അനാഥരെ സനാഥരാക്കിയ യതീംഖാന പ്രസ്ഥാനം
അബൂ ഹംദാന്‍ ആലത്തിയൂര്‍
2020 ആഗസ്ത് 22 1442 മുഹര്‍റം 03
കേരളത്തിലെ ആദ്യത്തെ മുസ്‌ലിം അനാഥാലയമായ ജെ.ഡി.ടി ഇസ്ലാം (ജംഇയ്യതുദ്ദഅ്‌വ തബ്ലീഗെ ഇസ്ലാം 1922) സ്ഥാപിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിനോട് അടുക്കുന്ന ഈ അവസരത്തില്‍ അഭിമാനിക്കാം ഓരോ മലയാളിക്കും. 'കോഴിക്കോട് കൊളുത്തപെട്ട യതീംഖാന പ്രസ്ഥാനം' എന്ന ഈ വെളിച്ചത്തെ മുസ്‌ലിം കൈരളി ഏറ്റെടുക്കുകയും കേരളം മുഴുവന്‍ യതീംഖാനകള്‍ വളര്‍ന്നുപന്തലിക്കുകയും ചെയ്ത ഒരു പുതു നൂറ്റാണ്ടിലാണ് നാം. ഒരു മുസ്‌ലിം അനാഥാലയത്തിലെ വിദ്യാര്‍ഥി ഇന്ത്യയിലെ അത്യുന്നതമായ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (ഐ.എ.എസ്) സേവനം അനുഷ്ഠിക്കുന്ന ഈ പതിറ്റാണ്ട് യതീംഖാന പ്രസ്ഥാനത്തിന് തീര്‍ച്ചയായും അഭിമാനിക്കാനും ആശ്വസിക്കാനും വകനല്‍കുന്നതാണ്. സാമ്പത്തിക, വിഭവ പരാധീനതകളും അതിനെക്കാള്‍ ഏറെ വിമര്‍ശനങ്ങളും ആരോപണങ്ങളും സഹിച്ച് ഈ പ്രസ്ഥാനത്തെ കെട്ടിപ്പടുത്ത ത്യാഗിവര്യന്മാരായ യതീംഖാന പ്രസ്ഥാനത്തിന്റെ അമരക്കാര്‍ക്കായി പ്രാര്‍ഥിക്കാം നമുക്ക്.
ഒരു നൂറ്റാണ്ട് പിന്നിടുന്ന യതീംഖാന പ്രസ്ഥാനം; തിരിഞ്ഞുനോക്കുമ്പോള്‍ തികച്ചും അഭിമാനിക്കാനും ആശ്വസിക്കാനും വക നല്‍കുന്നുണ്ട്. ഏതൊരു ലക്ഷ്യത്തിനായി സ്ഥാപിതമായോ ആ ലക്ഷ്യപൂര്‍ത്തീകരണത്തിന് അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച ഒരു മഹാപ്രസ്ഥാനം. ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക്, പതിനായിരങ്ങളാകുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസവും ജീവിതത്തിന് പുതിയ ദിശാബോധം നല്‍കാനും, അവരുടെ വരുംതലമുറകള്‍ക്ക് കൂടെ ഉപകാരപ്രദമായ മത-ഭൗതിക വിദ്യാഭ്യാസ പ്രവര്‍ത്തങ്ങളാണ് ഈ സംരംഭംവഴി നടപ്പിലായത്.
