ധനസമ്പാദനം, വിനിയോഗം: വേണം ചില പ്രായോഗിക കാഴ്ചപ്പാടുകള്‍

നബീല്‍ പയ്യോളി

2020 ആഗസ്ത് 01 1441 ദുല്‍ഹിജ്ജ 11
ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിനിടയിലേക്കാണ് കോവിഡ് എന്ന മഹാമാരി കൂടി വന്നുചേര്‍ന്നത്. സാധാരണക്കാരന്റെ ധനാഗമന മാര്‍ഗങ്ങള്‍ പലതും അടഞ്ഞുപോയപ്പോള്‍ ചെലവുകള്‍ കുത്തനെ കൂടുകയും ചെയ്തു. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ ഗുരതരമായ പ്രത്യാഘാതങ്ങള്‍ക്ക് നാം സാക്ഷിയാവേണ്ടി വരും.

ധനം മനുഷ്യനെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകമാണ്. പണം, സ്വര്‍ണം, വെള്ളി, മറ്റുസ്വത്തുവകകള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ ധനം പലരൂപത്തിലും നമ്മുടെയൊക്കെ അധീനതയില്‍ ഉണ്ട്. മനുഷ്യന്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ധനസമ്പാദനത്തിനായി നീക്കിവെക്കുന്നവെന്നത് ഒരു യാഥാര്‍ഥ്യമാണ്. ബുദ്ധിയും വിവേകവുമുള്ള കാലം മുതല്‍ അത് ഇല്ലാതാകുന്നത് വരെ മനുഷ്യന്‍ ധന സമ്പാദനത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടേയിരിക്കും. അല്‍പം മുതിര്‍ന്ന കുട്ടികള്‍ മുതല്‍ വൃദ്ധര്‍വരെ ഈ കാര്യത്തില്‍ നിതാന്തജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നവരാണ്. ഒരു രൂപ കളഞ്ഞുപോയാല്‍ അത് മനസ്സിലുണ്ടാക്കുന്ന നീറ്റല്‍ മനുഷ്യനും ധനവും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ പ്രതിഫലനമാണ്. ധനസമ്പാദനവും വിനിയോഗവും ജീവിതത്തോട് അത്രമേല്‍ ചേര്‍ന്നുനില്‍ക്കുന്നു. ന്യായമായും അന്യായമായും ധനസമ്പാദനം നടത്തുന്നവര്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. പണമുള്ളവന് മാത്രമെ സമൂഹത്തില്‍ അംഗീകാരവും പരിഗണനയും ലഭിക്കുകയുള്ളൂ എന്ന പൊതുബോധം പലരെയും അന്യായമായ രീതിയില്‍ പണം സമ്പാദിക്കാന്‍ പ്രേരിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ ജീവിതംതന്നെ അവസാനിപ്പിക്കുന്നതിന് മനുഷ്യരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ വലിയപങ്ക് ഈ മാനസികാവസ്ഥയ്ക്ക് ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. വ്യക്തി, കുടുംബം, സമൂഹം, ഭരണകൂടം തുടങ്ങി സമൂഹത്തിന്റെ മുഴുവന്‍ ഘടകങ്ങളും ഈ മാനസികാവസ്ഥ സൃഷ്ടിക്കുന്നതില്‍ പലതലങ്ങളില്‍ കരണക്കാരാവുന്നു. ഇത് ആത്മഹത്യ, കൊലപാതകം, കൊള്ള, സംഘര്‍ഷങ്ങള്‍ തുടങ്ങിയ നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമായിത്തീരുന്നു.

