പ്രവാചകനിന്ദയുടെ രാഷ്ട്രീയവും പ്രതികരണങ്ങളിലെ ഇസ്‌ലാമികതയും

സുഫ്‌യാന്‍ അബ്ദുസ്സലാം

2020 നവംബര്‍ 07 1442 റബിഉല്‍ അവ്വല്‍ 20
പ്രവാചകനിന്ദയുടെ വാര്‍ത്തകള്‍ ലോകത്തിന് പുതുമയല്ല. പ്രവാചകന്‍ ദൗത്യം തുടങ്ങിയ നാള്‍ തൊട്ട് തുടങ്ങിയതാണത്. ഇത്തരം നിന്ദകളെ വിശ്വാസത്തിന്റെയും ക്ഷമയുടെയും കരുത്തോടെ, പ്രവാചക ദര്‍ശനത്തിന്റെ പ്രചാരണം വര്‍ധിപ്പിച്ച് പ്രതികരിക്കുകയാണ് വേണ്ടത്. കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച അധ്യാപകന്റെയും  അയാളെ വധിച്ച പതിനെട്ടുകാരന്റെയും ഇസ്ലാമിനെതിരെ പ്രതികരണം നടത്തിയ മാക്രോണിന്റെയും തീവ്ര നടപടികള്‍ നീതീകരണം അര്‍ഹിക്കുന്നില്ല. മൂന്നു വിഭാഗവും നിലപാടുകള്‍ മാറ്റി ലോകത്തോട് മാപ്പ് പറയണം.

പ്രവാചകനിന്ദയുടെ എപ്പിസോഡുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഫ്രാന്‍സില്‍നിന്നാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോണ്‍ഫ്‌ലാന്‍സ്‌സൈന്റ്‌ഹോണറിന്‍ എന്ന പാരീസിന്റെ പ്രാന്തപ്രദേശത്തെ ഒരു സ്‌കൂളിലാണ് സംഭവം. എല്ലാം പതിവുപടി തന്നെ. പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകള്‍ ആണ് ആയുധം. സ്‌കൂള്‍ അധ്യാപകനാണ് കഥാപാത്രം. 'ആവിഷ്‌കാര സ്വാതന്ത്ര്യം' പഠിപ്പിക്കാന്‍ ഒരുങ്ങിവന്ന ചരിത്രാധ്യാപകന്‍ ആദ്യമേ മുസ്‌ലിം വിദ്യാര്‍ഥികളോടെല്ലാം പുറത്തുപോകാന്‍ പറഞ്ഞുവത്രെ! 'മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പുറത്തുപോകാം' എന്നു പറഞ്ഞുകൊണ്ട് വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുന്നവിധത്തിലാണ് അധ്യാപകന്‍ തന്റെ 'ആവിഷ്‌കാര' ചര്‍ച്ചാക്ലാസ്സ് ആരംഭിച്ചത്. ഒരു അധ്യാപകന് ഒട്ടും ആശാസ്യമല്ലാത്ത പരനിന്ദയുടെ സന്ദേശം പരത്തിയ അയാള്‍ പിന്നീട് ഒരു 'തീവ്രവാദി'യുടെ കരങ്ങളാല്‍ കൊലചെയ്യപ്പെടുകയും ചെയ്തു. പതിനെട്ടുകാരനായ 'തീവ്രവാദി'യെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയും ചെയ്തു.

ഫ്രാന്‍സില്‍ മാത്രമല്ല, ഡെന്മാര്‍ക്, ഹോളണ്ട് തുടങ്ങിയ ചില യൂറോപ്യന്‍ രാജ്യങ്ങളിലും പ്രവാചക കാരിക്കേച്ചറുകള്‍ വെച്ചുകൊണ്ടുള്ള അവഹേളനങ്ങള്‍ സ്ഥിരമാണ്. അടുത്തകാലങ്ങളിലായി ഇത്തരത്തിലുള്ള കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചും പ്രസിദ്ധീകരിച്ചും അന്യമതദ്വേഷം ആളിക്കത്തിക്കുന്ന പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്. 2006 മുതല്‍ ഫ്രാന്‍സിലെ തീവ്ര ഇടതുപക്ഷ ആക്ഷേപ ഹാസ്യ വാരികയായ 'ഷാര്‍ലി എബ്ദോ' പ്രവാചകനെ അവഹേളിച്ചുകൊണ്ടും മുസ്‌ലിംകളെ ഭീകരവാദികളാക്കിക്കൊണ്ടുമുള്ള കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന്റെ അലയൊലികള്‍ ലോകം മുഴുവന്‍ വ്യാപിച്ചിരുന്നു. 2005ല്‍ ഡെന്മാര്‍ക്കിലെ 'യൂലാന്‍സ് പോസ്റ്റന്‍' പ്രസിദ്ധീകരിച്ച വിവാദമായ 12 പ്രവാചകനിന്ദാ കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചുകൊണ്ടാണ് 'ഷാര്‍ലി എബ്ദോ' ഫ്രാന്‍സില്‍ മതവിദ്വേഷ പ്രവണതകള്‍ക്ക് ആക്കംകൂട്ടിയത്. മതേതരത്വവും മതസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നതാണ് ഫ്രാന്‍സിന്റെ ഭരണഘടന. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഉല്‍പത്തി, വംശം, മതം എന്നിവ കണക്കിലെടുക്കാതെ എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണെന്നും ഭരണഘടനയില്‍ പറയുന്നുണ്ട്. മതം പൗരന്റെ സ്വകാര്യവിഷയമാണെന്നും പൊതുഇടങ്ങളില്‍ ഒരു മതത്തിനും സ്ഥാനമില്ലെന്നും രാജ്യം ഒരു മതത്തെയും അനുകൂലിക്കുന്നില്ലെന്നും എല്ലാ മതങ്ങളുടെയും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വമാണ് ഉണ്ടാവേണ്ടതെന്നും ഭരണഘടന നിഷ്‌കര്‍ഷിക്കുന്നുണ്ട്.

