ഭ്രൂണശാസ്ത്രം ക്വുര്‍ആനിലും ഹദീഥിലും

ഡോ. ജൗസല്‍

2020 നവംബര്‍ 21 1442 റബീഉല്‍ ആഖിര്‍ 06

(അണ്ഡവും ബീജവും ക്വുര്‍ആന്‍ പരാമര്‍ശങ്ങളുടെ കൃത്യത)

ഭ്രൂണത്തെ കുറിച്ചും അതിന്റെ വളര്‍ച്ചാ ഘട്ടങ്ങളെ കുറിച്ചുമെല്ലാമുള്ള ക്വുര്‍ആനിക പരാമര്‍ശങ്ങളിലെ കൃത്യത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ ഇക്കാര്യത്തെ തമസ്‌കരിക്കാന്‍ വികലമായ വ്യാഖ്യാനങ്ങളിലൂടെ ക്വുര്‍ആനിനെ ഖണ്ഡിക്കുകയാണ് വിമര്‍ശകര്‍. ക്വുര്‍ആനിെല ഭ്രൂണ വിജ്ഞാനത്തെ പറ്റിയുള്ള വിശദീകരണങ്ങള്‍ക്കെതിരെയുള്ള ഏറ്റവും പുതിയ ആരോപണങ്ങള്‍ വസ്തുതാപരമായി വിശകലനം ചെയ്യുന്നു.

ഭ്രൂണശാസ്ത്രം എന്നത് വളരെ ആധുനികമായ, വികസിച്ച ഒരു ശാസ്ത്രശാഖയാണ്. ഗര്‍ഭപാത്രത്തിനകത്ത് എങ്ങനെയാണ് ഒരു കുഞ്ഞുണ്ടാകുന്നത്, എങ്ങനെയാണ് ആ കുഞ്ഞ് വളരുന്നത് എന്നൊക്കെ കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ് നമുക്ക് അറിയാന്‍ സാധിച്ചിട്ടുള്ളത്. ഗര്‍ഭപാത്രത്തിനകത്ത് നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സ്‌കാനിംഗും മറ്റുമൊക്കെ അടുത്തകാലത്ത് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് നമുക്കറിയാം. ആദ്യകാലത്ത് മനുഷ്യര്‍ക്ക് ഒരുവിധ ധാരണയും ഇല്ലാതിരുന്ന ഒരു വിഷയമാണിത്. ഉണ്ടെങ്കില്‍ത്തന്നെ അത് അബദ്ധധാരണകള്‍ മാത്രവുമായിരുന്നു.

മനുഷ്യഭ്രൂണത്തിന്റെ വളര്‍ച്ചയെക്കുറിച്ച് പഠിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വളരെ പ്രയാസമുള്ള ഒരു ശാസ്ത്രശാഖയാണ് ഭ്രൂണശാസ്ത്രം. ഇന്നും കൂടുതല്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന മേഖലയാണത്. ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചകളില്‍ ഏതാനും മില്ലിമീറ്ററും ഏതാനും സെന്റിമീറ്ററുകളും മാത്രം വലിപ്പമുള്ള ഒരു വളരെ ചെറിയ ഒരു രൂപമാണ് ഭ്രൂണത്തിനുള്ളത്. ഭ്രൂണത്തെപ്പറ്റി പഠിക്കാനായി ഭ്രൂണം ഗര്‍ഭപാത്രത്തിനകത്തുനിന്നും എടുത്ത് പുറത്തേക്കു കൊണ്ടുവരാനോ ഗര്‍ഭപാത്രത്തിന് അകത്തുപോയി മൈക്രോസ്‌കോപ്പുവച്ച് പരിശോധിക്കാനോ സാധ്യമല്ല. ഗര്‍ഭകാലത്തിലെ ആദ്യ ആഴ്ചകളില്‍ സ്‌കാനിംഗ്‌കൊണ്ട് കാര്യമായി ഒന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുകയില്ല. കുറച്ച് വലുതായശേഷം മാത്രമെ, അഥവാ കുറച്ചു മാസങ്ങള്‍ പ്രായമുള്ളപ്പോള്‍ മാത്രമെ സ്‌കാനിംഗിലൂടെ കുട്ടിയുടെ അവയവങ്ങള്‍ കാണുവാനും മനസ്സിലാക്കാനും സാധിക്കുകയുള്ളൂ.

മനുഷ്യ ഭ്രൂണത്തെപ്പറ്റി പഠിക്കാന്‍ നിലവില്‍ ആകെയുള്ള മാര്‍ഗം ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചകളില്‍ അബോര്‍ഷന്‍ ആകുന്ന സ്ത്രീകളുടെ അബോര്‍ഷന്‍ ഫ്‌ളൂയിഡ് ശേഖരിച്ച് മൈക്രോസ്‌കോപ് മുഖേന പരിശോധിക്കുക എന്നതാണ്. അങ്ങനെ പരിശോധിച്ചാണ് ഇന്ന് കാണുന്ന രൂപത്തിലുള്ള ഭ്രൂണശാസ്ത്രം രൂപമെടുത്തിട്ടുള്ളത്.

ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഒരാള്‍ക്കുംതന്നെ ഈ വിഷയത്തില്‍ ഇത്തരത്തിലുള്ള ശാസ്ത്രീയ അറിവുകള്‍ ഉണ്ടാവാന്‍ യാതൊരുവിധ അവസരവുമില്ല. എന്നാല്‍ മൈക്രോസ്‌കോപ് കണ്ടുപിടിക്കുന്നതിനും ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കാര്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലും പ്രവാചകവചനങ്ങളിലും കാണുവാന്‍ സാധിക്കുന്നു എന്നത് ഇസ്‌ലാമിന്റെ ദൈവികതയാണ് വ്യക്തമാക്കുന്നത്.

പതിനേഴാം നൂറ്റാണ്ടിലാണ് ആന്റണി വാന്‍ ലീവന്‍ഹുക്ക് മൈക്രോസ്‌കോപ് കണ്ടുപിടിക്കുന്നത്. 1677ല്‍ ആന്റണി വാന്‍ ലീവന്‍ഹുക്കും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ നിക്കോളാസ് ഹാര്‍ട്ട്‌സീക്കറും ചേര്‍ന്നാണ് ലോകത്താദ്യമായി ശുക്ലപരിശോധനയിലൂടെ പുരുഷബീജം കണ്ടെത്തിയത്. അവര്‍ കരുതിയിരുന്നത് ഒരു ബീജത്തിനകത്ത് ചെറിയ രൂപത്തിലുള്ള ഒരു മനുഷ്യക്കുട്ടിയുണ്ട് എന്നായിരുന്നു! ഹോമന്‍കുലസ് (homunculus) എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. ബീജത്തിനകത്തുള്ള ഈ ഒരു ഹോമന്‍കുലസ് എന്ന ചെറിയ മനുഷ്യക്കുട്ടി ഗര്‍ഭാശയത്തിന് അകത്തെത്തിയാല്‍ അവിടെനിന്ന് വികാസം പ്രാപിക്കുകയും വലിയൊരു കുട്ടിയായി മാറുകയും ചെയ്യുന്നു എന്നായിരുന്നു ഇവരുടെ ധാരണ.

പതിനെട്ടാം നൂറ്റാണ്ടുവരെ ശാസ്ത്രലോകത്തിന്റെ കാഴ്ചപ്പാട് പ്രീഫോര്‍മേഷന്‍ എന്ന ഈ സിദ്ധാന്തമായിരുന്നു. അഥവാ പുരുഷന്റെ ശുക്ലത്തിനകത്തുള്ള ബീജത്തില്‍ ഒരു കുഞ്ഞുശിശു ഉണ്ട്; അത് സ്ത്രീപുരുഷ ബന്ധത്തിലൂടെ ഗര്‍ഭാശയത്തിനകത്ത് എത്തുമ്പോള്‍ അവിടെ കിടന്നു വളര്‍ന്നുവലുതാകുന്നു, വലിയൊരു കുട്ടിയായിമാറുന്നു. പുരുഷബീജത്തിനകത്തുള്ള ഈ കുട്ടിയെ വളര്‍ത്താന്‍ ആവശ്യമായ ഒരു മാധ്യമം മാത്രമാണ് സ്ത്രീയുടെ ഗര്‍ഭാശയം എന്നാണ് അവര്‍ വിചാരിച്ചിരുന്നത്. അഥവാ കുട്ടി ഉണ്ടാകുന്നത് പൂര്‍ണമായും പുരുഷ ബീജത്തിനകത്തുള്ള ഈ ഹൊമന്‍കുലസ് വളര്‍ന്നാണ്. അതിന് ആവശ്യമായ ഒരു സാഹചര്യമൊരുക്കുക എന്നത് മാത്രമാണ് സ്ത്രീയുടെ ഗര്‍ഭപാത്രത്തിന്റെ റോള്‍ എന്ന നിഗമനം!

ലീവന്‍ഹുക്കിനൊപ്പം ആദ്യമായി മനുഷ്യബീജം മൈക്രോസ്‌കോപിലൂടെ ദര്‍ശിച്ച നിക്കോളാസ് ഹാര്‍ട്ട്‌സീക്കര്‍ 1695 വരച്ച ഹോമന്‍കുലസിന്റെ ചിത്രം വളരെ പ്രസിദ്ധമാണ്. ഒരു പുരുഷബീജത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ചെറിയ കുട്ടിയുടെ രൂപത്തിലുള്ള ഹോമന്‍കുലസിന്റെ ചിത്രം താഴെ കൊടുക്കുന്നു.

