മാനവ സാഹോദര്യത്തിന്റെ കേരളീയ പരിസരം

മുജീബ് ഒട്ടുമ്മല്‍

2020 ഫെബ്രുവരി 22 1441 ജുമാദല്‍ ആഖിറ 23
വിശ്വാസാചാര രംഗത്ത് കാര്‍ക്കശ്യം പുലര്‍ത്തുമ്പോള്‍ തന്നെ ഇതരരെ കലര്‍പ്പില്ലാതെ ഉള്‍ക്കൊള്ളാന്‍ കഴിയുകഎന്നത് ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പാരമ്യതയാണ്. വ്യത്യസ്ത മതങ്ങളും ദര്‍ശനങ്ങളും സാംസ്‌കാരികരീതികളും പിന്തുടരുമ്പോഴും എല്ലാവരെയും കളങ്കമറ്റ് സ്‌നേഹിക്കാന്‍ കഴിയുക എന്ന ഉദാത്ത ഗുണം പ്രാരംഭകാലം മുതല്‍ ജീവിതത്തില്‍ പുലര്‍ത്തിയവരാണ് കേരളീയര്‍. മാനവസാഹോദര്യത്തിന്റെ ആ തെളിനീര്‍ധാരയിലേക്കാണ് ചിലര്‍ വിഷം കോരിയൊഴിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മതനിരപേക്ഷ ഇന്ത്യയുടെ ഏറ്റവും വലിയ സൗന്ദര്യം വൈവിധ്യങ്ങളിലെ ഏകത്വമാണ്. മതങ്ങളും ദര്‍ശനങ്ങളും ഭാഷകളും സംസ്‌കാരങ്ങളുമെല്ലാം സംഗമിക്കുന്നതാണ് ഇന്ത്യയുടെ ആത്മാവ്. വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ പല വഴികള്‍ തേടുമ്പോഴും ഏകമാനവതയുടെ സൗരഭ്യം വിതറുന്ന രാജ്യമാണിത്.

മാനവവിഭവശേഷിയാല്‍ കരുത്താര്‍ജിച്ചിരുന്ന ഇന്ത്യയെ തകര്‍ക്കാന്‍ ശത്രുക്കളെന്നും ആയുധങ്ങളായി ഉപയോഗിച്ചത് മത ധ്രുവീകരണമാണ്. ബ്രിട്ടീഷ് അധിനിവേശത്തിന് ആക്കംകൂട്ടിയതും സാമൂഹിക ധ്രുവീകരണമായിരുന്നു. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന നയത്തിലൂടെ നാട്ടുരാജാക്കന്‍മാരെയും സമുദായങ്ങളെയും പരസ്പര ശത്രുക്കളാക്കാന്‍ അവര്‍ക്ക് സാധിച്ചു. കോളനിവല്‍കരണത്തിന് ചിലരെ കൂടെ നിര്‍ത്തിയും മറ്റു ചിലരെ ഉപയോഗിച്ചും ബ്രിട്ടീഷ് അധികാരരഥം ഇന്ത്യന്‍ മണ്ണിലൂടെ വിഹരിച്ചു.

അധിനിവേശ ശക്തികളുടെ കരാളഹസ്തങ്ങളില്‍ പുളഞ്ഞ ഇന്ത്യയുടെ വിമോചനത്തിനായി ആത്മാഭിമാനികളായ രാജ്യസ്‌നേഹികള്‍ ശത്രുവിന്റെ ആയുധത്തെ നിര്‍വീര്യമാക്കി മുന്നേറി. വൈദേശിക ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി അവര്‍ പോരാടി. മഹാത്മാഗാന്ധിയും മൗലാനാ അബുല്‍ കലാം ആസാദുമെല്ലാം ദേശീയതലത്തില്‍ നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ അലയൊലികള്‍ ഗ്രാമാന്തരങ്ങളില്‍ പോലും അധിനിവേശ ശക്തികള്‍ക്കെതിരെ ഐക്യനിര രൂപപ്പെടാന്‍ കാരണമായി.

എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തി അഹിംസാ സമരരീതികള്‍ പരീക്ഷിച്ച്, ബഹിഷ്‌കരണത്തിന്റെയും നിയമ ലംഘനത്തിന്റയും വഴി സ്വീകരിച്ച് വൈദേശികാധിപത്യത്തിനെതിരെ കൊടുങ്കാറ്റായി മാറിയപ്പോള്‍ വെള്ളക്കാരന്റ സിംഹാസനങ്ങള്‍ പിഴുതെറിയപ്പെട്ടു. എങ്കിലും അധിനിവേശ ശക്തികള്‍ വിതറിയ വര്‍ഗീയ ധ്രുവീകരണത്തിന്റെ വിഷവിത്തുകള്‍ അവിടവിടങ്ങളിലായി മുളച്ച് പൊങ്ങി. നാസിസത്തിന്റ ദര്‍ശനങ്ങളെ ആശയമായി സ്വീകരിച്ച് ഇതര വിശ്വാസികളോട് അസഹിഷ്ണുക്കളായി, വിദ്വേഷത്തിന്റെ വിഷബീജങ്ങളെ നെഞ്ചിലേറ്റി ദേശീയതാവാദവുമായി ചിലര്‍ രംഗപ്രവേശം ചെയ്തു.

ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞ് തുള്ളി. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ പോലും നിശാക്ലബ്ബുകളും മദ്യഷാപ്പുകളുമാക്കി ഭീകര താണ്ഡവമാടിയപ്പോള്‍ മഹാത്മാഗാന്ധി അതിനെതിരെ നിരാഹാര സത്യഗ്രഹമിരുന്നു. സമാധാനത്തിലൂടെയുള്ള സമരമുറയില്‍ വിധ്വംസകവാദികള്‍ക്ക് പിന്‍വലിയേണ്ടിവന്ന സാഹചര്യങ്ങള്‍ പോലുമുണ്ടായി.

മഹാഭൂരിപക്ഷം ഇന്ത്യക്കാരും സമാധാനകാംക്ഷികളും മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള വിശാലഹൃദയരുമാണെന്നതാണ് ഇന്ത്യയുടെ സാമൂഹിക പരിണിതി. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും വര്‍ഗീയ കലാപാഗ്‌നിയില്‍ എരിഞ്ഞമരുമ്പോഴും സമാധാനത്തിന്റെ കുളിര്‍തെന്നലായി മലയാള മണ്ണ് കോള്‍മയിര്‍ കൊണ്ടു.

കേരളം സാഹോദര്യത്തിന്റ വിളനിലം

ഇന്ത്യയുടെ തെക്കേ അറ്റത്ത് അറബിക്കടലിന്റെ ഓരത്തായി കേരളം പ്രകൃതി ഭംഗിയാല്‍ പ്രോജ്വലിച്ചു നിന്നു. കേരവൃക്ഷങ്ങളുടെ ഹരിതാഭമായ അന്തരീക്ഷം ഏതൊരാളെയും ഹര്‍ഷഭരിതമാക്കും. ദയാനുകമ്പയും സഹവര്‍ത്തിത്വവും സാഹോദര്യവും കൊണ്ട് മലയാളികളുടെ മനസ്സും മനോഹരമാണ്. അധിനിവേശ ശക്തികള്‍ വിതറിയിട്ട ധ്രുവീകരണവിത്തുകള്‍ മലയാള മണ്ണില്‍ ധൂളികളായി. വര്‍ഗീയതയുടെ കാര്‍ഡിറക്കി ഈ മണ്ണിനെ കലാപകലുഷിതമാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകാത്തത് കൊണ്ടല്ല; എതൊരു സംസ്ഥാനങ്ങളിലുമുള്ളതിനേക്കാള്‍ ശക്തമായ ധ്രുവീകരണ ശ്രമങ്ങളാണ് ഇവിടെ നടന്നത്. എന്നാല്‍സഹാനുഭൂതിയും സഹോദര്യവും വേരുറച്ചുപോയ മലയാളി മനസ്സുകളില്‍ വിഭാഗീയ ചിന്തകള്‍ക്ക് ഇടമില്ലാതെ പോയി.

