കോവിഡ് കാലത്തെ ചെറിയ പെരുന്നാള്‍

നബീല്‍ പയ്യോളി

2020 മെയ് 30 1441 ശവ്വാല്‍ 06
ആരാധനയുടെ ആത്മാവുള്‍ക്കൊണ്ട ആഘോഷമാണ് പെരുന്നാള്‍. വിശ്വാസികള്‍ക്ക് അല്ലാഹു കനിഞ്ഞരുളിയ രണ്ട് ആഘോഷങ്ങളിലൊന്നായ ചെറിയ പെരുന്നാള്‍ ആഹ്ലാദത്തിന്റെ സുദിനം കൂടിയാണ്. പേക്ഷ, നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയുടെ നടുവിലേക്കാണ് ഇപ്രാവശ്യം ഈദ് കടന്നുവരുന്നത്. പ്രവാസലോകത്തിരുന്ന് ലോക്ക്ഡൗണ്‍ സമയത്തെ ആഘോഷത്തെ നോക്കിക്കാണുകയാണ് ലേഖകന്‍.

ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയാവുകയാണ്. മാനത്ത് ശവ്വാലമ്പിളി പിറക്കുന്നതോടെ വിശ്വാസികളുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തുന്നു. തന്നെ സൃഷ്ടിച്ച നാഥന്റെ കല്‍പന ശിരസ്സാവഹിച്ച് ഒരു മാസം പകല്‍സമയം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച ദിനങ്ങള്‍. ലോകര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ക്വുര്‍ആനിന്റെ അര്‍ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠനവും പാരായണവും നടത്താന്‍ വിശ്വാസികള്‍ കൂടുതല്‍ സമയം കണ്ടെത്തി. മതാധ്യാപനങ്ങള്‍ക്ക് കാതോര്‍ക്കാന്‍ കൂടുതല്‍ സമയം നീക്കിവെച്ചു. നമസ്‌കാരവും പ്രാര്‍ഥനയും അടക്കം ആരാധനാനിര്‍ഭരമായ രാപകലുകള്‍. ഏതൊരു വിശ്വാസിയെ സംബന്ധിച്ചേടത്തോളവും മനസ്സിന് സന്തോഷവും സമാധാനവും നല്‍കുന്ന നാളുകളാണ് റമദാന്‍.

