നീതിനിഷേധ കാലത്തെ പ്രവാചക ദര്‍ശനങ്ങള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2020 ജനുവരി 04 1441 ജുമാദല്‍ അവ്വല്‍ 09
നീതിയെന്നത് മനുഷ്യപ്രകൃതിയുടെ തേട്ടമാണ്. ശരിയുടെയും സത്യത്തിന്റെയും കൂടെ സഞ്ചരിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് നീതിയെ പ്രയോഗവത്കരിക്കുന്നതിന്റെ ശരിയായ രൂപം. വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹ്യക്രമം നിലനിര്‍ത്തുന്നതിനും നീതിന്യായ വ്യവസ്ഥ അനിവാര്യമാണ്. എന്നാല്‍ നീതി ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍ മാത്രമല്ല നീതിനിഷേധിക്കപ്പെടുന്ന വേളകളിലും എങ്ങനെ പ്രതികരിക്കണമെന്ന കൃത്യമായ നിലപാടുണ്ട് ഇസ്‌ലാമിന്. പ്രവാചകാധ്യാപനങ്ങളില്‍ അത് സുവ്യക്തമായി പഠിപ്പിക്കുന്നുണ്ട്.

നീതി മനുഷ്യപ്രകൃതിയുടെ തേട്ടമാണ്. ശരിയുടെയും സത്യത്തിന്റെയും കൂടെ സഞ്ചരിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് നീതിയെ പ്രയോഗവത്കരിക്കുന്നതിന്റെ ശരിയായ രൂപം. സത്യം തനിക്കോ താന്‍ ഇഷ്ടപ്പെടുകയോ ചെയ്യുന്നവര്‍ക്കോ എതിരാണെങ്കില്‍ പോലും സത്യത്തിന്റെ കൂടെ നില്‍ക്കുക എന്നതാണ് നീതിബോധം. വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹ്യക്രമം നിലനിര്‍ത്തുന്നതിനും നീതിന്യായ വ്യവസ്ഥ അനിവാര്യമാണ്. സമൂഹത്തിലെ ഏതൊരു വ്യക്തിയുടെയും അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയെന്നതാണ് നീതിയുടെ അന്തിമമായ ഫലവും പ്രതിഫലനവും. ദൈവികമായ അനുഗ്രഹങ്ങളും ബോധനങ്ങളും ലഭിച്ചവര്‍ക്ക് നീതിയുടെ പ്രാധാന്യം കുറേക്കൂടി ഉള്‍ക്കൊള്ളാന്‍ സാധിക്കും. ദൈവത്തിന്റെ സൃഷ്ടികള്‍ എല്ലാവരും തുല്യരാണെന്ന ബോധ്യം ദൈവവിശ്വാസത്തിലൂടെ ലഭിക്കുന്ന സവിശേഷ ചിന്തയാണ്. വിശ്വാസമോ ദേശമോ വര്‍ഗമോ വര്‍ണമോ ഒന്നും തന്നെ നീതിക്ക് തടസ്സമായിക്കൂടാ എന്നതാണ് ദൈവിക സന്ദേശങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുക.

പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ നമ്മുടെ മുന്‍ധാരണകളോ നമ്മുടെ കക്ഷിക്ക് കാര്യങ്ങള്‍ അനുകൂലമാകണമെന്ന വിചാരമോ ഒരു വിശ്വാസിയെ സ്വാധീനിക്കാന്‍ പാടില്ല. ക്വുര്‍ആനില്‍ നീതി എന്ന ആശയത്തെ സൂചിപ്പിക്കുന്നതിന് രണ്ടു പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. 'ക്വിസ്ത്വ്,' 'അദ്ല്‍' എന്നിവയാണ് ആ പദങ്ങള്‍. ഒരു വ്യക്തിക്ക് ലഭിക്കേണ്ട അവകാശങ്ങളെ പൂര്‍ണമായും വകവെച്ചുകൊടുക്കുക എന്നതാണ് 'ക്വിസ്ത്വ്' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ക്വുര്‍ആന്‍ ഈ പദത്തെ ഉപയോഗിച്ചത് ശ്രദ്ധിക്കുക:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി'' (ക്വുര്‍ആന്‍ 4:135).

