നിത്യപ്രസക്തം, ഈ നീതി സൂക്തം

ഡോ.സബീല്‍ പട്ടാമ്പി

2020 മെയ് 09 1441 റമദാന്‍ 16
ലോകത്തിലെ ഏറ്റവും വലിയ നിയമവിദ്യാലയങ്ങളിലൊന്നായ അമേരിക്കയിലെ മസാച്യുസെറ്റ്‌സിലുള്ള ഹാര്‍വാര്‍ഡ് ലോ കോളേജ് ലൈബ്രറിയുടെ മുഖ്യകവാടത്തില്‍ കൊത്തിവെക്കാന്‍ വേണ്ടി ജനങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച മൂന്ന് നീതിവാക്യങ്ങള്‍ കണ്ടെത്താനായി ഒരു മത്സരം സംഘടിപ്പിക്കപ്പെടുകയുണ്ടായി. അതില്‍ ഒന്നാമതായി തെരഞ്ഞെടുത്തത് വിശുദ്ധ ക്വുര്‍ആനിലെ നാലാം അധ്യായമായ സൂറത്തുന്നിസാഇലെ 135ാം ആയത്താണ്. ലോകപ്രശസ്തരായ നിയമജ്ഞര്‍ പഠിച്ചിറങ്ങിയ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കാന്‍ മാത്രം എന്താണ് ആ വചനവചനത്തിന് പ്രത്യേകത. നീതിയോടുള്ള ക്വുര്‍ആനിന്റെ നിലപാടെന്താണ്?

അമേരിക്കയിലെ നിയമവിദ്യാലയങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പുള്ള സ്ഥാപനമാണ് Massachusettsല്‍ ഉള്ള വിഖ്യാതമായ 'ഹാര്‍വാര്‍ഡ് ലോ കോളേജ്.' 1817ല്‍ സ്ഥാപിതമായ ഇത് അമേരിക്കയിലെ ഏറ്റവും പഴയ നിയമ വിദ്യാലയമാണ്. ലോകാടിസ്ഥാനത്തില്‍ തന്നെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള തലയെടുപ്പുള്ള നിയമവിദ്യാലയം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും മറ്റു പല അമേരിക്കന്‍ പാര്‍ലിമെന്റ് അംഗങ്ങളും ഇവിടുത്തെ മുന്‍കാല വിദ്യാര്‍ഥികളാണ്. കൂടാതെ പല ലോക രാജ്യങ്ങളുടെയും പരമോന്നത നീതിപീഠത്തിലെ ജഡ്ജിമാരും ഹാര്‍വാഡിലെ മുന്‍കാല നിയമ വിദ്യാര്‍ഥികളാണെന്നതും ശ്രദ്ധേയമാണ്.

ഈ ഹാര്‍വാര്‍ഡ് ലോ കോളേജ് ലൈബ്രറിയുടെ മുഖ്യകവാടത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു ബോര്‍ഡ് സ്ഥാപിക്കപ്പെട്ടു. ഈ ബോര്‍ഡില്‍ അവര്‍ പ്രസിദ്ധപ്പെടുത്തിയത് ലോകത്തിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നിയമ വാക്യങ്ങളാണ്. നിയമ പുസ്തകങ്ങളുടെ ലോകത്തെ ഏറ്റവും വലിയ കലവറ എന്ന നിലയ്ക്ക് പേരുകേട്ടതാണ് ഹാര്‍വാര്‍ഡ് ലോ കോളേജ് ലൈബ്രറി. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള നിയമവിചക്ഷണര്‍ ഈ ലൈബ്രറിയില്‍ വരാറുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ലൈബ്രറിയുടെ മുഖ്യകവാടത്തില്‍ കൊത്തിവെക്കേണ്ട വാക്യങ്ങള്‍ സശ്രദ്ധം പരിശോധിച്ച് ഏറ്റവും നല്ലതാണെന്ന് തോന്നുന്ന മൂന്നു വാക്യങ്ങള്‍ മാത്രമെ കൊത്തിവെക്കാവൂ എന്നതായിരുന്നു ലൈബ്രറി കമ്മിറ്റിയുടെ തീരുമാനം.

