പരിവര്‍ത്തനം തേടുന്ന ലോക സാമ്പത്തികക്രമം

സുഫ്‌യാന്‍ അബ്ദുസ്സലാം

2020 സെപ്തംബര്‍ 26 1442 സഫര്‍ 09
കോവിഡ് കാലാനന്തരം ലോകം ശക്തമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പണക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും മാത്രം നേട്ടം ഉണ്ടാക്കിക്കൊടുക്കുന്ന പരമ്പരാഗത ശീലങ്ങളെയും പലിശയെയും പഴകിയ ഇസങ്ങളെയും അവലംബമാക്കിക്കൊണ്ടുള്ള ധനസമാഹരണ വിനിയോഗ രീതികള്‍ ഒഴിവാക്കേണ്ടതുണ്ട്. പകരം ദരിദ്രരുടെയും ഇടത്തരക്കാരുടെയും നിലനില്‍പ്പിനെ കൂടി പരിഗണിച്ചുകൊണ്ടും ദാനധര്‍മങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുമുള്ള മാനുഷിക മുഖം സമ്പദ്വ്യവസ്ഥക്ക് സമ്മാനിച്ചെങ്കില്‍ മാത്രമെ ലോകം സാമ്പത്തികമാന്ദ്യത്തില്‍ നിന്നും കരകയറുകയുള്ളൂ.

കോവിഡിനു ശേഷം ലോകം ശക്തമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക തകര്‍ച്ചയുടെ ആഘാതം ഒരു ദശാബ്ദത്തോളം നീണ്ടുനില്‍ക്കുമെന്ന്  ലോകബാങ്ക് തലവന്‍ ഡേവിഡ് മാല്‍പാസ് അഭിപ്രായപ്പെടുന്നു. കോടിക്കണക്കിനു ജനങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയും ഒരു വലിയ സമൂഹത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ആഗോളവിപണിയില്‍ ഇതിനകം വമ്പിച്ച നഷ്ടം കോവിഡ് വരുത്തിവച്ചിട്ടുണ്ടെന്നും വിതരണ ശൃംഖലകളുടെ കണ്ണികള്‍ മുറിഞ്ഞിരിക്കുകയാണെന്നും ആഗോളതലത്തില്‍ കടുത്ത അസമത്വവും പിരിമുറുക്കവും രൂപപ്പെട്ടുവരികയാണെന്നും മാല്‍പാസ് സ്ഥിരീകരിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2020-21 സാമ്പത്തികവര്‍ഷത്തില്‍ വളര്‍ച്ചാനിരക്ക് നെഗറ്റിവ് സോണില്‍ എത്തുമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നത്. ഒരു സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തെയാണ് മുന്‍ ഗവര്‍ണര്‍ രഘുറാം ജയറാം ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെയും മുഴുവന്‍ ജനങ്ങളുടെയും കഴിവും വൈദഗ്ധ്യവും ഏകോപിപ്പിച്ചുകൊണ്ട് ഒരുമിച്ചു മുന്നേറണമെന്നാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിന് നല്‍കിയിരിക്കുന്ന ഉപദേശം. ഇന്ത്യയുടെ ജിഡിപി 23.9 ശതമാനം ഇടിഞ്ഞതായി കേന്ദ്ര സ്ഥിതിവിവരക്കണക്ക് ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

