ജലം അമൂല്യമാണ്: പങ്കുവയ്ക്കുക, പാഴാക്കരുത്

മുജീബ് ഒട്ടുമ്മല്‍

2020 ഏപ്രില്‍ 25 1441 റമദാന്‍ 02
ജീവന്റെ ഉല്‍ഭവം ജലത്തില്‍ നിന്നാണ്. എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പിന്റെ ആധാരവും ജലം തന്നെ. വായുവും വെള്ളവും വെളിച്ചവുമെല്ലാം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാത്തവര്‍ക്ക് ശക്തമായ ശിക്ഷയും നന്ദികാണിക്കുന്നവര്‍ക്ക് വര്‍ധനവും സ്രഷ്ടാവ് നല്‍കുമെന്നതിന് ചരിത്രം സാക്ഷിയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ  വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. കോവിഡെന്ന മഹാമാരിയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന സമൂഹത്തിലേക്ക് വരള്‍ച്ച കൂടി കടന്നുവരുമ്പോള്‍ നാം തിരിച്ചറിയേണ്ടത് എന്താണ്?

വിക്ടോറിയ വെള്ളച്ചാട്ടം ആഫ്രിക്കയിലെ ഏറ്റവും വലിയ ആകര്‍ഷകമായ പ്രകൃതി സൗന്ദര്യമാണ്. സാംബിയയുടെയും സിംബാബ്‌വേയുടെയും അതിര്‍ത്തിയിലുള്ള ഈ വെള്ളച്ചാട്ടം നയാഗ്രയെക്കാള്‍ ഇരട്ടി ഉയരമുള്ള അത്ഭുതമാണ്. എല്ലാ വര്‍ഷവും സിംബാബ്‌വേയിലേക്കും സാംബിയയിലേക്കും ഇത് കാരണമായി ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്താറുള്ളത്. എന്നാല്‍ നൂറ്റാണ്ടിലെത്തന്നെ അതിരൂക്ഷമായ വരള്‍ച്ച ബാധിച്ചപ്പോള്‍ വിക്ടോറിയ ഏതാണ്ട് ഇല്ലാതായിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കേപ്ടൗണ്‍ നഗരം 2017ന്റെ മധ്യത്തോടെ ജലക്ഷാമം നേരിടാന്‍ തുടങ്ങിയിരുന്നു. ജല സ്രോതസ്സുകള്‍ വറ്റിവരളുകയും സസ്യങ്ങള്‍ കരിഞ്ഞുണങ്ങുകയും ജീവജാലങ്ങള്‍ ചത്തൊടുങ്ങുകയും മനുഷ്യര്‍ പലായനത്തിന് നിര്‍ബന്ധിതമാവുകയും ചെയ്ത ഭീതിജനകമായ സാഹചര്യമായിരിക്കുന്നു.

ഒരു നഗരം മുഴുവനും വരിനില്‍ക്കുകയാണ്. ഓരോ വരിയും അവസാനിക്കുന്നത് പൈപ്പിന്‍ ചുവട്ടിലോ വെള്ളം നിറച്ച വീപ്പയുടെ മുന്നിലോ ആണ്. ഒരു ദിവസത്തിന്റ ജലസാന്നിധ്യമാവശ്യമായ എല്ലാ കാര്യത്തിനും കുടി അനുവദിച്ചിരിക്കുന്നത് വെറും 49 ലിറ്റര്‍ വെള്ളമാണത്രെ! ഓരോ ദിവസവും വീട്ടിലെത്തുന്ന ഈ പരിമിതമായ വെള്ളം കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും ഉപയോഗിച്ചതിന് ശേഷം മിച്ചംവരുന്നത് മാത്രം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. അതിനാല്‍ ഷവറിന് താഴെ കുളിക്കാന്‍ ഒരാളെടുക്കുന്ന സമയം വെറും ഒന്നര മിനുട്ടാണ്. 'ജലാടിയന്തരാവസ്ഥ' എന്ന് വിശേഷിപ്പിക്കാവുന്ന 'ഡേ സിറോ' പ്രഖ്യാപിക്കുമെന്ന ഭീതിയില്‍ കഴിയുന്ന ജനത ജലക്ഷാമത്തിന്റെ കെടുതിയനുഭവിക്കുന്നവരു ടെ നേര്‍ചിത്രമാണ്.

'വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രെ!' എന്ന ആപ്തവാക്യത്തെ അന്വര്‍ഥമാക്കുമാറ് 97 ശതമാനവും വെള്ളത്താല്‍ വലയം ചെയ്യപ്പെട്ട ഭൂമിയില്‍ ദാഹജലത്തിനായുള്ള ഓട്ടത്തിനിടയില്‍ വാടിത്തളര്‍ന്ന ജീവിതങ്ങളും ധാരാളമുണ്ട്'

കേരളത്തിലെ മഹാപ്രളയങ്ങളില്‍ കെടുതിയനുഭവിച്ചതിന്റെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. എന്നിട്ടും ശുദ്ധജലത്തിന് വേണ്ടി കേഴുന്ന പ്രദേശങ്ങള്‍ കേരളത്തില്‍പോലും അധികരിച്ച് വരുന്നു. പ്രകൃതിയിലെ വിഭവങ്ങളെ ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് പകരം അത്യാര്‍ത്തിയില്‍ ശുദ്ധജല സ്രോതസ്സുകള്‍ പോലും മലിനമാക്കപ്പെടുന്നവിധം അശ്രദ്ധയിലാണ്ട ജീവിതമാണിന്ന് മനുഷ്യന്‍ നയിക്കുന്നത്. പരസ്പരം പങ്കുവയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ജലം ഇന്ന് അമിതോപയോഗത്തിലും ഉപഭോഗത്വരയാലുള്ള മാലിന്യങ്ങളിലും വറ്റിവരണ്ട് ഉണങ്ങുകയാണ്. ജലത്തിന്റെ അമൂല്യതയും പ്രാധാന്യവും തിരിച്ചറിയുമാറ് ശുദ്ധജലം ക്രമേണ കുറഞ്ഞ് വരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

വെള്ളമെന്ന മഹത്തായ അനുഗ്രഹം

വെള്ളത്തില്‍ നിന്നാണ് സര്‍വജീവികളുടെയും ഉല്‍ഭവം: ''ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?'' (ക്വുര്‍ആന്‍ 21:30).

''അവന്‍ തന്നെയാണ് വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു.'' (ഫുര്‍ഖാന്‍: 54)

മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉപജീവനത്തിനാവശ്യമായ സസ്യലതാതികളും പഴവര്‍ഗങ്ങളും ഫലങ്ങളുമെല്ലാം വെള്ളം മുഖേനയാണ് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്.

''അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത് കൊണ്ടുവരികയും അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്റെ കൂമ്പോളയില്‍ നിന്ന് തൂങ്ങിനില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു). അവയുടെ കായ്കള്‍ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 6:99).

''നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു...'' (ക്വുര്‍ആന്‍ 35:27).

''നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഗുണപാഠമുണ്ട്'' (ക്വുര്‍ആന്‍ 39:21).

ശബ്ദത്തെക്കാള്‍ ഏഴ് ഇരട്ടി വേഗതയുള്ള സൂപ്പര്‍ സോണിക് വിമാനങ്ങളും കോണ്‍കേഡുകളും ഉപയോഗിച്ച് സഞ്ചരിക്കുന്ന ആധുനിക മനുഷ്യന്റ പുരോഗതി വിവരണാതീതമാണ്. അന്യഗ്രഹങ്ങളിലേക്ക് വിനോദസഞ്ചാരം നടത്താനും ശൂന്യാകാശത്ത് സ്റ്റാര്‍ ഹോട്ടലുകള്‍ പണിയാനുമൊക്കെ അവന്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. എന്നിട്ടും മണ്ണിനും ജീവനുമാവശ്യമായ ജലത്തിന്റെ ക്ഷാമത്തെ അതിജയിക്കാനാ കുന്നില്ല. ദാഹജലത്തിന്നായി കേഴുന്ന ജീവജാലങ്ങള്‍ക്ക് ആശ നല്‍കി ആകാശത്ത് ഉരുണ്ടുകൂടുന്ന കാര്‍മേ ഘപാളികള്‍ ഒരു തുള്ളി ജലം പോലും പൊഴിക്കാതെ എങ്ങോ പോയ് മറയുന്നു. അല്ലാഹു വിചാരിച്ചെങ്കിലല്ലാതെ ഒരു തുള്ളിയും നമുക്ക് ലഭിക്കാന്‍ പോകുന്നില്ല. ആര്‍ത്തലച്ച് പെയ്തിറങ്ങുന്ന പേമാരിയെ തടുക്കാനും മനുഷ്യന്‍ അശക്തനാണ്.

