കോവിഡ് വ്യാപനം: ഉത്തരവാദിത്തം ആര്‍ക്ക്?

സുഫ്‌യാന്‍ അബ്ദുസ്സലാം

2020 ഏപ്രില്‍ 18 1441 ശഅബാന്‍ 25
കോവിഡിന്റെ പ്രഭവകേന്ദ്രം ചൈനയാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. അതേസമയം അതിന്റെ സാമൂഹ്യവ്യാപനവുമായി ബന്ധപ്പെട്ട് ഓരോ രാജ്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളും ആക്ഷേപങ്ങളും നിലനില്‍ക്കുന്നുണ്ട്. രോഗപ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഒരു പരിധി വരെ വിജയിച്ചു എന്നു വേണം മനസ്സിലാക്കാന്‍. എന്നാല്‍ വര്‍ഗീയതയുടെ വിളനിലമായ സമകാലിക സാഹചര്യത്തില്‍ കോവിഡിന്റെ മതം ചികയുന്ന തിരക്കിലാണ് ചില തല്‍പരകക്ഷികള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യുമ്പോള്‍ ആരെയാണ് യഥാര്‍ഥത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത്?

ചൈനയിലെ വുഹാനില്‍നിന്നും ആരംഭിച്ച് ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, യു.കെ, യു. എസ്.എ തുടങ്ങിയ, ലോകത്തെ വന്‍കിട രാജ്യങ്ങളെ വിറപ്പിച്ചുകൊണ്ട് കൊറോണ വൈറസ് അതിന്റെ വ്യാപനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വന്‍കിട രാജ്യങ്ങളിലോരോന്നിലെയും കോവിഡ് ബാധിതരുടെ ജനസംഖ്യാനുസൃതമായ അനുപാതം ഇന്ത്യയെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അമേരിക്ക (0.13%), ഇറ്റലി (0.23%), ജര്‍മ്മനി (0.13%), സ്‌പെയിന്‍(0.31%), ഫ്രാന്‍സ്(0.16%), യു.കെ(0.83%) എന്നീ രാജ്യങ്ങളിലാണ് ആനുപാതികമായി കോവിഡ് ഏറ്റവും കൂടുതല്‍ സ്ഥിരീകരിക്കപ്പെട്ടത്. ജനസംഖ്യയില്‍ ഇന്ത്യയെക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന ചൈനയില്‍ വ്യാപനം 0.006% ആണ്. ദരിദ്രകോടികള്‍ ജീവിക്കുന്ന ഇന്ത്യയിലാവട്ടെ 0.0004% കോവിഡ് രോഗികള്‍ മാത്രമാണെന്നാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇത് സൂചിപ്പിക്കുന്നത് ലോകത്തെ വന്‍കിട രാജ്യങ്ങളെ സാരമായി ബാധിച്ചപ്പോള്‍ ഇന്ത്യയില്‍ കോവിഡിന്റെ വ്യാപനം വളരെ കുറവായിരുന്നുവെന്നാണ്. 33 കോടി ജനങ്ങള്‍ അധിവസിക്കുന്ന അമേരിക്കയില്‍ നാലര ലക്ഷം പേരെ കോവിഡ് ബാധിച്ചുവെങ്കില്‍ 133 കോടി ജനങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ കേവലം 6000 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധിച്ചിട്ടുള്ളത്.

കോവിഡിന്റെ സാമൂഹിക വ്യാപനവുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും ചര്‍ച്ചകളും കാണുമ്പോള്‍ ചില മുന്‍ധാരണകളോ അല്ലെങ്കില്‍ പക്ഷപാതപരമായ നിലപാടുകളോ ആണ് പലരെയും നയിക്കുന്നത് എന്നകാര്യമാണ് ബോധ്യപ്പെടുന്നത്. സാമൂഹിക വ്യാപനത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിന് പകരം ഉത്തരവാദപ്പെട്ടവരുടെ കണ്ണടച്ച് ഇരുട്ടാക്കിക്കൊണ്ടുള്ള ഒഴിഞ്ഞുമാറ്റവും മറ്റുള്ളവരുടെ മേല്‍ കുറ്റം ചാര്‍ത്തിക്കൊണ്ടുള്ള രക്ഷപ്പെടലുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയാതിപ്രസരങ്ങളില്‍ ഉന്മാദിക്കുന്ന ഭരണകൂടങ്ങളുടെയും അവരെ അന്ധമായി പിന്തുടരുന്ന സാമാന്യജനത്തിന്റെയും ജാഗ്രതക്കുറവും അനാസ്ഥയുമാണ് കോവിഡ് വ്യാപനത്തിന് കാരണമായത് എന്ന യാഥാര്‍ഥ്യത്തെ മറച്ചുപിടിച്ചിട്ട് കാര്യമില്ല.