ധനസമ്പാദനവും വിനിയോഗവും ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്ന സാഹചര്യം ഉണ്ടായാല്‍ വ്യക്തി, കുടുംബം, സമൂഹം തുടങ്ങിയ മുഴുവന്‍ ഘടകങ്ങളിലും സമാധാനവും സന്തോഷവും നിലനില്‍ക്കും. ഈ തിരിച്ചറിവാണ് ആദ്യം നമുക്ക് ഉണ്ടാവേണ്ടത്. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സൈ്വര്യം തകര്‍ക്കുന്നതില്‍ സാമ്പത്തിക രംഗത്തെ അപക്വമായ നിലപാടുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യം അടക്കം വലിയ പ്രത്യാഘാതങ്ങള്‍ ഈ അപക്വമായ ഇടപെടലുകളുടെ പരിണിത ഫലങ്ങളാണ്. ഒരു സാമൂഹ്യജീവി എന്ന നിലയില്‍ ഓരോ മനുഷ്യനും സ്വീകരിക്കുന്ന നയനിലപാടുകള്‍ അവനെ മാത്രമല്ല അവന് ചുറ്റുമുള്ളവരെക്കൂടി ബാധിക്കുന്നു. ഇത് അടിസ്ഥാനപരമായി ഉണ്ടാവേണ്ട അനിവാര്യമായ തിരിച്ചറിവാണ്. ഞാന്‍ എന്റെ, എനിക്ക് എന്നതിനപ്പുറം നമ്മള്‍ എന്ന വലിയ കാന്‍വാസിനെ കാണാതെ നിലപാടെടുക്കാന്‍ മനുഷ്യന്‍ മുതിരരുത്. സാമൂഹ്യജീവി എന്ന നിലയില്‍ താന്‍ മുതല്‍ ഈ നിലപാട് ബാധിക്കാന്‍ സാധ്യതയുള്ള ഏറ്റവും അവാസനത്തെ ആള്‍ വരെ നമ്മുടെ തീരുമാനങ്ങളാല്‍ സ്വാധീനിക്കപ്പെടണം. എങ്കില്‍ പക്വമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും അതിലൂടെ സമാധാനപരമായ ഒരു സാമൂഹികഅന്തരീക്ഷം നിലനിര്‍ത്തുവാനും വ്യക്തിപരമായ ഭാഗധേയം നിര്‍വഹിക്കുവാനും ഓരോരുത്തര്‍ക്കും സാധിക്കും. അത് കുടുംബം, സമൂഹം, സംസ്ഥാനം, രാജ്യം, ലോകം എന്നിങ്ങനെയുള്ള വലിയ ഇടങ്ങളിലേക്ക് വ്യാപിക്കുമ്പോളാണ് സമാധാന, സുന്ദരമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ സാധ്യമാവുക.

ധന്യത എന്നാല്‍ ആപേക്ഷികമാണ്. വൈവിധ്യങ്ങളുടെ കേദാരമായ ഈ ലോകത്ത് ധനികന്‍ എന്നതിന് മാത്രം ഏകത ഉണ്ടാവുക എന്നത് അസംഭവ്യമാണെല്ലോ. അതുകൊണ്ട് ധനികന്‍, ദരിദ്രന്‍ എന്ന കണക്കുകൂട്ടലുകള്‍ ആപേക്ഷികം മാത്രമാണ്. എന്നാല്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന, ലോകത്തെ സര്‍വ ചരാചരങ്ങള്‍ക്കും മാര്‍ഗദര്‍ശനം നല്‍കിയ പ്രപഞ്ചനാഥനായ അല്ലാഹു അവതരിപ്പിച്ച ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്ന സുപ്രധാന പാഠം നമുക്ക് വലിയ തിരിച്ചറിവ് സമ്മാനിക്കും. പ്രവാചകന്‍ ﷺ  പറഞ്ഞു: 'ധന്യതയെന്നാല്‍ വിഭവങ്ങളുടെ ധാരാളിത്തമല്ല. മറിച്ച്, (യഥാര്‍ഥ) ധന്യത മനസ്സിന്റെ ധന്യതയാണ്'(ബുഖാരി, മുസ്‌ലിം).

മറ്റൊരു നബിവചനത്തില്‍ ഇങ്ങനെ കാണാം; നബി ﷺ  പറഞ്ഞു: 'ധന്യതയെന്നാല്‍ മനസ്സിന്റെ ധന്യത മാത്രമാണ്. ദാരിദ്ര്യമെന്നാല്‍ ഹൃദയത്തിന്റെ ദാരിദ്ര്യവും.'

ഈ പ്രവാചക വചനം നമ്മെ ഉണര്‍ത്തുന്ന സുപ്രധാനകാര്യം ധന്യത എന്നത് മനസ്സിന്റെ ധന്യതയാണ്, ഉള്ളതുകൊണ്ട് തൃപ്തിപ്പെടണം എന്നതാണ്. ധന സമ്പാദനത്തിനും വിനിയോഗത്തിനും ഉണ്ടാകേണ്ട അടിസ്ഥാനപരമായ കാഴ്ചപ്പാട് അതാണ്. എത്ര ധനം ഉണ്ടായിട്ടും കാര്യമില്ല; മനസ്സമാധാനം ഉണ്ടാകലാണ് പ്രധാനം. ധനികരായ പലരും ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ നമ്മള്‍ നിരവധി തവണ വായിച്ചതാണ്. മനസ്സിന്റെ ധന്യത നഷ്ടമാവാതെ സൂക്ഷിക്കുക പ്രധാനമാണ് എന്ന് സാരം.