സ്വന്തം താല്‍പര്യം ഹനിക്കപ്പെട്ടാലും മറ്റൊരാളുടെ അവകാശം സ്ഥാപിക്കപ്പെടണമെന്ന സന്ദേശത്തെ ധ്വനിപ്പിക്കുന്ന 'ക്വിസ്ത്വ്' എന്ന പദമാണ് ഈ സൂക്തത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. അതേ സൂറത്തില്‍ തന്നെ ഇപ്രകാരം കാണാം:

''വിശ്വസിച്ചേല്‍പിക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പ് കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്'' (ക്വുര്‍ആന്‍ 4:58).

ഇവിടെ ഒരു പ്രശ്‌നത്തില്‍ വിധി പറയുമ്പോള്‍ സത്യസന്ധതയും നിഷ്പക്ഷതയും മാനദണ്ഡമായി സ്വീകരിക്കുന്നതിനെയാണ് 'അദ്ല്‍' എന്ന് വിശേഷിപ്പിക്കുന്നത്. അപ്പോള്‍ അവകാശികള്‍ക്ക് അവരുടെ അവകാശം നല്‍കുകയും അതില്‍ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ക്വുര്‍ആന്‍ പ്രതിപാദിക്കുന്ന നീതി.

നീതി നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ അത് നിര്‍വഹിക്കുക തന്നെ വേണം. അതില്‍ നിന്നും ഒഴിഞ്ഞുപോകുന്നത് നാട്ടില്‍ വലിയ അരാജകത്വം സൃഷ്ടിക്കും. ഉന്നതകുല ജാതയായ ഒരു സ്ത്രീ മോഷണം നടത്തിയപ്പോള്‍ അവളുടെ കാര്യത്തില്‍ കൈ മുറിക്കുക എന്ന ശിക്ഷാനടപടി സ്വീകരിക്കാന്‍ തുനിഞ്ഞപ്പോള്‍ ചിലര്‍ ശുപാര്‍ശയുമായി വന്നു. അവള്‍ വലിയ കുടുംബത്തില്‍ പെട്ടവളല്ലേ, ശിക്ഷ ഇളവ് ചെയ്തുകൊടുത്തുകൂടേ എന്ന് ഉസാമത്ത്ബ്‌നു സൈദ് പ്രവാചകനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖം വിവര്‍ണമായി: 'അല്ലാഹുവിന്റെ വിധിയില്‍ നീ ശുപാര്‍ശ നടത്തുകയോ?'

എന്നിട്ട് അദ്ദേഹം പറഞ്ഞു: ''നിങ്ങളില്‍ ഉന്നതര്‍ കളവു നടത്തിയാല്‍ ശിക്ഷിക്കപ്പെടാതിരുന്നത് കൊണ്ടാണ് നിങ്ങളുടെ മുമ്പുള്ളവര്‍ നശിച്ചുപോയത്. എന്നാല്‍ പാവപ്പെട്ടവര്‍ വല്ലതും ചെയ്തുപോയാല്‍ ശിക്ഷ വിധിക്കുകയും ചെയ്യും. മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷണം നടത്തിയതെങ്കിലും അവളുടെ കൈ മുറിക്കുക തന്നെ ചെയ്യും.''

