ചരിത്രം മറന്നവരുടെ ഇടം ചരിത്രത്തിന്റെ ചവറ്റുകൂനയില്‍!

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2020 ജനുവരി 25 1441 ജുമാദല്‍ അവ്വല്‍ 30
സ്വാതന്ത്യലബ്ധിക്ക് ശേഷം ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധസമരങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കാവല്‍ക്കാര്‍ തന്നെ കവര്‍ച്ചക്ക് കൂട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രജകള്‍ തെരുവിലിറങ്ങുന്നത് സ്വാഭാവികം! അടക്കിപ്പിടിച്ച നെടുവീര്‍പ്പുകള്‍ കൊടുങ്കാറ്റായി രൂപാന്തരപ്പെടുന്ന സമയത്ത് സ്വേച്ഛാധിപതികള്‍ക്ക് കാലം നല്‍കിയ തിരിച്ചടികള്‍ ഒരിക്കല്‍ കൂടി അയവിറക്കുന്നത് അഭികാമ്യമായിരിക്കും.

നൂറ്റാണ്ടുകളായി നിലനിന്നു പോന്ന നാഗരിക ചരിത്രവും മാനവിക പാരമ്പര്യവുമുള്ള ഇന്ത്യാ രാജ്യം മതനിരപേക്ഷമായി നിലകൊള്ളണമെന്ന് സ്വാതന്ത്ര്യസമര നേതാക്കളും രാഷ്ട്രശില്‍പികളും തീരുമാനിച്ചപ്പോള്‍ ലോകത്തിനത് നല്‍കിയത് ബഹുസ്വരതയുടെ പുതിയൊരു മാതൃകാരൂപമായിരുന്നു.

നാനാത്വത്തില്‍ ഏകത്വം എന്ന മുഖമുദ്രയും സത്യമേവജയതേ എന്ന മുഖവാക്യവും ഒരു ചേരിയിലും തങ്ങള്‍ ഭാഗമാകുന്നില്ലെന്ന ശീതസമരകാലത്തെ ചേരിചേരാ നയവും ഈ രാജ്യത്തിന് നല്‍കിയത് ലോകരാജ്യങ്ങള്‍ക്കിടയിലെ ഉന്നതസ്ഥാനവും മഹിമയുമായിരുന്നു.

രാജ്യത്തെ മുഴുവന്‍ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളാനായ ഒരു ഭരണഘടന സ്വീകരിച്ചതിനാലാണ് അയല്‍രാജ്യങ്ങളൊക്കെ പലതവണ പ്രതിസന്ധികളിലകപ്പെട്ടപ്പോഴും എഴുപത് കൊല്ലമായി ഈ രാജ്യം ജനാധിപത്യവും മതേരതത്വവും ഉയര്‍ത്തിപ്പിടിച്ച് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്.

ഈ സമ്പന്നമായ ചരിത്ര പാരമ്പര്യമുള്ളപ്പോഴാണ് രാജ്യം അതിന്റെ ചരിത്രത്തിലിന്നേവരെ കണ്ടിട്ടില്ലാത്ത, ഇന്ത്യന്‍ ഭരണഘടനയുടെ മഹിതമായ മൗലിക തത്ത്വങ്ങള്‍ക്ക് യോജിക്കാനാവാത്ത രീതിയില്‍ പൗരത്വവുമായി ബന്ധപ്പെട്ട വിചിത്ര നിയമം കൊണ്ടുവന്നിരിക്കുന്നത്. ഈ രാജ്യത്തെ ജനങ്ങളുടെ പൗരത്വം നിര്‍ണയിക്കുന്നതില്‍ മതത്തെ മാനദണ്ഡമാക്കി ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ഭരണഘടന പ്രകാരം അധികാരത്തിലെത്തിയവര്‍ തീരുമാനിച്ചിരിക്കുകയാണ്.

ഈ അനീതിയെ വച്ചുപൊറുപ്പിക്കാന്‍ യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കഴിയില്ല എന്നതിനാല്‍ അവര്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് അതിനെതിരെ ഒറ്റക്കെട്ടായി ശബ്ദിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഈ സമര പോരാട്ടത്തില്‍ ഏതെങ്കിലും ഒരു മതവിഭാഗമോ, ഏതെങ്കിലും ഒരു ജാതിയിലുള്ള ആളുകളോ, ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അനുയായികളോ മാത്രമല്ല പങ്കെടുക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. എല്ലാ ജാതി, മത വിഭാഗങ്ങളും ഈ സമര പോരാട്ടത്തില്‍ പങ്കാളികളാകുന്നുണ്ട്. പാര്‍ലമെന്റില്‍ ഒരുവേള പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ചവര്‍ പോലും നിയമത്തിന്റെ വിശദാംശങ്ങളിലേക്ക് കടന്നപ്പോള്‍ സര്‍ക്കാരിന് എതിരായി നില്‍ക്കുന്നതാണ് ബീഹാറിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും പഞ്ചാബിലും നാം കാണുന്നത്.