ചൈനക്ക് ശേഷം സാമൂഹിക വ്യാപനം ഏറ്റവും കൂടുതല്‍ സംഭവിച്ചത് ഇറ്റലിയില്‍ ആയിരുന്നുവല്ലോ. ആരോഗ്യ വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നിട്ടും അതിനെ ഗൗരവത്തോടെ ആരും എടുത്തില്ല എന്നതായിരുന്നു ഇറ്റലിക്ക് സംഭവിച്ച ദുരേ്യാഗം. പൊതുജനങ്ങളാവട്ടെ, മുന്നറിയിപ്പുകള്‍ അവരും കേട്ടിരുന്നെങ്കിലും ഒരു നിശ്ചയമില്ലായ്മ (skepticism) അവരെ സ്വാധീനിച്ചിരുന്നു. പക്ഷേ, ഉദാസീനമായ ഈ അവസ്ഥയെ രാഷ്ട്രമേധാവികളുടെ ഇച്ഛാശക്തി കൊണ്ടായിരുന്നു തരണം ചെയ്യേണ്ടിയിരുന്നത്. ഇറ്റലിയിലെ ആദ്യത്തെ കോവിഡ് കേസ് പരിശോധിച്ചാല്‍ ആരാണ് ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചതെന്ന് വ്യക്തമാണ്. ഫെബ്രുവരി മധ്യത്തില്‍ തന്നെ കോവിഡ് ഇറ്റലിയെ വലിയ തോതില്‍ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് വന്നിട്ടും ഫെബ്രുവരി അവസാനത്തിലും ഇറ്റലിയിലെ ചില രാഷ്ട്രീയ നേതാക്കള്‍ മിലാന്‍ അടക്കമുള്ള പട്ടണങ്ങളില്‍ വലിയ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും കൈകൊടുക്കലും കെട്ടിപ്പിടിക്കലുമടക്കമുള്ള പരസ്പരാഭിവാദ്യങ്ങള്‍ നടത്തുകയും ചെയ്തു. ഇതുതന്നെയായിരുന്നു മറ്റു രാജ്യങ്ങളിലെയും അവസ്ഥ. മിക്ക രാജ്യങ്ങളിലെയും ആരോഗ്യ വകുപ്പും സംവിധാനങ്ങളുമൊക്കെ ജാഗ്രത കാണിക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും തീരുമാനമെടുക്കേണ്ട ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ജാഗ്രതക്കുറവ് കോവിഡ് വ്യാപനത്തിന് കാരണമായി എന്നാണു നിരീക്ഷിക്കപ്പെടുന്നത്. സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ എളുപ്പം പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങളില്‍ വിദഗ്ധരെ ശ്രദ്ധിക്കുന്നതില്‍ നേതാക്കള്‍ പരാജയപ്പെടുന്നുവെന്നതാണ് പകര്‍ച്ചവ്യാധി പോലെ വളരെ മാരകമായ രോഗങ്ങള്‍ക്ക് വ്യാപനം നല്‍കുന്നത്. രാഷ്ട്രനേതാക്കള്‍ മാത്രമല്ല, രാഷ്ട്രീയ രംഗത്തുള്ളവരും ഉദേ്യാഗസ്ഥരും സംഘടന നേതാക്കളും മതവിഭാഗങ്ങളും തങ്ങള്‍ക്കറിവില്ലാത്ത കാര്യങ്ങളെ സ്വയം വ്യാഖ്യാനിക്കുകയോ വിദഗ്ധരുടെ സാന്നിധ്യമില്ലാത്ത തങ്ങളുടെ കമ്മിറ്റികളില്‍ മാത്രം ചര്‍ച്ച ചെയ്ത് നിഗമനങ്ങളില്‍ എത്തിച്ചേരുകയോ ചെയ്യുന്ന പ്രവണതയാണ് ലോകത്തുടനീളം കണ്ടുവരുന്നത്. പുറത്തുനിന്നുള്ളവരുടെ ഉപദേശങ്ങള്‍ തങ്ങള്‍ നേരത്തെ നിശ്ചയിച്ച അജണ്ടകള്‍ക്കും പ്രോഗ്രാമുകള്‍ക്കും വിലങ്ങുതടിയാവുമോ എന്നതാണ് പലരുടെയും ആശങ്ക.