തന്റെ സാഹചര്യങ്ങളും വരുമാനമാര്‍ഗങ്ങളും പൂര്‍ണമായും സ്വന്തത്തെയും കുടുംബത്തെയും ബോധ്യപ്പെടുത്തണം; അതിനനുസരിച്ച് ചെലവുകള്‍ ക്രമീകരിക്കുകയും വേണം.എങ്കില്‍ മനസ്സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കും. കോവിഡ് കാലത്ത് നമ്മില്‍ പലരും വലിയ മാനസിക സംഘര്‍ഷത്തിലാണ്. ചിലരെങ്കിലും നാളെയെക്കുറിച്ച് ആലോചിച്ച് ജീവിതത്തില്‍നിന്നും ഒളിച്ചോടി. മറ്റു ചിലര്‍ ഭീതിയില്‍ കഴിയുന്നുമുണ്ട്. ഇതെല്ലാം ജീവിതത്തെ പ്രായോഗികമായി സമീപിക്കാത്തതിന്റെ അന്തരഫലമാണ്. നമ്മുടെജീവിതത്തെ പ്ലാന്‍ചെയ്യേണ്ടത് നമ്മള്‍ തന്നെയാണ്. അതിനനുസരിച്ച് കുടുംബത്തെ ബോധ്യപ്പെടുത്തുകകൂടി വേണം. അതില്‍ വിജയിക്കാന്‍ സാധിച്ചാല്‍ നമ്മുടെ വരുമാനത്തിനുള്ളില്‍ നിന്ന് മനസ്സമാധാനത്തോടെയുള്ള ജീവിതം സാധ്യമാവും. മറ്റുള്ളവരെ നോക്കി നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ നിന്നാല്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുക പ്രയാസകരമാവും. കുടുംബത്തില്‍നിന്നും ചുറ്റുപാടുകളില്‍നിന്നും വരുന്ന സമ്മര്‍ദങ്ങളെ ഫലപ്രദമായി അതിജയിക്കാനുള്ള ഏകമാര്‍ഗം നമ്മള്‍ സുതാര്യമാവുക എന്നതാണ്. ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവരെ നമ്മുടെ വരുമാന മാര്‍ഗങ്ങളെ കുറിച്ച് കൃത്യമായി ബോധ്യപ്പെടുത്തുകയും എന്ത് ആസൂത്രണം ചെയ്യുമ്പോഴും അവരുടെ കൂടി അറിവോടുകൂടിയാവുകയും വേണം. അവരുടെ അഭിപ്രായ, നിര്‍ദേശങ്ങള്‍ പരിഗണിച്ച്, എല്ലാവരുടെയും തീരുമാനമായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മുടെ പരിധിക്കുള്ളില്‍ കാര്യങ്ങളെ നിര്‍ത്താനും സമാധാനപരമായ കുടുംബാന്തരീക്ഷം നിലനിര്‍ത്താനും സാധ്യമാവും.

വീട്, വിദ്യാഭ്യാസം, വിവാഹം, വാഹനം, ഭക്ഷണം, വസ്ത്രം, വിനോദം, ചികിത്സ, യാത്ര, ആഘോഷങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് അടിസ്ഥാനപരമായി ഒരാള്‍ക്ക് ഉണ്ടാവുന്ന ചെലവുകള്‍. ഇതില്‍ നമ്മുടെ കുടുബത്തിന്റെ കൂടിയാലോചനയില്‍നിന്നും രൂപപ്പെടേണ്ട നയം ഉണ്ട്. തന്റെ വരുമാനത്തിനനുസരിച്ച് ഈ ചെലവുകളെയെല്ലാം ക്രമീകരിക്കണം. അനാവശ്യചെലവുകള്‍ ഒഴിവാക്കുക. അത്യാവശ്യം ആവശ്യവും സാഹചര്യങ്ങള്‍ക്കനുസരിച്ച് നിര്‍വഹിക്കുക. രണ്ട് കാര്യങ്ങള്‍ മാത്രം വിശദമായി സൂചിപ്പിക്കട്ടെ.