ഭരണഘടനാ പദവിയിലിരിക്കുന്ന പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് വരാന്‍ പാടില്ലാത്ത പ്രയോഗങ്ങള്‍ പലപ്പോഴും പറഞ്ഞു പോയിട്ടുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി. പ്രധാനമന്ത്രിയായിരിക്കെ ആണ് ഗുജറാത്ത് കലാപത്തെ കുറിച്ച് താങ്കള്‍ക്കതില്‍ വര്‍ഷങ്ങള്‍ക്കു ശേഷം സങ്കടം തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി 'ഒരു വാഹനത്തിനടിയില്‍ പട്ടിക്കുഞ്ഞുങ്ങള്‍ പെട്ടാല്‍ നമുക്കെന്താണ് തോന്നുക' എന്ന് തിരിച്ചു ചോദിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ട മനുഷ്യര്‍ക്ക് താന്‍ ഒരു വിലയും കല്‍പിക്കുന്നില്ല എന്ന് പറയാതെ പറയുകയാണ് അദ്ദേഹം ചെയ്തത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമര പോരാട്ടത്തിനിടയില്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരില്‍ പൊലീസുകാര്‍ നരനായാട്ട് നടത്തിയതിന്റെ ദൃശ്യങ്ങള്‍ നാമൊക്കെ കണ്ടതാണ്. എന്നിട്ടും അക്രമത്തിനു പിന്നില്‍ ഒരു പ്രത്യേക മതവിഭാഗമാണ് എന്ന് വരുത്തിത്തീര്‍ക്കുവാന്‍ 'വസ്ത്രങ്ങള്‍ കണ്ടാലറിയാം ആരാണ് അക്രമികള്‍ എന്ന്' പ്രധാനമന്ത്രി പ്രസ്താവിച്ചിരിക്കുന്നുവെന്നത് അപകടകരമായ സൂചനയാണ് നല്‍കുന്നത്. അത് തിരിച്ചറിഞ്ഞ മതേതര ചേരിയിലെ സമര പോരാളികള്‍ അടങ്ങിയിരുന്നില്ല. തങ്ങളുടെ ഷര്‍ട്ട് ഊരിയെറിഞ്ഞ് അവര്‍ പ്രതിഷേധിച്ചു. മത ചിഹ്നമായി ചെറുപ്പം മുതല്‍ കൊണ്ട് നടക്കുന്ന പൂണൂല്‍ പുറത്തുകാണിച്ച് ഞാനാണീ സമരത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത്, എന്റെ വസ്ത്രം കണ്ടാല്‍ എന്നെ നിങ്ങള്‍ക്കു തിരിച്ചറിയാമോ എന്ന് ചോദിച്ച ബ്രാഹ്മണനെയും, തന്റെ വസ്ത്രം സിഖുകാരന്റെതാണ് എന്ന് തിരിച്ചറിയുമെങ്കില്‍ ഞാനിതാ എന്റെ മതവസ്ത്രം അഴിച്ചു വെച്ച് ജനാധിപത്യ പോരാളികളോടൊപ്പം നില്‍ക്കുന്നു എന്ന് പറഞ്ഞ് സിഖ് മതവിശ്വാസത്തിന്റെ ഭാഗമായുള്ള തലപ്പാവ് അഴിച്ചുവെക്കുന്ന സിഖ് മതവിശ്വാസിയെയും, പര്‍ദയും മഫ്തയുമണിഞ്ഞ് ചോദ്യശരങ്ങളെയ്ത അമുസ്‌ലിം സ്ത്രീകളെയും സമരരംഗത്ത് നാം കാണുകയുണ്ടായി. ഹൈന്ദവ സന്യാസിമാരും പണ്ഡിതന്മാരും ക്രൈസ്തവ പുരോഹിതന്മാരുമൊക്കെ ഈ സമര രംഗത്ത് സജീവമാണ്.

 മുംബൈയില്‍ ക്ഷേത്രത്തിലേക്ക് കടന്നുചെന്ന മന്ത്രി ആദിത്യ താക്കറെയോട് മഠാധിപതി പറഞ്ഞത് ഹിന്ദുവിന്റെ ശത്രു ഹിന്ദുവിനിടയില്‍ തന്നെയാണ് എന്ന് തിരിച്ചറിയുകയും മുസല്‍മാനെയും സിഖുകാരനെയും ചേര്‍ത്ത് പിടിക്കുകയും ചെയ്യുക എന്നാണ്.

മതത്തിന്റെ പേരിലുള്ള ഈ പൗരത്വ നിര്‍ണയ നിയമം മതനിരപേക്ഷതയോടും നാനാത്വത്തില്‍ ഏകത്വം എന്ന ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യത്തോടുമുള്ള കടുത്ത അവമതിപ്പാണ് എന്ന ബോധ്യത്തില്‍ നിന്ന് കൊണ്ട് ലോകമെമ്പാടും കടുത്ത പ്രതിഷേധങ്ങള്‍ ഈ നിയമത്തിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളും വോട്ടിനിട്ട് സാങ്കേതികമായി പാസ്സാക്കി രാഷ്രപതി ഒപ്പുവെച്ച ബില്ലാണെങ്കിലും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന, സമത്വം എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കപ്പെടണമെന്ന നിര്‍ദേശത്തിന് വിരുദ്ധമാണത്. ഒരു മതവിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തുന്ന, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ചില വിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വം അനുവദിച്ചു കൊടുക്കുന്ന ഈ നിയമ ഭേദഗതി തികച്ചും ഭരണഘടനാവിരുദ്ധമാണ്, മനുഷ്യത്വമില്ലാത്തതാണ്.