ഈ 3 ഉദ്ധരണികള്‍ തെരഞ്ഞെടുക്കുവാനായി അവര്‍ ഒരു മത്സരം നടത്തുകയാണു ചെയ്തത്. ക്രിസ്തുവിനു 600 വര്‍ഷം മുമ്പ് (ബി.സി. 600) മുതല്‍ ഇന്നുവരെ ഉണ്ടായതില്‍ ഏറ്റവും മനോഹരമായ 3 'നീതി വാക്യങ്ങള്‍' ഏതൊക്കെ എന്ന് കണ്ടെത്താനായിരുന്നു മത്സരം. ഈ മത്സരത്തില്‍ നിയമ വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം പങ്കെടുത്തു. മത്സരാര്‍ഥികള്‍ അവര്‍ക്ക് നല്ലതെന്ന് തോന്നിയ പല നിയമ വാക്യങ്ങളും പാനലിനു മുന്നില്‍ രേഖാമൂലം സമര്‍പ്പിച്ചു. ഏകദേശം 150 വാക്യങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. മത്സരത്തിന്റെ അവസാനം പാനല്‍ ഏറ്റവും ശ്രദ്ധേയമായ 3 വാക്യങ്ങള്‍ തെരഞ്ഞെടുത്തു. അതില്‍ ഒന്ന് വിശുദ്ധ കുര്‍ആനിലെ ഒരു വചനമായിരുന്നു. ആ കുര്‍ആന്‍ വചനം ഇതാണ്:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ടു വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതിപാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു'' (സൂറുന്നിസാഅ്: 135).

 ഈ കുര്‍ആന്‍ വചനത്തോടൊപ്പം തെരഞ്ഞെടുത്ത മറ്റു രണ്ട് ഉദ്ധരണികളില്‍ ഒന്ന് നാലാം നൂറ്റാണ്ടില്‍ ജീവിച്ച Augustine of Hippoയുടെ ഒരു വചനവും മറ്റൊന്ന് പതിമൂന്നാം നൂറ്റാണ്ടില്‍ ബ്രിട്ടണില്‍ ജീവിച്ചിരുന്ന ജോണ്‍ രാജാവ് എഴുതിയ നിയമ സംഹിതയായ Magna Cartaയില്‍ നിന്നുള്ള ഒരു ഉദ്ധരണിയുമാണ്.

ഈ കുര്‍ആന്‍ വാക്യം (4:135) ഇന്ന് ഹാര്‍വാര്‍ഡ് ലൈബ്രറിയുടെ മുഖ്യകവാടത്തില്‍ അഭിമാനത്തോടെ നില്‍ക്കുന്നത് കാണാം. എന്തുകൊണ്ടാണ് ഈ കുര്‍ആന്‍ വചനവും ഒപ്പം മറ്റു രണ്ട് വചനങ്ങളും തെരഞ്ഞെടുത്തതെന്ന് അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

''ഞങ്ങള്‍ തെരഞ്ഞെടുത്ത ഈ മൂന്ന് വാക്യങ്ങളും എല്ലാ കാലത്തേക്കും എല്ലാ ജനങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റിയ നിയമ വാക്യങ്ങളാണ്.''

അതെ, ഈ കുര്‍ആന്‍ വാക്യം മനുഷ്യന്റെ നീതിബോധത്തിന്റെ ആഗ്രഹത്തിനുള്ള ഉത്തരമാണ്. എല്ലാ മനുഷ്യരും നീതികിട്ടണമെന്നും നീതി വിജയിക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. അതിനുള്ള ഉത്തരമാണ് ഈ കുര്‍ആന്‍ വചനം. ഇതില്‍ പറയുന്ന കാര്യങ്ങള്‍ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:

(1) നിങ്ങള്‍ നീതിക്കുവേണ്ടി നില കൊള്ളുന്നവരാകുക.

