വേട്ടയാടപ്പെടുന്ന വാരിയന്‍കുന്നത്തും മലബാറിലെ സ്വാതന്ത്ര്യസമരവും

സുഫ്‌യാന്‍ അബ്ദുസ്സലാം

2020 ജൂലൈ 04 1441 ദുല്‍ക്വഅദ് 13
മലബാറിലെ സ്വാതന്ത്യ പോരാട്ടവും വാരിയന്‍കുന്നത്തും ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പിന്റെ ത്യാഗോജ്വല കഥയാണ് 1921ലെ സായുധ വിപ്ലവത്തിന്റെ അടിസ്ഥാനം. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറത്ത് അതിന് വര്‍ഗീയതയുടെ വിഷം കലര്‍ത്താനാണ് ഫാസിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥ ചരിത്രം അനാവരണം ചെയ്യപ്പെടുന്നു.

കേരള മാപ്പിളചരിത്രത്തിലെ ശൂരതയുടെ പര്യായമാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള മാപ്പിളസമര ചരിത്രമോ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രമോ പൂര്‍ണമാവില്ല. അത്യന്താധുനിക യുദ്ധസാമഗ്രികളും പടക്കോപ്പുകളും ഉപയോഗിച്ച് ഇന്ത്യന്‍ ജനതക്ക് മേല്‍ അധീശത്വം നേടിയിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ സാമ്രാജ്യത്തെ അരപ്പട്ടയില്‍ തിരുകിയ വാളുകൊണ്ട് വിറപ്പിച്ച ഈ ഏറനാട്ടുകാരനെ ചരിത്രം ഏറെ കൗതുകത്തോടെയാണ് സ്മരിക്കുന്നത്. ലക്ഷ്യം നേടുവാന്‍ ജീവന്‍ ത്യജിച്ചും ആത്മാര്‍പ്പണം ചെയ്യുക എന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. നേതാക്കളോടും ഗുരുനാഥന്മാരോടും അങ്ങേയറ്റത്തെ ഭവ്യതയും ആദരവും പ്രകടമാക്കിയിരുന്ന അദ്ദേഹം തന്റെ അഭിപ്രായങ്ങളെപ്പോലും മാറ്റിവെച്ച് നേതാക്കളുടെ അഭിപ്രായങ്ങള്‍ക്ക് വഴങ്ങുമായിരുന്നു. നേതാക്കള്‍ സഞ്ചരിക്കുന്നതിനെക്കാള്‍ വേഗത്തില്‍ കാര്യങ്ങളെ ലക്ഷ്യത്തിലെത്തിക്കാനുള്ള നെഞ്ചൂക്കും ചടുലതയും അദ്ദേഹം സ്വായത്തമാക്കിയിരുന്നുവെങ്കിലും പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ അദ്ദേഹം ശ്രവിക്കുകയും ആദരിക്കുകയും ചെയ്യുമായിരുന്നു. നേതാക്കള്‍ക്ക് ധൈര്യംകൊടുക്കുവാന്‍ അദ്ദേഹം അവര്‍ക്കൊരു മുഴം മുമ്പേ ഗമിക്കുമായിരുന്നു.

വാരിയന്‍കുന്നത്തിനെ എക്കാലവും വിവാദത്തില്‍ തളച്ചിടാന്‍ പലരും വെമ്പല്‍കൊള്ളുന്നു. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തിരുന്നവരുടെ പേടിസ്വപ്‌നമായിരുന്ന അദ്ദേഹത്തെ വിവാദപുരുഷനാക്കാന്‍ അദ്ദേഹം ജീവിച്ചിരുന്ന കാലത്തും അദ്ദേഹത്തിന്റെ വീരമൃത്യുവിന് ശേഷവും ശത്രുക്കള്‍ ശ്രമിച്ചിട്ടുണ്ട്. മലബാര്‍ സമരചരിത്രം ഒരു നൂറ്റാണ്ടു പൂര്‍ത്തിയാവുമ്പോള്‍ വീണ്ടും അദ്ദേഹത്തെ വിവാദങ്ങളില്‍ കുരുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് കൊണ്ടാണ് ഇപ്പോള്‍ അദ്ദേഹം വീണ്ടും ചര്‍ച്ചയാവുന്നത്. വാരിയന്‍കുന്നത്തിനെ കുറിച്ച് സംവിധായകന്‍ ആഷിക് അബുവിന്റെ നേതൃത്വത്തില്‍ ഒരു സിനിമ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങള്‍. സിനിമക്കെതിരെ സംഘപരിവാര്‍ ശക്തികള്‍ പ്രതികരിച്ചുതുടങ്ങിയതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വിവാദം കനത്തത്. സിനിമകള്‍ നിര്‍മിക്കപ്പെടുന്നത് വാണിജ്യലാഭങ്ങള്‍ക്കു വേണ്ടിയാണ്. ഗാന്ധി, അംബേദ്കര്‍ തുടങ്ങി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് വരെയുള്ള ദേശീയനേതാക്കളെ കുറിച്ചുള്ള സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. സത്യസന്ധമായ ചരിത്രവിവരണം എന്നതിനപ്പുറം വാണിജ്യാടിസ്ഥാനത്തില്‍ കോടികള്‍ സമ്പാദിക്കുക എന്നതാണ് സിനിമ വ്യവസായത്തിലൂടെ പലരും ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ സിനിമകള്‍ ഇറങ്ങുമ്പോള്‍ അതിനെ വിവാദമാക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല. ഒരേ ചരിത്രത്തെ തന്നെ വികലമാക്കി മറ്റൊരു രൂപത്തില്‍ അവതരിപ്പിച്ചാലും അതിന്റെ പ്രദര്‍ശനാനുമതിക്ക് വലിയ തടസ്സമൊന്നും ഉണ്ടാവാറില്ല. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ചരിത്രപുരുഷന്‍ നടത്തിയ സമരത്തിന് സ്വാതന്ത്ര്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഹാജി 'വളരെ മോശം' വ്യക്തിയായിരുന്നുവെന്നുമൊക്കെയാണ് സംഘപരിവാര്‍ നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദു ഐക്യവേദി സിനിമക്കെതിരെ ശക്തമായ ഭീഷണി മുഴക്കിക്കഴിഞ്ഞു. ചരിത്രത്തിന്റെ അപനിര്‍മിതി അനുവദിക്കില്ലെന്നാണ് ഐക്യവേദി നേതാവ് ആര്‍. വി. ബാബു പറഞ്ഞത്. ഒരു വര്‍ഷം കഴിഞ്ഞു നിര്‍മിച്ച് പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന ഒരു സിനിമയെ കുറിച്ച് ഇപ്പോള്‍ തന്നെ വിവാദമുണ്ടാക്കുന്നതില്‍ ദുരുദ്ദേശ്യമുണ്ടെന്നു വ്യക്തമാണ്. മാത്രവുമല്ല വാരിയന്‍കുന്നത്തിനോടുള്ള വിയോജിപ്പ് മാത്രമല്ല സംഘപരിവാര്‍ പ്രകടിപ്പിച്ചത്. വാരിയന്‍കുന്നത്ത് നേതൃരംഗത്തുനിന്ന് പടപൊരുതിയ 1921ല്‍ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ചു ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ സമരത്തെ സ്വാതന്ത്ര്യ സമരമായി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഭീഷണിയുമായിട്ടാണ് അവര്‍ രംഗത്തുവന്നിട്ടുള്ളത്.