2006ല്‍ ഷാര്‍ലി എബ്ദോ പ്രവാചകനെയും മുസ്‌ലിംകളെയും അധിക്ഷേപിച്ചും അവഹേളിച്ചും കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുകയും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ ഫ്രാന്‍സിലെ രണ്ട് പ്രമുഖ മുസ്‌ലിം സംഘടനകള്‍ അതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സെമിറ്റിക് വിഭാഗങ്ങള്‍ക്കെതിരെയെയുള്ള പ്രവര്‍ത്തനങ്ങള്‍ ഫ്രഞ്ച് നിയമങ്ങളനുസരിച്ച് നിരോധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രവാചകനെതിരെയുള്ള കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് സെമിറ്റിക് വിഭാഗങ്ങളെ പ്രകോപിപ്പിക്കുന്നത് ഈ നിയമമനുസരിച്ച് പാടില്ലാത്തതാണ് എന്നാണ് മുസ്‌ലിം സംഘടനകള്‍ കോടതിയില്‍ പരാതിപ്പെട്ടത്. മതങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല എന്നും മുസ്‌ലിം വികാരങ്ങള്‍ കണക്കിലെടുത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ ഹനിക്കുമെന്നുമായിരുന്നു വാരികയുടെ വാദം. എന്നാല്‍ ഫ്രാന്‍സിന്റെ മതേതരമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു പാരീസ് ഗ്രാന്‍ഡ് മോസ്‌കും ഉത്തരവാദപ്പെട്ട മുസ്‌ലിം സംഘടനകളും അതിനോട് പ്രതികരിച്ചത്. 'ഇവിടുത്തെ പ്രശ്‌നം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെതല്ല. വംശീയ വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെതുമാണ്. വംശീയ വിദ്വേഷവും വര്‍ഗീയതയും (ൃമരശാെ) രാജ്യത്ത് നിരോധിക്കപ്പെട്ടവയാണ്. കാര്‍ട്ടൂണുകളില്‍ ചിലത് മുസ്‌ലിം സമൂഹത്തെ ഭീകരരായി ചിത്രീകരിക്കുന്നതാണ്. അത് തികച്ചും വര്‍ഗീയതയാണ്.' ഗ്രാന്‍ഡ് മോസ്‌കിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫ്രാന്‍സിസ് സ്‌പൈനര്‍ കോടതിയില്‍ പറഞ്ഞു.

തെരുവിലിറങ്ങി അക്രമം കാണിക്കുന്നതിന് പകരം നിയമപരമായി നേരിടാനായിരുന്നു ഫ്രാന്‍സിലെ മുസ്‌ലിം കൂട്ടായ്മകള്‍ ഫ്രഞ്ച് മുസ്‌ലിംകളോട് അഭ്യര്‍ഥിച്ചിരുന്നത്. പ്രവാചകനിന്ദ പ്രചരിപ്പിച്ച ഷാര്‍ലി എബ്ദോയുടെ നടപടിയെ മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് ജാക് ഷിറാക് ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. മുസ്‌ലിം സമുദായത്തെ മനഃപൂര്‍വം പ്രകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വമായ നടപടികളാണ് വാരികയുടേതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

എന്നാല്‍ ഇപ്പോഴത്തെ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളരെ അപക്വവും അനവസരത്തിലുള്ളതും വസ്തുതാവിരുദ്ധവുമാണ്. തീവ്രവികാരങ്ങളാലും മറ്റുള്ളവരെ നശിപ്പിക്കുന്ന തരത്തിലുള്ള പുനരുജ്ജീവിപ്പിക്കപ്പെട്ട ജിഹാദിനാലും വലയംചെയ്യപ്പെട്ട മതമാണ് ഇസ്‌ലാം എന്നും അത് ലോകത്താകമാനം പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ് എന്നുമാണ് മാക്രോണ്‍ പറഞ്ഞത്. സ്വന്തം രാജ്യത്തു നടന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെ അദ്ദേഹം അപലപിക്കണം. അതില്‍ രണ്ടഭിപ്രായമില്ല. പക്ഷേ, ഇസ്‌ലാമിനെയും ലോകത്തുള്ള മുഴുവന്‍ മുസ്‌ലിംകളെയും അപമാനിക്കാനും അവരെ വേദനിപ്പിക്കാനുമാണ് മാക്രോണ്‍ ഈ അവസരത്തെ ഉപയോഗിച്ചത്. അധ്യാപകന്റെ കൊലയെ അപലപിക്കുന്നതോടൊപ്പം കൊലയിലേക്ക് നയിച്ച ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ അധ്യാപകന്‍ നടത്തിയ വിദ്വേഷപ്രവര്‍ത്തനങ്ങളെ ഫ്രഞ്ച് പ്രസിഡണ്ട് കാണാതെ പോയത് ശരിയായില്ല. രണ്ടും അപലപിക്കപ്പെടേണ്ടതാണ്. അതോടൊപ്പം ഇസ്‌ലാമിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്നതോ മുസ്‌ലിംകളില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നതോ ആയ കുറ്റകൃത്യങ്ങളെ മുഴുവന്‍ മുസ്‌ലിം ലോകത്തിന്റെ ചുമലില്‍ വെക്കുകയും മുസ്‌ലിംസമൂഹം മുഴുവന്‍ തീവ്രവാദികളും ഭീകരവാദികളുമാണെന്നു ധ്വനിപ്പിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട ഭരണാധികാരിയില്‍നിന്നും ഉണ്ടാകാന്‍ പാടുണ്ടായിരുന്നില്ല. ലോകത്തെ മുഴുവന്‍ മുസ്‌ലിം രാജ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി മാക്രോണിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിട്ടുള്ള കാര്യം ഫ്രാന്‍സ് മറക്കാന്‍ പാടില്ല.

ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന തുറുപ്പുശീട്ട്

ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന തുറുപ്പുശീട്ടാണ് അവഹേളനങ്ങള്‍ നടത്തുന്നവര്‍ ഉപയോഗിക്കാറുള്ളത്. സമൂഹത്തില്‍ നന്മ പ്രചരിപ്പിക്കുകയും തിന്മകളെ ചൂണ്ടിക്കാണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുക എന്നതാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ ധര്‍മം. വിമര്‍ശനം ഒരിക്കലും അവഹേളനമല്ല. അഭിപ്രായ വ്യത്യാസങ്ങളില്‍ ഒരു അഭിപ്രായത്തോട് യോജിപ്പും മറ്റൊരു അഭിപ്രായത്തോട് വിയോജിപ്പും ഉണ്ടാവുക സ്വാഭാവികമാണ്. വിയോജിപ്പുകളോട് മാന്യമായ ശൈലിയില്‍ അഭിപ്രായങ്ങള്‍ പറഞ്ഞു പ്രതികരിക്കുന്നതിനെയാണ് വിമര്‍ശനം, നിരൂപണം എന്നെല്ലാം പറയുന്നത്. ഇത് സാഹിത്യലോകത്ത് പരക്കെ അറിയപ്പെട്ട കാര്യമാണ്. അതൊരിക്കലും വിവിധ സമൂഹങ്ങള്‍ ആദരിക്കുന്ന വ്യക്തികളെ അപമാനിക്കലോ ഇടിച്ചുതാഴ്ത്തലോ അല്ല. 'എന്റെ മുഷ്ടി ഉയര്‍ത്താനുള്ള അവകാശം മറ്റെയാളുടെ മൂക്ക് ആരംഭിക്കുന്നിടത്ത് അവസാനിക്കുന്നു' എന്ന ആപ്തവാക്യം ഏതൊരു സ്വാതന്ത്ര്യത്തിന്റെ വിഷയത്തിലും ബാധകമാണ്. മറ്റുള്ളവര്‍ക്ക് ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ അനുവദിക്കാന്‍ സാധിക്കില്ല. 'അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ അധിക്ഷേപിക്കരുത്' എന്ന ക്വുര്‍ആനിക വചനം ആവിഷ്‌കാര വാദികള്‍ ഓര്‍ത്തുവെക്കുന്നത് നല്ലതാണ്.