വിവിധ രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ട് നേരത്തെ തന്നെ ചില നടപടികള്‍ കൊണ്ടുവന്നിരുന്നു. പക്ഷേ, അതിനൊന്നും ദേശവ്യാപകമായ പ്രചാരണങ്ങളോ ബോധവല്‍ക്കരണങ്ങളോ ലഭിച്ചില്ല എന്നതാണ് വസ്തുത. ഇന്ത്യയില്‍ പോലും ആരോഗ്യപ്രവര്‍ത്തകര്‍ ഈ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ജനുവരി തൊട്ട് നടത്തിവന്നിരുന്നു. പക്ഷേ, സര്‍ക്കാരുകളുടെയും പൊതുജനത്തിന്റെയും പിന്തുണ ഇതിന് ലഭിക്കുന്നുണ്ടായിരുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. ഫെബ്രുവരി 20 മുതല്‍ 27 വരെ ഇന്ത്യയില്‍ തങ്ങിയിരുന്ന ഇറ്റാലിയന്‍ ബിസിനസുകാരനായ ഥിയറി ഗണ്ടോള്‍ഫോ, കോയമ്പത്തൂരിലെ ആരോഗ്യപ്രവര്‍ത്തകര്‍ അദ്ദേഹം സഞ്ചരിച്ച പ്രദേശങ്ങളെ അന്വേഷിച്ചറിയുകയും കൂടെ സഞ്ചരിച്ചവരെ കുറിച്ച് ചോദിച്ചറിയുകയും ചെയ്ത അനുഭവങ്ങള്‍ വിവരിക്കുകയുണ്ടായി. ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരെയും തമിഴ്‌നാട് സര്‍ക്കാറിനെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.

ലോകത്തെ മിക്ക രാജ്യങ്ങളുടെയും നിയന്ത്രണം ബിസിനസ് ലോബികളുടെ കൈകളിലാണ് എന്നതാണ് കോവിഡ് വ്യാപനത്തിന് കാരണമാകുന്നത് എന്നത് അമ്പരിപ്പിക്കുന്ന മറ്റൊരു യാഥാര്‍ഥ്യം. അമേരിക്ക ഇതിന് വലിയൊരു ഉദാഹരണമാണ്. എത്ര വലിയ മഹാമാരികള്‍ സംഭവിച്ചാലും വേണ്ടില്ല അതുവഴി എത്ര ബില്യണുകള്‍ കൊയ്യാമെന്ന അന്വേഷണത്തിലാണ് ബിസിനസ് ലോബികള്‍. സാര്‍സ്, മെര്‍സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായ വൈറസുകള്‍ ഉണ്ടായിട്ടും അവയ്‌ക്കെതിരെ ഫലപ്രദമായ പ്രതിരോധ മരുന്നുകള്‍ കണ്ടുപിടിക്കാത്തതിന്റെ പിന്നില്‍ ബിസിനസ് ലോബികളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ചിലര്‍ പറയുന്നത്. ഭാവിയില്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ തടയുന്നത് ലാഭകരമായ ബിസിനസല്ല എന്ന കാഴ്ചപ്പാടാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണു പ്രമുഖ അമേരിക്കന്‍ ചിന്തകനായ നോം ചോംസ്‌കി കോവിഡ് പശ്ചാത്തലത്തില്‍ അഭിപ്രായപ്പെടുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് റീഗന്‍ ഒരു ദേശീയ ക്യാമ്പയിന്റെ ഭാഗമായി പറഞ്ഞുവെച്ച ഒരു കാര്യമുണ്ട്. അമേരിക്കയില്‍ നവോത്ഥാനപരമായ മുന്നേറ്റമുണ്ടാവണമെങ്കില്‍ സര്‍ക്കാരിനെ ഒരു പ്രശ്‌നപരിഹാര ഉപകരണമായി കാണരുത് എന്നു പറഞ്ഞ ശേഷം അദ്ദേഹം പറഞ്ഞ ഒരു വാചകം വളരെ പ്രസിദ്ധമാണ്: 'ഗവര്‍മെന്റാണ് യഥാര്‍ഥ പ്രശ്‌നം' (Government is the problem). ഗവര്‍മെന്റും വിവിധ പ്രസ്ഥാനങ്ങളും ബിസിനസ് പ്രമാണിമാരുടെ ചട്ടുകങ്ങളായിട്ടായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ദീര്‍ഘകാലം അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലിരുന്ന റീഗന്‍ വ്യംഗ്യമായി സൂചിപ്പിക്കുന്നത്. ബിസിനസ് ലോബികള്‍ ആരോഗ്യമേഖലയിലടക്കം പിടിമുറുക്കുന്ന പ്രവണത ഇന്ത്യയിലും മോഡി അധികാരത്തില്‍ വന്ന ശേഷം അധികരിച്ചിട്ടുണ്ട്.

