രാമക്ഷേത്ര രാഷ്ട്രീയം: ഭാവി ഇന്ത്യയുടെ ചൂണ്ടുപലകയോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

2020 ആഗസ്ത് 15 1441 ദുല്‍ഹിജ്ജ 25
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ നടന്ന രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാന്യാസത്തിലും ഭൂമിപൂജയിലും പ്രധാനമന്ത്രിയും ഗവര്‍ണറും മുഖ്യമന്ത്രിയുമെല്ലാം പങ്കെടുത്തത് രാജ്യത്തിന്റെ മതനിരപേക്ഷതക്ക് കടകവിരുദ്ധമാണ്. മസ്ജിദ് പൊളിച്ചത് കൊടിയ അക്രമമാണെന്ന കോടതിപരാമര്‍ശം എന്നും ഓര്‍ക്കേണ്ടതുണ്ട്. രാമക്ഷേത്ര ചര്‍ച്ചകള്‍ സജീവമാക്കി ഭാവി ഇന്ത്യയുടെ രാഷ്ട്രീയത്തെ ഹിന്ദുത്വ വികാരത്തിലൂടെ പുനര്‍ നിര്‍ണയിക്കാനുള്ള ശ്രമങ്ങളെ ബുദ്ധിപരമായി പ്രതിരോധിക്കാനാണ് ന്യൂനപക്ഷ-മതേതര വിഭാഗങ്ങള്‍ ശ്രമിക്കേണ്ടത്.

രാമക്ഷേത്രത്തിനു വേണ്ടി രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ശിലാന്യാസം നടത്തുകയും ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പുറമെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് കൂടി പങ്കെടുക്കുകയും ചെയ്തതോടെ ബി.ജെ.പി ഭാവി ഇന്ത്യക്ക് വളരെ വ്യക്തമായ ചൂണ്ടുപലക നിര്‍മിച്ചിരിക്കുകയാണ്. പത്തുവര്‍ഷം കഴിഞ്ഞു ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ക്ഷേത്രത്തിന്റെ നിര്‍മാണം അവസാനിക്കുന്ന കാലമത്രയും 'രാമവികാരം' ആളിക്കത്തിച്ച് രാഷ്ട്രീയമായ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുമെന്ന സന്ദേശമാണ് ബി.ജെ.പിയും സംഘപരിവാറും ഇതിലൂടെ വ്യക്തമാക്കുന്നത്. മസ്ജിദ് തകര്‍ത്ത് അത് നിലനിന്നിരുന്ന സ്ഥലത്തുതന്നെ ക്ഷേത്രം പണിയുന്നത് രാജ്യത്തിന്റെ മതേതര യശസ്സിന് തീരാകളങ്കം ചാര്‍ത്തുന്നത് തന്നെയാണ് എന്ന് മനസ്സിലാക്കാന്‍ അധികം മര്യാദയുടെ ആവശ്യമൊന്നുമില്ല. പരമോന്നത കോടതിവഴി സമ്പാദിച്ച വിധിയുടെ ബലത്തിലായതുകൊണ്ട് മാത്രമാണ് മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തുതന്നെ ക്ഷേത്രം ഉയരുന്നത്. മറ്റൊരു സ്ഥലത്ത് ക്ഷേത്രം നിര്‍മിച്ചുകൊണ്ട് ഇന്ത്യയുടെ ആത്മാവിന്റെ നൊമ്പരങ്ങളെ വേണമെങ്കില്‍ ഇല്ലാതാക്കാമായിരുന്നു. പക്ഷേ, ഹിന്ദുത്വ അജണ്ടയില്‍ ഔചിത്യബോധം എന്ന ഒന്നില്ലാത്തതുകൊണ്ടും അവരുടെ കൂട്ടത്തില്‍ 'മര്യാദാപുരുഷോത്തമന്മാരുടെ' സാന്നിധ്യമില്ലാത്തതുകൊണ്ടും അതിനെക്കുറിച്ച് വിലപിച്ചതുകൊണ്ട് യാതൊരു ഫലവുമില്ല.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ട്വീറ്റ് ഭാവി ഇന്ത്യയുടെ ചിത്രം ഒന്നുകൂടി വ്യക്തമാക്കുന്നു. അതിങ്ങനെയാണ്: "Felicitations to all for the foundation laying of Ram Temple in Ayodhya. Being built in tune with law, it defines India's spirit of social harmony and people's zeal. It will be a testimony to ideals of RamRajya and a symbol of modern India." (അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര ശിലാന്യാസത്തിനു സര്‍വവിധ മംഗളങ്ങളും നേരുന്നു. നിയമവിധേയമായി അതിന്റെ നിര്‍മാണം ആരംഭിക്കുമ്പോള്‍ അത് ഇന്ത്യയുടെ സാമൂഹിക ഐക്യത്തെയും ജനങ്ങളുടെ അഭിനിവേശത്തെയുമാണ് നിര്‍വചിക്കുന്നത്. രാമരാജ്യത്തിന്റെ മാതൃകയും ആധുനിക ഇന്ത്യയുടെ അടയാളവുമാണത്). രാമരാജ്യമെന്ന ഇന്ത്യയുടെ ഭാവിരൂപത്തെയാണ് രാമക്ഷേത്രം പ്രതിനിധാനം ചെയ്യുന്നത് എന്ന രാഷ്ട്രപതിയുടെ ട്വീറ്റ് അത്യന്തം ഗൗരവതരമാണ്. മുസ്ലിം സമുദായത്തെ മാത്രം ഒറ്റപ്പെടുത്തി പൗരത്വനിയമം ഉണ്ടാക്കിയ അതേ കൈകള്‍ തന്നെ നൂറ്റാണ്ടുകളായി മുസ്ലിംകള്‍ ആരാധന നിര്‍വഹിച്ചുവന്നിരുന്ന പള്ളി രാമന്റെ പേര് പറഞ്ഞു പൊളിക്കുകയും അതേസ്ഥലത്തുതന്നെ രാമന്റെ പേരില്‍ ക്ഷേത്രം നിര്‍മിക്കുകയും ഭാവി ഇന്ത്യ രാമരാജ്യമാണെന്നു പ്രഖ്യാപിക്കുക കൂടി ചെയ്യുമ്പോള്‍ മതേതര ഇന്ത്യയുടെ ഹൃദയമിടിപ്പുകള്‍ വര്‍ധിക്കുക സ്വാഭാവികമാണ്.