വീട്

സമാധാനത്തോടെ അന്തിയുറങ്ങുവാനൊരിടം എന്നത് സ്വപ്‌നം കാണാത്ത ഒരു മനുഷ്യനും ഉണ്ടാവില്ല. വീടുനിര്‍മാണം ഈ അടിസ്ഥാന ആവശ്യത്തില്‍നിന്നും തെന്നിമാറി സഞ്ചരിക്കുമ്പോള്‍ അത് അസമാധാനത്തിന്റെ കേന്ദ്രമായി മാറുന്നു. സൗകര്യങ്ങളുടെ കാര്യത്തിലും ഡിസൈന്‍, സാധന സാമഗ്രികള്‍ തുടങ്ങി എല്ലാറ്റിലും തന്റെ പരിധിക്കപ്പുറം ചിന്തിക്കുന്നതാണ് പലര്‍ക്കും വീടുനിര്‍മാണം ഒരു ഭാരമായി മാറുന്നത്. അഞ്ചുലക്ഷം മുതല്‍ അന്‍പത് ലക്ഷമോ അതിന് മുകളിലോ ചെലവ് വരുന്ന വീടുകള്‍ നമ്മുടെ നാട്ടില്‍ നിര്‍മിക്കപ്പെടുന്നുണ്ട്. അതില്‍ ഏതുവേണം എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത്. കുടുംബം, അയല്‍പക്കം, നാട്ടുകാര്‍, കൂട്ടുകാര്‍ എന്നിവരാവരുത് നമ്മുടെ വീടിന്റെ ബഡ്ജറ്റ് തീരുമാനിക്കേണ്ടത്. പ്രവാസികളോട് പലരോടും 'നിങ്ങള്‍ എന്തിനീ മണലാരണ്യത്തില്‍ വന്നു' എന്ന് ചോദിച്ചാല്‍ ഉത്തരം ഒരു വീടുവെക്കണം എന്നതായിരിക്കും. എന്നാല്‍ വര്‍ഷങ്ങള്‍ ചോരനീരാക്കി അധ്വാനിച്ചവര്‍ക്ക് പോലും ഒരു വീട് പൂര്‍ത്തിയാക്കി സമാധാനത്തോടെ കിടന്നുറങ്ങാന്‍ സാധിക്കാത്ത അവസ്ഥ പലപ്പോഴും കണ്ടുവരുന്നു. പാവങ്ങളെ ചൂഷണം ചെയ്യാന്‍ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി ബാങ്കുകളും ഭവന വായ്പ സ്ഥാപനങ്ങളും വട്ടിപ്പലിശക്കാരും കാത്തിരിക്കുന്നു. പലിശ എന്ത് തരത്തില്‍ ആയാലും അത് നാശത്തിലേക്കേ നയിക്കൂ എന്ന തിരിച്ചറിവ് ഉണ്ടാവാതെ പോകരുത്. കൈയില്‍ ഉള്ളതിന് മാത്രം പ്ലാന്‍ ചെയ്യുക. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താം എന്ന് തീരുമാനിക്കാം. നമ്മള്‍ ഒറ്റക്കല്ല; കുടുംബവും അങ്ങനെ തീരുമാനിക്കണം. 30 ലക്ഷം രൂപ കയ്യിലുള്ളവന്‍ 15 ലക്ഷത്തിന്റെ വീട് നിര്‍മിക്കുകയും ബാക്കി 15 ലക്ഷം വരുമാനത്തിനായി നിക്ഷേപിക്കുകയും ചെയ്യുന്നതാണ് ബുദ്ധി. കടംകയറി പട്ടിണികിടക്കേണ്ട അവസ്ഥ ക്ഷണിച്ചുവരുത്തരുത്.

വിദ്യാഭ്യാസം

സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേരത്തിലെ വിദ്യാഭ്യാസ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഗുണനിലവാരം വര്‍ധിക്കാനും ആരോഗ്യകരമായ ഒരു മത്സരാന്തരീക്ഷം ഉണ്ടാകാനും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു. ഇന്ന് സ്വകാര്യസ്ഥാപനങ്ങളില്‍ പഠിക്കുക എന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു എന്ന ആക്ഷേപം വ്യാപകമാണ്. പ്രീ സ്‌കൂളുകളിലും പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മക്കളെ പഠിപ്പിക്കുക എന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. നമ്മുടെ കുട്ടി എവിടെ പഠിക്കണം എന്ന് തീരുമാനിക്കാന്‍ നമുക്കാവണം. സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നത് ഒരു മോശം ഏര്‍പ്പാടായി കാണുന്നത് ശരിയല്ല. സാമ്പത്തിക ഭദ്രതയുള്ളവര്‍ അതിനനുസരിച്ചുള്ള ഇടങ്ങളില്‍ പഠിക്കട്ടെ. എന്നാല്‍ ജീവിതച്ചെലവ് കണ്ടെത്താന്‍ പ്രയാസപ്പെടുന്നവര്‍  വായ്പയെടുത്ത് പ്രാഥമിക വിദ്യാഭ്യാസം നല്‍കേണ്ടതില്ല എന്നാണ് എന്റെ പക്ഷം. ഉപരിപഠനത്തിന് സാമ്പത്തിക ചെലവേറും എന്നത് യാഥാര്‍ഥ്യമാണെന്നതിനാല്‍ അത്തരം ഒരു ഘട്ടത്തിലേക്ക് സമ്പത്ത് നീക്കി വെക്കുന്നതാണ് ഉചിതം. സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും ശ്രമം ഉണ്ടാവണം. രക്ഷിതാക്കള്‍ പലരും ഒരു പുരുഷായുസ്സ് മുഴുവന്‍ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പണം കണ്ടെത്താന്‍ അധ്വാനിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് ഒരു വലിയ നിക്ഷേപം തന്നെയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പ്രായോഗിക സമീപനങ്ങള്‍ സ്വീകരിക്കാന്‍ നാം തയ്യാറാവണം.