ഇറ്റലിക്ക് മുന്നറിയിപ്പ് ലഭിച്ചതുപോലെ തന്നെ അമേരിക്കയ്ക്കും വ്യക്തമായ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നു. ബിസിനസ് കേന്ദ്രങ്ങള്‍ അടച്ചിട്ടാലുണ്ടാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ മറികടക്കാന്‍ പിന്നീട് സാധിക്കില്ല എന്ന നവലിബറല്‍ ലോബിയുടെ ബിസിനസ് യുക്തിയാണ് കോവിഡിനെ ചെറുക്കുന്നതില്‍ അമേരിക്കയെ തളര്‍ത്തിയത്. ട്രംപിന്റെ പല അപക്വമായ പ്രസ്താവനകളും വന്നത് ഈ ചിന്ത തലയില്‍ കയറിയതുകൊണ്ടായിരുന്നു. തുടക്കത്തില്‍ ചൈനയെ കുറ്റപ്പെടുത്തി 'ചൈനീസ് വൈറസ്' എന്നുവിളിച്ച് പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ട്രംപ് ശ്രമിച്ചത്. അതേസമയം സ്വന്തം രാജ്യത്ത് കൊറോണ വ്യാപനം തടയുന്ന കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടാന്‍ പറ്റില്ല എന്ന് ശഠിക്കുകയും 25 ലക്ഷം മരണം സംഭവിക്കാവുന്നത് ഒരു ലക്ഷമാക്കി കുറക്കുമെന്നുമുള്ള വമ്പ് പറയുകയുമായിരുന്നു ട്രംപ്. എല്ലാം വ്യാപകമായിക്കഴിഞ്ഞ ശേഷം ഇന്ത്യയോട് മരുന്നിനു വേണ്ടി കെഞ്ചുകയും ഭീഷണി മുഴക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ട്രംപ് ചെറുതാവുകയും ചെയ്തു.