മുതലാളിത്തത്തിന്റെ ആധിപത്യം

സമ്പത്തിനെ ഒരു ചൂഷണോപാധിയായി സ്വീകരിച്ചിരിക്കുന്ന ഒരു പൊതുസാഹചര്യമാണ് ലോകത്തുടനീളമുള്ളത്.  കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന് പറയുന്നതുപോലെ പണമുള്ളവന് മാത്രമെ  ലോകത്ത് നിലനില്‍ക്കാനുള്ള യോഗ്യതയുള്ളൂ എന്ന നിലയിലാണ് നൂറ്റാണ്ടുകളായി നമ്മുടെ സാമ്പത്തിക വ്യവസ്ഥകള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യക്ഷോദാഹരണമാണ് അമേരിക്കയിലെ കൊവിഡ് രോഗികള്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍. കൊവിഡ് ചികിത്സക്കായി മറ്റു സങ്കീര്‍ണതകള്‍ ഒന്നുമില്ലെങ്കില്‍ പോലും ഒരു രോഗി നല്‍കേണ്ടത് 9763 ഡോളര്‍ (ഏഴു ലക്ഷത്തിലധികം രൂപ) ആണെന്നാണ് കൈസര്‍ ഫാമിലി ഫൗണ്ടേഷനെ ഉദ്ധരിച്ചുകൊണ്ട് ടൈം മാഗസിന്‍ പുറത്തുവിട്ട കണക്ക്.  വെന്റിലേറ്റര്‍ അടക്കമുള്ള ഉപകരണങ്ങള്‍ ആവശ്യമുള്ള രോഗികളാണെങ്കില്‍ ഇതിന്റെ ഇരട്ടിയിലധികം ചെലവുവരും. ഇന്‍ഷൂറന്‍സ് കമ്പനികളാണ് അമേരിക്കയിലെ ആശുപത്രികളെയും ആശുപത്രി ചെലവുകളെയും ആരോഗ്യമേഖലയെത്തന്നെയും നിയന്ത്രിക്കുന്നത്. ഒരു മുതലാളിത്ത (capitalist) രാജ്യമായ അമേരിക്കയില്‍ ആരോഗ്യമേഖല പൂര്‍ണമായും സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലാണ്. ജനങ്ങള്‍ക്ക് സൗജന്യമായി ചികിത്സയും മരുന്നും ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രി സംവിധാനങ്ങള്‍ അവിടെയില്ല. അത്യാഹിത അവസ്ഥകളില്‍ എത്തിച്ചേരുന്ന രോഗികള്‍ക്ക് ചില പരിചരണങ്ങള്‍ ലഭിക്കുന്നതൊഴിച്ചാല്‍ അവിടെ ഒരു പൊതുജനാരോഗ്യ സംവിധാനം (Public Health System) നിലവിലില്ല. ലോകത്തെ വന്‍കിട രാജ്യങ്ങളില്‍ മിക്കതിലും ഇതുപോലെയുള്ള ആരോഗ്യസംവിധാനങ്ങള്‍ തന്നെയാണ് നിലനില്‍ക്കുന്നത്. ചില രാജ്യങ്ങള്‍ സോഷ്യലിസത്തിന്റെ ഘടകങ്ങളെ ഉപയോഗപ്പെടുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും മറ്റും സ്ഥാപിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് ആതുരസേവനം നല്‍കുന്നുണ്ട്.

നവലിബറല്‍ മുതലാളിത്ത പ്രത്യയശാസ്ത്രങ്ങളുടെ ആധിപത്യമാണ് ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കോവിഡ് പാന്‍ഡെമിക് സമ്മാനിച്ചിട്ടുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മാത്രമല്ല, ലോകത്തിന്റെ സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളിലുള്ള ലോകത്തിന്റെ ഭാവിയെ കുറിച്ച് കൂടി ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്. ആഗോളവല്‍ക്കരണവും അതിന്റെ സ്വാധീനവും ലോകത്തിനു നല്‍കിയിട്ടുള്ള പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ടിവരികയാണ്. മുതലാളിമാരുടെ ഔദാര്യത്തിനു കീഴില്‍ മാത്രം ജീവിതം തള്ളിനീക്കേണ്ടുന്ന അവസ്ഥയാണ് ലോകത്തെ മഹാഭൂരിപക്ഷം ദരിദ്രരും ഇടത്തരക്കാരുമായ ജനവിഭാഗങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ മിക്ക രാജ്യങ്ങളിലും മുതലാളിത്ത രാജ്യങ്ങള്‍ ചെലുത്തുന്ന ഭരണ സ്വാധീനങ്ങള്‍ വളരെ വലുതാണ്. കുത്തകകള്‍ രാജ്യങ്ങളെ വിഴുങ്ങുകയാണ്. ഇന്ത്യ ഇന്ന് പൊതുമേഖല സംരംഭങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യപോലും സമ്പൂര്‍ണ മുതലാളിത്ത വ്യവസ്ഥിതിയിലേക്ക് തത്ത്വത്തിലല്ലെങ്കിലും പ്രയോഗത്തില്‍ നീങ്ങുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.  

ഇന്ത്യയും സോഷ്യലിസവും

ഇന്ത്യ ഒരു പരമാധികാര (Sovereign), സ്ഥിതിസമത്വ (Socialist), മതനിരപേക്ഷ (Secular), ജനാധിപത്യ (Democratic), ജനായത്ത (Republic) രാജ്യമാണെന്ന് അതിന്റെ ഭരണഘടനയില്‍ എഴുതിവച്ചിട്ടുള്ളതില്‍ 'സോഷ്യലിസ്റ്റ്' എന്ന സംജ്ഞ പലപ്പോഴും ഭരണാധികാരികള്‍ മറന്നുപോവുകയാണ്.

