ങളെയും രോഗാണുവിനെയും കൃത്യമായി വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള സംവിധാനോപാധികള്‍ ഇല്ലാത്തതിനാല്‍ എല്ലാ പകര്‍ച്ചവ്യാധികളെയും മൊത്തത്തില്‍ 'പ്ലേഗ്' എന്നാണു വിളിച്ചിരുന്നത് എന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. ബൈബിള്‍ ഒരു വിഭാഗത്തിന്റെ വേദഗ്രന്ഥമാണെങ്കിലും അതിനെ ഒരു ചരിത്രരേഖയായി കൂടി കാണുന്നവരുണ്ട്. കാരണം പ്രപഞ്ചോല്‍പത്തി മുതല്‍ വിവിധ കാലങ്ങളിലുള്ള ചരിത്രം പലര്‍ പലപ്പോഴായി ക്രമത്തില്‍ എഴുതിയതാണു ബൈബിള്‍ എന്നാണ് ചില ക്രൈസ്തവ പണ്ഡിത പക്ഷം. ഇത് ഒരു ചരിത്ര രേഖയായി നാം പരിഗണിക്കുകയാണെങ്കില്‍, ബൈബിള്‍ പഴയനിയമത്തില്‍ പുറപ്പാട് പുസ്തകത്തില്‍ 18ാം അധ്യായത്തില്‍ മോശെ പ്രവാചകന്റെ കാലത്ത് ഉണ്ടായ പ്ലേഗുകളെക്കുറിച്ച പരാമര്‍ശം കാണാന്‍ സാധിക്കും. ഏകദൈവമായ യഹോവ ഈജിപ്തുകാരെ 10 തരം പ്ലേഗുകള്‍ കൊണ്ട് ശിക്ഷിച്ചു എന്നാണ് അവിടെ പറയുന്നത്. എന്നാല്‍ ഇതില്‍ പറയപ്പെട്ട വിവരണ പ്രകാരം ഈ 10 എണ്ണത്തില്‍ പലതും രോഗങ്ങള്‍ പോലുമല്ല. വെള്ളപ്പൊക്കത്തെയും വരള്‍ച്ചയെയുമൊക്കെ മൊത്തത്തില്‍ പ്ലേഗ് എന്നാണു പുറപ്പാട് പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അപ്പോള്‍ ശിക്ഷകളെ മൊത്തത്തില്‍ 'പ്ലേഗ്' എന്ന് വിളിക്കുന്നതാണ് പഴയനിയമ ബൈബിളിന്റെ ശൈലി. എന്നാല്‍ അങ്ങിങ്ങായി പകരുന്ന ചില രോഗങ്ങളെ പറ്റി ലേവ്യ പുസ്തകത്തിലും മറ്റും അവ്യക്തമായ പരാമര്‍ശങ്ങളും കാണാം.
ഇനി പുതിയനിയമത്തിലേക്ക് വന്നാല്‍ രോഗങ്ങളുടെ ചിത്രം ഒന്നു കൂടി വ്യക്തമാണ്. യേശുക്രിസ്തു കര്‍ത്താവിന്റെ അനുമതിയോടുകൂടി പ്ലേഗ്, കുഷ്ഠം, വെള്ളപ്പാണ്ഡ് എന്നീ രോഗങ്ങളെ സുഖപ്പെടുത്തിയതായി പുതിയനിയമത്തില്‍ പറയുന്നുണ്ട്. (സാന്ദര്‍ഭികമായി പറയട്ടെ, പ്ലേഗും കുഷ്ഠവും പകര്‍ച്ചവ്യാധിയാണ്, എന്നാല്‍ വെള്ളപ്പാണ്ഡ് പകര്‍ച്ചവ്യാധിയല്ല, അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതില്‍ കുഴപ്പമില്ല). മുകളില്‍ പറയപ്പെട്ട പകര്‍ച്ചവ്യാധികള്‍ ഏതുതരം രോഗമായിരുന്നുവെന്നോ എത്രമാത്രം ആളുകളെയും സ്ഥലങ്ങളെയും അത് ബാധിച്ചിരുന്നുവെന്നോ എത്ര ആളുകള്‍ മരണപ്പെട്ടിരുന്നുവെന്നോ എവിടെയും വ്യക്തമായ രേഖകളില്ല.
ചരിത്ര പുസ്തകങ്ങളില്‍ എഴുതപ്പെട്ട മഹാമാരികള്‍
ഒരു ചെറിയ ഭൂപ്രദേശത്ത് മാത്രമായി ചുരുങ്ങിയ സമയം മാത്രം പടരുന്ന രോഗങ്ങളാണു പകര്‍ച്ച വ്യാധികള്‍ (Epidemics) എന്ന് പറയുന്നത്. എന്നാല്‍ ഇതേ പകര്‍ച്ചവ്യാധി തന്നെ അനിയന്ത്രിതമാം വിധം പടര്‍ന്ന് ഒരു രാജ്യത്തെ ആകമാനമോ മറ്റു രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ വ്യാപിക്കുകയും അസംഖ്യം ജീവനുകളെ അനിയന്ത്രിതമാംവിധം കൊന്നൊടുക്കുകയോ ചെയ്യുകയാണെങ്കില്‍ അതിനെ ഒരു മഹാമാരിയായി (Pandemic) കണക്കാക്കാം.