മനസ്സുകളെ പെട്ടെന്ന് സ്വാധീനിക്കാവുന്ന സാഹിത്യരചനയും പ്രഭാഷണ വൈഭവവും മാധ്യമങ്ങളിലെ പംക്തികളും സാംസ്‌കാരിക നായകരുടെ സ്വാധീനവുമെല്ലാം നാസീ ചിന്തകളുടെ വ്യാപനത്തിന് വിശാലമായി ഉപയോഗിച്ചിരുന്നു. 1950ല്‍ പ്രസിദ്ധ സാഹിത്യകാരന്‍ ഉറൂബ് മലബാര്‍ ലഹളയെ പശ്ചാത്തലമാക്കി എഴുതിയ ഒരു നോവലില്‍ രാഘവന്‍ നായര്‍ സുലൈമാനായ കഥ വിവരിക്കുന്നുണ്ട്. ആയുധങ്ങളുമായി പാഞ്ഞടുത്ത മാപ്പിളമാര്‍ അദ്ദേഹത്തെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചുവെന്നാണ് അതിന്റ സന്ദേശം. അക്ഷരങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായി ആഖ്യാനിക്കാനുള്ള അദ്ദേഹത്തിന്റ വൈഭവത്തിലൂടെ വിദ്വേഷത്തിന്റ വിത്ത് പാകാന്‍ ശ്രമിച്ചിട്ടും അത് ചവറ്റുകൊട്ടയിലേക്കെറിയാന്‍ തയ്യാറായ മലയാളീ മനസ്സിന്റ നന്മയെ തിരിച്ചറിയാന്‍ ഇതിലും വലിയ ഉദാഹരണമില്ല.

സാഹോദര്യത്തിന്റെ കേരള പൈതൃകം

വ്യത്യസ്ത മത-ഭൗതിക വിശ്വാസ ദര്‍ശനങ്ങളിലൂടെ സഞ്ചരിക്കുന്നവരെങ്കിലും പരസ്പരം ബഹുമാനിക്കാനും ആദരിക്കാനും സ്‌നേഹിക്കാനും പരിഗണിക്കാനും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കാനുമുള്ള മാനസിക ഇണക്കത്തെയാണ് മാനവ സൗഹാര്‍ദം കൊണ്ട് അര്‍ഥമാക്കുന്നത്.

വിശ്വാസാചാരങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്തുകൊണ്ടുള്ള നീക്കുപോക്കുകളിലൂടെയുള്ള സൗഹൃദങ്ങള്‍ക്ക് കപടതയുടെ പരിവേഷം ദര്‍ശിക്കാനാകും. ഇഷ്ടമുള്ളത് ആചരിക്കാനും അനുഷ്ഠിക്കാനും തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം വകവച്ചുകൊടുക്കുന്നതില്‍ ബന്ധങ്ങള്‍ തടസ്സമാകരുത്.

വിശ്വാസദര്‍ശനങ്ങള്‍ക്കനുസരിച്ച അനുഷ്ഠാനങ്ങള്‍ക്ക് കാര്‍ക്കശ്യം കാണിക്കുന്നവരെ സംശയദൃഷ്ടിയോടെ കാണുന്നത് ന്യായീകരിക്കാനാവില്ല. അത്തരം ആളുകളിലാണ് കലര്‍പ്പില്ലാത്ത സ്‌നേഹാര്‍ദൃതയുടെ ആത്മാര്‍ഥത കാണാന്‍ സാധിക്കുക. കേരള ജനതയുടെ സാഹോദര്യ ചരിതം അങ്ങനെയേ നമുക്ക് വായിക്കാനാകൂ.

കേരളത്തിലേക്കുള്ള ഇസ്‌ലാമിക ആഗമന ചരിത്രരേഖകളില്‍ ക്രിസ്താബ്ദം 621ലാണ് മാലിക് ദീനാറും സംഘവും കേരള തീരത്തണഞ്ഞതെന്ന് കാണാനാവും. അന്നത്തെ ഭരണാധികാരികള്‍ മുസ്‌ലിം വര്‍ത്തക സംഘത്തെ സ്വീകരിച്ചത് കരിക്കിന്‍ വെള്ളം നല്‍കിയാണ്. സമൂഹത്തിന്റെ മുഖ്യധാരാ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് ഇടം നല്‍കി. പ്രബോധന പ്രവര്‍ത്തനങ്ങളള്‍ക്കും വിശ്വാസജീവിതത്തിനും പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കി. പതിനൊന്ന് ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ പണിയാനുള്ള സ്ഥലവും സൗകര്യങ്ങളും നല്‍കി. അവ ഇസ്‌ലാമിക പ്രബോധന കേന്ദ്രങ്ങള്‍ കൂടിയായിരുന്നു.