ഇന്ത്യയില്‍ വളരെ നേരത്തെ തന്നെ രോഗപ്രതിരോധ സംവിധാനങ്ങള്‍ ശക്തമാണ് എന്നതുകൊണ്ടാണ് വ്യാപനം ദ്രുതഗതിയില്‍ കുതിക്കാതെ പോയത്. പ്‌ളേഗ്, കോളറ, വസൂരി തുടങ്ങിയ മഹാമാരികളെ പ്രതിരോധിച്ച പരിചയം ഇന്ത്യക്കുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ ഇക്കാര്യത്തില്‍ പ്രശംസിച്ചത് പത്രങ്ങളിലൂടെ നാം കണ്ടു. ഇന്ത്യ ഇത് നേടിയെടുത്തത് രാഷ്ട്രശില്‍പികളുടെ ശക്തമായ കാഴ്ചപ്പാടിലൂടെയാണ്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിന്തകളാണ് ഇന്ത്യക്ക് രോഗപ്രതിരോധ ശേഷി നേടിക്കൊടുത്തത്. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി 1952ല്‍ നെഹ്‌റു സ്ഥാപിച്ചതാണ്. 1956ല്‍ ഡല്‍ഹിയില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും 1958ല്‍ മൗലാനാ ആസാദ് മെഡിക്കല്‍ കോളേജും 1961ല്‍ ഗോവിന്ദ് വല്ലഭ് ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചത് നെഹ്‌റുവാണ്. നെഹ്‌റുവിന്റെ വിശ്വ ചരിത്രാവലോകം (ഏഹശാുലെ െീള ംീൃഹറ വശേെീൃ്യ) എന്ന പുസ്തകത്തില്‍ അദ്ദേഹം മകള്‍ ഇന്ദിരക്ക് എഴുതിയ ഒരു ഭാഗം ഇങ്ങനെയാണ്: 'ശാസ്ത്രാവബോധത്തിലൂടെ മാത്രമെ ശുചിത്വം, ആരോഗ്യം, രോഗപ്രതിരോധം എന്നിവയില്‍ വിജയം നേടാന്‍ സാധിക്കൂ.' ഇന്ത്യന്‍ ജനതയില്‍ ആരോഗ്യരംഗത്ത് ശാസ്ത്രാവബോധം വളര്‍ന്നതുകൊണ്ടാണ് ഇന്ത്യയെ പൂര്‍ണമായും കാര്‍ന്നുതിന്നേക്കുമായിരുന്ന പല പകര്‍ച്ചവ്യാധികളില്‍ നിന്നും ഇന്ത്യന്‍ ജനതയെ രക്ഷിച്ചത്.

പൊതുജനാരോഗ്യ മേഖലയില്‍ കാര്യമായ നിക്ഷേപം നടത്തണമെന്ന നെഹ്‌റുവിന്റെ കാഴ്ചപ്പാടാണ് ചൈന, ക്യൂബ, തായ്‌വാന്‍, വിയറ്റ്‌നാം, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും അനുവര്‍ത്തിച്ചത്. ഇങ്ങനെ ലോകത്തിനു തന്നെ പകര്‍ച്ചവ്യാധികളെ നേരിടുന്നതിലും പൊതുജനാരോഗ്യ മേഖലയെ പുഷ്ടിപ്പെടുത്തുന്നതിലും ഇന്ത്യ ഒരു വലിയ മാതൃകയാണ്. ഈ അടിത്തറയില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ രാജ്യത്ത് നിലവിലുള്ള രോഗപ്രതിരോധ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇന്ത്യയിലെ ശതകോടി ജനങ്ങളുടെ ആശ്രയം.

ഇത്രയും ശക്തമായ പൊതുജനാരോഗ്യ ശൃംഖലയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇപ്പോഴത്തെ പ്രധാനമന്ത്രിയും മുമ്പോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ രോഗവ്യാപനം ശക്തമാവാതിരിക്കാനുള്ള പ്രധാനകാരണവും ഇതുതന്നെയാണ്. അതിലുപരി വൈറസ് വ്യാപനത്തില്‍ നിന്നും ജഗന്നിയന്താവിന്റെ കാരുണ്യം ഇന്ത്യയിലെ ജനങ്ങളെ ഇതുവരെ സംരക്ഷിച്ചുവെന്നും നമുക്ക് ആശ്വസിക്കാം. 133 കോടി ജനങ്ങളില്‍ 6000 പേര്‍ക്ക് മാത്രമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. മരണം 178 കടന്നിരിക്കുന്നു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഇപ്പോഴും അതിജീവനത്തിന്റെ പാതയിലാണെന്ന് കാണാന്‍ സാധിക്കും.