കേരളത്തിലെ ഓരോ യതീംഖാനക്കും ഒരായിരം വിജയകഥകള്‍ പറയാനുണ്ട്; മത, രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ, വിദ്യാഭ്യാസ, കലാ-കായിക, വാണിജ്യ-വ്യവസായ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച തങ്ങളുടെ സന്താനങ്ങളെ കുറിച്ച്. ഓരോ സ്ഥാപനത്തില്‍നിന്നും പഠിച്ച് പുറത്തിറങ്ങി സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവരില്‍ കോളേജ് പ്രൊഫസര്‍മാര്‍, സ്‌കൂള്‍ അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വിവിധ ഗവണ്മെന്റ് സര്‍വീസുകളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ മുതല്‍ എംഎല്‍എ മുതല്‍ മന്ത്രിവരെ ആയവരുണ്ട്. അങ്ങനെ നീളുന്നു ആ പട്ടിക. അനാഥത്വത്തിന്റെ കയ്പുനീര് കുടിച്ച്, പട്ടിണിയും പരിവട്ടവുമായി, പൊതുസമൂഹത്തില്‍നിന്ന് പ്രാന്തവത്കരിക്കപ്പെട്ട ഈ അനാഥ മക്കളെ കരുതലോടെ ചേര്‍ത്തുപിടിച്ച് സ്‌നേഹവും സാന്ത്വനവും നല്‍കി പില്‍കാലത്ത് ഉന്നത സാമൂഹിക ജീവിതം എത്തിപ്പിടിക്കുന്നതില്‍ കൈത്താങ്ങായ ശ്രേഷ്ഠ ദൗത്യമാണ് യതീംഖാനകള്‍ നിര്‍വഹിക്കുന്നത്. ലക്ഷക്കണക്കിന് അനാഥര്‍ക്കും അഗതികള്‍ക്കും അത്താണിയായും, ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ നിവര്‍ന്നുനില്‍പിന് നട്ടെല്ലായും, മത, ധാര്‍മിക വൈജ്ഞാനിക രംഗത്ത് വിളക്കുമാടവുമായി വര്‍ത്തിച്ച മഹാപ്രസ്ഥാനം.
അനാഥ സംരക്ഷണം: കേരള മോഡല്‍
2019ലെ കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 883 സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങള്‍ ഉണ്ട്.(1) കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത അനാഥാലയങ്ങളുടെ എണ്ണവുംകൂടി കണക്കാക്കുമ്പോള്‍ നമ്മുടെ കൊച്ചുകേരളത്തിലെ അനാഥാലയങ്ങളുടെ എണ്ണം ആയിരത്തില്‍ അധികം ഉണ്ടാകും. ഇതിന് പുറമെ വൃദ്ധസദനങ്ങള്‍, യാചക മന്ദിരങ്ങള്‍, വികലാംഗ മന്ദിരങ്ങള്‍, സ്ത്രീ സംരക്ഷണ കേന്ദ്രങ്ങള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള കേന്ദ്രങ്ങള്‍ തുടങ്ങിയവകൂടി പരിഗണിക്കുമ്പോള്‍ എണ്ണം പിന്നെയും ഉയരും.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ അവസ്ഥ പരിഗണിക്കുമ്പോള്‍ മാത്രമെ നമ്മുടെ നാട് ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ തിരിച്ചറിയാനാകൂ. ഓരോ ജില്ലയിലും മിനിമം 3 അനാഥാലയങ്ങള്‍ എന്ന കേന്ദ്രസര്‍ക്കാരിന്റെ ശരാശരി ലക്ഷ്യംപോലും പൂര്‍ത്തിയാക്കാതെ, അഞ്ച് ജില്ലകള്‍ക്ക് ഒരു അനാഥമന്ദിരം എന്നതാണ് പല സംസ്ഥാനങ്ങളുടെയും അവസ്ഥ.(2)
വിദ്യാഭ്യാസ, സാക്ഷരത, ആരോഗ്യ മേഖലകളില്‍ ആഗോളതലത്തില്‍ തന്നെ അക്കാദമിക, ഗവേഷണ രംഗത്ത് 'കേരള മോഡല്‍' എന്ന ഒരു സംജ്ഞതന്നെ രൂപപ്പെട്ട തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച നമ്മുടെ കൊച്ചുകേരളം ഏതൊരു മലയാളിയുടെയും ആത്മബോധത്തിന്റെ പ്രതീകമാണ്. ഭൂമിശാസ്ത്രപരമായ സവിശേഷതയും പ്രകൃതിവിഭവങ്ങളുടെ ദൗര്‍ലഭ്യതയും മൃദുല പരിസ്ഥിതിയുമൊക്കെയായി പല പരിമിതികള്‍ക്കുള്ളിലും മലയാളികളുടെ മാനവവിഭവശേഷിയും വിദ്യാഭ്യാസവും കഠിനാദ്ധ്വാന ശീലവുംമൂലം ലോകഭൂപടത്തില്‍ അതിന്റെ കയ്യൊപ്പ് ചാര്‍ത്താന്‍ സാധിച്ചു എന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. പക്ഷേ, സാമൂഹിക, മത, നവോത്ഥാനരംഗത്ത് കേരളസമൂഹം കൈവരിച്ച നേട്ടങ്ങള്‍ ആഗോള തലത്തില്‍ എത്രമാത്രം ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നത് ഇനിയും വിലയിരുത്തപ്പെടേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു വിഷയമാണ് കേരളത്തിലെ അനാഥാലയങ്ങളുടെ സേവന ചരിത്രം. മത, സമുദായ ഭേദമന്യെ എല്ലാ വിഭാഗങ്ങളും ഈ രംഗത്ത് അവരുടേതായ പങ്കു നിര്‍വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ നിര്‍വഹിച്ച പങ്ക് അതുല്യമാണ്.
