പൗരത്വ സമരം: 'നുണമതില്‍' പണിയുന്നവരെ കരുതിയിരിക്കുക

നബീല്‍ പയ്യോളി

2020 മാര്‍ച്ച് 07 1441 റജബ് 12
പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ നിഷ്‌കാസനം ചെയ്യാന്‍ വഴിവിട്ട പ്രവര്‍ത്തനങ്ങളാണ് സംഘ്പരിവാര്‍ പ്രഭൃതികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജാതി-മത-ലിംഗ വ്യത്യാസമില്ലാതെ നീതിക്കായി തെരുവിലൊന്നിച്ചവരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും നുണകളുടെ വന്മതിലുകളാണ് അവര്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ഥ്യം ചെറുത്തുനില്‍പുകള്‍ക്കിടയില്‍ നാം കാണാതെ പോകരുത്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങള്‍ ശക്തമായി തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബഹുജനപ്രക്ഷോഭങ്ങള്‍ നിലയ്ക്കാതെ മുന്നോട്ട് പോകുന്നു. കലാലയങ്ങളില്‍ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ അന്യവല്‍ക്കരിക്കാം എന്ന സംഘ്പരിവാര്‍ അജണ്ടയെ തകിടംമറിക്കുന്ന രീതിയില്‍; നിയമത്തെ അനുകൂലിക്കുന്ന സംഘ്പരിവാറും എതിര്‍ക്കുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ഇന്ത്യയെന്ന മഹാരാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരിക്കലും ഈ കരിനിയമത്തെ അനുകൂലിക്കുക സാധ്യമല്ല എന്ന വസ്തുത ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. നമ്മുടെ പൂര്‍വികര്‍ ജീവന്‍ ബലിനല്‍കി പടുത്തുയര്‍ത്തിയ ഈ മഹാരാജ്യത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കല്‍ ആത്മഹത്യാപരമാണ് എന്ന് എല്ലാവരും തിരിച്ചറിഞ്ഞു. നിയമത്തെ എതിര്‍ക്കാതെ മൗനം പാലിക്കല്‍ പോലും വലിയ അപരാധമാണെന്നുമുള്ള തിരിച്ചറിവുകള്‍ പ്രക്ഷേഭങ്ങളിലെ ജന പങ്കാളിത്തവും അതിന്റെ രൂപവും വിളിച്ചുപറയുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ പ്രതിഷേധങ്ങളില്‍ പങ്കാളികളാകുന്നു. രാജ്യസഭയിയും ലോക്‌സഭയിലും ഈ നിയമത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ച എന്‍.ഡി.എ ഘടകകക്ഷികള്‍ പലതും എതിര്‍പ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ നിയമം നടപ്പാക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ വരെ എത്തിനില്‍ക്കുന്നു പ്രതിഷേധങ്ങള്‍.