എന്നാല്‍ പതിവില്‍ നിന്നും വ്യസ്ത്യസ്തമായിരുന്നു കോവിഡ് കാലത്തെ റമദാന്‍. കൊറോണയെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കാന്‍ ആരോഗ്യ വിദഗ്ദര്‍ നിര്‍ദ്ദേശിച്ചതിന്റെ പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24 മുതല്‍ 21 ദിവസത്തേക്കായിരുന്നു ആദ്യ ലോക് ഡൗണ്. പിന്നീടത് മെയ് 3 വരെയും മെയ് 17 വരെയും അവസാനമായി മെയ് 31 വരെയും നീട്ടുകയായിരുന്നു. ലോക് ഡൗണ്‍കാലത്തെ റമദാന്‍ ഇന്ന് ജീവിച്ചിരിക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും പുതിയ അനുഭവമായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ വീടുകളില്‍ ഒതുങ്ങിക്കൂടിയ റമദാന്‍, ജമാഅത്ത് നമസ്‌കാരങ്ങളും തറാവീഹും ഇഫ്താറും അടക്കം വിശ്വാസികള്‍ പള്ളികളില്‍ സജീവമായി ഉണ്ടാകേണ്ട ദിനങ്ങള്‍... എന്നാല്‍ എല്ലാം വീടിന്റെ അകത്തളങ്ങളിലേക്ക് ചുരുക്കപ്പെട്ട നാളുകള്‍ എന്നത് നമ്മെയെല്ലാം അല്‍പം വേദനിപ്പിച്ചു എങ്കിലും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയെ നേരിടുന്നതില്‍ വിശ്വാസീ സമൂഹം മാതൃകാപരമായ പങ്ക് നിര്‍വഹിക്കുകയായിരുന്നു. ഒരിക്കലും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരില്ലെന്ന് വിചാരിച്ച സാഹചര്യത്തില്‍ ഇസ്ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ തന്നെ വിശ്വാസികള്‍ തങ്ങളുടെ ആരാധനകള്‍ നിര്‍വഹിച്ചു ബാധ്യതകള്‍ നിറവേറ്റി. വീടെന്ന വലിയ ലോകത്തെ സൂക്ഷ്മമായി അറിയാനും കുടുംബവുമൊത്ത് ധാരാളം സമയം ചെലവഴിക്കാനും തിരക്കിട്ട ജീവിതപ്പാച്ചിലുകള്‍ക്ക് സഡന്‍ബ്രേക്ക് സമ്മാനിച്ച കോവിഡ് അവസരമൊരുക്കി. ഭാര്യാ ഭര്‍ത്താക്കന്മാരും മാതാപിതാക്കളും മക്കളും എല്ലാം നിനച്ചിരിക്കാതെ കിട്ടിയ ഈ സുവര്‍ണാവസരത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ തയ്യാറായി എന്നതാവണം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ നാളുകളിലെ നല്ല ഓര്‍മകള്‍. മതപരമായ ഉണര്‍ത്തലുകള്‍ ഓണ്‍ലൈന്‍ ആയി നിരന്തരം ലഭ്യമായി. കുടുംബത്തിന്റെ മതപരമായ ആചാര അനുഷ്ഠാനങ്ങളുടെയും അറിവിന്റെയും യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാനും അവിടെയെല്ലാം ഇടപെട്ട് അവയെല്ലാം കൂടുതല്‍ സജീവവും ഫലപ്രദവും ആക്കാനും കുടുബം ഒന്നിച്ചു പരിശ്രമിച്ച നാളുകളാണ് നമ്മില്‍ നിന്നും കടന്നുപോകുന്നത്. മക്കള്‍ക്ക് മാതാപിതാക്കളെ പരിചരിക്കാനും അവരോടുള്ള ബാധ്യതകള്‍ നിറവേറ്റാനും ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം അടുത്തറിയാനും കടമകള്‍ നിര്‍വഹിക്കാനും കഴിഞ്ഞു. മക്കളുമായി നല്ല ആത്മബന്ധം സ്ഥാപിക്കാനും തങ്ങളുടെ ബാധ്യതകള്‍ നിര്‍വഹിക്കാനും മാതാപിതാക്കള്‍ക്ക് ലോക്ക്ഡൗണ്‍ അവസരമായിരുന്നു. അതിലെല്ലാം ഉപരിവീട്ടിലെ ജമാഅത്ത് നമസ്‌കാരങ്ങളും ക്വുര്‍ആന്‍ പഠനവും ഓണ്‍ലൈന്‍ മതപഠന സംരംഭങ്ങളില്‍ കുടുംബസമേതം പങ്കെടുക്കാനും ഇസ്ലാമിക അധ്യാപനങ്ങള്‍ ചര്‍ച്ചചെയ്യാനും ഒക്കെ ഈ ദിനങ്ങള്‍ വിശ്വാസീ സമൂഹത്തിന് അവസരങ്ങള്‍ നല്‍കി. ഫലപ്രദമായി ഉപയോഗിച്ചവര്‍ക്ക് ഈ ദിനങ്ങള്‍ ഒരുപക്ഷെ ഒരിക്കലും തിരിച്ചുകിട്ടാത്ത അപൂര്‍വ അവസരമായിരുന്നു. സ്വന്തത്തെയും കുടുംബത്തെയും തിരിച്ചറിയാനും കുടുംബത്തെ നരകാഗ്‌നിയില്‍ നിന്നും രക്ഷിക്കാന്‍ ആവശ്യമായ അറിവുകളും ഇടപെടലുകളും നിര്‍വഹിക്കാനും അവസരം ലഭിച്ചതിന് അല്ലാഹുവിനോട് ഹൃദയം നിറഞ്ഞ് നന്ദി രേഖപ്പെടുത്താനും അവര്‍ക്ക് സാധിക്കും. കാരുണ്യത്തിന്റെ മാസമായ റമദാനില്‍ ഈ പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ ഇഫ്താര്‍ കിറ്റുകളും പെരുന്നാള്‍ കിറ്റുകളും ദാനധര്‍മങ്ങളും വഴി വിശ്വാസികള്‍ ആശ്വാസത്തിന്റെ തണല്‍ വിരിക്കാന്‍ സശ്രദ്ധം ഇടപെട്ടു എന്നതും സന്തോഷകരമാണ്. ആത്മാഭിമാനം ഓര്‍ത്ത് തങ്ങളുടെ വിഷമതകള്‍ പുറത്ത് പറയാതെ ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി കഴിഞ്ഞവരെ കണ്ടറിഞ്ഞ് സഹായിക്കാനും അവര്‍ക്ക് ആശ്വാസം നല്‍കാനും വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തി. നോമ്പില്‍ വന്ന പോരായ്മകള്‍ നികത്താന്‍ ഫിത്വ്ര്‍ സകാത്ത് എന്ന നിര്‍ബന്ധദാനം നല്‍കി ആരും പെരുന്നാള്‍ ദിവസം പട്ടിണി കിടക്കുന്നില്ല എന്നുറപ്പിക്കാനും ഓരോരുത്തരും ശ്രദ്ധിച്ചു.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആണ് നാം ഉള്ളത്. ലക്ഷക്കണക്കിന് സഹോദരങ്ങള്‍ വരും നാളുകളില്‍ നാടണയും. ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടുന്നു എന്നത് ഭീതിപ്പെടേണ്ട കാര്യമല്ല. അതീവ ജാഗ്രത വേണ്ട ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന് മുഖ്യമന്ത്രിയും ആരോഗ്യ വിദഗ്ധരും ഓര്‍മപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള പരിശ്രമങ്ങളില്‍ ആത്മാര്‍ഥമായി പങ്കാളികളാവാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. രോഗവ്യാപനം ഉണ്ടാവാതെ രോഗം ബാധിച്ചവരെ ഫലപ്രദമായി ചികിത്സിച്ചു രോഗമുക്തി നേടുവാനുള്ള അവസരം ഉണ്ടാവാന്‍ നാം എല്ലാവരും ജാഗ്രത കാണിക്കണം. അന്യനാടുകളില്‍ കുടുങ്ങിപ്പോയവര്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചു വരട്ടെ. അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോയാല്‍ നമുക്ക് വിജയിക്കാന്‍ സാധിക്കും. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ പലായനം ചെയ്യുന്ന പാവങ്ങളുടെ കണ്ണീര്‍ചിത്രങ്ങള്‍ ഹൃദയഭേദകമാണ്. രോഗഭീതി രാജ്യത്തിന്റെ വിവിധ കോണുകളില്‍ ആശങ്കയായി നിലനില്‍ക്കുന്നു. മാസങ്ങള്‍ ആയി ജോലിയില്ലാതെ കഴിയുന്നവര്‍ പട്ടിണിയുടെ പടിവാതില്‍ക്കല്‍ ആണ്. ഈ പ്രതിസന്ധികള്‍ക്ക് ആശ്വാസം തേടി ആത്മാര്‍ഥമായ പ്രാര്‍ഥന നിരന്തരം നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവണം. ഈ യാഥാര്‍ഥ്യങ്ങളെ വിസ്മരിക്കുന്നതാവരുത് നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍. ലോകര്‍ക്ക് മാതൃകയായി അവതരിച്ച പ്രവാചകന്റെ അധ്യാപനങ്ങള്‍ ശിരസ്സാവഹിക്കുന്ന വിശ്വാസി സമൂഹം ലോകാവസാനം വരെ അതത് സമൂഹങ്ങള്‍ക്ക് മാതൃകയായി നിലകൊള്ളാന്‍ തയ്യാറാവണം. അത് നമ്മുടെ ബാധ്യതയുമാണ്.