പകര്‍ച്ച വ്യാധികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വ്യത്യസ്ത കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. അവ മുഴുവന്‍ എണ്ണിത്തിട്ടപ്പെടുത്തുക പ്രായോഗികമല്ല. എന്നാല്‍ അവയില്‍ വളരെ ചുരുക്കം മാത്രമെ 'മഹാമാരികള്‍' ആയി എണ്ണപ്പെട്ടിട്ടുള്ളൂ. അവ ഏതൊക്കെയെന്ന് പരിശോധിക്കാം:
(1) ഗ്രീസിലെ ഏഥന്‍സില്‍ ഉണ്ടായ മഹാമാരി (ബി.സി 430)
ഗ്രീസിലെ രണ്ട് സൈനിക ശക്തികളായിരുന്നു അഥീനിയക്കാരും (Athenians) സ്പാര്‍ട്ടക്കാരും (Spartans). ഇവര്‍ തുല്യശക്തികളും അതേസമയം ബദ്ധവൈരികളുമായിരുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴായി യുദ്ധങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലെ യുദ്ധമാണ് ഗ്രീക്ക് ചരിത്രത്തില്‍ ഏറെ പ്രസിദ്ധമായ പെലോപൊന്നേഷ്യന്‍ യുദ്ധം (Poloponnesian War). ഈ യുദ്ധത്തിനോടനുബന്ധിച്ചു അഥീനിയക്കാരുടെ സാമ്രാജ്യത്തില്‍ ഒരു മഹാമാരി പടരാന്‍ തുടങ്ങി. ഈ വ്യാധി 5 വര്‍ഷത്തോളം നീണ്ടുനിന്നു. അതില്‍ ഏകദേശം 1 ലക്ഷം അഥീനക്കലര്‍ മരിച്ചു എന്നാണു കണക്ക്. ഈ സന്ദര്‍ഭം മുതലെടുത്ത് സ്പാര്‍ട്ടക്കാര്‍ ഇവരെ ആക്രമിക്കുകയും അഥീന സാമ്രാജ്യം കീഴടക്കുകയും ചെയ്തു. ഇതോടെ ഗ്രീസിന്റെ നിയന്ത്രണം സ്പാര്‍ട്ടക്കാരുടെ കൈപ്പിടിയിലൊതുങ്ങുകയും അഥീനക്കാര്‍ നാമാവശേഷമാവുകയും ചെയ്തു. ഇവിടെ പടര്‍ന്നുപിടിച്ച രോഗത്തിന്റെ ലക്ഷണങ്ങള്‍ അക്കാലത്ത് ഗ്രീസില്‍ ജീവിച്ചിരുന്ന ചരിത്രകാരനായ തുസൈഡിഡസ് എഴുതിയിട്ടുണ്ട്. ആ ലക്ഷണങ്ങളെ വിശകലം ചെയ്ത് അന്ന് പടര്‍ന്നുപിടിച്ചത് എബോളയോ അല്ലെങ്കില്‍ ടൈഫോയിഡോ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ അനുമാനിച്ചിരുന്നു. 2006ല്‍ ഏഥന്‍സ് യൂണിവേഴ്‌സിറ്റിയിലെ ചില ശാസ്ത്രജ്ഞന്മാര്‍ ഏഥന്‍സിലെ ഒരു കുഴിമാടത്തില്‍ നിന്ന് കിട്ടിയ അനേകം അസ്ഥികൂടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍നിന്ന് അത് അഥീനക്കാരുടേതായിരുന്നുവെന്നും അവരെ ബാധിച്ചത് ടൈഫോയിഡ് ആയിരുന്നുവെന്നും വെളിപ്പെടുത്തി.
(2) റോമിലെ മഹാമാരി (എ.ഡി. 165-180)
ഗ്രീസിനെപ്പോലെ തന്നെ അന്നത്തെ ഒരു ശക്തിയായിരുന്നു റോം. എ.ഡി 165ല്‍ ഒരു യുദ്ധം കഴിഞ്ഞു മടങ്ങിയെത്തിയ റോമിന്റെ സൈനികര്‍ക്കിടയില്‍ വസൂരി രോഗം പടര്‍ന്നുപിടിച്ചു. ഇത് ശത്രുരാജ്യത്ത് നിന്ന് കിട്ടിയതായിരിക്കാമെന്നാണു നിഗമനം. ഇതില്‍ ഏകദേശം 5 മില്യണ്‍ (50 ലക്ഷം) പടയാളികള്‍ മരിച്ചു. ഈ മഹാമാരിക്ക് ശേഷം റോമാസാമ്രാജ്യത്തിന്റെ ശക്തി അസ്തമിക്കുകയും ഒപ്പം ക്രിസ്തുമതം റോമിലെ പ്രബല മതമായി ഉദയം കൊള്ളുകയും ചെയ്തു. (ഇതേ റോം ഉള്‍ക്കൊള്ളുന്ന ഇറ്റലിയിലാണ് ഇപ്പോള്‍ കൊറോണ അഥവ കോവിഡ് 19 ഏറ്റവും കൂടുതല്‍ മരണം വിതച്ചുകൊണ്ടിരിക്കുന്നത്).
(3) റോമിലെ രണ്ടാം മഹാമാരി (എ.ഡി. 250)
എ.ഡി. 180 ലെ വസൂരിക്ക് ശേഷം ഏകദേശം 75 വര്‍ഷം കഴിഞ്ഞ് റോമില്‍ മറ്റൊരു വ്യാധി കൂടി പടര്‍ന്നു. ഇതില്‍ ദിനേന 5000ത്തോളം ആളുകള്‍ മരിച്ചുവീണിരുന്നു എന്നാണ് കണക്ക്. ഇത് എന്തു രോഗമാണെന്ന് വ്യക്തമല്ല. ഇതിനെക്കുറിച്ച് അന്നത്തെ ക്രൈസ്തവ പുരോഹിതനായ സൈപ്രസ് പറഞ്ഞത് 'ഇത് ബൈബിളില്‍ പറയപ്പെട്ട ലോകാവസാനമാണ്' എന്നാണ്! ഈ പുരോഹിതനിലേക്ക് ചേര്‍ത്തിക്കൊണ്ട് ഈ സംഭവം 'സൈപ്രിയന്‍ മഹാമാരി' എന്നും വിളിക്കപ്പെടുന്നു.