വിശ്വാസദര്‍ശനങ്ങള്‍ക്കതീതമായി മനുഷ്യരെ ഹൃദയങ്ങളിലേക്ക് സ്വീകരിക്കാനുള്ള കൈരളിയുടെ പാരമ്പര്യത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നുള്ള തിരിച്ചറിവാണ് ഇത്തരം ചരിത്രരേഖകളില്‍ നിന്ന് ലഭിക്കുന്നത്. 750 വര്‍ഷക്കാലം കോഴിക്കോട് അടക്കമുള്ള മലബാറിന്റ തെക്കന്‍ തീരം ഭരിച്ചിരുന്ന സാമൂതിരി രാജാക്കന്‍മാരുടെ സൗഹൃദ പാഠം ഏറെ കൗതുകമുണര്‍ത്തുന്നതാണ്.

പത്ത് വര്‍ഷം കൂടുമ്പോള്‍ പ്രത്യേക ആചാരപ്രകാരം നടത്തുന്ന മാമാങ്കോല്‍സവത്തില്‍ സാമൂതിരിയുടെ വലത് ഭാഗത്ത് ഷാമന്തര്‍കോയ എന്ന പ്രത്യേക സ്ഥാനമുള്ള ഒരു മുസ്‌ലിം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമായിരുന്നത്രെ! കേരളത്തിന്റെ തീരദേശങ്ങളിലെ മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ചവരുടെ കുടിലുകളില്‍ നിന്നുള്ള ആദ്യത്തെ ഒരു ആണ്‍കുട്ടിയെ മുസ്‌ലിമായി വളര്‍ത്തണമെന്ന് രാജാവ് നിര്‍ബന്ധ കല്‍പന നല്‍കി. 'സമുദ്രദേവത'യുടെ മാറിലൂടെ സഞ്ചരിക്കല്‍ ഹിന്ദുക്കള്‍ക്ക് നിഷിദ്ധമായിരുന്നെന്നതിനാലാണത്രെ അങ്ങനെയൊരു നിയമം കൊണ്ടുവന്നത്. നാവികസേനയുടെ രൂപീകരണത്തിനായിരുന്നു അത്തരം നടപടിക്രമങ്ങള്‍ സ്വീകരിച്ചിരുന്നതെന്നും കാണാനാകും.

രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി രൂപീകരിച്ച നാവിക സേനയില്‍ മുസ്‌ലിംകളുണ്ടായിരിക്കണമെന്ന് രാജാവ് തിട്ടുരമിറക്കി. സേനയുടെ നായകന്‍മാരായി കുഞ്ഞാലി മരക്കാന്‍മാരെ അവരോധിച്ചു. സാമൂതിരിയുടെ ഭരണവും കുഞ്ഞാലി മരക്കാരുടെ ധീരമായ സൈനിക നേതൃത്വവും സുസ്ഥിരതയുള്ള നിര്‍ഭയത്വത്തിന്റെ ഇടമായി നാട് മാറി.

മുസ്‌ലിം ആധിപത്യമുള്ള രാജ്യങ്ങളെ കീഴടക്കാനായി കുരിശുയുദ്ധ പ്രഖ്യാപനം നടത്തി ക്രൈസ്തവതയുടെ ലോകാധിപത്യത്തിന് പുതിയ മുഖം നല്‍കാന്‍ മാനുവല്‍ രാജാവ് നിയോഗിച്ച വാസ് ഗോഡഗാമ 1498 മെയ് 20ന് കോഴിക്കോട് കപ്പലിറങ്ങിയത് സാമൂതിരിയുടെ നാട് മുസ്‌ലിം രാജ്യമെന്ന് തെറ്റിദ്ധരിച്ചായിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നുണ്ട്.