ഫ്രാന്‍സിലെ സംഭവങ്ങളെ ചൂണ്ടിക്കാട്ടി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞ വാചകങ്ങള്‍ വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു: 'ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നാം എപ്പോഴും നിലകൊള്ളേണ്ടതുണ്ട്. പക്ഷേ, അതിന് പരിധിയും പരിമിതിയുമില്ലെന്ന് കരുതുകയും ചെയ്യാന്‍ പാടില്ല. ചില ജനസമൂഹങ്ങള്‍ക്കെതിരില്‍ അനാവശ്യമായും അനിയന്ത്രിതമായും ഉപയോഗിക്കാനുള്ള ആയുധമല്ല അത്. മറ്റുള്ളവരോട് ബഹുമാനം കാണിച്ചുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ നാം നമ്മോടുതന്നെ കടപ്പെട്ടിരിക്കുന്നു. നമ്മുടേതുപോലുള്ള ബഹുസ്വരവും വൈവിധ്യപൂര്‍ണവും ആദരണീയവുമായ സമൂഹത്തില്‍, നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. പ്രത്യേകിച്ച് വിവേചനം അനുഭവിക്കുന്ന സമൂഹങ്ങളുടെ കാര്യത്തില്‍ നാം വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം' (https://www.dawn.com/news/1587848/freespeechhaslimitscanadastrudeausays).

കാനഡയ്ക്കു ശേഷം റഷ്യയും ഫ്രാന്‍സിന്റെ നിലപാടിനെ തള്ളിക്കൊണ്ട് രംഗത്തുവന്നു. മതനിന്ദ ഉള്‍ക്കൊള്ളുന്നതും വംശീയ വിദ്വേഷം പരത്തുന്നതുമായ പ്രസിദ്ധീകരണങ്ങള്‍ റഷ്യയില്‍ അനുവദിക്കില്ലെന്നാണ് ക്രെംലിന്‍ ഔദേ്യാഗിക വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്. 'നിലവിലെ നിയമനിര്‍മാണം ഉള്‍പ്പെടെ, നമ്മുടെ രാജ്യത്ത് (ഷാര്‍ലി എബ്ദോ പോലെയുള്ള) മാധ്യമങ്ങളുടെ നിലനില്‍പ്പ് തീര്‍ത്തും അസാധ്യമാണ്. രാജ്യത്തെ അടിസ്ഥാനമതം ക്രിസ്തുമതമാണെങ്കിലും രണ്ട് കോടി മുസ്‌ലിംകള്‍ റഷ്യയില്‍ അധിവസിക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രത്യേകത അതിന്റെ ബഹുവംശീയതയും ബഹുജനത്വവുമാണ്. പരസ്പരബന്ധം കാത്തുസൂക്ഷിക്കുകയും എല്ലാ വിശ്വാസങ്ങളും പരസ്പരം ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ള നിലപാട്.' (https://www.aa.comt.r/en/europe/russiawillnotallowantiislammedia/2023858).

കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തരുത്

ഒരു രാജ്യത്തെ അസ്വസ്ഥജനകമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുതന്നെ നടത്തിയാലും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. ഏതെങ്കിലും ഒരു കുറ്റകൃത്യം പോലെയല്ല മതനിന്ദയും ആക്ഷേപാവഹേളനങ്ങളും. സമൂഹത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കാനും വ്യാപകമായ കുഴപ്പങ്ങളും കലാപങ്ങളും സൃഷ്ടിക്കുവാനും അവയ്ക്ക് സാധിക്കുമെന്നതിന് ചരിത്രം സാക്ഷിയാണ്. 'കുഴപ്പമുണ്ടാക്കല്‍ കൊല നടത്തുന്നതിനെക്കാള്‍ നിഷ്ഠൂരമാണ്' (ക്വുര്‍ആന്‍ 2:191), 'കുഴപ്പമുണ്ടാക്കല്‍ കൊല നടത്തുന്നതിനെക്കാള്‍ ഗുരുതരമാണ്' (ക്വുര്‍ആന്‍ 2:217) തുടങ്ങിയ ക്വുര്‍ആനിക വചനങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. കുഴപ്പങ്ങള്‍ വരാതെ സൂക്ഷിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാതെ പിന്നീടുണ്ടാവുന്ന ദുരന്തങ്ങളെ മാത്രം പഴിച്ചിട്ടു കാര്യമില്ല. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ എന്തും അനുവദിക്കാമെന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞാല്‍ ലോകത്ത് കലാപങ്ങളുടെ പേരില്‍ മരിച്ചുവീഴുന്നവരുടെ എണ്ണം വര്‍ധിക്കുകയേ ഉള്ളൂ. കുഴപ്പമുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത വിതക്കുന്നവരെ നിയന്ത്രിക്കുകയും ചെയ്യണമെന്നതാണ് ദൈവിക നിര്‍ദേശങ്ങള്‍. ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതിരിക്കുമ്പോഴാണ് ലോകം മുഴുവന്‍ കലാപങ്ങളുടെ പിടിയില്‍ അമരുക. ഇത് മുന്‍കൂട്ടിക്കണ്ടുകൊണ്ട് കുഴപ്പങ്ങള്‍ തുടങ്ങിവെക്കുന്നവരെ നിയന്ത്രിക്കുകയാണ് രാജ്യത്തിന്റെ ഭദ്രത കാംക്ഷിക്കുന്ന ഭരണാധികാരികള്‍ ചെയ്യേണ്ടത്. ക്വുര്‍ആന്‍ പറയുന്നു: '(ഇത്തരം നിര്‍ദേശങ്ങള്‍) നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്' (ക്വുര്‍ആന്‍ 8:73).