ഇന്ത്യ അതിജീവനത്തിന്റെ പാതയിലാണെങ്കിലും ഇന്ത്യന്‍ സമൂഹത്തെ കോവിഡിനെതിരെ ബോധവല്‍ക്കരിക്കുന്നതില്‍ തുടക്കം മുതല്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും വലിയ അനാസ്ഥ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. സൗദി അറേബ്യയില്‍ ആദ്യത്തെ കോവിഡ് കേസ് കണ്ടുപിടിക്കുന്നത് മാര്‍ച്ച് നാലിനായിരുന്നു. ലോകരാജ്യങ്ങളില്‍ നിന്നുള്ള സൂചനകള്‍ മനസ്സിലാക്കി ഫെബ്രുവരി 26ന് തന്നെ പുതിയ ഉംറ, സന്ദര്‍ശക, തൊഴില്‍ വിസകളെല്ലാം മരവിപ്പിച്ചു. സൗദിയിലെ എയര്‍പോര്‍ട്ടുകള്‍ മാര്‍ച്ച് 7ന് തന്നെ അടച്ചിടുകയോ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയോ ചെയ്തു. സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി മക്ക, മദീന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും വ്യാപാര വാണിജ്യ സമുച്ചയങ്ങളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. കേവലം മൂന്നു ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയും നടപടികള്‍ കൊണ്ടുവന്നത്. എന്നാല്‍ ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് രോഗി റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 29 നായിരുന്നു. അതിനു ശേഷം പല സന്ദര്‍ഭങ്ങളിലായി രോഗം റിപ്പോര്‍ട്ട് ചെയ്തു. മിക്കതും പ്രവാസലോകത്തുനിന്നും നാടണയുന്നവരിലായിരുന്നു. മാര്‍ച്ച് മൂന്നാം വാരം മാത്രമാണ് ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നിയന്ത്രണം വരുന്നത്. രാജ്യത്തെ പൊതുജനാരോഗ്യ മേഖല സജീവമായി പ്രവര്‍ത്തിച്ചാല്‍ പോലും എയര്‍പോര്‍ട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അത് ഓട്ടപ്പാത്രത്തില്‍ വെള്ളമൊഴിക്കുന്നതിന് തുല്യമാണ് എന്ന് മനസ്സിലാക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടു.

കേരളത്തില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. ഇവിടെയെവിടെയും ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണക്കാരായി ഇറ്റലിയില്‍ നിന്നും ദുബൈയില്‍ നിന്നും സൗദിയില്‍ നിന്നും വന്ന ചിലരെ ചൂണ്ടിക്കാണിക്കാറുണ്ട്. യഥാര്‍ഥത്തില്‍ രോഗബാധിതരായി എന്ന കാരണത്താല്‍ നാട്ടിലെത്തിയ പ്രവാസികളെ കുറ്റപ്പെടുത്തുന്ന ശൈലിയാണ് പൊതുസമൂഹം സ്വീകരിച്ചത്. അതേസമയം എയര്‍പോര്‍ട്ടുകളില്‍ എത്തുന്നവരെ പരിശോധിക്കാനോ അവരെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനോ ആരും തയ്യാറായതുമില്ല. അധികാരികള്‍ അല്ലെങ്കില്‍ പൊതുസമൂഹം ഒരു ഉത്തരവാദിത്തവും നിര്‍വഹിക്കാതെ രാജ്യത്തിന് വിദേശനാണ്യം നേടിക്കൊടുക്കുന്ന, നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടി ജീവിക്കുന്ന പ്രവാസികളെ കോവിഡ് വ്യാപനത്തിന്റെ കാരണക്കാരായി മുദ്രകുത്തിയത് അക്ഷന്തവ്യമായ അപരാധമാണ്.

പ്രവാസികള്‍ക്ക് ശേഷം കടുത്ത ആരോപണം നേരിടേണ്ടി വന്നത് തബ്‌ലീഗ് ജമാഅത്ത് എന്ന സംഘടനയാണ്. രാജ്യത്താകമാനം കോവിഡ് പടര്‍ത്തിയത് ഡല്‍ഹിയില്‍ നടന്ന തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനമാണ് എന്ന ആരോപണമാണ് മീഡിയകള്‍ ഏറ്റുപടിച്ചത്. ഇതിനു പിന്നില്‍ പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെയും ദല്‍ഹി സര്‍ക്കാരിന്റെയും അലംഭാവം മൂടിവെക്കുകയാണ് ഒന്ന്. രണ്ടാമത്തെ കാര്യം കിട്ടിയ അവസരത്തില്‍ ഒരു മുസ്‌ലിം സംഘടനയെ ഭീകരമായി ചിത്രീകരിച്ചുകൊണ്ട് ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുക എന്നതാണ്. കൊറോണജിഹാദ്, തബ്‌ലീഗ്‌കോവിഡ് തുടങ്ങിയ പ്രയോഗങ്ങളെല്ലാം ഇങ്ങനെ കടന്നുവന്നതാണ്. കേരള മുഖ്യമന്ത്രിയടക്കം രാജ്യത്തെ മതേതര സമൂഹം ഈ നീക്കത്തെ ശക്തമായി അപലപിക്കുകയുണ്ടായി എന്നത് ശുഭോദര്‍ക്കമാണെങ്കിലും യു.പി മുഖ്യമന്ത്രി അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ ലോബികള്‍ ശത്രുതാപരമായ സമീപനമാണ് മുസ്‌ലിം സമൂഹത്തിനെതിരെ സ്വീകരിച്ചിരിക്കുന്നത്. കൊലപാതക ശ്രമങ്ങള്‍ അടക്കമുള്ള കടുത്ത വകുപ്പുകള്‍ ചാര്‍ത്തി ദേശീയ സുരക്ഷാ നിയമം (NSA) അനുസരിച്ച് തബ്‌ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് യു.പി ഭരണകൂടം.