പുരുഷബീജം കണ്ടെത്തി രണ്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് സ്ത്രീയുടെ അണ്ഡം കണ്ടുപിടിക്കപ്പെട്ടത്. ഒരു മനുഷ്യക്കുഞ്ഞുണ്ടാവാന്‍ പുരുഷബീജം സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാല്‍ മാത്രം പോരാ, സ്ത്രീയുടെ ബീജവുംകൂടി ആവശ്യമുണ്ട് എന്നുള്ളത് വളരെ അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുള്ളത്. പുരുഷ ബീജവും സ്ത്രീബീജവും കൂടിച്ചേര്‍ന്നാല്‍ മാത്രമെ കുട്ടിയുണ്ടാവുകയുള്ളൂ എന്നുള്ളത് ശാസ്ത്രലോകത്തിന് രണ്ട് നൂറ്റാണ്ടു മുമ്പ് വരെ അജ്ഞാതമായ കാര്യമായിരുന്നു എന്ന് വ്യക്തം.

ഈ കാര്യങ്ങളൊക്കെ മുന്‍നിര്‍ത്തി ആലോചിക്കുമ്പോഴാണ് ഏഴാംനൂറ്റാണ്ടിലെ നിരക്ഷരനായ ഒരു പ്രവാചകനിലൂടെ അല്ലാഹു അവതരിപ്പിച്ച ക്വുര്‍ആന്‍ സൂക്തങ്ങളും അതിന്റെ വിശദീകരണമായ നബിവചനങ്ങളും എത്രമാത്രം ശാസ്ത്രീയമാണ് എന്ന് നാം അത്ഭുതംകൂറുന്നത്. എഴുതാനോ വായിക്കാനോ അറിയാത്ത, ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത പ്രവാചകന്റെ നാവിലൂടെ ഇത്തരം കൃത്യമായ ശാസ്ത്രീയ സത്യങ്ങള്‍ 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് പുറത്തുവന്നു എങ്കില്‍ അതിനുപിന്നില്‍ ദൈവികമായ ഒരു ഇടപെടല്‍ ഉണ്ടായിരിക്കുമെന്നത് സാമാന്യബുദ്ധി അംഗീകരിക്കുന്ന ഒരു സത്യം മാത്രമാണ്. ഒരു കുട്ടി ഉണ്ടാവാന്‍ പുരുഷബീജം പോലെ തന്നെ സ്ത്രീയുടെ ബീജവും (അണ്ഡം) ആവശ്യമാണെന്നും പുരുഷബീജവും സ്ത്രീബീജവും കൂടിച്ചേര്‍ന്നാണ് ഒരു കുഞ്ഞ് ജനിക്കുന്നത് എന്നുമുള്ള, വളരെകൃത്യമായ വിവരം ക്വുര്‍ആന്‍ നല്‍കുന്നുണ്ട്.

''(സ്ത്രീയുടെയും പുരുഷന്റെയും) കൂടിച്ചേര്‍ന്ന നുത്വ്ഫയില്‍നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു; നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു'' (ക്വുര്‍ആന്‍ 76:2).

ഈ വചനത്തെ വിശദീകരിക്കവെ പ്രസിദ്ധരായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം പറഞ്ഞിട്ടുള്ളത് 'നുത്വ്ഫതുന്‍ അംശാജ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീയുടെയും പുരുഷന്റെയും നുത്വ്ഫ കൂടിച്ചേര്‍ന്നത് എന്നാണ്. മുഹമ്മദ് നബി ﷺ യുടെ അനുചരനും പ്രമുഖ ക്വുര്‍ആന്‍ വ്യാഖ്യാതാവുമായ അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ), താബിഈ പണ്ഡിതരായ മുജാഹിദ്(റഹി), ഇക്‌രിമ(റഹി), ഹസനുല്‍ ബസ്വരി(റഹി), റബീഅ്(റഹി) എന്നിവരെല്ലാം ഇങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്. ഇത് പ്രത്യേകം എടുത്തുപറഞ്ഞത് ഇതൊന്നും ആധുനികമായ വ്യാഖ്യാനങ്ങളല്ല എന്ന് വ്യക്തമാക്കുവാനാണ്.

സ്ത്രീബീജത്തിന് മലയാളത്തില്‍ 'അണ്ഡം' എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. അറബിയില്‍ 'നുത്വ്ഫ' എന്ന പദം പുരുഷന്റെ ബീജത്തിനും സ്ത്രീയുടെ അണ്ഡത്തിനും പൊതുവായി ഉപയോഗിക്കുന്ന പദമാണ്. മലയാളത്തില്‍ ഇതിനു തത്തുല്യമായ ഒരു വാക്ക് ഇല്ലാത്തതുകൊണ്ടാണ് 'സ്ത്രീബീജം' എന്ന് കൊടുക്കുന്നത്. ഇംഗ്ലീഷില്‍ gamete എന്ന ഒരു വാക്കുണ്ട്.