ന്യുനപക്ഷവിഭാഗങ്ങളില്‍ പെട്ട ആളുകളെ വ്യാപകമായി പൗരത്വമില്ലാത്തവരും അഭയാര്‍ഥികളുമായി മുദ്ര കുത്താനും അതുവഴി പ്രത്യേകം നിര്‍മിക്കുന്ന ഡിറ്റക്ഷന്‍ സെന്ററുകളിലേക്കും തടവറകളിലേക്കും അവരെ പറഞ്ഞുവിടാനും അങ്ങനെ രാജ്യത്ത് കുറെ കലാപകാരികളെ സൃഷ്ടിക്കാനും രാജ്യത്തിന്റെ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുത്താനുമാണ് ഈ നിയമം വഴി വെക്കുക എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ഇന്ത്യയിലെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ഹവാര്‍ഡ് യൂണിവേഴ്‌സിറ്റി, മസാച്ചുചെസ് യൂണിവേഴ്‌സിറ്റി, കൊളമ്പിയ യൂണിവേഴ്‌സിറ്റി തുടങ്ങി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധ ചത്വരങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ വിദ്യാര്‍ഥി സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെതുമായി നടന്നത് ലോകം കണ്ടു. ജര്‍മനിയിലെ ബെര്‍ലിന്‍ നഗരത്തില്‍ ജര്‍മനിക്കാര്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡിലെ കാര്‍ട്ടൂണ്‍ ലോകത്തിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഹിറ്റ്‌ലര്‍ക്ക് ഇന്ത്യയില്‍ ഒരു കുട്ടി ജനിച്ചിരിക്കുന്നു, മോദി എന്നാണ് അയാളുടെ പേര് എന്ന് അതില്‍ എഴുതിവച്ചിരുന്നു!

 ഐക്യരാഷ്ട്രസഭയുടെ തലസ്ഥാനം കുടികൊള്ളുന്ന ജനീവ, പാരിസ്, സ്‌പെയിനിലെ ബാഴ്‌സലോണ, അമേരിക്കയിലെ തന്നെ സാന്‍ഫ്രാന്‍സിസ്‌കോ, ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ, ഹെല്‍സിങ്കി നഗരം, ആംസ്റ്റര്‍ഡാം, ചിക്കാഗോ നഗരം, യൂറോപ്പിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ഹെഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി, ലണ്ടന്‍ യൂണിവേഴ്‌സിറ്റി, ലീഡന്‍ യൂണിവേഴ്‌സിറ്റി, നെതര്‍ലാന്‍ഡ്, ബെര്‍ലിന്‍, സുറിച് നഗരങ്ങള്‍ തുടങ്ങിയവയിലെല്ലാം പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയുണ്ടായി. ഇസ്രായേലിലെ വിദ്യാര്‍ഥി സമൂഹം വരെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.

ബംഗ്ലാദേശിലെ ധാക്ക യൂണിവേഴ്‌സിറ്റി ശക്തമായ പ്രതിഷേധവുമായി കടന്നുവന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ വിക്ടോറിയ പാര്‍ലിമെന്റ്ചതുരത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി നടത്തിയ പ്രതിഷേധ സമരം ചരിത്രത്തെ ഓര്‍മിപ്പിക്കുന്നത് കൂടിയായി. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്നും ഒട്ടേറെ ആളുകളെ നാടുകടത്തിയ പ്രദേശം കൂടിയാണ് ഓസ്‌ട്രേലിയ. അവര്‍ക്കറിയാം പൗരത്വത്തിന്റെ വില. മാതൃരാജ്യത്തോടുള്ള അടങ്ങാത്ത സ്‌നേഹം അവരുടെ സമരത്തില്‍ ജ്വലിച്ചുനിന്നു. സിംഗപ്പൂര്‍ നഗരം പ്രതിഷേധത്തിന് സാക്ഷിയായി.

ബഹ്‌റൈന്‍ പാര്‍ലമെന്റ് ഇന്ത്യയോട് ഈ വിഷയത്തില്‍ പുനരാലോചന നടത്തണമെന്ന് ഔപചാരികമായി ആവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവന്നു. കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഇതിനെതിരായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. സൗദിഅറേബ്യ, യു.എ.ഇ എന്നിടങ്ങളില്‍ നിരവധി വിശദീകരണ യോഗങ്ങള്‍ ഇന്ത്യന്‍ സമൂഹം വിളിച്ചുകൂട്ടുകയുണ്ടായി.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഡിസംബര്‍ 11 മുതല്‍ പ്രക്ഷോഭത്തിന്റെ തീച്ചൂളയിലാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വിശ്വപ്രസിദ്ധമായ യൂണിവേഴ്‌സിറ്റികളിലെല്ലാം അടങ്ങാത്ത സമരാഗ്‌നികള്‍ക്കാണ് ഈ ബില്ല് കാരണമായിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ തുടര്‍ന്നു വരുന്ന ഫീസ് വര്‍ധന സമരത്തോടൊപ്പം ഈ ബില്ലിനെതിരെയുള്ള സമരം കൂടി ശക്തിപ്പെട്ട് വന്നതും അതിന്റെ പരിണിത ഫലമായി ഫാസിസ്റ്റ് ശക്തികള്‍ യാതൊരു ന്യായീകരണത്തിനും വകയില്ലാത്ത വിധമുള്ള ക്രൂരമായ ആക്രമണം വിദ്യാര്‍ഥികള്‍ക്ക് നേരെ അഴിച്ചുവിടുന്നതിന് രാജ്യം സാക്ഷിയാവുകയുണ്ടായി. ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയാണ് ഈ സമരത്തിന്റെ തീജ്വാല ആളിക്കത്തിച്ചത്. പൊലീസ് നരനായാട്ടിലും പിടിച്ചുനിന്ന വിദ്യാര്‍ഥി സമൂഹം സമരമുഖത്തു തന്നെയാണ് ഇപ്പോഴും. ഡല്‍ഹി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് പരിസരം ഡിസംബര്‍ 11 ന് ശേഷം സമരമുഖരിതമാണ്.

