ബാബരി ധ്വംസനം: ജുഡീഷ്യറിയുടെ 'ദുര്‍വിധി?'

സുഫ്‌യാന്‍ അബ്ദുസ്സലാം

2020 ഒക്ടോബര്‍ 10 1442 സഫര്‍ 23
ബാബരി മസ്ജിദ് തകര്‍ത്തതിന്റെ  ബുദ്ധികേന്ദ്രം ഏതെന്നും അതിനു വേണ്ടി കര്‍സേവകരെ ആവേശഭരിതരാക്കിയത് ആരെന്നും പൗര്‍ണമി രാവിലെ ചന്ദ്രനെ പോലെ ലോകം മനസ്സിലാക്കിയിട്ടുണ്ട്. കോടതികള്‍ സാങ്കേതികമായി കുറ്റവിമുക്തരാക്കിയാലും സത്യത്തിന്റെ കണ്ണില്‍ അവര്‍ എന്നും  കുറ്റവാളികള്‍ തന്നെയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരില്‍ ചിലരും അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷനും കുറ്റവാളികളുടെ പേരുകള്‍  ഒരുപോലെ പുറത്തുവിട്ടിട്ടും അവരെങ്ങനെ കുറ്റവിമുക്തരായി എന്ന ചോദ്യത്തിന് മുമ്പില്‍ ഇന്ത്യക്ക് തല നിവര്‍ത്താനാവുമോ?

ഒടുവില്‍ മല എലിയെ പ്രസവിച്ചു. 28 വര്‍ഷത്തെ നിയമയുദ്ധങ്ങളും അതിനുവേണ്ടി ചെലവഴിച്ച അധ്വാനവും പണവും വൃഥാവില്‍! 422 വര്‍ഷം ഒരു വിഭാഗം ഉപയോഗിച്ചുവന്നിരുന്ന ആരാധനാലയം ഏതാനും നിമിഷങ്ങള്‍കൊണ്ട് തച്ചുതകര്‍ത്ത കാപാലികരെ വെറുതെ വിട്ടിരിക്കുന്നു! മതേതരത്വത്തിനും ജനാധിപത്യത്തിനും ലോകത്തിന് മാതൃകയായ ഇന്ത്യക്ക് 1992 ഡിസംബര്‍ 6നു ശേഷം ലോകജനതക്ക് മുമ്പില്‍ വീണ്ടും തല താഴ്ത്തി മുഖം മണ്ണിലൊളിപ്പിക്കേണ്ട സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും എത്ര വൈകിയാലും നീതി നടപ്പാകുമെന്നുമെല്ലാം പ്രതീക്ഷിച്ചുകൊണ്ട് കാത്തിരുന്ന രാജ്യത്തെ മതേതരമക്കള്‍ പ്രത്യേക സിബിഐ കോടതിയുടെ വിധിയിലൂടെ നിരാശരായിരിക്കുന്നു. ഒരു മതവിഭാഗത്തിന്റെ പരാജയമല്ലയിത്; ഓരോ ഇന്ത്യക്കാരന്റെയും പരാജയമാണ്. നിയമങ്ങളോ നിയമപാലനമോ നീതിന്യായവ്യവസ്ഥയോ ഒന്നുമില്ലാത്ത, അരാജകത്വം അടക്കിവാഴുന്ന വെള്ളരിക്കാപ്പട്ടണമായി നമ്മുടെ രാജ്യം മാറുകയാണോ? ലക്ഷക്കണക്കിനാളുകളും അവരുടെ നേതാക്കളും ഒരുസ്ഥലത്ത് തടിച്ചുകൂടി ഒരു ആരാധനാലയം തകര്‍ത്തിട്ട് ഒരു കുറ്റവാളിയെപ്പോലും കണ്ടുപിടിക്കാന്‍ സാധിക്കാതെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള വിധി ഭാവി ഇന്ത്യയുടെ ദുര്‍വിധിയെയാണോ സൂചിപ്പിക്കുന്നത്?!

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് ഇരുട്ടിന്റെ മറവിലോ ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സന്ദര്‍ഭത്തിലോ ആയിരുന്നില്ല. പട്ടാപ്പകല്‍ ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളുടെ സാന്നിധ്യത്തില്‍ ലക്ഷക്കണക്കിന് 'കര്‍സേവകര്‍' ഒരുമിച്ചുകൂടിക്കൊണ്ടാണ് മസ്ജിദ് തകര്‍ത്തത്. ആരെല്ലാമാണ് മസ്ജിദ് തകര്‍ത്തതെന്നും ഏതൊക്കെ നേതാക്കളായിരുന്നു മുന്നില്‍ നിന്നിരുന്നതെന്നുമെല്ലാം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. മുഴുവന്‍ ലോകവും കണ്ണടച്ചാലും മുഴുവന്‍ കോടതികള്‍ വെറുതെ വിട്ടാലും പ്രതികള്‍ എക്കാലവും പ്രതികളാണ്. സാങ്കേതികമായി കുറ്റവാളിപ്പട്ടികയില്‍നിന്നും രക്ഷപ്പെട്ടേക്കാം. പക്ഷേ, നീതിയുടെയും ധാര്‍മികതയുടെയും സത്യസന്ധതയുടെയും മുമ്പില്‍ കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെയാണ്. ലോകം അവരെ എന്നെന്നും അങ്ങനെത്തന്നെ വിലയിരുത്തും.