(2) നീതിക്കുവേണ്ടി നിലകൊണ്ടാല്‍ ഒരു പക്ഷേ, അത് നിങ്ങള്‍ക്ക് തന്നെയോ നിങ്ങളുടെ കുടുംബങ്ങള്‍ക്കോ എതിരായേക്കാം. എങ്കിലും നീതിയോടൊപ്പം, നീതിക്ക് വേണ്ടിയായിരിക്കണം നിങ്ങള്‍ നില കൊള്ളേണ്ടത്.

(3) കക്ഷി ധനികനോ ദരിദ്രനോ ആയിരിക്കട്ടെ, അത് നീതി പാലിക്കുന്ന കാര്യത്തില്‍ നിങ്ങളെ സ്വാധീനിക്കരുത്. ധനികന് ഒരു നിയമവും ദരിദ്രനു മറ്റൊരു നിയമവും ആയിരിക്കരുത് എന്ന് സാരം. നിയമത്തിനു മുന്നില്‍ ധനികരും ദരിദ്രരും തുല്യരായിരിക്കണം.

(4) നിങ്ങള്‍ നീതിപാലിക്കാതെ തന്നിഷ്ടങ്ങള്‍ പിന്‍പറ്റരുത്.

(5) സാക്ഷ്യം പറയുമ്പോള്‍ കാര്യങ്ങള്‍ വളച്ചൊടിക്കരുത്. (കള്ളസാക്ഷ്യം പറയല്‍ വന്‍പാപങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണെന്ന് ഒരു ഹദീഥില്‍ വന്നിട്ടുണ്ട്).

കുറഞ്ഞ വാക്കുകളില്‍ കനംകൂടിയ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന, എല്ലാ കാലത്തേക്കും എല്ലാവര്‍ക്കും പ്രായോഗികവും സ്വീകാര്യവുമായ നീതിന്യായ ചിന്തകള്‍ ധ്വനിപ്പിക്കുന്ന ഒരു വചനമാണിത്. ഇത് തന്നെയാണ് ഹാര്‍വാര്‍ഡ് അധികൃതരെ ഈ കുര്‍ആന്‍ വചനം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച ഘടകം.

ഈ വചനം നബി ﷺ യും സ്വഹാബികളും കേവലമായി പാരായണം ചെയ്യുകയല്ല ചെയ്തത്, മറിച്ച് അവര്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിക്കുകയായിരുന്നു. നബി ﷺ യില്‍ നിന്ന് ഇങ്ങനെ ഒരു സംഭവം ഉദ്ധരിക്കപ്പെട്ടത് കാണാം:

''ഒരിക്കല്‍ ഒരു ക്വുറൈശി സ്ത്രീ മോഷ്ടിച്ചതിന്റെ പേരില്‍ നബി ﷺ യുടെ അടുക്കല്‍ ഹാജരാക്കപ്പെട്ടു. ചിലര്‍ ഈ സ്ത്രീക്ക് വേണ്ടി നബിയുടെ അടുക്കല്‍ ശുപാര്‍ശ പറയാന്‍ വന്നു. അപ്പോള്‍ നബി ﷺ  ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു: 'നിങ്ങള്‍ക്ക് മുമ്പുള്ള സമുദായങ്ങള്‍ നശിച്ചുപോകാന്‍ കാരണം, അവരില്‍ ഉന്നത കുലജാതരായവര്‍ കുറ്റം ചെയ്താല്‍ അവരെ ശിക്ഷിക്കാതെ വിടുകയും താഴ്ന്നവര്‍ കുറ്റം ചെയ്താല്‍ അവരെ ശിക്ഷിക്കുകയും ചെയ്യുന്ന രീതിയായിരുന്നു. അല്ലാഹുവാണ സത്യം, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണു മോഷ്ടിച്ചതെങ്കില്‍ പോലും ഞാന്‍ അവളുടെ കൈകള്‍ ഛേദിക്കുക തന്നെ ചെയ്യും'' (മുസ്‌ലിം, കിതാബുല്‍ ഹുദൂദ്).