ഇന്ത്യയുടെ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങള്‍ രാജ്യത്തിന്റെ സവിശേഷ സാഹചര്യത്തില്‍ വാര്‍ത്തെടുക്കപ്പെട്ട ഇന്ത്യന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായിട്ടുള്ളതാണ്. അതിനു കമ്യൂണിസ്റ്റ് സോഷ്യലിസവുമായി യാതൊരു ബന്ധവുമില്ല. കമ്യൂണിസ്റ്റ് സോഷ്യലിസത്തില്‍ സകല ഉത്പാദനങ്ങളും വിതരണങ്ങളും ദേശസാത്കൃതമായിരിക്കണമെന്നും സ്വകാര്യസ്വത്ത് തീരെ അനുവദിച്ചുകൂടാ എന്നുമാണ്. എന്നാല്‍ ഇന്ത്യയില്‍ നിലവിലുള്ള ജനാധിപത്യ സ്ഥിതിസമത്വം (Democratic Socialism) എന്ന ഇന്ത്യന്‍ സോഷ്യലിസം പൊതുസ്വകാര്യ മേഖലകളെ കൂട്ടിയിണക്കിക്കൊണ്ടുള്ള ഒരു 'സമ്മിശ്ര സമ്പദ്‌വ്യവസ്ഥ' (Mixed Economy)യാണ് മുന്നോട്ടുവയ്ക്കുന്നത്. ദാരിദ്ര്യം, അജ്ഞത, രോഗം, അവസരങ്ങളുടെ അസമത്വം എന്നിവ അവസാനിപ്പിക്കുകയാണ് ഡെമോക്രാറ്റിക് സോഷ്യലിസം ലക്ഷ്യമിടുന്നത്. 1976ലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ സെക്കുലറിനോടൊപ്പം 'സോഷ്യലിസ്റ്റ്' എന്ന പദവും കടന്നുവന്നത്. ഇതിനെതിരെ 2008ല്‍ സുപ്രീം കോടതിയില്‍ വന്ന പരാതിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കിയിരുന്ന ഡിവിഷന്‍ ബെഞ്ച് നല്‍കിയ വിശദീകരണത്തില്‍ ഇന്ത്യന്‍ സോഷ്യലിസമെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ്: 'കമ്യൂണിസ്റ്റുകള്‍ നിര്‍വചിച്ച ഇടുങ്ങിയ അര്‍ഥത്തില്‍ നിങ്ങള്‍ എന്തിനാണ് സോഷ്യലിസത്തെ നോക്കിക്കാണുന്നത്? വിശാലമായ അര്‍ഥത്തില്‍, പൗരന്മാരുടെ ക്ഷേമ നടപടികള്‍ എന്നാണ് അതിന്റെ അര്‍ഥം. അത് ജനാധിപത്യത്തിന്റെ ഒരു വശമാണ്. അതിന് നിര്‍ണിതമായ വ്യാഖ്യാനമില്ല. വ്യത്യസ്ത സമയങ്ങളില്‍ അതിന് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ലഭിക്കുന്നു.'

ജനക്ഷേമത്തിലും പരസ്പര സഹകരണത്തിലും അധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതി എന്നതാണ് ലോകരാജ്യങ്ങളില്‍നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. ഭീതിജനകമായ കോവിഡ് പശ്ചാത്തലത്തില്‍ പോലും ഇന്ത്യ പിടിച്ചുനിന്നത് ഈ സാമ്പത്തിക വ്യവസ്ഥിതിയില്‍ രൂപംകൊണ്ട  രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനം കൊണ്ടാണ്.  വളരെ ചെലവുകുറഞ്ഞ ആരോഗ്യ, ചികിത്സാ സംവിധാനങ്ങള്‍ ഇന്ത്യയിലുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ രൂപത്തിലാണ് ആരോഗ്യകേന്ദ്രങ്ങളെ വിന്യസിച്ചിട്ടുള്ളത്. പട്ടണങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും ആദിവാസികളടക്കം താമസിക്കുന്ന വിദൂര പ്രദേശങ്ങളിലുമെല്ലാം ആരോഗ്യകേന്ദ്രങ്ങളുണ്ട് എന്നതാണ് ഇന്ത്യയുടെ സവിശേഷത. സബ്‌സെന്റര്‍, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്-ജില്ലാതല ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ചുള്ള സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങിയവ എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ സേവനം ലഭിക്കുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങളാണ്.  

പൊതുജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടും അവരെ ബോധവല്‍ക്കരിച്ചുകൊണ്ടും ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ വളരെ വലുതാണ്. ഇങ്ങനെ സാമ്പത്തികമായ ബുദ്ധിമുട്ടിക്കലുകളില്ലാതെ ജനങ്ങള്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ത്യ വിജയമാണ്.  അഴിമതി, ഗുണമേന്മയില്ലായ്മ, ജനത്തിരക്ക് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ പൊതുജനാരോഗ്യമേഖല നേരിടുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സാധുജനങ്ങള്‍ക്ക് ആശ്രയമായി അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇന്ന് സ്വകാര്യ മേഖലകളെ മാത്രമല്ല പൊതുമേഖലകളെയും കുത്തകകള്‍ വിഴുങ്ങാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം ഇന്ത്യ സോഷ്യലിസത്തില്‍ നിന്നും ക്യാപിറ്റലിസത്തിലേക്ക് നീങ്ങുകയാണ് എന്നതിന്റെ സൂചനയാണ്. രാജ്യം സാമ്പത്തികമായി പുരോഗമിക്കുന്നു എന്ന് പെരുമ്പറയടിക്കുമ്പോഴും രാജ്യത്ത് ദരിദ്രനാരായണന്മാര്‍ വര്‍ധിക്കുന്നതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതും ചെറുകിട വ്യാപാരികള്‍ക്ക് വ്യാപാരം അവസാനിപ്പിക്കേണ്ടി വരുന്നതും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ അവഗണിക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. എന്നാല്‍ നവലിബറല്‍ ക്യാപിറ്റലിസ്റ്റ് കാഴ്ചപ്പാടുകള്‍ക്കെതിരെ കോവിഡ് ലോകത്തെ താക്കീത് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളിലേക്കുതന്നെ ഇന്ത്യയും ലോകവും തിരിച്ചുവരേണ്ടതുണ്ട് എന്ന പാഠമാണ് അത് നല്‍കുന്നത്. അത്തരമൊരു തിരിച്ചറിവിലേക്ക് ലോകത്തെ വന്‍ശക്തികള്‍ പരിവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ മാത്രമെ ലോകം കടക്കെണികളില്‍നിന്നും നിവര്‍ന്നുനില്‍ക്കൂ.

പലിശ എന്ന വിനാശം

ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളിലും സോഷ്യലിസ്റ്റ് രാജ്യങ്ങളിലും കുത്തകകള്‍ പിടിച്ചുനില്‍ക്കുന്നത് ഏറ്റവും വലിയ സാമ്പത്തിക ചൂഷണമായ പലിശയിലൂടെയാണ്. പലിശയാണ് ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ലോകബാങ്ക് അടക്കമുള്ള സാമ്പത്തിക സ്രോതസ്സുകള്‍ ഉയര്‍ന്ന പലിശ ഈടാക്കിക്കൊണ്ടാണ് അംഗരാജ്യങ്ങള്‍ക്ക് വായ്പകള്‍ നല്‍കിവരുന്നത്. ഈ പലിശകള്‍ ഓരോ രാജ്യവും ഈടാക്കുന്നത് സാധാരണക്കാരനില്‍നിന്നാണ്. അതുകൊണ്ടുതന്നെ ലോകം അതിദാരുണമായ സാമ്പത്തിക മരവിപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കോവിഡാനന്തര കാലത്ത് പലിശയെക്കുറിച്ചുള്ള വീണ്ടുവിചാരം ആവശ്യമായി വന്നിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിലടക്കം പല രാജ്യങ്ങളിലും പലിശരഹിത വായ്പകള്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  ഇങ്ങനെയൊരു നിലപാടിലേക്ക് ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും മാറിച്ചിന്തിച്ചതിനു പിന്നില്‍ ജനങ്ങളെ സഹായിക്കുക എന്നതല്ല പ്രധാന കാരണം. മാര്‍ക്കറ്റുകള്‍ സജീവമല്ലെങ്കില്‍ ക്രയവിക്രയങ്ങള്‍ നടക്കില്ല. ക്രയവിക്രയങ്ങള്‍ നടക്കണമെങ്കില്‍ ജനങ്ങളുടെ കൈയില്‍ പണമെത്തണം. ജനങ്ങള്‍ക്ക് വായ്പ നല്‍കി മാര്‍ക്കറ്റുകളെ സജീവമാക്കിയെങ്കില്‍ മാത്രമെ ബാങ്കുകള്‍ക്കും നേട്ടമുള്ളൂ. പക്ഷേ, പലിശയില്ലാതെ തന്നെ മൂലധനം പാവപ്പെട്ടവര്‍ പിന്നീട് എങ്ങനെയാണു തിരിച്ചടക്കുക? ഒരു പലിശാധിഷ്ഠിത സമൂഹത്തില്‍ താത്കാലികമായി നടപ്പാക്കുന്ന പലിശരഹിത ഇടപാടുകളും ഫലത്തില്‍ പലിശ സ്ഥാപനങ്ങള്‍ക്ക് നേട്ടമാണ്. മൂലധനത്തിലും എത്രയോ അധികം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുമെന്ന് സാധാരണക്കാര്‍ അറിയാതെ പോവുകയാണ്.  