ഭരണത്തിലെ മുസ്‌ലിം സാന്നിധ്യമായിരുന്നു കാരണം. കോഴിക്കോട്ടെത്തിയപ്പോള്‍ തന്റ ധാരണ ശരിയല്ലെന്ന ബോധ്യപ്പെട്ട ഗാമ അവിടുത്തെ എല്ലാ മുസ്‌ലിംകളെയും നാടുകടത്താന്‍ സാമൂതിരിയോടാ വശ്യപ്പെട്ടു. അത് നിരസിക്കപ്പെടുകയാണുണ്ടായത്. ഈ സൗഹൃദങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചത് പോര്‍ച്ചുഗീസുകാരായിരുന്നു.

മുസ്‌ലിം കച്ചവട സംഘവും ഹജ്ജ് തീര്‍ഥാടകരും സഞ്ചരിച്ച കപ്പലുകള്‍ കത്തിച്ച് ചാമ്പലാക്കിയും യാത്രക്കാരെ പിടിച്ചു വലത്തെ കയ്യും ഇടത്തെ കാലും ഛേദിച്ചും കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും ജീവനുള്ള ശരീരത്തെ കൂറ്റന്‍ സ്രാവുകള്‍ക്കെറിഞ്ഞ് നല്‍കിയും ജീവനോടെ ചുട്ടെരിച്ചും ആനന്ദനൃത്തമാടിയ ഗാമയും സംഘവും മുസ്‌ലിം വിരോധം മറ്റുള്ളവരിലേക്കും സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലും അവര്‍ ഒന്നായിരുന്നു

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരള മണ്ണില്‍ നടന്ന ഐതിഹാസികമായ ചെറുത്ത് നില്‍പുകളില്‍ പഴശ്ശി കലാപങ്ങള്‍ വേറിട്ടു നിന്നു. 'കേരളസിംഹം' എന്നറിയപ്പെട്ടിരുന്ന കേരളവര്‍മ്മ പഴശ്ശിരാജ നടത്തിയ പോരാട്ടങ്ങള്‍ അവിസ്മരണീയമാണ്. വെള്ളക്കാരന്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച കൊളോണിയല്‍ സമവാക്യങ്ങള്‍ തിരുത്തിയെഴുതാനുള്ള ഒരു ജനതയുടെ ഇഛാശക്തിയില്‍ ഐക്യബലത്തിന്റെ കരുത്ത് നിഴലിച്ച് കാണാം. അതേ പഴശ്ശിയോടൊപ്പം മാപ്പിള നേതാക്കളായ ഉണ്ണി മൂസാ മൂപ്പനും ചെമ്പന്‍ പോക്കരും അത്തന്‍കുരിക്കളും പോരാട്ട വീഥിയിലെ സൗഹൃദതേജസ്വികളായിരുന്നു. വെള്ളപ്പട്ടാളത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ആത്മഹത്യയില്‍ പഴശ്ശി അഭയം തേടിയപ്പോള്‍ അവരോട് പോരാടി മാപ്പിള നേതാക്കള്‍ വീരമൃത്യു വരിക്കുകയാണുണ്ടായത്.