മുഹമ്മദ് നബി ﷺ  നീതിയുടെ കാവലാള്‍: അമേരിക്കന്‍ പരമോന്നത കോടതി

അമേരിക്കയുടെ പരമോന്നത കോടതി സ്ഥിതിചെയ്യുന്നത് Washington D.Cയില്‍ ആണ്. ഈ കോടതികെട്ടിടം പണികഴിപ്പിച്ചത് 1935ല്‍ ആയിരുന്നു. കോടതി കെട്ടിടത്തിനകത്ത് നിരവധി കൊത്തു പണികള്‍ ഉണ്ട്. കോടതിയുടെ പ്രധാന ഹാളില്‍ എതിര്‍ ദിശയിലുള്ള രണ്ട് ചുമരുകളിലായി 18 പേരുടെ രൂപം കൊത്തിവെച്ചത് കാണാം. പുരാതനകാലം മുതല്‍ ഇന്നുവരെ ലോകത്തിനു നിയമരംഗത്ത് സംഭാവനകള്‍ നല്‍കിയ നിയമജ്ഞരോടുള്ള ആദരവ് എന്നോണമാണ് അവരുടെ രൂപങ്ങള്‍ കൊത്തി വെച്ചിരിക്കുന്നത്. അതില്‍ പുരാതന ബാബിലോണിലെ നിയമജ്ഞനായ ഹമുറാബി മുതല്‍ കണ്‍ഫ്യൂഷ്യസ്, ബൈബിളിലെ മോശെ, സോളമന്‍, 13ാം നൂറ്റാണ്ടില്‍ ബ്രിട്ടണില്‍ ജീവിച്ച ജോണ്‍ രാജാവ്, 16ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ച നെപ്പോളിയന്‍ വരെയുള്ളവരുടെ രൂപങ്ങള്‍ കൊത്തി വെച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മുഹമ്മദ് നബിയുടെതെന്ന പേരില്‍(?) ഒരു രൂപവും കൊത്തിവെച്ചിട്ടുണ്ട്.

1997ല്‍ 'കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്' (CAIR) എന്ന മുസ്‌ലിം സംഘടന മുഹമ്മദ് നബിയുടെതന്ന പേരില്‍ സുപ്രീം കോടതി ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന രൂപം നീക്കം ചെയ്യണം എന്ന ആവശ്യം കോടതിയില്‍ ഉന്നയിച്ചു. അവര്‍ അതിനു കോടതിയില്‍ ഉന്നയിച്ച കാരണങ്ങള്‍ ഇവയായിരുന്നു:

(1) ഇസ്‌ലാം ജീവനുള്ളതിന്റെ വിഗ്രഹം ഉണ്ടാക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നില്ല. അത് വിഗ്രഹാരാധനയുടെ ഭാഗമാണ്.

(2) മുഹമ്മദ് നബിയുടെ രൂപം ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതിനാല്‍ ഈ രൂപം അദ്ദേഹത്തോടുള്ള അവഹേളനമാണ്.

(3) മുഹമ്മദ് നബി ഒരു വാള്‍ പിടിച്ച് നില്‍ക്കുന്ന രൂപമാണു കൊത്തിവെച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തെയും മുസ്‌ലിംകളെയും അക്രമത്തിന്റെ ആളുകളായി ചിത്രീകരിക്കലാണ്.