അധിനിവേശശക്തികളില്‍നിന്നും സ്വാതന്ത്ര്യം പൊരുതി വാങ്ങുമ്പോള്‍ മഹാത്മജിയുടെ മനസ്സിലൊരു രാമരാജ്യം കടന്നുവന്നിരുന്നു. അതുപക്ഷേ, മതവെറിയുടെ ആയിരുന്നില്ല. കാരണം രാമന്‍ അന്ന് ത്യാഗിയായിരുന്നു. യുദ്ധത്തിന്റെ പ്രതീകമായിരുന്നില്ല. കേരളത്തെക്കുറിച്ച് മാവേലിനാട് എന്ന് പ്രയോഗിക്കുന്നതുപോലെ 'മതവര്‍ഗവര്‍ണജാതി' വിഭജനങ്ങളില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന, വിവിധ ജാതി, മത, വംശജര്‍ സഹജരെപ്പോലെ ഒന്നായി കഴിയുന്ന 'ശ്യാമസുന്ദര സ്‌നേഹ കേദാര ഭൂമി'യെയാണ് ഗാന്ധിജി വിഭാവനം ചെയ്തത്. രാമനും റഹീമും സ്‌നേഹത്തോടെ കഴിയുന്ന രാജ്യം അദ്ദേഹം സ്വപ്‌നം കണ്ടു. രാമരാജ്യമാണ് തന്റെ സങ്കല്‍പമെന്നും ഖലീഫ ഉമറിന്റെ ഭരണമാണ് താന്‍ ഇന്ത്യയില്‍ നടപ്പാക്കുക എന്നുമെല്ലാം അദ്ദേഹം പറഞ്ഞത് ശാന്തിയും നീതിയും നിറഞ്ഞ, കലഹങ്ങളും സംഘര്‍ഷങ്ങളുമില്ലാത്ത ഒരു രാജ്യത്തെ ഉദ്ദേശിച്ചായിരുന്നു എന്ന് അദ്ദേഹത്തിന്റെ തന്നെ എഴുത്തുകളില്‍ നിന്ന് വ്യക്തമാണ്. അയോധ്യ എന്നാല്‍ യുദ്ധം പാടില്ലാത്ത ഭൂമി എന്നാണര്‍ഥം. അവിടെ ജനിച്ച രാമന്‍ എന്ന ഐതിഹ്യ മര്യാദാപുരുഷോത്തമനെ ഗാന്ധിജി വീക്ഷിച്ചിരുന്നത് യുദ്ധം ചെയ്യാത്ത, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഭരണാധികാരിയായിട്ടായിരുന്നു. ജനങ്ങളുടെ സന്തുഷ്ടിക്കും ക്ഷേമത്തിനും വേണ്ടി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുകയും ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ വേണ്ടി പരിശ്രമിക്കുകയും സത്യം, അഹിംസ, സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ ഭരണം നടത്തുകയും ചെയ്യുന്ന സത്യസന്ധനായ ഒരു നേതാവായിട്ടായിരുന്നു. വിവേചനമില്ലാതെ സര്‍വമതങ്ങളോടും വിശ്വാസങ്ങളോടും സമാദരവ് കാത്തുസൂക്ഷിക്കുന്ന ഒരു സാമ്രാജ്യമായിരുന്നു ഗാന്ധിജിയുടെ സങ്കല്‍പത്തിലുണ്ടായിരുന്ന രാമരാജ്യം.