(4) ബൈസാന്റൈനിലെ മഹാമാരി (എ.ഡി. 541-750)
റോമിന്റെ കിഴക്കുഭാഗത്തുള്ള കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രമാക്കിയായിരുന്നു ബൈസാന്റൈന്‍ (Byzantine) സാമ്രാജ്യം. എ.ഡി 527 മുതല്‍ 565 വരെ അവിടുത്തെ ചക്രവര്‍ത്തിയായിരുന്നു ജസ്റ്റീനിയന്‍. ഇദ്ദേഹം അന്നത്തെ ഏഷ്യയുടെയും യൂറോപ്പിന്റെയും വലിയൊരു ഭാഗം വെട്ടിപ്പിടിച്ചു തന്റെ അധികാരവരുതിയില്‍ കൊണ്ടുവന്ന് സാമ്രാജ്യം വികസിപ്പിച്ചു. എന്നാല്‍ അധികം താമസിയാതെ (എ.ഡി. 541ല്‍) അവിടെ പ്ലേഗ് പടര്‍ന്നുപിടിച്ചു. ഇത് അദ്ദേഹത്തിന്റെ സാമ്രാജ്യത്തിനകത്തും പിന്നീട് പുറത്തും വ്യാപിച്ചു. വര്‍ഷങ്ങളോളം (541-750) ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഈ പ്ലേഗ് നീണ്ടുനിന്നു. ബൈസാന്റിയന്‍ ചരിത്രകാരന്‍ Procopiusന്റൈ ചരിത്ര വിവരണത്തില്‍ പറയുന്നത് ഓരോ ദിവസവും 10,000 ങ്ങള്‍ മരിച്ചുവീണു എന്നാണ്. ലോക ജനസംഖ്യയുടെ നാലിലൊന്ന് ഈ പ്ലേഗ് ഇല്ലാതാക്കി എന്ന് പറയപ്പെടുന്നു.
ഈ ജസ്റ്റീനിയന്‍ പ്ലേഗിന്റെ തുടര്‍ച്ചയായിരുന്നു ഉമറി(റ)ന്റെ കാലത്ത് (എ.ഡി 639ല്‍) അംവാസില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് എന്ന് ചിലര്‍ അനുമാനിക്കുന്നുണ്ട്. അംവാസില്‍ പടര്‍ന്ന പ്ലേഗില്‍ പ്രമുഖരായ പല പ്രവാചകാനുചരന്മാരും മരണപ്പെട്ടു. അംവാസില്‍ മാത്രം 25,000 ഓളം പേര്‍ മരിച്ചു.
(5) യൂറോപ്പിനെ ബാധിച്ച മഹാമാരി (എ.ഡി. 1346)
ഇതാണ് ഇന്നുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച മഹാമാരി. എലിച്ചെള്ളുകള്‍ വഴി പടര്‍ന്ന പ്ലേഗ് ആയിരുന്നു ഇത്. ഏഷ്യയില്‍നിന്ന് തുടങ്ങിയ പ്ലേഗ് പിന്നീട് യൂറോപ്പിലേക്ക് കത്തിപ്പടരുകയായിരുന്നു.
യൂറോപ്പിന്റെ പല ഭാഗങ്ങളിലായി 100ഓളം ചെറിയ ചെറിയ പ്ലേഗുബാധകള്‍ അങ്ങിങ്ങായി പലപ്പോഴായി ഉണ്ടായി. 1361നും 1480 നും ഇടയ്ക്ക് ഇംഗ്ലണ്ടില്‍ മാത്രം ഓരോ രണ്ട് വര്‍ഷത്തിനിടക്കും പ്ലേഗുബാധ ഉണ്ടായിരുന്നു.
ഏകദേശം 150 200 മില്യണ്‍ (20 കോടി) ജനങ്ങള്‍ മരിച്ചു എന്നാണു കണക്ക്. അതായത് ഏകദേശം അന്നത്തെ യൂറോപ്യന്‍ ജനസംഖ്യയുടെ 50 ശതമാനത്തിനു മുകളില്‍! ഇത് രണ്ടാം ലോക മഹായുദ്ധത്തിലെ മൊത്തം മരണ സംഖ്യയെക്കാള്‍ കൂടുതലാണ്. ഇതിനെ തുടര്‍ന്ന് യൂറോപ്പില്‍ വമ്പിച്ച തൊഴിലില്ലായ്മയും പട്ടിണിയും ഉണ്ടായി.
ഈ പ്ലേഗ് Black Death എന്ന പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്.
(6) മെക്‌സിക്കോയിലും മധ്യ അമേരിക്കയിലും പടര്‍ന്ന മഹാമാരി (എ.ഡി. 1545)
15 ദശലക്ഷം ആളുകളെ കൊന്നൊടുക്കിയ ഈ പകര്‍ച്ചവ്യാധി ഒരുതരം വൈറല്‍പനി ആണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഈയിടെയായി ആ പ്രദേശത്തുനിന്ന് കിട്ടിയ അസ്ഥികൂടങ്ങളില്‍ നടത്തിയ ഡി.എന്‍.എ. പഠനങ്ങളില്‍നിന്ന് മനസ്സിലാകുന്നത് അവരെ ബാധിച്ചത് ടൈഫോയിഡ് ആയിരുന്നു എന്നാണ്.