യഥാര്‍ഥത്തില്‍ പുരുഷന്റെ ബീജത്തിനും സ്ത്രീയുടെ അണ്ഡത്തിനും പൊതുവില്‍ ഉപയോഗിക്കാവുന്ന, രണ്ട് അര്‍ഥങ്ങളും ഉള്‍ക്കൊള്ളുന്ന പദമാണ് 'നുത്വ്ഫ' എന്നത്. പരിഭാഷയിലെ ബീജം എന്ന വാക്ക് കണ്ടിട്ട് പുരുഷബീജത്തെപ്പറ്റി മാത്രമാണ് ക്വുര്‍ആനില്‍ പരാമര്‍ശിക്കുന്നത് എന്ന് വിമര്‍ശകര്‍ തെറ്റിദ്ധരിക്കുന്നതാണ് പല വിമര്‍ശനങ്ങളുടെയും അടിസ്ഥാനം. സത്യത്തില്‍ മലയാളഭാഷയുടെ പരിമിതി മാത്രമാണിത്. മലയാളത്തില്‍ ചില പദങ്ങള്‍ക്ക് പുല്ലിംഗത്തിനും സ്ത്രീലിംഗത്തിനും വെവ്വേറെ പദങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ മറ്റുഭാഷകളില്‍ ചിലപ്പോള്‍ ഒരുപദം ആയിരിക്കും രണ്ടിനും പൊതുവായി ഉപയോഗിക്കുക. ഉദാഹരണത്തിന് മലയാളത്തില്‍ നായ എന്നാല്‍ പുല്ലിംഗവും പട്ടി എന്നാല്‍ സ്ത്രീലിംഗവും ആണ്. ഇംഗ്ലീഷില്‍ രണ്ടിനും dog എന്നാണ് പറയുക. Dog bite can be dangerous എന്ന ഇംഗ്ലീഷ് വാചകം മലയാളത്തില്‍ പരിഭാഷപ്പെടുത്തുക 'നായകടി അപകടകരമായേക്കാം' എന്നാണ്. അതിനര്‍ഥം (പെണ്‍)പട്ടി കടിച്ചാല്‍ കുഴപ്പമില്ല, (ആണ്‍)നായ കടിച്ചാല്‍ മാത്രമാണ് കുഴപ്പം എന്നല്ലല്ലോ. ഇവിടെ പറഞ്ഞ ഇംഗ്ലീഷ് വാചകത്തില്‍ നായയും പട്ടിയും ഒക്കെ ഉദ്ദേശിക്കപ്പെടുന്നുണ്ട്. പക്ഷേ, മലയാള പരിഭാഷയില്‍ നായ എന്നോ പട്ടി എന്നോ മാത്രമെ ഉണ്ടാവൂ. അതിനര്‍ഥം അവിടെ പുല്ലിംഗം മാത്രമാണ് ഉദ്ദേശിച്ചത് എന്നോ സ്ത്രീലിംഗം മാത്രമാണ് ഉദ്ദേശിച്ചത് എന്നോ അല്ല. ഭാഷകളുടെ പരിമിതികള്‍ മാത്രമാണ് ഇത് വ്യക്തമാക്കുന്നത്.

പരിഭാഷകളില്‍ 'ബീജം' എന്ന് കാണുമ്പോള്‍ അവിടെ അണ്ഡത്തെ ഉദ്ദേശിച്ചിട്ടില്ല എന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. 'നുത്വ്ഫ' എന്ന് ക്വുര്‍ആന്‍ ഉപയോഗിക്കുമ്പോള്‍ അവിടെ അണ്ഡവും ബീജവും ഉദ്ദേശിക്കപ്പെടുന്നുണ്ട്. AD 1863ല്‍Edward William Lane പ്രസിദ്ധീകരിച്ച Arabic English Lexicon 'നുത്വ്ഫ' എന്ന വാക്കിന് sperm of a man and of a woman എന്ന് കൃത്യമായി അര്‍ഥം കൊടുത്തതായി കാണാം. താഴെ കാണുന്ന സ്‌ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക:

'നുത്വ്ഫ' എന്നാല്‍ gamete അഥവാ sex cell ആണ് എന്നും നുത്വ്ഫതുന്‍ അംശാജ് എന്നാല്‍ അണ്ഡവും ബീജവും കൂടിച്ചേര്‍ന്ന fertilized egg ആണെന്നും കൃത്യമായി മനസ്സിലാക്കുക. ഇത് പ്രവാചക ശിഷ്യന്മാരുടെ വിശദീകരണങ്ങളില്‍ വളരെ കൃത്യമായി കാണാവുന്ന, എല്ലാ തഫ്‌സീറുകളിലും കൊടുത്തിട്ടുള്ള വിശദീകരണം മാത്രമാണ്.

ശുക്ലം പുറപ്പെടുന്നത് നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍നിന്നാണെന്നോ?