നീതിമാനായ ന്യായാധിപന് അദ്ദേഹത്തിന്റെ മുമ്പില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമെ വിധി നിര്‍ണയിക്കാന്‍ സാധിക്കൂ. പ്രവാചകന്റെ അരികില്‍ വന്ന ഒരു കേസില്‍ അദ്ദേഹം പറഞ്ഞത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. 'ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്. എന്റെയരികില്‍ തര്‍ക്കവുമായി നിങ്ങളില്‍ ചിലര്‍ വരും. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരെക്കാള്‍ നന്നായി വാദം സമര്‍ഥിക്കാന്‍ കഴിവുള്ളവരായിരിക്കും. ഞാന്‍ കേള്‍ക്കുന്നതിനനുസരിച്ച് വിധിച്ചേക്കാം. അങ്ങനെ ഞാന്‍ മറ്റൊരു സഹോദരന്റെ അവകാശമാണ് വിധിച്ചു നല്‍കുന്നതെങ്കില്‍ നരകത്തില്‍ നിന്നുള്ള ഒരു കഷ്ണമാണ് അയാള്‍ക്ക് ഞാന്‍ വിധിച്ചതെന്നു മനസ്സിലാക്കുക'' (ബുഖാരി, മുസ്ലിം).

നീതിയെ സംബന്ധിച്ച വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചകന്റെയും കാഴ്ചപ്പാടുകളാണ് മുകളില്‍ നല്‍കിയത്. നീതി നടപ്പാകാതെ വരുമ്പോള്‍ അവിടെ നിരാശകള്‍ പ്രകടമാകും. നിരാശകള്‍ മനുഷ്യനെ മാനസികമായി തളര്‍ത്തും. അത് പലതരത്തിലുള്ള മനോവൈകല്യങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. മനോവൈകല്യങ്ങളുടെ മൂര്‍ത്തഭാവങ്ങളാണ് ആത്മഹത്യയും തീവ്രവാദവും. വ്യക്തിപരമായ നീതിനിഷേധങ്ങള്‍ പലപ്പോഴും ആത്മഹത്യകളിലേക്ക് നയിക്കുമ്പോള്‍ സാമൂഹിക നീതിനിഷേധം തീവ്രവാദത്തിലേക്ക് നയിക്കുന്നു. പല തീവ്രവാദങ്ങളുടെയും അടിവേരുകള്‍ പരിശോധിക്കുമ്പോള്‍ അവിടങ്ങളില്‍ നീതിനിഷേധത്തിന്റെ ചില അടയാളങ്ങള്‍ കാണാന്‍ സാധിക്കും.

സാമൂഹിക നീതിയുടെ നിഷേധം ലോകചരിത്രത്തില്‍ ഒട്ടേറെ കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും കാരണമായിട്ടുണ്ട്. പിറന്ന മണ്ണില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സാധിക്കാതെ അധികാരി വര്‍ഗത്തിന്റെ ഭീഷണികള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും വിധേയരാകേണ്ടി വന്നതിന്റെ പേരിലും സ്വന്തം നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടതിന്റെ പേരിലും പീഡിതരായി കഴിയേണ്ടി വന്ന ഒരു പാട് ജനസമൂഹങ്ങള്‍ ലോകത്തുണ്ടായിട്ടുണ്ട്. അത്തരം സമൂഹങ്ങളെ നിയന്ത്രിക്കാനും അവര്‍ക്ക് ശരിയായ ദിശാബോധം നല്‍കാനും ആളില്ലാതെ വരുമ്പോള്‍ അവിടെ അക്രമങ്ങളും കുഴപ്പങ്ങളും വ്യാപിക്കുന്നു. കൗശലക്കാരായ അധികാരിവര്‍ഗങ്ങള്‍ നേതൃത്വവും ദിശാബോധവുമില്ലാത്ത ആള്‍ക്കൂട്ടത്തെ കലാപങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും എളുപ്പത്തില്‍ അവരെ ഉന്മൂലനം ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പല രാജ്യങ്ങളിലും നടന്ന സമരങ്ങളെ അക്രമമാര്‍ഗങ്ങളിലേക്ക് വഴി തിരിച്ചുവിടാനും അങ്ങനെ അവയെ പരാജയപ്പെടുത്തുവാനും അധിനിവേശ അധികാരിവര്‍ഗങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. സമരം നടത്തുന്നവരുടെ ആവശ്യങ്ങളും അടിസ്ഥാന കാരണങ്ങളും സത്യസന്ധമല്ലാത്തതു കൊണ്ടായിരുന്നില്ല മിക്ക സമരങ്ങളും പരാജയപ്പെട്ടത്. മറിച്ച് സമരങ്ങളെ അതിന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിലുള്ള അക്ഷമയും എടുത്തുചാട്ടവും ശത്രുക്കളുടെ പ്രകോപനങ്ങളില്‍ വഴുതി രൂപപ്പെട്ട നിലതെറ്റിയ പ്രതികരണങ്ങളുമാണ് പല സമരങ്ങളെയും പരാജയത്തിലേക്ക് നയിച്ചിരുന്നത്.