പ്രവാചകന്മാര്‍ക്കെതിരെയുള്ള അവഹേളനവും ആക്ഷേപവും പരിഹാസവും പുതിയതല്ല. അവര്‍ പ്രബോധനം ചെയ്തുവന്നിരുന്ന കാലങ്ങളിലെല്ലാം അതുണ്ടായിരുന്നു. വിശുദ്ധ ക്വുര്‍ആനും പൂര്‍വവേദങ്ങളും പ്രതിപാദിക്കുന്ന ചരിത്രങ്ങളില്‍ ധാരാളമായി അത് കാണാന്‍ സാധിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രവാചകന്മാരും അവരുടെ യഥാര്‍ഥ അനുയായികളും സ്വീകരിച്ചിരുന്ന നിലപാടുകളും വര്‍ത്തമാനകാലത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. പ്രവാചകന്മാരോടുള്ള സ്‌നേഹം പലപ്പോഴും അവര്‍ പഠിപ്പിക്കാത്ത അതിരുവിട്ട പ്രതികരണങ്ങളിലേക്കും മാന്യതയില്ലാത്ത സംസാരങ്ങളിലേക്കും സമൂഹത്തില്‍ വ്യാപകമായ കുഴപ്പങ്ങള്‍ വരുത്തിവെക്കുന്ന പ്രസ്താവനകളിലേക്കും നയിക്കുന്നുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രമാണങ്ങളില്‍നിന്നും ചരിത്രത്തില്‍നിന്നുമാണ് അവര്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതും നിലപാടുകള്‍ സ്വീകരിക്കാനുള്ള പക്വത കൈവരിക്കേണ്ടതും.

ഇസ്‌ലാമിനെയും മുഹമ്മദ് നബി ﷺ യെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇസ്‌ലാമികലോകത്ത് പ്രതികരണങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അഭിപ്രായ, ആവിഷ്‌കാരസ്വാതന്ത്ര്യത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ലോകം ആദരിക്കുന്ന പ്രവാചകനെ മ്ലേച്ഛമായ രീതിയില്‍ ഇടിച്ചുതാഴ്ത്തുന്ന അപമാനകരമായ കാര്‍ട്ടൂണുകള്‍ ബോധപൂര്‍വം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുമ്പോള്‍ പ്രതികരിക്കേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ മുസ്‌ലിംലോകം ഉണര്‍ന്നുചിന്തിക്കേണ്ടതുണ്ട്. ഇസ്‌ലാമിനോടും പ്രവാചകനോടും വളരെയധികം ആത്മാര്‍ഥതയുള്ള ഏതൊരു വ്യക്തിക്കും അങ്ങേയറ്റത്തെ വിഷമവും പ്രയാസവും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ 'പ്രതികരിക്കേണ്ടതില്ലേ' എന്ന ചോദ്യം വളരെ പ്രസക്തമാണ്. അങ്ങനെ ചോദിക്കുന്നവരെ മുഴുവന്‍ തീവ്രവാദികള്‍ എന്നു മുദ്രകുത്തുന്നതിന് പകരം അവര്‍ക്ക് ആശ്വാസകരവും തൃപ്തികരവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് വേണ്ടത്.

ഒരു മുസ്‌ലിം എല്ലാ കാര്യങ്ങളിലും ദൈവിക നിര്‍ദേശങ്ങള്‍ മാത്രം പാലിക്കാന്‍ ബാധ്യതപ്പെട്ടവനാണ്. ദൈവിക നിര്‍ദേശങ്ങള്‍ പാലിക്കാതെ ഇഹലോകത്തെ മാത്രം ഉദ്ദേശിച്ചു നടക്കുന്ന ആളുകള്‍ക്കും വിഭാഗങ്ങള്‍ക്കും പ്രതികരണങ്ങളിലോ സംസാരങ്ങളിലോ ആവിഷ്‌കാരങ്ങളിലോ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. കാരണം പരലോകശിക്ഷയെ അവര്‍ ഭയപ്പെടുന്നില്ല. എന്നാല്‍ പരലോകത്തെ ഭയപ്പെടുന്ന വിശ്വാസിക്ക് ഇഹലോകത്ത് അതിരുവിട്ടു യാതൊന്നും ചെയ്യാന്‍ സാധിക്കില്ല. വിശ്വാസിക്ക് നിയന്ത്രണങ്ങളുണ്ട്. അങ്ങനെയുള്ള നിയന്ത്രണങ്ങളെയാണ് ക്ഷമ, സംയമനം തുടങ്ങിയ പദങ്ങളിലൂടെ വിശുദ്ധ ക്വുര്‍ആന്‍ ഉദ്‌ബോധിപ്പിച്ചിട്ടുള്ളത്. 'നിങ്ങള്‍ അതിരുവിട്ടു പ്രവര്‍ത്തിക്കരുത്; അതിരുവിടുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല' (ക്വുര്‍ആന്‍ 2:190) തുടങ്ങിയ ധാരാളം വചനങ്ങള്‍ ക്വുര്‍ആനില്‍ കാണാം.

പ്രവാചകനിന്ദ അദ്ദേഹത്തിന്റെ കാലത്ത്

പ്രവാചക അവഹേളനങ്ങള്‍ അദ്ദേഹം ജീവിച്ചിരിപ്പുള്ള കാലത്ത്, പ്രബോധനം ആരംഭിച്ചത് മുതല്‍ നിലനില്‍ക്കുന്നുണ്ട്. ശാരീരികമായി ഉപദ്രവിച്ചും വഴികള്‍ തടഞ്ഞും വധിക്കാന്‍ ശ്രമിച്ചും വളരെയധികം പീഡനങ്ങള്‍ അവര്‍ ചൊരിഞ്ഞു. പ്രവാചകനെ അവര്‍ വ്യക്തിപരമായി അവഹേളിച്ച് മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചു. ഭ്രാന്തന്‍, ആഭിചാരക്കാരന്‍, കവി, വാലറ്റവന്‍, പെരുംകള്ളന്‍, കോപ്പിയടിക്കുന്നവന്‍ തുടങ്ങി പലതരത്തിലുള്ള പേരുകളും വിളിച്ച് അദ്ദേഹത്തെ അവര്‍ അപഹസിച്ചിരുന്നു. പക്ഷേ, അത്തരം അപഹാസ്യങ്ങളോട് എന്ത് നിലപാട് പുലര്‍ത്തണം എന്നും അദ്ദേഹത്തിന് അല്ലാഹു നിര്‍ദേശം നല്‍കിയിരുന്നു. ക്വുര്‍ആന്‍ പറയുന്നു: ''അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക. ബഹുദൈവവാദികളില്‍നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു. അതായത് അല്ലാഹുവോടൊപ്പം മറ്റു ദൈവത്തെ സ്ഥാപിക്കുന്നവര്‍ പിന്നീട് അവര്‍ അറിഞ്ഞുകൊള്ളും. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് നീ സ്‌തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. മരണം നിനക്ക് വന്നെത്തുന്നതുവരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 15:94-99).

