ദേശീയ വിദ്യാഭ്യാസ നയം: ആശയും ആശങ്കകളും

റശീദ് കുട്ടമ്പൂര്‍

2020 ആഗസ്ത് 08 1441 ദുല്‍ഹിജ്ജ 18
ഏതൊരു സമൂഹത്തിന്റെയും സംസ്‌കൃതിയുടെ ആധാരശിലയാണ് വിദ്യാഭ്യാസം. കാലികമായ മാറ്റങ്ങള്‍ക്കനുസരിച്ച് അത് പരിഷ്‌കരിക്കേണ്ടതുണ്ട് എന്നതില്‍ പക്ഷാന്തരമില്ല. എന്നാല്‍ രാജ്യത്തിന്റെ പുതിയ നയങ്ങളിലെല്ലാം ഒളിയജണ്ടകള്‍ ധാരാളം കണ്ടതിനാല്‍ തന്നെ പൗരന്റെ ആശങ്കകളെ അവഗണിക്കാനാവില്ല. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തെ നിഷ്പക്ഷമായി വിലയിരുത്തുകയാണ് ലേഖകന്‍.

വിദ്യാഭ്യാസം ഏതൊരു സമൂഹത്തിന്റെയും പുരോഗതിയുടെ ആധാരശിലയാണ്. ആഗോളതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്, കാലികപ്രസക്തമായ മാറ്റങ്ങള്‍ വിദ്യാഭ്യാസരംഗത്ത് അനിവാര്യമായും നടപ്പാക്കപ്പെടേണ്ടതുണ്ട്. ആ അര്‍ഥത്തില്‍ ഇന്ത്യയില്‍ കേന്ദ്രഗവണ്‍മെന്റ് ഇപ്പോള്‍ അംഗീകാരം നല്‍കിയ പുതിയ വിദ്യാഭ്യാസ നയരേഖ, വിദ്യാഭ്യാസരംഗത്തെ മാറ്റത്തിനുള്ള ഒരു ചുവടുവയ്‌പെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുക സ്വാഭാവികമാണ്. കാലത്തിന്റെ മുമ്പില്‍നടക്കുന്ന ഒരു വിദ്യാഭ്യാസ കാഴ്ചപ്പാടും രീതിശാസ്ത്രവും നമുക്കുണ്ടാവണമെന്നതില്‍ പക്ഷാന്തരമില്ല.

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് വിദ്യാഭ്യാസ പ്രക്രിയയാണ് എന്നതുകൊണ്ട്, കേവല രാഷ്ട്രീയമോ മതപരമോ ആയ താല്‍പര്യങ്ങള്‍ക്കപ്പുറം ഗൗരവതരമായ പഠനവും പരിശോധനയും ഈ വിഷയത്തില്‍ അനിവാര്യമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം, ക്രാന്തദര്‍ശിയായ ചിന്തകന്‍ ഡോ. അബുല്‍ കലാം ആസാദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രാലയം പിന്നെയങ്ങോട്ടുള്ള കാലങ്ങളില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പഠനങ്ങള്‍ക്കുവേണ്ടി കമ്മീഷനുകളെ നിയോഗിക്കുകയും അവയെല്ലാം പഠന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ കമ്മീഷന്‍ (1948-1949), സെക്കന്ററി എഡ്യുക്കേഷന്‍ കമ്മീഷന്‍ (1952-1953), കോത്താരി കമ്മീഷന്‍ (1964-1966), ആചാര്യ രാമമൂര്‍ത്തി കമ്മീഷന്‍ (1985-1986) എന്നിവ അവയില്‍ പ്രധാനമാണ്.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പേര് മാനവശേഷി മന്ത്രാലയം എന്നാക്കി മാറ്റി. പി.വി. നരസിംഹറാവു ആയിരുന്നു അന്ന് വകുപ്പു മന്ത്രി. 1986ല്‍ നടപ്പാക്കുകയും പിന്നീട് 1992ല്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള വിദ്യാഭ്യാസ നയം.