അല്ലാഹു പറയുന്നു: ''അവന്‍ (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി''(ക്വുര്‍ആന്‍ 13:17).

''അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ (കാലികളെ) മേയ്ക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്'' (ക്വുര്‍ആന്‍ 16:10).

''അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, അത് മൂലം ഭൂമിയെ അത് നിര്‍ജീവമായികിടന്നതിന് ശേഷം അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്''(ക്വുര്‍ആന്‍16:65).

ജലസമൃദ്ധി നിലനിര്‍ത്താന്‍ ചില പാഠങ്ങള്‍

ജലക്ഷാമം അതിരൂക്ഷമാകുന്നതിന് പല കാരണങ്ങള്‍ പറയാറുണ്ട്. മനുഷ്യന്റ വികസന പദ്ധതികളിലെ പ്രകൃതിവിരുദ്ധതയും മണ്ണിനോട് ചേരാത്ത ചില ഉല്‍പന്നങ്ങളുടെ ആധിക്യവും വനനശീകരണവും നഗരവല്‍കരണവുമെല്ലാം അതില്‍ പെടുന്നു.

ജനസാന്ദ്രത കൂടുന്നതിനാല്‍ വെള്ളത്തിന്റ ഉപയോഗം അധികരിക്കുന്നുവെന്നും അതിനാല്‍ ജലക്ഷാമം രൂക്ഷമാകുന്നതിന്റ ഒരു കാരണം ജനപ്പെരുപ്പമാണെന്നും വിലയിരുത്തുന്ന ചില ബുദ്ധിശൂന്യരുണ്ട്. ജനപ്പെരുപ്പം കൂടിയ രാഷ്ട്രങ്ങളിലെ ജലസമൃദ്ധിയും ജനസാന്ദ്രത കുറഞ്ഞ രാജ്യങ്ങളിലെ വരള്‍ച്ചയും ഇത്തരം കണ്ടെത്തലുകളില്‍ അബദ്ധമുണ്ടെന്ന് മനസ്സിലാക്കാന്‍ പര്യാപ്തമാണ്.  

ജലസമൃദ്ധിക്കായി ദൈവിക മതമായ ഇസ്‌ലാം ചില പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണവ. അതിലൊന്ന് യഥാര്‍ഥ വിശ്വാസവും സൂക്ഷ്മതാ ബോധവുമാണ്.

''ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ നിഷേധിച്ചുതള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി'' (ക്വുര്‍ആന്‍ 7:96).

ഇമാം സഅദി(റഹ്) ഈ വചനത്തെ ഇങ്ങനെ വിശദീകരിക്കുന്നു: ''ആ നാടുകളിലുള്ളവര്‍ അവരുടെ വിശ്വാസത്തില്‍ സത്യസന്ധത പുലര്‍ത്തുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും രഹസ്യമായും പരസ്യ മായും സൂക്ഷ്മത പുലര്‍ത്തുകയും നിഷിദ്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ അല്ലാഹു അവരുടെ മേല്‍ ആകാശത്തുനിന്ന് അനുഗ്രഹം വര്‍ഷിക്കുമായിരുന്നു. അവരുടെമേല്‍ മഴ പെയ്യിപ്പിക്കുകയും സസ്യലതാതികള്‍ മുളപ്പിക്കുകയും ഐശ്വര്യപൂര്‍ണമായ ജീവിതം പ്രധാനം ചെയ്യുകയും ചെയ്യുമായിരുന്നു.''

രണ്ടാമത്തേത് മതത്തില്‍ നേരെചൊവ്വെ നിലനില്‍ക്കലാണ്. അല്ലാഹു പറയുന്നു: ''ആ മാര്‍ഗത്തില്‍ (ഇസ്‌ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്'' (ക്വുര്‍ആന്‍ 72:16).

