ചുവന്നു തുടുക്കുന്ന സവര്‍ണ സംവരണം

സുഫ്‌യാന്‍ അബ്ദുസ്സലാം

2020 ഒക്ടോബര്‍ 31 1442 റബിഉല്‍ അവ്വല്‍ 13
സര്‍ക്കാര്‍ നിയമനങ്ങളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിലുള്ള 50% സാമുദായിക സംവരണത്തിന് പോറല്‍ ഏല്‍പിക്കാതെയാണ് സാമ്പത്തിക സംവരണം നടപ്പാക്കുന്നതെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മൊത്തം സീറ്റുകളില്‍ നിന്നാണ് അത് നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ പ്രയോഗികമായി തെളിയിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ തീരുമാനവും നടപടിയും പിന്‍വലിക്കണം. സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടപ്പാക്കുകയും വേണം.

പിന്നാക്ക സമുദായങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ പത്തു ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിത്തുടങ്ങി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 21ന് ചേര്‍ന്ന മന്ത്രിസഭയുടെ തീരുമാനങ്ങളിലാണ് സാമ്പത്തിക സംവരണത്തെ കുറിച്ചുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്. 'ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്‌റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഇന്ന് മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും.' മുഖ്യമന്ത്രിയുടെ ഔദേ്യാഗിക പേജിലെ പ്രഖ്യാപനമാണിത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പിഎസ്‌സിയും വിജ്ഞാപനമിറക്കി. സംസ്ഥാനത്തെ മുഴുവന്‍ പിന്നാക്ക സമുദായ സംഘടനകളും സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി സാമുദായിക സംവരണത്തിന്റെ സുരക്ഷ ആഗ്രഹിക്കുന്ന എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.

പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ചൂണ്ടുപലകയായി സ്വീകരിച്ചിരിക്കുന്നത് 103ാം ഭരണഘടനാ ഭേദഗതിയെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളെയുമാണ്. 103ാം ഭരണഘടനാ ഭേദഗതി എന്നുപറയുന്നത് 2019 ജനുവരി 8,9 തീയതികളില്‍ പാര്‍ലമെന്റില്‍ സംഘപരിവാറിന്റെ ആശീര്‍വാദത്തോടെ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി കൊണ്ടുവന്ന ഭരണഘടന ഭേദഗതിയാണ്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടില്ലാത്ത സാമ്പത്തിക സംവരണം എന്ന ആശയത്തിന് നിയമസാധുത ഉണ്ടാക്കിക്കൊടുക്കാന്‍ വേണ്ടിയാണ് ഈ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. ഇതുസംബന്ധമായി സുപ്രീംകോടതിയില്‍ വരുംകാലങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്. നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെയും ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തെയും മാറ്റിമറിച്ചുകൊണ്ടല്ലാതെ സുപ്രീംകോടതിക്ക് സാമ്പത്തിക സംവരണത്തെ അംഗീകരിക്കാന്‍ സാധിക്കില്ല എന്ന കാര്യം ഉറപ്പാണ്.

സംവരണം എന്ത്, എന്തിന്?

എന്താണ് ഭരണഘടനാപരമായ സംവരണം? എന്തുകൊണ്ടാണ് അത് പലപ്പോഴും വിവാദത്തില്‍ പെടുന്നത്? എന്തുകൊണ്ട് സാമ്പത്തിക സംവരണം അംഗീകരിച്ചുകൂടാ? ഇത്തരം ചോദ്യങ്ങള്‍ സാധാരണക്കാരായ ആളുകള്‍ പലപ്പോഴും ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. ഇന്ത്യയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കാലാകാലങ്ങളിലായി അധികാരം, ഉദ്യോഗം, രാഷ്ട്രീയം തുടങ്ങിയ പൊതുഇടങ്ങളെല്ലാം കൈവശപ്പെടുത്തിയിരിക്കുന്നത് അഭിജാതരായ ഉന്നത ജാതികളില്‍ പെട്ടവരാണ് എന്നു കാണാം. 'വര്‍ണാശ്രമം' എന്ന് വിളിക്കപ്പെടുന്ന, ഇന്ത്യയില്‍ നിലനിന്നുപോരുന്ന ജാതിവ്യവസ്ഥയാണ് ഇതിനു കാരണം. ഉന്നത ജാതിക്കാര്‍ മാത്രമെ ഉയര്‍ന്ന പദവികളും തൊഴിലുകളും അധികാരങ്ങളും കൈവശപ്പെടുത്താവൂ എന്നും, താഴ്ന്ന ജാതിക്കാര്‍ അവരുടെ കുലത്തൊഴിലുകളിലും താഴ്ന്ന ജോലികളിലും മാത്രമെ ഏര്‍പ്പെടാവൂ എന്നുമുള്ള ജാതിവ്യവസ്ഥ നിശ്ചയിച്ച നിയമങ്ങളാണ് ഇതിനു കാരണം. ജാതിവ്യവസ്ഥ സമ്മാനിച്ച ദുരനുഭവങ്ങള്‍ പേറിയവരില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരും രാഷ്ട്രശില്‍പികളും ഉണ്ടായിരുന്നു. ഇന്ത്യക്ക് മഹത്തായ ഒരു ഭരണഘടന സമ്മാനിക്കാന്‍ മുന്നില്‍നിന്ന ഡോ. ബി.ആര്‍ അംബേദ്കര്‍ താഴ്ന്ന ജാതിക്കാരനായതിന്റെ പേരില്‍ ഒട്ടേറെ സഹിച്ച വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥ അടിച്ചേല്‍പിക്കുന്ന ദുരന്തങ്ങളില്‍നിന്നും സമൂഹത്തെ രക്ഷിക്കാന്‍ കേവലം ബോധവല്‍ക്കരണങ്ങള്‍ കൊണ്ടാവില്ല എന്ന് മനസ്സിലാക്കിയ അംബേദ്കറെ പോലുള്ളവര്‍ രാഷ്ട്രീയ പരിഹാരത്തിനായി യത്‌നിച്ചു. അതിന്റെ ഭാഗമായി ഭരണഘടനയില്‍ ചില അനുച്ഛേദങ്ങള്‍ എഴുതിച്ചേര്‍ത്തു. ഭരണ ഘടനയുടെ 15(4), 16(4) തുടങ്ങിയ അനുച്ഛേദങ്ങള്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങള്‍ക്ക് പ്രത്യേകം സംവരണം ഏര്‍പ്പെടുത്താവുന്നതാണ് എന്ന് വ്യക്തമാക്കുന്നു.