പക്ഷേ, നിലവിലുള്ള കോവിഡ് ലോക്ക് ഡൗണ്‍ ഉയര്‍ത്തിവിട്ട ദീര്‍ഘകാല പ്രതിസന്ധിയെ തരണം ചെയ്യാന്‍ പരസ്പര സഹകരണത്തോടെയുള്ള ചൂഷണമുക്ത സാമ്പത്തിക വ്യവസ്ഥിതി വേണമെന്നാണ് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിന് സാമ്പത്തിക വളര്‍ച്ചയും സുസ്ഥിരതയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്ത മഹാന്മാര്‍ മുന്നോട്ടുവച്ച ആശയം പലിശരഹിത വ്യവസ്ഥിതിയാണ്. പലിശയെന്ന വന്‍കൊള്ളയില്‍ നിന്നും ഇന്ത്യന്‍ സോഷ്യലിസവും മുക്തമല്ല. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കണും ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണോപ്പോര്‍ട്ടും അടക്കമുള്ള ഭരണാധികാരികള്‍ ലോകത്തോട് ഇത് നേരത്തെ വിളിച്ചുപറഞ്ഞിട്ടുണ്ട്. നെപ്പോളിയനോടുണ്ടായിരുന്ന കടുത്ത ശത്രുതക്ക് പിന്നിലും വാട്ടര്‍ലൂവില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന പരാജയത്തിനു പിന്നിലും പലിശയ്‌ക്കെതിരെ അദ്ദേഹമെടുത്ത നിലപാടും പ്രധാന കാരണമായിരുന്നു. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന തോമസ് ജഫേഴ്‌സണും പലിശക്കെതിരെ നിലപാടെടുത്ത ഭരണാധികാരിയായിരുന്നു. കറന്‍സി പുറത്തിറക്കാനുള്ള അധികാരം ബാങ്കുകളില്‍നിന്നും മാറ്റി അത് ജനങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അമേരിക്കയുടെ ഏഴാമത്തെ പ്രസിഡണ്ടായിരുന്ന ആന്‍ഡ്ര്യൂ ജാക്‌സണ്‍ വധശ്രമത്തിന് വിധേയനായത് പലിശരഹിത വ്യവസ്ഥിതിക്ക് വേണ്ടി ശ്രമിച്ചതുകൊണ്ടായിരുന്നു!

പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍, മാര്‍ക്കസ് കാറ്റോ, മാര്‍ക്കസ് സിസറോ, തോമസ് അക്വിനാസ് തുടങ്ങിയ തത്ത്വചിന്തകരും ഗൗതമബുദ്ധനെ പോലെയുള്ള മതദാര്‍ശനികരും അവരവരുടെ കാലങ്ങളില്‍ നടമാടിയിരുന്ന പലിശ സമ്പ്രദായങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തിയിരുന്നവരാണ്. പലിശയെ അരിസ്‌റ്റോട്ടില്‍ പ്രകൃതിവിരുദ്ധം, അന്യായം എന്നാണു വിളിച്ചിരുന്നത്. പണം വിനിമയത്തിന് വേണ്ടിയല്ലാതെ പണത്തിന്റെ പ്രജനനത്തിനായി ഉപയോഗിച്ചുകൂടാ എന്നായിരുന്നു അദ്ദേഹം സിദ്ധാന്തിച്ചിരുന്നത്. പലിശയിലൂടെ ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തിനുമേല്‍ അധീശത്വം നേടുമെന്നും അങ്ങനെ രാഷ്ട്രം നശിച്ചുപോകുമെന്നുമായിരുന്നു പ്ലേറ്റോ കണ്ടെത്തിയത്.