സൂപ്രീംകോടതിയുടെ പരാമര്‍ശം

രാജ്യത്തിന്റെ പരമോന്നത നീതിപീഠം കഴിഞ്ഞ നവംബറില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലപോലെ രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്തപ്പോള്‍ പ്രസ്തുത വിധിന്യായത്തില്‍ മസ്ജിദ് ധ്വംസനത്തെ ഹീനമായ കുറ്റകൃത്യം എന്നാണ് വിശേഷിപ്പിച്ചിരുന്നത് എന്ന കാര്യം മറക്കാറായിട്ടില്ല. മുസ്‌ലിംകള്‍ വളരെക്കാലം ആരാധന നടത്തിയ പള്ളിയാണ് ബാബരി മസ്ജിദെന്നും മുസ്‌ലിംകള്‍ പള്ളി ഉപേക്ഷിക്കുകയായിരുന്നുവെന്ന വാദം ചരിത്രപരമായി തെളിയിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ടുതന്നെ പള്ളി പൊളിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയതാണ്. 1949 ഡിസംബര്‍ 22/23 വരെ മുസ്‌ലിംകള്‍ അവിടെ ആരാധന നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചതാണ്. പ്രസ്തുത ദിവസങ്ങളില്‍ പുറത്തെ മുറ്റത്ത് താമസിക്കുകയും ആരാധനകള്‍ നിര്‍വഹിക്കുകയും ചെയ്തിരുന്ന സന്യാസിമാര്‍ അകത്തെ മുറ്റത്തേക്ക് നമസ്‌കരിക്കാന്‍ വന്ന മുസ്‌ലിംകളെ തടസ്സപ്പെടുത്തിയിരുന്നതായി 1949ലെ വഖഫ് ഇന്‍സ്‌പെക്ടര്‍ രേഖപ്പെടുത്തിയ കാര്യം കോടതി പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. മാത്രവുമല്ല, ആ ദിവസങ്ങളില്‍ പള്ളിയുടെ നടുവിലെ താഴികക്കുടത്തിനു താഴെ 50-60 ആളുകള്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇത്രയുമെല്ലാം സ്ഥാപിച്ച സുപ്രീംകോടതി ബാബരി മസ്ജിദ് തകര്‍ത്തതിനെ കുറിച്ച് വിധിന്യായത്തില്‍ എഴുതിവച്ചത് 'egregious violation of the rule of law' (നിയമവാഴ്ചയുടെ വളരെ മോശമായ ലംഘനം) എന്നാണ്. ഇങ്ങനെയൊക്കെ പരമോന്നത കോടതി നിരീക്ഷിച്ചിട്ടും 'കുറ്റവാളികളെ' വെറുതെവിട്ട സിബിഐ കോടതിയുടെ നടപടി ഭാവിയില്‍ ധാരാളം മുസ്‌ലിം ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതിനുള്ള അനുമതിപത്രമാകുമോ എന്ന ആശങ്ക രാജ്യത്തെ മതേതര വിശ്വാസികള്‍ക്കുണ്ട്.

ലോകം നേരിട്ടുകണ്ട കുറ്റകൃത്യം

1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ നടന്ന സംഭവങ്ങള്‍ എന്തായിരുന്നുവെന്ന് ലോകം നേരിട്ടു കണ്ടതാണ്. ബിബിസി അടക്കമുള്ള ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്ത കുറ്റകൃത്യത്തില്‍ കുറ്റവാളികള്‍ ആരെന്ന് എല്ലാവര്‍ക്കുമറിയാം. അത് കോടതിക്കും അറിയാത്തതല്ല. രാജ്യം തകര്‍ന്നാലും രാജ്യത്തെ മതസൗഹാര്‍ദം നശിച്ചാലും വേണ്ടില്ല, എന്തു വിലകൊടുത്തും അധികാരം പിടിച്ചെടുക്കുന്നതിനു വേണ്ടി ആഴത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്നത് എല്ലാവര്‍ക്കും അറിയാം. അന്ന് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന ബിജെപി സര്‍ക്കാരും ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്ന ഈ ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നുവെന്നത് വളരെ വ്യക്തമാണ്. തെറ്റായ സത്യവാങ്മൂലം നല്‍കി സുപ്രീം കോടതിയെ പലതവണ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടുപോലും ബാബരി മസ്ജിദിന്റെ ധ്വംസനം നിയമവാഴ്ചയുടെ വളരെ മോശമായ ലംഘനമാണ് എന്ന് സുപ്രീംകോടതി ഒടുവിലത്തെ വിധിന്യായത്തില്‍ പറഞ്ഞുവെങ്കില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുക എന്ന നീതിയാണ് പ്രത്യേക സിബിഐ കോടതി നടപ്പാക്കേണ്ടിയിരുന്നത്.