വിദ്യാര്‍ഥികള്‍ ഡല്‍ഹി പോലീസിനോട് 'ദില്ലി പോലീസ് ബാത്ത് കരോ, ആവോ ഹമാരെ സാത് ചലോ' എന്ന് പറഞ്ഞും ഇരുമ്പു ലാത്തിയുമായി നില്‍ക്കുന്ന പൊലീസുകാര്‍ക്ക് റോസാപുഷ്പങ്ങള്‍ നല്‍കിയും നടത്തിയ സര്‍ഗാത്മക സമരം ലോകശ്രദ്ധ നേടിയ പുതിയ കാല സമരമുറയായിരുന്നു.

ഡല്‍ഹിയിലെ ഷാഹീന്‍ബാഗ് എന്ന തെരുവിലും നാഷണല്‍ ഹൈവെയുടെ പരിസരത്തുമായി കഴിഞ്ഞ കുറെ ദിവസമായി വൃദ്ധകളും സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉറങ്ങാതെ സമര മുഖത്ത് തന്നെയാണ്. 125 വര്‍ഷത്തിനിടയില്‍ ഡല്‍ഹി അനുഭവിക്കുന്ന കൊടും തണുപ്പിനിടയിലും ഈ സമരാഗ്‌നി അവര്‍ കെടാതെ നിലനിര്‍ത്തുന്നുവെന്നത് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഉത്തര്‍പ്രദേശാണ് ഈ സമരം ഏറ്റവും രൂക്ഷമായി ബാധിച്ച, സമരക്കാര്‍ ഏറ്റവും അധികം പീഡനം അനുഭവിച്ച സംസ്ഥാനം. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പോലീസ് രാജ് നടപ്പാക്കുകയായിരുന്നു അവിടെ. മീററ്റിലും മുസാഫര്‍ നഗറിലും ലക്‌നോവിലും കാണ്‍പുരിലും അലിഗഡിലും തുടങ്ങി വിവിധ പ്രദേശങ്ങളില്‍ യാതൊരു പ്രകോപനവുമില്ലാതെ സമരക്കാര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ഇരുപതിലേറെ ജീവനുകളാണ് ഉത്തര്‍പ്രദേശില്‍ മാത്രം ഈ സമര മുഖത്ത് നഷ്ടമായത്. മരിച്ചവരില്‍ മിക്കവര്‍ക്കും നെഞ്ചിലും തലയിലുമാണ് വെടികൊണ്ടത് എന്നത് പൊലീസ് കൊല്ലാന്‍ വേണ്ടി തന്നെയാണ് വെടിവച്ചത് എന്ന് വ്യക്തമാക്കുന്നു.

എന്നിട്ടും തളരാതെ അവര്‍ സമരമുഖത്തുണ്ട്. നിയമത്തിന്റെ പിന്‍ബലം ഉപയോഗിച്ച് സമരമുഖത്തിറങ്ങിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള യോഗി ആദിത്യനാഥിന്റെ ക്രൂരമായ നയങ്ങളെ പ്രതിരോധിച്ചു നില്‍ക്കുകയാണ് അവിടെയുള്ള മൈനോറിറ്റി കമ്യൂണിറ്റികള്‍ ഇപ്പോള്‍.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ സന്ദര്‍ശനങ്ങള്‍ ലോകത്തിനു മുന്‍പില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്നത് എന്ത് എന്ന് കാണിച്ചുകൊടുക്കുകയുണ്ടായി. അലിഗഡ് യൂണിവേഴ്‌സിറ്റി എന്നും ജനാധിപത്യ സമരങ്ങളുടെ വേദിയാണ്. ഈ തവണയും ആ ചരിത്രം തിരുത്താതെ അത് സമരമുഖത്തു നിറഞ്ഞുനിന്നിട്ടുണ്ട്.

ഡല്‍ഹിയുടെ തൊട്ടടുത്ത സംസ്ഥാനമായ പഞ്ചാബില്‍ തുടക്കം മുതല്‍ തന്നെ സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പ്രസ്താവന നടത്തുകയുണ്ടായി. എന്‍.ഡി.എയുടെ പഞ്ചാബിലെ ശക്തമായ ഘടക കക്ഷിയായ അകാലിദള്‍ ഈ ബില്ലിനെ സമ്പൂര്‍ണമായി തള്ളിപ്പറയുകയും ഈ ബില്ലില്‍ മുസ്‌ലിംകളെ കൂടി ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണം, എങ്കിലേ ഈ ബില്ല് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന് പറഞ്ഞത് മതേതര കക്ഷികള്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു.

രാജസ്ഥാന്‍ തുടക്കത്തില്‍ തന്നെ ഈ ബില്ലിനെതിരെ നിലകൊള്ളുകയുണ്ടായി. സംവിധാന്‍ ബചാവോ റാലി എന്ന പേരില്‍ ഡിസംബര്‍ 22ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ വലിയ റാലി സംഘടിപ്പിക്കുകയുണ്ടായി.

കരിനിയമങ്ങളെ തുടക്കത്തില്‍ തന്നെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിമാരുടെ മുന്‍നിരയില്‍ അശോക് ഗെലോട്ടുമുണ്ട്. രാജസ്ഥാനിലെ കോട്ട നഗരത്തില്‍ ഡിസംബര്‍ 24 നു സംഘടിപ്പിച്ച റാലിയില്‍ ദശലക്ഷങ്ങളാണ് പങ്കെടുത്തത്.