ഗാന്ധിജിയുടെ വിവക്ഷയില്‍ നിന്നും രാമനെയും രാമരാജ്യത്തെയും മതവെറിയുടെ പ്രതിപുരുഷനായി ചിത്രീകരിച്ചുകൊണ്ട് സംഘപരിവാര്‍ തീവ്രവാദികള്‍ നടത്തിയ പ്രചാരണങ്ങളാണ് ഭാരതത്തെ സംഘര്‍ഷരാജ്യമാക്കിയത്. ഹിന്ദുമതവിശ്വാസികളില്‍ ഒരുവിഭാഗം അവരുടെ ആരാധ്യപുരുഷനായി കാണുന്ന ശ്രീരാമന്റെ ജന്മസ്ഥലത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് മുഗള്‍ ചക്രവര്‍ത്തി തകര്‍ത്ത് അവിടെ പള്ളി പണിയുകയാണുണ്ടായതെന്നും അവര്‍ പ്രചരിപ്പിച്ചു. ഒരുവിഭാഗം ഹൈന്ദവ വിശ്വാസികളുടെ മനസ്സില്‍ മുസ്ലിംവിരോധം തള്ളിക്കയറ്റാനും അതോടൊപ്പം അവരുടെ മനസ്സിനെ രാഷ്ട്രീയമായി സ്വാധീനിക്കുവാനും അതുവഴി സാധിച്ചു. 1885ല്‍ ഫൈസാബാദ് കോടതിയില്‍ ഒരു താത്കാലിക മന്ദിരം അവിടെ പണിയാന്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി അത് തള്ളി. നിയമപരമായി നേടിയെടുക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ തീവ്രവാദികള്‍ 1949ല്‍ ബാബരി മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചുകൊണ്ട് ബലപ്രയോഗത്തിലൂടെ അത് പിടിച്ചടക്കാന്‍ ശ്രമിച്ചു. പള്ളിക്കകത്ത് ബലം പ്രയോഗിച്ച് സ്ഥാപിച്ച വിഗ്രഹങ്ങള്‍ പൂജിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1950ല്‍ ഗോപാല്‍ സിംഗ് വിശാരദ്, പരമഹംസ റാം ചന്ദ്രദാസ് എന്നിവര്‍ ഫൈസാബാദ് കോടതിയില്‍ അപ്പീല്‍ നല്‍കി. 1959ല്‍ നിര്‍മോഹി അഖാരയും അപ്പീല്‍ നല്‍കി. 1961ല്‍ യു.പി സുന്നി വഖഫ് ബോര്‍ഡും കേസില്‍ കക്ഷി ചേര്‍ന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം 1986ല്‍ ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കാന്‍ പ്രാദേശിക കോടതി ഉത്തരവിട്ടു. എന്നാല്‍ 1989ല്‍ അലഹബാദ് കോടതി പ്രാദേശിക കോടതിയുടെ ഉത്തരവ് നിര്‍വീര്യമാക്കി തല്‍സ്ഥിതി (Status quo) തുടരാന്‍ നിര്‍ദേശം നല്‍കി. 1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ നേതാക്കളുടെ ആശിര്‍വാദത്തോടെ കര്‍സേവകര്‍ പള്ളി തകര്‍ത്തു. അതിനു ശേഷം 28 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി ഒട്ടും നീതിയുക്തമല്ലാത്ത വിധിയിലൂടെ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള അനുമതി നല്‍കി. 1528ല്‍ ഒരു മുസ്ലിം ആരാധനാലയമായി നിര്‍മിക്കപ്പെട്ട ബാബരി മസ്ജിദിന്റെ തുടക്കംമുതല്‍ ആ മസ്ജിദ് തകര്‍ത്ത് അവിടെ രാമന്റെ പേരില്‍ ഒരു ക്ഷേത്രത്തിനുവേണ്ടിയുള്ള ഭൂമിപൂജ നടന്നതുവരെയുള്ള ഈ ചരിത്രം വായിക്കുമ്പോള്‍ എത്ര നാടകീയമായും പ്രകോപനപരമായും ആസൂത്രിതമായുമാണ് സംഘപരിവാര്‍ പ്രവര്‍ത്തിച്ചതെന്ന് നമുക്ക് മനസ്സിലാക്കാം. ഇക്കാര്യങ്ങളില്‍ രാജ്യത്തെ രാഷ്ട്രീയ കക്ഷികളുടെയും ലെജിസ്ലേറ്റിവിന്റെയും എക്‌സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയും പങ്കും വളരെ വ്യക്തമായി ബോധ്യപ്പെടും.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദൂരദര്‍ശനും രാമവികാരം ആളിക്കത്തിക്കുന്നതിനു വലിയ സഹായം ചെയ്തു. 1987 ജനുവരിയിലാണ് രാമായണം സീരിയല്‍ ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. രാമാനന്ദ് സാഗര്‍ ആണ് 'രാമായണം' സീരിയല്‍ ചിട്ടപ്പെടുത്തിയത്. അതുവരെയും ഇന്ത്യയിലെ സാധാരണക്കാരായ ഹൈന്ദവരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരുന്ന രാമസങ്കല്‍പം അതോടെ അട്ടിമറിക്കപ്പെട്ടു. ഗാന്ധിജിയിലൂടെ ലോകം മനസ്സിലാക്കിയ രാമനെ ആയിരുന്നില്ല സാഗര്‍ അവതരിപ്പിച്ചത്. ഗാന്ധിയുടെ രാമസങ്കല്‍പം ഒരു ക്ഷേമരാഷ്ട്രത്തിന്റെ ആശയമായിരുന്നു. എന്നാല്‍ രാമായണം സീരിയലിലൂടെ സാഗര്‍ അവതരിപ്പിച്ചത് രാക്ഷസന്മാര്‍ക്കെതിരായ യുദ്ധമായിരുന്നു. പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് നയിക്കുന്ന ഒരു താരരാജാവിന്റെ പരിവേഷം രാമന് നല്‍കപ്പെട്ടു. ഹിന്ദുത്വ ശക്തികള്‍ ഈ പരമ്പരയ്ക്ക് വര്‍ധിച്ച പിന്തുണയും പ്രചാരണവും നല്‍കി സജീവമായതോടെ ദൂരദര്‍ശന്‍ ഉദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു പരിണതിയില്‍ അത് അവസാനിച്ചു. സീരിയലിന്റെ മുഴുവന്‍ ഗുണഫലവും ഹിന്ദുത്വശക്തികള്‍ക്ക് ലഭിച്ചു. അവസരങ്ങളെയും പ്രതിസന്ധികളെയും തങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ അവിടെയും അവര്‍ വിജയിച്ചു. 1988 ജൂലൈ മാസം സീരിയല്‍ അവസാനിച്ചതോടെ ഇന്ത്യമുഴുവന്‍ രാമതരംഗം അലയടിച്ചുകഴിഞ്ഞിരുന്നു.

1949 ഡിസംബര്‍ 22നായിരുന്നു മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ സ്ഥാപിച്ചത്. അന്ന് രാജ്യം ഭരിക്കുന്നത് ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു. ഉത്തര്‍പ്രദേശ് (അന്ന് യുണൈറ്റഡ് പ്രൊവിന്‍സ്) കോണ്‍ഗ്രസ് മുഖ്യമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് ആയിരുന്നു ഭരിച്ചിരുന്നത്. വിഗ്രഹങ്ങള്‍ ദിവ്യാത്ഭുതങ്ങളായി പള്ളിയില്‍ വന്നു എന്നായിരുന്നു വാദം. എന്നാല്‍ പോലീസ് ഓഫീസര്‍ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് 50-60 ആളുകള്‍ പള്ളിയില്‍ അതിക്രമിച്ചുവന്നു വിഗ്രഹങ്ങള്‍ സ്ഥാപിച്ചു പള്ളിയുടെ വിശുദ്ധിക്ക് ഭംഗമേല്‍പിച്ചു എന്നായിരുന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം പണ്ഡിറ്റ് നെഹ്റു മുഖ്യമന്ത്രിക്ക് ടെലിഗ്രാം ചെയ്തു. അതിങ്ങനെയായിരുന്നു: 'അയോധ്യയിലെ സംഭവങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. ഈ കാര്യത്തില്‍ താങ്കള്‍ പ്രത്യേകം താല്‍പര്യമെടുക്കുമെന്നു ഞാന്‍ കരുതുന്നു. വളരെ അസ്വസ്ഥജനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടകരമായ അവസ്ഥയാണ് അവിടെയുള്ളത്.' എന്നാല്‍ പന്ത് പ്രധാനമന്ത്രിയുടെ ഈ സന്ദേശം ഗൗരവത്തോടെ ഉള്‍ക്കൊണ്ടില്ല. പള്ളിയില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്തുമാറ്റി പഴയ അവസ്ഥയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു നെഹ്റുവിന്റെ ശാസനയുടെ കാതല്‍. ചീഫ് സെക്രട്ടറി ഭഗവാന്‍ സഹായിയും പോലീസ് ഐ. ജി. ബിഎല്‍ ലാഹിരിയും വിഗ്രഹങ്ങള്‍ എടുത്തുമാറ്റാന്‍ നിര്‍ദേശം നല്‍കാന്‍ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന കെ.കെ നായരോട് ആവശ്യപ്പെട്ടു. വലിയ കലാപത്തിന് കാരണമാകുമെന്ന് പറഞ്ഞുകൊണ്ട് കെ.കെ നായര്‍ അതിനു തയ്യാറായില്ല. നായര്‍ ഔദ്യോഗിക ജീവിതത്തിനു ശേഷം ജനസംഘത്തില്‍ ചേരുകയും ചെയ്തു.