2019ലെ, കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 883 സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങള്‍ ഉണ്ട്. ഇതില്‍ 119 എണ്ണവുമായി എറണാംകുളം ജില്ല ഒന്നാമതും 102 എണ്ണവുമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തുമാണ്. (2004 ലെ കണക്ക് പ്രകാരം മലപ്പുറം (72) ഒന്നാം സ്ഥാനത്തും എറണാകുളം (65) രണ്ടാം സ്ഥാനത്തും ആയിരുന്നു. കേരളത്തിലെ മൊത്തം എണ്ണം 551ല്‍ നിന്ന് 883 ആയി ഉയര്‍ന്നു (60% വളര്‍ച്ച). മൊത്തം പഠിതാക്കളുടെ എണ്ണം 34005 നിന്ന് 35986 ആയി ഉയര്‍ന്നു (6%). മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള യതീംഖാനകള്‍: 2004ല്‍ 198, 2019ല്‍ 354. (56% വളര്‍ച്ച).
യതീംഖാനകള്‍: ഇന്നലെകള്‍ക്ക് പറയാനുള്ളത്
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് പല പതിറ്റാണ്ടുകളിലായി സ്ഥാപിതമായ ഈ മഹാസ്ഥാപനങ്ങള്‍ ഓരോന്നും സ്ഥാപിതമായത് ഓരോ സാമൂഹിക സാഹചര്യങ്ങളില്‍ ആയിരുന്നു എന്ന് ചരിത്രം വായിക്കുന്നവര്‍ക്ക് തിരിച്ചറിയാനാകും. 1922ല്‍ ജെ.ഡി.ടി യതീംഖാന എന്ന കേരളത്തിലെ ആദ്യത്തെ യതീംഖാന സ്ഥാപിതമായത് 1921ലെ മലബാര്‍ മാപ്പിള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അനാഥരായിത്തീര്‍ന്ന കുട്ടികള്‍ക്ക് അഭയവും വിദ്യാഭ്യാസവും നല്‍കുന്നതിനായി പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന (ഇസ്ലാഹി പ്രസ്ഥാന നേതാവ് കൂടിയായ) മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പഞ്ചാബിലെ ഒരു പ്രമുഖ ധനിക കുടുംബത്തിലെ കാരണവരും സ്വാതന്ത്ര്യസമര സേനാനിയും ജംഇയ്യത്തെ ദഅ്‌വത്ത് വ തബ്ലീഗെ ഇസ്ലാം (ജെ.ഡി.റ്റി ഇസ്ലാം) എന്ന സംഘടനയുടെ സ്ഥാപകനുമായ മൗലാന അബ്ദുല്‍ക്വാദിര്‍ ഖസൂരിയുമായി ബന്ധപ്പെട്ടു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അഭ്യര്‍ഥന പ്രകാരം 1921ലെ മലബാര്‍ കലാപാനന്തര മുസ്ലിം സമൂഹത്തിന്റെ പതിതാവസ്ഥ നേരിട്ടുമനസ്സിലാക്കുന്നതിനായി അദ്ദേഹം മലബാര്‍ സന്ദര്‍ശിക്കുകയും കലാപത്തിനിരയായ കുടുംബങ്ങൡലെ കുട്ടികളെ സംരക്ഷിക്കുന്നതിനായി ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജ് സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ അബ്ദുല്‍ക്വാദിര്‍ ഖസൂരിയുടെ സഹായത്താലാണ് 1922ല്‍ ജെ.ഡി.റ്റി ഇസ്ലാം പിറവികൊള്ളുന്നത്.(3)
1943ല്‍ പരക്കെ പിടിപെട്ട കോളറമൂലം നിരവധി കുടുംബങ്ങള്‍ അനാഥമാക്കപ്പെട്ട സാമൂഹിക പശ്ചാത്തലത്തെ ധീരമായി നേരിട്ടുകൊണ്ട് കെ.എം മൗലവി, എം.കെ ഹാജി സാഹിബ്, ഉമര്‍ മൗലവി, കെ.എം സീതി സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍, നേരത്തേ സ്ഥാപിക്കപ്പെട്ട ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജിന്റെ ശാഖ എന്ന നിലക്ക് 114 അനാഥകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് 1943 ഡിസംബറില്‍ തിരൂരങ്ങാടി ഓര്‍ഫനേജ് നിലവില്‍ വന്നു.(4) കോളറയില്‍ മരണപ്പെട്ട ആയിരങ്ങളുടെ അനാഥരായ മക്കള്‍ക്ക് അഭയം നല്‍കുക എന്ന സാമൂഹിക ഉത്തരവാദിത്തമാണ് സമുദായ നേതൃത്വം അന്ന് നിര്‍വഹിച്ചത്.