മധ്യപ്രദേശിലെ ജബല്‍പൂരും വിവിധ പ്രദേശങ്ങളും ഈ സമരത്തിന്റെ മുന്‍നിരയില്‍ നിന്ന പ്രദേശങ്ങളില്‍ തന്നെയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ഇനിയും സമര മുഖത്തു മുന്നോട്ടു വരേണ്ടതായി അനുഭവപ്പെടുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലേ ഡെറാഡൂണ്‍, ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ ഹരിദ്വാര്‍, ടൂറിസ്റ്റു കേന്ദ്രമായ നൈനിറ്റാള്‍, ഉദ്ദംസിങ് നഗര്‍ തുടങ്ങിയ പ്രദേശങ്ങളെല്ലാം ഈ സമരത്തിന്റെ തീച്ചൂളയില്‍ ഇളകിമറിഞ്ഞ പ്രദേശങ്ങളാണ്.

ഒഡീഷ ബി.ജെ.പി.ഏറെ ശ്രദ്ധിക്കുന്ന ഒരു സംസ്ഥാനമാണ്. കഴിഞ്ഞ തവണ നരേന്ദ്രമോഡി മത്സരിക്കാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞ സംസ്ഥാനം കൂടിയാണത്. മുഖ്യമന്ത്രി നവീന്‍ പട്‌നായ്കിന്റെ വീട്ടിലേക്കും ഗവര്‍ണറുടെ വീട്ടിലേക്കും ആയിരങ്ങളാണ് ഡിസംബര്‍ 16ാം തീയതി മാര്‍ച്ച് നടത്തിയത്. ഈ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നിവേദനം അവര്‍ സമര്‍പ്പിക്കുകയും ചെയ്തു.

ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ റായ്പ്പൂര്‍ അംബേദ്കര്‍ ചൗക്കില്‍ ആയിരങ്ങള്‍ ഡിസംബര്‍ 15 ന്റെ റാലിയില്‍ അണിനിരക്കുകയുണ്ടായി.

 ഗോവ ഈ ബില്ലിനെതിരെ ഏറ്റവും ശക്തമായ നിലപാട് പ്രഖ്യാപിച്ച മറ്റൊരു സംസ്ഥാനമാണ്. എന്‍.ഡി.എയുടെ ഘടകകക്ഷി കൂടിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി ഇത് തികച്ചും സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന ബില്ലാണെന്ന് പ്രഖ്യാപിക്കുകയും ഞങ്ങള്‍ ഇതിനോട് സഹകരിക്കില്ല എന്നു ഉറപ്പിച്ചു പറയുകയും ചെയ്തു. ത്രിപുരയും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമാണെങ്കിലും ഭരണ തലത്തിലിരിക്കുന്ന സഖ്യകക്ഷിയും ഈ ബില്ലിനെ തള്ളിപ്പറയുകയുണ്ടായി. 1800 ആളുകളോളം അവിടെ അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് ആ സമരമുഖത്തിന്റെ തീക്ഷ്ണത സൂചിപ്പിക്കുന്നുണ്ട്.

മഹാരാഷ്ട്ര ഈ ബില്ലിനെതിരെയുള്ള സമരത്തിന് ഏറെ പ്രതീക്ഷ നല്‍കിയ ഒരു സംസ്ഥാനമാണ്. നിരവധി പ്രക്ഷോഭങ്ങള്‍ക്കാണ് മഹാരാഷ്ട്രയും മുംബൈ നഗരവും സാക്ഷിയായത്. ലക്ഷങ്ങള്‍ പങ്കെടുത്ത സമാധാനപരമായ പ്രക്ഷോഭത്തിനാണു നഗരം സാക്ഷിയായത്.

മഹാരാഷ്ട്രയില്‍ കണ്ട മറ്റൊരു ശ്രദ്ധേയമായ കാര്യം ഇന്ത്യയില്‍ ഏറ്റവും വലിയ വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്കും കലാപങ്ങള്‍ക്കും ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ നല്‍കിയ പാരമ്പര്യമുള്ള പാര്‍ട്ടിയായ ശിവസേനയുടെ നിലവിലുള്ള അധ്യക്ഷന്‍ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പിന്തുണയോടു കൂടി ഭരണത്തിലേറിയതാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടുകയും അവര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തത് ഈ രാജ്യം കണ്ട ഏറ്റവും ശ്രദ്ധേയമായ മതേതര മുന്നേറ്റമാണ്. ശിവസേനയുടെ പുതിയ നേതാവായി വളര്‍ന്നു വരുന്ന ശിവസേനയുടെ തലവന്‍ ആദിത്യ താക്കറെ ജെ.എന്‍.യുവിലെ അക്രമത്തെ കുറിച്ച് നടത്തിയ പ്രസ്താവനയും രാജ്യം ശ്രദ്ധിക്കുകയുണ്ടായി. ജെ.എന്‍.യുവില്‍ അക്രമം നടത്തിയവര്‍ തീവ്രവാദികളാണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആദിത്യ താക്കറെ അഭിപ്രായപ്പെട്ടത്. രാജ്യത്തെ കലാരംഗത്തു നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡ് കലാകാരന്‍മാര്‍ മഹാഭൂരിപക്ഷവും ഈ നിയമത്തിനെതിരായി നില്‍ക്കുകയും അവരെ അനുനയിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് വിളിച്ചു ചേര്‍ത്ത അത്താഴ വിരുന്നില്‍ മിക്കയാളുകളും പങ്കെടുക്കാതിരിക്കുകയും ചെയ്തത് മതേതര ചേരിക്ക് വലിയ പ്രതീക്ഷ നല്‍കിയ കാര്യമാണ്.