 ചുരുക്കത്തില്‍, ചെലവഴിക്കുന്ന കാര്യങ്ങളില്‍ പ്രായോഗിക സമീപനം സ്വീകരിച്ചാല്‍, ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ തയ്യാറായാല്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും പിടിച്ചുനില്‍ക്കാന്‍ സാധിക്കും. അല്ലാഹു പറയുന്നു: ''കുടുംബബന്ധമുള്ളവന്ന് അവന്റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും). നീ (ധനം) ദുര്‍വ്യയം ചെയ്ത് കളയരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു'' (ക്വുര്‍ആന്‍ 17:26,27).

ഇനി വരുമാനം എങ്ങനെ എന്നതുകൂടി ചിന്തിക്കുക. അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത് ഈ ലോകത്തെ മുഴുവന്‍ ജീവജാലങ്ങള്‍ക്കുമുള്ള വിഭവങ്ങള്‍ ലോകസ്രഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു;

''ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്'' (ക്വുര്‍ആന്‍ 11:6).

എന്നാല്‍ തന്റെ ഉപജീവനം തന്നെ തേടിയെത്തും എന്ന് കരുതി വെറുതെയിരിക്കാനല്ല, മറിച്ച് അതിന് വേണ്ട വഴികള്‍ തേടാനും പരിശ്രമിക്കാനുമാണ് നാം തയ്യാറാവേണ്ടത്. ക്വുര്‍ആന്‍ പറയുന്നു: ''രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 30:23).

ഈ വചനം കൂടി ഇതിനോട് ചേര്‍ത്തു വായിക്കുക: ''അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന ചിലര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (മറ്റു ചിലര്‍ക്ക് അത്) പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഇഹലോകജീവിതത്തില്‍ സന്തോഷമടഞ്ഞിരിക്കുന്നു. പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം (നിസ്സാരമായ) ഒരു സുഖാനുഭവം മാത്രമാകുന്നു'' (ക്വുര്‍ആന്‍ 13:26).

ഈ ആശയം ക്വുര്‍ആനില്‍ പലപ്രാവശ്യം അല്ലാഹു ആവര്‍ത്തിച്ചു പറയുന്നതും കാണാം. നാം ഏറെ ഗൗരവത്തോടെ മനസ്സില്‍ കുറിച്ചുവെക്കേണ്ട ആശയമാണിത്. നമുക്ക് ചുറ്റുമുള്ള എല്ലാവര്‍ക്കും അവരുടെ ഉപജീവനമാര്‍ഗം ഒരുപോലെയല്ലെന്നും അത് തികച്ചും വ്യത്യസ്തമാണ് എന്നും ബോധ്യമുള്ളവര്‍ക്ക് മറ്റുള്ളവര്‍ക്കനുസരിച്ച് തങ്ങളുടെ കാര്യങ്ങള്‍ ചെയ്യാന്‍ എങ്ങനെ സാധിക്കും? തനിക്കുള്ള വരുമാനമാര്‍ഗത്തിനപ്പുറം ചിന്തിക്കേണ്ടതില്ലെന്ന് സ്വയം തീരുമാനിക്കാന്‍ ഈ തിരിച്ചറിവ് കാരണമാകണം.

അത്യാഗ്രഹംമൂലമോ മറ്റള്ളവരുടെ കൂടെ എത്താന്‍ വേണ്ടിയോ പലപ്പോഴും പലരും ഹറാമായ രീതിയില്‍ ധനം സമ്പാദിക്കുന്നു.