ബ്രിട്ടിഷ് അധിനിവേശത്തോടുള്ള അടങ്ങാത്ത സമരാവേശം മലബാറില്‍ വലിയ കലാപങ്ങള്‍ക്ക് കാരണമായി. അധികാര ദണ്ഡുകള്‍ പ്രഹരങ്ങളായി ജീവതത്തെ ദുസ്സഹമാക്കിയപ്പോള്‍ മുസ്‌ലിം സഹോദരങ്ങള്‍ക്ക് അഭയാര്‍ഥികളായി കൊടുങ്ങല്ലൂരിലേക്ക് പോകേണ്ടി വന്നു. എന്നാല്‍ അവിടുത്തെ ഭൂരിപക്ഷ സമുദായമായ ഹൈന്ദവര്‍ ഹൃദയപൂര്‍വമായ പിന്തുണയും സംരക്ഷണവും അവര്‍ക്ക് നല്‍കി. മുസ്‌ലിം നവോത്ഥാന നായകനായ കെ.എം മൗലവിയുടെ അനുഭവം അതിനൊരുദാഹരണമാണ്. മലബാറില്‍ നിന്ന് ഒരു സബ്ഇന്‍സ്‌പെക്ടറും സംഘവും കൊടുങ്ങല്ലൂരിലെത്തിയത്രെ! വിവരമറിഞ്ഞ പലരും പോലീസ് സ്‌റ്റേഷന്‍ പരിസരത്തെത്തി. സബ്ഇന്‍സ്‌പെക്ടറും സംഘവും അമ്പല നടക്കല്‍ നില്‍ക്കുന്നതായി കണ്ടു. ഉടനെ കെ. സി കുട്ടിക്കൃഷ്ണ മേനോന്‍ എന്നൊരാള്‍ ഇന്‍സ്‌പെക്ടറുടെ അടുത്ത് ചെന്നു. എന്താണ് നിങ്ങളുടെ ആഗമനോദേശമെന്ന് ചോദിച്ചു. ഒരാളെ തിരഞ്ഞ് വന്നതാണ,് അയാളെ ലഭിച്ചുവെന്നും പറഞ്ഞ ഇന്‍സ്‌പെക്ടറോട് അദ്ദേഹം ഇപ്രകാരം പറഞ്ഞുവത്രെ: 'നിങ്ങള്‍ തയ്യില്‍ മുഹമ്മദ് കുട്ടി മുസ്‌ല്യാരെ (കെ.എം മൗലവി) പിടികൂടാന്‍ വന്നതാണെന്നാണ് ഞങ്ങള്‍ കരുതിയത്. അദ്ദേഹം ഇവിടെയുണ്ട്. ഇവിടുത്തെ മുസ്‌ലിംകളുടെ മനോഗതി എന്തെന്നറിയില്ല. എന്നാല്‍ ഇവിടുത്തെ ഹിന്ദുക്കളുടെ ശവശരീത്തില്‍ ചവിട്ടിക്കൊണ്ടല്ലാതെ നിങ്ങള്‍ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല.'

വേഷവിധാനങ്ങളടക്കമുള്ള ജീവിതത്തിന്റ സൂക്ഷ്മ നിമിഷങ്ങളില്‍ പോലും ഇസ്‌ലാമിക മര്യാദകള്‍ പാലിക്കുന്ന  സാത്വികനായ ഒരു മുസ്‌ലിം പണ്ഡിതന് വേണ്ടി ജീവാര്‍പ്പണത്തിന് തയ്യാറായ ഹൈന്ദവ സഹോദരങ്ങളുടെ സാഹോദര്യ മനസ്സാണ് കേരളത്തിന്റ സാംസ്‌കാരിക പൈതൃകമെന്ന് ബോധ്യപ്പെടുത്തുന്ന ഇത്തരം ധാരാളം സംഭവങ്ങള്‍ കാണാനാകും.

സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലെ സഹകരണം

ജാതിവ്യവസ്ഥകളാല്‍ മലീമസമായിരുന്ന ഭൂരിപക്ഷ സാമുദായികക്രമവും നിരക്ഷരതയും അന്ധവിശ്വാസാനാചാരങ്ങളും കൊണ്ട് മുസ്‌ലിം സാമുദായിക നിലയും കേരളത്തിന് വലിയ പരീക്ഷണമായിരുന്നു. സമൂഹത്തെ സമുദ്ധരിക്കുന്നതിന് പണ്ഡിതരും നേതാക്കളും ഉല്‍പതിഷ്ണുക്കളും ത്യാഗപൂര്‍ണമായ പരിശ്രമങ്ങളിലേര്‍പ്പെട്ടുകൊണ്ടിരുന്നു. അവിടെയും സാഹോദര്യത്തിന്റെയും പരസ്പര ഗുണകാംക്ഷയുടെയും സേവന തല്‍പരതയുടെയും നിസ്തുലമായ മാതൃകയുണ്ട്. എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനും ഉത്ഥാനത്തിനും എല്ലാവരും ഒത്തൊരുമിച്ച് പ്രയത്‌നിച്ചു എന്നത് മലയാളികളുടെ മാത്രം പ്രത്യേകതയായിരിക്കാം.