1921ല്‍ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ നടന്ന ബ്രിട്ടീഷ്‌വിരുദ്ധ സമരം പെട്ടെന്നുണ്ടായ ആവേശത്തില്‍ രൂപംകൊണ്ടതല്ല. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന ഒട്ടനവധി സമര, യുദ്ധ ചരിത്രങ്ങളുടെ അവസാനത്തെ കണ്ണിയാണ് 1921ല്‍ മലബാറില്‍ നടന്നത്. യുദ്ധങ്ങളിലെ വിജയപരാജയങ്ങളെ കുറിച്ച് യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മാപ്പിള മക്കള്‍ ഒട്ടും ആശങ്കാകുലരായിരുന്നില്ല. അധിനിവേശ ശക്തികളോടുള്ള മാപ്പിളമാരുടെ വിരോധത്തിന് അഞ്ചു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1498ല്‍ പോര്‍ച്ചുഗീസ് കടല്‍കൊള്ളക്കാരനായ വാസ്‌കോഡഗാമ കോഴിക്കോട്ടെ കാപ്പാട് വന്നിറങ്ങിയത് മുതല്‍ ആ ചരിത്രം ആരംഭിക്കുന്നു. കോഴിക്കോട്ടെ നീതിമാനായ ഭരണാധികാരി സാമൂതിരിയെയും സാമൂതിരിയെ പിന്തുണച്ചിരുന്ന മാപ്പിളമാരെയും തുരത്തി കേരളമണ്ണില്‍ ആധിപത്യം പുലര്‍ത്തിയ പറങ്കികളോട് സധീരം ഏറ്റുമുട്ടാന്‍ മുമ്പോട്ടുവന്നത് മാപ്പിളയോദ്ധാക്കളായിരുന്നു. രാജ്യസ്‌നേഹം പ്രകടിപ്പിച്ച് ഭരണാധികാരിക്ക് പിന്തുണ നല്‍കി അദ്ദേഹത്തിന്റെ കൂടെ നിന്നതോടെയാണ് പറങ്കികള്‍ക്ക് മാപ്പിളമാരോട് ശക്തമായ വിരോധം ഉണ്ടായിത്തുടങ്ങിയത്. മുസ്‌ലിം കോളനികള്‍ നശിപ്പിക്കുകയും കോഴിക്കോട്ടും കൊച്ചിയിലും മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന വ്യാപാര മേല്‍ക്കോയ്മകള്‍ തകര്‍ക്കുകയും ചെയ്തുകൊണ്ടാണ് പറങ്കികള്‍ പകരം വീട്ടിയത്. കുഞ്ഞാലി മരക്കാന്മാര്‍ നേതൃത്വം നല്‍കിയ 1500 മുതല്‍ 1600 വരെ നീണ്ടുനിന്ന പറങ്കി - മാപ്പിള യുദ്ധങ്ങള്‍ ചരിത്രത്തില്‍ വളരെ പ്രസിദ്ധമാണ്. സമാധാനപരമായി മലബാറില്‍ കച്ചവടം നടത്തിയിരുന്ന അറബികളെ പോര്‍ച്ചുഗീസുകാര്‍ തുരത്തിയതോടെ വ്യാപാരമേഖല അവരുടെ കുത്തകയായി. മുസ്‌ലിംകളെ അവര്‍ ശത്രുക്കളായി കണ്ടു. മുസ്‌ലിംകള്‍ക്ക് കാര്‍ഷിക മേഖലയിലേക്ക് തിരിയേണ്ടി വന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ഡച്ചുകാരും പിന്നീട് ഫ്രഞ്ചുകാരും അധിനിവേശം നടത്തി. മാപ്പിളമാര്‍ നഷ്ടപ്പെട്ട യശസ്സ് വീണ്ടെടുക്കാന്‍ സാധിക്കാതെ കൃഷിഭൂമിയിലെ പണിയായുധങ്ങളുമായി ജീവിതസമരത്തിലേര്‍പ്പെട്ടു. പക്ഷേ, കാര്‍ഷികവൃത്തിയിലും മാപ്പിളമാര്‍ക്ക് സ്വസ്ഥതയുണ്ടായിരുന്നില്ല. ജന്മിമാരുടെ മേല്‍ക്കോയ്മയില്‍ അടിമകളെപ്പോലെ കഴിയേണ്ട അവസ്ഥയുണ്ടായി. രണ്ടര നൂറ്റാണ്ടോളം ഈ സ്ഥിതി തുടര്‍ന്നു. ജന്മിമാരുടെ ഭീഷണിക്ക് മുമ്പില്‍ സാമൂതിരിക്കുപോലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

1760 കാലഘട്ടം. കണ്ണൂരിലെ അലിരാജ മാപ്പിളമാരുടെ ദൈന്യമായ അവസ്ഥ കണ്ടു ഹൈദരാലിയോട് സഹായം അഭ്യര്‍ഥിച്ചു. ഹൈദരാലിയുടെ ഇടപെടല്‍ കാരണം മാപ്പിളമാര്‍ക്ക് അല്‍പം ആശ്വാസം ലഭിച്ചെങ്കിലും അക്കാലത്താണ് ബ്രിട്ടീഷുകാരുടെ മലബാര്‍ അധിനിവേശമുണ്ടാകുന്നത്. അതോടെ കാര്യങ്ങള്‍ മറിഞ്ഞു. ജന്മിമാരും ഭൂവുടമകളും ബ്രിട്ടീഷുകാരുടെ കൂടെ നിന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി അവരില്‍ പലരും സന്ധിചെയ്തു. ഹൈദരാലി സൈനികവ്യൂഹവുമായി പരപ്പനങ്ങാടിയില്‍ വന്നിറങ്ങി. മലബാര്‍ പ്രദേശം മാപ്പിളമാര്‍ അടക്കമുള്ള സ്വന്തം നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് വ്യവസ്ഥ ചെയ്തു. സമാധാനം സ്ഥാപിച്ചു ഹൈദരാലി മടങ്ങിയെങ്കിലും ജന്മിമാരും മാടമ്പികളും ഉപാധികള്‍ ലംഘിച്ചു. അതോടെ മലബാറും തിരുവിതാംകൂറും കൊച്ചിയുമെല്ലാം ബ്രിട്ടീഷുകാരുടെ ആധിപത്യത്തിന് കീഴിലായി.