ഇവിടെയാണ് മുഹമ്മദ് നബി ﷺ യുടെ നിലപാടുകളും മാര്‍ഗദര്‍ശനങ്ങളും നമുക്ക് പാഠമാകുന്നത്. ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഡനങ്ങള്‍ക്കും അനീതിക്കും വിധേയരായ സമൂഹമായിരുന്നു മക്കയില്‍ നബി ﷺ യും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന വിശ്വാസികളും. വിശ്വാസം തുറന്നു പറയാന്‍ മാത്രമല്ല, സ്വതന്ത്രമായി ജീവിക്കാന്‍ പോലും അനുവാദമില്ലാതിരുന്ന 'ജാഹിലിയ്യത്തിന്റെ' കൊടും ക്രൂരതകള്‍ക്ക് വിധേയമായിരുന്നു ആ സമൂഹം.

'യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍' എന്നാണു ക്വുര്‍ആന്‍ (22:40) അവരെ വിശേഷിപ്പിച്ചത്. നിങ്ങളുടെ സ്രഷ്ടാവും സംരക്ഷകനും പരിപാലകനും ഒരുവനാണെന്നും ആ സ്രഷ്ടാവിനെ മാത്രമെ നിങ്ങള്‍ ആരാധിക്കാവൂ എന്നും പറഞ്ഞതിന്റെ പേരില്‍ മാത്രം അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. ബഹിഷ്‌കരണവും അക്രമവും ഉന്മൂലനവും അവരുടെമേല്‍ ചാര്‍ത്തപ്പെട്ടു. അവര്‍ ആരെയും ആക്രമിക്കാന്‍ വന്നവരായിരുന്നില്ല. സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പറഞ്ഞുകൊടുക്കാന്‍ വന്നവര്‍. ബലാല്‍ക്കാരമായി ആളുകളെ മതത്തില്‍ ചേര്‍ക്കാനോ മറ്റുള്ളവരുടെ വിശ്വാസങ്ങളെയോ ആരാധ്യന്മാരെയോ ആക്ഷേപിക്കാനോ വന്നവരായിരുന്നില്ല അവര്‍. 'ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ, ഉദ്ദേശിക്കുന്നവര്‍ അവിശ്വസിക്കട്ടെ,' 'മതത്തില്‍ ബലാല്‍കാരമില്ല', 'പ്രബോധകന്‍ മാത്രമാണ്, അടിച്ചേല്‍പിക്കുന്നവനല്ല' 'നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം, എനിക്ക് എന്റെ വിശ്വാസം' തുടങ്ങിയ, നീതിയുടെ ആശയങ്ങളില്‍ നിലയുറപ്പിച്ചിരുന്നവരായിരുന്നു പ്രവാചകനും അനുയായികളും. അപരന്റെ വിശ്വാസത്തിന്റെ ധാര്‍മികതയെയും അതിന്റെ സത്യസന്ധതയെയും ചോദ്യം ചെയ്യാം എന്നല്ലാതെ വിശ്വാസ സ്വാതന്ത്ര്യത്തെ അദ്ദേഹവും അനുയായികളും ചോദ്യം ചെയ്തിരുന്നില്ല. എന്നിട്ടും പരമ്പരാഗതമായി ശീലിച്ചുവന്ന വിശ്വാസങ്ങള്‍ക്കും രീതികള്‍ക്കുമെതിരെ എന്ന ഒറ്റക്കാരണത്താല്‍ അവര്‍ അതികഠിനമായി പീഡിപ്പിക്കപ്പെട്ടു. സ്വന്തം നാട്ടിലെ 'പൗരത്വം' പോലും ചോദ്യം ചെയ്യപ്പെട്ടു. പല നാടുകളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ചില താഴ്‌വരകളില്‍ ജീവിതം തള്ളിനീക്കേണ്ടിവന്നു.

