സൂര്യന്‍ ക്വുര്‍ആനിക പരാമര്‍ശങ്ങളിലൂടെ

ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി

2020 ഫെബ്രുവരി 29 1441 റജബ്‌ 05
സ്ഥൂല പ്രപഞ്ചത്തിലെ അത്യത്ഭുത സൃഷ്ടിയാണ് സൂര്യന്‍. പ്രാചീന കാലം മുതലേ സൂര്യന്റെ ഉദയാസ്തമയങ്ങള്‍ മനുഷ്യരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രാക്തന സമൂഹങ്ങളില്‍ ആകാംക്ഷ വഴിമാറി ആരാധനയിലേക്ക് പരിണമിച്ച സ്ഥിതിവിശേഷവുമുണ്ടായി. ഊര്‍ജത്തിന്റെ ഉറവിടമായ സൂര്യന്റെ സവിശേഷതകളും അതിലൂടെ ലോകത്തിന് നല്‍കുന്ന ദൃഷ്ടാന്തങ്ങളും ക്വുര്‍ആനിലൂടെ അല്ലാഹു പലവുരു മനുഷ്യരെ ബോധ്യപ്പെടുത്തുന്നുണ്ട്. ദൈവിക-ശാസ്ത്രീയ പരിപ്രേഷ്യത്തില്‍ അടുത്സൂര്യനെ തറിയാനുള്ള ശ്രമം.

അടിസ്ഥാന വിവരങ്ങള്‍

ഭൂമിയില്‍ നിന്നുള്ള ശരാശരി ദൂരം: 14.968 കോടി കി.മീ. (പതിനാല് കോടി തൊണ്ണൂറ്റി ആറ് ലക്ഷത്തി എണ്‍പതിനായിരം കിലോമീറ്റര്‍).

വ്യാസം (Diameter): പതിമൂന്ന് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി പതിനാറ് കിലോമീറ്റര്‍.

ചുറ്റളവ് (Circumference): നാല്‍പത്തിമൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അഞ്ച് കിലോമീറ്റര്‍.

വ്യാപ്തം (VOLUME): 1.40927 x 108 ക്യൂബിക് കി.മീ.

സാന്ദ്രത (DENTIY): 1.409 ഗ്രാം/ ക്യുബിക് സെന്റിമീറ്റര്‍.

കേവലകാന്തിമാനം (Absolute Magnitude) +4.83.

ഉപരിതല വിസ്തീര്‍ണം (AREA): 6.07877 x 1012 സ്‌ക്വയര്‍ കി.മീ.

ഗുരുത്വം (GRAVITATION): 2.740x 102 മീറ്റര്‍/ സെ.

പലായനപ്രവേഗം (ESCAPEVELOALY): 19.7കി.മി/സെ.

ഭ്രമണകാലം (സ്വന്തം അച്ചുതണ്ടില്‍ തിരിയാന്‍): 25.38 ഭൗമദിനങ്ങള്‍ (609.12 മണിക്കൂര്‍).

ഉപരിതലത്തിലെ ചൂട്: 5500 ഡിഗ്രി സെന്റിഗ്രെയ്ഡ്

ആന്തരിക താപം: ഒന്നര കോടി ഡിഗ്രി സെന്റിഗ്രെയ്ഡ്.

പ്രകാശ തീവ്രത: 3.83 x 1033 ഗ്രെയ്ഡ് എര്‍ഗ്/സെ.

കണക്കാക്കപ്പെടുന്ന പ്രായം: 460 കോടി വര്‍ഷം.

സൂര്യസ്ഥിരാങ്കം: 1.365-1.369 ഗണ/മീ2.

സൂര്യനെക്കുറിച്ചുള്ള പഠനം: Heliology ഹീലിയോളജി.

സൂര്യന്റെ ഊര്‍ജോല്‍പാദനം

സൂര്യനില്‍ 70 ശതമാനം ഹൈഡ്രജനും 28 ശതമാനം ഹീലിയവും ബാക്കി രണ്ടു ശതമാനം മറ്റു ഭാരമേറിയ മൂലകങ്ങളുമാണ് മുഖ്യഘടകങ്ങള്‍. കാര്‍ബണ്‍, നൈട്രജന്‍, ഓക്‌സിജന്‍, നിയോണ്‍, മഗ്നീഷ്യം, സിലിക്കോണ്‍, അയേണ്‍ എന്നിവയാണ് മറ്റു മൂലകങ്ങള്‍.