മഹാരാഷ്ട്രയിലെ പൂനെ, നാസിക്, മാലെഗോണ്‍, ആര്‍.എസ്.എസ്സിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന ജില്ലാ പഞ്ചായത്ത് തെരത്തെടുപ്പില്‍ കോണ്‍ഗ്രസും എന്‍.സി.പിയും വന്‍ വിജയം നേടിയതും രാജ്യം ശ്രദ്ധിച്ചു.

മറ്റൊരു ശ്രദ്ധേയമായ നിലപാട് ഉണ്ടായത് ബീഹാറിലാണ്. എന്‍.ഡി.എയുടെ ഭാഗമായി ഭരണം നടത്തുന്ന ജനതാദള്‍ യുണൈറ്റഡിന്റെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെയും എന്‍.ആര്‍.സിക്കെതിരെയും ശക്തമായ നിലപാടെടുത്തു. ബീഹാറില്‍ ഇത് നടപ്പിലാക്കാന്‍ അനുവദിക്കരുത് എന്ന് മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ചു പറഞ്ഞത് ജനതാദള്‍(യു)വിന്റെ വൈസ് പ്രസിഡന്റും രാജ്യത്ത് അറിയപ്പെടുന്ന തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രശാന്ത് കിഷോറാണ്.

 രാജ്യം ശ്രദ്ധിക്കുന്ന കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ വന്‍ ആസാദി റാലികളാണ് ബീഹാറിലുടനീളം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബീഹാറിലെ സമര പോരാട്ടങ്ങള്‍ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ജീവന്‍ നഷ്ടമായതും ഈ സമര പോരാട്ടങ്ങളിലേ മറക്കാനാവാത്ത അനുഭവമാണ്.

തെലങ്കാന സംസ്ഥാനത്തിലെ ഹൈദ്രബാദ് നഗരം ഈ പോരാട്ടത്തില്‍ മതേതരചേരിയോടൊപ്പം തന്നെയുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, ഉസ്മാനിയ യൂണിവേഴ്‌സിറ്റി, മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റി തുടങ്ങിയ കേന്ദ്ര യൂണിവേഴ്‌സിറ്റികളില്‍ തുടര്‍ച്ചയായ പ്രക്ഷോഭങ്ങളാണ് ഈ ബില്ലിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്.

ഹൈദരാബാദ് നഗരത്തില്‍ ഉവൈസിയുടെ നേതൃത്വത്തിലും മതേതര ചേരിയിലുള്ള മറ്റു നേതാക്കളുടെ നേതൃത്വത്തിലും ലക്ഷങ്ങള്‍ പങ്കെടുത്ത റാലികള്‍ നടത്തുകയുണ്ടായി. ജനുവരി 4ന് മില്യണ്‍ മാര്‍ച്ച് എന്ന പേരില്‍ നടന്ന റാലിയില്‍ ദശലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തത്. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തെലങ്കാന രാഷ്ട്രസമിതിയും ബില്ലിനെതിരെ നിലപാടെടുക്കുകയും പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തുകയും ചെയ്യുകയുണ്ടായി. തൊട്ടപ്പുറത്തുള്ള ആന്ധ്രാപ്രദേശ് തുടക്കത്തില്‍ ബില്ലിനെതിരെ മൗനം പാലിച്ചെങ്കിലും പിന്നീട് ഇതിന്റെ വിശദമായ വിവരങ്ങള്‍ മനസ്സിലാക്കിയതിനു ശേഷം മുഖ്യമന്ത്രി ശക്തമായ നിലപാടെടുക്കുകയും ആന്ധ്രയില്‍ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

വെസ്റ്റ് ബംഗാള്‍ സംസ്ഥാനമാണ് മറ്റൊരു പ്രതീക്ഷാ നിര്‍ഭര കേന്ദ്രം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ മുഴുവന്‍ മതേതര കക്ഷികളെയും ഒരുമിപ്പിച്ചു രാജ്യത്തിനു തന്നെ മാതൃകയാവുന്ന രീതിയില്‍ പശ്ചിമ ബംഗാള്‍ ഈ സമരപോരാട്ടത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുകയാണ്. ഇരുപതു ദിവസത്തോളമായി മുഖ്യമന്ത്രി നേരിട്ട് ജനങ്ങളുമായി സംസാരിക്കുകയും റാലികള്‍ നടത്തുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ഈ ബില്ലിനെതിരെയും ബി.ജെ.പിക്കെതിരെയും അതിശക്തമായ ജനാധിപത്യ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയും ചെയ്യുന്നു. കൊല്‍ക്കത്ത നഗരം ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്കു സാക്ഷിയാവുകയുണ്ടായി. ഈ ജനാധിപത്യ പോരാട്ടത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ പശ്ചിമബംഗാളിന് സാധിച്ചു എന്ന് നിസ്സംശയം നമുക്കു പറയാനാകും.