പണ്ഡിറ്റ്ജി വിഷയം അതോടെ അവസാനിപ്പിച്ചില്ല. അദ്ദേഹം 1950 ജനുവരി 7നു ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരിക്ക് കത്തെഴുതി: 'ഇന്നലെ രാത്രി അയോധ്യവിഷയത്തില്‍ ഞാന്‍ മുഖ്യമന്ത്രി പന്തിനു ലഖ്നോവിലേക്ക് പോവുകയായിരുന്ന ഒരു വ്യക്തി മുഖേന കത്ത് കൊടുത്തയച്ചു. ശേഷം അദ്ദേഹം എന്നെ വിളിച്ചു. അദ്ദേഹം വളരെ അസ്വസ്ഥനാണെന്നും വ്യക്തിപരമായി പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. നടപടിയെടുക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കിലും അറിയപ്പെടുന്ന ഹിന്ദുക്കളെ കൊണ്ട് അയോധ്യയിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു. താങ്കള്‍ ഇന്ന് രാവിലെ എനിക്കയച്ച കത്തിനെക്കുറിച്ച് ഞാന്‍ ടെലിഫോണില്‍ പറഞ്ഞിട്ടുമുണ്ട്. ആഭ്യന്തരമന്ത്രി വല്ലഭായി പട്ടേല്‍ മറ്റന്നാള്‍ ലഖ്നോവിലേക്ക് പോകുന്നുണ്ട്.'

മുഖ്യമന്ത്രി ജി.ബി.പന്തില്‍നിന്ന് പിന്നീട് പ്രതികരണങ്ങളൊന്നും കാണാതിരുന്നപ്പോള്‍ ഫെബ്രുവരി 5നു വീണ്ടും അദ്ദേഹം എഴുതി: 'അയോധ്യയുടെ അവസ്ഥയെക്കുറിച്ച് താങ്കള്‍ എന്നെ അറിയിക്കുകയാണെങ്കില്‍ അതെനിക്ക് വലിയ സന്തോഷംനല്‍കുന്ന കാര്യമായിരിക്കും. വളരെ അത്യാവശ്യമാണെങ്കില്‍ ഞാന്‍ അയോധ്യയിലേക്ക് പോകുമെന്ന് കഴിഞ്ഞതവണ താങ്കള്‍ ഇവിടെ വന്നപ്പോള്‍ സൂചിപ്പിച്ചിരുന്നു. ഞാന്‍ വളരെയധികം തിരക്കിലാണെങ്കിലും അയോധ്യയിലേക്ക് പോകാനായി ഞാന്‍ ഒരു തീയതി കണ്ടെത്തുക തന്നെ ചെയ്യും.'

അയോധ്യാവിഷയത്തില്‍ അന്നത്തെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍നിന്നുള്ള തണുത്ത പ്രതികരണത്തില്‍ മനംനൊന്ത് 1950 മാര്‍ച്ച് 5ന് നെഹ്റു ഗാന്ധിജിയുടെ സെക്രട്ടറി ആയിരുന്ന കിഷോര്‍ലാല്‍ മശ്രുവാലക്ക് ഇങ്ങനെ എഴുതി: 'അയോധ്യയിലെ മുസ്ലിം പള്ളിയുടെ വിഷയം താങ്കളെ ധരിപ്പിക്കുന്നു. രണ്ടുമൂന്നു മാസങ്ങള്‍ക്കു മുമ്പ് നടന്ന ഈ സംഭവത്തില്‍ ഞാനാകെ അസ്വസ്ഥനാണ്. യു.പി സര്‍ക്കാര്‍ വലിയ ധീരതാപ്രകടനങ്ങള്‍ നടത്തുന്നതുപോലെ കാണിച്ചുവെങ്കിലും പ്രായോഗികമായി ഒന്നും ചെയ്തില്ല. അവരുടെ ഫൈസാബാദ് ജില്ലാ ഓഫീസര്‍ കെ.കെ.നായര്‍ ഈ വിഷയത്തില്‍ വളരെ മോശമായാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഈ സംഭവം തടയാന്‍ വേണ്ടിയുള്ള ഒരു നടപടിയും സ്വീകരിച്ചതുമില്ല. ബാബ രാഘവദാസിനെ പോലെയുള്ള യുപിയിലെ പല കോണ്‍ഗ്രസ് നേതാക്കളും ആ നടപടിയെ അംഗീകരിക്കുന്നതില്‍ എനിക്ക് അതൃപ്തിയുണ്ട്. ജി.ബി.പന്ത് പല അവസരങ്ങളിലും നടപടിയെ അപലപിച്ചിട്ടുണ്ടെങ്കിലും ഒരു കലാപത്തെ ഭയന്ന് കൃത്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നെ വളരെയധികം അലോസരപ്പെടുത്തിയിട്ടുള്ള ഇക്കാര്യത്തില്‍ പന്തിന്റെ ശ്രദ്ധ പലതവണ ഞാന്‍ ക്ഷണിച്ചിട്ടുണ്ടായിരുന്നു. പാകിസ്താനുമായി ബന്ധപ്പെട്ട പ്രശ്‌നം ചൂണ്ടിക്കാട്ടി പല കോണ്‍ഗ്രസ് നേതാക്കളുടെയും മനസ്സ് വര്‍ഗീയമായിട്ടുണ്ട്. അതവരുടെ മുസ്ലിംകളോടുള്ള പെരുമാറ്റരീതികളില്‍ പ്രകടമാകുന്നുണ്ട്.'