കേന്ദ്രഭാഗത്ത് നിന്നുള്ള ആണവ പ്രവര്‍ത്തനത്തിലെ ഊര്‍ജം മുകള്‍പാളിയായ ഫോട്ടോസ്ഫിയറിലെത്തുന്നു. ഒരു കോടി വര്‍ഷമെടുത്താണ് ആന്തരികോര്‍ജം ഫോട്ടോസ്ഫിയറിലെത്തിക്കുന്നത്.

സൗരകേന്ദ്രത്തിലെ സാന്ദ്രത ഒരു ലക്ഷത്തിനാല്‍പത്തി എട്ടായിരം ക്യുബിക്ക് കിലോമീറ്ററാണ്. ഫോട്ടോസ്ഫിയറിലെ താപനില 4000 മുതല്‍ 6000 വരെ ഡിഗ്രിസെന്റിഗ്രെയ്ഡാണ്. അതിന്റെ മുകളിലെ വാതകമേഖലയായ ക്രോമോസ്ഫിയറിലെ താപനില 50,000 കെല്‍വിനാണ്. ക്രൊമോസ്ഫിയറിന് മുകളില്‍ കൊറോണയാണ്. അവിടെ 75000 കി.മീ. ഉയരത്തില്‍ 2 കോടി കെല്‍വിനാണ്.

സൂര്യന്‍ ഒരു സാധാരണ നക്ഷത്രമാണ്. മറ്റെല്ലാ നക്ഷത്രങ്ങളേക്കാളും വളരെ കൂടുതല്‍ ഭൂമിയോട് അടുത്താണ് എന്നതാണ് നമുക്കത് നക്ഷത്രമല്ല എന്ന് തോന്നാന്‍ കാരണം. മറ്റു നക്ഷത്രങ്ങളില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിന് വേണ്ടി നടക്കുന്ന അതേപ്രക്രിയ തന്നെയാണ് സൂര്യനിലും നടക്കുന്നത്. സൂര്യന്‍ എങ്ങനെയാണ് ദ്രവ്യത്തെ ഊര്‍ജമാക്കി മാറ്റുന്നത്? നക്ഷത്രത്തിന്റെ താപനില ഉയര്‍ന്നതാണ്. അത്‌കൊണ്ട് തന്നെ അവിടെ ദ്രവ്യം പ്ലാസ്മാരൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. സാധാരണ ആറ്റങ്ങളില്‍ ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ കണികകളില്‍ ന്യൂട്രോണിന് പോസിറ്റീവ് ചാര്‍ജോ നെഗറ്റീവ് ചാര്‍ജോ ഇല്ല. ഇലക്ട്രോണിന് നെഗറ്റീവ് ചാര്‍ജും പ്രോട്ടോണിന് പോസിറ്റീവ് ചാര്‍ജുമാണ് ഉള്ളത്. മിക്കവാറും ചാര്‍ജുള്ള കണികകള്‍ മാത്രമാണ് പ്ലാസ്മയില്‍ ഉണ്ടായിരിക്കുക. വളരെ ഉയര്‍ന്ന താപനിലയാണ് ഈ അവസ്ഥക്ക് കാരണം. രണ്ടുതരം പ്രക്രിയകളെങ്കിലും സൂര്യനില്‍ ഊര്‍ജോല്‍പാദനത്തില്‍ നടക്കുന്നുണ്ട്. ഒരു മിനുട്ടില്‍ 25 കോടി ടണ്‍ ഹൈഡ്രജനെങ്കിലും സൂര്യനില്‍ ഹീലിയമായി മാറുന്നുണ്ട്. രണ്ട് ഹൈഡ്രജന്‍ അണു കേന്ദ്രങ്ങള്‍ സംയോജിക്കുമ്പോള്‍ ഒരു ഡ്യൂട്ടീരിയം രൂപംകൊള്ളുന്നു. അതോടൊന്നിച്ച് ന്യൂട്രിനോ എന്ന കണികകളും പോസിറ്റീവ് ചാര്‍ജുള്ള പോസിട്രോണും കൂടി ഉണ്ടാകുന്നു. പോസിട്രോണുകളും ഇലക്ട്രോണുകളും പരസ്പരം നശിപ്പിക്കുന്നു. ഡ്യൂട്ടീരിയം മറ്റൊരു അണുകേന്ദ്രവുമായി യോജിച്ച് ഹീലിയം 3 ഉണ്ടാകുന്നു. അടുത്ത ഘട്ടത്തില്‍ ഇത്തരം 32 ഹീലിയം 3 അണുകേന്ദ്രങ്ങള്‍ ചേര്‍ന്ന് ഹീലിയം 4 എന്ന അണുകേന്ദ്രവും രണ്ട് പ്രോട്ടോണുകളും ഉണ്ടാകുന്നു. അഥവാ രണ്ടു വഴികളിലായി നാല് പ്രോട്ടോണുകളില്‍ തുടങ്ങി ആറെണ്ണം തമ്മില്‍ ചേര്‍ന്ന് അവസാനം ഒരു ഹീലിയത്തിലും രണ്ട് പ്രോട്ടോണുകളിലും ചെന്നവസാനിക്കുന്നു. പ്രോട്ടോണുകള്‍ പഴയപ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഹീലിയം സൗരചൂളയിലെ ചാരമാണ്. ഓരോ സെക്കന്റിലും 6570 ലക്ഷം ടണ്‍ ഹൈഡ്രജന്‍ ഹീലിയമാക്കി മാറ്റപ്പെടുന്നുണ്ട്. അതില്‍ ഒരു ശതമാനത്തില്‍ താഴെ അഥവാ 0.71% അതായത് 45 ടണ്‍ ദ്രവ്യത്തിന്റെ തുല്യമാണ് ഊര്‍ജമായി മാറുന്നത്.