ഈ സന്ദര്‍ഭത്തിലെ പെരുന്നാളും പുതിയ അനുഭവമാണ്. ഈദ് നമസ്‌കാരങ്ങള്‍ വീടുകളില്‍ നിര്‍വഹിക്കാന്‍ ഇസ്ലാമിക സമൂഹം ആഹ്വാനം ചെയ്തു. അത് സംബന്ധിച്ച അധ്യാപനങ്ങള്‍ പണ്ഡിതന്മാര്‍ നമ്മെ ഓര്‍മപ്പെടുത്തി. വിശ്വാസികളുടെ ആഘോഷങ്ങള്‍ പ്രാര്‍ഥനാനിര്‍ഭരമാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ക്കാനും അവനെ വാഴ്ത്താനും ആണ് സന്തോഷവേളകള്‍ നാം ഉപയോഗപ്പെടുത്തേണ്ടത്. കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാം. ഉള്ളതില്‍ വെച്ച് ഏറ്റവും നല്ല വസ്ത്രം ധരിക്കണം. മാസപ്പിറവി കണ്ടത് മുതല്‍ നാവുകളില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങണം, കുടുംബത്തോടൊപ്പം തന്നെ. ഈദ് നമസ്‌കാരം നിര്‍വഹിക്കണം. കുടുംബ സൗഹൃദബന്ധങ്ങള്‍ പുതുക്കാന്‍ ആശയ വിനിമയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തട്ടെ. റമദാനിന്റെ ദിനരാത്രങ്ങള്‍ സമ്മാനിച്ച നന്മയുടെ ഊര്‍ജവും വെളിച്ചവും കെടാതെ ഈ ആഘോഷവേളകളെ നമുക്ക് ധാന്യമാക്കാം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പ്രതിസന്ധിയുടെ നിഴലില്‍ തന്നെയാണ് ഈദ് കടന്നുവരുന്നത്. കഴിഞ്ഞ രണ്ട് മാസത്തിലധികമായി പ്രവാസലോകം ഭാഗികമായോ പൂര്‍ണമായോ ലോക്ഡൗണിലാണ്. നമസ്‌കാരങ്ങള്‍ സ്വന്തം വീടുകളില്‍ നിര്‍വഹിക്കാന്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ആഹ്വാനം നല്‍കി. ജമാഅത്ത് നമസ്‌കാരങ്ങളും തറാവീഹും വീടുകളിലാണ് എന്നത് ഈ നോമ്പുകാലത്ത് വിശ്വാസികള്‍ക്ക് പുതിയ അനുഭവമാണ്. ഇരു ഹറമുകളില്‍ മാത്രമാണ് നിയന്ത്രിതമായി ജമാഅത്ത് നമസ്‌കാരങ്ങള്‍ നടന്നത്. ഇഅ്തികാഫിനും ഈ റമദാനില്‍ അവസരം ലഭിച്ചില്ല.