സംഘ്പരിവാര്‍ ശക്തികള്‍ കാലങ്ങളായി സ്വപ്‌നം കാണുകയും പരിശ്രമിക്കുകയും ചെയ്ത ഹിന്ദുത്വ രാഷ്ട്രം എന്നത് ഒരു ദിവാസ്വപ്‌നം മാത്രമാണെന്നും അത് നടപ്പിലാക്കാതിരിക്കാന്‍ ഇന്ത്യയിലെ ഭൂരിപക്ഷം ഹൈന്ദവ വിശ്വാസികള്‍ തന്നെയാണ് പ്രതിരോധം തീര്‍ക്കുകയെന്നും സംഘ്പരിവാറിനെ ബോധ്യപ്പെടുത്തുന്നത് കൂടിയാണ് ഈ പ്രതിഷേധങ്ങള്‍. പ്രക്ഷോഭങ്ങളെ ഒരിക്കലും അന്യവല്‍ക്കരിക്കാനോ ആരെയെങ്കിലും ഒറ്റപ്പെടുത്തി ആക്രമിക്കാനോ ഇടംനല്‍കാത്ത വിധം പക്വമായാണ് ഇന്ത്യന്‍ ജനത ഓരോ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചത്. പ്രകോപനപരമായ പ്രസ്താവനകള്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നിരന്തരം നടത്തിയിട്ടും അതില്‍ വീഴാതെ അത്തരം നീക്കങ്ങളെ സര്‍ഗാത്മകമായി നേരിടാന്‍ രാജ്യത്തെ ജനത തയ്യാറായി. അക്രമങ്ങളും പ്രകോപനങ്ങളുമല്ല ജനാധിപത്യ സമരങ്ങളും ഗാന്ധിയന്‍ സമരമാര്‍ഗങ്ങളും ആണ് രാജ്യത്തെ വീണ്ടെടുക്കാന്‍ ആവശ്യം എന്ന ഉറച്ച ബോധ്യം വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉണ്ടായിട്ടുണ്ട്. അത് തുടക്കം മുതല്‍ പാലിക്കാനും കൂടെയുള്ളവരെ ബോധ്യപ്പെടുത്താനും ഓരോരുത്തരും ജാഗ്രത കാണിച്ചിട്ടുമുണ്ട്. ഇത് ഏതെങ്കിലും മതവിഭാഗത്തെ മാറ്റിനിര്‍ത്തുന്നു എന്നതിനെതിരെയുള്ള പ്രക്ഷോഭമല്ല; മറിച്ച് രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കുന്നതിനെതിരെയുള്ളതാണ്. അവിടെ ജാതി, മത, വര്‍ഗ വര്‍ണ, ഭാഷ, വേഷ, രാഷ്ട്രീയ വൈവിധ്യങ്ങള്‍ക്ക് സ്ഥാനമില്ല. ഇന്ത്യയെന്ന വികാരത്തില്‍ കോര്‍ത്തിണക്കിയ മനസ്സുകള്‍ ദേശീയ പതാകയേന്തി പ്രതിഷേധങ്ങള്‍ക്ക് കരുത്ത് പകരുകയാണ്. പ്രക്ഷോഭകാരികളുടെ വൈവിധ്യങ്ങളെ തിരിച്ചറിയാന്‍ പറ്റാത്തവിധം ഒരേകൊടിയും ഒരേമുദ്രാവാക്യവുമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് സംഘ്പരിവാര്‍ കേന്ദ്രങ്ങളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് ഏതെങ്കിലും നിറംനല്‍കാന്‍ സാധ്യമാണെങ്കില്‍ അത് ത്രിവര്‍ണമാണ് എന്നത് രാജ്യം വിളിച്ചുപറയുന്നു. അതിനപ്പുറമുള്ള നീക്കങ്ങള്‍ക്ക് ഞങ്ങളുടെ മനസ്സില്‍ ഇടമില്ലെന്ന പ്രഖ്യാപനമാണ് പ്രക്ഷോഭങ്ങളില്‍ ഉയരുന്നത്. അതുകൊണ്ട് തന്നെയാണ് നിരന്തരം കളവുകള്‍ പറയാനും പ്രചരിപ്പിക്കാനും സംഘ്പരിവാര്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഈ നിലപാടിന് ശക്തിപകരുന്നതായിരുന്നു. വിദ്യാര്‍ഥികള്‍ തന്നെ പ്രക്ഷോഭങ്ങള്‍ നയിക്കട്ടെ. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭങ്ങളുടെ നേതൃത്വം ഏറ്റെടുക്കേണ്ടതില്ല. ആര്‍ക്കും അണിചേരാവുന്ന വിധം പ്രതിഷേധങ്ങള്‍ ജനകീയമാകണം എന്ന നിലപാട് സംഘ്പരിവാര്‍ ശക്തികളുടെ വര്‍ഗീയ അജണ്ടകള്‍ക്ക് വലിയ തിരിച്ചടി തന്നെയാണ്. ഡിസംബര്‍ മാസം ആദ്യവാരം മുതല്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ അണയാതെ കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുന്നത് രാജ്യം മുഴുവന്‍ സ്വീകരിച്ച ഈ പക്വമായ നിലപാടിന്റെ ഫലമാണ്. സംസ്ഥാന മുഖ്യമന്ത്രിമാരും പാര്‍ലമെന്റ,് നിയമസഭാ അംഗങ്ങളും അടക്കമുള്ളവര്‍ പ്രക്ഷോഭങ്ങളില്‍ അണിനിരക്കുമ്പോഴും അത് രാഷ്ട്രീയ ലഷ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുത് എന്ന ജാഗ്രത കാണിച്ചിക്കുന്നുണ്ട്.

