തൊഴില്‍, വിദ്യാഭ്യാസം: കൊറോണക്കാലം മലയാളികള്‍ക്ക് സമ്മാനിക്കുന്ന അവസരങ്ങള്‍

നബീല്‍ പയ്യോളി

2020 ജൂലൈ 18 1441 ദുല്‍ക്വഅദ് 28
ആകസ്മികമായി വന്നുചേര്‍ന്ന കൊറോണ വരുത്തിവച്ച നഷ്ടങ്ങളുടെ കണക്കെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. പക്ഷേ, ഏതൊരു പ്രതിസന്ധിയെയും അവസരമായി കാണുന്നവനേ അതിജയിക്കാന്‍ കഴിയൂ എന്നത് ചരിത്രം നല്‍കുന്ന പാഠമാണ്. ആയര്‍ഥത്തില്‍ തൊഴിലിടങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും കൊറോണ വരുത്തി വെച്ച പ്രതിസന്ധികളെ എങ്ങനെ നിര്‍മാണാത്മകമായി ഉപയോഗപ്പെടുത്താം എന്ന് വിലയിരുത്തുകയാണ് ലേഖകന്‍.

ലോകത്തെ അടിമുടി മാറ്റിമറിച്ചിരിക്കുകയാണ് കൊറോണ. സ്വപ്‌നത്തില്‍ പോലും കണ്ടിട്ടില്ലാത്ത മാറ്റങ്ങള്‍ക്ക് നാം അറിയാതെ വിധേയമായിക്കഴിഞ്ഞു. കൊറോണക്ക് ശേഷം എന്നത് 'റീബില്‍ഡ് വേള്‍ഡ്' ആണ്. ലോകം പുതിയ ജീവിതക്രമത്തിലേക്ക് മാറിക്കഴിഞ്ഞു. മാസ്‌കെന്ന പുത്തന്‍കൂട്ടുകാരന്‍ നമ്മുടെ മുഖത്തെ മറച്ചു. മുഖഭാവം കണ്ട് കാര്യം പിടികിട്ടുന്ന കാലം ഇനിയെന്നെന്നറിയില്ല. ന്യൂനതകള്‍ മറയ്ക്കാനും ദിനേന മുഖം മിനുക്കാനും മറ്റും ധാരാളം സമയം ചെലവഴിച്ചവര്‍ക്ക് മാസ്‌ക് നല്‍കിയ ആശ്വാസം ചെറുതല്ല. വ്യത്യസ്തമായ മുഖാവരണങ്ങള്‍ വിപണിയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ധരിച്ച വസ്ത്രത്തിനനുസരിച്ച് ഇനി മാസ്‌കും വാങ്ങണം എന്നായിരിക്കുന്നു. എന്നാല്‍ കൊറോണ തീര്‍ത്ത ലോകക്രമം മലയാളിക്ക് വലിയ തൊഴില്‍, വിദ്യഭ്യാസ സാധ്യതകളാണ് തുറന്നുതരുന്നത്.