1922ല്‍ മരണപ്പെട്ട ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍ മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ പ്രോജ്വലിക്കുന്ന വ്യക്തിത്വമാണ്. വിശ്വാസ, ആചാര, വിദ്യാഭ്യാസ രംഗങ്ങളില്‍ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച അദ്ദേഹം ബഹുസ്വര സമൂഹത്തില്‍ സ്വന്തം പ്രവര്‍ത്തന ശൈലി കണ്ടെത്തിയ കര്‍മയോഗിയായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും സി.പി രാജഗോപാലാചാരിയുമെല്ലാം ഹമദാനി തങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സഹകാരികളായി തിളങ്ങിനിന്നു.

വിദ്യാഭ്യാസ രംഗത്തെ ചടുലമായ പ്രവര്‍ത്തനങ്ങളിലൂടെ സമുദായത്തെ  ബൗദ്ധികമായി ഉയര്‍ത്തി കൊണ്ടുവരുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ അലിഗര്‍ സര്‍വകലാശാലയുടെ പ്രാധാന്യവും സേവനങ്ങളും തിരിച്ചറിഞ്ഞ ഹമദാനി തങ്ങള്‍ മലബാറിലും മുസ്‌ലിംകള്‍ക്കായി അതുപോലൊരു വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം വേണമെന്നാശിച്ചു. അദ്ദേഹത്തിന്റെജീവിതാഭിലാഷമായി അത് മനസ്സില്‍ കോറിയിട്ടു.

അദ്ദേഹത്തിന്റ ശ്രമഫലമായി കോളേജ് നിര്‍മിക്കുവാനായി ആലുവയില്‍ ദിവാന്‍ സി.പി രാജഗോപാലാചാരി എട്ട് ഏക്കര്‍ സ്ഥലം അനുവദിച്ച് പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി.

ഭാഷാപഠനത്തില്‍നിന്ന് പോലും പുറംതിരിഞ്ഞ് നിന്ന സമുദായത്തെ വിദ്യാസമ്പന്നതയില്‍ ഉത്തമ പൗരന്‍മാരാക്കുന്നതില്‍ ഹമദാനി തങ്ങള്‍ 1912ല്‍ രണ്ട് സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. ലജ്‌നത്തുല്‍ ഹമദാനി സഭയും ലജ്‌നത്തല്‍ ഇസ്‌ലാം സംഘവും. 1913ല്‍ അഴീക്കോട് ചേര്‍ന്ന ലജ്‌നത്തുല്‍ ഹമദാനിയയുടെ വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായിരുന്നുവെന്ന കാര്യം പ്രത്യേകം സ്മരണീയമാണ്.

1921ലെ മലബാര്‍ കലാപത്തിന്റ ഫലമായി ഹിന്ദു മുസ്‌ലിം ഭേദമില്ലാതെ സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധരുമെല്ലാം അതിന്റ കെടുതികള്‍ രുചിച്ചറിഞ്ഞു. പിന്നീട് കേരളത്തിലുണ്ടായ കര്‍ഷക സമരങ്ങള്‍ക്കും സാമൂഹ്യ നവോത്ഥാനത്തിനും മലബാര്‍ കലാപം പ്രേരണയും പ്രചോദനവുമായി. അന്ന് മലബാറിലെ മുസ്‌ലിം കര്‍ഷകര്‍ക്ക് രാഷ്ട്രീയ പ്രബുദ്ധത നേടിക്കൊടുത്തത് സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് ബൗദ്ധിക നേതൃത്വം നല്‍കിയ നാരായണ മേനോനും സുഹൃത്തുക്കളായ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാരും കെ.എം മൗലവിയുമായിരുന്നുവെന്ന് പ്രൊഫസര്‍ എം.പി എസ് മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവിതാംകൂറിന്റ തെക്കന്‍ ഭാഗങ്ങളില്‍ നവോത്ഥാനത്തിന്റെ തേര് തെളിയിച്ച വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന വക്കം മൗലവി ബഹുഭാഷാപണ്ഡിതനായിരുന്നു. ബഹുസ്വര സമൂഹത്തില്‍ ഒരു വിശ്വാസിയുടെ ധര്‍മമെന്തെന്ന് പ്രവര്‍ത്തനനിരതമായ ജീവിതം കൊണ്ട് ചരിതമെഴുതിയ മഹാ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ ധൈഷണിക സൗഹൃദത്തില്‍ ശ്രീനാരായണ ഗുരുവിനെ പോലുള്ളവരുണ്ടായിരുന്നു. ഈ സുഹൃദ് ബന്ധം മൗലവിയുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ആവേശവും ഉന്‍മേഷവും നല്‍കി.