'തെറ്റായ ഉപജീവനമാര്‍ഗം തെറ്റായ ഉപജീവനമാര്‍ഗവും ശരിയായ ഉപജീവനമാര്‍ഗം ശരിയായ ഉപജീവനമാര്‍ഗവുമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.  തെറ്റായ ഉപജീവനമാര്‍ഗം എന്താണ്? തെറ്റായ ഉപായങ്ങളോടെ സമ്പാദിക്കുന്നത്, പറഞ്ഞു പറ്റിക്കുന്നത്, ഊഹക്കച്ചവടം, താഴ്ത്തിക്കെട്ടി സമ്പാദിക്കുന്നത്, ലാഭം ലാഭത്തെ പിന്തുടരല്‍ (പലിശ ഈടാക്കല്‍); ഇതെല്ലാമാണ് തെറ്റായ ഉപജീവനമാര്‍ഗം.' (Gautama Budha Majjhima Nikaya Mahacattarisaka Sutta  Verse 29).

ബൈബിളും പലിശയും

വേദഗ്രന്ഥം ലഭ്യമായിരുന്ന മൂസാനബി(അ)യുടെ സമൂഹത്തില്‍ പലിശക്കെതിരെ പ്രബോധനം നടന്നതായി ബൈബിള്‍ പഴയനിയമത്തില്‍ കാണാം. 'നിന്റെ സഹോദരന്‍ ദരിദ്രനായിത്തീര്‍ന്നു നിന്റെ അടുക്കല്‍ വെച്ചു ക്ഷയിച്ചുപോയാല്‍ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവന്‍ നിന്റെ അടുക്കല്‍ പാര്‍ക്കേണം. അവനോടു പലിശയും ലാഭവും വാങ്ങരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരന്‍ നിന്റെ അടുക്കല്‍ പാര്‍ക്കേണം. നിന്റെ പണം പലിശക്ക് കൊടുക്കരുത്; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുത്' (ലേവ്യപുസ്തകം 25:35-37).  നിയമങ്ങള്‍ ഇങ്ങനെയൊക്കെ ഉണ്ടായിരുന്നെങ്കിലും ഈസാ നബി (അ)യുടെ കാലം വന്നപ്പോഴേക്ക് നിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് ആളുകള്‍ പലിശയിടപാടുകളില്‍ മുങ്ങിക്കുളിച്ചിരുന്നു. ന്യായപ്രമാണങ്ങള്‍ നടത്തിയിരുന്ന പുരോഹിതര്‍ തന്നെ പലിശയുടെ വക്താക്കളായി മാറുകയും ചെയ്തു. ബൈബിള്‍ പുതിയനിയമത്തിന്റെ വ്യാഖ്യാനത്തിലൂടെ പലിശയുടെ വിഷയത്തില്‍ ആശയക്കുഴപ്പം അവര്‍ സൃഷ്ടിക്കുകയും ചെയ്തു. മത്തായിയുടെ സുവിശേഷത്തില്‍ വന്നിട്ടുള്ള ഒരു കഥയാണ് വ്യാഖ്യാനതന്തു. കഥ ഇങ്ങനെയാണ്: 'ഒരു ധനികന്‍ ഒരു ദീര്‍ഘയാത്രക്കൊരുങ്ങുമ്പോള്‍ തന്റെ ഭൃത്യന്മാരെ വിളിച്ചുചേര്‍ത്ത് ഓരോരുത്തരെയും പണം ഏല്‍പിക്കുന്നു. അദ്ദേഹം തിരിച്ചുവരുമ്പോള്‍ പണം നിക്ഷേപിച്ച് ഇരട്ടിപ്പിച്ചവരെ പ്രശംസിക്കുന്നു. അങ്ങനെ ചെയ്യാത്ത ഭൃത്യനെ മര്‍ദിക്കുകയും ചെയ്യുന്നു.' ഈ കഥയുടെ അടിസ്ഥാനത്തില്‍ പലിശക്ക് പണം കൊടുക്കുകയാണ് വേണ്ടതെന്നും അങ്ങനെ ചെയ്യാതിരിക്കുന്നതാണ് കുറ്റകരമെന്നും പുരോഹിതന്മാര്‍ വ്യാഖ്യാനിച്ചു. എന്നാല്‍ ഇതേ കഥയെ ക്രിസ്തീയ സമൂഹത്തിലെ പലിശയെ വിമര്‍ശിക്കുന്ന പണ്ഡിതന്മാര്‍ വിവരിച്ചത് മറ്റൊരു തരത്തിലാണ്. യേശു പലിശയെ പ്രോത്സാഹിപ്പിക്കാന്‍ സാധ്യതയില്ലെന്നും ധനികന്‍ ഒരു സ്വേച്ഛാധിപതിയാണെന്നും അയാള്‍ ദൈവത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ദരിദ്രരുടെ ചെലവില്‍ സമ്പത്ത് സമ്പാദിക്കുന്ന വ്യക്തിയായിരുന്നു അയാളെന്നുമാണ് അവര്‍ പറയുന്നത്. ഇതില്‍നിന്നെല്ലാം, പൗരാണികസമൂഹങ്ങളില്‍ പലിശ അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നും എന്നാല്‍ പിന്നീട് അഴിമതിക്കാരായ ഭരണാധികാരികളും മതപുരോഹിതന്മാരുമാണ് പലിശയെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയായി നിശ്ചയിച്ചതെന്നും മനസ്സിലാക്കാവുന്നതാണ്.