സാമ്പത്തികമായ വളര്‍ച്ചയല്ല സാമുദായിക സംവരണത്തിന്റെ ലക്ഷ്യം. രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിത്തീര്‍ക്കാന്‍ വേണ്ടിയുള്ള ഒരു സാമൂഹിക നവീകരണ പ്രക്രിയയാണ് സംവരണം. പണം ധാരാളം ഉള്ളതുകൊണ്ട് ഒരു സമുദായം മെച്ചപ്പെടുകയില്ല. മറിച്ച് ആ സമുദായത്തിനുകൂടി രാജ്യത്തിന്റെ ഭരണ, ഉദ്യോഗ, നീതിന്യായ വ്യവസ്ഥകളിലെല്ലാം പങ്കുണ്ടാകുമ്പോഴാണ് ആ സമുദായത്തിന് പുരോഗതി ഉണ്ടാവുക. പൗരത്വ പ്രശ്‌നം ഒരു ഉദാഹരണമാണ്. മുസ്‌ലിം സമുദായത്തില്‍ ധാരാളം പണക്കാരുണ്ട്. പക്ഷേ, അവര്‍ക്ക് പൗരത്വമോ രാജ്യത്തിന്റെ ഭരണാധികാരിക ളെ നിശ്ചയിക്കാനുള്ള അവകാശമോ ഭരണത്തിലെ കുഞ്ചിക സ്ഥാനങ്ങളോ ഒന്നുമില്ലെങ്കില്‍ പണം ഒന്നിനും ഉപകരിക്കില്ല എന്നത് വ്യക്തമാണ്. തിരുവിതാംകൂര്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന ഈഴവനായി രുന്ന ആലുംമൂട്ടില്‍ ചാന്നാര്‍ അതിസമ്പന്നനായിരുന്നുവെങ്കിലും അയിത്തജാതിക്കാരനായിരുന്നതിനാല്‍ പൊതുനിരത്തുകളിലൂടെ യാത്രചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനില്ലായിരുന്നു എന്ന ചരിത്രം സംവരണം എന്തിനാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ അതികായനായ സീതിസാഹിബ് പറയാറുള്ള ഒരു ഉദാഹരണമുണ്ട്: 'കൊണ്ടോട്ടിയിലെ അധികാരിയെക്കാള്‍ പതിന്മടങ്ങ് സാമ്പത്തികസ്ഥിതി കൊണ്ടോട്ടിയിലെ മത്സ്യമാര്‍ക്കറ്റ് നടത്തുന്ന ഒരു ഹാജിയാര്‍ക്ക് ഉണ്ടായിരുന്നിരിക്കാം. പക്ഷേ, ഹാജിയാര്‍ക്ക് അധികാരത്തിന്റെ നാലയലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല.'

കൊരമ്പയില്‍ അഹമ്മദ്ഹാജി നിയമസഭയിലെ സംവരണ ചര്‍ച്ചയില്‍ പറഞ്ഞ ഒരു സംഭവം ഇങ്ങനെയാണ്: 'എന്റെ നാട്ടില്‍, ഏറനാട് താലൂക്കില്‍ ഏറ്റവും വലിയ പണക്കാരനായ ഒരാള്‍, ഒരു അയ്യര്‍ വക്കീലിന്റെ അടുത്തു പോയി മുണ്ട് ഒക്കത്തുവച്ച് മുറ്റത്തുനിന്ന് തന്റെ കേസുകള്‍ പറഞ്ഞുകൊടുക്കുന്ന കാഴ്ച എന്റെ കണ്ണുകൊണ്ട് ഞാന്‍ കണ്ടിട്ടുണ്ട്. സാമ്പത്തികമായാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന ഒരാളാണ്.'

