വിദ്യാര്‍ഥിലോകവും ലക്ഷ്യബോധവും
നബീല്‍ പയ്യോളി
2020 മാര്‍ച്ച് 14 1441 റജബ് 19
അടുത്ത കാലത്തായി കൗമാരക്കാരുടെ ആത്മഹത്യാനിരക്ക് വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനും മാതാപിതാക്കള്‍ ശകാരിച്ചതിനും അധ്യാപകരുടെ മോശമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ചും സാമൂഹ്യമാധ്യമങ്ങളുടെ ചതിക്കുഴിയില്‍ അകപ്പെട്ടും... അങ്ങനെ നിരവധി കാരണങ്ങള്‍ ജീവിതം അവസാനിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. എന്തുപറ്റി ഈ കൗമാര തലമുറക്ക് എന്നത് ഗൗരവപൂര്‍വം നാം ആലോചിക്കേണ്ടിയിരിക്കുന്നു. ജീവിതയാത്രയില്‍ മുന്നോട്ട് പോകുമ്പോള്‍ ഉണ്ടാവുന്ന ചെറുതും വലുതുമായ പ്രതിസന്ധികളില്‍ തട്ടി ജീവിതം അവസാനിപ്പിക്കും വിധം ദുര്‍ബലരായി അവര്‍ മാറുന്നതെന്തുകൊണ്ടാണ്?
വിദ്യാഭാസപരമായും സാമ്പത്തികമായും നല്ല നിലയില്‍ കഴിയുന്നവരാണ് മലയാളികള്‍ പൊതുവെ. വിദ്യാഭ്യാസ രംഗത്ത് ലോകത്തിന്റെ ചലനങ്ങള്‍ക്കനുസരിച്ച് മാറാനും അറിവ് ആര്‍ജിക്കാനും ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനും എല്ലാവരും ഒരേപോലെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭാഗ്യവന്മാരാണ് നമ്മുടെ പുതുതലമുറ. അവര്‍ക്ക് ഇന്നിന്റെ സാധ്യതകളും സാഹചര്യങ്ങളും അനുകൂലമാണ്.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ രംഗത്തും ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും നാം വളരെ മുന്നേറിയിരിക്കുന്നു. തോല്‍വിയറിയാതെ വിജയപീഠം ഓടിക്കയറുകയാണ് വിദ്യാര്‍ഥികള്‍. അതില്‍ ഉണ്ടാകുന്ന ചെറിയ ഇടര്‍ച്ച പോലും അവരെ വല്ലാതെ തളര്‍ത്തിക്കളയുന്നു എന്നത് നാം ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയം തന്നെ. തങ്ങളുടെ കഴിവും പ്രാപ്തിയും അനുസരിച്ചുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ഓരോരുത്തര്‍ക്കും സാധ്യമാണ്. മാതാപിതാക്കളും കുടുംബവും ഒരുവേള സമൂഹവും ചെലുത്തുന്ന സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി, തനിക്ക് പ്രാപ്യമല്ലാത്ത കോഴ്സുകള്‍ ചെയ്യേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വിധേയരാവുകയും പാതിവഴിയില്‍ കോഴ്സോ അല്ലെങ്കില്‍ ജീവിതം തന്നെയോ അവസാനിപ്പിച്ച് പോകുകയോ ചെയ്യുന്നത് വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്. ഇതിന് ഇടവരുത്താതെ ഓരോ വിദ്യാര്‍ഥിക്കും അവന്റെ/അവളുടെ അഭിരുചിക്കും കഴിവിനും അനുസരിച്ചുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാനും പഠിക്കാനും ഉള്ള അന്തരീക്ഷം ഉണ്ടാവണം. എല്ലാവരെയും ജയിപ്പിക്കുക എന്ന രീതിയാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി നമ്മുടെ വിദ്യാഭ്യാസ രംഗത്ത് സ്വീകരിച്ചു വരുന്നത്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള ഈ രീതിയല്ല ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എന്നതാണ് പലപ്പോഴും വിദ്യാര്‍ഥികളില്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമായിത്തീരുന്നത്. ഈ മാറ്റത്തെ ഉള്‍ക്കൊള്ളാനും അതിനനനുസരിച്ചു കാര്യങ്ങള്‍ ചെയ്യാനും മനസ്സിനെ പാകപ്പെടുത്തണം. തിരഞ്ഞെടുക്കുന്ന കോഴ്സിനെക്കുറിച്ചും പഠിക്കാന്‍ പോകുന്ന ക്യാമ്പസിനെക്കുറിച്ചും അനുഭവജ്ഞരില്‍ നിന്ന് ചോദിച്ചറിയുക വളരെ പ്രധാനമാണ്. അത് നല്‍കുന്ന കാഴ്ചപ്പാട് വരും നാളുകളില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഒരു പരിധിവരെ കുട്ടികളെ സഹായിക്കും.