വിശുദ്ധ ക്വുര്‍ആനില്‍ അശാസ്ത്രീയമായ പരാമര്‍ശങ്ങള്‍ ഉണ്ട് എന്ന് സ്ഥാപിക്കാനായി വിമര്‍ശകര്‍ കൊണ്ടുവരുന്ന ചില സൂക്തങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

''എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചുനോക്കട്ടെ താന്‍ എന്തില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്. തെറിച്ചുവീഴുന്ന ദ്രാവകത്തില്‍നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വുല്‍ബിനും തറാഇബിനും ഇടയില്‍നിന്ന് അത് പുറത്തുവരുന്നു'' (ക്വുര്‍ആന്‍ 86:5-7).

പല ക്വുര്‍ആന്‍ പരിഭാഷകളിലും ഏഴാമത്തെ ആയത്തിന് നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍നിന്ന് അത് പുറപ്പെടുന്നു എന്നാണ് കാണുക. ഞാന്‍ ആ പരിഭാഷകള്‍ ഉപയോഗിക്കാതെ ക്വുര്‍ആന്‍ ഉപയോഗിച്ച അറബി പദങ്ങളായ 'സ്വുല്‍ബ്,' 'തറാഇബ്' എന്ന പദങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. അതിന്റെ കാരണം ലേഖനം മുഴുവന്‍ വായിച്ചുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും എന്നു കരുതുന്നു.

'തെറിച്ചുവീഴുന്നദ്രാവകം കൊണ്ട് ഉദ്ദേശിക്കുന്നത് പുരുഷശുക്ലമാണ്. പുരുഷന്റെ ശുക്ലം ഉല്‍പാദിപ്പിക്കപ്പെടുന്നത് വൃഷണങ്ങളില്‍നിന്നാണെന്ന കാര്യം മുഹമ്മദ് നബി ﷺ ക്ക് അറിയാത്തതുകൊണ്ട് പറ്റിയ അബദ്ധമാണ് ഇത്' എന്നെല്ലാമാണ് ഇസ്‌ലാം വിമര്‍ശകരുടെ ആരോപണം.

വിമര്‍ശകരുടെ വാദം ശരിയാകണമെങ്കില്‍ അന്നത്തെ അറബികള്‍ക്ക് ബീജോല്‍പാദനം നടക്കുന്നത് വൃഷണങ്ങളില്‍നിന്നാണ് എന്ന അറിവ് ഉണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ ഈ വാദം തികച്ചും തെറ്റാണെന്ന് കാണാന്‍ സാധിക്കും. വൃഷണങ്ങളില്‍നിന്നാണ് ബീജം ഉല്‍പാദിപ്പിക്കപ്പെടുന്നത് എന്ന് പ്രാചീനകാലം മുതല്‍ക്കേ മനുഷ്യര്‍ക്ക് അറിവുള്ള കാര്യമാണ്. അടിമത്ത സമ്പ്രദായം നിലനിന്നിരുന്ന അക്കാലത്ത് അടിമകളുടെ പ്രത്യുല്‍പാദനശേഷി ഇല്ലാതാക്കാനായി ഷണ്ഡീകരിക്കുന്ന (castration) സമ്പ്രദായമുണ്ടായിരുന്നു എന്നത് ഇക്കാര്യം വ്യക്തമാക്കുന്നു.

അടിമകളെ ഷണ്ഡീകരിക്കുന്ന കിരാതനടപടിയെ മുഹമ്മദ് നബി ﷺ  പൂര്‍ണമായി നിരോധിച്ചതായി ഹദീഥ് ഗ്രന്ഥങ്ങൡ കാണാം. അടിമകളെ ഷണ്ഡീകരിക്കാന്‍ പാടില്ല എന്നും ആരെങ്കിലും തന്റെ കീഴിലുള്ള അടിമയെ ഷണ്ഡീകരിച്ചാല്‍ അവനെതിരില്‍ അതേതരത്തിലുള്ള ശിക്ഷാനടപടി ഉണ്ടാകുമെന്നും മുഹമ്മദ് നബി ﷺ  പറഞ്ഞതായും ഹദീഥുകളുള്ളതായി കാണാന്‍ സാധിക്കും.

മുഹമ്മദ് നബി ﷺ  പ്രഖ്യാപിച്ചു: ''ആരെങ്കിലും സ്വന്തം അടിമയെ വധിച്ചാല്‍ അവനെ നാം വധിക്കുന്നതാണ്. ആരെങ്കിലും അടിമയെ അംഗഭംഗം വരുത്തുകയാണെങ്കില്‍ അവനെ നാം അംഗഭംഗം നടത്തുന്നതാണ്. ആരെങ്കിലും അടിമയെ ഷണ്ഡീകരിച്ചാല്‍ അവനെ നാം ഷണ്ഡീകരിക്കുന്നതാണ്'' (നസാഈ: 4736).