''തൗറാത്തും ഇന്‍ജീലും അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത് നിന്നും കാലുകള്‍ക്ക് ചുവട്ടില്‍ നിന്നും അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ'' (ക്വുര്‍ആന്‍ 5:66).

സ്രഷ്ടാവിനോട് നന്ദിയുള്ളവരാവുക

ജലം സമൃദ്ധമായുണ്ടെങ്കിലും 97 ശതമാനത്തിലേറെയും ഉപ്പുരസം കലര്‍ന്നതാണ്. ശുചീകരികരണത്തിനും പാനം ചെയ്യാനുമുള്ള ശുദ്ധജലം വളരെ പരിമിതവുമാണ്. ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണല്ലോ ശുദ്ധജലം. അത് ആവശ്യത്തിന് ലഭ്യമാവുകയെന്നത് വലിയ സൗഭാഗ്യവുമാണ്. വെള്ളമെന്നഅനുഗ്രഹത്തിന് സ്രഷ്ടാവിനോട് നാം നന്ദികാണിച്ചാല്‍ ആ അനുഗ്രഹം അവന്‍ വര്‍ധിപ്പിച്ചു തരുന്നതാണ്. അല്ലാഹു പറയുന്നു:

''നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്(അനുഗ്രഹം) വര്‍ധിപ്പിച്ചു തരുന്നതാണ്...'' (ക്വുര്‍ആന്‍ 14:7).

ഒരിക്കല്‍ മഴ പെയ്തപ്പോള്‍ നബി ﷺ  പറഞ്ഞു: ''ജനങ്ങളില്‍ ഒരു വിഭാഗം നന്ദി ചെയ്യുന്നവരും മറ്റു ചിലര്‍ നന്ദികേട് കാണിക്കുന്നവരുമാണ്. അവരില്‍ ചിലര്‍ മഴയെ കുറിച്ച് ഇത് അല്ലാഹുവിന്റെ കാരുണ്യമാണെന്ന് പറയും. മറ്റു ചിലര്‍ രാശി കാരണമാണ് മഴ പെയ്യുന്നതെന്നും പറയും.'' അപ്പോള്‍ 'അല്ല, നക്ഷത്ര ങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു' എന്ന (സൂറത്തുല്‍ വാക്വിഅയിലെ) ആയത്ത് മുതല്‍ 'സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?' എന്ന ആയത്ത് വരെയുള്ള ഭാഗങ്ങള്‍ അവതരിക്കുകയുണ്ടായി എന്ന് ഇബ്‌നു അബ്ബാസ്(റ) രേഖപ്പെടുത്തുന്നു.

അനുഗ്രഹം ശിക്ഷയായി മാറും

അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിച്ചാല്‍ അല്ലാഹുവിന്റെ ശിക്ഷക്ക് അത് കാരണമാകുമെന്ന് പൂര്‍വകാല സമൂഹങ്ങളുടെ ചരിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാനാകും. വെള്ളം അധികമായി വര്‍ഷിച്ച് കൊണ്ടും മഴ ലഭിക്കാതെയും വെള്ളം വറ്റിച്ച് കളഞ്ഞും ഉപ്പ് രസമുള്ളതാക്കിയും ശിക്ഷ നല്‍കിയിട്ടുണ്ട്.

നൂഹ് നബി(അ)യുടെ ജനതയെ അമിതമായ മഴ വര്‍ഷിപ്പിച്ചുകൊണ്ട് നശിപ്പിച്ച് കളഞ്ഞു. വിശ്വാസികള്‍ രക്ഷപ്പെടുകയും ചെയ്തു. അല്ലാഹു പറയുന്നു: ''അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു. ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു'' (ക്വുര്‍ആന്‍ 54:11,12).

സത്യവിശ്വാസികള്‍ ഭയാനകമായ ശിക്ഷയില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം ഇങ്ങനെ പറഞ്ഞു.