കേരളത്തിന് പുറത്ത് പ്രധാന നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍ തങ്ങളുടെ ഉന്നത പഠനം ലക്ഷ്യമാക്കി പോകുന്നുണ്ട്. കേരളത്തില്‍ നിന്നും വ്യസ്ത്യ സ്തമായ സാഹചര്യം, നല്ല അക്കാദമിക നിലവാരം, അന്യഭാഷ സ്വായത്തമാക്കല്‍, വ്യത്യസ്ത സംസ്‌കാരങ്ങളുമായി ഇടപഴകല്‍, ഇന്ത്യയുടെ വൈവിധ്യങ്ങളെ അടുത്തറിയല്‍, കേരളത്തിലെ രാഷ്ട്രീയ കളികളില്‍ ആടിയുലയുന്ന വിദ്യാഭ്യാസ സമ്പ്രദായം തങ്ങളുടെ ഭാവി തകര്‍ക്കുമോ എന്ന ആശങ്കയില്‍ നിന്ന് രക്ഷപ്പെടല്‍ ഇങ്ങനെയുള്ള പല ഘടകങ്ങളും ലക്ഷ്യങ്ങളും മലയാളി വിദ്യാര്‍ഥികളെ കേരളത്തിന് പുറത്തേക്ക് തങ്ങളുടെ ഉന്നതപഠനം പറിച്ചു നടാന്‍ പ്രേരിപ്പിക്കുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരുടെ മികവ് മലയാളി വിദ്യാര്‍ഥികളെ മോഹിപ്പിക്കുകയും ചെയ്യുന്നു. മക്കളുടെ ഭാവിയോര്‍ത്ത് ഈ പറിച്ചുനടലിന് മാതാപിതാക്കള്‍ സമ്മതം മൂളുന്നു. അവിടെയുള്ള സാധ്യതകള്‍ കണ്ട് പോകുന്നവര്‍ പലപ്പോഴും അവിടെ ഉണ്ടായേക്കാവുന്ന പ്രയാങ്ങളെയും പ്രതിസന്ധികളെയും പറ്റി ചിന്തിക്കുന്നേയില്ല. കേരളത്തിന് പുറത്ത് തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളാണ് നിലവിലുള്ളത്. നമ്മുടെ കുട്ടികളില്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാനും ആ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനും കഴിയണമെന്നില്ല. അത് പല അനര്‍ഥങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യും.