പ്രവാസലോകത്ത് എത്തിയത് മുതല്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ മാസം റമദാന്‍ ആയിരുന്നു എന്ന് പ്രവാസികള്‍ ഒരേപോലെ പറയും. കാരുണ്യത്തിന്റെ മാസത്തില്‍ സഹജീവികള്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്വദേശികളും വിദേശികളുമായ വിശ്വാസികള്‍ എന്നും ആവേശം കാണിച്ചിട്ടുണ്ട്. പള്ളികളിലും പൊതു ഇടങ്ങളിലും ഒക്കെയായി ഒരുക്കപ്പെടുന്ന ഇഫ്ത്വാര്‍ ടെന്റുകള്‍ റമദാന്‍ മാസത്തെ പ്രവാസലോകത്തെ മനോഹരമായ കാഴ്ചയാണ്. വിഭവസമൃദ്ധമായ നോമ്പ് തുറയാണ് മിക്കയിടങ്ങളിലും. ഇഫ്ത്വാറിനും അത്താഴത്തിനും ഇടയത്താഴത്തിനുമൊക്കെ ഈ നോമ്പ് തുറഭക്ഷണം മതിയാകുമായിരുന്നു. അത് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് വലിയ ആശ്വാസവും സഹായവുമാണ്. പുറമെയാണ് പ്രവാസി കൂട്ടായ്മകള്‍ ഒരുക്കുന്ന ഇഫ്ത്വാര്‍ വിരുന്നുകള്‍. ഇഫ്ത്വാര്‍ ടെന്റുകളില്‍ ഒരുക്കുന്ന ചെറിയ ഉദ്‌ബോധന സദസ്സുകളും ഹൃദ്യമാണ്.