ഒരു പ്രവാചകന്റെയും ശേഷം വരുന്ന പ്രബോധകന്റെയും ഉത്തരവാദിത്തം ജനങ്ങളെ പരലോകം ബോധ്യപ്പെടുത്തി ശരിയായ ദൈവവിശ്വാസം പഠിപ്പിച്ച് സംസ്‌കരിക്കുക എന്നതാണ്. അതിനെതിരെ വഴിമുടക്കികളായി പലരും പല രൂപത്തിലും കടന്നുവരും. വ്യക്തിപരമായ ആക്ഷേപങ്ങള്‍, തെറ്റിദ്ധരിപ്പിക്കലുകള്‍, പരിഹാസം, മോശമായ വാക്കുകളിലൂടെ തെറിവിളിക്കല്‍ തുടങ്ങി പ്രബോധകന്റെ മാര്‍ഗത്തെ തെറ്റിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും അതിലൂടെ മുതലെടുപ്പ് നടത്തുകയും ചെയ്യുക എന്നതാണ് ഇരുട്ടിന്റെ ശക്തികള്‍ എന്നും നടത്തിക്കൊണ്ടിരിക്കുന്നത്. അതിലൂടെ രണ്ട് കാര്യങ്ങളാണ് അത്തരക്കാര്‍ നേടിയെടുക്കുന്നത്. പ്രബോധകന്റെ പ്രവര്‍ത്തനമാര്‍ഗത്തെ വഴിതിരിച്ചുവിടുകയും മുമ്പോട്ടുള്ള ഗമനത്തെ പിടിച്ചുകെട്ടുകയും ചെയ്യുക, ജനശ്രദ്ധ പിടിച്ചുപറ്റി അതിലൂടെ പണവും പ്രസിദ്ധിയും നേടുക എന്നിവയാണത്. ഫ്രാന്‍സില്‍ തന്നെ ഷാര്‍ലി എബ്ദോ പ്രവാചക കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ലോകത്തുണ്ടായ പ്രതികരണങ്ങള്‍ കാരണം അവരുടെ കോപ്പികള്‍ ഇരട്ടികളായി വര്‍ധിക്കുകയുണ്ടായി. ഡെന്മാര്‍ക്കിലും ഹോളണ്ടിലും മാത്രമല്ല, സല്‍മാന്‍ റുഷ്ദിയുടെ ക്ഷുദ്രകൃതിക്ക് പോലും ഇതാണ് സംഭവിച്ചത്. റുഷ്ദിയുടെ തലകൊയ്യാന്‍ ഇറാന്‍ കല്‍പന പുറപ്പെടുവിച്ചതോടെ അതിന്റെ നേട്ടം റുഷ്ദിയുടെ സാത്താനിക് വേഴ്‌സസിനായിരുന്നു ലഭിച്ചത്. മുകളില്‍ സൂചിപ്പിച്ച ക്വുര്‍ആന്‍ സൂക്തത്തില്‍ 'ഇന്നാ കഫയ്‌നാകല്‍ മുസ്തഹ്‌സിഈന്‍' (പരിഹസിക്കുന്നവര്‍ക്കെതിരെ അല്ലാഹു മതി) എന്ന അല്ലാഹുവിന്റെ ആശ്വാസവചനം ഇസ്‌ലാമിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതൊരാളും ഉള്‍ക്കൊള്ളേണ്ട വചനമാണ്. മുഹമ്മദ് നബി ﷺ  മാത്രമല്ല, ലോകത്ത് കഴിഞ്ഞുപോയ മുഴുവന്‍ പ്രവാചകന്മാരുടെയും അവസ്ഥ ഇതുതന്നെയാണ്.

''നിനക്കു മുമ്പ് പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചുകൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക തന്നെ ചെയ്തു'' (ക്വുര്‍ആന്‍ 6:10).

മുഹമ്മദ് നബിയടക്കം ലോകത്തു കഴിഞ്ഞുപോയ സകല പ്രവാചകന്മാരും അനാദരിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവരെയെല്ലാവരെയും ഒരു വ്യത്യാസവുമില്ലാതെ ആദരിക്കുന്നവരാണ് മുസ്‌ലിംകള്‍. മോസസ് (മൂസ), ജീസസ് (ഈസ) തുടങ്ങിയ പ്രവാചകന്മാര്‍ക്കെതിരെ ആണെങ്കിലും അവഹേളനങ്ങളും അനാദരിക്കലും മുസ്‌ലിംകള്‍ അംഗീകരിക്കില്ല. 'അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല' (ക്വുര്‍ആന്‍ 2:285) എന്നതാണ് അവരുടെ നിലപാട്.

ശൈഖ് ഫൗസാന്‍ പറയുന്നു

ഫ്രാന്‍സില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് പ്രശസ്ത പണ്ഡിതന്‍ സ്വാലിഹ് അല്‍ഫൗസാന്‍ പറഞ്ഞത് മുസ്‌ലിംലോകം കാതോര്‍ക്കേണ്ടതാണ്. അദ്ദേഹം പറഞ്ഞു: ''ഇതൊരു പുതിയ കാര്യമല്ല. അല്ലാഹുവിന്റെ തിരുദൂതരുടെ കാലത്തുതന്നെ ഇത്തരം ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ ജോത്സ്യന്‍, ആഭിചാരക്കാരന്‍, കവി, വ്യാജന്‍ തുടങ്ങിയ പ്രയോഗങ്ങളിലൂടെ അധിക്ഷേപിച്ചപ്പോള്‍ അദ്ദേഹം ക്ഷമിച്ചു. അദ്ദേഹം പ്രതികാര നടപടികള്‍ സ്വീകരിച്ചില്ല. ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടുള്ള തെരുവുകളിലെ പ്രതിഷേധങ്ങള്‍കൊണ്ടോ നിരപരാധികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടോ അദ്ദേഹം പ്രവര്‍ത്തിച്ചില്ല. 'ഒരു വിഭാഗത്തോടുള്ള വിദ്വേഷം അനീതി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കരുത്' എന്നാണ് ക്വുര്‍ആന്‍ പറയുന്നത്. ഇസ്‌ലാം ശത്രുതയുടെയോ പ്രതികാരത്തിന്റെയോ കോപാന്ധതയുടെയോ മതമല്ല. കാരുണ്യത്തിന്റെയും സന്മാര്‍ഗത്തിന്റെയും സൗമ്യതയുടെയും മതമാണ്. പ്രവാചകന്റെ ക്ഷമ ഒടുവില്‍ ഇസ്‌ലാമിന് വിജയം നല്‍കി. പല ശത്രുക്കളും ഇസ്‌ലാമിന്റെ പതാകവാഹകരായി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് വിവരദോഷികളുടെ വിവരക്കേടുകളാണ്. അതിലേക്ക് ശ്രദ്ധകൊടുക്കാതിരിക്കുക. മുസ്‌ലിംകള്‍ തെരുവുകളിറങ്ങി അക്രമം നടത്തണമെന്നാണ് ഇത്തരക്കാര്‍ ഉദ്ദേശിക്കുന്നത്. അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നവരാകരുത് മുസ്‌ലിംകള്‍' (https://www.youtube.com/watch?v=-ntp9iZcCsYU).