എത്ര ഉന്നതവിദ്യാഭ്യാസം നേടിയാലും അത് ആരെയും സംസ്‌കാര സമ്പന്നനാക്കുന്നില്ല എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവണം. നമുക്ക് ചുറ്റുമുള്ള സംഭവവികാസങ്ങള്‍ ദിനേന അതാണ് വിളിച്ചു പറയുന്നത്. സര്‍ട്ടിഫിക്കറ്റുകളുടെ കനമോ പേരിന്റെ കൂടെ ചേര്‍ക്കുന്ന ഡിഗ്രികളുടെ എണ്ണമോ അല്ല ഒരാളെ സംസ്‌കാര സമ്പന്നനാക്കുന്നത്; മറിച്ച് അയാളിലുള്ള ധാര്‍മിക ബോധമാണ്. ഉന്നത ഉദ്യോഗസ്ഥരും അധ്യാപകരും രാഷ്ട്രതന്ത്രജ്ഞരും ഭരണാധികാരികളും ശാസ്ത്രജ്ഞരും ഭിഷഗ്വരന്മാരും അടക്കമുള്ള പലരും ഈ സത്യത്തിന്റെ ജീവിക്കുന്ന പതിപ്പുകളാണ്. അവര്‍ ഉണ്ടാക്കുന്ന പ്രയാസങ്ങളും സമ്മര്‍ദങ്ങളും അവരുടെ മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തനങ്ങളും സമൂഹത്തിലുണ്ടാക്കുന്ന ദുരന്തങ്ങള്‍ ചെറുതല്ല. കാരണങ്ങള്‍ പലതെങ്കിലും അതിന്റെയൊക്കെ അടിസ്ഥാനം അവരിലെ ധാര്‍മിക ബോധത്തിന്റെ അഭാവമാണെന്ന് കണ്ടെത്താന്‍ കഴിയും.
ഇളംതലമുറയെ ജീവിതത്തോട് വിമുഖതയുള്ളവരാക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ അവര്‍ പഠിക്കുന്ന ക്യാമ്പസുകളില്‍ നിലവിലുണ്ടോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പല കുട്ടികളും തങ്ങളുടെ ക്യാമ്പസ് ജീവിതത്തില്‍ ഉണ്ടായ ഇത്തരം അനുഭവങ്ങള്‍ പങ്കുവെച്ചത് നാം കേട്ടതും വായിച്ചതുമാണ്. നമ്മള്‍ വിചാരിക്കുന്നതിനെക്കാളും ഭീതിതമായ സാഹചര്യം ചില ക്യാമ്പസുകളില്‍ ഉണ്ടെന്നത് ഞെട്ടലുളവാക്കുന്നതാണ്. അധ്യാപകരുടെ ക്രൂരമായ പെരുമാറ്റവും വര്‍ഗീയ ചിന്തയും അവഗണനയും ഒറ്റപ്പെടുത്തലും വിദ്യാര്‍ഥികളെ തകര്‍ത്തുകളയുന്ന ക്യാമ്പസുകള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? അടുത്ത കാലത്ത് ഒരു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ അവള്‍ പഠിക്കുന്ന സ്ഥാപനത്തെയും അധ്യാപകനെയും സംശയത്തിന്റെ നിഴിലില്‍ നിര്‍ത്തിയത് നാം കണ്ടതാണ്. ധാരാളം വിദ്യാര്‍ഥികള്‍ അവരുടെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിട്ടും അധികാരി വര്‍ഗം കണ്ണടക്കുകയാണുണ്ടായത്. തങ്ങളുടെ കരിയറിനെ ബാധിക്കും എന്ന സ്വാര്‍ഥത ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും ശ്രമിച്ചത്. അനീതിക്കെതിരെ ശബ്ദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഏതൊരു പ്രശ്നത്തിന്റെയും അടിസ്ഥാന കാരണം കണ്ടെത്തി അതിനെ ചികിത്സിക്കുന്നതിന് പകരം തൊലിപ്പുത്തുള്ള ചികിത്സയാണ് എല്ലാവര്‍ക്കും പ്രിയം. ആളുകളുടെ കണ്ണില്‍ പൊടിയിടാനും അനിഷ്ടസംഭവങ്ങളെ വിസ്മൃതിയിലാക്കുവാനും ഇനിയും അത്തരം സംഭവങ്ങള്‍ തുടരാനും മാത്രമെ ഈ തൊലിപ്പുറ ചികിത്സകൊണ്ട് സാധിക്കുകയുള്ളൂ. ധാര്‍മിക നിലവാരത്തിലെ അപചയമാണ് കുറ്റകൃത്യങ്ങളി ലേക്ക് തള്ളിവിടുന്നത് എന്ന അടിസ്ഥാനപരമായ തിരിച്ചറിവും അതിനുള്ള പ്രതിരോധവുമാണ് പരിഹാരം.