ഇത് കൂടാതെ 16ാം നൂറ്റാണ്ടില്‍ തന്നെ കിഴക്കന്‍ അമേരിക്കയില്‍ വ്യാപകമായി വസൂരിയും പടര്‍ന്നു പിടിച്ചു. അക്കാലത്ത് അവിടെ തദ്ദേശവാസികളായ രണ്ട് സംസ്‌കാരങ്ങളായിരുന്നു ഇന്‍കന്‍ ജനതയും ആസ്‌ടെക് ജനതയും. ഈ വസൂരി ഈ രണ്ട് ജനവിഭാഗങ്ങളുടെയും 90 ശതമാനത്തോളം നശിപ്പിച്ചുകളഞ്ഞു എന്നാണു ചരിത്രം. വസൂരി ബാധയില്‍ ക്ഷീണിച്ച തക്കം നോക്കി സ്‌പെയിന്‍ സൈന്യം ഇവരെ 1519ല്‍ ആക്രമിക്കുകയും കോളനി സ്ഥാപിക്കുകയും ചെയ്തു. വസൂരിയും അതിനെ തുടര്‍ന്നുള്ള സ്പാനിഷ് ആക്രമണവുമാണ് ഇന്‍കന്‍, ആസ്‌ടെക് ജനതയെ ഇല്ലാതാക്കിയത്.
(7) ടൈഫസ് പനി (1618-1648)
ഇത് 'കപ്പല്‍ പനി' (Ship fever) എന്നൊരു പേരില്‍ കൂടി മുന്‍കാലത്ത് അറിയപ്പെട്ടിരുന്നു. മുന്‍ കാലത്ത് നാവികയുദ്ധത്തിനു വേണ്ടി കപ്പലില്‍ യാത്ര ചെയ്തിരുന്ന സൈനികര്‍ക്ക് ഈ രോഗം ബാധിച്ചത് കൊണ്ടാണ് ഇങ്ങനെ വിളിക്കപ്പെട്ടത്. 1618ല്‍ ജര്‍മനിയില്‍ മാത്രം ടൈഫസ് പനിയും പ്ലേഗും കാരണത്താല്‍ 80 ലക്ഷം ആളുകള്‍ മരണമടഞ്ഞിട്ടുണ്ടെന്നാണു കണക്ക്.
1812ല്‍ ഫ്രെഞ്ച് യുദ്ധവീരനായ നെപ്പോളിയന്‍ ബോണോപാര്‍ട്ട് റഷ്യയെ ആക്രമിച്ച സമയത്ത് അദ്ദേഹത്തെ സൈന്യത്തില്‍ വലിയൊരു ഭാഗത്തിനു 'ടൈഫസ്' പനിയുണ്ടായി. അതുകാരണം ഈ യുദ്ധത്തില്‍ നെപ്പോളിയനും സൈന്യവും തോറ്റ് മടങ്ങുകയാണുണ്ടായത്. 4 ലക്ഷം സൈനികരില്‍ 40,000 പേര്‍ മാത്രമാണ് അദ്ദേഹത്തിന്റെ കൂടെ ഫ്രാന്‍സിലേക്ക് തിരിച്ചുവന്നത്. അടുത്ത വര്‍ഷം (1813) വീണ്ടും ശക്തിസംഭരിച്ച് 5 ലക്ഷം സൈനികരുമായി നെപ്പോളിയന്‍ റഷ്യയെ ആക്രമിച്ചു. ഇത്തവണയും നെപ്പോളിയന്റെ സൈന്യത്തെ അതേ ടൈഫസ് പനി ബാധിക്കുകയും 2 ലക്ഷം ആളുകള്‍ വീണ്ടും മരിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ നിശ്ചയദാര്‍ഢ്യത്തോടെ നിലകൊണ്ട നെപ്പോളിയനും സൈന്യവും റഷ്യയെ തോല്‍പ്പിക്കുക തന്നെ ചെയ്തു എന്നതാണ് ചരിത്രം.
(8) ലണ്ടനില്‍ പടര്‍ന്ന പ്ലേഗ് (1665-1666)
ഇത് നാം മുമ്പ് സൂചിപ്പിച്ച യൂറോപ്യന്‍ പ്ലേഗിന്റെ തുടര്‍ച്ചയാണെന്ന് പറയപ്പെടുന്നു. എലികള്‍ പടര്‍ത്തുന്ന എലിച്ചെള്ളുകളാണ് ഇതിന്റെ Yersinia pestis എന്ന ബാക്റ്റീരിയയെ കൊണ്ട് നടക്കുന്നത്. ഏകദേശം ഒരു ലക്ഷം ജനങ്ങള്‍ (അന്നത്തെ ലണ്ടന്‍ ജനതയുടെ 15 ശതമാനം) പ്ലേഗ് ബാധിച്ച് മരണപ്പെട്ടു.
(9) ഫ്രാന്‍സിലെ മഹാമാരി (1720-1723)
1720ല്‍ ഫ്രാന്‍സിലെ മാര്‍സ്സിയെല്‍ തുറമുഖത്ത് കച്ചവടച്ചരക്കുമായി വന്ന ഒരു കപ്പലില്‍ നിന്നുള്ള എലികള്‍ വഴി മാര്‍സ്സിയെലില്‍ പ്ലേഗ് ആരംഭിച്ചു. ഇത് പിന്നീട് അടുത്തുള്ള മറ്റനേകം ഭാഗങ്ങളിലെ ആളുകള്‍ക്ക് കൂടി പടരുകയും 3 വര്‍ഷം കൊണ്ട് ഏകദേശം 1 ലക്ഷം ആളുകള്‍ മരണപ്പെടുകയും ചെയ്തു.
(10) റഷ്യയിലെ പ്ലേഗ് (1770-1772)
റഷ്യയിലെ മോസ്‌കോവില്‍ പ്ലേഗ് ബാധിച്ച് നിരീക്ഷണത്തിലിരുന്നിരുന്ന ചിലരില്‍ നിന്നാണ് ഈ പ്ലേഗ് പടര്‍ന്നത് എന്നാണു നിഗമനം. ഇതില്‍ രണ്ടു വര്‍ഷംകൊണ്ട് ഏകദേശം 1 ലക്ഷം ആളുകള്‍ മരിച്ചു.