പതിവില്‍ നിന്നും വ്യത്യസ്തമായി സാധാരണ റമദാനില്‍ രാത്രികാലങ്ങളാണ് സജീവമാവുക. അത് സ്വുബ്ഹി വരെ നീണ്ടുനില്‍ക്കും. കമ്പോളങ്ങളും വഴിയോരങ്ങളുമെല്ലാം രാത്രി സജീവമായി പ്രവര്‍ത്തിക്കുന്നത് റമദാന്‍ കാലത്തെ പ്രത്യേകതയാണ്. എന്നാല്‍ ഇത്തവണ ഇഫ്ത്വാര്‍ ടെന്റുകള്‍ ഇഫ്ത്വാര്‍ കിറ്റുകള്‍ ആയി ആവശ്യക്കാരുടെ വീടുകളില്‍ എത്തി. ഉദ്‌ബോധനങ്ങള്‍ ഓണ്‍ ലൈന്‍ ഇടങ്ങളിലേക്ക് മാറി. ഈ റമദാനില്‍ പകലില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദം ലഭിച്ചത്. കൊറോണ വ്യാപനം തീര്‍ത്ത ഭീതിയില്‍ ജോലിക്കും മറ്റു പ്രധാന ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമെ ആളുകള്‍ പുറത്തിറങ്ങിയുള്ളൂ. ആള്‍ക്കൂട്ടങ്ങള്‍ നന്നേ കുറവായിരുന്നു. സൗഹൃദ സംഭാഷണങ്ങളും കുശലാന്വേഷണങ്ങളും വരെ നന്നേ കുറഞ്ഞു. എല്ലാവരും ഭീതിയിലാണ്. ദീര്‍ഘനാളായി തൊഴില്‍ നഷ്ടപ്പെട്ടതും ഒറ്റപ്പെട്ട് തങ്ങളുടെ വാസസ്ഥലങ്ങളില്‍ കഴിയേണ്ടിവന്ന ദുഃഖവും എല്ലാവര്‍ക്കുമുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ ആണ് ഇതിന് പകരമായി ആശ്വാസം കണ്ടെത്താന്‍ എല്ലാവരും ഉപയോഗിച്ചത്.

കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍  ഉലഞ്ഞവര്‍ക്ക് ആശ്വാസമായി നിരവധി പദ്ധതികള്‍ ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു. ആരോഗ്യ പരിചരണവും ഭക്ഷണവും അടക്കം പരമാവധി ലഭ്യമാക്കാന്‍ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തി. പ്രവാസലോകത്തെ സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഈ രംഗത്ത് അശ്രാന്ത പരിശ്രമം നടത്തി എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്. നാടണയാന്‍ കൊതിച്ചവര്‍ക്ക് സര്‍ക്കാര്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും ഭീമമായ ടിക്കറ്റ് ചാര്‍ജ് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് സഹായവുമായി പ്രവാസലോകം മുന്നോട്ടുവന്നു. മാനുഷിക ബന്ധങ്ങളുടെയും കാരുണ്യത്തിന്റെയും നാളുകളായിരുന്നു ഇന്നലെകള്‍. ഇന്നും നാളെയും അങ്ങനെ തന്നെയാണ് എന്നതും പ്രവാസികളുടെ പ്രത്യേകതയാണ്.

നോമ്പില്‍ സംഭവിച്ച പോരായ്മകള്‍ പരിഹരിക്കാനും പാവങ്ങളുടെ വിശപ്പകറ്റാനും ഓരോ വിശ്വാസിയും നിര്‍ബന്ധമായും നല്‍കേണ്ട സകാത്തുല്‍ ഫിത്വ്ര്‍ ശേഖരണവും വിതരണവും ഓരോ സംഘടനയുടെയും നേതൃത്വത്തില്‍ നടക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചുറ്റുമുള്ള പലരും ഫിത്വ്‌റിന്റെ അവകാശികളായി മാറി എന്നതും ഈ വര്‍ഷത്തെ പ്രത്യേകത തന്നെയാണ്. ആയിരക്കണക്കിന് പ്രവാസി സഹോദരങ്ങള്‍ക്ക് ഇതിന്റെ ആശ്വാസം ലഭിക്കും എന്നത് സന്തോഷദായകമാണ്.