'ഭൂമീ! നിന്റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ, മഴ നിര്‍ത്തൂ എന്ന് കല്‍പന നല്‍കപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ് നിറവേറ്റപ്പെടുകയും ചെയ്തു. അത് (കപ്പല്‍) ജൂദി പര്‍വതത്തിന്‌മേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക് നാശം എന്ന് പറയപ്പെടുകയും ചെയ്തു'' (ക്വുര്‍ആന്‍ 11:44).

സമ്പല്‍ സമൃദ്ധിയില്‍ ജീവിച്ചിരുന്ന യമനിലെ സബഅ് ഗോത്രവും ഒരു ദൃഷ്ടാന്തമാണ്. അവര്‍ വെള്ളം അണകെട്ടി ശേഖരിച്ചിരുന്നു.അവര്‍ അനുഭവിക്കുന്ന സമൃദ്ധിക്ക് സ്രഷ്ടാവിനോട് നന്ദിയുള്ളവരാകാന്‍ കല്‍പിക്കപ്പെട്ടു. എന്നാല്‍ അവര്‍ നിഷേധികളും നന്ദികെട്ടവരും ധിക്കാരികളുമായി മാറി. അതിനാല്‍ അവര്‍ക്ക് സംഭവിച്ചതെന്തെന്ന് അല്ലാഹു വിവരിക്കുന്നു:

''തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായി രുന്നു. അതായത്, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും! എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫല മായി നല്‍കിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ?'' (ക്വുര്‍ആന്‍ 34:15-17).

മഴ തടയപ്പെടാനുള്ള കാരണങ്ങള്‍

അല്ലാഹുവില്‍ പങ്കുചേര്‍ക്കുക, സത്യനിഷേധത്തില്‍ ഉറച്ചുനില്‍ക്കുക, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക, സകാത്ത് നല്‍കാതിരിക്കുക, പാപങ്ങള്‍ അധികരിക്കുക തുടങ്ങിയവ കാരണത്താല്‍ മഴ തടയപ്പെട്ടേക്കാം. ജലം രുചിയുള്ളതും ഉപയോഗപ്രദവുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. അതിന്റെ രുചി മാറ്റത്തിലൂടെയും ഉപ്പുരസം നല്‍കിയും ഉപയോഗശൂന്യമാക്കി മനുഷ്യന്‍ പരീക്ഷിക്കപ്പെടും.

പശ്ചാത്തപിച്ചും പാപമോചനം തേടിയും അല്ലാഹുവിനോട് പ്രാര്‍ഥിച്ചും ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനാകും. വ്യക്തിപരമായ പ്രാര്‍ഥനകളും മഴക്ക് വേണ്ടിയുള്ള നമസ്‌കാരം സംഘടിതമായി നിര്‍വഹിച്ചുമെല്ലാം സ്രഷ്ടാവിനോട് ഇത്തരം ഘട്ടങ്ങളില്‍ അടുക്കുവാന്‍ തയ്യാറാകേണ്ടതുണ്ട്.

ജല ദുര്‍വിനിയോഗം തടയുക

ഇസ്‌ലാം മിതത്വം ഉല്‍ഘോഷിക്കുന്ന മതമാണ്. അമിതത്വം നിരുല്‍സാഹപ്പെടുത്തുകയും അതിന്റെ ഭവിഷത്തുക്കളെ കുറിച്ച് താക്കീത് നല്‍കുകയും ചെയ്യുന്നു:

''ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ് തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടു കയേയില്ല'' (ക്വുര്‍ആന്‍ 7:31).

''ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍'' (ക്വുര്‍ആന്‍ 25:67).

മനുഷ്യന്റെ അതിക്രമം

ജലലഭ്യത നഷ്ടപ്പെടുത്തുന്നവിധം മനുഷ്യന്റെ ഇടപെടല്‍ അതിക്രൂരവും നശീകരണത്തിന് നിദാന വുമാണ്. ജലസ്രോതസ്സുകള്‍ നശിപ്പിക്കുന്ന പ്രവണത വര്‍ധിച്ച് വരികയാണ്. പുഴയും ആറുകളും കുളങ്ങളുമെല്ലാം പരിചരിക്കുന്നതില്‍ സമൂഹം അലസരും അജ്ഞരുമാണ്.