ഇസ്‌ലാമിക ആദര്‍ശങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്യാന്‍ പാടില്ലെന്ന് മുസ്‌ലിംകള്‍ക്ക് അഭിപ്രായമില്ല. ഏതൊരു ആദര്‍ശവും വിമര്‍ശിക്കപ്പെടുക സ്വാഭാവികമാണ്. ആരോഗ്യകരമായ വിമര്‍ശനങ്ങളും നിരൂപണങ്ങളും ആവിഷ്‌ക്കാരങ്ങളും മനുഷ്യസമൂഹത്തിന്റെ ചിന്താ മണ്ഡലങ്ങളില്‍ ഗുണപരമായ ചലനങ്ങള്‍ സൃഷ്ടിക്കും. ഇസ്‌ലാമിനെക്കുറിച്ചും ഇസ്‌ലാമിക ആദര്‍ശത്തെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളെ മുസ്‌ലിംലോകം കണ്ണടച്ച് എതിര്‍ക്കാറില്ല. ഇസ്‌ലാമിനെതിരെ ആര്‍ക്കും ഒന്നും പറയാന്‍ അവകാശമില്ലെന്ന ധാരണയും മുസ്‌ലിംകള്‍ വെച്ചുപുലര്‍ത്താറില്ല. അബദ്ധധാരണകളില്‍നിന്നും അജ്ഞതയില്‍നിന്നും തെറ്റിദ്ധരിപ്പിക്കലുകളില്‍നിന്നും ഉല്‍ഭൂതമാകുന്ന ചോദ്യങ്ങളെയും വിമര്‍ശനങ്ങളെയും ഇസ്‌ലാം ശത്രുതാപരമായി കാണാറില്ല. സദുദ്ദേശ്യപരമായി അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുകയും വിമര്‍ശിക്കുകയും ചെയ്തവരില്‍ പലര്‍ക്കും പിന്നീട് യഥാര്‍ഥ ദൈവികമാര്‍ഗത്തെ പുല്‍കാന്‍ സാധിച്ചതായി നമുക്കുകാണാം.

ഇസ്‌ലാം ലോകത്തോടു സംസാരിക്കുന്നത് അതിന്റെ പ്രമാണങ്ങളിലൂടെയാണ്. ക്വുര്‍ആനും പ്രവാചക ചര്യയുമാണ് പ്രമാണങ്ങള്‍. മുന്‍വിധികളില്ലാതെ അവയെ പഠിക്കുന്നവരില്‍ ഭൂരിപക്ഷവും ഇസ്‌ലാമിനോടുണ്ടായിരുന്ന വിമര്‍ശനങ്ങളും ശത്രുതയും അലിഞ്ഞില്ലാതാവുകയാണ് അവയെ മുന്‍വിധികളില്ലാതെ പഠിക്കുന്നവരില്‍ പലര്‍ക്കും സംഭവിക്കുന്നത്. അതുകൊണ്ടാണ് ലോകത്ത് വിശിഷ്യാ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്‌ലാമിനുള്ള സ്വീകാര്യത വര്‍ധിക്കുന്നത്. പക്ഷേ, ഈ സ്വീകാര്യത പലര്‍ക്കും അലോസരങ്ങള്‍ സൃഷ്ടിക്കുന്നതുകൊണ്ട് ഇസ്‌ലാമിക പ്രമാണങ്ങള്‍ വായിക്കപ്പെടാതെ പോകുന്നതിനു വേണ്ടി ലോകത്തിന്റെ ശ്രദ്ധതിരിക്കുകയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനുള്ള എളുപ്പമാര്‍ഗം മുസ്‌ലിംകളെ പ്രകോപിപ്പിക്കുക എന്നതാണ്. അങ്ങനെ പ്രകോപിതരാകുന്ന മുസ്‌ലിംകളെ ചൂണ്ടിക്കാണിച്ച് ഇതാണ് ഇസ്‌ലാം എന്നും ഇസ്‌ലാം പ്രതിസന്ധിയിലാണ് എന്നുമെല്ലാം വിളിച്ചുപറയുകയാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ലോകത്തെ പല മുസ്‌ലിം രാജ്യങ്ങളും എത്രകണ്ട് ഇസ്‌ലാമികമല്ല എന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിച്ചിട്ടുള്ള ആളുകള്‍ക്കറിയാം. അവിടങ്ങളില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, അനാശാസ്യ പ്രവണതകള്‍ തുടങ്ങിയവയ്ക്ക് ഇസ്‌ലാമിക പ്രമാണങ്ങളുമായി യാതൊരു ബന്ധവുമില്ല. മുസ്‌ലിം ഭരണാധികാരികളില്‍ ചിലര്‍ ഇസ്‌ലാമിന്റെ മധ്യമമാര്‍ഗം വിട്ട് വെല്ലുവിളികള്‍ ഉതിര്‍ക്കുന്നതും വലിയവായിലുള്ള വര്‍ത്തമാനങ്ങള്‍ പറയുന്നതും ഇസ്‌ലാമിന്റെ അക്കൗണ്ടിലാണ് ചേര്‍ക്കപ്പെടുന്നത് എന്നത് എത്രമാത്രം വിരോധാഭാസമാണ്! പ്രവാചക മാര്‍ഗത്തില്‍നിന്നും എത്രമാത്രം വഴിമാറിയാണ് അവര്‍ സഞ്ചരിക്കുന്നത് എന്നത് ലോകത്തിനറിയില്ല.