സംവരണത്തിന്റെ കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രം

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിന് വേണ്ടിയുള്ള നിയമം പാസാക്കുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതുകൊണ്ടാണ് കേരളത്തില്‍ പത്തുശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയത് എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഭരണഘടനയില്‍ 15(6),16(6) എന്നിങ്ങനെ പുതുതായി എഴുതിച്ചേര്‍ത്ത അനുച്ഛേദങ്ങളിലെ വ്യവസ്ഥകള്‍ അനുസരിച്ച് സാമ്പത്തികമായി അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശനം നല്‍കണോ വേണ്ടയോ എന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാവുന്നതാണ് എന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. (https://pib.gov.in/PressReleasePage.aspx?PRID=1602081). 

കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും സാമ്പത്തിക സംവരണം നടപ്പാക്കിയിട്ടില്ല. അപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനങ്ങളാണ് കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കാരണമെന്ന കേരള മുഖ്യമന്ത്രിയുടെ വാദം നീതീകരണം അര്‍ഹിക്കുന്നില്ല. മാത്രവുമല്ല കേന്ദ്രനിയമം വരുന്നതിന് മൂന്നുവര്‍ഷം മുമ്പ്, 2017 നവംബറില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം കേരളസര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. അന്നുതന്നെ ഇക്കാര്യം 'നേര്‍പഥം' ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (http://nerpatham.com/vol-no-01/samvaranam-veentum-attimarrikkappetukayo.html ).

അപ്പോള്‍ പിന്നെ എന്തിനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ധൃതിപിടിച്ച് ഇത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്? ഇടതുപക്ഷത്തെ നയിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികതയാണ് അവരെ സാമ്പത്തിക സംവരണത്തിലേക്ക് നയിക്കുന്നത്. കമ്യൂണിസ്റ്റ് സിദ്ധാന്തപ്രകാരം മേല്‍, കീഴ് എന്നിങ്ങനെ രണ്ടു വര്‍ഗങ്ങള്‍ മാത്രമേയുള്ളൂ. അത് യഥാക്രമം ധനിക, ദരിദ്ര വര്‍ഗങ്ങളാണ്. കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികതയുടെ ഉപാസകനായ ഇഎംഎസിന്റെ വിശദീകരണം നോക്കുക: ''സിപിഐഎം അടക്കമുള്ള ഇടതുപക്ഷക്കാരാകട്ടെ സാമൂഹികനീതിയെ കാണുന്നത് ധനിക, ദരിദ്ര വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ്. മേല്‍ജാതിക്കാര്‍ക്കെതിരായ കീഴ്ജാതിക്കാരുടെ സമരത്തെപ്പോലും ഉള്ളവര്‍ക്കെതിരായി ഇല്ലാത്തവര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകാര്‍ കാണുന്നത്'' (ചിന്ത വാരിക 12.04.1991). ജാതിവ്യവസ്ഥമൂലം ഉണ്ടായിട്ടുള്ള പിന്നാക്കാവസ്ഥകളെ മാര്‍ക്‌സിയന്‍ വര്‍ഗ സിദ്ധാന്തങ്ങള്‍ക്കൊപ്പിച്ച് വ്യാഖ്യാനിച്ചുകൊണ്ട് അതിനെ ഒരു ധനിക, ദരിദ്ര പോരാട്ടമാക്കി ചിത്രീകരിക്കുകയാണ് കമ്യൂണിസ്റ്റുകള്‍ പൊതുവില്‍ ചെയ്തുവരുന്നത്. അങ്ങനെ വരുമ്പോള്‍ പിന്നാക്കാവസ്ഥയുടെ കാരണം സാമ്പത്തികമാണെന്ന് പറയാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സര്‍ക്കാര്‍ വന്നതുമുതല്‍ ഇന്നുവരെ സാമുദായിക സംവരണത്തെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നതായി കാണാന്‍ സാധിക്കും. ഇന്ത്യയില്‍ തന്നെ ഇതിന് തുടക്കം കുറിച്ചത് 1958ല്‍ കേരള സര്‍ക്കാരിന്റെ ഭരണപരിഷ്‌കാര കമ്മിറ്റിയാണ്. സാമുദായിക സംവരണം ജാതിചിന്തയെ ശാശ്വതീകരിക്കും, കൂടുതല്‍ സമുദായങ്ങള്‍ സംവരണ മുറവിളിയുമായി രംഗത്തുവരും, സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത കുറയും തുടങ്ങിയ നിരീക്ഷണങ്ങളാണ് ആ കമ്മിറ്റി മുമ്പോട്ടുവച്ചത്. സാമുദായിക സംവരണമല്ല, സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എഴുതപ്പെട്ടു. സാമുദായിക സംവരണം നിലനിര്‍ത്തണമെന്ന് പറയുന്നതോടൊപ്പം പ്രധാനമായും രണ്ടു വാദങ്ങളായിരുന്നു ഭരണപരിഷ്‌കാര കമ്മിറ്റിയും സര്‍ക്കാരും അവരെ പിന്തുണച്ചിരുന്നവരും പറഞ്ഞിരുന്നത്. പിന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക അഭിവൃദ്ധി നേടിയ പലരുമുണ്ട്; അവരെ സംവരണത്തില്‍നിന്നൊഴിവാക്കണം. അതുപോലെ മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി കഷ്ടപ്പെടുന്നവരുണ്ട്; അവര്‍ക്ക് സംവരണം നല്‍കണം.