(J.N. Collection Selected Works of Jawaharlal Nehru, Second Series, vol. 14, Part 1, p. 4435, a project of Jawaharlal Nehru Memorial Fund, 1992, distributed by Oxford University Press).

പണ്ഡിറ്റ് നെഹ്റു മാത്രമല്ല, ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലും ജി.ബി.പന്തിന് ഈ വിഷയത്തില്‍ എഴുതിയിട്ടുണ്ട്. പട്ടേല്‍ പന്തിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അയോധ്യയിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഇതിനകം ഒരു ടെലിഗ്രാം നിങ്ങള്‍ക്ക് അയച്ചിട്ടുണ്ടല്ലോ. ലഖ്നൗവില്‍ വെച്ച് ഞാന്‍ അതിനെക്കുറിച്ച് താങ്കളോട് സംസാരിച്ചിരുന്നു. രാജ്യത്തിന്റെയും നിങ്ങളുടെ സ്വന്തം പ്രവിശ്യയുടെയും വീക്ഷണകോണില്‍നിന്ന് നോക്കിയാല്‍ ഏറ്റവും അപ്രതീക്ഷിതമായ സമയത്താണ് ഈ തര്‍ക്കം ഉയര്‍ന്നതെന്നാണ് എനിക്ക് മനസ്സിലാകുന്നത്. വിവിധ സമുദായങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ സുദൃഢമാക്കുന്നതിനായി അനവധി സാമുദായിക പ്രശ്നങ്ങള്‍ അടുത്തിടെ നാം പരിഹരിക്കുകയുണ്ടായി. നിങ്ങളുടെ സ്വന്തം പ്രവിശ്യയില്‍, സാമുദായിക പ്രശ്‌നങ്ങള്‍ എപ്പോഴും സങ്കീര്‍ണമാണ്. 1946 മുതല്‍ സാമുദായിക ബന്ധങ്ങള്‍ വളരെയധികം മെച്ചപ്പെട്ടുവെന്നത് നിങ്ങളുടെ ഭരണത്തിന്റെ മികച്ച നേട്ടങ്ങളിലൊന്നായി ഞാന്‍ കരുതുന്നു. അതിനാല്‍, ഈ പ്രശ്‌നം രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പരസ്പര സഹിഷ്ണുതയുടെയും സൗഹാര്‍ദത്തിന്റെയും അടിസ്ഥാനത്തില്‍ മുസ്ലിം സമുദായത്തിന്റെ സ്വയം സന്നദ്ധമായ സമ്മതത്തിലൂടെ മാത്രമെ പരിഹരിക്കപ്പെടാന്‍ പാടുള്ളൂ. തര്‍ക്കങ്ങള്‍ ബലപ്രയോഗത്തിലൂടെ പരിഹരിക്കുകയല്ല വേണ്ടത്. സമാധാനപരവും അനുനയപ്രദവുമായ രീതികള്‍ പിന്തുടരുക. അതിനാല്‍, ഈ വിഷയം സജീവ പ്രശ്‌നമാക്കി നിലനിര്‍ത്താതെ വിവാദങ്ങള്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ താങ്കള്‍ പരിഹരിക്കുമെന്നും കരുതുന്നു.'

(Durga Das, Sardar Patel's Correspondence, Navajivan Publishing House, Ahmedabad, 1974, vol. 9, p. 31011).

പണ്ഡിറ്റ് നെഹ്റുവിന്റെയും സര്‍ദാര്‍ പട്ടേലിന്റെയും ലക്ഷ്യം ഒന്നായിരുന്നെങ്കിലും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരുന്നു എന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. നെഹ്റു കാര്യങ്ങള്‍ പഴയനിലയിലേക്ക് കൊണ്ടുവരുവാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ (ഒരു undo പോളിസി) പട്ടേല്‍ അനുനയത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ ഉപദേശിക്കുന്നു. എന്നാല്‍ യു.പിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പള്ളിയില്‍ വിഗ്രഹം കൊണ്ടുവെച്ച തീവ്രവാദികളെ ഭയക്കുകയും അവരെ എതിര്‍ക്കാനുള്ള ധൈര്യം കാണിക്കാതിരിക്കുകയും ചെയ്തത് നെഹ്റു അടക്കമുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളില്‍ പലരെയും വിഷമിപ്പിച്ചിരുന്നു. നെഹ്‌റു പറഞ്ഞു: 'എന്നില്‍നിന്നും അന്യവല്‍ക്കരിക്കപ്പെട്ട നാടായി ഒരു വിദേശരാജ്യം പോലെ ഉത്തര്‍പ്രദേശ് മാറിയിരിക്കുന്നു. കഴിഞ്ഞ 35 വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന യു.പിയിലെ കോണ്‍ഗ്രസ് എന്നെ അതിശയിപ്പിക്കുകയാണ്.'