ശവ്വാലമ്പിളി മനസ്സില്‍ തീര്‍ക്കുന്ന സന്തോഷങ്ങള്‍ കോവിഡ് കാലത്ത് അല്‍പം വേദന നിറഞ്ഞതാണ്. ഗള്‍ഫില്‍ ഇതിനകം ഒന്നരലക്ഷത്തില്‍ അധികം കോവിഡ് രോഗികളാണ് ഉള്ളത്. നൂറോളം മലയാളികള്‍ ഇതിനകം മരണപ്പെട്ടു. ഹൃദയാഘാതം മൂലം മരിച്ചവര്‍ വേറെയും. നാട്ടുകാരും ബന്ധുക്കളും കോവിഡ് മൂലം മരിച്ചതിന്റെ ദുഃഖങ്ങള്‍ പ്രവാസി മനസ്സുകളില്‍ നൊമ്പരമായി അവശേഷിക്കുന്നു. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങളാണ് സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്. എല്ലാ രാജ്യങ്ങളിലും പൂര്‍ണമായോ ഭാഗികമായോ ലോക് ഡൗണ്‍ നിലവില്‍ ഉണ്ട്.

പുതുവസ്ത്രങ്ങള്‍ വാങ്ങാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഭൂരിപക്ഷം ആളുകള്‍ക്കും ലഭിച്ചിട്ടില്ലെന്നതും ഈ പെരുന്നാളിന്റെ പ്രത്യേകതയാണ്. നാട്ടില്‍നിന്നും വ്യത്യസ്തമായി മിക്കവാറും സ്വുബ്ഹിക്ക് മുമ്പ്തന്നെ കുളിച്ചൊരുങ്ങി സൂരേ്യാദയത്തിന് മുമ്പായി വിശ്വാസി സമൂഹം മൈതാനങ്ങളിലും പള്ളികളിലും എത്തും. സൂരേ്യാദയത്തിന് ശേഷം അധികം വൈകാതെ പെരുന്നാള്‍ നമസ്‌കാരം ആരംഭിക്കും. ഈ വര്‍ഷം അങ്ങനെയൊരു ഒത്തുചേരല്‍ ഇല്ല. ഈദുല്‍ ഫിത്വ്ര്‍ പ്രമാണിച്ച് റമദാന്‍ 30 മുതല്‍ ശവ്വാല്‍ നാലു വരെ മിക്ക ഗള്‍ഫ് രാജ്യങ്ങളും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈദ് നമസ്‌കാരങ്ങള്‍ വീടുകളിലാകണം എന്ന് സുഊദി ഗ്രാന്റ് മുഫ്തി അബ്ദുള്‍ അസീസ് ആലുശൈഖ് പറഞ്ഞു. വീടുകളില്‍ പെരുന്നാള്‍ നമസ്‌കരിക്കുമ്പോള്‍ ഖുത്വുബ നിര്‍വഹിക്കേണ്ടതില്ലെന്നും അദ്ദേഹം ഉണര്‍ത്തി.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയുടെ മുന്നില്‍ ലോകം പകച്ചുനില്‍ക്കുമ്പോഴാണ് പെരുന്നാള്‍ നമ്മെ തേടിയെത്തുന്നത്. പ്രവാസലോകത്ത് ഒറ്റപ്പെടുന്ന ബഹുഭൂരിപക്ഷം ആളുകളുടെയും ആഘോഷവേളയാണ് പെരുന്നാളുകള്‍. മിക്കവാറും എല്ലാവര്‍ക്കും ഒന്നോ രണ്ടോ ദിവസം അവധി ലഭിക്കുക രണ്ട് പെരുന്നാളുകള്‍ക്കാണ്. ഒരു വര്‍ഷത്തെ ജോലിത്തിരക്കുകള്‍ക്കിടയില്‍ ലഭിച്ച ആശ്വാസദിനത്തില്‍ ഉല്ലാസയാത്ര പോകാനും കൂട്ടുകാരുമായി സൗഹൃദം പുതുക്കാനും സമയം ചെലവഴിക്കാനും ഭക്ഷണം കഴിക്കാനുമുള്ള  അവസരങ്ങളാണ് പെരുന്നാള്‍ ദിനങ്ങള്‍ സമ്മാനിച്ചിരുന്നത്. വിവിധ കൂട്ടായ്മകള്‍ ഒരുക്കുന്ന വിനോദപരിപാടികളും ഒത്ത് ചേരലുകളും പെരുന്നാള്‍ അവധികളെ ധന്യമാക്കുമായിരുന്നു. അതുകൊണ്ട്തന്നെ പ്രവാസനത്തിന്റെ പ്രയാസങ്ങള്‍ എല്ലാം മറക്കുന്ന ദിനങ്ങളാണ്  പ്രവാസിക്ക് പെരുന്നാള്‍. എന്നാല്‍ ഇന്ന് താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ പോലും പെര്‍മിഷന്‍ ഇല്ലാതെയാണ് പെരുന്നാള്‍ കടന്നുവരുന്നത്. പ്രവാസികളുടെ കുടുംബങ്ങളും നാട്ടില്‍ ഈ പ്രതിസന്ധിയുടെ ഞെരുക്കം അനുഭവിക്കുന്നുണ്ട്. സഹജീവികളുടെ നൊമ്പരങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഓടിനടക്കുന്ന ദിനങ്ങള്‍ എന്ന പുതിയ നിര്‍വചനം ഈ പെരുന്നാള്‍ കാലത്തിനെ വ്യത്യസ്തമാക്കുന്നു. ജോലിയും വരുമാനമാര്‍ഗങ്ങളും നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് മലയാളികള്‍ അധികൃതരുടെ കനിവും കാത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ട്. നൊമ്പരങ്ങള്‍ക്കിടയിലും സര്‍വലോക നിയന്താവും രക്ഷിതാവുമായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം വിശ്വാസി സമൂഹത്തിന് നല്‍കുന്ന പ്രതീക്ഷയും ആശ്വാസവും തെല്ലൊന്നുമല്ല.