അബൂബര്‍സയില്‍(റ) നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര ലഭിച്ചാല്‍, രണ്ടു താഴ്‌വരകള്‍ ഉണ്ടാകാന്‍ അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. പശ്ചാതപിക്കുന്നവന്റെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും'' (ബുഖാരി: 6439).

കുറുക്കുവഴിയിലൂടെ പണക്കാരനാകാനുള്ള മോഹം നിഷിദ്ധ മാര്‍ഗങ്ങളിലേക്ക് എത്തിനോക്കാനും അതിന്റെ കൂടെ സഞ്ചരിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ''മനുഷ്യരേ, ഭൂമിയിലുള്ളതില്‍നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രു തന്നെയാകുന്നു'' (ക്വുര്‍ആന്‍ 2:168).

എന്നാല്‍ അനുവദനീയമായ മാര്‍ഗത്തില്‍ നമുക്ക് സമ്പാദിക്കാം. പല പ്രത്യയശാസ്ത്രങ്ങളും ഈ വിഷയത്തില്‍ പ്രതിലോമകരമായ നിലപാട് സ്വീകരിക്കുമ്പോള്‍ ഇസ്‌ലാം ഏതൊരാള്‍ക്കും നിഷിദ്ധമല്ലാത്ത മാര്‍ഗത്തില്‍ കഴിവിന്റെ പരമാവധി സമ്പാദിക്കാനുള്ള അനുവാദം നല്‍കുന്നു. സമ്പാദിക്കുന്നിടത്തും വിനിയോഗിക്കുന്നിടത്തും പാലിക്കേണ്ട മര്യാദകളും നിയമങ്ങളും ഇസ്‌ലാം ഇതോടൊപ്പം പഠിപ്പിക്കുന്നു എന്നതാണ് ഇസ്‌ലാമിക സാമ്പത്തിക നിയലപാടുകളെ വ്യത്യസ്തമാക്കുന്നത്. സമ്പാദിക്കാനുള്ള അവകാശം ഉള്ളപ്പോള്‍ തന്നെ നിര്‍ബന്ധിതവും ഐച്ഛികവുമായ ദാനധര്‍മങ്ങള്‍ കൂടി ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല ദാനധര്‍മങ്ങള്‍ സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും എന്നും ക്വുര്‍ആന്‍ ഉണര്‍ത്തുന്നു. തികച്ചും പ്രായോഗിക നിലപാടുകളാണ് ഈ രംഗത്ത് ഇസ്‌ലാമിക അധ്യാപനങ്ങളില്‍ കാണാ ന്‍ സാധിക്കുന്നത്.

''ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍'' (ക്വുര്‍ആന്‍ 30:39)

''ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനംതേടാന്‍ സൗകര്യപ്പെടാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക). (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലതുപോലെ അറിയുന്നവനാണ്'' (ക്വുര്‍ആന്‍ 2:273).

''അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല'' (ക്വുര്‍ആന്‍  2:276).

സമ്പത്ത് ധനികരില്‍ മാത്രം കേന്ദ്രീകരിക്കേണ്ട ഒന്നല്ല; അത് സമൂഹത്തിലെ മുഴുവന്‍ മനുഷ്യരിലേക്കും എത്തേണ്ടതുണ്ട് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പാവങ്ങളെ ചൂഷണം ചെയ്യുന്ന പലിശയെന്ന നീചവൃത്തിയെ ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്നതോടൊപ്പം സാമ്പത്തിക ക്രയവിക്രയത്തിലൂടെ പണം സമ്പാദിക്കുന്ന കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

അതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒരു കാര്യമുണ്ട്; തൊഴില്‍ദാതാക്കള്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ വേതനം നല്‍കുക എന്നതാണത്. വലിയ സാമ്പത്തിക ഭദ്രതയുള്ളവരുടെ കീഴില്‍ തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്നവരെ നമുക്ക് കാണാന്‍ സാധിക്കും. അവിടെ തൊഴില്‍ തര്‍ക്കങ്ങളും മറ്റും സ്വാഭാവികം. തൊഴിലാളിയും തൊഴില്‍ദാദാക്കളും തമ്മില്‍ അനാരോഗ്യകരമായ ഒരു പ്രവണത കടന്നുവരികയും മാനസിക സംതൃപ്തിയില്ലാതെ ജോലിചെയ്യുന്ന തൊഴിലാളിയുടെ ക്രിയാത്മകവും ആത്മാര്‍ഥവുമായ ഇടപെടലിനപ്പുറം കേവലം യാന്ത്രികതയിലേക്ക് ജോലികള്‍ ഒതുങ്ങുന്നതിന് കാരണമാവുകയും ചെയ്യും. ഇത് നിര്‍മാണാത്മകതയെ ഇല്ലാതാക്കുകയും നാം ലക്ഷ്യമാക്കുന്ന വളര്‍ച്ച പ്രസ്തുത സംരംഭങ്ങള്‍ക്ക് കൈവരിക്കാന്‍ സാധ്യമല്ലാത്ത അവസ്ഥ സംജാതമാക്കുകയും ചെയ്യും.