മക്കയില്‍ 13 വര്‍ഷക്കാലം ഈ ദുരിതപര്‍വം താണ്ടി അദ്ദേഹവും അനുയായികളും കഴിഞ്ഞുകൂടി. സഹികേടിന്റെ പാരമ്യവും ക്ഷമയുടെ നെല്ലിപ്പടിയും കണ്ട അവരില്‍ ചിലര്‍ ചോദിച്ചു: 'എന്നാണ് മോചനം? ഇതിനൊരു അറുതിയില്ലേ? നമുക്ക് തിരിച്ചടിച്ചുകൂടേ?' പ്രവാചകന്‍ ക്ഷമ അവലംബിക്കാന്‍ പറഞ്ഞു. ആത്മസംയമനം ഒരു അലങ്കാരവാക്കായിരുന്നില്ല അവര്‍ക്ക്. അവര്‍ അനുഷ്ഠിച്ച നമസ്‌കാരവും നോമ്പും സല്‍കര്‍മങ്ങളും ക്ഷമയും സ്ഥൈര്യവും പ്രതീക്ഷയും അവര്‍ക്ക് സമ്മാനിച്ചു. 'വിശ്വാസികളെങ്കില്‍ നിങ്ങള്‍ തന്നെ ഉന്നതര്‍' എന്ന ക്വുര്‍ആനിന്റെ പ്രോത്സാഹനം അവരെ ജീവിക്കാന്‍ പഠിപ്പിച്ചു. സ്വേച്ഛാധിപതികളുടെ എണ്ണം എത്ര കൂടിയാലും ഒരു വിശ്വാസിയുടെ വിശ്വാസ്യദാര്‍ഢ്യം മാത്രം മതി അതിനെ അതിജീവിക്കാന്‍. 'എത്രയെത്ര കൊച്ചു കൊച്ചു സംഘങ്ങള്‍ വലിയ വലിയ സംഘങ്ങളെ അതിജീവിച്ചിട്ടുണ്ട്' എന്ന ക്വുര്‍ആനിക വചനം അവര്‍ക്ക് ആത്മവിശ്വാസം സമ്മാനിച്ചു.

പ്രവാചകനും അനുയായികളും നിലവിട്ടു പെരുമാറിയില്ല. മക്കയില്‍ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ അവര്‍ അലോസരം സൃഷ്ടിച്ചില്ല. അവിടുത്തെ പൊതുജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ പെരുമാറിയില്ല. അല്ലാഹുവിന്റെ സന്ദേശമനുസരിച്ച് മാത്രമെ പ്രവാചകന് പ്രവര്‍ത്തിക്കാനാവൂ. സന്ദേശങ്ങള്‍ക്കായി അനുയായികള്‍ വര്‍ഷങ്ങള്‍ കാത്തിരുന്നു. ക്ഷമയുടെയും സഹനത്തിന്റെയും ഉദാത്തമായ മാതൃകകള്‍! ഒടുവില്‍ ഹിജ്‌റയ്ക്കുള്ള സന്ദേശം കിട്ടി. കരളിന്റെ കഷ്ണമായി കരുതിയിരുന്ന മക്കയെ വിട്ട് അവര്‍ മദീനയിലേക്ക് പോയി. മദീനയില്‍ ഇതര വിഭാഗങ്ങളുമായി സമാധാനത്തിന്റെ വാതിലുകള്‍ അദ്ദേഹം തുറന്നു. ജൂത ഗോത്രങ്ങളുമായി സന്ധിയിലേര്‍പ്പെട്ടു. ക്ഷമ, സമാധാനം, ശാന്തത എന്നിവ കൈവിടാതെ തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചു.