ഇഎംഎസ് പറയുന്നു: ''മുതലാളിത്ത വളര്‍ച്ച മൂലമുണ്ടാകുന്ന ദാരിദ്ര്യത്തിന്റെ സന്തതിയായ അവശത കള്‍ക്കും പിന്നോക്കാവസ്ഥക്കും ഇത് (ജാതി സംവരണം) പരിഹാരമല്ല. പക്ഷേ, മുതലാളിത്ത വളര്‍ച്ചയുടെ അനിവാര്യഫലമായിത്തന്നെ പിന്നോക്കജാതികളില്‍ നിന്ന് ചെറുന്യൂനപക്ഷമാണെങ്കിലും ഒരു വരേണ്യ വര്‍ഗം ഉയര്‍ന്നുവരുന്നു. നേരെമറിച്ച് മുന്നോക്ക ജാതികളില്‍പെട്ട പതിനായിരങ്ങള്‍ ദരിദ്രവിഭാഗങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു'' (ഇഎംഎസ് സമ്പൂര്‍ണ കൃതികള്‍, സഞ്ചിക 60, പേജ് 283).

ഇന്ത്യയുടെ ആത്മാവു കണ്ട, പിന്നാക്കാവസ്ഥയുടെ അടിസ്ഥാന കാരണങ്ങള്‍ മനസ്സിലാക്കിയ ഭരണ ഘടനാശില്‍പികള്‍ പരിഹാരമായി കണ്ടെത്തിയ സംവരണത്തിന്റെ അവകാശം അതിന് ഒരിക്കലും പരിഗണിക്കാ ന്‍ പാടില്ലാത്ത വിഭാഗങ്ങള്‍ക്കുകൂടി വീതിച്ചുനല്‍കി വരേണ്യവിഭാഗങ്ങളെ തൃപ്തിപ്പെടുത്താനുള്ള വേലയാണിത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.

'പിന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക അഭിവൃദ്ധി നേടിയ പലരുമുണ്ട്; അവരെ സംവരണത്തില്‍ നിന്നൊഴിവാക്കണം' എന്ന ഇവരുടെ വാദമാണ് പിന്നീട് 'ക്രീമിലയെര്‍' (പിന്നാക്കക്കാരിലെ മേല്‍ത്തട്ടുകാര്‍) ആയി പരിണമിച്ചത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒബിസി വിഭാഗക്കാര്‍ക്ക് 27% സംവരണം അനുവദിച്ചപ്പോള്‍ സുപ്രീംകോടതിയില്‍ അത് ചോദ്യം ചെയ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ നടന്ന വാദങ്ങള്‍ക്കൊടുവില്‍ ഒബിസി സംവരണം സുപ്രീംകോടതി അംഗീകരിക്കുകയും എന്നാല്‍ ഒബിസിയിലെ 'മേല്‍ത്തട്ടുകാരെ' ഒഴിവാക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. സംവരണ വിരുദ്ധര്‍ വളരെക്കാലമായി നടത്തിയ കുപ്രചാരണത്തിന്റെ സന്തതിയായിരുന്നു ഈ ക്രീമിലെയര്‍.

മൊത്തം സീറ്റില്‍നിന്നും 10% സര്‍ക്കാര്‍ അറിയാതെയാണോ?

സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ അതിന്റെ വീതംവയ്പ് എങ്ങനെയായിരിക്കണമെന്നത് ഒരു പ്രത്യേക വിഷയമാണല്ലോ. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ശ്രദ്ധിക്കാം: 'നിലവില്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവി ഭാഗത്തില്‍നിന്നാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്' (മുഖ്യമന്ത്രി, https/www.keralacm.gov.in/mal/?author=7). 