വൃഷണങ്ങളില്‍നിന്നാണ് ബീജോല്‍പാദനം നടക്കുന്നത് എന്ന വിവരം അന്നത്തെ സമൂഹത്തിന് ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാനാണ് ഹദീഥ് ഇവിടെ കൊണ്ടുവന്നത്. വൃഷണം ഛേദിച്ചുകൊണ്ടുള്ള ഷണ്ഡീകരണം വിലക്കിക്കൊണ്ടുള്ള വേറെയും ഹദീഥുകള്‍ കാണാം.

വൃഷണങ്ങളിലാണ് ബീജോല്‍പാദനം നടക്കുന്നത് എന്നും വൃഷണങ്ങള്‍ കാലുകള്‍ക്കിടയിലുള്ള വൃഷണസഞ്ചിയില്‍ ആണെന്നും എല്ലാവര്‍ക്കും അറിവുണ്ടായിരിക്കെ പിന്നെ എന്തുകൊണ്ടാണ് സ്വുല്‍ബിബിനും തറാഇബിനും ഇടയില്‍നിന്നാണ് തെറിച്ചുവീഴുന്ന ദ്രാവകം പുറപ്പെടുന്നത് എന്ന് പറഞ്ഞത് എന്നതാണ് ഇനി നമുക്ക് പരിശോധിക്കാനുള്ളത്.

നബി ﷺ യില്‍നിന്നും ക്വുര്‍ആന്‍ നേരിട്ട് കേട്ടു പഠിച്ച സ്വഹാബിമാര്‍ ഈ വചനങ്ങളെ എങ്ങനെയാണ് മനസ്സിലാക്കിയത് എന്ന് നമുക്ക് നോക്കാം. പ്രവാചകശിഷ്യനും ക്വുര്‍ആന്‍ വ്യാഖ്യാതാവുമായ അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) ഈ വചനങ്ങള്‍ വ്യാഖ്യാനിച്ചത് നമുക്ക് തഫ്‌സീറുകളില്‍ കാണാം:

''ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: പുരുഷന്റെ സ്വുല്‍ബില്‍നിന്നും സ്ത്രീയുടെ തറാഇബില്‍നിന്നുമാണ് ദ്രാവകങ്ങള്‍ പുറപ്പെടുന്നത്. (സ്ത്രീയുടെ) ദ്രാവകം മഞ്ഞയും കട്ടികുറഞ്ഞതുമാണ്. പുരുഷന്റെയും സ്ത്രീയുടെയും ദ്രാവകങ്ങള്‍ കൂടിച്ചേര്‍ന്നാലല്ലാതെ കുഞ്ഞുണ്ടാവുകയില്ല. ഇതേ വ്യാഖ്യാനം തന്നെ സഈദുബ്‌നു ജുബൈര്‍(റഹി), ഇക്‌രിമ(റഹി), ക്വതാദ(റഹി), സ്വുദ്ദീ(റഹി) അടക്കമുള്ള എല്ലാ താബിഈ പണ്ഡിതരും പ്രസ്താവിച്ചിട്ടുണ്ട്'' (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

മുന്‍കാല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളായ ഇമാമുമാര്‍ ത്വബ്‌രി, സമഖ്ശരി, ത്വബ്‌റാനി, റാസി, ക്വുര്‍ത്വുബി, ഇബ്‌നു കഥീര്‍, ശൗകാനി തുടങ്ങിയവരെല്ലാം ഈ വ്യാഖ്യാനം തന്നെയാണ് ഈ ആയത്തുകള്‍ക്ക് നല്‍കിയിട്ടുള്ളത്.

ഈ സൂക്തത്തില്‍ പ്രതിപാദിക്കുന്നത് പുരുഷ ശുക്ലത്തിന്റെ കാര്യം മാത്രമല്ല എന്നത് നാം പ്രത്യേകം മനസ്സിലാക്കണം. 'തെറിച്ചുവീഴുന്ന ദ്രാവകം' എന്നതുകൊണ്ട് ഉദ്ദേശിച്ചത് പുരുഷശുക്ലം മാത്രമാണ് എന്ന തെറ്റിദ്ധാരണയില്‍നിന്നാണ് എല്ലാ വിമര്‍ശനങ്ങളും ഉയരുന്നത്. മുകളില്‍ നാം കൃത്യമായി കണ്ടുകഴിഞ്ഞു, ഈ വചനങ്ങള്‍ മുഹമ്മദ് നബി ﷺ യില്‍നിന്നും നേരിട്ട് പഠിച്ച സ്വഹാബിമാര്‍ എങ്ങനെയാണ് മനസ്സിലാക്കിയത് എന്ന കാര്യം. അവര്‍ മനസ്സിലാക്കിയത് പുരുഷന്റെ തെറിച്ചുവീഴുന്ന ദ്രാവകം പുരുഷന്റെ സ്വുല്‍ബില്‍നിന്നും സ്ത്രീയുടെ തെറിച്ചുവീഴുന്ന ദ്രാവകം സ്ത്രീയുടെ തറാഇബില്‍നിന്നും ആണ് ഉല്‍പാദിപ്പിക്കപ്പെടുന്നത് എന്നാണ്. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം പറഞ്ഞതും അതുതന്നെയാണ്.