രണ്ടാമത്തെ പ്രക്രിയ ഇപ്രകാരമാണ്: ഒരു കാര്‍ബണ്‍-12 അണുകേന്ദ്രം തുടങ്ങിവെക്കുന്ന പ്രക്രിയയില്‍ നൈട്രജന്‍-13ന്റെ ഒരു അണുകേന്ദ്രം ഒരു ന്യൂട്രിനോയും പ്രോസിട്രോണും വിട്ടുകൊടുത്ത് കാര്‍ബണ്‍-13 ആകുന്നു. തുടര്‍ന്നുള്ള മാറ്റങ്ങളിലൂടെ ഇതും ഒടുക്കം ഹീലിയം-4 അണുകേന്ദ്രം ഉല്‍പാദിപ്പിക്കുന്നു. കൂടാതെ കാര്‍ബണ്‍-12ഉം ഉണ്ടാക്കുന്നു. തുടങ്ങിയേടത്ത് തന്നെ എത്തുന്ന ഈ പ്രക്രിയയും ആവര്‍ത്തിക്കുന്നു. ഈ രണ്ട് പ്രക്രിയകളിലും കുറഞ്ഞഭാഗം ചൂടുംവെളിച്ചവുമായി പുറത്തേക്ക് തെറിക്കുന്നു. എല്ലാ ഭാഗത്തേക്കും തെറിക്കുന്നതില്‍ ചെറിയൊരു ഭാഗം മാത്രമാണ് ഭൂമിയിലേക്കെത്തുന്നത്. ഒരു ബള്‍ബിന്റെ പ്രകാശത്തില്‍ വളരെക്കുറച്ച് മാത്രമാണ് നമുക്ക് പുസ്തകം വായിക്കാന്‍ ഉപകരിക്കുന്നത് എന്നപോലെ.

പ്രപഞ്ചനാഥനായ അല്ലാഹു നമുക്ക് വേണ്ടി ഒരുക്കിയ ഈ പ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധതിരിക്കാനും അതിലെ ദൃഷ്ടാന്തങ്ങള്‍ ഉള്‍ക്കൊണ്ട് നന്ദിയുള്ള ഒരു വിശ്വാസിയായി ജീവിക്കാനും അല്ലാഹു നമ്മെ ക്വുര്‍ആനിലൂടെ ഉണര്‍ത്തുന്നു.

78ാം അധ്യായം 13ാം വചനത്തില്‍ അല്ലാഹു പറയുന്നു: ''കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.''

സൂര്യന്റെ ചലനങ്ങള്‍

ക്വുര്‍ആന്‍ 36:38ല്‍ പറയുന്നു: ''സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്.''

ഇവിടെ 'ലി മുസ്തക്വര്‍റിന്‍ ലഹാ' എന്നതിന് പകരം 'ലാ മുസ്തക്വര്‍റ ലഹാ' എന്നൊരു ക്വിറാഅത്തും ഉണ്ട്. അപ്പോള്‍ അതിന്റെ ആശയം സൂര്യന് നിശ്ചലാവസ്ഥയില്ല എന്നായിരിക്കും.

സൂര്യന് 5 തരം ചലനങ്ങള്‍ ഉള്ളതായി ഹീലിയോളജിസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

1. സൗരസ്പന്ദനങ്ങള്‍.