ഇസ്‌ലാമിന്റെ സാമ്പത്തികവീക്ഷണം

ഇസ്‌ലാം വളരെ വ്യക്തമായി പലിശക്കെതിരെ നിലയുറപ്പിക്കുകയും പലിശയെ വന്‍പാപങ്ങളില്‍ ഒന്നായി പഠിപ്പിക്കുകയും ചെയ്ത മതമാണ്. ലോകത്ത് പലിശക്കെതിരെ വളരെ പ്രത്യക്ഷമായി പ്രബോധനം ചെയ്യുന്ന ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ക്വുര്‍ആന്‍ പറയുന്നു: 'പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ അല്ലാഹുവിന്റെഉപദേശം വന്നുകിട്ടിയിട്ട് അതനുസരിച്ച് വല്ലവനും പലിശയില്‍നിന്ന് വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും പലിശയിടപാടുകളിലേക്ക് തന്നെ മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല' (2:275,276).

'സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം' (3:130).  

മൂസാനബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥത്തിലൂടെ പലിശയുടെ തിന്മയെ സംബന്ധിച്ചും വിപത്തിനെ സംബന്ധിച്ചും മനസ്സിലാക്കിയ യഹൂദവിഭാഗം പിന്നീട് യഥാര്‍ഥ മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോയി പലിശയുടെ വക്താക്കളായി മാറിയതിനെക്കുറിച്ച് ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്: 'അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവര്‍ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് അവര്‍ ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും പലിശ അവര്‍ക്ക് നിരോധിക്കപ്പെട്ടതായിട്ടും അവരത് വാങ്ങിയതുകൊണ്ടും ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് അത് നിഷിദ്ധമാക്കപ്പെട്ടത്. അവരില്‍നിന്നുള്ള സത്യനിഷേധികള്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവച്ചിട്ടുണ്ട്' (4:160,161).  

പ്രപഞ്ചത്തെയും മനുഷ്യനെയും സംവിധാനിച്ച സ്രഷ്ടാവിന്റെ ശാസനയാണ് പലിശ നിരോധിക്കണമെന്നത്. ലോകത്ത് കഴിഞ്ഞുപോയ ബുദ്ധിശാലികളും സാമ്പത്തികശാസ്ത്രജ്ഞരും ഇക്കാര്യം ലോകത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ട്. മനുഷ്യന്‍ ഓരോദിവസം പിന്നിടുമ്പോഴും പരീക്ഷണങ്ങളും ദുരന്തങ്ങളും തകര്‍ച്ചകളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തികമായി ലോകത്തിന് ഇനി ഉയര്‍ന്നെഴുന്നേല്‍ക്കണമെങ്കില്‍ പലിശമുക്തമായ നവസാമ്പത്തികക്രമം അനിവാര്യമാണ്. പലിശരഹിത ബാങ്കുകള്‍, ഇസ്‌ലാമിക ബാങ്കിംഗ് സിസ്റ്റം തുടങ്ങിയ ആവശ്യങ്ങള്‍ വിവിധ രാജ്യങ്ങള്‍ ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ഇസ്‌ലാമിക ബാങ്കിംഗ് സംവിധാനം വേണമെന്ന് ഉറക്കെപ്പറഞ്ഞത് മറ്റാരുമായിരുന്നില്ല; ലോക സാമ്പത്തിക ശാസ്ത്രജ്ഞരില്‍ പ്രമുഖനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഡോ. മന്‍മോഹന്‍സിംഗ് ആയിരുന്നു. കേരളത്തിലും അത്തരത്തിലുള്ള ഒരു സംവിധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും രാഷ്ട്രീയവിവാദങ്ങള്‍ കാരണം അത് നടപ്പാകാതെ പോവുകയായിരുന്നു.