തൊഴില്‍

ഈ പ്രതിസന്ധിയെ അവസരമായി കാണുന്നവര്‍ക്കേ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങളെ ക്രമീകരിക്കുകയാണ്, അഥവാ ജീവിതത്തോട് പ്രായോഗികസമീപനം സ്വീകരിക്കുകയാണ് നാം ചെയ്യേണ്ടത്. വിദേശരാജ്യങ്ങളിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് അതാത് രാജ്യങ്ങള്‍ പൂര്‍ണമായും കൊറോണമുക്തമായി എന്ന് ഔദേ്യാഗിക പ്രഖ്യാപനം വന്ന ശേഷമെ  മടക്കം സാധ്യമാകൂ എന്ന് ഭരണകൂടങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇനിയും മാസങ്ങള്‍ കഴിഞ്ഞേ ഇത് സാധ്യമാകൂ എന്നുവേണം കരുതാന്‍. ജോലി നഷ്ടപ്പെട്ടും അനാരോഗ്യം കാരണമായും നാട്ടിലേക്ക് മടങ്ങിയ പ്രവാസികളില്‍ മിക്കവരും അവിദഗ്ധ തൊഴിലാളികളാണ്. ഗള്‍ഫ് രാജ്യങ്ങള്‍ പലതും പൂര്‍ണമായും പഴയരീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതാത് രാജ്യത്തിന് അകത്തുള്ളവരെ നിലനിര്‍ത്തി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചും നാട്ടില്‍ പോയവര്‍ക്ക് പകരം രാജ്യത്തിനകത്തുള്ളവരെ നിയമിച്ചും ആവശ്യമില്ലാത്തവരെ പിരിച്ചുവിട്ടും ഓരോ സ്ഥാപനവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറാനായി ഭരണകൂടങ്ങള്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളും കൂടിയാവുമ്പോള്‍ ദൈനംദിന ചെലവ് വര്‍ധിക്കാനും സാധ്യതയുണ്ട്. ഇതെല്ലംകൂടി കണക്കിലെടുക്കുമ്പോള്‍ പ്രവാസലോകത്തുനിന്ന് കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടപ്പെടാനും നാട്ടിലുള്ള പ്രവാസികള്‍ക്ക് തിരിച്ചുപോകാനുള്ള അവസരം മങ്ങാനുമാണ് സാധ്യത. പ്രത്യേകിച്ച് അവിദഗ്ധ തൊഴിലാളികള്‍ക്ക്. ഇതേ അവസ്ഥയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്തിരുന്ന മലയാളികള്‍ക്കും. പലര്‍ക്കും ജോലി നഷ്ടപ്പെടുകയോ രോഗവ്യാപനമുള്ള ഇടങ്ങളിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാത്ത അവസ്ഥ വരികയോ ചെയ്തിരിക്കുന്നു. എത്രകാലം വരുമാനമില്ലാതെ വീട്ടിലിരിക്കാന്‍ സാധിക്കും എന്ന ആധിയാണ് എല്ലാവര്‍ക്കും.

ഈ സാഹചര്യങ്ങളെയെല്ലാം പോസിറ്റീവ് ആയിക്കണ്ട് അന്യദേശത്തെ അന്യമാക്കാനാണ് കൊറോണക്കാലം നമ്മോടു പറയുന്നത് എന്ന് തിരിച്ചറിയുകയാണ് ബുദ്ധി. നമ്മുടെ നാട്ടില്‍നിന്നും നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ അവരുടെ പ്രദേശങ്ങളിലേക്ക് മടങ്ങി. അവര്‍ ചെയ്തിരുന്ന ജോലികള്‍ മലയാളികള്‍ തന്നെ ചെയ്യാന്‍ സന്നദ്ധമാവുക. നല്ലൊരു ശതമാനം എക്‌സ്പ്രവാസികള്‍ക്ക് ഇതൊരു നല്ല അവസരമാണ്. നമ്മുടെ നാടിന്റെ വിഭവശേഷി ഉപയോഗപ്പെടുത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് മറ്റൊരു പരിഹാരം.

എല്ലാവരും പഴമയിലേക്കുള്ള മടക്കത്തിലാണ്. പ്രകൃതിമനോഹരമായ നാട്ടിന്‍പുറക്കാഴ്ചകള്‍ തിരിച്ചെത്തുന്നു. സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും സന്നദ്ധസംഘടനകളൂം ജനപ്രതിനിധികളുമെല്ലാം കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിത്തുടങ്ങി. തരിശായിക്കിടക്കുന്ന ചില കൃഷിയിടങ്ങളില്‍ യുവാക്കളുടെ സഹായത്തോടെ കൃഷിയിറക്കാന്‍ തുടങ്ങിയത് പുതിയ തൊഴില്‍ സാധ്യതയാണ് തുറന്നിട്ടുള്ളത്. വിഷമില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ കഴിക്കാന്‍ നമുക്ക് സാധ്യമാകും എന്നത് സന്തോഷകരമാണ്. നെല്ല് മാത്രമല്ല പച്ചക്കറികള്‍, തെങ്ങ്, വാഴ  തുടങ്ങിയവയെല്ലാം കൃഷിചെയ്യാനും അത് ഫലപ്രദമായി ഉപഭോക്താക്കളില്‍ എത്തിക്കാനും ക്രിയാത്മകമായ പദ്ധതികള്‍ ആവശ്യമാണ്. ബഹുജന പങ്കാളിത്തത്തോടെ കാര്‍ഷികവിപ്ലവം സാധ്യമാണ് എന്ന് സാരം. ഇത് നാട്ടിലേക്ക് തിരിച്ചെത്തിയ മലയാളികള്‍ക്ക് പുതിയ സാധ്യത കൂടിയാണ്.