(11) ഇന്ത്യയില്‍ ആരംഭിച്ച കോളറ (1817)
ബംഗാളില്‍ ആരംഭിച്ചു. പിന്നീട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു. അന്ന് 10,000 ബ്രിട്ടീഷ് സൈനികര്‍ ഈ കോളറ ബാധിച്ച് മരിച്ചു. 1817നും 1860നും ഇടയ്ക്ക് ഇന്ത്യയില്‍ മാത്രം 15 മില്യണ്‍ ആളുകള്‍ മരിച്ചു. അഞ്ചുവര്‍ഷത്തിനു ശേഷം ഈ കോളറ വീണ്ടും ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ടു. 1917 വരെ നീണ്ടു നിന്ന ഇതില്‍ 23 മില്യണ്‍ ആളുകള്‍ മരിച്ചു.
ഇത് ഇന്ത്യയില്‍ മാത്രം ഒതുങ്ങി നിന്നില്ല. മാലപ്പടക്കത്തിനു തീകൊളുത്തിയതുപോലെ ഈ കോളറ പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ചു. ഇന്തോനേഷ്യയില്‍ ജാവ ദ്വീപില്‍ ഒരു ലക്ഷം ആളുകള്‍ മരിച്ചു. ഇന്ത്യയില്‍ ബാധിച്ച അതേസമയം റഷ്യയിലുമുണ്ടായി. 1846നും 1860 നുമിടക്ക് അവിടെ 10 ലക്ഷം ആളുകള്‍ മരണപ്പെട്ടു. ഹംഗറിയില്‍ ഒരു ലക്ഷം പേരും ബ്രിട്ടണില്‍ (1832) 55,000 പേരും അമേരിക്കയില്‍ (1832) ഒന്നരലക്ഷം പേരും മെക്‌സിക്കോയില്‍ രണ്ടുലക്ഷം പേരും സ്‌പൈനില്‍ രണ്ടര ലക്ഷം പേരും കോളറ ബാധിച്ച് മരണപ്പെട്ടു. ഇക്കാലത്ത് മക്കയില്‍ ഹജ്ജ് തീര്‍ഥാടകരായ 30,000 പേരെ കോളറ ബാധിച്ചു.
(12) റഷ്യയിലെ ഫ്‌ളൂ (1889-1890)
റഷ്യയിലെ സെന്റ് പീറ്റേര്‍സ്സ്ബര്‍ഗിലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. (ഉസ്ബക്കിസ്ഥാനിലെ ബുഖാറയില്‍ നിന്നാണെന്നും ഒരു അഭിപ്രായമുണ്ട്). പിന്നീട് കേവലം ചില മാസങ്ങള്‍കൊണ്ട് അത് റഷ്യയും കടന്ന് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും 10 ലക്ഷം ആളുകളുടെ മരണത്തിനു കാരണമാകുകയും ചെയ്തു.
(13) സ്പാനിഷ് ഫ്‌ളൂ (1918-1920)
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഒരു കൊടുങ്കാറ്റുകണക്കെ ഇത് പടര്‍ന്നുപിടിച്ചു. യു.എസ്. സൈനികരിലാണ് ആദ്യം ഈ രോഗം കൂട്ടമായി കാണപ്പെട്ടത്. ഏകദേശം 5 കോടി ആളുകള്‍ മരിച്ചു, അതില്‍ 1.7 കോടിയോളം മരണം ഇന്ത്യയിലായിരുന്നു. പേരു പോലെ (Spanish flu) ഇത് സ്‌പെയിനില്‍ നിന്നല്ല ആരംഭിച്ചത്. സ്‌പൈനിലെ ഒരു പത്രമാധ്യമായിരുന്നു ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് എന്നതുകൊണ്ട് ഇത് പിന്നീട് സ്പാനിഷ് ഫ്‌ളൂ എന്ന പേരില്‍ അറിയപ്പെട്ടു എന്ന് മാത്രം.
(14) ഏഷ്യന്‍ ഫ്‌ളൂ (1957-1958)
ചൈനയില്‍ നിന്നാണ് ഇതിന്റെ ആരംഭം. ചില പക്ഷികളില്‍ നിന്നുള്ള വൈറസാണ് കാരണം എന്നാണു നിഗമനം. ഇത് ചൈനയില്‍ പടരുകയും പിന്നീട് സിംഗപ്പൂരിലേക്കും അമേരിക്കയിലേക്കും കൂടി പകരുകയും ചെയ്തു. ആകെ 20 ലക്ഷം പേര്‍ മരണപ്പെട്ടു.
(15) ഹോങ്കോങ്ങ് ഫ്‌ളൂ (1968)
ഹോങ്കോങ്ങില്‍ നിന്നാരംഭിച്ച് അമേരിക്കയിലെക്കും പിന്നീട് ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലേക്കും പടര്‍ന്നു. ആകെ മരണപ്പെട്ടവര്‍ 10 ലക്ഷം പേര്‍.