2014ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍, വിദ്യാഭ്യാസരംഗത്ത് പുതിയ നയം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അങ്ങനെ കേന്ദ്രകാബിനറ്റ് സെക്രട്ടറിയായിരുന്ന ടി.എസ്.ആര്‍ സുബ്രമണ്യത്തിന്റെ അധ്യക്ഷതയില്‍ അഞ്ച് അംഗങ്ങളുള്ള ഒരു ഉദ്യോഗസ്ഥവൃന്ദത്തെ വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ പ്രാരംഭപ്രവര്‍ത്തനത്തിന് ചുമതലപ്പെടുത്തുകയും അവര്‍ 20016 മെയ് 27ന് 230 പേജുള്ള ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ദേശിയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തേണ്ടത് വിദ്യാര്‍ഥികളും വിദ്യാഭ്യാസ വിചക്ഷണരും രാഷ്ട്രീയ-സാമൂഹിക-മത സംഘടനകളുമായെല്ലാം തുറന്ന ചര്‍ച്ചകള്‍ നടത്തിക്കൊണ്ടുള്ള ജനാധിപത്യ പ്രക്രിയയിലൂടെയാവണം എന്ന ശക്തമായ ആവശ്യം അന്നു മുതലേ ഉന്നയിക്കപ്പെട്ടതാണ്. എന്നാല്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ.കസ്തൂരി രംഗന്‍ ചെയര്‍മാനായ ഒരു സമിതിയെ ദേശിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും അവര്‍ 2019 മെയ് 31ന് മാനവശേഷി വികസന മന്ത്രാലയത്തിന് കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് സംബന്ധമായ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോള്‍ വ്യാപകമായ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നെങ്കിലും ഭരിക്കുന്ന ഗവണ്‍മെന്റിന്റെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ താല്‍പര്യങ്ങള്‍ക്കാണ് പരിഗണനയും പ്രാമുഖ്യവും നല്‍കപ്പെട്ടത് എന്ന് ഇപ്പോള്‍ പുറത്തുവന്ന നയരേഖ പരിശോധിച്ചാല്‍ വ്യക്തമാവും. അന്ന് റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളുമായും ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍, 2019 ജൂണ്‍ 1ന് ഗവണ്‍മെന്റിന്റെ പ്രസ്സ് & ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തുവിട്ട പ്രസ്താവനയിലെ ആദ്യഭാഗം ഇപ്രകാരമായിരുന്നു:

The ministry of Human Resource Development has clarified following in this regard.

1.This is a draft policy submitted by the committee and is placed for views of the general public. It is not the policy announced by the Govt. After getting feedback from general public, and after consulting state Governments, the National Education Policy will be finalised by Government.

എന്നാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്കു വെക്കുകയോ പൊതുജനങ്ങളുമായുള്ള ഒരു ഡിബേറ്റിനു സന്നദ്ധമാവുകയോ ചെയ്യാതെ, കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ധൃതിപിടിച്ചുള്ള ഒരു ചുട്ടെടുക്കലിനു തയ്യാറാവുമ്പോള്‍ സ്വാഭാവികമായും സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടുന്നതില്‍ കുറ്റംപറഞ്ഞിട്ടു കാര്യമില്ല.

ഭരണ വര്‍ഗത്തിന്റെ പാര്‍ട്ടി വേദികളില്‍, മന്ത്രാലയത്തിന്റെ പേര് പഴയതുപോലെ വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കിമാറ്റണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. 2018ല്‍ ഇന്ദിരാ ഗാന്ധി നേഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിന്റെ ചെയര്‍മാനായ റാം ബഹാദൂര്‍ റേ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടുകയുണ്ടായി. പുതിയ നയം ആ ആവശ്യം അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.