കൊറോണക്കാലം ചക്കയുടെകാലം കൂടിയായിരുന്നല്ലോ. ചക്കജ്യൂസും മറ്റു ചക്കവിഭവങ്ങളും ലോക്ഡൗണ്‍ കാലത്തെ തീന്‍മേശകളില്‍ നിറഞ്ഞു. ആര്‍ക്കും വേണ്ടാതെകിടന്ന പ്രകൃതിവിഭവങ്ങളുടെ രുചിയറിയാന്‍കൂടി ഈ കാലം ഹേതുവായി. അങ്ങനെ ആരോഗ്യത്തിന് ഹാനികരമല്ലാത്തതും ധാരാളം പോഷകഗുണങ്ങളുമുള്ള കുറെ പ്രകൃതിവിഭവങ്ങളെ അറിയാനും അത് ഉപയോഗപ്പെടുത്താനും നമ്മള്‍ തയ്യാറായാല്‍ സാമ്പത്തികമായും ശാരീരികമായും നമുക്ക് വലിയ മെച്ചം ലഭിക്കും. വിഷമയമായ ഭക്ഷ്യ വസ്തുക്കള്‍ കണ്ട് മനംമടുത്ത മലയാളിക്ക് മനംനിറച്ച് പോഷകഗുണങ്ങളുള്ള ഭക്ഷണം കഴിക്കാനുള്ള അവസരങ്ങള്‍ കൊറോണ നല്‍കിയ സമ്മാനമാണ്. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തോട് വിടപറയാന്‍ ഈ പരിശീലനം നമ്മെ സഹായിക്കണം. പ്രകൃതി വിഭവങ്ങള്‍ പ്രകൃതിക്ക് ഹാനികരമല്ലാത്ത രീതിയില്‍ വ്യാവസായികാടിസ്ഥനത്തില്‍ ഉല്‍പാദിപ്പിക്കാനും സംഭരണ, വിതരണത്തിനും ക്രിയാത്മകമായ പദ്ധതിയുണ്ടാവണം.

ഓരോരുത്തരും അവരുടെ കഴിവും കഴിവുകേടും മനസ്സിലാക്കി വരുമാനമാര്‍ഗം കണ്ടെത്തുക. അതിന് പ്രാദേശികഭരണകൂടങ്ങളും സന്നദ്ധസംഘടനകളും ആവശ്യമായ സഹായങ്ങളും പരിശീലനങ്ങളും ലഭ്യമാക്കണം. കേരളത്തിന്റെ തനതുവിഭവങ്ങള്‍ ബ്രാന്‍ഡുചെയ്ത് ലോകവിപണിയില്‍ മാര്‍ക്കറ്റ് ചെയ്യുകയും ആവാം. മുമ്പൊരിക്കല്‍ പ്രമുഖ മലയാളി സഞ്ചാരിയായ ജോര്‍ജ് കുളങ്ങര പറഞ്ഞപോലെ, കേരളത്തിലെ മഴവെള്ളം സംഭരിച്ച് ബ്രാന്‍ഡ് ചെയ്ത് വില്‍പന നടത്തിയാല്‍ അത് വലിയ വിപ്ലവമാകും. കേരളത്തില്‍ മഴക്കാലമാകുമ്പോള്‍ ഉത്തരേന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും കഠിനമായ ചൂടാണ്. ഈ അനുകൂല സാഹചര്യം കൂടി മുന്നില്‍കണ്ടാല്‍ ഇത്തരം പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ സാധിക്കും. ഏലം, കുരുമുളക്, കാപ്പി, തേയില, കശുവണ്ടി, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി നിരവധി പ്രകൃതി വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്ത് കേരളത്തിനു പുറത്ത് വില്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഒരു മലയാളിക്കും അന്യനാടുകളിലേക്ക് അന്നംതേടിപ്പോകേണ്ട അവസ്ഥയുണ്ടാവില്ല. കള്ളും ലോട്ടറിയും മാത്രമാണ് വരുമാനമാര്‍ഗം എന്ന നിലപാടില്‍നിന്ന് ഭരണകൂടവും ഉദേ്യാഗസ്ഥരും മാറിച്ചിന്തിച്ചേ മതിയാവൂ.