2. സ്വന്തം അച്ചുതണ്ടിലുള്ള ഭ്രമണം.

3. സൗരയൂഥ കേന്ദ്രത്തിലെ ചലനം.

4. ഗ്യാലക്‌സി കേന്ദ്രത്തിന് ചുറ്റുമുള്ള ചലനം.

5. പ്രപഞ്ച വികാസത്തിന്റെ കൂടെയുള്ള ചലനം.

1. സൗരസ്പന്ദനങ്ങള്‍

സൂര്യന്റെ ഉപരിതലത്തില്‍ 160 മിനുട്ട് ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന വീര്‍ക്കലും ചുരുങ്ങലും സംഭവക്കുന്നുണ്ട് എന്ന് സോവിയറ്റ് യൂണിയനിലെ അക്കാഡമീഷ്യന്‍ സെര്‍വെനിയും അമേരിക്കയിലെ ഡോ. ഹെന്റിഹില്ലും ചില ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാരും ചേര്‍ന്നാണ് കണ്ടുപിടിച്ചത്.

2. സ്വന്തം അച്ചുതണ്ടിലുള്ള ഭ്രമണം

ഇതിന് സൂര്യന്‍ 25.38 ഭൗമദിനങ്ങള്‍ അഥവാ 609.12 മണിക്കൂറാണ് എടുക്കുന്നത്. അഥവാ സൂര്യന്റെ ഒരു ദിവസം ഭൂമിയിലെ 26 ദിവസങ്ങള്‍ക്ക് തുല്യമാണ്. ഭൂമിയെപ്പോലെയല്ല സൂര്യന്റെ സ്വന്തം അച്ചുതണ്ടിലെ ചലനം. സൂര്യന്റെ മധ്യരേഖാപ്രദേശം അച്ചുതണ്ടിന്റെ ചുറ്റും ഒരു റൗണ്ട് പൂര്‍ത്തിയാക്കാന്‍ ഭൂമിയിലെ 25 ദിവസങ്ങളുടെ യാത്രാദൈര്‍ഘ്യവും ഉത്തരായന ദക്ഷിണായന രേഖാപ്രദേശങ്ങള്‍ 26ദിവസവും ധ്രുവങ്ങളുടെ അടുത്ത ഭാഗങ്ങള്‍ 35 ദിവസവും എടുക്കുന്നു.

സൂര്യന്‍ ഒരു വാതകഗോളമായത് കൊണ്ടാണ് ഇങ്ങനെ ഓരോ മേഖലയും വ്യത്യസ്ത വേഗതയില്‍ ചലിക്കുന്നത്. ഭൂമി ഒരു ഖരം ആയതിനാല്‍ ഓരോ പ്രദേശവും ഒരേസമയമാണ് അച്ചുതണ്ടിന് ചുറ്റും ചലിക്കാന്‍ എടുക്കുന്നത്.

3. സൗരയൂഥ കേന്ദ്രത്തിലെ ചലനം

സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ സൂര്യനെയും ആകര്‍ഷിക്കുന്നുണ്ട്. എല്ലാ സൗരയൂഥകേന്ദ്രങ്ങളുടെയും ആകര്‍ഷണഫലമായി കമ്പിച്ചുരുളിന്റെ ആകൃതിയിലുള്ള ഭ്രമണപഥത്തിലൂടെ സൂര്യന്‍ ചലിച്ചുകൊണ്ടിരിക്കുന്നുണ്ട്.

4. ഗ്യാലക്‌സി കേന്ദ്രത്തിന് ചുറ്റുമുള്ള ചലനം

നമ്മുടെ ഗ്യാലക്‌സിയാണ് മില്‍ക്കീവേ. ഒരു ലക്ഷം പ്രകാശവര്‍ഷമാണ് അതിന്റെ വ്യാസം. അത് സ്വന്തം കേന്ദ്രത്തിന് ചുറ്റുമായി തിരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഭാഗമായി ഗ്യാലക്‌സീ കേന്ദ്രത്തില്‍ നിന്ന് 26000 പ്രകാശ വര്‍ഷങ്ങള്‍ ദൂരെയുള്ള സൂര്യന്‍ സൗരയൂഥത്തെയും കൊണ്ട് 23 കോടി വര്‍ഷങ്ങള്‍ കൊണ്ട് ഒരു ചുറ്റ് പൂര്‍ത്തിയാക്കുന്നുണ്ട്. ഈ 23 വര്‍ഷങ്ങള്‍ക്ക് ഒരു കോസ്മിക് വര്‍ഷം എന്ന് പറയുന്നു.