22 കുട്ടികളുമായി 1956ല്‍ സ്ഥാപിതമായ മുക്കം മുസ്ലിം ഓര്‍ഫനേജ് അനാഥശാലകള്‍ക്ക് വഴികാട്ടിയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധയും നല്‍കിവരുന്ന സ്ഥാപനമാണ്.(5) മുഹമ്മദലി ശിഹാബ് ഐ.എ.എസ് എന്ന വ്യക്തിയിലൂടെ ചരിത്രനിയോഗം പ്രായോഗികമാക്കി മാതൃക സൃഷ്ടിച്ച സ്ഥാപനം.
1961ല്‍ എടവണ്ണയില്‍ യതീംഖാന സ്ഥാപിതമായി. യതീംഖാന നിലനില്‍ക്കുന്ന സ്ഥലവും 5000 ഉറുപ്പികയും കൊടുത്തുകൊണ്ട് തച്ചറമ്പന്‍ കമ്മദാജിയാണ് തുടക്കമിട്ടത്. പി.വി. മുഹമ്മദ് ഹാജി എട്ടര ഏക്കര്‍ കവുങ്ങിന്‍തോട്ടം അതിലേക്ക് വക്വഫ് ചെയ്തു. അത്തിക്കല്‍ അഹമ്മദ് കുട്ടി ഹാജി തിരുവാലിയില്‍ ഒന്നര ഏക്കര്‍ നിലവും യതീംഖാനക്ക് കൊടുത്തു. ജെ.ഡി.റ്റി ഇസ്ലാം അനാഥശാലയുടെ ഒരു ശാഖയായിക്കൊണ്ടാണ് തുടങ്ങിയത്.(6)
1969ല്‍ നിലമ്പൂര്‍ മുസ്‌ലിം ഓര്‍ഫനേജ്, ഉദാരഹസ്തനായ നാലകത്ത് ബീരാന്‍ ഹാജി അനാഥ മക്കള്‍ക്കുവേണ്ടി സംഭാവന നല്‍കിയ മുപ്പത് ഏക്കര്‍ സ്ഥലത്താണ് നിലവില്‍വന്നത്. ആദരണീയനായ സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് അനാഥമന്ദിരത്തിനു തറക്കല്ലിട്ടത്. നാലകത്ത് ബീരാന്‍ സാഹിബും ഡോ. എം. ഉസ്മാന്‍ സാഹിബുമായിരുന്നു ഈ സ്ഥാപനത്തിന്റെ നേതൃത്വം വഹിച്ചിരുന്നത്.(7)
നമ്മുടെ പൂര്‍വസൂരികളായ മഹാരഥന്മാര്‍ സ്വന്തം ധനവും സ്ഥലങ്ങളും നല്‍കി നട്ടുവളര്‍ത്തിയ ഒരായിരം കനിവിന്റെ കഥകള്‍ പറയാനുള്ള ആയിരം സ്ഥാപനങ്ങളില്‍ ചിലത് മാത്രം ഉദാഹരണത്തിന് ഉദ്ധരിച്ച് കൂടുതല്‍ ദീര്‍ഘിപ്പിക്കാതെ ചുരുക്കുകയാണ്. ഈ ചരിത്രങ്ങള്‍ രേഖപ്പെടുത്തേണ്ടതും വരുംതലമുറകള്‍ക്ക് കൈമാറേണ്ടതുമുണ്ട്. നമ്മുടെ പല സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകള്‍ പരിശോധിച്ചപ്പോള്‍ ഈ രംഗത്ത് വലിയ പോരായ്മകള്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഇത് കുറിക്കുന്നത്. പല സ്ഥാപന വെബ്‌സൈറ്റുകളിലും സ്ഥാപക നേതാക്കളെ കുറിച്ച് ഒരു