സ്വദേശാഭിമാനവും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹവുമായി അക്ഷരങ്ങള്‍ ആയുധമാക്കി പോരാട്ട വീഥിയില്‍ അദ്ദേഹം ഇറങ്ങി.1905ല്‍ ആരംഭിച്ച സ്വദേശാഭിമാനി പത്രത്തിന്റ പത്രാധിപരായി രാമകൃഷ്ണപിള്ളയെ നിയമിച്ചതിലൂടെ സാഹോദര്യത്തിന്റെ ഉദാത്തമായ മാതൃക സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം.

സ്വദേശാഭിമാനവും സ്വാതന്ത്യതൃഷ്ണയുമുള്ള ഒരു ജനതയുടെ അഭിമാനത്തിന്റെ പ്രതീകമായി ലേഖനങ്ങളും മുഖപ്രസംഗങ്ങളുമായി 'സ്വദേശാഭിമാനി' പത്രം ഉണ്ടാക്കിയ കൊടുങ്കാറ്റില്‍ അധികാരസിംഹാസനങ്ങള്‍ ആടിയുലഞ്ഞു.

സവര്‍ണ ജന്‍മിമാരുടെ ക്രൂരതകള്‍ക്കിരയായ മാപ്പിള, കീഴാള കുടിയാന്‍മാരുടെ ദൈന്യതയില്‍ മനംനൊന്ത് 'കുടിയാന്‍ സങ്കട നിവാരണ സംഘം' രൂപീകരിച്ച് വിമോചനത്തിനായി പോരാടിയ എം.പി നാരായണ മേനോന്‍ കേരളത്തിന്റ മാനവ സാഹോദര്യ വര്‍ത്തമാനത്തില്‍ എടുത്ത് പറയേണ്ട നാമമാണ്. മാപ്പിളമാരുടെ ശക്തമായ പിന്തുണ ലഭിച്ച അദ്ദേഹം 'മാപ്പിള മേനോന്‍' എന്ന് പരിഹസിക്കപ്പെട്ടിരിന്നു.

പൗരത്വ ഭേദഗതി നിയമ കാലത്തും

രാജ്യത്തെ സാമൂഹിക ധ്രുവീകരണം ലക്ഷ്യമാക്കിയ ഫാഷിസ്റ്റ് ഭരണകൂടം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേരളം ചരിത്രം ആവര്‍ത്തിക്കുകയാണ്. ഒരേ ശബ്ദവും താളവും നല്‍കി പ്രതിഷേധത്തിന്റെ ജ്വാല തീര്‍ക്കുന്നവരില്‍ ഭരണപക്ഷവും പ്രതിപക്ഷവുമുണ്ട്. ഹിന്ദുവും മുസല്‍മാനും കൈസ്ര്തവനും മതമില്ലാത്തവനും എല്ലാമുണ്ട്. അഡ്വക്കറ്റ് ഹരീഷ് വാസുദേവ് മുതല്‍ രശ്മിത ചന്ദ്രന്‍ വരെയുള്ളവരുടെ ശക്തമായ മുന്നേറ്റമുണ്ട്.

കലാസാംസ്‌കാരിക മേഖലകളിലെ ഉന്നത വ്യക്തികളുണ്ട്. പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ചിന്തകര്‍, ചരിത്രകാരന്‍മാര്‍... എല്ലാവരും ഒരു മെയ്യായ് ഭരണഘടനാ സംരക്ഷണത്തിന് രംഗത്തിറങ്ങിയിരിക്കുന്നു. അപ്പോഴും കേരളീയ സംസ്‌കാരത്തിന് വിയോജിപ്പുള്ള പകയുടെ, അപക്വതയുടെ, ശത്രുതയുടെ ഹൃദയം പേറി അല്‍പന്‍മാര്‍ സാംസ്‌കാരികാപചയത്തിനായി ഇരുട്ടുകള്‍ തേടുന്നു.