നീതിനിഷേധ കാലങ്ങളില്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന മാതൃകയാണ് പ്രവാചകന്റെ ജീവിതത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ക്ഷമയുടെ മാര്‍ഗം വിട്ട് അതിരുകടന്നു പോകുന്ന രീതികള്‍ പ്രവാചക ജീവിതത്തില്‍ കാണാന്‍ കഴിയില്ല. ഒരു പൊതുനേതൃത്വമുണ്ടെങ്കില്‍ ആ നേതൃത്വത്തെ അനുസരിച്ചുകൊണ്ട് അവരുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ് വേണ്ടതെന്ന് പ്രവാചകരീതികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. വിശ്വാസികള്‍ക്കിടയില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ആ അഭിപ്രായങ്ങള്‍ ക്ഷമയുടെ മാതൃകകള്‍ കൊണ്ട് അദ്ദേഹം ഏകോപിക്കുകയായിരുന്നു. മുസ്ലിം സമുദായം വലിയ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഈ മാതൃകയില്‍ നിന്ന് തന്നെയാണ് നാം നിലപാടുകള്‍ സ്വീകരിക്കേണ്ടതും മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ടതും. പ്രതികരണങ്ങളില്‍ തീവ്രത പോരാ എന്ന ആക്ഷേപം ചില കോണുകളില്‍ നിന്നുയരുക സ്വാഭാവികമാണ്. ക്ഷിപ്രകോപികളും കാര്യങ്ങള്‍ വേണ്ടവിധം അപഗ്രഥിച്ച് വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാത്തവരുമായ ആളുകളുടെ അഭിപ്രായങ്ങള്‍ക്ക് വശംവദരാവുകയല്ല പക്വമായ ഒരു നേതൃത്വം ചെയ്യേണ്ടത്. ആത്മസംയമനത്തിന്റെ താരാട്ടു പാടുന്നവര്‍ എന്ന വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്.

ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടന നമുക്ക് അനുവദിച്ചുതന്നിട്ടുള്ള പ്രതിഷേധ രീതികളുണ്ട്. നീതിനിഷേധ കാലത്ത് അത്തരം പ്രതിഷേധ രീതികളില്‍ മതപരമായ വിലക്കില്ലാത്ത രീതികളെ സ്വീകരിക്കുന്നതിന് വിരോധമില്ല. പ്രവാചകനും അനുയായികളും പ്രതിഷേധങ്ങള്‍ക്കായി സ്വീകരിച്ച മാര്‍ഗങ്ങള്‍ മാത്രമെ സ്വീകരിക്കാവൂ എന്നല്ല, മറിച്ച് പ്രവാചകന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട പൊതുമര്യാദകള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പൊതുമുതലുകള്‍ നശിപ്പിക്കുക, അക്രമങ്ങള്‍ സംഘടിപ്പിക്കുക, വഴിതടസ്സങ്ങള്‍ സൃഷ്ടിക്കുക എന്നിവയെല്ലാം പാടില്ലാത്തതാണ്.