വരിപോലും കാണാന്‍ സാധിച്ചില്ല. മനപ്പൂര്‍വമായിരിക്കില്ല; പക്ഷേ, വൈജ്ഞാനിക രംഗത്ത് ഇന്റര്‍നെറ്റിന്റെ പ്രാധാന്യം മനസ്സിലാക്കി ഓരോ സ്ഥാപനവും അവയുടെ ചരിത്രം ഒരല്‍പം ദീര്‍ഘമായി തന്നെ രേഖപ്പെടുത്തേണ്ടതുണ്ട്. അതിനായി നമ്മുടെ വെബ്‌സൈറ്റുകളില്‍ ഒരല്‍പം ബൈറ്റ്‌സ് ചെലവഴിക്കുന്നത് വൃഥാവിലാവില്ല. ആ സ്ഥാപനങ്ങളില്‍ പഠിച്ചവരും പഠിച്ചുകൊണ്ടിരിക്കുന്നവരും ഇനി പഠിക്കാനിരിക്കുന്നവര്‍ക്കും ഇന്നലെകളുടെ ചരിത്രം മനസ്സിലാക്കാനും തങ്ങള്‍ക്ക് ഈ സമൂഹത്തിന് തിരിച്ച് ഈ രൂപത്തില്‍ എന്ത് നല്‍കാന്‍ സാധിക്കുമെന്ന ചിന്തകള്‍ക്ക് വഴിമരുന്നിടാന്‍ അവയ്ക്ക് സാധിക്കും. അവരില്‍നിന്ന് എം.കെ ഹാജിമാരും ഖസൂരിമാരും സൃഷ്ടിക്കപ്പെട്ട് ചരിത്രം ആവര്‍ത്തിക്കട്ടെ.
രണ്ടുനേരം കഞ്ഞി കുടിക്കല്‍ ആഡംബരമായിരുന്ന ഒരു കാലഘട്ടത്തില്‍ നൂറുകണക്കിന് യതീം കുട്ടികള്‍ക്ക് മൂന്നുനേരം ഭക്ഷണവും വസ്ത്രവും പുസ്തകങ്ങളും വിദ്യാഭ്യാസവും എല്ലാം സൗജന്യമായി നല്‍കിയ ഈ സംവിധാനം അന്നത്തെ കുടുംബങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത സൗഭാഗ്യമായിരുന്നു. നമ്മുടെ മുന്‍കാല ഉലമാക്കളും ഉമറാക്കളും അവരുടെ ദൗത്യം നിര്‍വഹിച്ചു. ഈ സ്ഥാപങ്ങള്‍ അവയുടെ ഇന്നലെകളില്‍ അവയുടെ ചരിത്രനിയോഗം പൂര്‍ത്തിയാക്കി.
യതീംഖാനകള്‍ ഇന്നിന്റെ വര്‍ത്തമാനം
പക്ഷേ, യതീംഖാനകളുടെ സമകാലിക വാര്‍ത്തകള്‍ നല്‍കുന്ന സൂചന അത്ര ശുഭകരമല്ല. ആയിരവും അഞ്ഞൂറും കുട്ടികള്‍ പഠിച്ചിരുന്ന സ്ഥാപനങ്ങളില്‍ നേര്‍പകുതിയോ അതില്‍ താഴെയോ ആണ് അംഗസംഖ്യ. ഇതിന് സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മേഖലകളില്‍ മുസ്‌ലിം സമുദായത്തില്‍ വന്ന പരിവര്‍ത്തങ്ങള്‍ കാരണമാണ്. സമുദായത്തിന്റെ വളര്‍ച്ച നമുക്ക് ആഹ്ലാദകരംതന്നെയാണ്. പക്ഷേ, അതുമാത്രമാണോ ഈ കൊഴിഞ്ഞുപോക്കിന് കാരണം എന്നത് വര്‍ത്തമാനകാല നേതൃത്വം ഒരു ആത്മവിചിന്തനത്തിന് തയ്യാറാേവണ്ടതുണ്ട്.