പ്രവാചകനെതിരെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച അധ്യാപകന്‍ കൊലചെയ്യപ്പെട്ടിരിക്കുകയാണ്. ചെച്‌നിയന്‍ വംശജനായ 18കാരനാണ് കൊലയാളി. ഈ കൊലപാതകത്തിന് കാരണം തീവ്രവാദമാണോ മറ്റെന്തെങ്കിലും കാരണമാണോ എന്നത് അന്വേഷണത്തിലൂടെ കണ്ടുപിടിക്കേണ്ട കാര്യമാണ്. ഫ്രാന്‍സിലെ പോലീസ് സംവിധാനവും ജുഡീഷ്യറിയും അന്വേഷിച്ച് വിധിപറയേണ്ട വിഷയമാണത്. പക്ഷേ, അതിനു മുമ്പേ സംഭവത്തിന്റെ എല്ലാ കുറ്റവും ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ ചേര്‍ക്കാനുള്ള ധൃതിയാണ് ഫ്രഞ്ച് പ്രസിഡണ്ട് കാണിച്ചത്. ഈ നടപടി ഒട്ടും നീതീകരണം അര്‍ഹിക്കുന്നില്ല. ഫ്രാന്‍സ് ലോകത്തിന്റെ പലയിടത്തും നടത്തിയ മനുഷ്യക്കുരുതികളെയും അതിക്രമങ്ങളെയും ആരും ക്രിസ്ത്യന്‍ തീവ്രവാദമായി അവതരിപ്പിച്ചിട്ടില്ല. അപ്പോഴൊന്നും ക്രിസ്തുമതം പ്രതിസന്ധിയിലാണെന്ന് ആരും ആരോപിച്ചിട്ടില്ല.

കൊലപാതകം ഹീനം, കുറ്റകരം

എന്തിന്റെ പേരിലായാലും ആരെയും വധിക്കാനുള്ള അധികാരം വ്യക്തികള്‍ക്കില്ല. അങ്ങനെയൊരാധികാരം ഇസ്‌ലാമിക പ്രമാണങ്ങളില്‍ തിരഞ്ഞുനോക്കിയാല്‍ കണ്ടെത്താനും സാധിക്കില്ല. ഒരാളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതിനെ ആരും ഇസ്‌ലാമിന്റെ പേരില്‍ ന്യായീകരിക്കേണ്ടതില്ല. ഇസ്‌ലാം അതില്‍ കുറ്റക്കാരനല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകനെ നിന്ദിച്ചു എന്നതിന്റെ പേരില്‍ (വിവരദോഷം കാണിച്ച) ഒരു അധ്യാപകന്റെ കൈവെട്ടിയ സംഭവം കേരളം മറന്നിട്ടില്ല. പ്രവാചകന്‍ ﷺ  പഠിപ്പിക്കാത്ത ഇത്തരം ദുഷ്‌ചെയ്തികള്‍ പ്രവാചകന്റെ പേരില്‍ തന്നെ നടപ്പാക്കുമ്പോള്‍ അവര്‍ പ്രവാചകന്റെ നെഞ്ചിലാണ് കഠാരയിറക്കുന്നതെന്ന കാര്യം മറന്നുപോകുന്നു. മതത്തിന്റെ അകക്കാമ്പ് മനസ്സിലാക്കാത്ത, പ്രവാചകന്റെ ചര്യകളെക്കുറിച്ച് വേണ്ടവിധം പഠിക്കാത്ത ഇത്തരത്തിലുള്ള വികാരജീവികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ബോംബ് സ്‌ഫോടനങ്ങളും മുസ്‌ലിം വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളും കലാപങ്ങളും ഇസ്‌ലാമിന്റെ മുഖഛായക്ക് വലിയ കോട്ടം വരുത്തിയിട്ടുണ്ട് എന്ന സത്യം ആരും നിഷേധിച്ചിട്ട് കാര്യമില്ല. ഒട്ടകപ്പക്ഷിയെ പോലെ തല മണ്ണില്‍ പൂഴ്ത്തിവെച്ചതുകൊണ്ട് മാത്രം മുഖത്തിന്റെ വൈരൂപ്യത്തെ മറച്ചുപിടിക്കാന്‍ സാധ്യമല്ല. മുസ്‌ലിംകള്‍ അപക്വമായ പ്രതികരണ സ്വഭാവം വെടിഞ്ഞ് പ്രമാണങ്ങളിലേക്ക് മടങ്ങണം. തൗഹീദില്‍ നിന്നുള്ള വ്യതിചലനം അല്ലാഹുവില്‍നിന്നുള്ള സഹായം നഷ്ടപ്പെടുത്തുമെന്ന് മനസ്സിലാക്കണം.

രാഷ്ട്രീയാധികാരങ്ങള്‍ക്ക് വേണ്ടിയുള്ള മല്‍പ്പിടുത്തങ്ങള്‍ തന്നെയായിരുന്നു ഭൂതകാലങ്ങളില്‍ ഇസ്‌ലാമിന്റെ യശസ്സിന് ഭംഗം വരുത്തിയത് എന്ന വസ്തുത ഒരു പാഠമായി സ്വീകരിക്കാനെങ്കിലും വര്‍ത്തമാന ഇസ്‌ലാമിക സമൂഹം തയ്യാറാവേണ്ടതുണ്ട്. ഭരണാധികാരികളില്‍ ദൂഷ്യങ്ങള്‍ കണ്ടെത്തി അവരെ അട്ടിമറിക്കുകയും പണ്ഡിതന്മാരില്‍ പ്രതികരണന്യൂനതകള്‍ കണ്ടെത്തി അവരെ ഒന്നിനും പറ്റാത്തവരായി ചിത്രീകരിക്കുകയും അവരുടെ സാരോപദേശങ്ങള്‍ തള്ളിക്കളയുകയും ചെയ്യുന്ന, എന്തിനും ഉറഞ്ഞുതുള്ളുന്ന ഒരു വിഭാഗമാണ് പലപ്പോഴും ഇസ്‌ലാമിന്റെ പ്രതീകങ്ങളായി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അതിനുവേണ്ടി ക്വുര്‍ആനിക വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുകയും സാധാരണക്കാരായ ആളുകളെ ഇളക്കിവിടുകയും ചെയ്യുമ്പോള്‍ പൊതുലോകം അതെല്ലാം ഇസ്‌ലാമിന്റെ പേരില്‍ വരവ് വെക്കുകയും ചെയ്യുന്നു. ഈ പ്രവണതക്ക് മാറ്റം വരുത്താന്‍ മുസ്‌ലിംലോകം തയ്യാറാവുക മാത്രമാണ് ഇതിനുള്ള പരിഹാരം. 'ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല' (ക്വുര്‍ആന്‍ 13:11).