5. പ്രപഞ്ച വികാസത്തിന്റെ കൂടെയുള്ള ചലനം

പ്രപഞ്ചം അത്യധികം വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് എഡ്വിന്‍. പി. ഹബ്ള്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തി. ക്വുര്‍ആന്‍ സൂറതുദ്ദാരിയാത്ത് 46ാം വചനത്തില്‍ പ്രപഞ്ച വികാസത്തെ സൂചിപ്പിക്കുന്നു. മണിക്കൂറില്‍ 7000 കി.മീ. വേഗതയില്‍ സൂര്യനും ഇതില്‍ പങ്കാളിയായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സൂര്യന്‍ സഞ്ചരിക്കുന്നുവെന്ന് 1400 വര്‍ഷം മുമ്പ് പ്രസ്താവിച്ച ക്വുര്‍ആന്‍ സ്രഷ്ടാവിന്റെ വചനങ്ങള്‍ തന്നെ.

സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശങ്ങള്‍ തമ്മിലുള്ള വ്യത്യാസം

സൂര്യന്‍ ഒരു പ്രകാശ സ്രോതസ്സാണ്. എന്നാല്‍ ചന്ദ്രന്റെ പ്രകാശം സൂര്യനില്‍നിന്ന് കിട്ടുന്ന പ്രകാശം ചന്ദ്രനില്‍ തട്ടി പ്രതിഫലിക്കുന്നതാണ്. ഇക്കാര്യം ലോകത്ത് ആദ്യമായി പറഞ്ഞത് ഏകദേശം 9000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നൂഹ് നബി(അ)യാണ്. ഒമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്രകാരം പറയാന്‍ ദൈവദൂതന്മാര്‍ക്ക് മാത്രമേസാധിക്കൂ.

ക്വുര്‍ആന്‍ 71ാം അധ്യായം 16ാം വചനത്തില്‍ പറയുന്നു:

''ചന്ദ്രനെ അവിടെ പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.''

സൂര്യനെ 'വിളക്ക്' എന്നും ചന്ദ്രനെ 'പ്രകാശം' എന്നും വിശേഷിപ്പിച്ചു എന്നതാണ് ഇവിടെ പ്രതേ്യകം ശ്രദ്ധിക്കേണ്ടത്. 33 പ്രാവശ്യം 'ശംസ്' (സൂര്യന്‍) എന്ന പദം ക്വുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്.

 സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശങ്ങള്‍ തമ്മിലുള്ള വ്യത്യാസം ക്വുര്‍ആന്‍ സൂചിപ്പിക്കുന്നത് 10ാം അധ്യായത്തിലെ 5ാം വചനത്തിലാണ്:

''സൂര്യനെ ഒരു പ്രകാശമാക്കുകയും ചന്ദ്രനെ ഒരു ശോഭയാക്കുകയും ചെയ്തവനാണ് അവന്‍ (അല്ലാഹു).''

ഈ വചനത്തില്‍ സൂര്യന്റെ പ്രകാശത്തിന് ഉപയോഗിച്ചിരിക്കുന്നത് ബഹുവചന പദമായ 'ദിയാഅ്' എന്നും ചന്ദ്രന്റെ ശോഭക്ക് ഉപയോഗിച്ചിരിക്കുന്നത് ഏകവചനപദമായ 'നൂര്‍' എന്നുമാണ്. ഇതിലെ ശാസ്ത്രീയ പ്രസക്തി എന്താണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ല. സൂര്യന്റെ പ്രകാശം 7 കളറുകള്‍ ചേര്‍ന്നതാണല്ലോ. ഒരുപക്ഷേ, അതായിരിക്കാം കാരണം. സൂര്യപ്രകാശം ഏഴ് നിറങ്ങളുടെ സംയോജനമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ 1642ല്‍ ജനിച്ച ഐസക് ന്യൂട്ടനാണ്.

സൂര്യന്റെതുള്‍പ്പെടെയുള്ള പ്രകാശത്തെക്കുറിച്ച് അഗാധമായി പഠനം നടത്തുകയും 'കിതാബുല്‍മനാളിര്‍' (The Book of Optics) എന്ന ഗ്രന്ഥം ക്രിസ്താബ്ദം 1015ല്‍ എഴുതിയ അറബ് മുസ്‌ലിം പ്രകാശ ശാസ്ത്രജ്ഞനാണ് ഇബ്‌നു ഹൈഥം. പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രാധാന്യം പരിഗണിച്ചാണ് 2015നെ അന്താരാഷ്ട്ര പ്രകാശ വര്‍ഷം ആയി അംഗീകരിച്ചത്.