ഓര്‍മകളില്‍ ധാരാളം പ്രത്യേകതകള്‍ നിറഞ്ഞ ദിനങ്ങളാണ് കടന്നപോയിക്കൊണ്ടിരിക്കുന്നത്. ക്വുര്‍ആനും പ്രവാചകാധ്യാപനങ്ങളും ചരിത്ര ഗ്രന്ഥങ്ങളും നമ്മെയുണര്‍ത്തിയ ത്യാഗത്തിന്റെ കഥകളും ഇന്നലകളിലെ സംഭവങ്ങളും കേവലം വായിച്ചു തീര്‍ക്കാനുള്ള ഏടുകളല്ല, മറിച്ച് അവ നമുക്ക് പാഠമുള്‍ക്കൊള്ളാനുള്ള അധ്യാപനങ്ങളാണ്. അവ നമ്മുടെ ജീവിതത്തിന് വെളിച്ചമാകേണ്ടതുണ്ട്.

മൂസാ നബിൗയുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം ക്വുര്‍ആന്‍ വിവിവരിക്കുന്നിടത്ത് അല്ലാഹു പറയുന്നു: ''അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്, അവന്‍ എനിക്ക് വഴി കാണിച്ചുതരും'' (ക്വുര്‍ആന്‍: 26/61-62).

കഴിഞ്ഞ കാലങ്ങളെ പിടിച്ചുലച്ച മഹാമാരികളും ദുരന്തങ്ങളുമെല്ലാം പരീക്ഷണങ്ങളാണെന്നും അതിനെ മറികടക്കാന്‍ നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന നാഥനിലേക്ക് ഖേദിച്ചു മടങ്ങുകയും അവന്റെനിയമനിര്‍ദേശങ്ങള്‍ ശിരസ്സാവഹിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുകയുമാണ് വേണ്ടതെന്നും വിശ്വാസിസമൂഹം മനസ്സിലാക്കണം. വിശ്വാസിക്ക് നേരിടുന്ന ഏതൊരു പ്രയാസവും നന്മയാണ് എന്ന ഇസ്‌ലാമിക അധ്യാപനം ഈ പ്രതിസന്ധികാലത്ത് വലിയ ആശ്വാസം നല്‍കുന്നു.