വിദ്യാഭ്യാസം

കൊറോണയോടൊപ്പം ജീവിക്കുക എന്നതാണല്ലോ പുതിയനയം. മാസങ്ങളോ വര്‍ഷങ്ങളോ കൊറോണ നമ്മോടൊപ്പം ഉണ്ടാകും എന്നാണ് ആരോഗ്യലോകം പറയുന്നത്. അത് മുഖവിലക്കെടുത്താല്‍ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ ഇതുമൂലം ഉണ്ടാകും. യു.ജി.സി അവസാനമായി തീരുമാനിച്ചത് ഒക്ടോബര്‍വരെ കോളേജുകള്‍ തുറക്കേണ്ടതില്ല എന്നാണ്. ഈ അധ്യയനവര്‍ഷം ദുുഷ്‌കരമാകുമെന്നതില്‍ സംശയമില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ ഈ അവസ്ഥയെ മറികടക്കാന്‍ സര്‍ക്കാരും വിദ്യാഭ്യാസമേഖലയും ശ്രമിക്കുന്നുണ്ട്. ധാരാളം പരിമിതികള്‍ ഈ വിഷയങ്ങളില്‍ ഉണ്ടെന്ന യാഥാര്‍ഥ്യം നാം കാണാതിരുന്നുകൂടാ.

വിദൂരങ്ങളില്‍ വിദ്യാഭ്യാസം നേടിക്കൊണ്ടിരുന്ന നമ്മുടെ വിദ്യാര്‍ഥികള്‍ ഭൂരിഭാഗവും നാട്ടിലേക്ക് തിരിച്ചുവന്നു. അവരുടെ തിരിച്ചുപോക്ക് സാധ്യമാകാന്‍ മാസങ്ങളെടുത്തേക്കാം. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടാവാനുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ പങ്കുവെക്കുന്നുമുണ്ട്. പ്ലസ്ടു കഴിഞ്ഞവര്‍ ഉന്നതവിദ്യാഭ്യാസത്തിന് തയ്യാറെടുക്കുകയാണ്. അവരുടെ രക്ഷിതാക്കളില്‍ ഭൂരിപക്ഷവും വിദൂരങ്ങളില്‍ തങ്ങളുടെ മക്കളെ പറഞ്ഞയക്കാന്‍ ഭയപ്പെടുന്നുണ്ട്. നാട്ടിലുള്ള നല്ല കലാലയങ്ങളില്‍ തങ്ങളുടെ മക്കള്‍ക്ക് അവസരം ലഭ്യമാകുമോ എന്ന അന്വേഷണത്തിലാണ് മലയാളി രക്ഷിതാക്കള്‍. അത് ഉള്‍ക്കൊണ്ടുകൊണ്ട് പരമാവധി വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍തന്നെ പഠിക്കുവാനുള്ള അവസരം ഉണ്ടാവണം. നിലവിലുള്ള കോളേജുകളില്‍ അധികബാച്ചുകള്‍ അനുവദിച്ചും സര്‍ക്കാര്‍, സ്വകാര്യമേഖലകൡ സൗകര്യം ഉള്ളയിടങ്ങളില്‍ പുതിയ കോളേജുകളും കോഴ്‌സുകളും അനുവദിച്ചും ഈ പ്രതിസന്ധിയെ ഫലപ്രദമായി മറികടക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണം. മറിച്ചാണെങ്കില്‍ ഈ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയ വലിയൊരുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യയന വര്‍ഷം നഷ്ടമായേക്കാം.  