നിരവധി മാനങ്ങളുള്ള ഒരു സാമൂഹിക പ്രതിഭാസമാണ് ഇത് എന്നതില്‍ സംശയമില്ല. യതീംഖാനകളുടെ എണ്ണത്തില്‍ ഉണ്ടായ വലിയ വര്‍ധനവ്, സര്‍ക്കാര്‍തല ഭക്ഷ്യസുരക്ഷ, സൗജന്യ വിദ്യാഭ്യാസം, സാമൂഹികനീതി വകുപ്പ്, വിദ്യാഭ്യാസവകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ ഘടകങ്ങള്‍ നടപ്പിലാക്കുന്ന ജനസേവന പദ്ധതികള്‍ ഒരു പരിധിവരെ കുടുംബങ്ങള്‍ക്ക് വളരെ ആശ്വാസകരമായ സാഹചര്യം സൃഷ്ടിച്ചു എന്നത് ഈ മാറ്റത്തിന് നല്ല പങ്കുവഹിച്ചു. ഗള്‍ഫ് മേഖലകളിലെ വര്‍ധിച്ച ജോലി സാധ്യതകളും അത് നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയ ഗള്‍ഫ് പണം എന്നതും മറ്റൊരു കാരണമാണ്. സമൂഹത്തില്‍ ഇന്നും അനാഥകള്‍ ഉണ്ട്, പ്രയാസം അനുഭവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട് എന്നാണ് വര്‍ധിച്ച് വരുന്ന സോഷ്യല്‍ മീഡിയ ക്രൗഡ് ഫണ്ട് പോസ്റ്റുകള്‍ നല്‍കുന്ന സന്ദേശങ്ങള്‍.
യതീംഖാനകള്‍ സ്ഥാപിക്കപ്പെട്ട കാലഘട്ടത്തിന്റെ സാമൂഹിക ഘടനക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായാണ് അതിന്റെ പ്രവര്‍ത്തനരീതി ആസൂത്രണം ചെയ്തത്. പക്ഷേ, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് നമ്മുടെ സമൂഹത്തില്‍ സംഭവിച്ച വിവിധങ്ങളായ മാറ്റങ്ങള്‍ക്ക് അനുസൃതമായ രൂപത്തില്‍ യതീംഖാനകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായ രൂപത്തില്‍ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഓരോ മാനേജ്‌മെന്റിന്റെയും കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് ചെറിയ ചെറിയ മാറ്റങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടാവാം. പക്ഷേ, ഈ കാലഘട്ടത്തിന്റെ സാമൂഹിക ആവശ്യങ്ങള്‍ക്ക് വേണ്ട രൂപത്തിലുള്ള ഒരു ശാസ്ത്രീയമായ ഇടപെടല്‍ നടന്നിട്ടുണ്ടോ എന്നത് ഗൗരവമായ ആത്മ വിചിന്തനത്തിന് വിധേയമാക്കണം.
യതീംഖാനകളോട് ചേര്‍ന്ന് സ്‌കൂളുകളും സയന്‍സ്, ആര്‍ട്‌സ് കോളേജുകളും, ട്രെയിനിങ് കോളേജുകള്‍, ഹോസ്പിറ്റലുകള്‍, നേഴ്സിങ് കോളേജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സമുച്ഛയങ്ങള്‍ തന്നെ പടുത്തുയര്‍ത്തപ്പെട്ട പ്രധാനപ്പെട്ട എല്ലാ പഴയ യതീംഖാനകള്‍ക്കും വളര്‍ച്ചയുടെ ചരിത്രങ്ങള്‍ ധാരാളം പറയാനുണ്ട്. പക്ഷേ പുതിയ സംരംഭങ്ങള്‍ വന്നപ്പോള്‍ യതീംഖാന എന്ന അടിസ്ഥാന സ്ഥാപനം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയോ എന്നൊരു സ്വയം വിചാരണക്ക് നാം തയ്യാറാവേണ്ടതുണ്ട്. യതീംഖാനയിലെ പഠിതാക്കള്‍ക്ക് ഈ പറഞ്ഞ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ, ജോലി സംവരണവും മറ്റ് അനൂകല്യങ്ങളും നടപ്പിലാക്കിയ അനവധി മാനേജ്‌മെന്റുകള്‍ ഉണ്ട് എന്ന ബോധ്യത്തോടെ തന്നെയാണ് ഇത് കുറിക്കുന്നത്. ഇതില്‍ എത്രമാത്രം യതീമുകള്‍ക്ക് പ്രയോജനം ലഭിച്ചു, എത്രപേര്‍ ഇതിന്റെ ഗുണഭോക്താക്കളായി എന്നതെല്ലാം വസ്തുതാപരമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.