ജനാധിപത്യസ്വഭാവം വേണ്ടത്ര പാലിച്ചില്ല എന്ന പോലെത്തന്നെ, രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയത്തിലും നയരേഖയിലെ നിലപാടുകള്‍ ആശാവഹമല്ല. ഇന്ത്യന്‍ നിയമ നിര്‍മാണ ഭരണവ്യവസ്ഥ മൂന്നായി വിഭജിക്കപ്പെട്ടിട്ടുണ്ട്. യൂണിയന്‍ ലിസ്റ്റ്, സ്റ്റെയിറ്റ് ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ് എന്നിങ്ങനെയാണവ.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന 52 ഇനങ്ങളാണ് കണ്‍കറന്റ് ലിസ്റ്റിലുള്ളത്, കേന്ദ്രത്തിലെയും സംസ്ഥാനത്തിലേയും ഗവണ്‍മെന്റുകള്‍ക്ക് കൂട്ടുത്തരവാദിത്തം വകവച്ചുകൊടുക്കുന്ന ഈ ഇനത്തില്‍ ഉള്‍പ്പെടുന്നതാണ് വിദ്യാഭ്യാസം. 1976ല്‍ ഭരണഘടനയുടെ 42ാം അമന്‍മെന്റ് ആക്ട് അനുസരിച്ചാണ് വിദ്യാഭ്യാസം ഉള്‍പ്പെടെ അഞ്ച് ഇനങ്ങള്‍ സ്റ്റെയിറ്റ് ലിസ്റ്റില്‍നിന്നും കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ടത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഈ കൂട്ടുത്തരവാദിത്തം തുടര്‍ന്നുള്ള വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. എന്നാല്‍ പുതുതായി അവതരിപ്പിക്കപ്പെട്ട നയരേഖ, സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ പലതും അമിതമായി അപഹരിച്ചെടുക്കും വിധമാണ്. കരടുനയം സംബന്ധിച്ച് കേരളം നല്‍കിയ നിര്‍ദേശങ്ങള്‍ ബഹുഭൂരിഭാഗവും അംഗീകരിക്കപ്പെട്ടില്ല എന്ന് ഉത്തരവാദപ്പെട്ടവര്‍തന്നെ വ്യക്തമാക്കുകയുണ്ടായി. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മൊത്തത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അധികാരം കുടുതല്‍ അരക്കിട്ടുറപ്പിക്കും വിധമാണ്. എന്നാല്‍ നിര്‍ദിഷ്ട മാറ്റങ്ങള്‍ക്കാവശ്യമായ ഭീമമായ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലാണു താനും! കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ ഘട്ടത്തില്‍ തന്നെ ഇത്തരത്തിലുള്ള അതി പ്രധാനമായ ഒരു വിഷയം എടുത്തിട്ടത് രാഷ്ട്രീയത്തിലെ 'എസ്‌കെയ്പ് ഫോര്‍വേഡ്' തന്ത്രത്തിന്റെ ഭാഗമാണെന്ന വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു. മിക്ക സംസ്ഥാനങ്ങളുടേയും ധനസ്ഥിതി ഇത്തരത്തിലുള്ള ഒരു പദ്ധതിക്ക് അനുകൂലമായ അവസ്ഥയിലല്ല.

വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ അവസ്ഥകള്‍ തികച്ചും വ്യത്യസ്തമാണ്. കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ താരതമ്യേന മുന്നിലാണ്. എന്നാല്‍ ഇത്തരം സംസ്ഥാനങ്ങള്‍ക്ക് അടുത്തതിലേക്ക് നീങ്ങുന്നതിനുള്ള പ്രത്യേക പരിഗണനയില്ല. പകരം, പിന്നിലുള്ളവരെയും മുന്നിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് നയരേഖയില്‍ വ്യക്തമാക്കുന്നത്.