എന്നാല്‍ മുഹമ്മദ് നബിയുടെ രൂപം നീക്കണമെന്ന അമേരിക്കന്‍ മുസ്‌ലിംകളുടെ ആവശ്യം അന്നത്തെ ജഡ്ജി നിരസിക്കുകയാണു ചെയ്തത്. അതിനു ജഡ്ജി നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു:

''നിയമത്തിന്റെ ലോകത്തിനു വേണ്ടി സംഭാവന നല്‍കിയ വ്യക്തികളെ ആദരിക്കുക എന്ന ഉദ്ദേശത്തിലാണ് ഈ രൂപങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. മുഹമ്മദ് നബിയുടെ രൂപം ഉണ്ടാക്കിയിരിക്കുന്നത് അദ്ദേഹത്തെ വിഗ്രഹവല്‍കരിക്കുവാനോ ആരാധിക്കുവാനോ അവഹേളിക്കുവാനോ അല്ല. മറിച്ച് ബഹുമാനിക്കുവാനാണ്. കൂട്ടത്തില്‍ ഒരു കൊത്തുപണി മാത്രം പൊളിക്കുന്നത് അതിനോട് തൊട്ടുനില്‍ക്കുന്ന മറ്റു രൂപങ്ങളുടെ പൂര്‍ണതയെ കൂടി ബാധിക്കും. അതിനാല്‍ ഒരു രൂപം മാത്രം ഒഴിവാക്കുക സാധ്യമല്ല.''

മറ്റു നിര്‍വാഹമില്ലാത്തതിനാല്‍ കോടതിയുടെ ഈ തീരുമാനം അംഗീകരിക്കുകയാണ് മുസ്‌ലിം സംഘടനകള്‍ ചെയ്തത്. ഈ രൂപം ശില്‍പി കൊത്തിയുണ്ടാക്കിയത് അദ്ദേഹത്തിന്റെ ഭാവനയില്‍ നിന്നാണ്. മുഹമ്മദ് നബിയുടെ ഒരു ചിത്രവും എവിടെയും ലഭ്യമല്ലല്ലോ. അതിനാല്‍ ഈ രൂപം നബിയുടേതല്ലെന്ന് മുസ്‌ലിംകള്‍ക്ക് അറിയാം.

ഇസ്‌ലാം നീതിയുടെ മതം

നീതി എന്നത് ഇസ്‌ലാമിന്റെ മുഖമുദ്രയാണ്. അല്ലാഹു നീതിമാനാണെന്നും അവന്‍ നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നുവെന്നും കുര്‍ആനിലും ഹദീഥുകളിലും ആവര്‍ത്തിച്ച് കാണപ്പെടുന്നു. സ്ത്രീക്കും പുരുഷനും കിട്ടേണ്ട നീതിയെ കുറിച്ചും ദരിദ്രന്റെയും അയല്‍വാസിയുടെയും അവകാശങ്ങളെ കുറിച്ചും ഇസ്‌ലാം പഠിപ്പിക്കുണ്ട്. അറുക്കുവാന്‍ തയ്യാറാക്കപ്പെട്ട മൃഗത്തിനു പോലും കിട്ടേണ്ട അവകാശത്തെ കുറിച്ച് ഇസ്‌ലാം പറയുന്നുണ്ട്. യുദ്ധസമയത്ത് ശത്രുവിനോടും ശത്രു രാജ്യത്തുള്ളവരോടും പോലും അനീതി കാണിക്കരുതെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അവകാശങ്ങള്‍ അതിന്റെ അര്‍ഹര്‍ക്ക് വിട്ടുകൊടുക്കണമെന്നും നിങ്ങള്‍ നീതി പാലിക്കണമെന്നും അല്ലാഹു വിശ്വാസികളോട് പറയുന്നു:

 ''വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു''(കുര്‍ആന്‍  4:58).

വിശുദ്ധ കുര്‍ആനിന്റെയും പ്രവാചകന്റെയും 'നീതി സൂക്തങ്ങള്‍' ഇനിയും പുതിയ ഇടങ്ങളില്‍ തങ്കലിപികളാല്‍ എഴുതപ്പെടട്ടെ. അനീതിയുടെ ലോകത്ത് നീതിയുടെ പ്രകാശം പരക്കട്ടെ.