ഉദാഹരണം പറയാം. മതപഠന കേന്ദ്രങ്ങളില്‍  ജോലി ചെയ്യുന്നവരുടെ ശമ്പളം പലപ്പോഴും തുച്ഛമായിരിക്കും. വലിയ ഫീസ് നല്‍കി മക്കള്‍ക്ക് ഭൗതിക വിദ്യാഭ്യാസം നല്‍കുന്ന രക്ഷിതാക്കളും അത്യാവശ്യം ഉയര്‍ന്ന ശമ്പളവും സാമ്പത്തിക ഭദ്രതയും ഉള്ളവരുമൊക്കെ മതപഠനത്തിന് പണം ചെലവഴിക്കുന്നിടത്ത് പിശുക്ക് കാണിക്കുന്നതായി കാണാം. മതപഠനം സൗജന്യമായി ലഭിച്ചാല്‍ പലര്‍ക്കും വലിയ സന്തോഷമാണ്. എന്നാല്‍ മനുഷ്യജീവിത്തത്തെ സാര്‍ഥകമാക്കുന്ന മതപഠനത്തിന് പരമാവധി ചെലവഴിക്കുന്നവരാണ് ബുദ്ധിമാന്മാര്‍, ഇഹപര വിജയത്തില്‍ അത് നല്‍കുന്ന ലാഭം അതുല്യമാണ് താനും. അത് മനസ്സിലാക്കി മതം പഠിക്കുന്നവര്‍ക്ക് മാന്യമായ വേതനം ഉറപ്പുവരുത്തേണ്ടത് അതിനെ ഉപയോഗപ്പെടുത്തുന്നവരും അത്തരം സംരംഭങ്ങളുടെ ഭാരവാഹികളുമാണ്. മതപഠനം നടത്തി എന്നതിന്റെ പേരില്‍ ആരും അവഗണിക്കപ്പെടേണ്ടി വരരുത്. അവര്‍ മറ്റുജോലികള്‍ ചെയ്യുന്നവരെപ്പോലെ നല്ല വേതനം വാങ്ങി നന്നായി ജീവിക്കട്ടെ.  

തൊഴിലാളികളോട് പൊതുവില്‍ നമുക്കുണ്ടാകേണ്ട സമീപനം ഇസ്‌ലാം പഠിപ്പിക്കുന്നത് ഇങ്ങനെയാണ്:

പ്രവാചകന്‍ ﷺ  പറഞ്ഞു: ''നിങ്ങളുടെ തൊഴിലാളികള്‍ (ഭൃത്യന്മാര്‍) അല്ലാഹു നിങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന നിങ്ങളുടെ സഹോദരന്മാരാണ്. ആരുടെയെങ്കിലും നിയന്ത്രണത്തില്‍ വല്ല സഹോദരനുമുണ്ടെങ്കില്‍ താന്‍ തിന്നുന്ന അതേ ആഹാരം അവനെയും ആഹരിപ്പിക്കണം. താന്‍ ധരിക്കുന്ന അതേവസ്ത്രം അവനെയും ധരിപ്പിക്കണം. അവരുടെ കഴിവില്‍ കവിഞ്ഞ ജോലി അവരെ ഏല്‍പിക്കരുത്. ഇനി ഏല്‍പിച്ചാലോ അവരെ അതില്‍ സഹായിക്കുകയും വേണം'' (ബുഖാരി).