മുമ്പൊരിക്കല്‍ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസവിചക്ഷണനുമായി സംവദിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം പങ്കുവെച്ച ഒരു യാഥാര്‍ഥ്യമുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത് വിദ്യാര്‍ഥി, അധ്യാപക, അനധ്യാപക സംഘടനകളാണ് എന്നതാണത്. ഇതില്‍ ക്രിയാത്മകമായമാറ്റം ഉണ്ടാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും വിദ്യാര്‍ഥി, അധ്യാപക, അനധ്യാപക സംഘടനകളും ഇച്ഛാശക്തി കാണിക്കണം. അവകാശങ്ങള്‍ നേടിയെടുക്കാനും നീതിലഭ്യമാക്കാനും നടത്തുന്ന സമരങ്ങള്‍ പലപ്പോഴും അക്രമങ്ങളുടെ കൂത്തരങ്ങായി മാറുകയാണ്. ഇത് പലപ്പോഴും സമരങ്ങള്‍ ചെയ്യുന്നവരുടെ ഭാവിയില്‍ ഇരുള്‍വീഴ്ത്തുന്നതോടൊപ്പം ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവികൂടി അവതാളത്തിലാക്കുന്ന നടപടിയാണ്. സമരങ്ങളും പ്രതിഷേധങ്ങളും ക്രിയാത്മകമാവണം. അതോടൊപ്പം നിര്‍മാണാത്മകവും സര്‍ഗാത്മകവുമാവണം. സി.എ.എ വിരുദ്ധ സമരങ്ങള്‍ ഈ രംഗത്ത് പുതുമാതൃക തീര്‍ത്ത ഇടപെടലായിരുന്നു. രാജ്യത്തെ വിദ്യാര്‍ഥിസമൂഹം നയിച്ച സമരം അക്രമരഹിതവും ക്രിയാത്മകവും ആയിരുന്നു. നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരും നിയമപാലകരും ശ്രമിച്ചപ്പോഴും അതിനെല്ലാം സര്‍ഗാത്മക മറുപടിനല്‍കി ഗാന്ധിയന്‍ സമരരീതി മുറുകെപ്പിടിച്ച് മുന്നേറി സംഘപരിവാര്‍ അജണ്ടകളെ ഒന്നൊന്നായി തകര്‍ത്ത് ഈ രാജ്യത്തെ വീണ്ടെടുക്കാം എന്ന യാഥാര്‍ഥ്യമാണ് വിദ്യാര്‍ഥിസമൂഹം നമുക്ക് കാണിച്ചുതന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള കെടുകാര്യസ്ഥതയും നിലവാരക്കുറവും പരീക്ഷ നടത്തിപ്പിലെ അപാകതകളും ഒക്കെയാണ് ഉന്നതപഠനത്തിനായി മലയാളി വിദ്യാര്‍ഥികള്‍ അന്യനാടുകളെ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളില്‍ ചിലത്. ഇതില്‍ നയപരമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. പുതുതലമുറയുടെ ഭാവി ഇരുട്ടിലാക്കുന്ന രീതിയിലുള്ള ഉദേ്യാഗസ്ഥ, രാഷ്ട്രീയ ഇടപെടലുകളും ഇനിയെങ്കിലും അവസാനിപ്പിച്ചേ മതിയാവൂ. പരീക്ഷകളില്‍ കൂട്ടത്തോല്‍വി എന്ന പ്രതിഭാസം വിദ്യാഭ്യാസമേഖലയിലെ ഏറ്റവും വലിയ അനീതിയുടെ പ്രതീകമാണ്. ഒരു വലിയ സമൂഹത്തിന്റെ ഭാവിയെ ഇരുട്ടിലാക്കി എന്ത് മാറ്റമാണ് നമുക്ക് നേടാന്‍ സാധിക്കുക? അധ്യാപകരും സര്‍വകലാശാല അധികൃതരുമൊക്കെ ഈ രംഗത്ത് കുറ്റകരമായ ഇടപെടലുകളാണ് നടത്തുന്നത്. ഇതില്‍ കാര്യമായ മാറ്റം ഉണ്ടാവണം. നിശ്ചയിച്ച സമയത്ത് പരീക്ഷകള്‍ നടത്തുക, ചോദ്യപ്പേപ്പര്‍ തയ്യാറാക്കലും മൂല്യനിര്‍ണയവും നിര്‍മാണാത്മകവും ഫലപ്രഖ്യാപനം കുറ്റമറ്റതും ആവുക തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസവകുപ്പും അധികാരികളും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണം.