മമ്പുറം തങ്ങന്മാരുടെ ആഗമനത്തോടെയാണ് പിന്നീട് മാപ്പിളമാര്‍ക്ക് ഒരു നേതൃത്വം ഉണ്ടാകുന്നത്. 1741 ല്‍ ആണ് യമനില്‍നിന്നും ജിഫ്‌രി കുടുംബം മലബാറിലെത്തുന്നത്. കൊയിലാണ്ടിക്കടുത്ത് പന്തലായനിയില്‍ കപ്പലിറങ്ങിയ ശൈഖ് സയ്യിദ് ജിഫ്‌രിയെ സാമൂതിരി സ്വീകരിച്ചു. യമനുമായി കച്ചവടബന്ധമുണ്ടായിരുന്ന സാമൂതിരിയുടെ കൂട്ടുകാരനായ അലി ബറാമി വഴിയാണ് അവര്‍ കേരളത്തെ കുറിച്ചറിഞ്ഞത്. കുറ്റിച്ചിറ മാളിയേക്കല്‍ വീട്ടില്‍ താമസമായി. അതാണ് പ്രസിദ്ധമായ ജിഫ്‌രി ഹൗസ്. ശൈഖ് സയ്യിദ് ജിഫ്‌രിയുടെ സഹോദരന്‍ ഹസന്‍ ജിഫ്‌രി 1754ല്‍ പന്തലായനിയില്‍ ഇറങ്ങി പൊന്നാനിയില്‍ താമസമായി. തിരൂരങ്ങാടി ഖാദിയായിരുന്ന ജലാലുദ്ദീന്‍ മഖ്ദൂമിന്റെ അഭ്യര്‍ഥനപ്രകാരം തിരൂരങ്ങാടിയില്‍ വന്നു. കമ്മുമൊല്ലയുടെ മകള്‍ ഫാത്തിമയെ വിവാഹം ചെയ്തു മമ്പുറത്ത് പഴയമാളിയേക്കല്‍ താമസമായി. 1766ല്‍ അദ്ദേഹം മരണപ്പെട്ടു. 1770ല്‍ അദ്ദേഹത്തിന്റെ സഹോദരിപുത്രന്‍ സയ്യിദ് അലവി മമ്പുറത്ത് താമസമായി. മലബാറിലെ മാപ്പിളമാര്‍ ജന്മിമാരില്‍നിന്നും ബ്രിട്ടീഷ് അധികാരികളില്‍നിന്നും വലിയ ക്രൂരതകള്‍ അനുഭവിക്കുന്ന കാലത്താണ് മമ്പുറം തങ്ങളുടെ വരവ്. വിവിധ മതവിഭാഗങ്ങളോട് രമ്യതയില്‍ വര്‍ത്തിച്ചിരുന്ന തങ്ങളെ അധഃകൃത വിഭാഗങ്ങള്‍ ആദരിച്ചുവന്നു. മമ്പുറം തങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിഷേധിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. ഈ കാലഘട്ടത്തില്‍ തന്നെ ഹൈദരാലിയും ടിപ്പുവും ബ്രിട്ടീഷുകാരോടുള്ള ഏറ്റുമുട്ടലിന്റെ പാതയില്‍ മലബാറിലും വന്നിരുന്നു. ടിപ്പുവിന്റെ സൈന്യത്തിന്റെ കൂടെ നാലായിരത്തോളം മാപ്പിള യോദ്ധാക്കളും ബ്രിട്ടീഷുകാര്‍ക്കെതിരെ അണി നിരന്നിരുന്നു. 1792ല്‍ ടിപ്പുവിന് കീഴടങ്ങേണ്ടി വന്നതോടുകൂടി മലബാറില്‍ ബ്രിട്ടീഷുകാര്‍ കൂടുതല്‍ വിളയാട്ടം തുടങ്ങി. ഇക്കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ ചില പോരാട്ടങ്ങള്‍ നടത്തിയിരുന്ന ചെമ്പന്‍ പോക്കരെ വധിച്ച് മയ്യിത്ത് വികൃതമാക്കി അവര്‍ മമ്പുറത്ത് കെട്ടിത്തൂക്കി. ചെമ്പന്‍ പോക്കര്‍ ബ്രിട്ടീഷ് കോടതികളിലെ ഒരു 'ദരോഗ' ആയിരുന്നു. അവരുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ പിന്നീട് ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട വ്യക്തിയാണ് പോക്കര്‍. പഴശ്ശിരാജയ്ക്ക് സഹായം ചെയ്തുകൊടുത്തിരുന്ന വ്യക്തികൂടിയായിരുന്നു. ചെമ്പന്‍ പോക്കരെ വധിച്ചു എന്ന് മാത്രമല്ല മയ്യിത്തിനെ അപമാനിക്കുകയും വികലമാക്കുകയും ചെയ്തത് മാപ്പിളമാരില്‍ മാത്രമല്ല മമ്പുറം തങ്ങളുടെ തന്നെ കടുത്ത ബ്രിട്ടീഷ് വിരോധത്തിന് കാരണമായി. 1802 കാലഘട്ടത്തിലാണ് ഈ സംഭവം. ഇതിനെത്തുടര്‍ന്നാണ് മമ്പുറം തങ്ങള്‍ 'സൈഫുല്‍ ബത്താര്‍' എന്ന ഗ്രന്ഥം രചിച്ചത്. അടക്കിഭരിക്കുന്ന ശക്തികള്‍ക്കെതിരെ അതിശക്തമായി പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യം വിവരിക്കുന്ന ഗ്രന്ഥമാണത്. മമ്പുറം തങ്ങളുടെയും പുത്രന്‍ സയ്യിദ് ഫസല്‍ തങ്ങളുടെയും സാന്നിധ്യം ബ്രിട്ടീഷുകാര്‍ക്ക് വലിയ തലവേദനായിരുന്നു. 1844ല്‍ സയ്യിദ് അലവി തങ്ങള്‍ മരണപ്പെടുകയും 1852 ല്‍ ഫസല്‍ തങ്ങള്‍ മക്കയിലേക്ക് പോവുകയും ചെയ്തതോടെ മാപ്പിളമാര്‍ക്ക് നേതൃത്വം നഷ്ടപ്പെട്ടത് ബ്രിട്ടീഷുകാര്‍ക്ക് ആശ്വാസമായി.

ബ്രിട്ടീഷുകാര്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മില്‍ തെറ്റിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. ജന്മിമാരെ വഴിവിട്ട് സഹായിക്കുകയും മാപ്പിളമാരെ ശക്തമായി ദ്രോഹിക്കുകയും ചെയ്യുക എന്ന ഹീനതന്ത്രം അവര്‍ ഉപയോഗിച്ചു. മലബാറില്‍ ജന്മിമാര്‍ക്കെതിരെ കുടിയാന്മാര്‍ (പ്രധാനമായും മാപ്പിളമാര്‍) നടത്തിയ ധാരാളം സമരങ്ങളും കലാപങ്ങളും ഉണ്ടായിട്ടുണ്ട്. അവ പൊതുവില്‍ കര്‍ഷകസമരങ്ങള്‍ എന്നാണു വിളിക്കപ്പെടുന്നത്. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി, മട്ടന്നൂര്‍, കുളത്തൂര്‍, നിലമ്പൂര്‍, കല്‍പകഞ്ചേരി, പുല്ലങ്കോട്, ഒഴൂര്‍, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സമരങ്ങള്‍ പ്രസിദ്ധമാണ്. യഥാര്‍ഥത്തില്‍ മാപ്പിളമാര്‍ നേരത്തെ ഉണ്ടായിരുന്ന അധിനിവേശവിരുദ്ധ വികാരം കാരണമാണ് ഒറ്റപ്പെടുന്നതും അധിനിവേശ ശക്തികള്‍ക്കെതിരെ സമരം നടത്തിയതും. എന്നാല്‍ ജന്മിമാരെ ഉപയോഗപ്പെടുത്തി മാപ്പിളമാരെ ദ്രോഹിക്കാന്‍ ബ്രിട്ടീഷുകാര്‍ തുനിഞ്ഞപ്പോള്‍ മാപ്പിളമാര്‍ ജന്മിമാര്‍ക്കെതിരെ തിരിഞ്ഞു. ഇവിടെ അടിസ്ഥാനകാരണം കര്‍ഷകപ്രശ്‌നമാണെന്നു പറയാന്‍ സാധിക്കില്ല. ബ്രിട്ടീഷ് വിരോധം തന്നെയായിരുന്നു കാരണം. മലബാറിലെ മാപ്പിളമാരില്‍ എന്തുകൊണ്ടാണ് ബ്രിട്ടീഷ് വിരുദ്ധ വികാരം നേരത്തെ ശക്തമായത് എന്ന കാര്യമാണ് ഇതുവരെ വിശദീകരിച്ചത്.