കൃത്യമായ ലക്ഷ്യബോധം വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരിക്കണം; ജീവിതത്തെ കുറിച്ചും പഠനത്തെകുറിച്ചും. ലക്ഷ്യമില്ലാതെ യാത്ര ചെയ്യുന്ന ഒരാള്‍ തോന്നിയേടത്ത് യാത്ര അവസാനിപ്പിക്കും. ലക്ഷ്യമുള്ളവന്‍ ലക്ഷ്യത്തിലെത്തിയാലേ യാത്ര അവസാനിപ്പിക്കൂ. ഭൗതിക വിദ്യാഭ്യാസത്തിന്റെ കുത്തൊഴുക്കില്‍ മതപഠനം ഒലിച്ചുപോയിക്കൊണ്ടിരിക്കുകയാണ്. അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരും ചെരുപ്പ് കുത്തികളും വെള്ളംകോരികളുമായ കേരളം മുസ്ലിം സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ ത്തിയവര്‍ അതിന് സ്വീകരിച്ച രീതിയെന്തെന്ന് ആഴത്തില്‍ പഠിക്കേതുണ്ട്. ഒരു മനുഷ്യന് ചരിത്ര ബോധം അനിവാര്യമാണ്. അത് നല്‍കുന്ന ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവുമാണ് അയാളുടെ പാഥേയം. അതില്ലാതെ മുന്നോട്ട് പോവുക അസാധ്യം. അടിസ്ഥാനപരമായി മത, ഭൗതിക വിദ്യാഭ്യാസം സംയോജിപ്പിച്ച നവോത്ഥാന ശ്രമങ്ങളാണ് കേരളത്തിലെ മുസ്ലിം നവോത്ഥാന നായകര്‍ മുന്നോട്ട് വെച്ചത്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്ത് കേരളത്തിലെ മുസ്ലിം സമൂഹത്തിന് അസൂയാവഹമായ വളര്‍ച്ച നേടിയെടുക്കാന്‍ സാധിച്ചതും. സച്ചാര്‍ അടക്കമുള്ള, ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ അവസ്ഥകളെ കുറിച്ച് പഠിച്ച കമ്മീഷനുകളുടെ കണ്ടെത്തലുകള്‍ക്ക് കേരളം ഒരു തിരുത്തായി മാറിയത് നമ്മുടെ മുഗാമികളുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ്. ഇന്നത്തെ സമൂഹം ഇതിന്റെ ഉപയോക്താക്ക ളാണ്; പക്ഷേ, അവര്‍ ചരിത്രത്തെ വിസ്മരിക്കുകയാണ്.
ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഈ നൂറ്റാണ്ടില്‍ ഉണ്ടായ കുതിച്ചുചാട്ടവും സാങ്കേതിക വിദ്യയുടെ മുന്നേറ്റവും ലോകം വിരല്‍ത്തുമ്പില്‍ ഒതുങ്ങിയതും നന്മയോടൊപ്പം തിന്മകളുടെ കുത്തൊഴുക്കിനും കാരണമായി. അതിന്റെ ദുരന്തം നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിവര സാങ്കേതിക വിദ്യയുടെ ആയിരം നന്മകള്‍ നമുക്കും പുതു തലമുറക്കും ഉപയോഗപ്പെടുത്താന്‍ ഉണ്ടെങ്കിലും അതിന്റെ അത്രതന്നെ തിന്മകളുടെ കേദാരമാണ് വെര്‍ച്യുല്‍ വേള്‍ഡ്. സമൂഹത്തില്‍ തിന്മകളുടെ വ്യാപനം മുമ്പത്തെക്കാള്‍ വേഗതയില്‍ നടന്നുകൊണ്ടിരിക്കുന്നു. അത് ഒരു മറയും കൂടാതെ, പുരോഗമനത്തിന്റെ കുപ്പായമണിഞ്ഞ് വീടകങ്ങളിലും വിരല്‍ത്തുമ്പിലും എത്തിനില്‍ക്കുന്നു.
