ഹാഗിയ സോഫിയ നൈതികതയുടെ തുലാസില്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2020 ആഗസ്ത് 29 1442 മുഹര്‍റം 10
കോടതിവിധിയുടെ പിന്‍ബലത്തോടെ ഉര്‍ദുഗാന്‍ വീണ്ടും ഹാഗിയ സോഫിയ മസ്ജിദിനായി തുറന്നുകൊടുത്തിരിക്കുകയാണ്. ചരിത്രാന്വേഷികളെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ പരിധികളും ചരിത്രപരമായ തെളിവുകളും തമ്മിലുള്ള കൃത്യമായ അതിര്‍ത്തി നിര്‍ണയിക്കാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മതവികാരവും ആരാധനാലയങ്ങളും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിക്കൊണ്ട് ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത 'തെളിവുകള്‍' നിരത്തി അവകാശവാദം ഉന്നയിക്കുമ്പോള്‍, ചരിത്രബോധമുള്ളവര്‍ ഇടപെടുക അനിവാര്യമാണ്.

മലയാളികള്‍ക്ക് അത്രയൊന്നും സുപരിചിതമല്ലാതിരുന്ന പദമായിരുന്നു 'ഹാഗിയ സോഫിയ' അല്ലെങ്കില്‍ 'അയാസോഫിയ.' ഒറ്റമാത്രയില്‍ സോഫിയ എന്നു കേട്ടപ്പോള്‍ അതൊരു പെണ്ണിന്റെ പേരാണെന്ന് തെറ്റിദ്ധരിച്ചവരും ധാരാളമാണ്. എന്നാല്‍ കേള്‍ക്കുന്നതുപോലെയല്ല, അതൊരു ആരാധനാലയത്തിന്റെ പേരാണെന്നറിയുമ്പോള്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ക്ക് ചില ഗൗരവങ്ങള്‍ രൂപപ്പെടുകയാണ്. ആദ്യം ചര്‍ച്ച്, പിന്നീട് മോസ്‌ക്ക്, പിന്നീട് മ്യൂസിയം, വീണ്ടും മോസ്‌ക്ക് എന്ന വിധത്തില്‍ രൂപപരിണാമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് അയാസോഫിയ. ഇനിയും മാറ്റങ്ങളുണ്ടാകുമോ എന്ന് നമുക്കറിയില്ല. കോടതിവിധിയെ തുടര്‍ന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇക്കഴിഞ്ഞ ജൂലൈ 20ന് അയാസോഫിയയെ ഒരു മസ്ജിദായി വീണ്ടും മാറ്റിയതോടെയാണ് അന്താരാഷ്ട്രതലത്തില്‍ അത് വലിയ വാഗ്വാദങ്ങള്‍ക്ക് കാരണമായത്. ഉര്‍ദുഗാന്റെ നടപടിക്കെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്തുവരികയുണ്ടായി. ലോക ക്രിസ്തീയ വിഭാഗങ്ങളും ഉര്‍ദുഗാന്റെ നടപടിയെ അപലപിച്ചു. ലോക ക്രിസ്തീയ സമൂഹത്തിനുള്ള പ്രഹരമാണെന്നാണ് റഷ്യന്‍ ഓര്‍ത്തോഡോക്‌സ് ക്രിസ്ത്യന്‍ നേതാവ് ബിഷപ്പ് ഹിലാരിയോണ്‍ വിശേഷിപ്പിച്ചത്. ഉര്‍ദുഗാന്റെ തീരുമാനം മാനവരാശിയെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതാണെന്നു പ്രതികരിച്ച അമേരിക്കന്‍ ഓര്‍ത്തോഡോക്‌സ് ചര്‍ച്ച് മെത്രപൊലീത്ത തൊട്ടടുത്ത വെള്ളിയാഴ്ച ദുഃഖാചരണം നടത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രതികരിച്ചത്. ഞങ്ങള്‍ കുഴപ്പങ്ങള്‍ക്കോ സംഘര്‍ഷങ്ങള്‍ക്കോ ഇല്ലെന്നും ഒരുമിച്ചുനിന്ന് ഒറ്റക്കെട്ടായി ഉര്‍ദുഗാന്റെ നടപടിക്കെതിരെ പ്രാര്‍ഥിക്കുകയാണ് ദുഃഖാചരണംകൊണ്ട് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉര്‍ദുഗാന്റെ പ്രകോപനപരമായ നടപടിയുടെ പേരില്‍ ഇസ്ലാമിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് വത്തിക്കാന്‍ പ്രതികരിച്ചത്. മുസ്ലിംലോകത്ത് ഉര്‍ദുഗാന്റെ നടപടി വലിയ സ്വാധീനമുണ്ടാക്കിയിട്ടില്ല. മുസ്ലിം രാജ്യങ്ങളധികവും ഉര്‍ദുഗാന്റെ നടപടിയെ അംഗീകരിച്ചുകൊണ്ട് രംഗത്തുവന്നിട്ടില്ല. ഇഖ്വാനുല്‍ മുസ്ലിമീനും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന ചില സംഘടനകളും ഇറാനും ചില ശിആ വിഭാഗങ്ങളും ഒറ്റപ്പെട്ട ചില വ്യക്തികളും മാത്രമാണ് ഉര്‍ദുഗാന്റെ നടപടിയെ ശ്ലാഘിച്ചിട്ടുള്ളത്.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍

ആരാധനാലയങ്ങള്‍ രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തി വിശ്വാസികളുടെ വൈകാരികതയെ ചൂഷണംചെയ്യുക എന്നത് പുതുമയുള്ള കാര്യമല്ല. നമ്മുടെ രാജ്യത്ത് സുവര്‍ണക്ഷേത്രം, ബാബരി മസ്ജിദ് എന്നിവയെല്ലാം രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ട ആരാധനാലയങ്ങളാണ്. ഖലിസ്ഥാന്‍ തീവ്രവാദികള്‍ 1984ല്‍ ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ തമ്പടിച്ചത് അമൃതസറിലെ 'സുവര്‍ണക്ഷേത്രം' എന്നറിയപ്പെടുന്ന ഹര്‍മന്ദര്‍സാഹിബില്‍ ആയിരുന്നു. സിഖുമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം സിഖ് ഗുരുദ്വാരകളില്‍ പ്രഥമവും അതിവിശുദ്ധവുമാണ് സുവര്‍ണക്ഷേത്രം. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന പേരില്‍ തീവ്രവാദികളെ തുരത്തുകയും നാല് മാസങ്ങള്‍ക്ക് ശേഷം അവര്‍ അതിന്റെ പേരില്‍തന്നെ സിഖുകാരായ അംഗരക്ഷകരാല്‍ കൊല്ലപ്പെടുകയും ചെയ്തു. മുഗള്‍ ചക്രവര്‍ത്തി ബാബര്‍ നിര്‍മിച്ച ബാബരി മസ്ജിദിനുമേല്‍ ഹിന്ദുത്വ തീവ്രവാദികള്‍ അവകാശം ഉന്നയിക്കുകയും അത് രാമജന്മഭൂമിയാണെന്നു വാദിക്കുകയും ചെയ്തതോടെയാണ് ഒരു സാധാരണ മസ്ജിദ് മാത്രമായിരുന്ന ബാബരി മസ്ജിദ് വിവാദമസ്ജിദായി മാറുന്നത്. മുസ്ലിം സമുദായത്തെ വികാരത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഹിന്ദുത്വ രാഷ്ട്രീയം പടുത്തുയര്‍ത്താന്‍ അതുവഴി തീവ്രവാദികള്‍ക്ക് സാധിച്ചു. ലോകചരിത്രത്തില്‍ ഇതുപോലെ ആരാധനാലയങ്ങളെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയതിന്റെ ധാരാളം ഉദാഹരണങ്ങളുണ്ട്. ഹാഗിയ സോഫിയയും ആ പട്ടികയില്‍ സ്ഥാനംപിടിച്ചിരിക്കുകയാണ്.