ഒരു രാഷ്ട്രത്തെ നിര്‍വചിക്കുന്നത് അതിന്റെ ഭരണഘടനയാണ്. ഭരണഘടന അനുവദിക്കുന്നതും രാജ്യത്തിന്റെ പീനല്‍ സംവിധാനങ്ങള്‍ അംഗീകരിച്ചതുമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം നേതൃത്വമോ നിയന്ത്രിത ഘടനയോ ഇല്ലാത്തതും പൗരാവകാശങ്ങളെ ധ്വംസിക്കുന്നതുമായ പ്രതിഷേധ രീതികള്‍ രാജ്യത്ത് അസ്വസ്ഥത വളര്‍ത്തുകയും അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും. ഭരണഘടന നിര്‍വചിച്ച ജനാധിപത്യത്തെ അട്ടിമറിച്ച് ജനകീയം, ജനപക്ഷം മുതലായ പേരുകളില്‍ ഉത്തരവാദിത്തമില്ലാത്ത പ്രതിഷേധങ്ങള്‍ രാജ്യത്തിന് അപകടമാണ്. ഇതിനര്‍ഥം വ്യവസ്ഥാപിതവും നിയമവ്യവസ്ഥയെ അംഗീകരിക്കുന്നതുമായ സംഘടനകള്‍ക്ക് സംയുക്തമായി 'ജനകീയമായി' പ്രവര്‍ത്തിച്ചുകൂടാ എന്നല്ല. അവ സംഘടിപ്പിക്കുമ്പോള്‍ നിയന്ത്രിക്കാന്‍ ഉത്തരവാദപ്പെട്ട നേതൃത്വം ആവശ്യമാണ്. പ്രതിഷേധങ്ങള്‍ വഴിമാറി പോകാതിരിക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കാന്‍ കഴിയുന്ന നേതാക്കള്‍ ആവശ്യമാണ്. ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത ജനാധിപത്യ രീതികളെ അവലംബിച്ചു പോകുമ്പോള്‍ കുഴപ്പങ്ങള്‍ കുറക്കാം. വിലാസമില്ലാത്ത 'ജനപക്ഷം' സമൂഹത്തിന് സമ്മാനിക്കുന്നത് അരക്ഷിതാവസ്ഥ മാത്രമായിരിക്കും.

രാജ്യം ഇന്ന് കത്തിയെരിയുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അതിനുള്ള ഇന്ധനങ്ങള്‍ രാജ്യത്തുടനീളം തെളിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളെ പ്രകോപിതരാക്കി തെരുവിലിറക്കി അവരെ തോക്കിന്‍ മുനകള്‍ക്ക് മുമ്പിലേക്ക് കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. കുഴപ്പങ്ങള്‍ സര്‍ക്കാര്‍ ബോധപൂര്‍വം വിളിച്ചുവരുത്തുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന മുഴുവന്‍ കുഴപ്പങ്ങളുടെയും ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയായിരിക്കുമെന്ന് ഉത്തരവാദപ്പെട്ട ഭരണകൂടം തിരിച്ചറിയേണ്ടതുണ്ട്. സര്‍ക്കാര്‍ ഒരുക്കുന്ന കെണിയില്‍ വീഴാതെ മനസ്സിനെയും ശരീരത്തെയും ധാര്‍മിക ചിന്തകളില്‍ ഒതുക്കിനിര്‍ത്തി സ്വയം നിയന്ത്രിക്കാന്‍ ജനങ്ങള്‍ തയ്യാറാവുക. സമരങ്ങള്‍ കൈവിട്ടും വഴിവിട്ടും പോകാതിരിക്കാന്‍ ഓരോ പൗരനും ജാഗ്രത പാലിക്കുക. പ്രവാചകനും അനുയായികളും ലോകത്തെ പഠിപ്പിച്ച ക്ഷമയും ആത്മസംയമനവും ആയുധമാക്കി ജനാധിപത്യ മാര്‍ഗത്തില്‍ മാത്രം പ്രതിഷേധിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. അതോടെ ഏതൊരു സ്വേച്ഛാധിപതിയുടെയും 'പൗരത്വം' വേരറ്റു പോവുക തന്നെ ചെയ്യും.