കേന്ദ്രീകൃതവും സമുലവുമായ ഒരു പരിഷ്‌കാരമാണ് പുതിയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്നത്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടകം സ്‌കൂള്‍ ഘട്ടമാണ്. ഇവിടെ 10+2 സമ്പ്രദായമാണ് നിലവിലുള്ളത്. ഇതിനു പകരം 5+3+3+4 സിസ്റ്റമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അങ്കണവാടി, നഴ്‌സറി, 1, 2 ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന 5 വര്‍ഷത്തെ ഫൗണ്ടേഷന്‍ 3 മുതല്‍ 5 വരെയുള്ള പ്രിപറേറ്ററി, 6 മുതല്‍ 8 വരെയുള്ള മിഡില്‍ സ്‌കൂള്‍, 9 മുതല്‍ 12 വരെയുള്ള സെക്കന്ററി എന്നിവയാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നാല് ഘട്ടങ്ങള്‍. കൂടാതെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള പ്രായപരിധി നിലവിലുള്ള 6-14 എന്നതിനു പകരം 3-18 എന്നാക്കിയിരിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വലിയൊരു ഉല്‍കണ്ഠ നിലനില്‍ക്കുന്നത് ഇവിടെയാണ്. പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ സ്‌കൂളുമായി സമന്വയിപ്പിക്കുമ്പോള്‍ ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍, പങ്കുവയ്ക്കലിലൂടെ പരിഹരിക്കുക എന്നതിനപ്പുറം വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ നിര്‍ദേശങ്ങള്‍ ഈ വിഷയത്തിലില്ല എന്നതാണ് നയരേഖയിലെ പ്രധാന ന്യൂനതകളിലൊന്ന്. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, സാമ്പത്തിക-സാമൂഹിക മേഖലകളിലെ പിന്നാക്കവിഭാഗങ്ങള്‍, മതന്യൂനപക്ഷങ്ങള്‍ തുടങ്ങി നിലവിലുള്ള വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഗൗരവമായി സമീപിക്കുന്നതിനു പകരം, കേവല വിവരസാങ്കേതിക മികവിനെ അമിതമായി അവലംബിച്ചുകൊണ്ട് എല്ലാറ്റിനും പരിഹാരം എന്ന സമീപനമാണ് ദൃശ്യമാവുന്നത്.

പ്രാഥമികതലം മുതല്‍ സൈക്കന്ററിതലം വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുമെന്നും 2030നകം എല്ലാവര്‍ക്കും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കി രാജ്യം 100% സാക്ഷരത കൈവരിക്കുമെന്നുമാണ് എന്‍.ഇ.പി 2020 വ്യക്തമാക്കുന്നത്. 2 കോടി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്യുന്നു. 2025 ആകുമ്പോഴേക്കും സാര്‍വത്രികമായ സാക്ഷരതയും സംഖ്യാബോധവും പ്രൈമറിവിദ്യാലയങ്ങളില്‍ മൂന്നാം തരത്തിലെത്തുമ്പോഴേക്കും നടപ്പാക്കാനുള്ള പദ്ധതികളുടെ ചുമതല സംസ്ഥാന ഗവണ്‍മെന്റുകളെ ഏല്‍പിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരാ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്നതിനുവേണ്ടി ക്രോസ് ഡിസ്എബിലിറ്റി ട്രയിനിംഗും റിസോര്‍സ് സെന്ററുകളും സാങ്കേതിക വിദ്യാഭ്യാസ സൗകര്യവും ഒരുക്കുമെന്നും, കുട്ടികളുടെ കലാപരവും കരിയര്‍ സംബന്ധവും വിനോദവുമായി ബന്ധപ്പെട്ടതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും വിധത്തിലുള്ള 'ബാലഭവനുകള്‍' പ്രത്യേക പകല്‍ ബോര്‍ഡിംഗ് സ്‌കൂളുകളായി എല്ലാ സംസ്ഥാന/ജില്ല തലങ്ങളിലും നിര്‍മിക്കുമെന്നുമുള്ള വാഗ്ദാനം സ്വാഗതാര്‍ഹമാണ്.