സൂര്യനും സമയനിര്‍ണയവും

ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് തിരിയുന്ന ഗ്രഹമാണ്. സൂര്യന്റെ സാന്നിധ്യമാണ് സമയനിര്‍ണയത്തന്റെ അടിസ്ഥാനം. ഇക്കാര്യം ക്വുര്‍ആന്‍ 6ാം 96ാം വചനംത്തില്‍ പറയുന്നു:

''സൂര്യനെയും ചന്ദ്രനെയും കണക്കുകള്‍ക്ക് അടിസ്ഥാനവുമാക്കിയിരിക്കുന്നു.''

ഗോള ശാസ്ത്രകണക്കുകളുടെ കൃത്യതയെ സൂചിപ്പിക്കുന്ന വചനങ്ങളാണിത്. ഗോളശാസ്ത്ര കണക്കുകള്‍ ദൈവികമാണ്. അത് ഗ്രഹിച്ചെടുക്കുക മാത്രമാണ് മനുഷ്യന്‍ ചെയ്യുന്നത്.

ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യാന്‍ എടുക്കുന്ന സമയമാണ് ഒരു ദിവസം. അത് കൃത്യമായി പറഞ്ഞാല്‍ 23 മണിക്കൂര്‍ 56 മിനുട്ട് 4.09 സെക്കന്റ് ആണ്. ഭൂമി സൂര്യനെ പരിക്രമണം ചെയ്യുമ്പോള്‍ ഒരു ഡിഗ്രിവീതം ഒരു ദിവസം മുന്നോട്ട് നീങ്ങുമ്പോള്‍ ഉണ്ടാകുന്ന 4 മിനുട്ട് കൂടി ഇതിലേക്ക് കൂട്ടുമ്പോള്‍ 24 മണിക്കൂര്‍ എന്ന് കിട്ടുന്നു. 40075 കിലോമീറ്റര്‍ ചുറ്റളവുള്ള ഭൂമി 24 മണിക്കൂര്‍ കൊണ്ട് ഒരു പ്രാവശ്യം പടിഞ്ഞാറുനിന്ന് കിഴക്കോട്ട് തിരിയുമ്പോള്‍ 40075/24=1669.79 കിലോ മീറ്ററാണ് ഭൂമധ്യരേഖാ പ്രദേശത്തെ ഒരു മണിക്കൂര്‍ സമയ വ്യത്യാസത്തിനാവശ്യമായ ദൂരം എന്ന് കിട്ടുന്നു. 40075 കിലോമീറ്റര്‍ ചുറ്റളവുള്ള ഭൂമി 360 ഡിഗ്രി ഭ്രമണം ചെയ്യുമ്പോഴാണല്ലോ ഒരു പ്രാവശ്യം ഭ്രമണം പൂര്‍ത്തിയാകുന്നത്. 40075/360=111.31 കിലോ മീറ്ററാണ് ഭൂമധ്യരേഖയില്‍ ഒരു ഡിഗ്രി എന്ന് മനസ്സിലാക്കാം. പഠിഞ്ഞാറുനിന്ന് കിഴക്കോട്ട് തിരിയുമ്പോള്‍ കിഴക്ക് ഭാഗത്തുള്ള രാഷ്ട്രങ്ങളാണ് ആദ്യം സൂര്യന്റെ ഭാഗത്തേക്ക് വരുന്നത്. പടിഞ്ഞാറ് ഭാഗത്തുള്ള രാഷ്ട്രങ്ങള്‍ പിന്നീട് മാത്രമെ എത്തുകയുള്ളൂ.