1921ലും ജന്മി കുടിയാന്‍ വൈരങ്ങള്‍ ഉച്ചിയിലായിരുന്നെങ്കിലും 1921ലെ സംഘര്‍ഷഭരിതമായ സാഹചര്യത്തിന്റെ അടിസ്ഥാനകാരണം അതായിരുന്നില്ല. ഖിലാഫത്തും ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരാഹ്വാനവുമായിരുന്നു സമരം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം. ഈ രണ്ടു പ്രധാനപ്പെട്ട കാരണങ്ങളെ മാറ്റിനിര്‍ത്തി കേവലം കര്‍ഷകസമരമായിരുന്നുവെന്നു വിധിയെഴുതുന്നത് ന്യായമല്ല. തുര്‍ക്കി സുല്‍ത്താനെ ലോകമുസ്‌ലിംകളുടെ നേതാവായി അഥവാ ഖലീഫയായി ലോകത്തെ മുസ്‌ലിം സമൂഹത്തിലെ ധാരാളംപേര്‍ അംഗീകരിച്ചുവന്നിരുന്നു. മുസ്‌ലിംകള്‍ മാത്രമല്ല ബ്രിട്ടന്‍ അടക്കമുള്ള ലോകത്തെ പ്രബല രാജ്യങ്ങളും അംഗീകരിച്ചിരുന്നു. 1914 ല്‍ നടന്ന ഒന്നാം ലോകയുദ്ധമാണ് ഖിലാഫത്ത് പ്രശ്‌നത്തിന് കാരണമായത്. ജര്‍മനി ഉള്‍പ്പെടുന്ന അച്ചുതണ്ട് ശക്തികളും(Cetnral Powers) ബ്രിട്ടന്‍ ഉള്‍പ്പെടുന്ന സങ്കലിത ശക്തികളും (Allied Powers) തമ്മിലായിരുന്നു യുദ്ധം. ഈ യുദ്ധത്തില്‍ തുര്‍ക്കി സുല്‍ത്താന്‍ ജര്‍മനിയുടെ പക്ഷത്ത് നിലയുറപ്പിച്ചത് ഇന്ത്യന്‍ മുസ്‌ലിംകളെ ധര്‍മസങ്കടത്തിലാക്കി. കാരണം ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ പ്രജകളാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. അതേസമയം തുര്‍ക്കി സുല്‍ത്താന്‍ മതനേതാവും. യുദ്ധം ജയിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ കൂടെ സഹായം വേണമെന്ന് ബ്രിട്ടന് തോന്നിയതിനാല്‍ അവര്‍ ഇന്ത്യന്‍ മുസ്‌ലിംകളെ തന്ത്രത്തില്‍ മെരുക്കി. ഇതൊരു മതപരമായ യുദ്ധമല്ലെന്നും യുദ്ധം കഴിഞ്ഞാലും തുര്‍ക്കി സുല്‍ത്താന്റെ ഖലീഫ പദവിക്കോ മുസ്‌ലിം പുണ്യകേന്ദ്രങ്ങളുടെ സ്ഥിതിക്കോ ഒരു ഹാനിയും തട്ടുകയില്ലെന്നും അവര്‍ പ്രഖ്യാപിച്ചു. യുദ്ധത്തില്‍ ബ്രിട്ടന്‍ നേതൃത്വം നല്‍കുന്ന സങ്കലിതശക്തികള്‍ വിജയിച്ചപ്പോള്‍ ബ്രിട്ടന്‍ വാക്കുമാറി. തുര്‍ക്കി സുല്‍ത്താന്റെ കീഴിലായിരുന്ന മൊസോപ്പൊട്ടേമിയയും ഫലസ്തീനും ബ്രിട്ടന്‍ കൈവശപ്പെടുത്തി. സിറിയ ഫ്രാന്‍സിനും ഏഷ്യാമൈനര്‍ ഇറ്റലിക്കും വീതംവെച്ചു. ഇത് കടുത്ത വഞ്ചനയായി ഇന്ത്യന്‍സമൂഹം കണ്ടു. ഇതോടെ തുര്‍ക്കി ഖിലാഫത്ത് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മുസ്‌ലിംകള്‍ പ്രക്ഷോഭത്തിലേക്കിറങ്ങി. അതാണ് ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനം. മൗലാനാ ഷൗക്കത്ത് അലി, മൗലാനാ മുഹമ്മദലി ജൗഹര്‍, ഹകീം അജ്മല്‍ ഖാന്‍, അബുല്‍കലാം ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒന്നാം ലോകയുദ്ധത്തിന് ശേഷം 1919ലാണ് ഖിലാഫത് മൂവ്‌മെന്റ് ആരംഭിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മഹാത്മാഗാന്ധിയും ഖിലാഫത്ത് പ്രസ്ഥാനത്തെ കലവറ കൂടാതെ പിന്തുണച്ചു. 1920 ല്‍ ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. ഖിലാഫത്തും നിസ്സഹകരണവും ഒരുമിച്ചു പ്രവര്‍ത്തനം തുടങ്ങി. രണ്ടിന്റെയും പ്രചാരണം കോണ്‍ഗ്രസ് നേതാക്കളും മുസ്‌ലിം നേതാക്കളും ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്. സ്വാതന്ത്ര്യസമരവും ഖിലാഫത്ത് സമരവും ഒറ്റക്കെട്ടായി മുമ്പോട്ട് കൊണ്ടുപോകാന്‍ 1920 ഏപ്രില്‍ 28, 29 തീയതികളില്‍ മഞ്ചേരിയില്‍ ചേര്‍ന്ന ഖിലാഫത്ത് കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ആഹ്വാനം ചെയ്തു. 'ദി ഹിന്ദു' പത്രത്തിന്റെ എഡിറ്റര്‍ കസ്തൂരി രംഗന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആനി ബസന്റ്, കെ. പി. കേശവമേനോന്‍, മഞ്ചേരി രാമയ്യര്‍, എം. പി.നാരായണ മേനോന്‍, കെ. മാധവന്‍ നായര്‍, പൊന്‍മാടത്ത് മൊയ്തീന്‍ കോയ തുടങ്ങിയവര്‍ അതില്‍ പങ്കെടുത്തവരില്‍ ചിലരാണ്. കേവലം മാപ്പിളമാര്‍ യോഗം ചേര്‍ന്നെടുത്തുള്ള തീരുമാനമായിരുന്നില്ല എന്നര്‍ഥം. ഈ യോഗം സാമ്രാജ്യത്വത്തിനെതിരെയുള്ള വികാരവും ശക്തമായ ദേശീയ കാഴ്ചപ്പാടും മലബാര്‍ ജനതയില്‍ രൂപപ്പെടുത്തുകയുണ്ടായി.

ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് കടപ്പുറത്ത് നടന്ന വമ്പിച്ച സമ്മേളനത്തില്‍ പ്രസംഗിച്ചു. 1920 ആഗസ്റ്റ് 18ന് ആയിരുന്നു അത്. ഗാന്ധിജിയും കോണ്‍ഗ്രസ് നേതാക്കളും ഖിലാഫത്ത് നേതാക്കളും തുടങ്ങിവെച്ച ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമര, ഖിലാഫത്ത് സമരത്തിന് മലബാറില്‍ അതോടെ തുടക്കമായി. ഗാന്ധിജിയുടെ സന്ദര്‍ശനത്തോടെ ഖിലാഫത്ത്  നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ കോഴിക്കോട്, ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ സജീവമായി. കോഴിക്കോട് കുഞ്ഞിക്കോയ തങ്ങള്‍, യു.ഗോപാലമേനോന്‍, ഇ.മൊയ്തുമൗലവി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി നിലവില്‍വന്നു. തിരൂരങ്ങാടിയില്‍ പി.എം. പൂക്കോയ തങ്ങള്‍, എരിക്കുന്നന്‍ ആലിമുസ്‌ല്യാര്‍, കെ.എം. മൗലവി എന്നിവരുടെ നേതൃത്വത്തിലും കമ്മിറ്റി രൂപീകരിച്ചു. ചെറുകോയ തങ്ങള്‍, പരീക്കുട്ടി മുസ്‌ല്യാര്‍, യു. കെ. കുഞ്ഞിക്കാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ താനൂരിലും കമ്മിറ്റി വന്നു. പൂക്കോട്ടൂര്‍, പൊന്നാനി, തിരൂര്‍, കല്‍പകഞ്ചേരി എന്നിവിടങ്ങളിലും കമ്മിറ്റികള്‍ വന്നു. നെല്ലിക്കുത്തില്‍ രൂപംകൊണ്ട കമ്മിറ്റിക്ക് നേതൃത്വം നല്‍കിയത് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു. ഈ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത് 1921ല്‍ മലബാറില്‍ നടന്ന സമരം ചില തീവ്രവാദികളായ ആളുകള്‍ നടത്തിയ ഒട്ടും ആലോചനയില്ലാത്ത അക്രമമോ ലഹളയോ അല്ല എന്ന വസ്തുതയാണ്. ദേശീയ നേതാക്കളും കേരള നേതാക്കളുമെല്ലാം യോഗങ്ങള്‍ ചേര്‍ന്നും കമ്മിറ്റികള്‍ രൂപീകരിച്ചുമുണ്ടാക്കിയ സമരമായിരുന്നു എന്നതാണ്. ഗാന്ധിജിയും കോണ്‍ഗ്രസും ഖിലാഫത്ത് നേതാക്കളും ആഹ്വാനം ചെയ്ത സമാധാനപരമായ സമരമായിരുന്നു അത്. ഈ സമരത്തിന്റെ പ്രചാരകരായി പലയിടങ്ങളിലും പ്രസംഗിക്കുകയും ആളുകളെ സംഘടിപ്പിക്കുകയും ചെയ്തവരില്‍ പ്രമുഖര്‍ കെ. മാധവന്‍ നായര്‍, യു. ഗോപാല മേനോന്‍, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരായിരുന്നു. അതുകൊണ്ടുതന്നെ മലബാര്‍ ജില്ലാമജിസ്‌ട്രേറ്റ് ആയിരുന്ന ഇ.എഫ്. തോമസ് ഏറനാട്ടിലും വള്ളുവനാട്ടിലും ഇവരുടെ പ്രസംഗങ്ങള്‍  തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കി. മലബാറിലെ മാപ്പിളമക്കള്‍ സമരത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് മലബാറിലെ ആബാലവൃദ്ധം ജനങ്ങള്‍ സമരമുഖത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇതാണ് ബ്രിട്ടീഷ് പട്ടാളത്തെ ഭയപ്പെടുത്തിയത്. സമരത്തിന് വര്‍ഗീയ മുഖം നല്‍കി ഹിന്ദു, മുസ്‌ലിം വിള്ളലുകളുണ്ടാക്കാനുള്ള വിലകുറഞ്ഞ അടവാണ് പിന്നീട് ബ്രിട്ടീഷ് പട്ടാളം സ്വീകരിച്ചത്.

തിരൂരങ്ങാടിയിലും പൂക്കോട്ടൂരിലും മറ്റു പ്രദേശങ്ങളിലും സമരസഖാക്കള്‍ ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയത് വ്യക്തമായ ആലോചനകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. തിരൂരങ്ങാടിയില്‍ ഇതുസംബന്ധമായി ആലോചിക്കാന്‍ യോഗംചേര്‍ന്നത് കെ.പി.കേശവമേനോന്റെ അധ്യക്ഷതയിലായിരുന്നു. മലബാര്‍ മുസ്‌ലിംകള്‍ ആദരവോടെ കണ്ടിരുന്ന പണ്ഡിതന്‍ ആലിമുസ്‌ല്യാരും അദ്ദേഹത്തിന്റെ സന്തതസഹചാരികളായിരുന്ന ലവക്കുട്ടിയും കുഞ്ഞലവിയും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. മമ്പുറം പള്ളിക്കു നേരെ അക്രമമുണ്ടായി എന്ന വാര്‍ത്ത പ്രചരിപ്പിച്ച് മാപ്പിളമാരെ പ്രകോപിപ്പിച്ച് ബ്രിട്ടീഷുകാരുടെ തോക്കിന്‍മുനകള്‍ക്ക് മുമ്പിലേക്കെത്തിക്കുക എന്ന ഗൂഢതന്ത്രം ബ്രിട്ടീഷുകാര്‍ നടത്തി. സാധാരണക്കാരായ ആളുകളെ തെരുവിലിറക്കി സമരത്തിന്റെ ഗതി മാറ്റാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ ഖിലാഫത്ത് നേതാക്കളായ കെ.എം. മൗലവിയും കൂട്ടുകാരും സമരത്തിന്റെ ഗതി മാറാതിരിക്കാന്‍ അക്രമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്തു. 'പള്ളി നശിപ്പിച്ചവരോട് പകരം ചോദിക്കേണ്ടേ' എന്ന പാമരനായ ഒരാളുടെ ചോദ്യത്തിന് 'അതിനുള്ള സമാധാനം അല്ലാഹുവോട് സാധുവായ ഈ തയ്യില്‍ മുഹമ്മദ് കുട്ടി പറഞ്ഞുകൊള്ളാം; നിങ്ങള്‍ പിരിഞ്ഞുപോവുക' എന്നായിരുന്നു കെ. എം. മൗലവിയുടെ മറുപടി! തിരൂരങ്ങാടിയില്‍ നടന്ന ബ്രിട്ടീഷുകാരുടെ നരനായാട്ടിനെ കുറിച്ച് ആലിമുസ്‌ല്യാര്‍ നിറകണ്ണുകളോടെ, ഗദ്ഗദകണ്ഠനായി ഖിലാഫത്ത് കോണ്‍ഗ്രസ് നേതാക്കളായ കേശവമേനോനോടും മാധവന്‍ നായരോടും വിവരിക്കുന്നത് ഇങ്ങനെയാണ്: 'കലക്റ്ററും പട്ടാളക്കാരും കല്‍പിച്ചുകൂട്ടി യുദ്ധം നടത്തി. ഞമ്മളെ കൂട്ടര്‍ കയ്യുംപോലെ പകരംവീട്ടി. ഇനി എല്ലാം അല്ലാഹുവിന്റെ ഖദ്ര്‍ പോലെ നടക്കും.' യുദ്ധം ബ്രിട്ടീഷുകാരോടായിരുന്നു; ഹിന്ദുക്കളോടായിരുന്നില്ല എന്നെല്ലാമാണ് ഇത് വ്യക്തമാക്കുന്നത്. പിന്നീട് മമ്പുറം പള്ളിക്ക് തുരുതുരാ വെടിവെച്ചപ്പോള്‍ ആലി മുസ്‌ല്യാര്‍ വെള്ളക്കൊടി ഉയര്‍ത്തി സമാധാനം ഉണര്‍ത്തി. പക്ഷേ, ബ്രിട്ടീഷുകാര്‍ അവരുടെ ചതിയും വഞ്ചനയും തുടര്‍ന്നു. സമാധാനം പുലരാന്‍ ആഗഹിച്ചുകൊണ്ടു നടത്തിയ അഭ്യര്‍ഥനക്ക് ശേഷം അവര്‍ ആലി മുസ്‌ല്യാരെ അറസ്റ്റു ചെയ്തു.