മഹാത്മജി ഹിന്ദുത്വ തീവ്രവാദികളാല്‍ കൊലചെയ്യപ്പെട്ടു 23 മാസം കഴിഞ്ഞാണ് അവര്‍ ബാബരി മസ്ജിദില്‍ വിഗ്രഹങ്ങള്‍ കയറ്റി വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചത്. ഗാന്ധിവധവുമായി ബന്ധപ്പെട്ടു പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാളായിരുന്നു ഗോരഖ് നാഥ്മഠത്തിലെ മുഖ്യപൂജാരിയും ഹിന്ദുമഹാസഭ നേതാവുമായിരുന്ന മഹന്ദ് ദ്വിഗ്വിജയ്നാഥ്. അയാള്‍ ജയില്‍ മോചിതനായ ശേഷം ബാബരി മസ്ജിദിന് സമീപം 9 ദിവസം തുടര്‍ച്ചയായി രാമചരിതമാനസം ചൊല്ലിക്കൊണ്ട് സംഘര്‍ഷത്തിന് ശ്രമിക്കുകയുണ്ടായി. നെഹ്റുവിന്റെ അഭ്യര്‍ഥനകള്‍ ഒന്നും തന്നെ ചെവിക്കൊള്ളാതെ വര്‍ഗീയവാദികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയ യു.പി മുഖ്യമന്ത്രി ജെ.ബി. പന്തിന്റെയും യുപിയിലെ ഇതര കോണ്‍ഗ്രസ് നേതാക്കളുടെയും നടപടികളാണ് യുപിയുടെ മതേതരമുഖത്തെ വികലമാക്കിയത്. മദന്‍ മോഹന്‍ മാളവ്യയും ബാബ രാഘവദാസും പുരുഷോത്തം ദാസ് ഠണ്ടനും എല്ലാം ചേര്‍ന്ന മൃദുഹിന്ദുത്വ ലൈന്‍ ആയിരുന്നു യു.പിയിലെ കോണ്‍ഗ്രസിന് പഥ്യം. ഗാന്ധിജിയും പണ്ഡിറ്റ്ജിയും നല്‍കിയ മതനിരപേക്ഷ ലൈനിനെക്കാള്‍ അവര്‍ക്കിഷ്ടം ഹിന്ദുത്വ തീവ്രവാദികളെ പ്രീതിപ്പെടുത്തുകയും പ്രീണിപ്പിക്കുകയും ചെയ്യുന്ന മൃദുഹിന്ദുത്വമായിരുന്നു.

നെഹ്റുവിന് ശേഷം ഇന്ദിര വളരെക്കാലം രാജ്യംഭരിച്ചു. രാമജന്മഭൂമി പ്രശ്‌നം പൊക്കിക്കൊണ്ടുവരാന്‍ പലതവണ ആര്‍.എസ്.എസ് ശ്രമിച്ചുവെങ്കിലും വലിയ ഫലമുണ്ടായില്ല. ഇന്ദിരയുടെ ദാരുണമരണം ഇന്ത്യക്ക് കനത്ത നഷ്ടമുണ്ടാക്കി. മകന്‍ രാജീവ് പ്രധാനമന്ത്രിയായി. വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ബാബരി മസ്ജിദിന്റെ താഴുകള്‍ തുറക്കാന്‍ വേണ്ടി വലിയ പ്രക്ഷോഭങ്ങള്‍ നടന്നു. രാജീവ് അധികാരത്തിലിരിക്കെ താഴുകള്‍ തുറന്നുകൊടുത്തു എന്ന് പറഞ്ഞുകൊണ്ട് അതിന്റെ കുറ്റം മുഴുവന്‍ രാജീവില്‍ ചാര്‍ത്താനാണ് ചിലര്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ അത് വസ്തുതാപരമായി ശരിയല്ല. 1986 ജനുവരി 25നു ഉമേഷ് ചന്ദ്ര പാണ്ഡെ എന്ന വക്കീല്‍ പ്രദേശത്തെ മുന്‍സിഫ് കോടതിയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഭാഗം ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഹരജി നല്‍കി. 1949 ഡിസംബര്‍ 23ന് അടച്ചുപൂട്ടിയിട്ടുള്ള പ്രദേശത്ത് മുസ്ലിംകള്‍ നമസ്‌കാരം നിര്‍വഹിക്കാറില്ലെന്നും അതുകൊണ്ട് വിഗ്രഹങ്ങള്‍ സ്ഥാപിച്ച ഭാഗം ഹിന്ദുക്കള്‍ക്ക് തുറന്നുനല്‍കണം എന്നുമായിരുന്നു അയാളുടെ വാദം. മുന്‍സിഫ് കോടതി അത് തള്ളിയപ്പോള്‍ അയാള്‍ ഫൈസാബാദ് ജില്ലാ കോടതിയെ സമീപിച്ചു. തുറന്നുകൊടുത്താല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നായിരുന്നു കോടതി ജില്ലാ പോലീസ് സൂപ്രണ്ടിനോട് ചോദിച്ചത്. പോലീസ് സൂപ്രണ്ട് അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കി. ഫൈസാബാദ് ജില്ലാകോടതി ബാബരി മസ്ജിദിന്റെ താഴുകള്‍ തുറക്കുവാനും ഹിന്ദുക്കള്‍ക്ക് ആരാധന നടത്തുവാനും അനുവദിക്കുകയും ചെയ്തു. അന്ന് യു.പി ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആണ്. സംസ്ഥാന കോണ്‍ഗ്രസിന്റെ അനുമതിയോടെയല്ലാതെ പോലീസ് സൂപ്രണ്ടിന് കോടതിയില്‍ മൊഴി നല്‍കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. യു.പി കോണ്‍ഗ്രസ് അന്നും മൃദുഹിന്ദുത്വ സമീപനം പുലര്‍ത്തി എന്നത് വ്യക്തമാണ്. പക്ഷേ, അതിന്റെ പാപഭാരം ചുമക്കേണ്ടി വന്നത് രാജീവ് ഗാന്ധിക്കായിരുന്നു. (Ref: https://www.sci.gov.in/pdf/JUD_2.pdf )