സാമുദായിക സംവരണ വിഭാഗങ്ങളുടെ ശതമാനത്തിന് ഇളക്കം തട്ടുകയില്ലെന്നും 'ജനറല്‍' വിഭാഗത്തില്‍നിന്നായിരിക്കും നല്‍കുക എന്നുമാണല്ലോ മുഖ്യമന്ത്രിയുടെ ഉറപ്പ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നല്‍കുന്ന ഉറപ്പാണിത്. അത് പാലിക്കുവാന്‍ എല്ലാ വകുപ്പുകള്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍ ഫലത്തില്‍ സംഭവിച്ചതെന്താണ്? 'ജനറല്‍' വിഭാഗത്തില്‍നിന്നല്ല സാമ്പത്തിക സംവരണം നല്‍കിയത്; മൊത്തം എണ്ണ ത്തില്‍നിന്നാണ്. സത്യത്തില്‍ ഈ വിഷയത്തില്‍ ഭരണപരിഷ്‌കാര കമ്മിറ്റിയും തുടര്‍ന്ന് സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിച്ചവരും സാമ്പത്തിക സംവരണത്തിന്റെ വീതംവയ്പ് എങ്ങനെയായിരിക്കണമെന്ന് എഴുതിയത് വായിച്ചാല്‍ സംഭവിച്ചത് അബദ്ധവശാല്‍ അല്ല, മനഃപൂര്‍വമാണെന്നു ബോധ്യപ്പെടാന്‍ വലിയ പ്രയാസമില്ല. അത് ഇങ്ങനെയാണ്: '1) അവശജാതിക്കാര്‍ക്കുള്ള സംവരണം ജാതിയുടെ അടിസ്ഥാനത്തില്‍ തന്നെ തുടരുക. 2) സംവരണാനുകൂല്യം ലഭിക്കുന്ന സമുദായങ്ങളില്‍ പെട്ട കീഴ്ത്തട്ടുകാരില്‍നിന്ന് അര്‍ഹതയുള്ള ഉദേ്യാഗാര്‍ഥികള്‍ വരുന്നില്ലെങ്കില്‍ മേല്‍ത്തട്ടുകാര്‍ക്ക് നല്‍കണം. 3) മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് മൊത്തം ഉദ്യോഗത്തിന്റെ പത്ത് ശതമാനം നല്‍കണം' (ഇഎംഎസ്, ചിന്ത വാരിക 14.03.1997). പണ്ട് ഇഎംഎസ് എഴുതിവച്ച ഈ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

വ്യതിയാനം റെയിലിന്റെ വളവുപോലെ

സാമുദായിക സംവരണത്തെ കുഴിച്ചുമൂടി പകരം സാമ്പത്തിക സംവരണം നടപ്പാക്കല്‍ അത്ര എളുപ്പമല്ലെന്നറിയാവുന്നതുകൊണ്ട് സാമുദായിക സംവരണത്തിന് ചില വ്യതിയാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് എളുപ്പവഴി എന്ന് സാമ്പത്തിക സംവരണത്തിന്റെ വക്താക്കള്‍ മനസ്സിലാക്കി. മുകളിലെ രണ്ടാം നിര്‍ദേശത്തില്‍ കണ്ടതുപോലെ 'സംവരണാനുകൂല്യം ലഭിക്കുന്ന സമുദായങ്ങളില്‍ പെട്ട കീഴ്ത്തട്ടുകാരില്‍നിന്ന് അര്‍ഹതയുള്ള ഉദേ്യാഗാര്‍ഥികള്‍ വരുന്നില്ലെങ്കില്‍ മേല്‍ത്തട്ടുകാര്‍ക്ക് നല്‍കണം' എന്ന നിര്‍ദേശം ഇത്തരത്തിലുള്ള ഒന്നാണ്. പലപ്പോഴും സംവരണ വിഭാഗങ്ങളില്‍നിന്ന് അര്‍ഹരായ ഉദേ്യാഗാര്‍ഥികള്‍ വരുന്നില്ല എന്ന കാരണം പറഞ്ഞ് അവര്‍ക്ക് ലഭിക്കേണ്ട ഉദ്യോഗം മറ്റുള്ളവര്‍ക്ക് നല്‍കുവാനുള്ള സൂത്രമാണിത്. ഒന്നാം ഇഎംഎസ് സര്‍ക്കാര്‍ കേരള സ്‌റ്റേറ്റ്&സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സ് തയ്യാറാക്കിയപ്പോള്‍ ഇത്തരത്തിലുള്ള ഒരു സൂത്രം ഒപ്പിച്ചു:"If no suitable candidate is available for selection in any of the communities or group of communities selection shall be made from open competition candidates" [Part II 15(b)]. ഏതെങ്കിലും കമ്യൂണിറ്റികളില്‍ തിരഞ്ഞെടുക്കുന്നതിന് അനുയോജ്യമായ ഉദേ്യാഗാര്‍ഥികളെയൊന്നും ലഭ്യമായില്ലെങ്കില്‍, പൊതുവിഭാഗത്തിലെ ഉദേ്യാഗാര്‍ഥികളില്‍നിന്നും തിരഞ്ഞെടുക്കപ്പെടും. ഒരു വിഭാഗത്തില്‍നിന്നും ലഭിച്ചില്ലെങ്കില്‍ മറ്റൊരു വിഭാഗത്തില്‍നിന്നും എടുക്കുക എന്ന് കേള്‍ക്കുമ്പോള്‍ അതിനു വലിയ കുഴപ്പം തോന്നുകയില്ല. പക്ഷേ, സംവരണ വിഭാഗങ്ങളില്‍ അധികവും പലതരത്തിലുള്ള പോരായ്മകളും അവശതകളും അനുഭവിക്കുന്നവരാണ്. അവരില്‍നിന്നും ലഭ്യമായില്ലെങ്കില്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് നടത്തേണ്ടിയിരുന്നത്. കെഎസ്&എസ്എസ്ആറില്‍ അത്തരത്തിലുള്ള നിര്‍ദേശമാണ് വെക്കേണ്ടിയിരുന്നത്.