പാമരന്മാരായ ആളുകളില്‍ വികാരവും വിദ്വേഷവും കുത്തിവെച്ച് അവരെ പുറത്തിറക്കി വര്‍ഗീയ ലഹളകള്‍ ഉണ്ടാക്കാനും അങ്ങനെ അവരെ കൊന്നൊടുക്കാനുമാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. സമരത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്നും ആരെങ്കിലും വഴിതെറ്റി പോയിട്ടുണ്ടെങ്കില്‍ അതിനുള്ള ഉത്തരവാദിത്തം ബ്രിട്ടീഷ് അധികാരികള്‍ക്കും അവരുടെ സില്‍ബന്ധികള്‍ക്കും മാത്രമാണ്. ഖിലാഫത്ത് കോണ്‍ഗ്രസ് നേതാക്കളെയല്ല അതിനു കുറ്റം പറയേണ്ടത്. ആലി മുസ്‌ല്യാരെയോ വാരിയന്‍കുന്നത്തിനെയോ അല്ല അതിനു പഴിപറയേണ്ടത്. തിരൂരങ്ങാടിയിലും പൂക്കോട്ടൂരിലും മഞ്ചേരിയിലും ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവന്‍ത്യജിച്ച് സമരം ചെയ്ത രാജ്യസ്‌നേഹികളായ മാപ്പിളമാരെയും ഹൈന്ദവസഹോദരങ്ങളെയുമല്ല ആക്ഷേപിക്കേണ്ടത്.

മലബാറില്‍ നടന്ന സ്വാതന്ത്ര്യസമരത്തെ ഹിന്ദുക്കള്‍ക്കെതിരെ നടന്ന കലാപമായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു. സമരത്തിന് നേതൃത്വം നല്‍കിയിരുന്ന ഖിലാഫത്ത് നേതാക്കളെ മാത്രം വര്‍ഗീയവാദികളായി മുദ്രകുത്താനായിരുന്നു അവരുടെ ശ്രമം. സമരത്തില്‍ വീരമൃത്യു അടഞ്ഞ മാപ്പിളമക്കളെ കുറിച്ച് ഒന്നും പറയാതെ ചില അക്രമികള്‍ നടത്തിയ സംഭവങ്ങള്‍ പൊക്കിപ്പിടിച്ച് ഈ സ്വാതന്ത്ര്യസമരത്തെ വര്‍ഗീയ ലഹളയാക്കി മാറ്റിമറിക്കാനുള്ള കുല്‍സിതമായ ശ്രമങ്ങളാണ് ചില കേന്ദ്രങ്ങള്‍ നടത്തിവരുന്നത്. പ്രസിദ്ധ ചരിത്രകാരന്‍ എം. പി. എസ് മേനോന്‍ എഴുതിയത് കാണുക: 'ഈ കലാപത്തില്‍ ജീവനും സ്വത്തും പിതാക്കളും മക്കളും നഷ്ടപ്പെട്ടവരുടെ കൃത്യമായ എണ്ണം ലഭ്യമല്ല. ഏകദേശ കണക്കനുസരിച്ച് പതിനായിരത്തില്‍പരം മാപ്പിളമാര്‍ കൊല്ലപ്പെട്ടു. ഇരുപതിനായിരം പേരെ നാടുകടത്തി. അമ്പതിനായിരം പേര് തടവിലാക്കപ്പെട്ടു. പതിനായിരം പേരെ കാണാതായി' (പ്രൊഫ:എം. പി. എസ് മേനോന്‍, 'മലബാര്‍ സമരം' മുഖവുര).

മലബാര്‍സമര ചരിത്രത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കാന്‍ അല്‍പം വൈകിയിരുന്നു. മലബാറിലും മലബാറിന് പുറത്തും ഇന്ത്യക്കകത്തും പുറത്തുമെല്ലാം മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ വര്‍ഗീയ ലഹളയായിരുന്നു മലബാര്‍ കലാപമെന്നു വരുത്തിത്തീര്‍ക്കുന്നതില്‍ ബ്രിട്ടീഷുകാരും അവരെ സഹായിച്ചിരുന്ന മാധ്യമങ്ങളും ഏറെക്കുറെ വിജയിച്ചിട്ടുണ്ടായിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു കുമാരനാശാന്റെ ദുരവസ്ഥയിലും അംബേദ്ക്കറുടെ പ്രസ്താവനകളിലുമെല്ലാം മുഴച്ചുനിന്നിരുന്നത്. മലബാര്‍ സമരത്തെ അവിവേകത്തോടെ കൈകാര്യം ചെയ്യുകയും കൊലയും കൊള്ളയും കൊള്ളിവെപ്പും നടത്തിയവരില്‍ ചില മാപ്പിളമാര്‍ ഉണ്ടായിരുന്നു എന്നത് അനിഷേധ്യമാണ്. മാപ്പിളമാരെ കൊല്ലുകയും കൊല്ലാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത ജന്മിമാരും ഉണ്ടായിരുന്നു. അക്രമം നടത്തിയവരെ കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ നല്‍കുന്നതിന് പകരം സമരകാരണത്തെ കുറിച്ചും സമരത്തിന് നേതൃത്വം നല്‍കിയവരെ കുറിച്ചും ഇല്ലാക്കഥകള്‍ ആരോപിക്കുന്നത് ചരിത്രത്തോടുള്ള വഞ്ചനയാണ്. അതിന്റെ പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണ്. സമാദരണീയരായ പണ്ഡിതനേതാക്കളുടെമേല്‍ നടത്തിയ വര്‍ഗീയാരോപണങ്ങള്‍ വിജയിക്കാതെ വന്നപ്പോഴാണ് ശൂരനും വീരനുമായ, സമരത്തിന്റെ മുന്നണിയില്‍ നിന്ന് സധൈര്യം ബ്രിട്ടീഷ് പട്ടാളത്തെ വെല്ലുവിളിച്ച വാരിയന്‍കുന്നത്തിനെ വര്‍ഗീയവാദിയും ഹിന്ദുവിരോധിയുമൊക്കെയാക്കി ചരിത്രത്തെ വക്രീകരിക്കാന്‍ ശ്രമിക്കുന്നത്.