തഫ്‌സീര്‍ ജലാലൈനി പറയുന്നു: ''മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് തെറിച്ചുവീഴുന്ന ദ്രാവകങ്ങളില്‍ നിന്നാണ്. പുരുഷനില്‍നിന്നും സ്ത്രീയില്‍നിന്നും ദ്രാവകങ്ങള്‍ ഗര്‍ഭാശയത്തിനുള്ളിലേക്ക് തെറിച്ചു വീഴുന്നു.''

''പുരുഷന്റെ ഇടുപ്പില്‍നിന്നും സ്ത്രീയുടെ വാരിയെല്ലില്‍നിന്നുമാണ് ദ്രാവകങ്ങള്‍ പുറപ്പെടുന്നത്.''

എന്താണ് വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞ 'സ്വുല്‍ബ്?' എന്താണ് 'തറാഇബ്?' സ്വുല്‍ബ് എന്ന പദത്തിന്റെ അര്‍ഥം ഉറപ്പുള്ളത് (strong) എന്നാണ്. ശരീരവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ ഇതിന്റെ അര്‍ഥം loin എന്നാണ്. മലയാളത്തില്‍ ഇടുപ്പ്, നാഭി, അരക്കെട്ട്, കടിതടം, ജഘനം എന്നൊക്കെ പറയും. ഗൂഗിള്‍ ട്രാന്‍സിലേറ്റ് സ്‌ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നുണ്ട്.

loin എന്ന പദത്തിന്റെ അറബി പരിഭാഷ നോക്കിയാല്‍ അതില്‍ 'സ്വുല്‍ബ്' എന്ന വാക്കും ഗൂഗിള്‍ ട്രാന്‍സിലേറ്റില്‍ തന്നെ കാണാന്‍ സാധിക്കും. എല്ലാ അറബിക്-ഇംഗ്ലീഷ് ഡിക്ഷ്ണറികളിലും നിങ്ങള്‍ക്ക് ഈ കാര്യങ്ങള്‍ പരിശോധിക്കാവുന്നതുമാണ്.

പ്രസിദ്ധ ഓറിയന്റലിസ്റ്റായിരുന്ന ബ്രിട്ടീഷുകാരനായ George Sale AD 1734ല്‍ പ്രസിദ്ധീകരിച്ച ക്വുര്‍ആന്‍ പരിഭാഷയില്‍ 'സ്വുല്‍ബ്' എന്ന പദത്തിന് കൊടുത്ത പരിഭാഷ loin അഥവാ ഇടുപ്പ് എന്നാണ്. (സ്‌ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു:)

1930ല്‍ ബ്രിട്ടീഷുകാരനായ Muhammad Marmaduke Pickthall പ്രസിദ്ധീകരിച്ച ക്വുര്‍ആന്‍ പരിഭാഷയില്‍ സ്വുല്‍ബ് എന്ന പദത്തിന് കൊടുത്ത പരിഭാഷ loin എന്നാണ്. 1980ല്‍ Mohammed Asad എന്ന ഓസ്ട്രിയന്‍ പണ്ഡിതന്‍ പ്രസിദ്ധീകരിച്ച ക്വുര്‍ആന്‍ പരിഭാഷയായ 'ദെ മെസ്സേജ് ഓഫ് ക്വുര്‍ആനി'ലും സ്വുല്‍ബ് എന്ന പദത്തിന് കൊടുത്ത പരിഭാഷ loin എന്നു തന്നെയാണ്. ഇതൊക്കെ പ്രത്യേകമായി എടുത്തുപറയാന്‍ കാരണം ഇതൊന്നും 2020ല്‍ പുതുതായി തട്ടിക്കൂട്ടി ഉണ്ടാക്കിയ വ്യാഖ്യാനമല്ല എന്ന് കൃത്യമായി മനസ്സിലാക്കാന്‍ ആണ്. സ്വുല്‍ബ് എന്ന പദത്തിന് മുതുക് (back), നട്ടെല്ല് (backbone) എന്നൊക്കെ അര്‍ഥം നല്‍കിയ ഇംഗ്ലീഷ് പരിഭാഷകളും ഉണ്ട്. മലയാള പരിഭാഷകള്‍ അധികവും നട്ടെല്ല് എന്നാണ് അര്‍ഥം കൊടുത്തിട്ടുള്ളത്.