തബ്‌ലീഗ് സമ്മേളനം മാര്‍ച്ച് 8 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് നടന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ച്ച് 16 ന് മാത്രമാണ് ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാള്‍ 50 ആളുകളില്‍ കൂടുതല്‍ ഒരുമിച്ചുകൂടരുത് എന്ന ഉത്തരവ് പുറപ്പെടുവിക്കുന്നത്. മാര്‍ച്ച് 18ന് ആയിരുന്നു രാഷ്ട്രപതി യു. പിയിലെയും രാജസ്ഥാനിലെയും എം.പിമാര്‍ക്ക് പ്രാതല്‍ വിരുന്നൊരുക്കുന്നത്. കോവിഡ് പോസിറ്റിവ് ആണെന്ന് കണ്ടെത്തിയ ബോളിവുഡ് ഗായിക കനിക കപൂറിന്റെ കൂടെ വേദി പങ്കിട്ട ബി.ജെ.പി നേതാവ് ദുഷ്യന്ത് സിംഗും രാഷ്ട്രപതിയുടെ പാര്‍ട്ടിയില്‍ പങ്കെടുക്കുകയുണ്ടായി. ഇതിനര്‍ഥം മാര്‍ച്ച് 16 ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അത്രമാത്രം ഗൗരവമുള്ളതായിരുന്നില്ല എന്നല്ലേ? അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രഥമ പൗരന്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചു എന്നാണോ മനസ്സിലാക്കേണ്ടത്! കര്‍ണാടക മുഖ്യമന്ത്രി മാര്‍ച്ച് 15ന് പങ്കെടുത്ത കല്യാണവിരുന്നില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 22ലെ ജനതാ കര്‍ഫ്യുവിന്റെ പിറ്റേന്നാണ് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത, മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. ഇതേ കാലയളവിലാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ചൈത്ര റാം നവമി ആഘോഷങ്ങള്‍ നടന്നത്. മോഡിയുടെ ആഹ്വാനപ്രകാരം പാത്രം മുട്ടാനായി തെരുവോരങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടിയതും ഇതേസമയത്തു തന്നെ! ഇവര്‍ക്കെതിരെ ഒരു പെറ്റി കേസുപോലും എടുത്തിട്ടില്ല. സര്‍ക്കാരോ ജനങ്ങളോ പൊതുവില്‍ കോവിഡിനെ അത്ര വലിയ കാര്യമായി കണ്ടിരുന്നില്ല എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

രോഗവ്യാപനത്തെ കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നെങ്കില്‍ രോഗവ്യാപനം കുറെയൊക്കെ നിയന്ത്രിക്കാമായിരുന്നു. എന്നാല്‍ ബോധവല്‍ക്കരണം നടത്തേണ്ട ഭരണാധികാരികള്‍ തന്നെ അലംഭാവത്തോടെ ആള്‍ക്കൂട്ട പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. കുറ്റപ്പെടുത്താന്‍ തുനിഞ്ഞാല്‍ ഒരാള്‍ പോലും കുറ്റത്തില്‍ നിന്നൊഴിവാകില്ല എന്ന് എല്ലാവരും മനസ്സിലാക്കണം.