കേരളം ഇന്ത്യയിലെ മാതൃകാപരമായ സംസ്ഥാനമാണ്. ജനാധിപത്യ പോരാട്ടത്തില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു സീറ്റുപോലും ജനങ്ങള്‍ നല്‍കിയില്ല. മലയാളികളുടെ സാക്ഷരതയും ജനാധിപത്യബോധവും ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെയും കവച്ചുവയ്ക്കുന്നതാണ്. പൗരത്വഭേദഗതി ബില്ലിനെതിരിലുള്ള പോരാട്ടത്തില്‍ കേരളജനത ഒറ്റക്കെട്ടാണ്. ഭരണ കക്ഷിയെന്നോ പ്രതിപക്ഷകക്ഷിയെന്നോ വ്യത്യാസമില്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരുമിച്ചുള്ള പോരാട്ടത്തിലാണ് മലയാളികള്‍. കേരളത്തിന്റെ തെരുവുകളും നഗര പ്രദേശങ്ങളും ഗ്രാമങ്ങളും സമരമുഖരിതമാണ്. ഓരോ ദിവസവും അനേകം സ്ഥലങ്ങളില്‍ സമാധാനപൂര്‍ണമായ സമരം നടന്നുകൊണ്ടിരിക്കുകയാണ്. ബില്ല് പാസ്സാക്കിയ ശേഷം കേരളത്തില്‍ മുദ്രാവാക്യങ്ങള്‍ നിലച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുന്‍കൈയെടുത്തതിന്റെ ഫലമായി സ്പീക്കര്‍ പ്രത്യേകം നിയമസഭ വിളിച്ചു ചേര്‍ക്കുകയും ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി ഈ നിയമം നടപ്പിലാക്കിയത് പുനഃപരിശോധിക്കണമെന്നു കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കുകയും ചെയ്തത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

 കേരളത്തില്‍ നടന്ന, ഇന്ത്യയിലെ മിക്ക ചരിത്ര പണ്ഡിതന്മാരും പങ്കെടുത്ത ചരിത്ര കോണ്‍ഗ്രസ്സില്‍ വെച്ച് ഈ കരിനിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കിയതും ശ്രദ്ധേയമാണ്.

മോഡിയുടെ ഗുജറാത്തിലും ഈ നിയമത്തിനെതിരെ വ്യത്യസ്തങ്ങളായ പ്രക്ഷോഭങ്ങള്‍ നടന്നുകഴിഞ്ഞു. അഹമ്മദാബാദില്‍ ഡിസംബര്‍ 16ന് ഇതിനെതിരെ പ്രൊട്ടസ്റ്റ് നടക്കുകയുണ്ടായി. പൊലീസ് ശക്തമായ നിയമ നിരോധനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അഹമ്മദാബാദില്‍ സമര പോരാട്ടങ്ങള്‍ സമാധാനപൂര്‍ണമായി നടന്ന് വരുന്നുണ്ട്.

 തമിഴ്‌നാട്ടിലും അതിശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നുവരുന്നുണ്ട്. കോയമ്പത്തൂര്‍, സേലം, മധുര, നാഗര്‍കോവില്‍, കന്യാകുമാരി, ചെന്നൈ നഗരങ്ങളില്‍ വന്‍ പ്രതിഷേധറാലികള്‍ നടക്കുകയുണ്ടായി. തമിഴ്‌നാടിനെ മറ്റൊരു നിലയ്ക്ക് കൂടി ഈ നിയമം ബാധിക്കുന്നുണ്ട്. സംസ്ഥാനത്തേക്ക് ശ്രീലങ്കയില്‍ നിന്നും വിവിധ കാലങ്ങളില്‍ കടന്നുവന്ന അഭയാര്‍ഥികള്‍ക്ക് ഈ നിയമം പരിരക്ഷ നല്‍കുന്നില്ല എന്നതാണത്. നിയമസഭയിലെ പ്രതിപക്ഷ കക്ഷിയായ ഡി.എം.കെയുടെ നേതൃത്വത്തിലാണ് സമര പരിപാടികള്‍ മുന്നോട്ട് പോകുന്നത്. നിയമസഭ വിളിച്ചുചേര്‍ത്ത് കേരളം നടപ്പാക്കിയത് പോലെ പ്രമേയം പാസ്സാക്കണമെന്നു സ്റ്റാലിന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. മദ്രാസ് ഐ.ഐ.ടിയും മദ്രാസ് യൂണിവേഴ്‌സിറ്റിയും തെന്നിന്ത്യന്‍ സിനിമാ ലോകമടക്കമുള്ള സാഹിത്യ സാംസ്‌കാരിക നായകന്മാരും ഈ നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയുണ്ടായി.

കര്‍ണാടകയിലെ ബംഗളുരു രാജ്യം ശ്രദ്ധിക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് വേദിയായി. രാമചന്ദ്ര ഗുഹ അടക്കമുള്ള ചരിത്ര പണ്ഡിതന്മാര്‍ അവിടെ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. മംഗളൂരു നഗരത്തില്‍ വളരെ സമാധാനപൂര്‍ണമായ, കുറഞ്ഞ ആളുകള്‍ മാത്രം പങ്കെടുത്ത പ്രതിഷേധ സമരത്തിനെതിരെ ബോധപൂര്‍വം പൊലീസിന്റെ ഭാഗത്തു നിന്നും വെടിവെപ്പ് ഉണ്ടാവുകയും രണ്ടു പേര്‍ ദാരുണമായി മരണപ്പെടുകയും ചെയ്തത് ഈ ജനാധിപത്യ സമരത്തിന്റെ സങ്കടമാണ്. മൈസൂരു, ഷിമോഗ, ബെല്ലാരി, ബിതാര്‍, ഗുല്‍ബര്‍ഗ, കൊടക്, ഉഡുപ്പി, റൈശുര്‍, ഷെന്താണൂര്‍ തുടങ്ങിയ ഒട്ടനേകം പട്ടണങ്ങളിലും ജില്ലകളിലും പ്രതിഷേധ സമരങ്ങള്‍ നടക്കുകയുണ്ടായി.