ഇതുസംബന്ധമായി പ്രമുഖ കോണ്‍ഗ്രസ് നേതാവും മതേതര ചേരിയുടെ ശക്തനായ പോരാളിയുമായ മണിശങ്കര്‍ അയ്യര്‍ പറയുന്നത് ഇങ്ങനെയാണ്: 'ചില കോണ്‍ഗ്രസ് നേതാക്കള്‍ രാജീവ് ഗാന്ധിയാണ് ബാബരി മസ്ജിദിന്റെ താഴുകള്‍ ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുത്തത് എന്ന് വീമ്പ് പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ല. സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചിരുന്നത്. എല്ലാം ചെയ്തുകഴിഞ്ഞു ഒരു ജുഡീഷ്യല്‍ ഓര്‍ഡര്‍ ആയിക്കഴിഞ്ഞതിനു ശേഷമാണ് അദ്ദേഹം ഇതറിയുന്നത്' (The Hindu, 6 August 2020). എന്നാല്‍ 1989 നവമ്പറില്‍ നടന്ന ശിലാന്യാസം രാജീവ് ഗാന്ധിയുടെ അറിവോട് കൂടിയായിരുന്നു എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷേ, അത് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നടത്താനായിരുന്നില്ല നിര്‍ദേശിച്ചിരുന്നത്. തര്‍ക്കസ്ഥലത്തിന് പുറത്ത് ശിലാന്യാസം നടത്താനുള്ള അനുമതി നല്‍കിയത് വി.എച്ച്.പി നേതാക്കള്‍ ലംഘിക്കുകയായിരുന്നു. എന്നിരുന്നാലും രാജീവ് ഭരണത്തില്‍ ശിലാന്യാസത്തിന് അനുമതി നല്‍കിയത് ന്യൂനപക്ഷങ്ങളില്‍ കടുത്ത നിരാശ വര്‍ധിപ്പിച്ചിരുന്നു. അതേസമയം, ബാബരി മസ്ജിദിന്റെ കാര്യത്തില്‍ രാജീവിന്റെ നിലപാട് എന്തായിരുന്നു എന്ന് മകന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: 'എന്റെ അച്ഛന്‍ അമ്മയോട് പറഞ്ഞിരുന്നത് ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആരുവന്നാലും പള്ളിയുടെ മുമ്പില്‍ ഞാന്‍ പോയി നില്‍ക്കും. പള്ളി പൊളിക്കുന്നതിന് മുമ്പ് അവര്‍ക്ക് എന്നെ വധിക്കേണ്ടി വരും' (Indian Express, 20 March 2007).

നെഹ്റു കുടുംബം ഹിന്ദുത്വവാദികള്‍ക്ക് കീഴടങ്ങാതെ മതനിരപേക്ഷ തത്ത്വങ്ങളുടെ കൂടെ സഞ്ചരിക്കാനായിരുന്നു എല്ലാ കാലവും ശ്രമിച്ചിരുന്നത്. കോണ്‍ഗ്രസ് എന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തെ മതേതരമാക്കി നിലനിര്‍ത്താന്‍ അവര്‍ എപ്പോഴും ശ്രമിച്ചിരുന്നു. നെഹ്റുവിനും ഇന്ദിരക്കും രാജീവിനും ശേഷമുള്ള തലമുറയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് പ്രിയങ്കയും രാഹുലുമാണ്. മതേതരത്വത്തിന്റെ ശക്തമായ പ്രതീകങ്ങളായിട്ടാണ് ഇവര്‍ രണ്ടുപേരും അറിയപ്പെടുന്നത്. ഇന്ത്യക്ക് മതേതരമുഖം നല്‍കാന്‍ സാധിക്കുന്ന ഏറ്റവും ശക്തരായ നേതാക്കളാണ് അവരെന്നെ കാര്യത്തില്‍ സംശയമില്ല. പക്ഷേ, പ്രിയങ്കയുടെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രസ്താവന മുസ്ലിം ന്യൂനപക്ഷങ്ങളിലും മതേതര സമൂഹങ്ങളിലും തെല്ലൊരാശങ്ക ഉളവാക്കിയിട്ടുണ്ട്. മൃദുഹിന്ദുത്വ സമീപനം നെഹ്റു കുടുംബത്തില്‍നിന്നും വരുന്നത് മതേതര ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒരിക്കലും സഹിക്കില്ല. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വളരെ സൂക്ഷിച്ചായിരുന്നു. രാമന്‍ നീതിയാണ്, അനീതിയില്‍ പ്രത്യക്ഷപ്പെടില്ല എന്ന് അദ്ദേഹം പ്രസ്താവിച്ചത് രാമവികാരത്തിനു അനുകൂലമായി നിന്നുകൊണ്ടും എന്നാല്‍ രാമനെ ദുരുപയോഗം ചെയ്യുന്ന ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും അനീതിയിലും അക്രമത്തിലും അധിഷ്ഠിതമായ രാഷ്ട്രീയത്തെ എതിര്‍ത്തുകൊണ്ടുമായിരുന്നു. എന്നാല്‍ അയോധ്യയില്‍ നടന്ന ഭൂമിപൂജക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ പ്രസ്താവന ഒട്ടും ചിന്തിക്കാതെയായി. ഒരു ക്ഷേത്രമോ മസ്ജിദോ മറ്റേതെങ്കിലും ആരാധനാലയങ്ങളോ നിര്‍മിക്കുമ്പോള്‍ അതിന് ആശംസകള്‍ നേരുന്നത് തെറ്റായ കാര്യമല്ല. എന്നാല്‍ അത് രാജ്യത്തെ വെട്ടിപ്പൊളിച്ച് മതേതരത്വത്തെ കുഴിച്ചുമൂടി അതിനുമുകളിലാണ് പണിയുന്നതെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ല.