വിശ്വാസകാര്യങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ചരിത്രത്തിന്റെ യാതൊരു പിന്‍ബലവും ആവശ്യമില്ലെന്ന തെറ്റായ ധാരണ വളര്‍ത്തി വിശ്വാസവും ചരിത്രവും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് കൗശലക്കാരായ രാഷ്ട്രീയക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തലമുറ തലമുറയായി കൈമാറിവന്ന ചരിത്രസത്യങ്ങള്‍ക്കു നേരെ കണ്ണടച്ചുകൊണ്ട് സ്വന്തം പ്രമാണങ്ങള്‍കൊണ്ടുപോലും സമര്‍ഥിക്കാന്‍ സാധിക്കാത്ത വൈകാരികതകള്‍ക്ക് വിശ്വാസത്തിന്റെ നിറംനല്‍കി അവയ്ക്ക് രാഷ്ട്രീയമാനം നല്‍കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് ആധുനികസമൂഹം അംഗീകരിക്കില്ല. ഓരോ വ്യക്തിക്കും തന്റെ വിശ്വാസം വച്ചുപുലര്‍ത്താനുള്ള അവകാശമുണ്ട്. കഴിഞ്ഞുപോയ കാലത്തെ ലഭ്യമായ സ്രോതസ്സുകള്‍ ഉപയോഗിച്ച് സത്യസന്ധമായി രേഖപ്പെടുത്തിയതിനെയാണ് ചരിത്രം എന്നു വിളിക്കുന്നത്. രാമജന്മഭൂമി, ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ അറിയപ്പെട്ട സത്യസന്ധമായ ചരിത്രം തങ്ങളുടെ വിശ്വാസവുമായി യോജിക്കുന്നില്ല എന്ന കാരണം പറഞ്ഞുകൊണ്ടാണ് ഹിന്ദുത്വ തീവ്രവാദികള്‍ ഉറഞ്ഞുതുള്ളിയത്. അതുകൊണ്ട് ഒരു ചരിത്രാന്വേഷിയെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ പരിധികളും ചരിത്രപരമായ തെളിവുകളും തമ്മിലുള്ള കൃത്യമായ അതിര്‍ത്തി നിര്‍ണയിക്കാന്‍ അയാള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മതവികാരവും ആരാധനാലയങ്ങളും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിക്കൊണ്ട് ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത 'തെളിവുകള്‍' നിരത്തി അവകാശവാദം ഉന്നയിക്കുമ്പോള്‍, ചരിത്രബോധമുള്ളവര്‍ ഇടപെടുക അനിവാര്യമാണ്.

ഹാഗിയ സോഫിയയുടെ ചരിത്രം

ഹാഗിയ സോഫിയ എന്ന നാമം റോമനാണ്. 'അയാസോഫിയ' എന്നു ഗ്രീക്കിലും 'സാന്‍ക്ട സോഫിയ' എന്നു ലാറ്റിനിലും അറിയപ്പെടുന്നു. 'ഹോളി വിസ്ഡം' എന്നാണ് അതിന്റെ ഇംഗ്ലീഷിലുള്ള അര്‍ഥം. 'വിശുദ്ധ ജ്ഞാനം' എന്നു മലയാളത്തില്‍ പറയാം. അതിനെ തുര്‍ക്കികള്‍ വിളിക്കാറുള്ളത് 'അയാ സോഫിയ എ-കെബിര്‍ കാമി സെരീഫി' എന്നാണ്. തുര്‍ക്കിയില്‍ സ്ഥിതിചെയ്യുന്ന ഈ ആരാധനാലയം റോമന്‍, ഗ്രീക്ക്, ലാറ്റിന്‍ തുടങ്ങിയ ഭാഷകളിലൊക്കെ അറിയപ്പെടുന്നതുകൊണ്ടുതന്നെ അതിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കാവുന്നതേ ഉള്ളൂ.

ഹാഗിയ സോഫിയ സ്ഥിതിചെയ്യുന്നത് ഇസ്താംബുള്‍ എന്ന മഹാനഗരത്തിലാണ്. നേരത്തെ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നായിരുന്നു ഇസ്താംബുള്‍ അറിയപ്പെട്ടിരുന്നത്. എഡി 330ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റ്റൈന്‍ ഈ നഗരത്തെ തലസ്ഥാനമായി സ്വീകരിച്ചതോടെയാണ് ഈ പട്ടണം കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന പേരില്‍ അറിയപ്പെട്ടുവന്നത്. അതിനുമുമ്പ് ലൈഗോസ് എന്നായിരുന്നു പേര്. എഡി 1453ല്‍ ഓട്ടോമന്‍ സാമ്രാജ്യം അധീനപ്പെടുത്തിയത് മുതലാണ് ഇസ്താംബൂള്‍ എന്ന പേര് ഈ പട്ടണത്തിനു ലഭിച്ചത്. എഡി 537ല്‍ റോമന്‍ ചക്രവര്‍ത്തി ജുസ്റ്റിനിയന്‍ ഒന്നാമന്‍ നിര്‍മിച്ച പാത്രിയാര്‍ക്കല്‍ കത്തീഡ്രല്‍ (ക്രിസ്ത്യന്‍ പള്ളി) ആണ് ഇന്ന് ഹാഗിയ സോഫിയ എന്നറിയപ്പെടുന്നത്. കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിലെ (ബൈസന്റൈന്‍ സാമ്രാജ്യം) ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളിയായിരുന്നു അത്. വത്തിക്കാന് ചില ക്രിസ്തീയ വിഭാഗങ്ങള്‍ നല്‍കിയിരുന്ന പ്രാധാന്യമായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിളിലെ ഹാഗിയ സോഫിയക്ക് മറ്റു ചില ക്രിസ്തീയ വിഭാഗങ്ങള്‍ നല്‍കിയിരുന്നത്.