സംവരണ വിഭാഗങ്ങളില്‍നിന്നും അര്‍ഹരായ ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്താതെ മേല്‍ത്തട്ടുകാരെ നിയമിച്ചതുകൊണ്ട് എന്തുസംഭവിച്ചു എന്ന് 2002ലെ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നമ്മോട് വിളിച്ചുപറഞ്ഞിട്ടുണ്ട്. പിന്നാക്കക്കാര്‍ക്ക് അത്രയും കാലം നഷ്ടമായ ഉദ്യോഗങ്ങളുടെ കണക്കാണ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ഈ പ്രാതിനിധ്യക്കുറവ് (ബാക്ക്‌ലോഗ്) പരിഹരിക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ എന്‍എസ്എസ് അടക്കമുള്ളവരുടെ ഭീഷണിക്ക് മുമ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പക്ഷേ, 2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം ഒരു കാര്യം ചെയ്തു. കെഎസ്&എസ്എസ്ആറിലെ പ്രസ്തുത ചട്ടം ഭേദഗതി ചെയ്തു ഉത്തരവിറക്കി. [G.O.(P) No.7/2006/P&ARD dated 08/03/2006].

ഭാവിയില്‍ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ അത് സഹായകമാകുമെങ്കിലും നഷ്ടപ്പെട്ടുപോയ ഉദ്യോഗങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. കാരണങ്ങള്‍ എന്തോ ആകട്ടെ, ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് അവര്‍ക്ക് ലഭ്യമാക്കേണ്ട ഉദ്യോഗങ്ങള്‍ നഷ്ടമായാല്‍ അത് അവര്‍ക്കു തന്നെ ലഭ്യമാക്കാനുള്ള ശ്രമമാണ് സര്‍ക്കാരും പിഎസ്‌സിയും മറ്റു വകുപ്പുകളും ചെയ്യേണ്ടത്.

പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പിഎസ്പി) നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1961ല്‍ അദ്ദേഹം ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ മുസ്‌ലിംകളും പട്ടികജാതിവര്‍ഗക്കാരും മറ്റു പിന്നാക്ക ക്രിസ്തീയ വിഭാഗങ്ങളും കുറവായിരുന്ന കാലമായിരുന്നു അത്. സെക്രട്ടറിയേറ്റിലേക്കും മറ്റു ചില വകുപ്പുകളിലേക്കും പിഎസ്‌സി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ പിന്നാക്ക വിഭാഗക്കാര്‍ ഇല്ലായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടു ഒരു സപ്ലിമെന്ററി പരീക്ഷ നടത്തിച്ചു. അതുവഴി 20 മുസ്‌ലിംകള്‍, 11 എസ്‌സി, എസ്ടി അടക്കമുള്ള പിന്നാക്ക വിഭാഗക്കാരുടെ ലിസ്റ്റ് പിഎസ്‌സിക്ക് പ്രസിദ്ധീകരിക്കേണ്ടിവന്നു. പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനായി ആത്മാര്‍ഥതയും ഇച്ഛാശക്തിയുമുള്ള ഭരണാധികാരികള്‍ സ്വീകരിക്കേണ്ട മാര്‍ഗം ഇതുപോലെയുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ആണ്. പക്ഷേ, പലപ്പോഴും വരേണ്യ വിഭാഗങ്ങളുടെ ഭീഷണിക്ക് വഴങ്ങി നട്ടെല്ല് ചുരുട്ടിക്കെട്ടുകയാണ് പലരും ചെയ്തിട്ടുള്ളത്.

നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

1967ല്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം രണ്ടാം ഇഎംഎസ് സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷനാ യിരുന്നു നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. നെട്ടൂരിന്റെ റിപ്പോര്‍ട്ട് ഭരണപരിഷ്‌കാര കമ്മിറ്റിയുടെ പ്രതിബിംബം മാത്രമായിരുന്നു. സാമ്പത്തിക സംവരണം നടപ്പാക്കണമെന്നും പിന്നാക്കക്കാരിലെ 'മുന്നാക്കക്കാര്‍ക്ക്' സംവരണം അനുവദിക്കാന്‍ പാടില്ലെന്നും 8000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് മാത്രമെ സാമുദായിക സംവരണത്തിന്റെ ആനുകൂല്യം അനുവദിക്കാനാവൂ എന്നുമായിരുന്നു റിപ്പോര്‍ട്ടിന്റെ കാതല്‍. റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ സി. അച്യുതമേനോന്‍ ആയിരുന്നു മുഖ്യമന്ത്രി. റിപ്പോ ര്‍ട്ടിന്മേല്‍ വലിയ ചര്‍ച്ചകളും വാഗ്വാദങ്ങളും നിയമസഭയില്‍ അരങ്ങേറി. ഇഎംഎസ് വീണ്ടും ലേഖനയുദ്ധം ആരംഭിച്ചു. പിന്നാക്കവിഭാഗ പ്രതിനിധികള്‍ നിയമസഭയില്‍ ശക്തമായി നേരിട്ടതിനെ തുടര്‍ന്ന് സാമ്പത്തിക സംവരണം നടപ്പാക്കാനോ പിന്നാക്കക്കാരിലെ മുന്നാക്കക്കാരെ ഒഴിവാക്കാനോ സവര്‍ണത്വം പേറുന്ന സംവരണ വിരുദ്ധര്‍ക്ക് സാധിച്ചില്ല.