പ്രതികരണത്തിന്റെ ഇസ്‌ലാമികരീതി

വിമര്‍ശനങ്ങള്‍ക്ക് വസ്തുതാപരമായും സത്യസന്ധമായും മറുപടി നല്‍കുന്നതിന് പകരം വ്യക്തികളെ അധിക്ഷേപിക്കുക എന്നത് ഇസ്‌ലാമിക രീതിയല്ല. സല്‍മാന്‍ റുഷ്ദിയുടെ ക്ഷുദ്രകൃതി പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ മുസ്‌ലിംലോകത്ത് രണ്ടുതരത്തിലുള്ള പ്രതികരണങ്ങളുണ്ടായി. ഒന്ന് റുഷ്ദിയുടെ തലയറുക്കാനുള്ള കല്‍പനയായിരുന്നു. ഇതിനു സൈദ്ധാന്തിക വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നല്‍കാന്‍ ചില സംഘടനകളും നേതാക്കളും തയ്യാറായതോടെ ഇസ്‌ലാമിന്റെ പേരില്‍ തന്നെ തീവ്രവാദം മാര്‍ക്കറ്റ് ചെയ്യപ്പെട്ടു. അതേസമയം പ്രവാചകന്റെ ശരിയായ ജീവചരിത്രവും ഇസ്‌ലാമിന്റെ സൗന്ദര്യം വിളിച്ചോതുന്ന പ്രവാചകദര്‍ശനങ്ങളും പ്രചരിപ്പിക്കാനായിരുന്നു മറ്റൊരു വിഭാഗം ശ്രമിച്ചത്. ഹോളണ്ടില്‍നിന്നും ഡെന്മാര്‍ക്കില്‍നിന്നും വീണ്ടും വീണ്ടും പ്രവാചക വ്യക്തിത്വത്തെ ഇടിച്ചു താഴ്ത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോഴും അവര്‍ ശാന്തമായി പ്രവാചക നന്മകള്‍ ഉള്ളടക്കം ചെയ്യപ്പെട്ട ലഘുകൃതികളും സിഡികളും വിതരണം ചെയ്തു പ്രതികരിച്ചു. അതിനു ഫലമുണ്ടായി. ഇസ്‌ലാമിനെക്കുറിച്ചും മുഹമ്മദ് നബി ﷺ യെക്കുറിച്ചും ഇസ്‌ലാമിന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നത് മാത്രം കണ്ടും കേട്ടും ശീലിച്ച യൂറോപ്യന്‍ ജനത പ്രവാചകന്റെ യഥാര്‍ഥ ചരിത്രം വായിച്ചുതുടങ്ങിയപ്പോള്‍ അവരില്‍ പലരും ഇസ്‌ലാം സ്വീകരിച്ചു. ചിലര്‍ ശത്രുത വെടിഞ്ഞു.

ഹോളണ്ടില്‍ ഇസ്‌ലാം വിമര്‍ശനത്തിന് വേണ്ടി കള്ളങ്ങള്‍ മെനഞ്ഞെടുത്ത് 'ഫിത്‌ന' എന്ന പേരില്‍ സിനിമയുണ്ടാക്കിയ ആര്‍നോഡ് വാന്‍ഡൂണ്‍ പിന്നീട് ഇസ്‌ലാം സ്വീകരിച്ചത് ഇതുപോലെയുള്ള പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു. പ്രവാചകനെതിരെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച കടുത്ത ഇസ്‌ലാം വിരോധിയും മുസ്‌ലിം വിരുദ്ധ വംശീയത രാഷ്ട്രീയമായി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നയാളുമായിരുന്ന ഹോളണ്ടിലെ ജോറം വാന്‍ ക്ലാവെറെന്‍ ഇസ്‌ലാം സ്വീകരിച്ചത് ഇസ്‌ലാമിനെ അതിന്റെ യഥാര്‍ഥ സ്രോതസ്സുകളില്‍ പഠിക്കാന്‍ അവസരം ലഭിച്ചതുകൊണ്ടാണ്. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞ ഒരു വാചകം മുസ്‌ലിംകള്‍ക്ക് എന്നും പാഠമാണ്: 'ഹോളണ്ടിനെതിരെ ഇസ്‌ലാമിന്റെ പേരില്‍ ആരെങ്കിലും ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇസ്‌ലാമിന്റെ പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏഴാം നൂറ്റാണ്ടില്‍ ഖവാരിജുകള്‍ തുടങ്ങിവെച്ചതാണ്. അതിനു ഇസ്‌ലാമല്ല കാരണം. ഖവാരിജുകളുടെ ചിന്താഗതികള്‍ അസ്തമിച്ചിട്ടില്ല, അതിന്റെ ആധുനിക രൂപമാണ് ഐ.എസ്. മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ അജ്ഞതകള്‍ കാരണം തീവ്രനിലപാടുകള്‍ പുലര്‍ത്തുന്നവരുണ്ട്. അവരെ വിദ്യാഭ്യാസവല്‍ക്കരിക്കുകയാണ് പരിഹാരമാര്‍ഗം' (https://www.islamictiy. org/18503/joramva nklavereniwantto explainislamwithall mylove/).

പ്രവാചകനെ വികലമാക്കി ചിത്രീകരിക്കുന്നതിന്റെ പിന്നിലുള്ള 'രാഷ്ട്രീയം' തിരിച്ചറിയാന്‍ ഇസ്‌ലാമിക സമൂഹത്തിന് സാധിക്കേണ്ടതുണ്ട്. പ്രവാചകദര്‍ശനങ്ങളുടെ പ്രചാരണമാണ് പ്രവാചകനിന്ദയെ ചെറുക്കാനുള്ള ഇസ്‌ലാമിക മാര്‍ഗം. പ്രവാചകനെ മാത്രമല്ല, ഒരു മനുഷ്യനെയും നിന്ദിക്കാന്‍ പാടില്ല എന്നതാണ് ഇസ്‌ലാമിക നിലപാട്. കുവൈത്ത് യുഎന്നിനോട് ആവശ്യപ്പെട്ടപോലെ സകല നിന്ദകളെയും നിരോധിക്കുന്നതിന് വേണ്ടി നിയമങ്ങള്‍ നിര്‍മിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാവണം. മുസ്‌ലിം, അമുസ്‌ലിം വേര്‍തിരിവ് സൃഷ്ടിക്കുന്ന സമീപനം മുസ്‌ലിം രാജ്യങ്ങളില്‍നിന്നുണ്ടാവാന്‍ പാടില്ല. ലോകരാജ്യങ്ങളെ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും സകല നിന്ദകളെയും വംശീയതയെയും പ്രതിരോധിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ നടത്തുകയുമാണ് വേണ്ടത്.