തുര്‍ക്കിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ വിവിധ സാമ്രാജ്യങ്ങള്‍ തുര്‍ക്കിയെ ഭരിച്ചിട്ടുണ്ട്. ബൈസന്റൈന്‍ (527-1071), സെല്‍ജ്യൂക് (1071-1453), ഓട്ടോമന്‍ (1453-1919), 1923 മുതല്‍ തുര്‍ക്കി റിപ്പബ്ലിക് എന്നിങ്ങനെ പ്രധാന കാലഘട്ടങ്ങളായി തുര്‍ക്കിയെ നമുക്ക് വിഭജിക്കാം. ബൈസന്റൈന്‍ കാലഘട്ടത്തിലാണ് ഹാഗിയ സോഫിയ നിര്‍മിക്കപ്പെട്ടത്. സുന്നി മുസ്ലിംകള്‍ക്ക് സ്വാധീനമുള്ള സാമ്രാജ്യമായിരുന്നു സെല്‍ജ്യൂക്ക് സാമ്രാജ്യം. ഇവരുടെ കാലഘട്ടത്തിലാണ് കുരിശുയുദ്ധങ്ങള്‍ അരങ്ങേറിയിരുന്നത്. മൂന്നാം ഖലീഫ ഉഥ്മാന്‍ ഇബ്നു അഫ്ഫാന്‍(റ)വിന്റെ കാലത്ത് തന്നെ ബൈസന്റൈന്‍ സാമ്രാജ്യത്തിനു കീഴിലായിരുന്ന തുര്‍ക്കിയുടെ മണ്ണില്‍ ഇസ്ലാം പ്രവേശിച്ചിട്ടുണ്ട്. ഉമവിയ്യ കാലഘട്ടത്തില്‍ അബ്ദുല്‍മലിക് ഖലീഫ ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മകന്‍ മസ്ലമ ഇബ്നു അബ്ദുല്‍മലിക് കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഇസ്താംബൂള്‍) കീഴടക്കുന്നത്. ബൈസന്റൈന്‍ സാമ്രാജ്യത്തിനു കീഴിലായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ ശേഷം അവിടെയുണ്ടായിരുന്ന അയാസോഫിയ അടക്കമുള്ള ഏതെങ്കിലും ക്രിസ്ത്യന്‍ പള്ളി അദ്ദേഹം മുസ്ലിം പള്ളിയാക്കിയതായി ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. അദ്ദേഹം ഇസ്താംബൂളില്‍ തന്നെയുള്ള ഗലാത്ത എന്ന സ്ഥലത്ത് പുതുതായി ഒരു പള്ളി മുസ്ലിംകള്‍ക്കായി നിര്‍മിക്കുകയായിരുന്നു. അതാണ് തുര്‍ക്കിയിലെ ഒന്നാമത്തെ മസ്ജിദ് ആയി അറിയപ്പെടുന്ന ജാമിഉല്‍ അറബ്. 'അറപ് കാമി' എന്ന് തുര്‍ക്കികള്‍ വിളിക്കുന്ന ഈ മസ്ജിദ് എ.ഡി 718ലാണ് പണിതത്. ഈ പള്ളിക്ക് ഖുബ്ബകളോ മിനാരങ്ങളോ ഉണ്ടായിരുന്നില്ല. പൂര്‍ണമായും അന്തലൂസിയന്‍ (സ്പാനിഷ്) മാതൃകയിലാണ് അത് നിര്‍മിച്ചിരുന്നത്. ബൈസന്റീനുകാര്‍ അവരുടെ ആരാധനാലയങ്ങള്‍ നിര്‍മിച്ചിരുന്നത് ഖുബ്ബയോടുകൂടിയായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ആദ്യമായി നിര്‍മിച്ച ആരാധനാലയമായ ഹാഗിയ സോഫിയക്കും ഖുബ്ബയുണ്ടായിരുന്നു. ഹാഗിയ സോഫിയയിലെ ഖുബ്ബകളെ മാതൃകയാക്കിയാണ് തുര്‍ക്കിയില്‍ പിന്നീടു വന്ന മുസ്ലിം പള്ളികള്‍ക്ക് ഖുബ്ബകള്‍ ഉണ്ടായതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. പ്രവാചകന്‍ ﷺ സ്ഥാപിച്ച മദീനയിലെ പള്ളിക്ക് ഖുബ്ബ ഉണ്ടായിരുന്നില്ല. മസ്ലമ ഇബ്നു അബ്ദുല്‍മലിക് സ്ഥാപിച്ച ജാമിഉല്‍ അറബിനും ഖുബ്ബയുണ്ടായിരുന്നില്ല. പക്ഷേ, ഇസ്താംബൂള്‍ വീണ്ടും ബൈസന്റൈനുകാര്‍ പിടിച്ചെടുത്തപ്പോള്‍ ജാമിഉല്‍ അറബിനെ അവര്‍ ചര്‍ച്ചാക്കി മാറ്റി.