ഹൈന്ദവസമൂഹത്തെ സംഘപരിവാര്‍ കൈയിലെടുക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയുള്ള തന്ത്രപരമായ നിലപാടായി പ്രിയങ്കയുടെ പ്രസ്താവനയെ കാണുന്നത് തെറ്റില്ല. പക്ഷേ, മുകളില്‍ വളരെയേറെ നാം വിശദീകരിച്ച ചരിത്രങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുക ഇങ്ങനെയുള്ള താത്കാലിക നടപടികളോ പ്രസ്താവനകളോ ഒന്നും സംഘപരിവാറിനെ നേരിടുന്നതിനുള്ള പ്രതിവിധികളല്ല എന്നാണ്. മതനിരപേക്ഷതയുടെ വിഷയത്തില്‍ നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും രാഹുലിന്റെയും ഉറച്ച നിലപാടുകളില്‍ നിന്നുള്ള വ്യതിചലനങ്ങള്‍ കോണ്‍ഗ്രസിനും രാജ്യത്തിനും ഗുണം ചെയ്യില്ല എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. സ്വന്തം ആദര്‍ശത്തില്‍ അടിയുറച്ച് ആത്മവിശ്വാസത്തോടെ മുമ്പോട്ടുപോവുകയും സ്ഥാനമാനങ്ങളെക്കാള്‍ വലിയ സംഭാവനകള്‍ രാജ്യത്തിന് വേണ്ടി ഇനിയും ചെയ്യാനുണ്ട് എന്ന് മനസ്സിലാക്കി മുമ്പോട്ട് പോയെങ്കില്‍ മാത്രമെ രാജ്യത്ത് മതേതരത്വം നിലനില്‍ക്കൂ.

മതനിരപേക്ഷ സമൂഹത്തില്‍പെട്ട ഹൈന്ദവ വിശ്വാസികള്‍ അവരുടെ ആരാധനാലയങ്ങളില്‍ പോകുന്നതിനെയോ ആരാധനാലയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനെയോ ഒരിക്കലും വര്‍ഗീയമായി കാണാന്‍ പാടുള്ളതല്ല. സ്‌നേഹവും സമാധാനവും ചൊരിഞ്ഞുകൊണ്ടു പ്രവര്‍ത്തിക്കുന്ന, ഹൈന്ദവ ദര്‍ശനത്തിന്റെ സാരാംശങ്ങളില്‍ ഏറ്റവും നല്ല വശങ്ങളെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഹൈന്ദവ സഹോദരങ്ങളെപ്പോലും വര്‍ഗീയമായി ചിന്തിപ്പിക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ മതേതരവിഭാഗങ്ങളില്‍ നിന്ന് ഉണ്ടാവാനും പാടില്ല. രാമഭക്തരായ എല്ലാവരെയും വര്‍ഗീയവാദികളായി കാണുന്ന സമീപനം ഒരിക്കലും ഭൂഷണമല്ല.

ആരാധനാലയങ്ങളുടെ നിര്‍മാണവും ഉദ്ഘാടനവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും ഒരിക്കലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ സര്‍ക്കാരുകളുടെയോ ആഭിമുഖ്യത്തിലല്ല സംഘടിപ്പിക്കപ്പെടേണ്ടത്. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏതെങ്കിലുമൊരു മതത്തിനു പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ ലംഘനമാണ്. രാമക്ഷേത്ര നിര്‍മാണം ഒരു ട്രസ്റ്റ് നടത്തണമെന്നാണ് സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത്. പക്ഷേ, അത് സര്‍ക്കാരാണ് നിര്‍മിക്കുന്നത് എന്ന തരത്തിലുള്ള പൊതുധാരണ സൃഷ്ടിക്കുവാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. വിവിധ മതവിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന സമീപനമല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടാവേണ്ടത്.

മുസ്ലിം സമുദായത്തെയും ഇതര ന്യൂനപക്ഷങ്ങളെയും പ്രകോപനങ്ങളില്‍ കുരുക്കി യഥാര്‍ഥ നവോത്ഥാനങ്ങളില്‍ നിന്നും അവരെ തടഞ്ഞുനിര്‍ത്താനുള്ള ഗൂഢശ്രമങ്ങള്‍ സംഘപരിവാര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവരൊരുക്കുന്ന അജണ്ടകളായിരിക്കരുത് നമ്മുടെ പാതയെ നിശ്ചയിക്കേണ്ടത്. രാഷ്ട്രീയ, ഉദ്യോഗസ്ഥ പൊതുമേഖലകളില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് സമയം കണ്ടെത്തേണ്ടത്. പ്രകോപനങ്ങളല്ല, പക്വതയാര്‍ന്ന പ്രതികരണങ്ങളാണ് ആവശ്യമായിട്ടുള്ളത്. ബാബരി മസ്ജിദ് തകര്‍ന്നപ്പോഴും വളരെ പക്വമായ നിലപാടുകള്‍ സ്വീകരിച്ച പാരമ്പര്യമാണ് രാജ്യത്തെ മുസ്ലിംകള്‍ക്കുള്ളത്. കോടതിയുടെ അന്തിമവിധി വന്നപ്പോഴും പ്രകോപിതരായില്ല. പക്വതയോടെയും വിവേകത്തോടെയും എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള കരുത്ത് നാം നേടിയെടുക്കുക. ബാബരി മസ്ജിദ് ഒരു കാലത്തും രാജ്യത്തെ മതേതരവിശ്വാസികളുടെ മനസ്സില്‍നിന്നും മായുകയില്ല. അതോടൊപ്പം പുതിയ കാലങ്ങളിലെ പുതിയ വെല്ലുവിളികളെ തിരിച്ചറിഞ്ഞു രാജ്യത്ത് വീണ്ടും ജനാധിപത്യവും മതനിരപേക്ഷതയും തിരിച്ചുകൊണ്ടുവരാനുള്ള യജ്ഞം തുടരേണ്ടതുണ്ട്. അതിനായി രാജ്യത്തെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും അടക്കമുള്ള സകല ജനങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. മനസ്സുകളില്‍നിന്നും വര്‍ഗീയതയെയും സ്വജനപക്ഷപാതിത്വങ്ങളെയും പിഴുതെറിഞ്ഞു നല്ല മനുഷ്യരായിത്തീരാന്‍ ശ്രമിക്കുക. രാമക്ഷേത്രത്തിന്റെ പേരില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന പുതിയ രാഷ്ട, രാഷ്ട്രീയ സങ്കല്‍പങ്ങളായിരിക്കരുത് രാജ്യത്തിന്റെ ഭാവിയെ നിശ്ചയിക്കേണ്ടത് എന്ന തിരിച്ചറിവ് ഇനിയുള്ള കാലങ്ങളില്‍ നാം സൂക്ഷിച്ചുവെക്കുക.