വിദ്യാഭ്യാസ മേഖലയിലുള്ള മറ്റൊരു പ്രതിസന്ധി നിലവാരത്തകര്‍ച്ചയാണ്. വിദ്യാലയങ്ങളുടെ പഠന, ഭൗതിക, സാഹചര്യ നിലവാരം ഉറപ്പുവരുത്താന്‍ ഫലപ്രദമായ സിസ്റ്റം നമ്മുടെ നാട്ടില്‍ നിലവിലില്ല. കൂട്ടത്തോല്‍വികളടക്കം ഉണ്ടാവാനുള്ള കാരണങ്ങളില്‍ ഒന്ന് നിലവാരത്തകര്‍ച്ച തന്നെയാണ്. അക്കാദമിക രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. അധ്യാപക നിയമനത്തില്‍ അടക്കം അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞു നില്‍ക്കുന്നു. അതിന് അറുതിവരുത്തി കഴിവുള്ള അധ്യാപകരെ നിയമിക്കാനും അവര്‍ക്ക് മാന്യമായ വേതനം നല്‍കാനും തയ്യാറാവണം. തങ്ങളുടെ ഉത്തരവാദിത്തം ഒരു തലമുറയുടെ ഭാവിനിര്‍ണയിക്കുന്നതില്‍ പ്രധാനമാണ് എന്ന തിരിച്ചറിവ് അധ്യാപകസമൂഹത്തിനും മാനേജ്‌മെന്റുകള്‍ക്കും ഉണ്ടാവുക അനിവാര്യമാണ്. അതോടൊപ്പം പ്രധാനമാണ് ലൈബ്രറി, ലാബ്, പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങി ഇത്തരം കലാലയങ്ങളില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഭൗതിക സൗകര്യങ്ങള്‍ കലാലയങ്ങളില്‍ ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കുക എന്നത്.

കലാലയങ്ങളില്‍ പഠനാന്തരീക്ഷം ഉണ്ടാവണം. വിദ്യാര്‍ഥിസൗഹൃദ കലാലയങ്ങള്‍ക്ക് മാത്രമെ ക്രിയാത്മകസമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. സമരകോലാഹലങ്ങള്‍ അല്ല, മറിച്ച് വിദ്യയുടെ വിളയാട്ടമാണ് കലാലയങ്ങളെ ധന്യമാക്കേണ്ടത്. രാഷ്ട്രീയപാര്‍ട്ടികളും മറ്റു സംഘടനകളും തങ്ങളുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി വിദ്യാര്‍ഥിസമൂഹത്തെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണം.

പഠനത്തോടൊപ്പം ജോലി എന്ന സമീപനം ഉന്നത വിദ്യാഭ്യാസതലങ്ങളില്‍ ഉണ്ടാവേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ ആ രംഗത്ത് പുതിയ നയരൂപീകരണം നടത്തിയത് സ്വാഗതാര്‍ഹമാണ്. വിദ്യാര്‍ഥികളില്‍ അധ്വാന, സമ്പാദ്യശീലം വളര്‍ത്താനും സാമ്പത്തിക ക്രയവിക്രയങ്ങളില്‍ പക്വത കൈവരിക്കാനും ജീവിതത്തിന്റെ പ്രായോഗികതയെ അടുത്തറിയാനും ഈ നയം സഹായകമാവും. കലാലയങ്ങളുടെ ചുറ്റും തൊഴിലിടങ്ങള്‍ കൂടി ഉണ്ടാവുന്ന ഒരു സാഹചര്യം നിരവധി തൊഴിലവസരങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

കഴിവുള്ള അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് കേരളത്തില്‍ ജോലിചെയ്യാവുന്ന സാഹചര്യം ഉണ്ടാവാന്‍ ഇത്തരം ക്രിയാത്മകമായ മാറ്റങ്ങള്‍ ഹേതുവാകും. അത് അന്യനാടുകളിലെ ജോലി അനിശ്ചിതത്വത്തിലായ നിരവധി മലയാളി അധ്യാപകര്‍ക്ക് വലിയ സഹായകമായിത്തീരുകയും ചെയ്യും.