സുഹൈബി(റ)ല്‍ നിന്ന് നിവേദനം; നബില പറഞ്ഞു: ''ഒരു വിശ്വാസിയുടെ കാര്യം അതിശയകരം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണമായിരിക്കും. ഒരു വിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കുമതുണ്ടാവില്ല. അവന് സന്തോഷമായത് ലഭിച്ചാല്‍ അവന്‍ നന്ദികാണിക്കും. അപ്പോള്‍ അതവന് നന്മയാകും. അവന് ദോഷകരമായത് എന്തെങ്കിലും സംഭവിച്ചാല്‍ അവന്‍ ക്ഷമിക്കും. അപ്പോള്‍ അതും അവന് നന്മയായിത്തീരും'' (മുസ്‌ലിം).

അബൂസഈദ്(റ), അബൂഹുറയ്‌റ(റ) എന്നിവരില്‍ നിന്ന് നിവേദനം; നബില അരുളി: ''ഒരു മുസ്‌ലിമിന് വല്ല ക്ഷീണമോ രോഗമോ ദുഖമോ അസുഖമോ ബാധിച്ചാല്‍ അതുവഴി അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തില്‍ മുള്ള് തറക്കുന്നതായാലും ശരി''(ബുഖാരി).

അതുകൊണ്ട് തന്നെ നിരാശ ഒട്ടുമില്ലാതെയാണ് വിശ്വാസിസമൂഹം ഈ പെരുന്നാളും ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ അല്ലാഹുവിനെ മറക്കാനുള്ളതല്ല; മറിച്ച് അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും അവനെ പ്രകീര്‍ത്തിക്കാനും ഉള്ളതാണ്. ആ നിലയില്‍ ഈ മഹാമാരിക്കാലത്തും വ്രതാനുഷ്ഠാനത്തിനും മറ്റു ആരാധനാ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാനും പെരുന്നാള്‍ ദിനത്തിന് സാക്ഷിയാവാനും അനുഗ്രഹിച്ചനോട് കൂടുതല്‍ നന്ദി കാണിക്കാം. റമദാന്‍ നല്‍കിയ ചൈതന്യം കെടാതെ സൂക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യാം.

''ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല, അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടു കഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു'' (ക്വുര്‍ആന്‍ 57/22).

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തും അല്ലാഹുവിന്റെ തീരുമാനപ്രകാരമാണെന്ന വിശ്വാസത്തിന്റെ തണലില്‍ നമുക്ക് സമാധാനത്തോടെ മുന്നോട്ട് നീങ്ങാന്‍ സാധിക്കും.

അബൂഹുറയ്‌റയില്‍(റ) നിന്ന് നിവേദനം; നബില പറഞ്ഞു: ''നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക,നിങ്ങള്‍ക്ക് മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്. അതാണ് അല്ലാഹുവിന്റെ (നിങ്ങളുടെ മേലുള്ള) അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് സഹായകരമായിട്ടുള്ളത്'' (മുസ്‌ലിം).

ലോകം പ്രതിസന്ധയില്‍ ആടിയുലയുമ്പോള്‍ നോമ്പനുഷ്ഠിക്കാനും വലിയ പ്രയാസങ്ങള്‍ ഇല്ലാതെ ജീവിക്കാനും അനുഗ്രഹിച്ചവനാണ് അല്ലാഹു. നമുക്ക് ചുറ്റുമുള്ള ആയിരങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും കണ്ണീര്‍ കാഴ്ചകളും നമ്മുടെ മനസ്സ് തുറപ്പിക്കണം. നാഥന്‍ നല്‍കിയ അനുഗ്രഹങ്ങളെ വിസ്മരിക്കരുത്. കൂടുതല്‍ നന്മകളില്‍ മുഴുകാന്‍ മനസ്സിനെ പാകപ്പെടുത്തണം.

''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു''(ക്വുര്‍ആന്‍ 67/2).