രാഷ്ട്രീയ രംഗത്ത് കോണ്‍ഗ്രസ്സിന്റെ മുന്‍അധ്യക്ഷന്‍ കൂടിയായ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും സമരങ്ങള്‍ക്ക് പലപ്പോഴും നേതൃത്വം നല്‍കി മുന്നോട്ട് വന്നു. രാജ്യസഭയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും നിയമജ്ഞനുമായ കപില്‍ സിബല്‍ ആഭ്യന്തര മന്ത്രിയുടെ മുഖത്ത് നോക്കി ചോദിച്ചു; നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്, നിങ്ങള്‍ മുസല്‍മാന്മാരെ ഭയപെടുത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അവര്‍ ഒരു തരിമ്പും നിങ്ങളെ ഭയപ്പെടുന്നില്ല, കാരണം തീക്ഷ്ണമായ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ചരിത്ര പാരമ്പര്യമുള്ളവരാണവര്‍ എന്ന്.

ഈ വൈവിധ്യങ്ങളുടെ രാജ്യത്തെ നിങ്ങള്‍ രണ്ടു ദിനോസറുകള്‍ ഭരിക്കുന്ന ഒരു ജുറാസിക് പാര്‍ക്കാക്കി മാറ്റാനാണോ നിങ്ങള്‍ ശ്രമിക്കുന്നതെന്ന, രാജ്യം ശ്രദ്ധിച്ച ചോദ്യവും കപില്‍ സിബല്‍ ഉയര്‍ത്തുകയുണ്ടായി.

ഇന്ത്യാഗേറ്റില്‍ സംഘടിപ്പിച്ച സമരത്തില്‍ വെച്ച് കപില്‍സിബല്‍ പ്രധാനമന്ത്രിയെ സംവാദത്തിനു വെല്ലുവിളിച്ചെങ്കിലും നിരന്തരം 'മന്‍ കി ബാത്തു'കളുമായി പ്രത്യക്ഷപ്പെടുന്ന മോഡി അത് കേട്ടതായി നടിക്കുക പോലുമുണ്ടായില്ല.

ഇന്ത്യയിലെ പ്രഗത്ഭരായ എഴുത്തുകാരില്‍ പെട്ട, പലപ്പോഴും ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളവരും ബി.ജെ.പിക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളവരുമായവര്‍ ഈ സമര മുഖത്ത് ഒരുമിച്ച് വന്നുവെന്നതും ഏറെ പ്രതീക്ഷാ നിര്‍ഭരമാണ്. അരുന്ധതി റോയ് ഇന്ത്യയും ലോകവും ശ്രദ്ധിക്കുന്ന എഴുത്തുകാരിയാണ്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ എക്കാലവും നിലകൊണ്ടിട്ടുള്ള എഴുത്തുകാരി കൂടിയായ അവര്‍ പോരാട്ടത്തിന്റെ വേദിയില്‍ സമരഭടന്മാര്‍ക്കൊപ്പം ഡല്‍ഹിയിലെ തണുത്തു വിറച്ച രാത്രികളില്‍ കൂടെ നില്‍ക്കുകയും രാജ്യത്തോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇത് ഫാസിസത്തിനെതിരെയുള്ള അവസാന യുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ബി.ജെ.പിക്ക് അനുകൂലമായി നിലപാടെടുത്തിട്ടുള്ള ന്യൂജനറേഷന്‍ എഴുത്തുകാരിലെ ശ്രദ്ധേയരായ പല എഴുത്തുകാരും ബി.ജെ.പിക്കെതിരെ ഈ വിഷയത്തില്‍ നിലപാടെടുത്തു എന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയുടെ മകള്‍ ഈ നിയമം തെറ്റാണെന്ന് പറഞ്ഞു പ്ലക്കാര്‍ഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. പിതാവ് തന്റെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് അത് പിന്‍വലിപ്പിച്ചുവെങ്കിലും മകളുടെ പ്രസ്താവന ലോകത്തിനു മുന്‍പില്‍ തെളിഞ്ഞു നിന്നു. ചരിത്രകാരനായ രാമചന്ദ്രഗുഹയും ലോകപ്രസിദ്ധ ചരിത്രകാരനായ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബും ജെ.എന്‍.യുവിലെയും ജാമിഅ മില്ലിയ്യയിലെയും പ്രൊഫസര്‍മാരും, ജാമിഅയുടെ വൈസ്ചാന്‍സിലറും അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരും ഈ നിയമത്തിനെതിരെ രാഷ്ട്രം ഒന്നിക്കണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

മതേതര ചേരി പ്രതീക്ഷയില്‍ തന്നെയാണ്. 'ചരിത്രം മറന്നവരെ ചരിത്രം ശിക്ഷിക്കും' എന്ന, നാസി ജര്‍മനിയുടെ ഉള്ളുകലങ്ങുന്ന ഓര്‍മകള്‍ക്കു മുന്നില്‍ എഴുതി വെച്ച വാചകങ്ങള്‍ സത്യമായി പുലരുമെന്ന പ്രതീക്ഷയില്‍ ഈ സമരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു, വിജയിക്കേണ്ടിയിരിക്കുന്നു.