പോളിസിയുമായി ബന്ധപ്പെട്ട് ഗൗരവതരമായി ചര്‍ച്ചചെയ്യപ്പെടേണ്ട ഒരിനമാണ് ഭാഷാപരമായ വിഷയത്തിലെ നിലപാട്. ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത് എന്നും ചര്‍ച്ചയായ വിഷയമാണിത്. 2019 മെയ് മാസത്തില്‍ നയരേഖയുടെ കരട് സമര്‍പ്പിക്കപ്പെട്ടപ്പോള്‍, ഹിന്ദി നിര്‍ബന്ധ ഭാഷയായി നിര്‍ദേശം വന്നതിനെതിരെ ശക്തയായ വിമര്‍ശനം ഉയര്‍ന്നുവന്നപ്പോഴാണ് അത് നീക്കംചെയ്യാന്‍ തയ്യാറായത്. ഈ വിഷയത്തില്‍ അല്‍പം ചരിത്രം നാം അനുബന്ധമായി മനസ്സിലാക്കുന്നത് നല്ലതാണ്.

ത്രിഭാഷാ പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യ റെക്കമെന്റേഷന്‍ 1948-49ലെ യൂനിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ കമ്മീഷനാണ് മുന്നോട്ടുവച്ചത്. അന്ന് ഹിന്ദിക്ക് ഇതര ഭാഷകളായ കന്നഡ, തെലുങ്ക്, തമിഴ്, മറാത്തി, ബംഗാളി, പഞ്ചാബി, മലയാളം തുടങ്ങിയ ഭാഷകളെക്കാള്‍ സവിശേഷ മേധാവിത്വം ഉണ്ടായിരുന്നില്ലെങ്കിലും ഫെഡറല്‍ വ്യവസ്ഥയില്‍ എല്ലാ സംസ്ഥാനങ്ങളെയും യോജിപ്പിക്കാന്‍ ഹിന്ദിവഴി സാധിക്കുമെന്ന് അഭിപ്രായമുണ്ടായി. 1964-1966ലെ എഡ്യുക്കേഷന്‍ കമ്മീഷന്‍ കുറച്ചുകൂടി വിപുലമായ ഒരു ഫോര്‍മുല മുന്നോട്ടുവച്ചു. ഹിന്ദി സംസാരിക്കുന്ന മേഖലകളില്‍ ഹിന്ദിയും ഇംഗ്ലിഷും മൂന്നാമതായി ഒരു ഇന്ത്യന്‍ ഭാഷയും എന്ന വിധത്തിലും ഇതരമേഖലകളില്‍ ഹിന്ദിയും ഇംഗ്ലീഷും അതാതു സ്ഥലത്തെ പ്രാദേശിക ഭാഷയും എന്നതായിരുന്നു ശുപാര്‍ശ. 1968ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഇതംഗീകരിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ വ്യാപകമായ എതിര്‍പ്പുണ്ടായി; പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍നിന്ന്. അന്ന് തമിഴ്‌നാട് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരൈ തന്നെ അതിന് നേതൃത്വം നല്‍കി. ഇന്ത്യക്കു പുറത്തുള്ളവരുമായി ലിങ്ക് ചെയ്യുന്ന ഭാഷതന്നെ മതി ഇന്ത്യക്കകത്തും എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നിട്ടദ്ദേഹം പറഞ്ഞു: 'രണ്ട് ലിങ്കിംഗ് ലാംഗ്വേജ് എന്നത് പൂച്ചക്കു പോകാന്‍ വലിയ സുഷിരവും പൂച്ചക്കുഞ്ഞിന് പോകാന്‍ ചെറിയ സുഷിരവും എന്ന വിഡ്ഢിത്തമാണ്."What suits the cat will suit the kitten as well'' എന്ന അദ്ദേഹത്തിന്റെ പ്രയോഗം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. പുതിയ കരടുനയരേഖയിലെ ഭാഷാനിലപാടിനെതിരെയും ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നതും തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നായിരുന്നു.