(16) വസൂരി എന്ന മഹാമാരി
വസൂരിക്ക് എത്ര കാലപ്പഴക്കം ഉണ്ടെന്ന് നിശ്ചയിക്കുക വയ്യ. അത് യേശുക്രിസ്തുവിനും മുന്നെ തന്നെ ഉണ്ടായിരുന്നു എന്ന് മാത്രമാണ് ചരിത്രം പറയുന്നത്. 18ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഓരോ വര്‍ഷവും 4 ലക്ഷം പേര്‍ വീതം വസൂരികൊണ്ട് മരിച്ചിരുന്നു എന്നാണു പറയപ്പെടുന്നത്. 20ാം നൂറ്റാണ്ടില്‍ വസൂരി അതിന്റെ പാരമ്യതയിലെത്തിയ സമയമായിരുന്നു. 20ാം നൂറ്റാണ്ടില്‍ മാത്രം ലോകത്താകമാനം 300 മുതല്‍ 500 മില്യന്‍ ആളുകള്‍ വസൂരിമൂലം മരിച്ചു. 1979ല്‍ ലോകാരോഗ്യ സംഘടന വസൂരിയെ പൂര്‍ണമായും ലോകത്തുനിന്ന് തുടച്ചുനീക്കിയതായി പ്രഖ്യാപിച്ചു. പഴമക്കാര്‍ക്ക് വസൂരിയുടെ ചരിത്രം ഇന്നും ഒരു ഭീതിയോടെ മാത്രമെ ഓര്‍ക്കാന്‍ കഴിയൂ.
(17) എയിഡ്‌സ് മഹാമാരി (1981)
ആഫ്രിക്കയില്‍നിന്ന് ഉല്‍ഭവം. എച്ച്.ഐ.വിയാണ് ഇതിനു കാരണക്കാരനായ വൈറസ്. ചിമ്പാന്‍സിയില്‍നിന്നാണ് ഈ വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നതെന്ന് പറയപ്പെടുന്നു. മുഖ്യമായും ലൈംഗിക ബന്ധത്തിലൂടെയാണ് ഇത് പകരുക. ഇന്ന് ലോകത്ത് ഏകദേശം 4 കോടി എയിഡ്‌സ് രോഗികള്‍ ഉണ്ട്. ഇവരില്‍ 60 ശതമാനവും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുള്ളവരാണ്. ഈ രോഗത്തിന് ഇന്നും പൂര്‍ണമായി മാറ്റാനുള്ള മരുന്നില്ല. എന്നാല്‍ മരണനിരക്ക് കുറവാണ്. ഒരു എയിഡ്‌സ് രോഗിക്ക് ചികില്‍സ കൊണ്ട് ഏകദേശം മറ്റുമനുഷ്യരുടെ അത്ര തന്നെ കാലം ജീവിക്കാം.
(18) പന്നിപ്പനി (2009-2010)
എച്ച് 1 എന്‍ 1 വൈറസ് ആണ് ഇത് പടര്‍ത്തുന്നത്. മെക്‌സിക്കോയില്‍ നിന്നാണു തുടക്കം. പിന്നീട് മറ്റുരാജ്യങ്ങളിലേക്കും വ്യാപിച്ചു. 5 ലക്ഷത്തോളം ആളുകള്‍ മരണപ്പെട്ടു.
(19) എബോള വൈറസ് (2014-2016)
ഇത് കാര്യമായി ബാധിച്ചത് ആഫ്രിക്കന്‍ രാജ്യങ്ങളെയായിരുന്നു. ഗിനിയയില്‍ നിന്ന് തുടങ്ങി പിന്നീട് ലൈബീരിയ, നൈജീരിയ, മാലി, സെനെഗല്‍ എന്നിവിടങ്ങളില്‍ പടര്‍ന്ന ശേഷം അത് അമേരിക്കയുടെയും യൂറോപ്പിന്റെയും കൂടി ചില ഭാഗങ്ങളെ ബാധിച്ചു. 28,000 പേരെ ബാധിച്ചു. അതില്‍ 11,000 പേര്‍ മരിച്ചു. ഈ അസുഖത്തിന് ഇന്നും മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
(20) സിക്ക(Zika) വൈറസ് (2015)
കൊതുകിലൂടെ പരക്കുന്നു. കാര്യമായി ഗര്‍ഭസ്ഥശിശുക്കളെയുമാണു ബാധിക്കുക. ഇത് ബാധിച്ച കുഞ്ഞ് വൈകല്യങ്ങളോടെയാണു ജനിക്കുക. ഈ രോഗം പ്രധാനമായും പരന്നത് ദക്ഷിണ അമേരിക്കന്‍ പ്രദേശങ്ങളിലാണ്.
(21) Corona Virus Disease 2019 (COVID 19)
ചൈനയിലെ ഹൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് തുടക്കം. ഉല്‍ഭവകാരണം വ്യക്തമല്ല. മൃഗങ്ങളില്‍നിന്നാണെന്നും വവ്വാലില്‍ നിന്നാണെന്നും പറയപ്പെടുന്നു. സംഭവം ഇങ്ങനെ: വുഹാന്‍ പ്രവിശ്യയില്‍ കുറെപേര്‍ ശ്വാസകോശവുമായി ബന്ധപ്പെട്ട ഒരേപോലുള്ള രോഗലക്ഷണങ്ങളുമായി പ്രത്യക്ഷപ്പെടുന്നു. പെട്ടെന്ന് ധാരാളം പേര്‍ക്ക് പടര്‍ന്ന് പിടിക്കുന്നു. ഇതേ കുറിച്ച് നടന്ന പഠനത്തില്‍ ഈ രോഗത്തിനു കാരണം കൊറോണ വിഭാഗത്തില്‍ പെട്ട ഒരു വൈറസ് ആണെന്ന് കണ്ടെത്തുന്നു. ഇതിനകം രോഗം ചൈനയുടെ വലിയൊരു വിഭാഗം ജനതയെ ആക്രമിച്ചുകഴിഞ്ഞിരുന്നു. ചൈനയില്‍ നിന്ന് പുറംരാജ്യങ്ങളിലേക്ക് യാത്രചെയ്ത നിരവധിപേര്‍ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ രോഗം എത്തുകയും എത്തിയ രാജ്യങ്ങളിലെല്ലാം അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുകയും ചെയ്യുന്നു.