മദ്റസകള്‍ കേരള മുസ്ലിം നവോത്ഥാന ചരിത്രത്തില്‍ അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ആ മദ്റസകള്‍ ഇന്ന് ഇവിടെ എത്തിനില്‍ക്കുന്നു എന്ന് ആലോചിച്ചാല്‍ ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെയുണ്ടായി എന്ന് ബോധ്യമാകും. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാവിലെ മദ്റസ സമയം കവര്‍ന്നെടുത്ത് രക്ഷിതാക്കളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു മണിക്കൂര്‍ മോറല്‍ ക്ലാസ്സ് വാഗ്ദാനം ചെയ്യുകയാണ്. മദ്റസകള്‍ പലതും വീക്കെന്‍ഡ് ആയി. അന്നാകട്ടെ കല്യാണവും സല്‍ക്കാരവും വിരുന്നുപോക്കുമായി പല കുട്ടികളും ക്ലാസ്സ് മുടക്കുകയും ചെയ്യുന്നു.
പുതുതലമുറ മതവിദ്യാഭ്യാസം ലഭിക്കാത്തവരായി വളരുകയാണ്. വളരെ ചെറുപ്രായത്തില്‍ മദ്റസകളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ക്കപ്പുറം തിരിച്ചറിവിന്റെ പ്രായത്തില്‍ മതാധ്യാപനങ്ങള്‍ ലഭിക്കുന്ന ഇടങ്ങള്‍ അവര്‍ക്ക് അന്യമായി. പഠനത്തിന്റെയും പരീക്ഷയുടെയും പേരു പറഞ്ഞ് അവര്‍ അകറ്റി നിര്‍ത്തപ്പെട്ടു. മതം അവരുടെ വ്യക്തിത്വ സ്വഭാവ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കാതെ വന്നു. അവര്‍ ഭൗതികതയുടെ പളപളപ്പില്‍ മുന്നോട്ട് പോയപ്പോള്‍ മാതാപിതാക്കളും സമൂഹവും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രതിസന്ധികള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നതിലേക്ക് ഇത് അവരെ നയിക്കുകയാണ്.
ഉയര്‍ന്ന കോഴ്സുകള്‍ ചെയ്യുന്ന പലര്‍ക്കും ഇസ്ലാമിക വേഷവും ആരാധനകളും അത്ര പിടിക്കുന്നില്ല. അങ്ങനെ മതത്തെ ജീവിതത്തില്‍ പ്രതിഫലപ്പിക്കുന്ന സഹപാഠികളെ പരിഹസിക്കുവാനും ഇക്കൂട്ടര്‍ മടിക്കാറില്ല! ഈ പോക്ക് അപകടത്തിലേക്കാണ്.
സമയം വൈകിയിട്ടില്ല. പുതുതലമുറയെ ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്തെന്ന് ബോധ്യപ്പെടുത്തണം. ഇഹലോക നശ്വരതയും പരലോകത്തിന്റെ അനശ്വരതയും അവര്‍ മനസ്സിലാക്കണം. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക എന്ന ഏറ്റവും വലിയ പാപം ചെയ്തവന് പോലും പശ്ചാത്തപിച്ച് മടങ്ങാന്‍ അവസരമുണ്ടെന്നും അതിലൂടെ മരണാനന്തര ജീവിതം സുരക്ഷിതമാക്കാന്‍ സാധ്യമാണെന്നും ഉദ്ബോധിപ്പിക്കുന്നു ഇസ്ലാം. എങ്കില്‍ പിന്നെ അതിന് താഴെയുള്ള മുഴുവന്‍ പാപങ്ങളും പൊറുത്ത് മാപ്പുനല്‍കാന്‍ കാരുണ്യവാനായ നാഥന്‍ തയ്യാറാണ് എന്ന തിരിച്ചറിവ് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഒരാള്‍ക്ക് നല്‍കുന്ന പ്രതീക്ഷയും ഊര്‍ജവും ചെറുതല്ല.
അല്ലാഹു പറയുന്നു: ''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 67:2).