അഞ്ചാം ക്ലാസ്സുവരെയുള്ള പഠനം മാതൃഭാഷ, അല്ലെങ്കില്‍ പ്രാദേശികഭാഷ ഉപയോഗപ്പെടുത്തിയാവണം എന്നാണ് പുതിയ പോളിസി ആവശ്യപ്പെടുന്നത്. ഉയര്‍ന്ന ക്ലാസ്സുകളിലേക്കും ഇത് ശുപാര്‍ശ ചെയ്യുന്നുണ്ട്. ത്രിഭാഷാ പഠനസംവിധാനം ഉള്‍പ്പെടെ സംസ്‌കൃതത്തെ ഒരു പുതിയ ഓപ്ഷനായി ചേര്‍ക്കുകയും സംസ്‌കൃതത്തിന്റെ ബോധനരീതിക്ക് പുതിയ സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രത്യേകമായി സൂചിപ്പിക്കുകയും ചെയ്യുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസം പ്രാദേശികഭാഷയില്‍ എന്ന് പറയുമ്പോള്‍ സ്വാഭാവികമായി അതിന് സ്വീകാര്യത ലഭിച്ചേക്കാം. എന്നാല്‍ അതിന് ഒരു മറുവശവുമുണ്ട്. ഇന്ത്യയില്‍ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മെക്കാളെ പ്രഭുവാണ് ഇന്ത്യയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്. ബ്രിട്ടീഷുകാര്‍ക്ക് ഭരണ തലത്തില്‍ സഹായകമാവുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിക്കലായിരുന്നു അതിന്റെ ലക്ഷ്യമെങ്കിലും രാജ്യത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിലും അതുവഴി സ്വാതന്ത്ര്യസമരത്തിലും ഇത് പങ്കുവഹിക്കുകയുണ്ടായി. എന്നാല്‍ വിദ്യാഭ്യാസരംഗത്തെ ഈ ആംഗലേയവല്‍ക്കരണം ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ തകിടംമറിക്കുമെന്നാണ് അന്ന് രാജ്യത്തെ ഹിന്ദുത്വശക്തികള്‍ വാദിച്ചത്. ആ വിശ്വാസത്തിന്റെ തുടര്‍ച്ചയാണോ പുതിയ നിലപാടിനു പിന്നിലുമെന്നും സ്വാഭാവികമായും സംശയിക്കപ്പെടാം. ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥ തികച്ചും ജാതി/വര്‍ണ വ്യവസ്ഥയില്‍ അധിഷ്ഠിതമാണ്. ഇംഗ്ലീഷ് ഭാഷയിലധിഷ്ഠിതമായ ആധുനിക വിദ്യാഭ്യാസത്തിലൂടെയാണ് അധഃസ്ഥിത സമൂഹത്തിന്റെ മോചനം എന്നാണ് ഡോ.അംബേദ്കര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഈ കാഴ്ചപ്പാടില്‍നിന്ന് നോക്കുമ്പോള്‍ പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ തിരിച്ചുവരവ്. പാരമ്പര്യ സാമൂഹിക വ്യവസ്ഥിതിയുടെയും സാംസ്‌കാരികതയുടെയും തിരിച്ചുവരവിന് കാരണമാകുമോ എന്ന ആശങ്ക അസ്ഥാനത്തല്ല.

ആറാം ക്ലാസ്സു മുതല്‍ തൊഴില്‍ പരിശീലനവും ഇന്റേണ്‍ഷിപ്പും എന്നതാണ് നയരേഖയില്‍ സ്‌കൂള്‍ വിദ്യാഭ്യാസ സംബന്ധമായ മറ്റൊരു പ്രധാന നിര്‍ദേശം. ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസം സംബന്ധിച്ച കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞകാല കമ്മീഷനുകള്‍ എല്ലാം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെപ്പറ്റി ഊന്നിപ്പറഞ്ഞിട്ടുണ്ട്. നിലവില്‍ പത്താംതരം കഴിഞ്ഞശേഷം പരമ്പരാഗത വിദ്യാഭ്യാസം വേണോ പോളിടെക്‌നിക്, ഐ.ടി.ഐ പോലുള്ള സാങ്കേതിക വിദ്യാഭ്യാസം വേണോ എന്ന ഓപ്ഷന്‍ കുട്ടികളുടെ മുന്നിലുണ്ട്.