ലോകത്തെ 195 രാജ്യങ്ങളില്‍ വിരലിലെണ്ണാവുന്ന കുറച്ച് രാജ്യങ്ങളിലൊഴികെ മറ്റിടത്തെല്ലാം ഇന്ന് കോവിഡ്19 പടര്‍ന്ന് കഴിഞ്ഞു. ലോകത്ത് മുമ്പുണ്ടായ ഒരു മഹാമാരിയും ഇത്രയധികം രാജ്യങ്ങളില്‍; അതും ഇത്ര ചുരുങ്ങിയ സമയംകൊണ്ട് പടര്‍ന്നിട്ടില്ല. ഇതിനുള്ള കാരണങ്ങള്‍ പലതാകാം. മുന്‍ കാലങ്ങളില്‍ ഇല്ലാത്തവിധം വൈമാനികയാത്രകള്‍ വര്‍ധിച്ചത് മൂലം രാജ്യങ്ങള്‍ തമ്മിലുള്ള അകലവും യാത്രാസമയവും കുറഞ്ഞത് ഒരു കാരണമാകാം. ഏതായാലും കോവിഡ്മൂലമുള്ള മരണ സാധ്യത വളരെ കുറവാണ് (5 ശതമാനത്തില്‍ താഴെ) എന്നത് മാത്രമാണ് ഇതില്‍ ആശ്വാസകരമായ ഒരു കാര്യം.
2020 മാര്‍ച്ച് 11ന് WHO ഇതൊരു മഹാമാരിയായി (Pandemic) പ്രഖ്യാപിച്ചു. ഈ ലേഖനം എഴുതുന്ന സമയത്ത് ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം ഏകദേശം 7 ലക്ഷം ആയിട്ടുണ്ട്. മരണസംഖ്യ 30,000 കവിഞ്ഞിരിക്കുന്നു. ഏറ്റവും മരണം സംഭവിച്ചിരിക്കുന്നത് ചൈന, ഇറ്റലി, ഇറാന്‍, സ്‌പെയിന്‍ എന്നിവിടങ്ങളിലാണ്. എന്നാല്‍ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ മരണനിരക്ക് ചൈനയെയും ഇറ്റലിയെയും മറികടന്നേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇന്ത്യയിലും ഈ രോഗം എത്തിക്കഴിഞ്ഞു. മാര്‍ച്ച് 30ലെ കണക്കു പ്രകാരം ഇന്ത്യയില്‍ 1000 പേര്‍ക്ക് ബാധിച്ചിട്ടുണ്ട്. 25 മരണം സംഭവിച്ചു. പനി, ചുമ, ശ്വാസതടസ്സം, വയറിളക്കം എന്നിവയാണു പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. മരുന്നുകളോ വാക്‌സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
ക്വാറന്റൈനും(Quarantine) പ്രവാചകചര്യയും
ഏതൊരു പകര്‍ച്ചവ്യാധിയും വന്നതിനു ശേഷം ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് വരാതെ നോക്കുന്നതാണ് എന്ന കാര്യം അറിയപ്പെട്ടതാണല്ലോ. പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്ന ഒരു മാര്‍ഗമാണു രോഗം ബാധിച്ച വ്യക്തിയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തല്‍. ഇതിനു 'ക്വാറന്റൈന്‍' എന്ന് പറയുന്നു. ഈ വാക്കിനു പിന്നിലും ഒരു ചരിത്രമുണ്ട്. ഈ ഇംഗ്ലിഷ് വാക്ക് ഉണ്ടായത് 14ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പ്ലേഗ് നാശംവിതച്ച സമയത്താണ്. ഇറ്റലിയിലെ വ്യാപാര തുറമുഖമായ വെനീസില്‍ മറ്റു രാജ്യങ്ങളില്‍നിന്ന് വന്ന ചരക്ക് കപ്പലുകള്‍ പ്ലേഗ് വാഹകരാണെന്നസംശയത്താല്‍ 40 ദിവസം വെനീസ് തീരത്ത് നിര്‍ത്തിയ ശേഷം യാത്രക്കാരില്‍ ആര്‍ക്കും രോഗമില്ലെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ കരയിലേക്കടുപ്പിക്കാന്‍ പാടുള്ളൂ എന്ന് നിയമം വന്നു. 40 എന്നതിന്റെ വെനീഷ്യന്‍ വാക്കാണ് 'Quaranteno' എന്നത്. അതില്‍ നിന്നാണുQuarantine എന്ന ഇംഗ്‌ളിഷ് വാക്കുണ്ടായത്. എന്നാല്‍ ഇന്ന് എത്ര ദിവസം രോഗി വിട്ടുനില്‍ക്കുന്നതിനും ഈ വാക്ക് ഉപയോഗിക്കുന്നു.
പകര്‍ച്ച വ്യാധിയുള്ള രോഗിയെ വേറിട്ട് നിര്‍ത്തുന്ന രീതിക്ക് എത്ര പഴക്കമുണ്ടെന്നത് വ്യക്തമല്ല. മുഹമ്മദ് നബി ﷺ അനുചരന്മാരെ ഇക്കാര്യം പഠിപ്പിച്ചത് കാണാം. അവിടുന്നു പറഞ്ഞു:
''ഒരു നാട്ടില്‍ പകര്‍ച്ചവ്യാധി ഉണ്ടെന്നറിഞ്ഞാല്‍ നിങ്ങളങ്ങോട്ട് പ്രവേശിക്കരുത്. ഇനി നിങ്ങളുള്ള നാട്ടില്‍ പകര്‍ച്ച വ്യാധി ഉണ്ടായാല്‍ ആ നാടുവിട്ട് നിങ്ങള്‍ പുറത്ത് പോവുകയുമരുത്'' (ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത്).