ഇഹലോക ജീവിതത്തോട് ഒരു വിശ്വാസിക്ക് ഉണ്ടാവേണ്ട സമീപനത്തെ പ്രവാചകന്‍ പഠിപ്പിക്കുന്നത് കാണുക: അബ്ദുല്ലാഹിബ്നു ഉമര്‍(റ) പറയുന്നു: ''പ്രവാചകന്‍ ﷺ എന്റെ തോളില്‍പിടിച്ച് പറഞ്ഞു: 'ജീവിതത്തില്‍ നീ ഒരു വിദേശിയെ പോലെയോ വഴിയാത്രക്കാരെനെ പോലെയോ ആവുക.''
ജീവിതത്തില്‍ ദിനേന നിരവധി യാത്രകള്‍ നടത്തുന്ന നമുക്ക് ഈ അധ്യാപനം മനസ്സിലാക്കുക എന്തെളുപ്പം ലക്ഷ്യത്തില്‍ എത്തുവാനുള്ള യാത്രയില്‍ എന്ത് പ്രതിസന്ധിയും പ്രയാസവും ഉണ്ടായാലും അതൊന്നും കാര്യമാക്കാതെ നമ്മുടെ പ്രയാണം തുടരും. ആ ലക്ഷ്യം തെറ്റാതെ നോക്കാനും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്താനും നാം കൊതിക്കും.
അല്ലാഹു പറയുന്നു: ''നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴ പോലെ. അതുമൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല'' (ക്വുര്‍ആന്‍ 57:20).
ഈ ക്വുര്‍ആനിക വചനം ഒരു മനുഷ്യന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ വരച്ചുകാണിക്കുന്നു. ശൈശവവും കൗമാരവും യുവത്വവും കടന്ന് വാര്‍ധക്യത്തില്‍ എത്തി ഇഹലോകവാസം അവസാനിക്കുന്നു. ഇതെല്ലാം ജീവിതത്തില്‍ വന്നാലും ഇല്ലെങ്കിലും പരലോകത്ത് നന്മയ്ക്ക് പ്രതിഫലവും തിന്മയ്ക്ക് ശിക്ഷയും ഉണ്ടെന്ന ബോധ്യമാണ് നമ്മെ നയിക്കേണ്ടത്. പരലോകത്ത് നന്മയുടെ മധുരം നുകരാന്‍ നമ്മുടെ ഇളം തലമുറയെ പ്രാപ്തരാക്കണം.
വിദ്യാര്‍ഥികളുടെ സ്വഭാവ രൂപീകരണത്തിലും ജീവിത ലക്ഷ്യത്തിലും അവരുടെ കൂട്ടുകാര്‍ക്ക് വലിയ പങ്കുണ്ട്. വിദ്യാലയങ്ങളില്‍ അവരെ ചേര്‍ക്കുന്നതോടെ തീരുന്നില്ല രക്ഷിതാക്കളുടെ ബാധ്യത. മറിച്ച് അവരുടെ ക്യാമ്പസ് സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും കൂട്ടുകെട്ടുകളെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാവുകയും വേണം. മദ്യം, മയക്കുമരുന്ന് തുടങ്ങിയ തിന്മകളുടെ വാതില്‍ തുറക്കപ്പെടുന്നത് കൂട്ടുകാരിലൂടെയാണ്; ഹോസ്റ്റല്‍ ജീവിതം നയിക്കുന്നവരില്‍ പ്രത്യേകിച്ച്. കേരളത്തിന് പുറത്ത് പഠിക്കുന്ന കുട്ടികള്‍ യാത്രയില്‍ കാണിക്കുന്ന തോന്നിവാസങ്ങള്‍ പലപ്പോഴും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. അപകടകരമായ ഇത്തരം പ്രവണതകള്‍ രക്ഷിതാക്കളുടെ അനാസ്ഥയുടെ പ്രതിഫലനങ്ങളാണ്.
നബി ﷺ പറഞ്ഞു: ''ഒരാള്‍ തന്റെ സ്നേഹിതന്റെ മതത്തിലായിരിക്കും. അതിനാല്‍ നിങ്ങളിലോരോരുത്തരും താന്‍ കൂട്ടുകൂടുന്നവരെ കുറിച്ച് ചിന്തിച്ചു നോക്കട്ടെ'' (അബൂദാവൂദ്, തിര്‍മിദി).