ലോകബാങ്കും ലോകത്തെ സാമ്പത്തിക വിദഗ്ധരും നല്‍കിയിട്ടുള്ള മുന്നറിയിപ്പുകളെ  പരമ്പരാഗതമായി ശീലിച്ച 'ഓട്ടയടക്കല്‍' വിദ്യ കൊണ്ടാണ് ഇനിയും നേരിടാന്‍ പോകുന്നതെങ്കില്‍ ലോകം ഒരു വലിയ സാമ്പത്തിക യുദ്ധത്തെയായിരിക്കും ഒട്ടും വിദൂരമല്ലാത്ത ഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്നത്. സാമ്പത്തികമാന്ദ്യങ്ങളുടെ യഥാര്‍ഥ കാരണം ലോകത്തെ അടക്കിവാഴുന്ന ശക്തികള്‍ക്കറിയാം. പക്ഷേ, അതിന്റെ ശരിയായ ചികിത്സ പലിശമുക്ത സാമ്പത്തിക വ്യവസ്ഥിതിയെ നിര്‍മിക്കലാണ് എന്നതുകൊണ്ടുതന്നെ തങ്ങളുടെ സാമ്പത്തിക അഭീഷ്ടങ്ങള്‍ക്ക് അത് വിഘാതമാകുമെന്ന കാരണത്താല്‍ അങ്ങനെയൊരു വ്യവസ്ഥിതി വരുന്നതിനെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, ഇനിയും അത് തുടര്‍ന്നാല്‍ ജീവിക്കുന്ന സമൂഹത്തോടും ജനിക്കാനിരിക്കുന്ന തലമുറകളോടും ചെയ്യുന്ന കടുത്ത അപരാധമായിരിക്കുമെന്നതില്‍ സംശയമില്ല. 'ഇസ'ങ്ങളില്‍ കടിച്ചുതൂങ്ങി പുകമറ സൃഷ്ടിച്ചതുകൊണ്ടായില്ല; വന്‍കടങ്ങള്‍ സൃഷ്ടിച്ചും മനുഷ്യരുടെമേല്‍ സാമ്പത്തികഭാരം അടിച്ചേല്‍പിച്ചും സാമ്പത്തിക നിശ്ചലാവസ്ഥ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ലോകരാഷ്ട്രങ്ങളുടെ നിലപാട് അവസാനിപ്പിക്കുകയാണ് വേണ്ടത്. സാധാരണക്കാരില്‍ പണം എത്തിയാല്‍ മാത്രമെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാന്‍ സാധിക്കൂ.

'ധനം നിങ്ങളില്‍നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒരു വസ്തുവാകാന്‍ പാടില്ല' എന്ന ക്വുര്‍ആനിന്റെ ആഹ്വാനം മനുഷ്യര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. 'ചാരിറ്റി ഇക്കോണോമിക് സ്' പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. പലിശക്ക് പകരം ദാനധര്‍മങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ചാരിറ്റികളിലൂടെ സാമ്പത്തികാഭിവൃദ്ധി നേടാമെന്ന ക്വുര്‍ആനിക കാഴ്ചപ്പാട് ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞര്‍ അംഗീകരിച്ചിട്ടുണ്ട്. 'അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും' എന്ന ക്വുര്‍ആനിക വചനത്തില്‍ നിന്നുതന്നെ പലിശ അടക്കിവാഴുന്ന സാമ്പത്തിക ചൂഷണത്തിന്റെ പരിഹാരം ദാനധര്‍മങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന് മനസ്സിലാക്കാം. ലൗകിക വസ്തുക്കളോടും പണത്തോടുമുള്ള ആസക്തി അവസാനിപ്പിച്ച് വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ലോക സാമ്പത്തികക്രമത്തിന് പരിവര്‍ത്തനത്തിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്താല്‍ പ്രതിസന്ധിക്ക് യഥാര്‍ഥ പരിഹാരം കണ്ടെത്താന്‍ കഴിയും.