സാമ്പത്തിക സംവരണം മുട്ടുമടക്കിയിട്ടുണ്ട്

കേരളത്തില്‍ ഭരണപരിഷ്‌കാര കമ്മിറ്റി മുതല്‍ തുടങ്ങിവച്ച സാമ്പത്തിക സംവരണ വാദം പലപ്പോഴും മുട്ടുമടക്കിയ ചരിത്രമാണുള്ളത്. 1987ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശ്രമം നടത്തി. പക്ഷേ, പിന്നാക്ക വിഭാഗങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പും രാഷ്ട്രീയ ഇച്ഛാശക്തിയും ഒത്തുചേര്‍ന്നപ്പോള്‍ കരുണാകരന് അത് പിന്‍വലിക്കേണ്ടി വന്നു. 'ചന്ദ്രിക' കരുണാക രനെതിരെയും സാമ്പത്തിക സംവരണത്തിനെതിരെയും വളരെ ശക്തമായി അക്കാലത്ത് തൂലിക ചലിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ 1991ല്‍ പി.വി നരസിംഹറാവു സാമ്പത്തിക സംവരണം കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും സുപ്രീംകോടതിയുടെ ഇടപെടല്‍ കാരണം ഉപേക്ഷിക്കേണ്ടി വന്നു.

മുന്നാക്കക്കാരിലെ ദരിദ്രര്‍ക്ക് സംവരണം വേണ്ടേ?

മുന്നാക്കക്കാരിലെയും പിന്നാക്കക്കാരിലെയും ദരിദ്രവിഭാഗങ്ങള്‍ക്ക് അവരുടെ സാമ്പത്തികാവസ്ഥകള്‍ പരിഹരിക്കുന്നതിനുള്ള പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതിന് ആരും ഇവിടെ എതിരല്ല. അത്തരം പാക്കേജുകള്‍ വേണമെന്നാണ് എല്ലാവരും പറയുന്നത്. അതിനു പക്ഷേ, സാമുദായിക സംവരണത്തെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്. സാമുദായിക സംവരണവും സാമ്പത്തിക പാക്കേജുകളും തമ്മില്‍ വലിയ വ്യത്യാസ മുണ്ട്. സാമുദായിക സംവരണത്തിന് വേണ്ടി വാദിക്കുന്നവര്‍ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുള്ളതാണ്. 'പാവങ്ങളെയും പണക്കാരെയും കൂടി ഈ വകുപ്പുകളുമായി കൂട്ടിക്കുഴച്ചാല്‍ നിയമപരമായി തന്നെ വേണ്ടാ ത്ത കുഴപ്പങ്ങളെല്ലാം ഉണ്ടാകുന്നതായിരിക്കും. പാവപ്പെട്ടവരെ സംബന്ധിച്ചാണെങ്കില്‍ ഭരണഘടന 340ാം വകുപ്പനുസരിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് വേണ്ടി സഹായം നല്‍കാന്‍ ഉത്തരവുകള്‍ പാസ്സാക്കുന്നതിനുള്ള അധികാരം ഗവര്‍മെന്റില്‍ നിക്ഷിപ്തമാണ്. അതനുസരിച്ച് ഗവര്‍മെന്റ് വേണ്ടത് ചെയ്തുകൊള്ളണം എന്നല്ലാതെ സാമുദായിക പ്രാതിനിധ്യവുമായി ആ പ്രശ്‌നം കൂട്ടിക്കുഴക്കരുത്' (സിഎച്ച് മുഹമ്മദ്‌കോയ, നിയമസഭാ പ്രസംഗം 1958, ഡിസംബര്‍ 2).