അല്ലാഹു പറയുന്നു: ''സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ'' (ക്വുര്‍ആന്‍ 43:67).
കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോള്‍ മുകളില്‍ പറഞ്ഞ അധ്യാപനങ്ങള്‍ ഏവര്‍ക്കും വെളിച്ചമാകണം. മക്കളെ അത് ബോധ്യപ്പെടുത്തുകയും വേണം.
പ്രവാചകന്‍ ﷺ പറഞ്ഞു: ''നല്ല കൂട്ടുകാരന്റെയും ചീത്തകൂട്ടുകാരന്റെയും ഉപമ കസ്തൂരി വാഹകന്റെയും ഉലയില്‍ ഊതുന്നവന്റെയും പോലെയാണ്. കസ്തൂരി വാഹകന്‍ ഒന്നുകില്‍ അതില്‍ നിന്നും നിനക്ക് നല്‍കിയേക്കും. അല്ലെങ്കില്‍ നിനക്ക് അവനില്‍ നിന്ന് വിലകൊടുത്തു വാങ്ങാം. അതുമല്ലെങ്കില്‍ അതിന്റെ പരിമളം അതില്‍ നിന്നും നിനക്ക് ആസ്വദിക്കാം. എന്നാല്‍ ഉലയില്‍ ഊതുന്നവനാകട്ടെ; ഒന്നുകില്‍ നിന്റെവസ്ത്രം (ആ തീപ്പൊരികള്‍ കൊണ്ട്) കരിച്ചുകളയും. അല്ലെങ്കില്‍ (അഴുക്കിന്റെയും വിയര്‍പ്പിന്റെയും) ദുര്‍ഗന്ധമായിരിക്കും അവനില്‍ നിന്ന് നിനക്ക് ലഭിക്കുക'' (ബുഖാരി, മുസ്ലിം).
കൂട്ടുകാരുടെ നന്മകളും തിന്മകളും അവരുടെ സൗഹൃദ വലയങ്ങളിലേക്ക് വ്യാപിക്കും എന്ന് വ്യക്തം. ഇന്ത്യയിലെ ഏത് ക്യാമ്പസില്‍ പഠിച്ചാലും മതപരമായ ഒരു സൗഹൃദവലയം തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം. അതില്‍ നമ്മുടെ മക്കളും കണ്ണികളാണെന്ന് ഉറപ്പ് വരുത്തുകയും വേണം. അതും പോരാ, മതപരമായ കാര്യങ്ങള്‍ നമ്മുടെ മക്കള്‍ ജീവിതത്തില്‍ നിര്‍വഹിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. എന്നും അവരെ വിളിക്കുകയും നമസ്‌കാരവും ക്വുര്‍ആന്‍ പാരായണവും ഇസ്ലാമിക വസ്ത്രധാരണവും തുടങ്ങി അവര്‍ ഇസ്ലാമിക അധ്യാപനങ്ങളെല്ലാം ജീവിതത്തില്‍ പുലര്‍ത്തുന്നുണ്ടെന്ന് മാതാപിതാക്കള്‍ എന്നും ഉറപ്പ് വരുത്തണം.
തനിക്ക് ചുറ്റും നന്മയുടെ വലയം ഉണ്ടെന്ന ബോധ്യം അവരെ തിന്മകളില്‍ നിന്ന് തടയും. സ്വാഭാവികമായും സമപ്രായക്കാരുടെ സാമീപ്യവും ഇടപെടലുകളും ഏതൊരാളെയും സ്വാധീനിക്കും. വിസ്ഡം സ്റ്റുഡന്റസ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം ധാര്‍മിക സൗഹൃദ വലയങ്ങള്‍ ഇന്നുണ്ട്. അവര്‍ക്ക് മതപഠനത്തിനുള്ള വിവിധ പദ്ധതികളും സജീവമായി നടന്നുവരുന്നു.