ഇതൊരു ജാമിഉല്‍ അറബിന്റെ മാത്രം അവസ്ഥയായിരുന്നില്ല. ബൈസന്റൈനുകാര്‍ പ്രദേശം പിടിച്ചെടുക്കുമ്പോള്‍ ചില പള്ളികള്‍ അവര്‍ ചര്‍ച്ചുകളാക്കിയിട്ടുണ്ട്. അതുപോലെ അറബികള്‍ പ്രദേശം പിടിച്ചെടുക്കുമ്പോള്‍ നേരെ തിരിച്ചുമുണ്ടായിട്ടുണ്ട്. സ്പെയിനിലെ ഇശ്ബീലിയ(Seville)യില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ 'അല്‍മുവഹ്ഹിദ' രാഷ്ട്രത്തിന്റെ അധിപന്‍ അബൂയഅഖൂബ് യൂസുഫ് സ്ഥാപിച്ച മസ്ജിദ്പതിമൂന്നാം നൂറ്റാണ്ടില്‍ ഫെര്‍ഡിനാന്‍ഡ് മൂന്നാമന്‍ പട്ടണം തിരിച്ചുപിടിച്ചപ്പോള്‍ 'കത്തീഡ്രല്‍ ഓഫ് സെന്റ് മേരി ഓഫ് ദി സീ' എന്ന പേരില്‍ ക്രിസ്ത്യന്‍ ദേവാലയമാക്കി പരിവര്‍ത്തിപ്പിച്ചു. സ്പെയിനിലെ തന്നെ ടോലിഡോയിലുള്ള ടോലിഡോ കത്തീഡ്രല്‍ ക്രിസ്ത്യന്‍ ദേവാലയമായി നിര്‍മിച്ചതാണെങ്കിലും ഇടക്കാലത്ത് അതിനെ മുസ്ലിംകള്‍ മസ്ജിദാക്കിയിരുന്നു. ഗ്രാനഡയിലെ പ്രസിദ്ധമായ സാന്ത മാരിയ ചര്‍ച്ച് പതിനാറാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സുല്‍ത്താന്‍ മുഹമ്മദ് മൂന്നാമന്‍ നിര്‍മിച്ചതായിരുന്നു. ടോലിഡോയിലുള്ള ബാബുല്‍ മര്‍ദൂം എന്ന മസ്ജിദ് ടോലിഡോയുടെ പതനത്തിനു ശേഷം ചര്‍ച്ചാക്കി മാറ്റിയെങ്കിലും ഇപ്പോള്‍ അത് ഒരു മ്യൂസിയമാണ്.'Cristo de la Luz' (പ്രകാശത്തിന്റെ ക്രിസ്തു) എന്ന പേരിലാണ് അതറിയപ്പെടുന്നത്. അതുപോലെ തന്നെയാണ് കൊര്‍ദോവയിലെ 'ജാമിഉ ഖുര്‍തുബ.' നേരത്തെ ഒരു ക്രിസ്തീയ ദേവാലയമായി പണിത ഈ ആരാധനാലയം പിന്നീട് ഉമവി കാലഘട്ടത്തില്‍ പകുതി ക്രിസ്ത്യാനികള്‍ക്ക് ഉപയോഗിക്കാന്‍ വിട്ടുകൊടുത്തുകൊണ്ട് പകുതിഭാഗം മുസ്ലിംകള്‍ അവകാശപ്പെടുത്തി. പിന്നീട് അബ്ദുല്‍മലിക് ഇബ്‌നു മര്‍വാന്റെ പേരമകന്‍ മുആവിയയുടെ മകനായ അബ്ദുറഹ്മാന്‍ അല്‍ദാഖില്‍ (Falcon of Quraish) പകുതിഭാഗം ക്രിസ്ത്യാനികളില്‍നിന്നും വിലയ്ക്കു വാങ്ങി അവര്‍ക്ക് മറ്റൊരു ചര്‍ച്ച് നിര്‍മിച്ചുകൊടുത്തു. എ ഡി 784ല്‍ ആയിരുന്നു ഈ സംഭവം. എന്നാല്‍ സ്പെയിനില്‍ മുസ്ലിം ഭരണം അവസാനിച്ചതോടെ (എഡി 1492) ഈ പള്ളി പൂര്‍ണമായും ചര്‍ച്ചാക്കി മാറ്റുകയായിരുന്നു. പത്താം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതും 1975ല്‍ ഉപേക്ഷിക്കപ്പെട്ടതുമായ വെനീസിലെ കത്തോലിക്കാ വിഭാഗത്തിന്റെ സാന്താ മാരിയ പള്ളി അധികാരികള്‍ മുസ്ലിംകള്‍ക്ക് പള്ളിയായി അനുവദിച്ചുകൊടുത്തത് 2015ല്‍ ആയിരുന്നു. ആ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ അകത്തളങ്ങളിലും ഇസ്ലാമിന്റെയും ക്വുര്‍ആനിന്റെയും അടയാളങ്ങള്‍ നിലനിന്നിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡമസ്‌കസിലെ വളരെ പ്രസിദ്ധമായ 'അല്‍ജാമിഉല്‍ ഉമവി' (Omayyad Mosque) സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു അരാമിയന്‍ പുറജാതീയ (pagan) ബഹുദൈവാരാധനാലയമായിരുന്നു. ബിസി 54ല്‍ റോമാക്കാര്‍ അതിനെ റോമന്‍ ദേവാലയമാക്കുകയും പിന്നീട് എഡി 391ല്‍ ക്രിസ്ത്യന്‍ ചക്രവര്‍ത്തി ഫ്ളാവിയസ് തിയോഡോഷ്യസ് അതിനെ ഒരു ക്രിസ്തീയ ദേവാലയമാക്കുകയും ചെയ്തു. പിന്നീട് ഉമവികളുടെ കാലത്താണ് ഇത് ഒരു മുസ്ലിം പള്ളിയായി മാറിയത്. പോര്‍ചുഗലിലെ മാര്‍ത്തലയില്‍ സ്ഥിതിചെയ്യുന്ന 'സയ്യിദുല്‍ ബിഷാറ' ക്രിസ്തീയ ദേവാലയം നേരത്തെ മുസ്ലിം പള്ളിയായിരുന്നു. ഇങ്ങനെ സ്പെയിന്‍, തുര്‍ക്കി, ഇറ്റലി, പോര്‍ച്ചുഗല്‍, ജര്‍മനി തുടങ്ങിയ പ്രദേശങ്ങളില്‍ കുരിശുയുദ്ധങ്ങളുടെയും മുസ്ലിം ഭരണ സ്ഥാപനങ്ങളുടെയും പേരില്‍ മസ്ജിദുകള്‍ ചര്‍ച്ചുകളായും ചര്‍ച്ചുകള്‍ മസ്ജിദുകളായും മാറിയ സംഭവങ്ങള്‍ അനവധിയാണ്.

ഹാഗിയ സോഫിയയെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രം വളരെ വ്യക്തമാണ്. ബൈസന്റൈനുകാര്‍ നിര്‍മിക്കുകയും പിന്നീട് ഉഥ്മാനിയ ഖിലാഫത്ത് അവിടം കീഴ്‌പെടുത്തിയ ശേഷം മുഹമ്മദ് അല്‍ഫാതിഹ് ഹാഗിയ സോഫിയയെ ഒരു മുസ്ലിം പള്ളിയാക്കുകയും ചെയ്തു എന്നതാണ് അതിന്റെ ചരിത്രം. 1453ല്‍ ഓട്ടോമന്‍ സാമ്രാജ്യം തുര്‍ക്കിയില്‍ അധികാരം സ്ഥാപിക്കുന്നതോടെയാണ് അത് സംഭവിച്ചത്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അധികാരം തുര്‍ക്കിയില്‍ അസ്തമിച്ചതോടെ ഹാഗിയ സോഫിയ മ്യൂസിയമായി മാറുകയും ചെയ്തു. 1453 ഏപ്രില്‍ ആറിനാണ് 20 വയസ്സുകാരനായ മുഹമ്മദ് അല്‍ഫാതിഹ് കോണ്‍സ്റ്റാന്റിനോപ്പിളില്‍ പ്രവേശിക്കുന്നത്. മെയ് 23ന് പട്ടണം പൂര്‍ണമായും വരുതിയിലാക്കുകയും ബൈസന്റ്റൈന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റ്റൈന്‍ IX കൊല്ലപ്പെടുകയും ചെയ്തു.