ജലസ്രോതസ്സുകള്‍ മലിനമാക്കിയാണ് പലരും കടുംകൈ ചെയ്യുന്നത്. നിര്‍മാണശാലകളിലെ മാലിന്യങ്ങളും പാഴ്‌വസ്തുക്കളുമെല്ലാം പുഴകളിലും മറ്റും തള്ളുകയാണ്. പ്രകൃതിയിലെ ശുദ്ധജല ഉറവകള്‍ പോലും അടച്ച് കളയുന്ന മാലിന്യങ്ങളില്‍ നിന്നുള്ള മോചനത്തിനായ് സമൂഹം ബോധവാന്‍മാരാകണം.

വെള്ളം ദാനം ചെയ്യുന്നത് പുണ്യം

ആവശ്യക്കാര്‍ക്ക് വെള്ളം നല്‍കുന്നത് ശ്രേഷ്ഠമായ ദാനധര്‍മമാകുന്നു. മരണപ്പെട്ടുപോയവരുടെ പേരില്‍ ജലവിതരണ പദ്ധതിയുണ്ടാകുന്നത് പോലും പുണ്യമുള്ള കാര്യമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

ഒരിക്കല്‍ സഅദ്ബ്‌നു ഉബാദ(റ) നബി ﷺ യോട് പറഞ്ഞു: ''പ്രവാചകരേ! ഉമ്മുസഅദ്  മരണപ്പെട്ടിരി ക്കുന്നു. ഏറ്റവും ശ്രേഷ്ഠമായ ധര്‍മമെന്താകുന്നു? പ്രവാചകന്‍ ﷺ  പറഞ്ഞു: 'വെള്ളം.' അപ്പോള്‍ അദ്ദേഹം കിണര്‍ കുഴിച്ചു. എന്നിട്ട് പറഞ്ഞു: 'ഇത് ഉമ്മുസഅദിനുള്ളതാകുന്നു'' (അബുദാവൂദ്).

മിണ്ടാപ്രാണികള്‍ക്ക് വെള്ളം കൊടുക്കുന്നത് പോലും ഏറ്റവും ശ്രേഷ്ഠവും പുണ്യമുള്ളതുമാണ്.

അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: നബി ﷺ  പറഞ്ഞു: ''ഒരിക്കല്‍ ഒരാള്‍ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ശക്തമായ ദാഹമുണ്ടായി. വഴിയരികില്‍ കണ്ട ഒരു കിണറ്റിലിറങ്ങിവെള്ളം മതിയാകുവോളം കുടിച്ചു. കിണറ്റില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴുണ്ട് ദാഹിച്ചുവലഞ്ഞ ഒരു നായ മണ്ണ് കപ്പുന്നു! അലിവ് തോന്നിയ അദ്ദേഹം വീണ്ടും കിണറ്റിലിറങ്ങി ഷൂവില്‍ വെള്ള നിറച്ച് ആ നായക്ക് നല്‍കി ദാഹം ശമിപ്പിച്ചു. അല്ലാഹു അയാള്‍ക്ക് പാപം പൊറുത്തു കൊടുത്തു.'' സ്വഹാബികള്‍ ചോദിച്ചു: ''പ്രവാചകരേ, ജീവജാലങ്ങളുടെ കാര്യത്തിലും പ്രതിഫലമോ?'' പ്രവാചകന്‍ പറഞ്ഞു: ''പച്ചക്കരളുള്ള ഏത് ജീവിയിലും പ്രതിഫലമുണ്ട്'' (ബുഖാരി).

ജലദാനം നിര്‍വഹിച്ചതിലൂടെ അധികരിച്ച പാപങ്ങള്‍ പോലും അല്ലാഹു പൊറുത്തു കൊടുത്തതായി പഠിപ്പിക്കുന്നു. പൊതുകിണര്‍ കുഴിച്ച് നല്‍കുന്നത് വളരെ പുണ്യമുള്ള കാര്യമാണ്.