ഒരു ഡിഗ്രിക്ക് 4 മിനുട്ട് പ്രകാശം 360 ഡിഗ്രിക്ക് 24 മണിക്കൂറാണല്ലോ സമയ വ്യത്യാസം. 360x4/60=24. സമയത്തിന്റെ മധ്യരേഖയായ ഗ്രീനിച്ചില്‍ നിന്ന് ഓരോ ഡിഗ്രിക്ക് 4 മിനുട്ട് വീതം കിഴക്കോട്ടും 4 മിനുട്ട് വീതം പഠിഞ്ഞാറോട്ടും കണക്കുകൂട്ടിയാല്‍ ഭൂമിയില്‍ ഏറ്റവും കൂടിയ സമയവും ഏറ്റവും കുറഞ്ഞ സമയവും തമ്മില്‍ നേരെ മറുഭാഗത്ത് കൂട്ടിമൂട്ടും. ആ മുട്ടുന്ന സ്ഥലത്ത് കൂടെ ഉത്തരധ്രുവം മുതല്‍ ദക്ഷിണധ്രുവം വരെ വരച്ച സാങ്കല്‍പിക രേഖയാണ് അന്തര്‍ദേശീയ ദിനമാറ്റ രേഖ (International date line) എന്ന് പറയുന്നു. 1884ല്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ യോഗം ചേര്‍ന്ന് 26 രാഷ്ട്രങ്ങള്‍ ചേര്‍ന്നാണ് ഈ രേഖയെ അംഗീകരിച്ചത്. ഈ രേഖയുടെ രണ്ട് ഭാഗത്തും 24 മണിക്കൂര്‍ സമയ വ്യത്യാസം ഉണ്ടാകും. ഉദാഹരണമായി ദിനരേഖയുടെ തൊട്ട് കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കിരിബാറ്റി ദ്വീപില്‍ വെള്ളിയാഴ്ച ലോകത്തില്‍ ആദ്യത്തെ ജുമുഅ നടക്കുമ്പോള്‍ ഏതാനും കിലോമീറ്റര്‍ പഠിഞ്ഞാറ് ഭാഗത്തെ വെസ്റ്റേണ്‍ സമോവയില്‍ അതേസമയത്ത് വ്യാഴാഴ്ച ഉച്ചക്ക് ളുഹ്ര്‍ നമസ്‌കരിക്കുകയായിരിക്കും. ഒരേ രാഷ്ട്രത്തിനുള്ളില്‍ രണ്ട് ദിവസം ആവാതിരിക്കാന്‍ ദിനരേഖയില്‍ കിഴക്കോട്ട് വളച്ച രേഖക്ക് അലൂഷ്യന്‍ അഡ്ജസ്റ്റ്‌മെന്റ് എന്നും പടിഞ്ഞാറോട്ട് വളച്ചതിന് കിരിബാറ്റി അഡ്ജസ്റ്റ്‌മെന്റ് എന്നും പറയുന്നു. ഇന്ത്യ ഗ്രീനിച്ച് രേഖയില്‍ നിന്ന് കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ലണ്ടനിലെ ഗ്രീനിച്ചിലൂടെ കടന്നുപോകുന്ന രേഖാംശ രേഖയില്‍ ഉള്ള സമയത്തെക്കാള്‍ 51/2 മണിക്കൂര്‍ മുന്നിലാണ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് സമയം. ഇന്ത്യയുടെ രണ്ടറ്റവും രണ്ട് മണിക്കൂര്‍ സമയ വ്യത്യാസമുണ്ട്. അതായത് ഏറ്റവും കിഴക്കേ അറ്റത്തുള്ള അരുണാചല്‍ പ്രദേശില്‍ സൂര്യന്‍ ഉദിച്ച് 2 മണിക്കൂര്‍ കഴിഞ്ഞേ ഗുജറാത്തില്‍ സൂര്യന്‍ ഉദിക്കുകയുള്ളൂ. എന്നാല്‍ ഇന്ത്യയുടെ മധ്യഭാഗത്തിലൂടെ പോകുന്ന രേഖാംശ രേഖയില്‍ ഉള്ള പ്രാദേശിക സമയത്തെ ഇന്ത്യയുടെ ഒട്ടാകെയുള്ള ഔദ്യോഗിക സമയമാക്കി അംഗീകരിച്ചു. അതാണ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് സമയം. രാജ്യത്തിന്റെ മധ്യഭാഗത്തെ പ്രാദേശിക സമയത്തെ രാഷ്ട്രത്തിന്റെയോ രാഷ്ട്രത്തിന്റെ ഒരു ഭാഗത്തിന്റെയോ സമയമായി അംഗീകരിക്കുന്നതിനാണ് സ്റ്റാന്റേര്‍ഡ് സമയം എന്ന് പറയുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനം സൂര്യനാണ്.