മുഹമ്മദ് അല്‍ഫാതിഹ് അന്നത്തെ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസില്‍ നിന്നും ഹാഗിയ സോഫിയ വിലയ്ക്കു വാങ്ങി എന്നൊരു വാദം പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ ഈ വാദത്തിന് ഉപോല്‍ബലകമായ തെളിവുകളൊന്നുമില്ല. അത് തെളിയിക്കാന്‍ ഒരു രേഖ തുര്‍ക്കിയിലെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നുവെങ്കിലും അതിന്റെ വിശ്വാസ്യത ചരിത്രപരമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ക്രിസ്തീയ വിഭാഗം പള്ളി സ്വമനസ്സാലെ വിട്ടുകൊടുത്തു എന്ന് സ്ഥാപിക്കുന്നതിനാണ് ഇത്തരമൊരു വാദം കൊണ്ടുവരുന്നത്. എന്നാല്‍ മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ അവര്‍ വിട്ടുതന്നാല്‍ പോലും സ്വീകരിക്കുന്നത് ഉചിതമല്ല എന്നാണ് ചില ചരിത്ര സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ദീര്‍ഘവീക്ഷണം

ഉമറുബ്നുല്‍ ഖത്ത്വാബ്(റ) ജറൂസലമില്‍ പ്രവേശിച്ചപ്പോള്‍ ഉണ്ടായ ഒരു സംഭവം പ്രമുഖ ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: 'ഉമറുബ്‌നുല്‍ ഖത്ത്വാബ് ബൈത്തുല്‍ മഖ്ദസില്‍ പ്രവേശിച്ചു. ശേഷം കനീസത്തുല്‍ ഖിയാമയുടെ (Church of the Holy Sepulchre) അടുത്തെത്തി. അതിന്റെ അകത്തളത്തിലിരുന്നു. നമസ്‌കാര സമയമായപ്പോള്‍ പാത്രിയാര്‍ക്കീസിനോട് അദ്ദേഹത്തിന് നമസ്‌കരിക്കണമെന്നു പറഞ്ഞു. പാത്രിയാര്‍ക്കീസ് ചര്‍ച്ചിന്റെ അകത്തളത്തില്‍വച്ചുതന്നെ നമസ്‌കരിക്കാന്‍ പറഞ്ഞു. പക്ഷേ, ഉമര്‍ ചര്‍ച്ചിന്റെ പുറത്ത് വാതിലിനരികിലുള്ള ചവിട്ടുപടിയില്‍വച്ച് നമസ്‌കരിച്ചു. നമസ്‌കാരം കഴിഞ്ഞശേഷം അദ്ദേഹം പാത്രിയാര്‍ക്കീസിനോട് ഇങ്ങനെ പറഞ്ഞു: 'ഞാന്‍ ചര്‍ച്ചിന്റെ ഉള്ളില്‍ നമസ്‌കരിച്ചാല്‍ എനിക്ക് ശേഷം മുസ്ലിംകള്‍ ഇത് ഉമര്‍ നമസ്‌കരിച്ച സ്ഥലമാണെന്ന് പറഞ്ഞുകൊണ്ട് അവകാശം പറഞ്ഞുതുടങ്ങും. ചവിട്ടുപടികളില്‍ ആളുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്നും നമസ്‌കാരത്തിനായി വിളിക്കുകയില്ലെന്നും അദ്ദേഹം എഴുതിക്കൊടുക്കുകയും ചെയ്തു' (താരീഖ് ഇബ്‌നു ഖല്‍ദൂന്‍ 2/225).

ഈ സംഭവത്തിന് ഹദീഥ് നിദാനശാസ്ത്രത്തിന്റെ നിബന്ധനകള്‍ പ്രകാരമുള്ള ഉമറിലേക്ക് എത്തുന്ന സനദ് ഇല്ല എന്ന വിമര്‍ശനമുണ്ടെങ്കിലും പൊതുവില്‍ ഒരു ചരിത്രമായി ലോകത്ത് ഈ സംഭവം പ്രസിദ്ധമാണ്. ഉമര്‍(റ)വിന്റെതായി ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു സംഭവത്തില്‍ ഇങ്ങനെ കാണാം: 'നിങ്ങളുടെ ചര്‍ച്ചുകളില്‍ ഞങ്ങള്‍ നമസ്‌കരിക്കില്ല. കാരണം അവിടെ വിഗ്രഹങ്ങളും ചിത്രങ്ങളുമുണ്ട്' ബുഖാരി 1/167). ഒരു ഭരണാധികാരിക്ക് വേണ്ട വിവേകമാണ് ഇബ്‌നു ഖല്‍ദൂന്‍ പറഞ്ഞ സംഭവത്തിലൂടെ ഉമര്‍(റ) കാണിച്ചത്. ഒരു മതവിഭാഗം അവരുടേതെന്ന് കരുതുന്ന ആരാധനാലയം അവകാശപ്പെടുത്തുന്നത് ഉണ്ടാക്കിയേക്കാവുന്ന സാമൂഹിക പ്രശ്‌നങ്ങളെ മുന്‍കൂട്ടിക്കാണാനുള്ള ആത്മാര്‍ഥതയും ദീര്‍ഘദൃഷ്ടിയും ഒരു ഭരണാധികാരിക്കുണ്ടാവേണ്ടതുണ്ട്. മുഹമ്മദ് അല്‍ഫാതിഹും ഇതേ വിവേകമായിരുന്നു കാണിക്കേണ്ടിയിരുന്നത്. അതോടൊപ്പം പൊതുവില്‍ സ്വീകരിക്കേണ്ട നടപടിയാണ് ബുഖാരിയുടെ ഹദീഥില്‍ ഉള്ളത്. ഹാഗിയ സോഫിയയില്‍ നിന്നും ചിത്രങ്ങളും രൂപങ്ങളുമൊന്നും എടുത്തുമാറ്റാതെയായിരുന്നു അവിടെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിരുന്നത് എന്നറിയുമ്പോള്‍ പ്രവാചകന്റെയും ഖലീഫമാരുടെയും നിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധമായിരുന്നു ആ നടപടിയെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.

ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ ഉസ്താദായിരുന്ന ഖാദി അബൂയൂസുഫ് ഉമവി ഖലീഫയായിരുന്ന ഹാറൂണ്‍ റഷീദിന്റെ കോടതിയിലെ ന്യായാധിപനായിരുന്നു. വിവിധ രാജ്യങ്ങളിലെ ഇസ്ലാമിന്റെ വിജയത്തിന് ശേഷം ക്രിസ്തീയ ദേവാലയങ്ങളുടെ കാര്യത്തിലുള്ള നിലപാട് അദ്ദേഹം ഖലീഫയ്ക്ക് എഴുതിയത് അദ്ദേഹത്തിന്റെ കിതാബുല്‍ ഖറാജില്‍ കാണാം. അതിങ്ങനെയാണ്: 'അമീറുല്‍ മുഅ്മിനീന്‍, മുസ്ലിംകള്‍ വിവിധ രാജ്യങ്ങള്‍ അതിജയിച്ചപ്പോഴെല്ലാം അമുസ്ലിംകളുടെ (ദിമ്മികളുടെ) ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെടാതെ എങ്ങനെയാണ് ഉപേക്ഷിക്കപ്പെട്ടതെന്നും അവരുടെ ആഘോഷദിവസങ്ങളില്‍ അവര്‍ക്ക് കുരിശുമായി പുറത്തിറങ്ങാന്‍ സാധിക്കുന്നവിധം അവര്‍ എങ്ങനെയാണ് ഉപേക്ഷിക്കപ്പെട്ടതെന്നും താങ്കള്‍ ചോദിച്ചുവല്ലോ. പരസ്പരധാരണയോടെയുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. പട്ടണത്തിനു അകത്തോ പുറത്തോ ഉള്ള ഒരു ആരാധനാലയങ്ങളും നശിപ്പിക്കുകയില്ല എന്നതായിരുന്നു വ്യവസ്ഥ' (കിതാബുല്‍ ഖറാജ്, പേജ് 138). ഒരു രാജ്യത്തേക്ക് ഇസ്ലാം കടന്നുവരുമ്പോള്‍ അവിടങ്ങളിലുള്ള ഇതരമതസ്ഥരുടെ ആരാധധനാലയങ്ങള്‍ നശിപ്പിക്കുകയോ പിടിച്ചടക്കുകയോ അല്ല വേണ്ടതെന്നു ഈ ചരിത്രങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

എങ്ങനെ മ്യൂസിയമായി?