മക്കളെ നന്മകള്‍ ഉപദേശിക്കല്‍ മാതാപിതാക്കളുടെ ബാധ്യതയാണ്. ക്വുര്‍ആന്‍ അത് നമ്മെ തെര്യപ്പെടുത്തുന്നു:
''ലുക്വ്മാന്‍ തന്റെ മകന് സദുപദേശം നല്‍കിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു''(ക്വുര്‍ആന്‍ 31:13).
''എന്റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. എന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്. നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക...'' (ക്വുര്‍ആന്‍ 31:16-19).
കോഴ്സുകളും സര്‍ട്ടിഫിക്കറ്റുകളും ഈ ജീവിതയാത്രയിലെ ചില വിഭവങ്ങള്‍ മാത്രമാണ്. അത് ആത്യന്തിക ലക്ഷ്യമല്ല. ലക്ഷ്യം മറന്നുകൊണ്ട് സര്‍ട്ടിഫിക്കറ്റിന് പുറകെ പോകുന്നവര്‍ ഹോമിക്കുന്നത് സ്വന്തം ജീവിതമാണ്. വിശുദ്ധ ക്വുര്‍ആനും പ്രവാചക ജീവിതവും വരച്ചുകാണിക്കുന്ന പ്രതിസന്ധികളുടെ, പ്രയാസങ്ങളുടെ ചരിത്രം നമുക്ക് പാഠം ഉള്‍ക്കൊള്ളുവാന്‍ വേണ്ടിയാണ്.
അല്ലാഹുവിന്റെ കാരുണ്യത്തെയും അവന്റെ പാപമോചനത്തെയും കുറിച്ച് യുവതലമുറക്ക് കൃത്യമായ ബോധ്യമുണ്ടാകണം. അല്ലാഹു പറയുന്നു:
''എന്നാല്‍, അക്രമം ചെയ്തു പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കി ത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ'' (ക്വുര്‍ആന്‍ 5:39).
''ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്'' (4:110).
കറയറ്റ ഹൃദയവുമായി സ്രഷ്ടാവിനെ കണ്ടുമുട്ടാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. എത്ര വലിയ വരുമാനമുള്ള ജോലിയുണ്ടെങ്കിലും അതിനെക്കാളെല്ലാം ഉപരി അല്ലാഹുവിന്റെ പ്രതിഫലമാണ് എന്ന് തിരിച്ചറിയണം.
''തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാതമാകുന്നു. അല്ലാഹുവിങ്കലത്രെ അതിമഹത്തായ പ്രതിഫലമുള്ളത്'' (64:15).
നാം ധര്‍മനിഷ്ഠ പാലിച്ച് ജീവിക്കുന്നുണ്ടോ എന്നാണ് അല്ലാഹു നോക്കുന്നത്. അവരാണ് അല്ലാഹുവിന്റെ ആദരവിന് പാത്രമാകുന്നവര്‍:
''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (49:13).
ഇന്ന് ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ നയിക്കുന്നത് വിദ്യാര്‍ഥികളാണ് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. അവര്‍ക്ക് ശരിയായ ചരിത്രബോധവും ആത്മവിശ്വാസവും വിശ്വാസദാര്‍ഢ്യവും നല്‍കേണ്ടത് നമ്മുടെ ബാധ്യതയാണ്. സമകാലിക പ്രശ്നങ്ങളെ, വെല്ലുവിളികളെ എങ്ങനെ നേരിടണം എന്നും വൈകാരികതക്ക് അടിമപ്പെടാതെ ലക്ഷ്യം നേടാന്‍ എന്ത് നിലപാടുകള്‍ സ്വീകരിക്കണം എന്നും അവരെ നാം ബോധ്യപ്പെടുത്തണം. ഇഹപര ജീവിതം നിഷ്ഫലമാക്കാതെ മുന്‍ഗാമികളായ നമ്മുടെ നേതാക്കളും പണ്ഡിതന്മാരും കാണിച്ചുതന്ന തെളിഞ്ഞ പാതയില്‍ അവരെ വഴിനടത്തണം.