സൂര്യഗ്രഹണം

സൂര്യന്റെയും ഭൂമിയുടെയും ഇടയില്‍ സന്ദ്രന്‍ വരുമ്പോള്‍ സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ ചന്ദ്രന്‍ തടസ്സപ്പെടുത്തും. അതിനാല്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിയും. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ കറുത്ത ഒരു വസ്തു സൂര്യനെ മറച്ചതായി കാണാം. സൂര്യഗ്രഹണ സമയത്ത് ഭൂമിയില്‍നിന്ന് കാണുന്ന ചന്ദ്രഭാഗത്ത് രാത്രിയായതിനാലാണ് ഇരുണ്ട വസ്തുവായി ചന്ദ്രനെ കാണുന്നത്. മുഹമ്മദ് നബി ﷺ  ക്ക് മാരിയ്യതുല്‍ ഖിബ്ത്വിയ്യ എന്ന ഭാര്യയില്‍ ജനിച്ച ഇബ്‌റാഹിം എന്ന കുഞ്ഞ് മരിച്ച ദിവസം സൂര്യഗ്രഹണം ബാധിച്ചപ്പോള്‍ ജനങ്ങള്‍ നബി ﷺ  യുടെ മകന്‍ മരിച്ച ദുഃഖമാണ് സൂര്യനെ ബാധിച്ചത് എന്ന് പറഞ്ഞു. ഇത് കേട്ട പ്രവാചകന്‍ ﷺ   മദീനാ പള്ളിയിലെ മിമ്പറില്‍ കയറി ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: ''ഒരാളുടെ ജനനംകൊണ്ടോ മരണംകൊണ്ടോ സൂര്യനോ ചന്ദ്രനോ ഒരു ഗ്രഹണവും ബാധിക്കുകയില്ല. അവ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്.''

അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടുകളില്‍ നിന്ന് നേര്‍മാര്‍ഗത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ജനങ്ങളെ നയിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകന്‍ മകന്‍ മരണപ്പെട്ടതിന്റെ ദുഃഖത്തിനിടയിലും വ്യക്തിപൂജയും അന്ധവിശ്വാസവും തുടച്ചുനീക്കുന്നതില്‍ ജാഗ്രത കാണിക്കുകയായിരുന്നു.

സൂര്യന്റെ അന്ത്യം!

''സൂര്യന്റെ ജ്വലനം ഏകദേശം 10000 മില്യണ്‍ വര്‍ഷങ്ങളാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇനിയും അഞ്ഞൂറ് കോടിയിലേറെ വര്‍ഷം കത്തിജ്വലിക്കാനുള്ള ഇന്ധനം സൂര്യനിലുണ്ടത്രെ. ഇനി ഇന്ധനം കഴിഞ്ഞുവെന്നിരിക്കട്ടെ; സൂര്യന്‍ ഒരു ചുവന്ന ഗോളമായിത്തീരും'' (പ്രപഞ്ചം എന്‍സൈക്ലോപിഡിയ, സത്യന്‍ കല്ലുരുട്ടി, പേജ് 58).

സൂര്യന് അന്ത്യമുണ്ടെന്ന് ജോര്‍ജ് ഗ്രമോവ് എന്ന പ്രസിദ്ധനായ സോവിയറ്റ് അസ്‌ട്രോണമര്‍ തന്റെ The birth and death of sun എന്ന പുസ്തകത്തില്‍ (പേജ് 140) പറയുന്നു:

The Sun has a larger percentage of hydrogen gas in it's atmosphere which can be continually converted in to helium eventually a hydrogen is going to be burned up when their nuclear reaction will be ceased it will turn to an immensely cold body.

''സൂര്യനില്‍ വന്‍ ശതമാനം ഹൈഡ്രജന്‍ വാതകമുണ്ട്. അതിന്റെ അന്തരീക്ഷം ഹീലിയമായി മാറും. ഹൈഡ്രജന്‍ ജ്വലിച്ച് തീരുകയും ആണവപ്രക്രിയ തുടരുകയും ചെയ്യുന്നതോടെ അതൊരു തണുത്തുറച്ച വസ്തുവായിത്തീരും.''

നേരത്തെ നാം ഉദ്ധരിച്ച ''സൂര്യന്‍ അതിന് സ്ഥിരമായുള്ള സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്'' എന്ന ക്വുര്‍ആന്‍ സൂക്തം (36:38) സൂര്യന്‍ നിശ്ചലാവസ്ഥയിലായിത്തീരുന്ന കാലം ഉണ്ടാവും എന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. തഫ്‌സീറു ഇബ്‌നു കഥീറില്‍ രണ്ടാം വ്യാഖ്യാനം എന്ന നിലയില്‍ ഇത് എടുത്തു പറഞ്ഞിട്ടുണ്ട്. 81ാം അധ്യായം സൂറതുത്തക്‌വീര്‍ ഒന്നാം വചനത്തില്‍ പറയുന്നു: ''സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍.'' സൂര്യന്‍ കെട്ടടങ്ങിപ്രകാശഹിതമാവുമ്പോള്‍ എന്നാണ് ഇതിന് വ്യാഖ്യാനം.