ഓട്ടോമന്‍ അധികാരികള്‍ ഹാഗിയ സോഫിയ ഒരു മുസ്ലിം പള്ളിയാക്കി പരിവര്‍ത്തിപ്പിച്ചുവെങ്കില്‍ പിന്നീട് എങ്ങനെയാണ് അത് മ്യൂസിയമായി മാറിയത്? ഓട്ടോമന്‍ ഭരണം അവസാനിച്ച ശേഷം 1923ല്‍ റിപ്പബ്ലിക് ഓഫ് തുര്‍ക്കി രൂപംകൊള്ളുകയും അതിന്റെ ആദ്യത്തെ പ്രസിഡണ്ടായി അത്താതുര്‍ക്ക് എന്ന പേരിലറിയപ്പെടുന്ന മുസ്തഫ കമാല്‍ പാഷ സ്ഥാനമേല്‍ക്കുകയും ചെയ്തു. ഒന്നാം ലോകയുദ്ധം കഴിഞ്ഞശേഷം ഇറ്റലിയില്‍ നിന്നും വലിയ ഭീഷണി നേരിട്ടിരുന്ന അത്താതുര്‍ക്ക് തുര്‍ക്കിക്ക് വേണ്ടി ബാള്‍ക്കന്‍ രാജ്യങ്ങളുമായി ഒരു സന്ധിയുണ്ടാക്കി. അല്‍ബേനിയ, ബോസ്‌നിയ-ഹെര്‍സഗോവിന, ബള്‍ഗേറിയ, ക്രൊയേഷ്യ, മൊണ്ടിനെഗ്രോ, ഗ്രീസ്, മാസിഡോണിയ, സെര്‍ബിയ, കൊസോവൊ എന്നിവയാണ് ബാള്‍ക്കന്‍ രാജ്യങ്ങള്‍.

സന്ധിയുടെ ഭാഗമായി അത്താതുര്‍ക്കിന്റെ പ്രതിനിധി സെലാല്‍ ബയാര്‍ ഗ്രീസ് സന്ദര്‍ശിച്ചു. ഹാഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി മാറ്റിയാല്‍ അത് മറ്റു ബാള്‍ക്കന്‍ രാജ്യങ്ങളെ തുര്‍ക്കിയെ കരാറില്‍ ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി ബായാറിനോട് പറഞ്ഞു. ഗ്രീക്ക് പ്രധാനമന്ത്രിയുടെ സന്ദേശം ബയാര്‍ പ്രസിഡണ്ട് അത്താതുര്‍ക്കിന് കൈമാറി. ഇതിനു മറുപടിയായി അത്താതുര്‍ക്ക് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: 'ജീര്‍ണാവസ്ഥയില്‍ കിടക്കുന്ന ഹാഗിയ സോഫിയ പുതുക്കിപ്പണിയാനുള്ള ഫണ്ട് ഇല്ലെന്നാണ് അതിന്റെ അധികാരികള്‍ പറഞ്ഞത്. ഹാഗിയ സോഫിയ ഇപ്പോള്‍ തകര്‍ന്നുകിടക്കുകയാണ്. അവഗണിക്കപ്പെട്ടിരിക്കുന്ന ഒരു ചവറായി അത് മാറിയിരിക്കുന്നു. ഒരു മ്യൂസിയമാക്കി മാറ്റുകയാണെങ്കില്‍ നമുക്കതിനെ ജീര്‍ണാവസ്ഥയില്‍നിന്നും സംരക്ഷിക്കാന്‍ സാധിക്കുകയും അതോടൊപ്പം ബാള്‍ക്കന്‍ ഉടമ്പടിയിലൂടെ രാജ്യത്തെ സംരക്ഷിക്കാനും കഴിയുമെങ്കില്‍ നമുക്ക് അങ്ങനെ തന്നെ ചെയ്യാം.'

1934 ആഗസ്റ്റില്‍ മ്യൂസിയമാക്കാനുള്ള പ്രവര്‍ത്തനമാരംഭിച്ചു. തുര്‍ക്കിയിലെ മറ്റു മ്യൂസിയങ്ങളില്‍നിന്ന് ബൈസന്റ്റൈന്‍ ശവക്കല്ലറകളും ജ്ഞാനസ്‌നാനത്തൊട്ടികളും ശില്പകലാരൂപങ്ങളും ഹാഗിയ സോഫിയയുടെ ഉദ്യാനത്തില്‍ സ്ഥാപിച്ചു. തുര്‍ക്കി ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍നിന്നും പരവതാനികള്‍, മെഴുകുതിരികള്‍, വിളക്കുകള്‍, കാലിഗ്രാഫികള്‍ തുടങ്ങിയ മുസ്ലിം കലാരൂപങ്ങളും കൊണ്ടുവന്നു. എന്നാല്‍ പിന്നീട് തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍നിന്നുള്ള നിര്‍ദേശപ്രകാരം നേരത്തെ ഹാഗിയ സോഫിയയില്‍ ഉണ്ടായിരുന്ന കലാരൂപങ്ങള്‍ മാത്രം നിലനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ 1934 നവംബര്‍ 24ന് മന്ത്രിസഭ ഹാഗിയ സോഫിയ ഇനിമുതല്‍ ഒരു മ്യൂസിയമായിരിക്കുമെന്നു പ്രഖ്യാപിക്കുകയും1935 ഫിബ്രവരി 1ന് മ്യൂസിയം പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

ഉര്‍ദുഗാന്റെ ലക്ഷ്യമെന്ത്?