എട്ടാം ക്ലാസ്സുവരെയുള്ള അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗണ്യമായഭാഗം അപഹരിക്കപ്പെടുന്നു എന്നു മാത്രമല്ല, നിര്‍ബന്ധമായ വൊക്കേഷന്‍ ട്രയിനിംഗ് എന്നത് തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ നിഷേധംകൂടിയാണ്. 6ാം ക്ലാസ്സ് മുതല്‍ തൊഴില്‍പരിശീലനം എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും സ്‌കൂള്‍തലത്തിലെ അതിന്റെ പ്രായോഗികത ഏറെ ഗൗരവതരമായ പഠനം അര്‍ഹിക്കുന്നു. ചുരുക്കത്തില്‍ ഏകീകൃത സ്‌കൂള്‍ വിദ്യാഭ്യാസം എന്ന നിര്‍ണായകമായ തീരുമാനം, എന്തു പഠിക്കണമെന്ന് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നഷ്ടപ്പെടുത്തുകയും സര്‍ക്കാറിന്റെ നയങ്ങള്‍ അടിച്ചേല്‍പിക്കുന്ന അവസ്ഥയുമാണ് സംജാതമാക്കുക. ഇത് ഏറെ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളുള്ളതാണ്.

കരിക്കുലം പോലെ തന്നെ വിദ്യാഭ്യാസ രംഗത്തെ അതിപ്രധാനമായ ഘടകമാണ് അധ്യാപക പരിശീലനവും അധ്യാപന രീതിയും. പുതിയ സ്‌കൂള്‍ പാഠ്യപദ്ധതിയും അധ്യാപകര്‍ക്കുള്ള പാഠ്യപദ്ധതിയും 2020-21ല്‍ തന്നെ തയ്യാറാക്കുമെന്നും 2030 ആകുമ്പോള്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള മിനിമം യോഗ്യത 4 വര്‍ഷ ഇന്‍ഗ്രേറ്റഡ് ബി.എഡ് ആണെന്നും നയത്തില്‍ വ്യക്തമാക്കുന്നു. നിലവിലുള്ള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (TET) പുതിയ സിസ്റ്റപ്രകാരം മാറ്റം വരുത്തുമെന്നും അതാത് വിഷയത്തിലുള്ള ടെസ്റ്റ് അല്ലെങ്കില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ടെസ്റ്റ് സ്‌കോറുകളോ നിയമനത്തിന് മാനദണ്ഡമായി സ്വീകരിക്കുമെന്നുമാണ് വിശദീകരണം. മാത്രവുമല്ല ടെറ്റില്‍ യോഗ്യതനേടുന്നവര്‍ പ്രാദേശിക ഭാഷയില്‍ ഡെമോണ്‍സ്‌ട്രേഷന്‍/ഇന്റര്‍വ്യൂ കൂടി യോഗ്യത തെളിയിക്കണമെന്നും അനുബന്ധമായുണ്ട്. ബി.എഡിന്റെ വിഷയത്തില്‍ രണ്ട് ഓപ്ഷനുകളുണ്ട്. ബാച്ചിലേര്‍സ് ഡിഗ്രിയുള്ളവര്‍ക്ക് രണ്ടുവര്‍ഷ ബി.എഡ്; എന്നാല്‍ 4 വര്‍ഷത്തെ മള്‍ട്ടീ ഡിസിപ്ലിനറി ബാച്ചിലേര്‍സ് ഡിഗ്രിയോ മാസ്റ്റേഴ്‌സ് ഡിഗ്രിയോ ഉള്ളവര്‍ക്ക് ഒരു വര്‍ഷ ബി.എഡ് കോഴ്‌സ് എന്ന വിധത്തിലാണ് ഓപ്ഷനുകള്‍. അധ്യാപകരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യലും നികത്തലും സംസ്ഥാന ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ ഡിജിറ്റല്‍ സമ്പ്രദായത്തിലൂടെയാകണമെന്നും നയരേഖ നിര്‍ദേശിക്കുന്നു. (അവസാനിച്ചില്ല)