കേരളത്തിലും മുസ്‌ലിം സംഘടനകള്‍ മാര്‍ച്ച് 21 വരെ കൃത്യമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നില്ല. ചില പള്ളികള്‍ മാര്‍ച്ച് 20ന് ജുമുഅ നിര്‍ത്തിവെച്ചിരുന്നു. അപ്പോള്‍ പിന്നെ തബ്‌ലീഗിനെ മാത്രം വിമര്‍ശിക്കാനുള്ള അവസരമായി ഇതിനെ കാണുന്നത് നീതിയല്ല. കൂട്ടം കൂടാന്‍ പാടില്ലെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഇല്ലെങ്കില്‍ രോഗവ്യാപനം ശക്തിയാര്‍ജിക്കുമെന്നുമൊക്കെയുള്ള ബോധം ആര്‍ക്കും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ഏതെങ്കിലും ഒരു വിഭാഗത്തെ കുറ്റപ്പെടുത്തി മറ്റുള്ളവര്‍ നല്ലപിള്ള ചമയുന്നത് നന്നല്ല.

ആദര്‍ശപരമായോ സംഘടനപരമായോ ഉള്ള വിയോജിപ്പുകളെ മുന്‍നിറുത്തി പരസ്പരം വിമര്‍ശിക്കാനുള്ള അവസരമായി ഇതിനെ കാണരുത്. അതേസമയം എല്ലാവര്‍ക്കും അവരവരുടെ ആശയങ്ങള്‍ വലുതാണല്ലോ എന്ന ധാരണയില്‍ യഥാര്‍ഥ വിശ്വാസത്തിലേക്ക് ചേക്കേറിയ അന്ധവിശ്വാസങ്ങള്‍ രോഗവ്യാപനത്തിന് കാരണമായിക്കൂടാ. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഖം നോക്കാതെ; മത, ജാതി, രാഷ്ട്രീയ പരിഗണനകളില്ലാതെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. രോഗം തന്നത് ദൈവമാണെങ്കില്‍ ദൈവം തന്നെ അത് സുഖപ്പെടുത്തുമെന്ന് വിശ്വസിക്കുന്നവര്‍ സമൂഹത്തിലുണ്ട്. രോഗത്തിന് ചികില്‍സിക്കാനും പകരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാനുമാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. രോഗം പകരാതിരിക്കുന്നതിന്റെ ഭാഗമായാണ് ജുമുഅ ജമാഅത്തുകള്‍ നിര്‍ത്തിവെച്ചത്. പള്ളികള്‍ അടച്ചുപൂട്ടിയത്. പകര്‍ച്ചവ്യാധിയുടെ കാലത്ത് പള്ളികളില്‍ കൂട്ടത്തോടെ ആരാധന നിര്‍വഹിക്കപ്പെടുന്നത് ഇസ്‌ലാമിക ദൃഷ്ട്യാ കുറ്റകരമാണെന്ന് തുറന്നു പറയാനാണ് എല്ലാ വിഭാഗങ്ങളിലെയും ഇസ്‌ലാമിക പണ്ഡിതര്‍ തയ്യാറാവേണ്ടത്.

ദൈവം തന്നത് ദൈവം എടുത്തുകൊള്ളുമെന്ന് വിശ്വസിച്ചുകൊണ്ട് ആരെങ്കിലും പുറത്തേക്കിറങ്ങുന്നുവെങ്കില്‍ 'വണ്ടേ നീയോ തുലയുന്നു, വീണൊരീ വിളക്കും കെടുത്തുന്നിതേ' എന്ന കവിതാശകലം മാത്രമാണ് അവരെ ഓര്‍മിപ്പിക്കാനുള്ളത്.

കോവിഡ് വ്യാപനത്തിന്റെ യഥാര്‍ഥ കാരണം മുന്‍വിധികളില്ലാതെ ആത്മാര്‍ഥമായി വിലയിരുത്തിയും തെറ്റുകള്‍ തിരുത്തിയും മുന്നോട്ട് പോകാന്‍ സര്‍ക്കാരുകളും പൊതുജനങ്ങളും രാഷ്ട്രീയ നേതാക്കളും സംഘടനകളും മതപണ്ഡിതരും ആരോഗ്യപ്രവര്‍ത്തകരും ഇനിയും തയ്യാറായില്ലെങ്കില്‍ മഹാദുരന്തമായിരിക്കും വരാനിരിക്കുന്നത്. ക്വുര്‍ആന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു: 'മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം' (ക്വുര്‍ആന്‍ 30:41).