ക്വുര്‍ആന്‍ സൂക്തത്തിന്റെ ആശയത്തിന് അഥവാ പുരുഷന്റെ സ്വുല്‍ബില്‍നിന്നും തെറിച്ചുവീഴുന്ന ദ്രാവകമായ ശുക്ലം പുറത്തുവരുന്നു എന്നതിന് ശരിയായി യോജിക്കുന്ന അര്‍ഥം loin എന്ന് തന്നെയാണ്. പുരുഷന് ഉദ്ധാരണം സംഭവിക്കുന്ന അവസരത്തില്‍ വൃഷണസഞ്ചിയില്‍ (scrotum) തൂങ്ങിക്കിടക്കുന്ന വൃഷണങ്ങളില്‍നിന്നും ഉല്‍പാദിപ്പിക്കപ്പെടുന്ന ബീജങ്ങള്‍ vas deferens എന്ന 30 സെന്റീമീറ്റര്‍ നീളമുള്ള ചെറിയ കുഴലുകള്‍ വഴി ബീജങ്ങളെ തള്ളി മുകളിലേക്ക് ഇടുപ്പിലേക്ക് കൊണ്ടുപോകുന്നു. വാസ് ഡിഫറെന്‍സ് കുഴലിനെ പൊതിഞ്ഞുകൊണ്ടുള്ള കുഞ്ഞന്‍ മസിലുകള്‍ പ്രത്യേകതരത്തില്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതുമൂലമാണ് ഇത് സാധ്യമാകുന്നത്. വാസ് ഡിഫറന്‍സ് seminiferous vesicle ductമായി കൂടിച്ചേര്‍ന്ന് ejaculatory duct ആയി മാറുന്നു. ഇത് പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്ക് ഉള്ളിലൂടെ കടന്നുപോയി മൂത്രനാളിയിലേക്ക് (urethra) തുറക്കുന്നു; സ്ഖലനം സംഭവിക്കുന്നു. താഴെ കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഇതൊക്കെ കൃത്യമായി loin അഥവാ ഇടുപ്പില്‍ ആണ് സ്ഥിതി ചെയ്യുന്നത് എന്ന് കാണാന്‍ സാധിക്കും.

പുരുഷന്റെ ശുക്ലത്തിന്റെ 70% seminal vesicles secretionsഉം 27% പ്രോസ്‌റ്റേറ്റ് secretionsഉം 1% bourethral glands secretionsഉം ആണ്. ശുക്ലത്തിലെ ബീജത്തിന്റെ അളവ് വെറും 2% മാത്രമാണ്. വിശുദ്ധ ക്വുര്‍ആന്‍ പ്രസ്താവിച്ചിട്ടുള്ള പുരുഷന്റെ തെറിച്ചുവീഴുന്ന ദ്രാവകം അഥവാ ശുക്ലം പുറപ്പെടുന്നത് ഇടുപ്പില്‍നിന്നാണെന്ന കാര്യം സംശയലേശമന്യേ വ്യക്തമാണ്. ചിത്രം താഴെ കൊടുക്കുന്നു.

യഥാര്‍ഥത്തില്‍ സ്വുല്‍ബ് എന്ന പദത്തിന് ചില ഇംഗ്ലീഷ്, മലയാളം പരിഭാഷകളില്‍ കൊടുത്തിട്ടുള്ള തെറ്റായ പരിഭാഷയാണ് നട്ടെല്ല് എന്നത്. ഭാഷാപരമായി സ്വുല്‍ബിന് നട്ടെല്ല് എന്ന അര്‍ഥം കൂടി ഉണ്ടെങ്കിലും loin എന്ന പരിഭാഷയാണ് ഈ ആയത്തിന്റെ ആശയത്തോട് കൃത്യമായി യോജിച്ചത് എന്ന് കാണാന്‍ കഴിയും.

ഇത് ചില പരിഭാഷകരുടെ മാത്രം പോരായ്മയാണ്; അല്ലാതെ ഒരിക്കലും വിശുദ്ധ ക്വുര്‍ആനിന്റെ പോരായ്മയല്ല. ക്വുര്‍ആന്‍ പരിഭാഷകളുടെ ലക്ഷ്യം ക്വുര്‍ആനിന്റെ മൗലികമായ ആശയങ്ങളെ കൃത്യമായി പരിഭാഷപ്പെടുത്തുക എന്നുള്ളതാണ്; ശാസ്ത്രീയത പഠിപ്പിക്കലല്ല. ഏതൊരു ഭാഷയിലെയും സാഹിത്യകൃതികള്‍ക്ക് 100% കൃത്യമായ ഒരു പരിഭാഷ എന്നത് സാധ്യമല്ല; വിശുദ്ധ ക്വുര്‍ആനിന് പ്രത്യേകിച്ചും. മനോഹരമായ അറബി സാഹിത്യത്തിന്റെ ആശയവും പ്രൗഢിയും ഗാംഭീര്യവും ഒന്നും പരിഭാഷകള്‍ക്ക് കിട്ടില്ലല്ലോ. (അവസാനിച്ചില്ല)