ഇത് മാത്രമല്ല, തുമ്മുമ്പോള്‍ മുഖം പൊത്തിപ്പിടിക്കണമെന്നും ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകള്‍ കഴുകണം, വ്യക്തിശുചിത്വം പാലിക്കണം തുടങ്ങിയ പ്രവാചനാധ്യാപനങ്ങള്‍ എല്ലാകാലത്തും ഈ കൊറോണ വ്യാപനകാലത്ത് പ്രത്യേകിച്ചും പ്രസക്തമാണ്.
മഹാമാരിയുടെ ചരിത്രങ്ങളില്‍ നമുക്കുള്ള പാഠം
ലോകത്തുള്ള സകലതിന്റെയും നിയന്ത്രണം അല്ലാഹുവിങ്കലാണ്. ലോകത്ത് എന്ത് സംഭവിക്കുന്നുവോ അതെല്ലാം അല്ലാഹുവിന്റെ അറിവോടെയും അതെല്ലാം അവന്റെ വിധിയോടെയും (ക്വളാഅ്) കണക്കോടെയും (ക്വദ്ര്‍) ആണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അധികാരവും നിന്ദ്യതയും നല്‍കുന്നു. രോഗങ്ങളും ശിക്ഷകളും പരീക്ഷണങ്ങളും നല്‍കുന്നത് അവനാണ്. അവന്റെ കയ്യിലാണു സകലതിന്റെയും താക്കോല്‍.
പകര്‍ച്ചവ്യാധികള്‍ അല്ലാഹുവിന്റെ ശിക്ഷയോ പരീക്ഷണമോ എന്ന് നമുക്ക് തീര്‍ത്തു പറയുക വയ്യ. അവനുദ്ദേശിക്കുന്നവര്‍ക്ക് അത് ഒരു ശിക്ഷയെന്നോണം കൊടുക്കാം, അല്ലാത്തവര്‍ക്ക് ഒരു പരീക്ഷണമെന്നോണം നല്‍കാം. മുകളിലെ ചരിത്രം നാം വായിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്; വലിയ വലിയ സാമ്രാജ്യങ്ങളില്‍ പലതും നശിച്ചുപോയത് പകര്‍ച്ചവ്യാധികള്‍ കൊണ്ടായിരുന്നു. തോന്നിവാസങ്ങളിലും അധാര്‍മികതകളിലും അഭിരമിച്ച, അഹങ്കരിച്ച എത്രയോ ജനതകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
''ഇവര്‍ക്ക് മുമ്പ് നാം പല തലമുറകളെയും നശിപ്പിച്ചിട്ടുണ്ട് എന്ന വസ്തുത ഇവര്‍ക്ക് നേര്‍വഴി കാണിച്ചില്ലേ? അവരുടെ വാസസ്ഥലങ്ങളിലൂടെ ഇവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നല്ലോ! തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. എന്നിട്ടും ഇവര്‍ കേട്ട് മനസ്സിലാക്കുന്നില്ലേ?''(കുര്‍ആന്‍ 32:26).
ഇന്ന് കൊറോണ വ്യാപനത്തിന്റെ കണക്ക് നോക്കുകയാണെങ്കില്‍ അത് ഏറ്റവും ബാധിച്ചിട്ടുള്ളത് ലോകത്തെ വന്‍സാമ്പത്തിക, സാങ്കേതിക ശക്തികളായ രാജ്യങ്ങളെയാണെന്ന് കാണാം. കോറോണ ജനങ്ങളുടെ ശരീരത്തെ മാത്രമല്ല ബാധിക്കുക, ലോകത്തിന്റെ ഒന്നടങ്കം സാമ്പത്തിക മേഖലയെ തന്നെ ഈ കുഞ്ഞന്‍ വൈറസ് സ്തംഭിപ്പിക്കും. കൊറോണ കാലത്തിനു ശേഷം ഒരു ആഗോള സാമ്പത്തിക പ്രതിസന്ധി കാലം കൂടി വരാനുണ്ടെന്ന് ചുരുക്കം.
നോക്കൂ; ഏറ്റവും ചെറിയ ഒരു സൃഷ്ടിയായ ഒരു വൈറസ് ഈ ഭൂമിയിലെ മനുഷ്യരുടെ മുഴുവന്‍ സംവിധാനങ്ങളെയും ഒന്നടങ്കം പിടിച്ചുകെട്ടിയതെങ്ങനെയ്ന്ന്! മനുഷ്യന്റെ ദുര്‍ബലതും നിസ്സഹായതയുമാണിത് കാണിക്കുന്നത്, ഒപ്പം മനുഷ്യരുടെ അഹങ്കാരത്തിനു നല്ലൊരു പ്രഹരവും.
ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരി ശത്രുരാജ്യങ്ങള്‍ക്കെതിരെ ചൈന വികസിപ്പിച്ചതാണെന്നു അമേരിക്കയും അതല്ല ചൈനയെയും ഇറാനെയും നശിപ്പിക്കാന്‍ അമേരിക്ക പടര്‍ത്തിയതാണെന്ന് ചൈനയും പരസ്പരം പഴിചാരുന്നത് നാം കാണുന്നു. ഇതിന്റെ സത്യാവസ്ഥ എന്തെന്ന് നമുക്കറിയില്ല. എന്നാല്‍ ആരു തന്നെ ചെയ്തതാണെങ്കിലും പരസ്പരം പഴിചാരുന്ന രാജ്യങ്ങളടക്കം ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഒരുമിച്ചാണു ഇന്നീ പ്രത്യാഘാതം അനുഭവിക്കുന്നത്. ഇതിലൊക്കെ ഉറ്റാലോചിക്കുന്നവര്‍ക്ക് ഗുണപാഠങ്ങള്‍ എമ്പാടുമുണ്ട്. അല്ലാഹു പറഞ്ഞത് പോലെ:
''മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള (അല്ലാഹുവിലേക്ക്) മടങ്ങിയേക്കാം'' (കുര്‍ആന്‍ 30:41). (അവലംബം)