മറ്റൊന്ന് പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കുക എന്നതാണ്. ഇന്ന് ലോകത്ത് വിദ്യാഭ്യാസം വലിയ മാറ്റങ്ങള്‍ക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. ഓരോരുത്തരുടെയും കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസരീതി. ഡിഗ്രികളുടെ വലിപ്പമല്ല അവരുടെ കഴിവുകളാണ് തൊഴിലിടങ്ങളില്‍ ഇന്ന് പ്രധാനം. അവിടെയാണ് പലപ്പോഴും നാം പരാജയപ്പെടുന്നത്. അഭ്യസ്തവിദ്യരായ നിരവധിപേര്‍ തൊഴില്‍രഹിതരായി ഇന്നും നമ്മുടെ നാട്ടിലുണ്ട്. അവരുടെ കഴിവുകള്‍ ഷാര്‍പ്പ്‌ചെയ്യാന്‍ ഇത്തരം ഫിനിഷിങ് സ്‌കൂളുകളില്‍ സാധ്യമാവും. ഓരോരുത്തരുടെയും കഴിവുകള്‍ പരിപോഷിപ്പിക്കുന്ന ഫിനിഷിങ് കോഴ്‌സുകള്‍ ഉണ്ടാവണം; അഥവാ  പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍. ഉന്നതപഠനം പൂര്‍ത്തിയാക്കിയവര്‍ക്കും തൊഴില്‍ ചെയ്യുന്നവര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന കോഴ്‌സുകളാണ് ഇത്തരത്തില്‍ ഉണ്ടാവേണ്ടത്. ഏത് മേഖലയില്‍ ആണെങ്കിലും വിദഗ്ധപരിശീലനം ലഭ്യമാക്കാനും ഓരോരുത്തര്‍ക്കും തങ്ങളുടെ കഴിവുകളെ വളര്‍ത്താനും ഈ കോഴ്‌സുകള്‍ മുഖേന സാധ്യമാവും. അതിന് ഒരു അംഗീകൃത സര്‍ട്ടിഫിക്കറ്റ് കൂടി ലഭ്യമാകുന്നതോടെ വലിയ ഒരു സമൂഹത്തെ ഈ പരിശീലന പദ്ധതികളിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയും. തൊഴില്‍ അന്വേഷണങ്ങളില്‍ ആധികാരികമായ സാക്ഷ്യപത്രം ഒരു മുതല്‍ക്കൂട്ടാവുകയും ചെയ്യും. വിദേശരാജ്യങ്ങളില്‍ ഇത്തരം കോഴ്‌സുകള്‍ നിലവിലുണ്ട്. ഈ പദ്ധതിയും പരിശീലകര്‍ക്ക് തൊഴില്‍സാധ്യതയും തൊഴില്‍മേഖലയില്‍ ഗുണനിലവാരം മെച്ചപ്പെടുത്താനും സാധ്യമാകും. അതോടൊപ്പം തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കാനും തൊഴിലില്‍ ക്രിയാത്മക മാറ്റങ്ങള്‍ ഉണ്ടാക്കാനും കഴിയും.

കേരളത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ, സാക്ഷരത, ആരോഗ്യ, സാമൂഹിക രംഗങ്ങളിലെ നേട്ടങ്ങള്‍ തുടങ്ങിയവ ലോകത്തെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായ ഘടകങ്ങളാണ്. അതും വലിയ തോതില്‍ ജോലിസാധ്യതകള്‍ക്ക് കാരണമാകും. മലയാളിക്ക് മലയാളമണ്ണില്‍ മാന്യമായി ജീവിക്കാനുള്ള നിരവധി സാധ്യതകളാണ് കൊറോണക്കാലം സമ്മാനിക്കുന്നത്. കാര്യങ്ങളെ ഗുണപരമായി സമീപിക്കുകയും ക്രിയാത്മകമായ ഇടപെടലുകള്‍ സര്‍ക്കാര്‍, ഉദേ്യാഗസ്ഥ, പൊതുസമൂഹങ്ങളില്‍ നിന്നും ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ അനന്തമായ സാധ്യതകളുള്ള നല്ലനാളെയാണ് നമ്മെ കാത്തിരിക്കുന്നത്. ലോകം പുനര്‍നിര്‍മാണത്തിന്റെ കാഹളം മുഴക്കുന്ന ഇന്നിന്റെ സാഹചര്യത്തില്‍ ആ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സക്രിയമായി ഇടപെടാന്‍ ഓരോ കേരളീയനും സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.