ഇപ്പോള്‍ ഹാഗിയ സോഫിയയെ വീണ്ടും ഒരു മസ്ജിദ് ആക്കി പരിവര്‍ത്തിപ്പിക്കുന്നതിലൂടെ എന്താണ് ഉര്‍ദുഗാന്‍ ഉദ്ദേശിച്ചത്? ഇസ്താംബൂളിലും തുര്‍ക്കിയുടെ ഇതര പ്രദേശങ്ങളിലും പള്ളികള്‍ക്ക് ക്ഷാമമുള്ളതുകൊണ്ടാണോ? ഇസ്താംബൂളില്‍ മാത്രം മുപ്പതോളം അറിയപ്പെടുന്ന വലിയ പള്ളികളുണ്ട്. ഹാഗിയ സോഫിയയില്‍നിന്നും മീറ്ററുകള്‍ മാത്രം അകലത്തില്‍ സ്ഥിതിചെയ്യുന്ന മസ്ജിദുകളുമുണ്ട്. അപ്പോള്‍ ഒരു മസ്ജിദിന്റെ ആവശ്യമല്ല ഇപ്പോഴുള്ള നടപടിയുടെ പിന്നില്‍. ഇനി ഏതെങ്കിലും അന്യവിഭാഗങ്ങള്‍ പിടിച്ചെടുത്ത പള്ളിയായിരുന്നോ ഹാഗിയ സോഫിയ? അതുമല്ല. മുസ്തഫ കമാല്‍ പാഷ അടക്കമുള്ള മുസ്ലിം ഭരണാധികാരികള്‍ തന്നെയാണ് അതിനെ മ്യൂസിയമാക്കിയത്. ഉര്‍ദുഗാന് ചില പ്രത്യേക ലക്ഷ്യങ്ങളുണ്ട്. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയം തന്നെയാണ്. ആധുനിക സമൂഹത്തില്‍ ഒട്ടും യുക്തിസഹമല്ലാത്ത ഈ നടപടി ജനങ്ങള്‍ക്കിടയില്‍ മുസ്ലിം സേവകനും മുസ്ലിംകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്നവനാണെന്നും വരുത്തിത്തീര്‍ക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹാഗിയ സോഫിയയുടെ അടിസ്ഥാനസ്വഭാവങ്ങള്‍ക്ക് മാറ്റം വരുത്താതെയാണ് അത് പള്ളിയാക്കി മുസ്ലിംകള്‍ക്ക് ആരാധനയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരു മസ്ജിദിന് വേണ്ട നിബന്ധനകളും നിയമങ്ങളും എന്തൊക്കെയാണോ അതൊന്നും പാലിക്കാന്‍ തയ്യാറായിട്ടില്ല. തുര്‍ക്കി ഭരണകൂട വക്താവ് ഇബ്രാഹീം കാലിന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: 'നമസ്‌കാരസമയം ഹാഗിയ സോഫിയയിലെ ചിത്രപ്പണികളും മൊസൈകുകളും മറച്ചുവയ്ക്കും. അതിനകത്തുള്ള ചുമര്‍ചിത്രങ്ങള്‍ക്കോ മറ്റോ യാതൊരു കേടുപാടുകളും സംഭവിക്കുകയില്ല.' ഈ പ്രസ്താവന വ്യക്തമാക്കുന്നത് നമസ്‌കാരം നിര്‍വഹിക്കുന്നിടത്ത് പാടില്ലാത്ത ചിത്രങ്ങള്‍ പോലും അവിടെനിന്ന് നീക്കം ചെയ്യാതെയാണ് ഹാഗിയ സോഫിയയെ പള്ളിയാക്കി ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ്. മാത്രവുമല്ല മറ്റു മതസ്ഥര്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇത്ര ബുദ്ധിമുട്ടി ക്രൈസ്തവ ദേവാലയമായി നിര്‍മിക്കപ്പെട്ട ഈ കെട്ടിടം വീണ്ടും മുസ്ലിം പള്ളിയായി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ടോ? ശരിയായ അര്‍ഥത്തില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ മുസ്ലിംകള്‍ക്ക് ഈ സ്ഥലം ഉപകരിക്കില്ല എന്നതോടൊപ്പം ലോകസമൂഹത്തിന്റെ അനാവശ്യമായ എതിര്‍പ്പ് വിളിച്ചുവരുത്തുകയും ചെയ്യും. മക്ക, മദീന പോലെ പ്രാധാന്യമുള്ള എന്തോപോലെയാണ് ഹാഗിയ സോഫിയയെ ഉര്‍ദുഗാന്‍ അവതരിപ്പിക്കുന്നത്. ഒരു പുതിയ ഇസ്ലാമിക സാമ്രാജ്യത്വം സ്ഥാപിക്കുവാനും അതിന്റെ നേതൃസ്ഥാനത്ത് ഖലീഫയായി സ്വയം പ്രതിഷ്ഠിക്കാനുമുള്ള ശ്രമമാണ് ഉര്‍ദുഗാന്റെ നടപടികള്‍ വീക്ഷിച്ചാല്‍ മനസ്സിലാവുക.

ഹാഗിയ സോഫിയ മ്യൂസിയം പള്ളിയാക്കി ഒരു മാസം പിന്നിടുമ്പോള്‍ ഉര്‍ദുഗാന്‍ മറ്റൊരു മ്യൂസിയം കൂടി പള്ളിയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഖോറ മ്യൂസിയം എന്നറിയപ്പെടുന്ന ഈ മ്യൂസിയം പതിനൊന്നാം നൂറ്റാണ്ടില്‍ ക്രിസ്തീയ ദേവാലയമായി നിര്‍മിക്കപ്പെട്ടതാണ്. വിശുദ്ധ സേവ്യറിന്റെ പള്ളി എന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഓട്ടോമന്‍ സാമ്രാജ്യം തുര്‍ക്കി പിടിച്ചെടുത്തപ്പോള്‍ അതിനെ മസ്ജിദാക്കി മാറ്റുകയും കരിയ കാമി എന്ന പേരില്‍ അത് അറിയപ്പെടുകയും ചെയ്തു. ഇങ്ങനെയുള്ള സംഭവങ്ങളിലൂടെ ഉര്‍ദുഗാന്‍ നല്‍കുന്ന സന്ദേശം അതിഭയാനകമാണ്. ലോകത്തുള്ള ക്രൈസ്തവ വിഭാഗങ്ങളെ മുഴുവന്‍ പ്രകോപിപ്പിച്ച് മുസ്ലിം-ക്രിസ്ത്യന്‍ വര്‍ഗീയത പടര്‍ത്തി അതിന്മേല്‍ തന്റെ രാഷ്ട്രീയഭാവി സുരക്ഷിതമാക്കാമെന്ന ദിവാസ്വപ്‌നത്തിലാണ് കൗശലക്കാരനായ ഈ ഭരണാധികാരി.

ഹാഗിയ സോഫിയ പള്ളിയാക്കിയതില്‍ മുറവിളികൂട്ടുന്ന അന്താരാഷ്ട്ര സമൂഹങ്ങളോടും രാജ്യങ്ങളോടും മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കാനുണ്ട്. ചരിത്രത്തില്‍ പലപ്പോഴായി മുസ്ലിം പള്ളികള്‍ സ്‌പെയിനിലും യൂറോപ്യന്‍ രാജ്യങ്ങളിലും ചര്‍ച്ചുകളാക്കി മാറ്റിയിട്ടുണ്ട്. അതിനെതിരെ ഒരു ചെറുവിരലനക്കാന്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. തുര്‍ക്കിയിലെ കോടതി ഹാഗിയ സോഫിയ പള്ളിയാക്കിയതുപോലെ ഇന്ത്യന്‍ കോടതി ബാബരി മസ്ജിദിന് പകരം രാമക്ഷേത്രം നിര്‍മിക്കാന്‍ വിധിച്ചപ്പോള്‍ ലോകത്തെ ഒരു രാഷ്ട്രവും ഐക്യരാഷ്ട്ര സഭയും പ്രതികരിച്ചതായി കണ്ടിട്ടില്ല. ഉര്‍ദുഗാന്റെ തെറ്റായ നടപടിക്കെതിരെ പ്രതികരിക്കുമ്പോള്‍ മറ്റുള്ള തെറ്റുകള്‍ക്കെതിരെയും പ്രതികരിക്കാനുള്ള മാനസികവികാസം ഉണ്ടാവുമ്പോള്‍ മാത്രമെ പ്രതികരണങ്ങളുടെ ആത്മാര്‍ഥത തെളിയുകയുള്ളൂ.