1983ല്‍ കോഴിക്കോട് ആസ്ഥാനമായി രൂപീകരിക്കപ്പെട്ട 'കേരള സ്റ്റേറ്റ് മുസ്ലിം ഓര്‍ഫനേജസ് കോ ഓഡിനേഷന്‍ കമ്മിറ്റി,' മുസ്ലിം സമുദായത്തിന് പുറമെ എല്ലാ മതവിഭാഗങ്ങള്‍ക്കും പങ്കാളിത്തമുള്ള Association of Orphanages and other Charitable Institutions Kerala എന്നീ സംവിധാനങ്ങള്‍ ഈ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ നിരവധിയാണ്. ഈ രംഗത്ത് കൂടുതല്‍ മത, വിദ്യാഭ്യാസ, സാമൂഹിക രംഗത്തെ പ്രഗത്ഭരുടെ സേവനങ്ങള്‍കൂടി സംയോജിപ്പിക്കേണ്ടതുണ്ട്.
കേരളത്തില്‍ യതീംഖാന സംവിധാനം കൊണ്ടുവന്നത് ഇസ്വ്‌ലാഹി പ്രസ്ഥാനമാണ്. തുടക്കത്തില്‍ പല വിമര്‍ശനങ്ങളും ആരോപണങ്ങളുമെല്ലാം നേരിടേണ്ടിവന്നിരുന്നെങ്കിലും ഇന്ന് എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും കീഴില്‍ യതീംഖാനകള്‍ ഉണ്ട് എന്നത് ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന് അഭിമാനാര്‍ഹമാണ്. മദ്‌റസ പ്രസ്ഥാനം, വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷ, സ്ത്രീ വിദ്യാഭ്യാസം, മലയാളം-ഇംഗ്ലീഷ് ഭാഷാപഠനം തുടങ്ങിയ നിരവധി നവോത്ഥാന സംരംഭങ്ങളെ എതിര്‍ത്തപോലെ യതീംഖാന സംവിധാനത്തെആരംഭത്തില്‍ എതിര്‍ത്ത പല പ്രസ്ഥാനങ്ങളും ഇന്ന് ഈ രംഗത്തുള്ള അവരുടെ എണ്ണവും വണ്ണവും പറയുമ്പോള്‍ നിസ്വാര്‍ഥരായ, ഈ സമുദായത്തിന്റെ നന്മയും വിജയവും ആഗ്രഹിച്ച ഇസ്വ്‌ലാഹി പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ആനന്ദവും അഭിമാനവും മാത്രമെയുള്ളൂ. യതീംഖാനകളുടെ മുന്‍കാല വിമര്‍ശകരായ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ന് ഇസ്വ്‌ലാഹി പ്രസ്ഥാനത്തെക്കാള്‍ എണ്ണത്തില്‍ വളരെ കൂടുതല്‍ സ്ഥാപനങ്ങള്‍ ഉണ്ട് എന്നത് ഈ പ്രസ്ഥാനത്തിന്റെ വിജയമാണ്.
(അവസാനിച്ചില്ല)
Ref:
1. Economic review - Kerala State Planning Board - 2019 - Volume 2.
2. Times Of India - Orphans of India,October 2, 2019, Poulomi Pavini.
3. https://muslimheritage.in/innermore/50.
4. ഓര്‍മകളുടെ തീരത്ത് - കെ. ഉമര്‍ മൗലവി.
5. https://www.mmomukkam.org/about-mukkam-muslim-orphanage
6. നേര്‍പഥം വാരിക, Vol-03-2019 സെപ്തംബര്‍ 28, ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്ലാഹി പ്രസ്ഥാനവും.
7. അനാശ്രിതരുടെ സഹചാരി, പി.വി അബ്ദുല്‍ വഹാബ് എം.പി - ചന്ദ്രിക ദിനപത്രം (13-02-2011).