ഈ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ കുതന്ത്രങ്ങള്‍ മെനയുകയാണ് സംഘ്പരിവാര്‍ പാളയം. വ്യാജവാര്‍ത്തകളും കളവുകളും നിര്‍മിക്കുന്ന തിരക്കിലാണവര്‍. എന്നാല്‍ കണ്ണും കാതും കൂര്‍പ്പിച്ച് ഈ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ജാഗ്രത ഇന്ത്യക്കാര്‍ കാണിക്കുന്നത് അവരുടെ പദ്ധതികളെ തകര്‍ത്തു കളയുന്നു. അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സാധ്യമല്ലെന്ന് യോഗി അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കള്‍ മനസ്സിലാക്കിയിട്ടുണ്ട്. വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകാന്‍ ഇന്ത്യന്‍ മണ്ണില്‍ ഇടമില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ട് കാണും. ജനിച്ച മണ്ണില്‍ ജീവിക്കാനും സമാധാനം പുലരാനും ആഗ്രഹിക്കാത്തവരുമായി ആരാണുണ്ടാവുക? വിദ്വേഷം കുത്തിനിറച്ച മനസ്സുകള്‍ക്ക് സമാധാനം അന്യമായിരിക്കും. ഭയവും ആകുലതയും എന്നും അവരെ വേട്ടയാടിക്കൊണ്ടിരിക്കും. അത് ജീവിതത്തിന്റെ താളം തെറ്റിക്കും. ഈ ബോധ്യങ്ങളാണ് ജാഗ്രതയോടെ നീങ്ങാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

മുന്‍ സുപ്രീം കോടതി ജഡ്ജിമാരും അഭിഭാഷകരും സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരും തുടങ്ങി ബ്യുറോക്രസിയുടെ ഭാഗമായിരുന്നവര്‍ പോലും ശക്തമായ നിലപാടുകളുമായി സമരരംഗത്തുണ്ട്. അത് നല്‍കുന്ന പ്രതീക്ഷയും ആത്മവിശ്വാസവും തെല്ലൊന്നുമല്ല. രാജ്യത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിടാന്‍ നിയമപോരാട്ടങ്ങളും ശക്തമായി തുടരുകയാണ്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു നിയമപോരാട്ടങ്ങളെ നീട്ടിക്കൊണ്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ അടക്കം ഈ നിലപാടുകളെ ചോദ്യം ചെയ്യുന്നു നമ്മുടെ ജനപ്രതിനിധികള്‍. ഇന്ദ്രപ്രസ്ഥത്തെ ഇളക്കിമറിക്കുന്ന പ്രക്ഷോഭങ്ങളുടെ നാളുകളാണ് ഇനി വരാനിരിക്കുന്നത്.

ശക്തമായ ഈ സമരത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ട സംഘ്പരിവാര്‍ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് വേളയില്‍ ആയുധമാക്കിയത് ഷഹിന്‍ ബാഗിലെ പ്രക്ഷോഭത്തെയാണ്. നൂറുകണക്കിന് അമ്മമാര്‍ മത,ജാതി,വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെ സമരം ചെയ്തുകൊണ്ടിരിക്കുന്നു. അവര്‍ക്ക് ലഭിക്കുന്ന പിന്തുണയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷഹീന്‍ ബാഗുകള്‍ ഉയര്‍ന്ന് വരുന്നതും കേന്ദ്രസര്‍ക്കാരിന് കടുത്തതലവേദനയാണ്. ആ സമരങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ തങ്ങളുടെ മുഖത്തേല്‍ക്കുന്ന അടിയാണെന്ന് അവര്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഡല്‍ഹിയിലെ ക്യാമ്പസുകളിലും ഷഹീന്‍ ബാഗിലും വെടിയുതിര്‍ക്കാന്‍ സംഘ്പരിവാരങ്ങളെ അവര്‍ പറഞ്ഞയക്കുന്നത്. പ്രതിഷേധങ്ങളില്‍ കടന്നുകൂടി പാക്ക് അനുകൂല മുദ്രാവാക്യം വിളിക്കുകയും അത് ഒളിക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്ത യുവതിയെ സമരരംഗത്തുള്ള സ്ത്രീകള്‍ തന്നെ കയ്യോടെ പിടികൂടിയതും നാം കണ്ടു. അത്ര ജാഗരൂകരാണവര്‍.