വാരിയന്‍കുന്നത്തിന്റെ ഏറ്റവും വലിയ സവിശേഷതകള്‍ അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും സത്യസന്ധതയും ഹിന്ദു, മുസ്‌ലിം മൈത്രിയിലുള്ള വിശ്വാസവുമൊക്കെയായിരുന്നു. ബ്രിട്ടീഷുകാരുടെ വെല്ലുവിളികളെ ആര്‍ജവത്തോടെ നേരിടുവാനും 'ആരെടാ' എന്ന ചോദ്യത്തിന് 'ഞാനെടാ' എന്നു മറുപടികൊടുക്കുവാനും ബ്രിട്ടീഷുകാരുടെ സര്‍വായുധങ്ങളെയും നേരിടാനുള്ള നെഞ്ചുറപ്പും അദ്ദേഹത്തിനുണ്ടായിരുന്നു. യുദ്ധമുറകള്‍ പലതും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ഹിന്ദുക്കള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കിടയിലും ഭിന്നതകളുണ്ടാക്കി ലക്ഷ്യം കൈവരിക്കാമെന്നു കരുതിയ ബ്രിട്ടീഷുകാരുടെ താല്‍പര്യത്തിനു ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിപ്പിച്ചുനിര്‍ത്തി മറുപടി നല്‍കുകയാണ് അദ്ദേഹം ചെയ്തത്. ബ്രിട്ടീഷുകാര്‍ കാണിച്ച തോന്നിവാസങ്ങളോട് ശക്തമായി തിരിച്ചടിച്ചുവെന്നതാണ് മലബാര്‍ സമരത്തില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഖിലാഫത്ത്, കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ സമാധാനത്തിന്റെ മാര്‍ഗത്തില്‍ നിന്നും അദ്ദേഹം തെന്നിമാറിയെന്നാണ് അദ്ദേഹത്തെ കുറിച്ചുള്ള വിമര്‍ശനം. പക്ഷേ, തലമുറകളായി അദ്ദേഹത്തെയും പിതാവിനെയും മാതാവിനെയും കുടുംബത്തെയും ദ്രോഹിച്ചിരുന്ന ബ്രിട്ടീഷുകാരോട് സങ്കടങ്ങള്‍ ഉള്ളിലൊതുക്കി കഴിഞ്ഞിരുന്ന ഒരു മനുഷ്യന് ബ്രിട്ടീഷുകാരോടു പകയുണ്ടാവുക സ്വാഭാവികമാണ്. അത് അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരോടും അവരുടെ ഓരംപറ്റി ജീവിച്ചിരുന്ന ജന്മിമാരോടും അദ്ദേഹത്തിന് അടങ്ങാത്ത ശത്രുതയുണ്ടായിരുന്നു. അവരുടെ പക്ഷംപിടിച്ചു നടക്കുന്ന മാപ്പിളമാരെയും അദ്ദേഹം ശത്രുവായിക്കണ്ടു.

കോണ്‍ഗ്രസ് ചരിത്രം ആധികാരികമായി രേഖത്തപ്പെടുത്തിയ പ്രമുഖ ചരിത്രകാരനായിരുന്ന എ. കെ.പിള്ള (1949ല്‍ മരണം) വാരിയന്‍കുന്നത്തിനെ കുറിച്ച് പറയുന്നതിങ്ങനെ: 'കുഞ്ഞഹമ്മദ്ഹാജി ലഹളക്കാരുടെ നേതൃത്വം സ്വീകരിച്ചതോടു കൂടി ലഹളയുടെ ഉദ്ദേശ്യം കുറേക്കൂടി വിപുലമായിത്തീര്‍ന്നു. അരാജകസ്ഥിതി കഴിയുന്നതും വരാതെ കണ്ടു എല്ലാം ക്രമമായും ചില മുറകളനുസരിച്ചും പോകണമെന്ന് കുഞ്ഞഹമ്മദാജിക്ക് അഭിപ്രായങ്ങളെല്ലാം ഉണ്ടായിരുന്നു. അയാള്‍ തന്റെ അനുയായികളുടെ ഇടയില്‍ ചില നിയമങ്ങളെല്ലാം ഏര്‍പ്പെടുത്തി. അതില്‍നിന്ന് തെറ്റി നടക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. അയാളുടെ കല്‍പനകളില്‍ ഒന്ന് ഹിന്ദുക്കളെ ഉപദ്രവിച്ചുപോകരുതെന്നും, തന്റെ പ്രത്യേക അനുമതിയോടുകൂടിയല്ലാതെ എതിര്‍പക്ഷത്തുനിന്നും തടവുകാരായി പിടിക്കുന്ന യാതൊരാളെയും വധിച്ചുപോകരുതെന്നും ഉള്ളതായിരുന്നു. സാമാന്യജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളോ പീടികകളോ കൊള്ളചെയ്യുകയോ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുമ്പാകെ വരുത്തി വിചാരണ ചെയ്തു തക്കതായ ശിക്ഷ നല്‍കിയും വന്നു. മുകളില്‍ പ്രസ്താവിച്ച പ്രകാരം ആഗസ്ത് 24നു മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൈയേറി അതിലുണ്ടായിരുന്ന പണ്ടങ്ങള്‍ അതിന്റെ ഉടമസ്ഥന്മാരെ വരുത്തി തിരിച്ചുകൊടുത്തത് കുഞ്ഞഹമ്മദ് ഹാജിയുടെ ആദ്യപ്രവൃത്തികളില്‍ ഒന്നായിരുന്നു. അന്നേദിവസം തന്നെ മഞ്ചേരി നാല്‍ക്കവലയില്‍ വെച്ച് ചെയ്ത പ്രഖ്യാപനത്തില്‍ ഹിന്ദുക്കള്‍ക്ക് യാതൊരു ഉപദ്രവവും ഉണ്ടാക്കുന്നതല്ലെന്നു ഉറപ്പുനല്‍കിയിരുന്നു' (കോണ്‍ഗ്രസും കേരളവും, എ, കെ, പിള്ള; പേജ് 419).

സ്വന്തം മതത്തിലും ജാതിയിലും പെട്ടവര്‍ അക്രമം ചെയ്താലും അവരെ വെച്ചുപൊറുപ്പിക്കില്ലെന്നു അദ്ദേഹം ദൃഢനിശ്ചയം ചെയ്തിരുന്നു. മഞ്ചേരിയിലും പരിസരങ്ങളിലും ചില സാമൂഹ്യദ്രോഹികള്‍ നടത്തിവരുന്ന കൊള്ളകള്‍ നിര്‍ത്തിക്കണമെന്നു കെ. മാധവന്‍ നായര്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: 'അതിനു തന്നെയാണ് ഞാന്‍ ഇവിടെ വന്നിട്ടുള്ളത്. മഞ്ചേരി നാലും കൂടിയ സ്ഥലത്തുവെച്ച് ഞാന്‍ ഇപ്പോള്‍ ഇത് പറഞ്ഞുതന്നെയാണ് ഇങ്ങോട്ട് വന്നത്. കൊള്ളചെയ്യുന്ന ഏതു മാപ്പിളയെയും എന്റെ കൈയില്‍ കിട്ടിയാല്‍ അവന്റെ വലത്തെ കൈ ഞാന്‍ വെട്ടിമുറിക്കും. അതില്‍ സംശയമില്ല. ഇവിടെ ഒരു കൊള്ള നടക്കുന്നുണ്ടെന്ന് കേട്ടിട്ടാണ് ഞാന്‍ ഇങ്ങോട്ട് തന്നെ ഇപ്പോള്‍ വന്നത്.' കൈമുറിക്കുന്നതും മറ്റും സാഹസമാണെന്നും അതൊന്നും വേണ്ടെന്നും മാധവന്‍ നായര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം നായരുടെ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു. 'അങ്ങനെ പറഞ്ഞാലേ അവര്‍ പേടിക്കുകയുള്ളൂ' (മലബാര്‍ കലാപം,  കെ, മാധവന്‍ നായര്‍, പേജ് 171).

മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് വാരിയന്‍കുന്നത്തിനെ കുറിച്ച് പറയുന്നത് കാണുക: 'അതിലിടക്ക് ഒരു മാപ്പിള താനെഴുതിക്കൊടുത്ത ഒരു പണയാധാരം ഒരു ഹിന്ദുവിന്റെ കൈയില്‍ നിന്ന് ബലം പ്രയോഗിച്ച് മടക്കിവാങ്ങി. ആ ഹിന്ദു ഹാജിയാരുടെ അടുക്കല്‍ സങ്കടം ബോധിപ്പിച്ചു. ഹാജിയാര്‍ പ്രതിയുടെ കൈ വെട്ടുവാന്‍ കല്‍പിച്ചു. മാപ്പിള പേടിച്ചു പണയാധാരം ഹിന്ദുവിന് തന്നെ മടക്കിക്കൊടുത്തു. അതിനാല്‍ കൈ വെട്ടുവാനുള്ള കല്‍പന നടത്തിയില്ല' (ഖിലാഫത്ത് സ്മരണകള്‍, മോഴിക്കുന്നത്ത്, പേജ് 54).

അദ്ദേഹത്തെ കുറിച്ച് പുറംലോകങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അദ്ദേഹം 'ദി ഹിന്ദു' പത്രത്തിന് നല്‍കിയ പത്രക്കുറിപ്പ് ഇങ്ങനെയായിരുന്നു: 'എന്റെ ആള്‍ക്കാര്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ട് അസത്യമാണ്. പോലീസ് ചാരന്മാര്‍ ഇത്തരം ഹീനകൃത്യങ്ങള്‍ നടത്തി ഞങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ശ്രമിക്കുന്നു. ബ്രിട്ടീഷുകാരെ സഹായിക്കുന്ന ചില ഹിന്ദുക്കളെ എന്റെ ആള്‍ക്കാര്‍ ഉപദ്രവിച്ചിരിക്കാം. അവരെ സഹായിക്കുന്ന മാപ്പിളമാരെയും ഞാന്‍ ശിക്ഷിക്കും. ഹിന്ദുക്കളെ നിര്‍ബന്ധിച്ച് പട്ടാളത്തില്‍ ചേര്‍ക്കുകയാണ് ചിലര്‍. ഇതില്‍ നിന്ന് രക്ഷതേടി വളരെയേറെ ഹിന്ദുക്കളായ സഹോദരങ്ങള്‍ എന്റെ അടുക്കല്‍ വന്നു ഈ വാരിയന്‍കുന്നില്‍ അഭയം തേടിയിരിക്കുകയായാണ്. നിര്‍ദ്ദോഷികളായ മനുഷ്യരെ ദ്രോഹിക്കുക എന്നതില്‍ കവിഞ്ഞു ബ്രിട്ടീഷ് ഗവര്‍മെന്റിനു ഇവിടെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മലബാറിലെ ജനങ്ങളെ വേട്ടയാടുകയാണവര്‍. ഇക്കാര്യം ലോകത്തിലുള്ള എല്ലാവരും അറിയട്ടെ. മഹാത്മജിയും മൗലാനയും അറിയട്ടെ' (ഹിന്ദു പത്രത്തില്‍ നല്‍കിയ പ്രസ്താവന).

മാപ്പെഴുതിത്തന്നാല്‍ മക്കയിലേക്ക് നാടുകടത്താമെന്നു പറഞ്ഞ ജഡ്ജി കേണല്‍ ഹംഫ്രിയോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: 'ഞാന്‍ മക്കയെ ഇഷ്ടപ്പെടുന്നു. എന്നു കരുതി ഞാന്‍ മക്കയിലല്ല പിറന്നത്, ഇവിടെ വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഏറനാടന്‍ മണ്ണിലാണ് ഞാന്‍ ജനിച്ചത്. ഇതാണെന്റെ നാട്. ഈ ദേശത്തെയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. ഇവിടെത്തന്നെ മരിക്കുകയും ഈ മണ്ണില്‍ ലയിച്ചു ചേരണമെന്ന് അഭിലഷിക്കുകയും ചെയ്യുന്നവനാണ് ഞാന്‍. പിന്നില്‍ നിന്ന് കണ്ണുകെട്ടി വധിക്കാതെ മുന്നില്‍ നിന്നും നെഞ്ചിലേക്ക് വെടിയുതിര്‍ത്തുകൊണ്ട് എനിക്കുള്ള വധശിക്ഷ നടപ്പാക്കണം. ഈ മണ്ണ് കണ്ടു ഞാന്‍ മരിക്കട്ടെ.'

ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യം സ്വപ്‌നം കണ്ടുകൊണ്ട്, ഹിന്ദു, മുസ്‌ലിം മൈത്രിക്ക് വേണ്ടി നിലകൊണ്ട, നൂറ്റാണ്ടുകളായി ഇന്ത്യക്കാരെ അടക്കിഭരിച്ചുകൊണ്ടിരിക്കുന്ന അധിനിവേശ ശക്തികള്‍ക്കെതിരെ ധീരോദാത്തം പോരാടിയ ആ മഹാമനുഷ്യന്‍ മലപ്പുറം കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുവെച്ച് ബ്രിട്ടീഷുകാരുടെ വെടിയുണ്ടകള്‍ നെഞ്ചേറ്റി വാങ്ങുമ്പോഴും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത് അചഞ്ചലമായ ദൈവവിശ്വാസവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള അടങ്ങാത്ത വിരോധവും ഭാരതമണ്ണിന്റെ സ്വാതന്ത്ര്യവും ആയിരുന്നു.

ഒട്ടേറെ ധീരദേശാഭിമാനികളെ രാജ്യത്തിനു സംഭാവന ചെയ്ത ചക്കിപ്പറമ്പന്‍ കുടുംബത്തില്‍ ജനിച്ച് വാരിയന്‍കുന്നത്ത് താമസമാക്കിയ കുഞ്ഞഹമ്മദ് ഹാജിയെ സ്മരിക്കുമ്പോള്‍ അതിലേറ്റവും രോഷം കൊള്ളുന്നത് സാമ്രാജ്യത്വ ശക്തികളും അവര്‍ക്ക് ഓശാനപാടിയിരുന്ന സ്വാതന്ത്ര്യസമര വിരോധികളായിരുന്ന സംഘപരിവാറുമായിരിക്കുമെന്നതില്‍ സംശയമില്ല. അതിനുള്ള മറുപടി പ്രമുഖ കവി കമ്പളത്ത് ഗോവിന്ദന്‍ നായര്‍ 1944 ല്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പുളിക്കല്‍ മുതല്‍ മോങ്ങം വരെ നടന്ന ജാഥയില്‍ പാടിയത് നമുക്കേറ്റുപാടാം:

''അന്നിരുപത്തൊന്നില്‍ നമ്മളിമ്മലയാളത്തില്

ഒന്നു ചേര്‍ന്നു വെള്ളയോടെതിര്‍ത്തു നല്ല മട്ടില്

ഏറനാട്ടിന്‍ ധീര മക്കള് ചോര ചിന്തിയ നാട്ടില്

ചീറിടും പീരങ്കികള്‍ക്ക് മാറു കാട്ടിയ നാട്ടില്

വാരിയന്‍ കുന്നത്ത് വീര കുഞ്ഞഹമ്മദാജിയും

വാശി മൂത്ത മൂപ്പരുടെ കൂടെ കൂട്ടമായിയും

രാജ്യസ്‌നേഹം വീറുകൊണ്ട ധീരരുണ്ടീ നാട്ടില്

രക്ഷ വേണമെങ്കില് മണ്ടിക്കോട്ടവര്‍ ഇംഗ്ലണ്ടില്!''