ഹാഗിയ സോഫിയയും ബാബരി മസ്ജിദും

ഹാഗിയ സോഫിയയെ ബാബരി മസ്ജിദ് പ്രശ്‌നവുമായി താരതമ്യം ചെയ്യുന്നവരുണ്ട്. കോടതി വിധിയിലൂടെ അനുകൂലമായ വിധി സംഘപരിവാറിന് കിട്ടിയെങ്കില്‍ തുര്‍ക്കിയിലും സമാനമായ കോടതിവിധിയിലൂടെയാണ് ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിക്കൊണ്ട് ഉര്‍ദുഗാന്‍ വിധി സംഘടിപ്പിച്ചത്. എന്നാല്‍ രണ്ടു വിധികളിലും നൈതികതയുടെ അംശം എത്രയുണ്ടെന്ന് ചോദിച്ചാല്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന് പറയേണ്ടിവരും. ഹാഗിയ സോഫിയ നിലനിന്നിരുന്ന സ്ഥലത്ത് ഒരു മുസ്ലിം പള്ളിയുണ്ടായിരുന്നു എന്ന വാദം മുസ്ലിംകള്‍ക്കില്ല. 1453ല്‍ മുഹമ്മദ് അല്‍ഫാതിഹ് ഈ ക്രിസ്തീയ ദേവാലയത്തെ മുസ്ലിം പള്ളിയാക്കി മാറ്റിയതായിരുന്നു എന്ന ചരിത്രം എല്ലാവരും അംഗീകരിക്കുന്നതാണ്. എന്നാല്‍ ബാബരി മസ്ജിദ് പണിതത് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ആണെന്ന ചരിത്രത്തെ തമസ്‌കരിച്ച് ഇല്ലാത്ത ചരിത്രം ഉണ്ടാക്കാനാണ് ഇന്ത്യയിലെ സംഘപരിവാര്‍ ശ്രമിച്ചത്. നേരത്തെ ഉണ്ടായിരുന്ന ക്ഷേത്രത്തെ തകര്‍ത്തുകൊണ്ടാണ് ബാബരി മസ്ജിദ് നിര്‍മിച്ചത് എന്ന വാദമാണ് കോടതിയില്‍ സംഘപരിവാര്‍ കൊണ്ടുവന്നത്. അതിനു ചരിത്രത്തിന്റെ പിന്‍ബലമില്ലെന്നു കണ്ടപ്പോള്‍ ഇല്ലാത്ത ആര്‍ക്കിയോളജിക്കല്‍ 'തെളിവുകള്‍' ഉണ്ടാക്കിയെടുക്കുകയായിരുന്നു അവര്‍. അതുകൊണ്ട് കോടതിവിധിയുടെ പേരിലുള്ള സമാനതകള്‍ പറഞ്ഞുകൊണ്ട് ബാബരിയെയും ഹാഗിയ സോഫിയയെയും ഒരുപോലെ കണ്ടു വിഷയത്തെ മയപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ല.

ഒരേസമയം ഇറാന്റെയും ബ്രദര്‍ഹുഡിന്റെയും തോളില്‍നിന്നുകൊണ്ട് ഹാഗിയ സോഫിയയെയും ഇതര മ്യൂസിയങ്ങളെയും മസ്ജിദുകളാക്കി മാറ്റിക്കൊണ്ടുള്ള രാഷ്ട്രീയം പയറ്റുന്ന ഉര്‍ദുഗാന്‍ അതിനായി തെരഞ്ഞെടുത്ത സമയം ഒട്ടും ഉചിതമായില്ല. ലോകം മുഴുവന്‍ അസഹിഷ്ണുതയുടെയും അസമാധാനത്തിന്റെയും മത വര്‍ഗീയതയുടെയും വൈറസുകള്‍ പരന്നുകൊണ്ടിരിക്കുമ്പോള്‍ മതവിശ്വാസികളില്‍ വൈരവും ശത്രുതയും വളര്‍ത്തുന്ന നടപടികള്‍ സത്യവും ധര്‍മവും അംഗീകരിക്കുന്ന സമൂഹങ്ങളില്‍ സ്വീകാര്യമാവില്ല എന്നാത് നിസ്തര്‍ക്കമാണ്. ഇസ്ലാമിക രാജ്യങ്ങളെയും സംഘടനകളെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ മാത്രമെ ഇത്തരം നടപടികള്‍ ഉപകരിക്കൂ. വളര്‍ന്നുവരുന്ന തീവ്രവാദങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും തുണയായി മാറുന്ന നടപടികളാണിത്.

ലോകമാകമാനം കൊറോണയുടെ ഭീഷണിയില്‍ കഴിയുകയും പല രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥകള്‍ തകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ലോകത്തിന് ഉപകാരപ്രദമായ ജനോപകാര നടപടികളാണ് ഒരു ഉത്തരവാദപ്പെട്ട രാഷ്ട്രം എന്ന നിലയ്ക്ക് തുര്‍ക്കിയില്‍നിന്നും ലോകം ഉറ്റുനോക്കുന്നത്. രാജ്യങ്ങള്‍ തമ്മിലും മതവിഭാഗങ്ങള്‍ തമ്മിലും സൗഹാര്‍ദവും സഹവര്‍ത്തിത്വവും വളര്‍ത്തുകയും പരസ്പരം തെറ്റുധാരണകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുമാണ് വേണ്ടതെന്നു വര്‍ത്തമാന ലോകം നമ്മോട് വിളിച്ചു പറയുന്നുണ്ട്. ഹാഗിയ സോഫിയയെ വര്‍ഗീയമായോ പക്ഷപാതിത്വപരമായോ നിരീക്ഷിക്കാതെ ചരിത്രത്തിന്റെ പിന്‍ബലത്തോടെ നൈതികതയുടെ തുലാസിലിട്ട് സത്യസന്ധമായി വിധി പ്രസ്താവിക്കാനാണ് ഇസ്ലാമിക ലോകമടക്കം സമാധാനത്തെയും ശാന്തിയെയും നീതിയെയും ധര്‍മത്തെയും സ്‌നേഹിക്കുന്ന മുഴുവന്‍ പേരും തയ്യാറാവേണ്ടത്.