ഈ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇൗയിടെ പ്രധാനമന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസംഗം. 'കേരളത്തിന്റെ മുഖ്യമന്ത്രി വരെ പറയുന്നു ഈ പ്രക്ഷോഭങ്ങളില്‍ തീവ്ര ചിന്താഗതിക്കാരുടെ സാന്നിധ്യം ഉണ്ടെന്ന്. കേരളത്തില്‍ അങ്ങനെ സംഭവിക്കുന്നു എങ്കില്‍ ഡല്‍ഹിയില്‍ അതെങ്ങനെ അനുവദിക്കാന്‍ സാധിക്കും' എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഈ പ്രസ്താവന അദ്ദേഹം നടത്തിയത് എന്നത് വ്യക്തം. രാജ്യത്ത് ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദം ആരോപിച്ച് പ്രക്ഷോഭങ്ങളെ കെടുത്തിക്കളയാം എന്നായിരിക്കും അദ്ദേഹം കണക്ക് കൂട്ടുന്നത്. അത് രാജ്യം അവജ്ഞയോടെ തള്ളിക്കളയും എന്ന് തീര്‍ച്ച. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ സ്വീകരിച്ച മൗനം സംഘ്പരിവാരങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കി എന്നത് വസ്തുതയാണ്. എന്നാല്‍ 2019 ഡിസംബര്‍ 9,10 ദിവസങ്ങള്‍ ആ മൗനത്തിന്റെ അവസാന ദിവസങ്ങളായിരുന്നു. ഇനി ഞങ്ങള്‍ ശബ്ദിച്ചുകൊണ്ടേയിരിക്കും, ചോദ്യശരങ്ങള്‍ നിങ്ങള്‍ക്ക് നേരെ എയ്തുകൊണ്ടേയിരിക്കും. മൗനികളായിരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന് രാജ്യസ്‌നേഹികള്‍ മുഴുവന്‍ ഉറപ്പിച്ച് പറയുന്നു.

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി സമരരംഗത്തുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് മുഴുവന്‍ സംഘടനകളും ഒരേവേദിയില്‍ അണിനിരന്നപ്പോള്‍ അവിടെ ഒരിക്കലും തീവ്ര നിലപാടുകാരുടെ സാന്നിധ്യം കണ്ടില്ല. അവര്‍ക്കെതിരെയുള്ള നിലപാടില്‍ മുസ്‌ലിം സമൂഹം ഒരിക്കലും വെള്ളം ചേര്‍ത്തിട്ടില്ല എന്നതല്ലേ യാഥാര്‍ഥ്യം? മുസ്‌ലിം സമൂഹം ഒന്നിച്ച് നടത്തിയ വമ്പിച്ച പ്രക്ഷോഭമാണ് എറണാകുളത്ത് നടന്നത്. ലക്ഷങ്ങള്‍ അണിനിരന്ന പ്രസ്തുത സമരം രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതായി മാറി. ദേശീയ നേതാക്കള്‍ വരെ ആ സമരത്തെയും സംഘാടകരെയും അഭിനന്ദിച്ചു.

തീവ്രനിലപാടുകള്‍ക്ക് തങ്ങള്‍ക്കിടയില്‍ ഇടമില്ലെന്ന് പ്രഖ്യാപിച്ചവരാണ് എന്നും മുസ്‌ലിം സമൂഹം. ആ നിലപാട് കാലങ്ങളായി കാത്തുസൂക്ഷിച്ച് പോരുന്നതുമാണ്. ബാബരി മസ്ജിദ് ധ്വംസനം നടന്നപ്പോഴും ഉന്തരേന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായപ്പോഴും ശരീഅത്ത് വിവാദ കാലത്തുമൊക്കെ വിഷയങ്ങളെ പക്വമായി സമീപിച്ചും വര്‍ഗീയധ്രുവീകരണവും സാമുദായിക സ്പര്‍ധയും ഉണ്ടാകാനുള്ള സാഹചര്യങ്ങളെ മനഃപൂര്‍വം ഇല്ലാതാക്കിയുമാണ് മുസ്‌ലിം സമൂഹം മുന്നോട്ട് പോയത്. ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി വന്നപ്പോഴും പക്വമായി മാത്രമാണ് മുസ്‌ലിം സമൂഹം പ്രതികരിച്ചത്. നാട്ടില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കണം എന്ന നിര്‍ബന്ധം സമുദായത്തിന് എന്നുമുണ്ട്. അതുകൊണ്ട് തന്നെയാണ് വര്‍ഗീയ ശക്തികള്‍ക്കും അവരുടെ കുതന്ത്രങ്ങള്‍ക്കും കേരളമണ്ണില്‍ വേരോട്ടമില്ലാതെ പോയത്. ഇത്തരം ശക്തികളുടെ ഇടപെടലുകള്‍ക്ക് പ്രതിരോധം തീര്‍ത്തത് മുസ്‌ലിം സമുദായം തന്നെയാണ്. അതുകൊണ്ട് കേരളം ഉത്തരേന്ത്യയില്‍ നിന്നും എന്നും വേറിട്ട് നില്‍ക്കുന്നു. രാജ്യത്തിന് തന്നെ മാതൃകയായി രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയിലും ഭരണതലങ്ങളിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് സാധിച്ചിട്ടുണ്ട്. യുവത്വത്തെ വൈകാരികമായി ഇളക്കിവിട്ട് വര്‍ഗീയ, തീവ്രവാദ ചിന്തകളുമായി ചിലര്‍ രംഗത്ത് വന്നപ്പോള്‍ കേരളത്തിലെ മുസ്‌ലിം യുവത ഒരുമിച്ചുനിന്ന് ചെറുത്ത് അതിനെ തോല്‍പിച്ച ചരിത്രമാണുള്ളത്. സംഘ്പരിവാര്‍ ശക്തികള്‍ക്ക് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഒരു അപരന്‍ അനിവാര്യമാണ്. പരസ്പരം പാലൂട്ടുന്ന ഈ വിഷസര്‍പ്പങ്ങളെ മലയാളികള്‍ എന്നേ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത്തരക്കാരെ രാഷ്ട്രീയ ലക്ഷങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചുവരുന്നു എന്നതാണ് ഖേദകരം.

രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും മതേതരത്വവും മുറിവേല്‍ക്കാതെ കാത്തുസൂക്ഷിക്കാന്‍ കേരള മുസ്‌ലിംസമൂഹം കാണിച്ച ജാഗ്രത ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ടതാണ്. ഇതാണ് വസ്തുത എന്നിരിക്കെ വര്‍ഗീയ, തീവ്രവാദ ധാരക്ക് വളമേകുന്ന പ്രസ്താവനകള്‍ ആരില്‍ നിന്നും ഉണ്ടായിക്കൂടാ; അതും തക്കംപാര്‍ത്തിരിക്കുന്ന സംഘ്പരിവാര്‍ സര്‍ക്കാര്‍ രാജ്യം ഭരിക്കുമ്പോള്‍. പൗരത്വ പ്രക്ഷോഭങ്ങളില്‍ രാഷ്ട്രീയലാഭം പാടില്ലെന്ന നിലപാടെടുക്കുകയും അത് പാലിക്കുകയും ചെയ്യേണ്ട സമയത്ത് കേവലം രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി അപക്വമായ പ്രസ്താവനകള്‍ നടത്തുന്നത് വലിയ പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കും. കേരളത്തിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന വസ്തുതാപരമായ പ്രസ്താവനകള്‍ പോലും ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ ദുരുപയോഗം ചെയ്‌തേക്കാനുള്ള സാഹചര്യം ഉള്ളപ്പോള്‍ തെളിവില്ലാത്ത കാര്യങ്ങളില്‍ പ്രസ്താവന നടത്തുന്നത് ഒട്ടും അഭികാമ്യമല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഗീയതയുടെ വിത്ത് പാകി മുളപ്പിച്ചാണ് എന്നും സംഘ്പരിവാര്‍ അധികാരത്തിന്റെ സോപാനങ്ങള്‍ കയ്യടക്കിയത്. ഇത് തിരിച്ചറിയാതെ പോകരുത്. പ്രസ്താവനകളും മുദ്രാവാക്യങ്ങളും രാഷ്ട്രീയമായി ഉപയോഗിക്കാനും ഈ സമരത്തെ തകര്‍ക്കാനും സംഘ്പരിവാര്‍ തക്കം പാര്‍ത്തിരിക്കുകയാണ്. അതിനാല്‍ അതീവ ജാഗ്രതയോടെയാണ് നാം മുന്നോട്ട് പോകേണ്ടത്. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണയോ വിഭാഗീയതയോ ഉണ്ടാക്കാവുന്ന ഇടപെടലുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചെങ്കില്‍ മാത്രമെ ഈ പ്രക്ഷോഭത്തില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. തിന്മയെ അതേ നാണയത്തില്‍ തിരിച്ചടിച്ച് തോല്‍പിക്കാം എന്നത് മൗഢ്യമാണ്. നന്മകൊണ്ട് മാത്രമെ തിന്മയെ പിപാടനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ആ തിരിച്ചറില്‍ നിന്നാണ് മുസ്‌ലിം സമൂഹം എന്നും നിലപാടുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. അതില്‍ ഏതെങ്കിലും ഘട്ടത്തില്‍ വെള്ളം ചേര്‍ക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ല. ആരുടെ മുന്നിലും അഭിമാനത്തോടെ അത് പറയാന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കും. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരന്മാരുടെ പിന്‍ഗാമികളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി ഭയപ്പെടുത്താം എന്ന ചിന്ത മൗഢ്യമാണെന്ന് വിനയത്തോടെ ഓര്‍മപ്പെടുത്തട്ടെ.