ചുരുക്കത്തില്‍, തൊഴില്‍ദാതാക്കള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കുകയും അവര്‍ സംതൃപ്തരാണെന്ന് ഉറപ്പുവരുത്തുകയും വേണം. അവര്‍ക്ക് ആരുടെ മുന്നിലും കൈനീട്ടാതെ മാന്യമായി ജീവിക്കാനുള്ള വക ലഭ്യമാണ് എന്നത് തൊഴില്‍ദാതാക്കള്‍ ഉറപ്പ് വരുത്തണം. ഉദാരമായി സംഭാവനകള്‍ നല്‍കുകയും സകാത്ത് അടക്കമുള്ള ദാന ധര്‍മങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നവര്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ സകാത്തിന് അര്‍ഹരാകും വിധം സാമ്പത്തിക ഞെരുക്കത്തില്‍ ജീവിതം തള്ളി നീക്കുന്ന അവസ്ഥ ഉണ്ടാക്കരുത്. തന്റെ ബാലന്‍സ് ഷീറ്റിലെ കോടികളുടെ കണക്കുനോക്കി സന്തോഷിക്കാനല്ല; ബാലന്‍സ് ഷീറ്റിലെ അക്കങ്ങള്‍ അല്‍പം കുറഞ്ഞാലും തന്റെ കീഴില്‍ ജോലിചെയ്യുന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും സന്തോഷങ്ങളെ തന്റെ സന്തോഷമായി കാണാന്‍ കഴിയുന്ന ഔന്നിത്യത്തിലേക്ക് വളരാനാണ് ശ്രമിക്കേണ്ടത്. ബന്ധങ്ങളുടെയോ ബാധ്യതകളുടെയോ പേരില്‍ ആരെയും കുറഞ്ഞ വേതനത്തിന് തന്റെ കീഴില്‍ കെട്ടിയിടുന്ന അവസ്ഥ തൊഴില്‍ദാതാക്കളില്‍നിന്നും ഉണ്ടാവരുത്. ഏതെങ്കിലും തൊഴിലാളിക്ക് നമ്മള്‍ നല്‍കുന്ന വേതനം തൃപ്തികരമായി തോന്നുന്നില്ല എങ്കില്‍ അവര്‍ക്ക് തൃപ്തികരമായ വേതനം നല്‍കാന്‍ ശ്രമിക്കുക; എന്നിട്ടും സാധ്യമല്ല എങ്കില്‍ അവര്‍ക്ക് മറ്റൊരുജോലി നേടാനുള്ള അനുവാദം നല്‍കുകയാണ് ചെയ്യേണ്ടത്. തൊഴിലിടങ്ങളില്‍ സന്തോഷവും സമാധാനവും ആത്മാര്‍ഥതയും ഉണ്ടാകാന്‍ ഈ നിലപാടുകള്‍ സഹായകമാവും. എത്ര അധ്വാനിച്ച് സമ്പാദിച്ചാലും നമ്മുടെ ശ്വാസം നിലയ്ക്കുന്നനാളില്‍ അതെല്ലാം മറ്റുള്ളവരുടെതായി മാറുമല്ലോ. അപ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് ചുറ്റുമുള്ളവരെ തൃപ്തിപ്പെടുത്തി അവര്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യത്തിന് കാരണക്കാരനായി എന്ന സന്തോഷത്തോടെ ജീവിതം നയിക്കാന്‍ ശ്രമിക്കുകയല്ലേ നല്ലത്? മറ്റു തൊഴില്‍ദാതാക്കള്‍ക്ക് മാതൃകയാവാന്‍ മുസ്‌ലിംകളായ തൊഴില്‍ദാതാക്കള്‍ തയ്യാറാവണം. ഇതിലൂടെ ഇസ്‌ലാമിക അധ്യാപനങ്ങളുടെ സൗന്ദര്യം സമൂഹത്തിന് കൈമാറാന്‍ സാധിക്കുകയും ചെയ്യാം.

ധനസമ്പാദന, വിനിയോഗ കാര്യങ്ങളില്‍ തികച്ചും പ്രായോഗിക കാഴ്ചപ്പാടുകള്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍ നമുക്ക് മാനസിക ധന്യത എന്നും ഉണ്ടാകും. അതോടൊപ്പം സമൂഹത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനിര്‍ത്താനും സാധിക്കും. സാമ്പത്തിക പ്രതിസന്ധികളില്‍ തളരാനല്ല; മറിച്ച് പ്രായോഗിക നിലപാടുകള്‍ സ്വീകരിച്ച് പ്രതിസന്ധികളെ അതിജയിക്കാനാണ് നാം പഠിക്കേണ്ടത്.

അബൂബര്‍സയില്‍(റ) നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''നാലു കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങള്‍ നീങ്ങുക സാധ്യമല്ല. തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്, തന്റെ അറിവുകൊണ്ട് എന്താണ് പ്രവര്‍ത്തിച്ചതെന്ന്, തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന്; എന്തിലാണ് ചെലവഴിച്ചതെന്ന്, തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്'' (തുര്‍മുദി: 2417).