നബി ﷺ  പറഞ്ഞു: ''ആരെങ്കിലും ഒരു കിണര്‍ കുഴിക്കുകയും അതില്‍നിന്ന് ജീവനുള്ള സൃഷ്ടികളായ ജിന്നോ മനുഷ്യനോ പക്ഷികളോ കുടിക്കുകയും ചെയ്താല്‍ പരലോകത്ത് അല്ലാഹു അയാള്‍ക്ക് പ്രതിഫലം നല്‍കും'' (ഇബ്‌നു ഖുസൈമ).

കുടിവെള്ളം തടഞ്ഞുവെക്കുന്നത് പാപം

ശുദ്ധജലം ആവശ്യക്കാര്‍ക്ക് നല്‍കാതെ തടഞ്ഞുവെക്കുന്നത് വലിയ കുറ്റമായാണ് ഇസ്‌ലാം ഗണിക്കുന്നത്. അത്തരം ആളുകളെ വിചാരണദിവസം അല്ലാഹു പരിഗണിക്കുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷ ലഭിക്കുകയും ചെയ്യും.

പ്രവാചകന്‍ ﷺ  പറഞ്ഞു: ''മൂന്ന് വിഭാഗം ആളുകളെ അല്ലാഹു പരലോകത്ത് നോക്കുകയില്ല, അവരെ സംസ്‌കരിക്കുകയുമില്ല. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുമുണ്ടായിരിക്കും. അതിലൊരാള്‍ വഴിയില്‍ വെള്ളംകൊണ്ട് അനുഗ്രഹിക്കപ്പെട്ടവനും അത് വഴിയാത്രികര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നവന്‍...'' (ബുഖാരി).

ബുഖാരി ഉദ്ധരിച്ച മറ്റൊരു ഹദീഥില്‍ 'ആളുകള്‍ക്ക് വെള്ളം നല്‍കാതെ തടഞ്ഞുവെച്ചയാളോട് ഇന്ന് എന്റെ ഔദാര്യം നിനക്ക് ഞാന്‍ തടഞ്ഞിരിക്കുന്നു, നിന്റെ കരങ്ങളിലുണ്ടായിരുന്നത് മററുള്ളവര്‍ക്ക് നീ തടഞ്ഞത് പോലെ' എന്ന് അല്ലാഹു പരലോകത്ത് വെച്ച് പറയുമെന്ന് കാണാം.

ജലാശയങ്ങള്‍ മലിനമാക്കുന്നതിനെതിരെ പ്രവാചകന്‍ ﷺ  താക്കീത് ചെയ്തിട്ടുണ്ട്. നബി ﷺ  പറഞ്ഞു: ''കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്'' (മുസ്‌ലിം).

വുദൂഅ്, കുളി എന്നിവക്ക് പോലും വെള്ളം മിതമായേ ഉപയോഗിക്കാവൂ എന്ന് നബി ﷺ  കല്‍പിച്ചിട്ടുണ്ട്.

അതിനാല്‍ ദന്തശുദ്ധി വരുത്തുമ്പോഴും വുദൂഅ് ചെയ്യുമ്പോഴുമെല്ലാം അലസമായി ടാപ്പുകള്‍ തുറന്നിട്ട് വെള്ളം പാഴാക്കാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. വീടുകളിലും പള്ളികള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ പൊതുഇടങ്ങളിലും വെള്ളം മിതമായി ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തമാക്കണം. വാഹനം കഴുകുന്നത് പോലെയുള്ള കാര്യങ്ങളിലും വെള്ളം പാഴാകാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം

ജലദാനത്തിനുള്ള മാര്‍ഗങ്ങള്‍

കിണര്‍ കുഴിക്കുക, കുടിവെള്ള സംഭരണികള്‍ സജീകരിക്കുക, പള്ളികളില്‍ പൊതുടാപ്പുകള്‍ സംവിധാനിക്കുക, വാഹനങ്ങളില്‍ കുടിവെള്ളം ശേഖരിച്ച് ആവശ്യക്കാര്‍ക്കെത്തിച്ച് കൊടുക്കുക, പൊതുസ്ഥലങ്ങളില്‍ സൗകര്യപ്പെടുത്തുക, ജന്തുജാലങ്ങള്‍ക്കും പറവകള്‍ക്കും തണ്ണീര്‍തടങ്ങള്‍ പറമ്പുകളിലും മറ്റും തയ്യാറാക്കുക.