സര്‍ക്കാര്‍ പറയുന്ന ചില പരിമിതികള്‍

കേരളത്തില്‍ സാമുദായിക സംവരണം 50 ശതമാനമാണ്. സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്ന് സുപ്രീംകോടതി നിബന്ധനവച്ചിട്ടുണ്ട്. അതുകൊണ്ട് നിലവിലുള്ള 50 ശതമാനം സാമുദായിക സംവരണത്തിന്റെ പുറമെ സാമ്പത്തിക സംവരണം നല്‍കാന്‍ സാധിക്കില്ല. മൊത്തം എണ്ണത്തില്‍ നിന്ന് മാത്രമെ ശതമാനം കണക്കാക്കാന്‍ സാധിക്കൂ. ഇതൊക്കെയാണ് സര്‍ക്കാറിന്റെ ന്യായീകരണങ്ങള്‍. ഒരു വിഭാഗത്തിന്റെ അവകാശത്തില്‍ കൈയിട്ടു വാരിയിട്ടാണോ മറ്റൊരു വിഭാഗത്തിന് പുതിയ ആനുകൂല്യം നല്‍കുന്നത്? പുതിയ ആനുകൂല്യം നല്‍കുന്നതിന് നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെ സുപ്രീംകോടതിയുടെ നിബന്ധന മറികടക്കാനുള്ള ആര്‍ജവം കാണിക്കുകയാണ് വേണ്ടത്. തമിഴ്‌നാട്ടില്‍ ഇപ്പോഴും സംവരണം 69 ശതമാനമാണ്. 1992ല്‍ ഇന്ദിരാസാഹ്നി വിധിയെ തുടര്‍ന്ന് സംവരണം 50 ശതമാനത്തില്‍ നിജപ്പെടുത്തണമെന്ന സുപ്രീംകോടതി യുടെ വിധിയുണ്ടായിട്ടും 69 ശതമാനം സംവരണം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി തമിഴ്‌നാട് കാര്യം സാധിച്ചു. എന്തുകൊണ്ട് കേരളത്തിന് അത് സാധിക്കുന്നില്ല? സര്‍ക്കാര്‍ പറയുന്ന ഇത്തരം ന്യായങ്ങളും വാദങ്ങളും പിന്നാക്ക സമുദായങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല. സര്‍ക്കാര്‍ അനാവശ്യമായി ഉണ്ടാക്കിയെടുത്ത പ്രശ്‌നമാണിത്. അത് സര്‍ക്കാര്‍ തന്നെ പരിഹരിക്കുകയാണ് വേണ്ടത്.

സാമുദായിക സംവരണത്തിന്റെ കൂടാരത്തിനുചുറ്റും കറങ്ങിത്തിരിഞ്ഞ് പതുക്കെപ്പതുക്കെ അതി നുള്ളിലേക്ക് ചേക്കേറിയ സവര്‍ണ സംവരണം ഇപ്പോള്‍ ചുവന്നു തുടുത്തുകൊണ്ടിരിക്കുകയാണ്. ചുവന്നു തുടുത്ത സവര്‍ണ സംവരണത്തിന്റെ അടുത്ത ലക്ഷ്യം പിന്നാക്ക വിഭാഗങ്ങളുടെ 'മുന്നാക്കാവസ്ഥ'യുടെ ഗ്രാഫ് ഉയര്‍ത്തിക്കാണിക്കുകയും മുന്നാക്കക്കാരിലെ 'ദാരിദ്ര്യ'ത്തിന്റെ ഗ്രാഫ് വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ പടിപടിയായി പിന്നാക്കവിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഓരോന്നോരോന്നായി വെട്ടിക്കുറച്ച് സംവരണകൂടാരവും അടക്കിവാഴാനുള്ള ഗൂഢപദ്ധതികളാണ് ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തിക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന എന്‍എസ്എസ് നേതാവിന്റെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നത്.

സാമുദായിക സംവരണം നേടിയെടുത്തതിന് തുല്യതയില്ലാത്ത പോരാട്ടത്തിന്റെ ചരിത്രമുണ്ട്. ആ ചരിത്രം ഓര്‍മിക്കുവാന്‍ സംവരണ സമുദായങ്ങള്‍ ഇടക്കെങ്കിലും സമയം കണ്ടെത്തേണ്ടതുണ്ട്. തമിഴ് ബ്രാഹ്മണര്‍ ഉദ്യോഗരംഗം കുത്തകയാക്കിവച്ചപ്പോഴാണ് മലയാളികള്‍ മൊത്തത്തില്‍ സംവരണത്തിനായി 1891ല്‍ യോജിച്ചുനിന്ന് പോരാടിയത്. അതിന്റെ ഫലം നായര്‍ വിഭാഗം മാത്രം അനുഭവിച്ചുവന്നപ്പോഴാണ് 1896ല്‍ ഈഴവ മെമ്മോറിയല്‍ രൂപംകൊണ്ടത്. പിന്നീട് ഈഴവ, മുസ്‌ലിം, െ്രെകസ്തവ വിഭാഗങ്ങള്‍ ഒന്നിച്ചുനിന്നുകൊണ്ടാണ് 1933ല്‍ നിവര്‍ത്തനപ്രക്ഷോഭം ആരംഭിച്ചത്. അതിന്റെ സല്‍ഫലങ്ങളാണ് പിന്നാക്ക വിഭാഗങ്ങള്‍ ഇന്ന് ഒന്നിച്ചനുഭവിക്കുന്നത്. ഈ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ശക്തമായ അവകാശ പോരാട്ടങ്ങള്‍ നടത്തുവാന്‍ പിന്നാക്കവിഭാഗങ്ങള്‍ 'മുന്നാക്കം' വന്നെങ്കില്‍ മാത്രമെ സവര്‍ണ സംവരണത്തിന്റെ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളൂ. ഇനിയും അമാന്തിച്ചുനിന്നാല്‍ പഴയ 'വര്‍ണാശ്രമം' പുതിയ ചക്രവാളങ്ങളില്‍ ഉദയം ചെയ്യുകയും സാമുദായിക സംവരണം അറബിക്കടലില്‍ അസ്തമിക്കുകയും ചെയ്യും.