ലോകമാധ്യമങ്ങള്‍ പുറത്തുവിട്ടത്

സംഭവം നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത ബിബിസിയുടെ സൗത്ത് ഏഷ്യ കറസ്‌പോണ്ടന്റ് മാര്‍ക്ക് ടുള്ളി രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: '1992 ഡിസംബര്‍ 6നു ഞാന്‍ അയോധ്യയിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നില്‍ക്കുകയായിരുന്നു. അവിടെനിന്നും നോക്കിയാല്‍ ബാബരി മസ്ജിദ് വളരെ വ്യക്തമായി കാണാമായിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയും സഹസംഘടനകളും അന്നായിരുന്നു രാമക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ദിവസം. അതൊരു പ്രതീകാത്മക കര്‍മം മാത്രമായിരുക്കുമെന്നായിരുന്നു അവര്‍ കോടതികള്‍ക്കും മറ്റു വകുപ്പുകള്‍ക്കും നല്‍കിയിരുന്ന ഉറപ്പ്. ഒരു മതപരമായ കര്‍മം മാത്രമായിരിക്കുമെന്നും ഒരിക്കലും ബാബരി മസ്ജിദ് കെട്ടിടത്തിന് കേടുപാടുകള്‍ ഏല്‍പ്പിക്കില്ലെന്നും അവര്‍ നല്‍കിയ ഉറപ്പിലുണ്ടായിരുന്നു. ഒന്നര ലക്ഷത്തിലധികം, എല്ലാനിലയ്ക്കും സജ്ജരായ ജനക്കൂട്ടം അവിടെ ഉണ്ടായിരുന്നു. അവര്‍ എല്‍. കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ ബിജെപിയുടെയും വിഎച്ച്പിയുടെയും നേതാക്കളുടെ പ്രസംഗങ്ങള്‍ ശ്രവിക്കുന്നുണ്ടായിരുന്നു. തലയില്‍ 'സാഫ്രണ്‍' കെട്ടുകള്‍ ധരിച്ച കുറേപേര്‍ ഇരച്ചുകയറിയപ്പോഴാണ് കുഴപ്പങ്ങള്‍ ആരംഭിച്ചത്. പോലീസുകാര്‍ അവിടെ ഉണ്ടായിരുന്നുവെങ്കിലും സംഘാടകര്‍ നിശ്ചയിച്ചിരുന്ന വളണ്ടിയര്‍മാരായിരുന്നു കാര്യങ്ങള്‍ നോക്കിയിരുന്നത്. ഈ വളണ്ടിയര്‍മാര്‍ പിന്നീട് ഇരച്ചുകയറി വന്നവര്‍ക്കൊപ്പം കൂടി മാധ്യമപ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും മൃഗീയമായി അക്രമിച്ചു. ക്യാമറകള്‍ തല്ലിത്തകര്‍ക്കാനും ടേപ്പ് റിക്കോര്‍ഡറുകള്‍ ചവിട്ടിമെതിക്കാനും തുടങ്ങി. അവര്‍ ആവേശത്തോടെ മുമ്പോട്ടു നീങ്ങിയപ്പോള്‍ പോലീസ് പ്രതിരോധനിര തകര്‍ന്നു. അങ്ങനെ അവര്‍ പള്ളിക്കകത്ത് പ്രവേശിച്ചു തുടങ്ങി. പോലീസ് പിന്‍വാങ്ങി. ബാരിക്കേഡുകള്‍ നശിച്ചുപോവാതിരിക്കാന്‍ അവരത് നീക്കിക്കൊടുത്തു. കര്‍സേവകര്‍ ഉള്ളില്‍ പ്രവേശിച്ചു. താഴികക്കുടങ്ങളിലേക്ക് പറ്റിപ്പിടിച്ചുകയറി അത് തകര്‍ക്കാന്‍ തുടങ്ങി. അയോധ്യയിലെ ടെലിഫോണ്‍ ലൈനുകള്‍ വിഛേദിച്ചിരുന്നു. ലഭിച്ച വാര്‍ത്തകളും ചിത്രങ്ങളും എത്തിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്ക് ഫൈസാബാദിലേക്ക് പോകേണ്ടിവന്നു. തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. മസ്ജിദ് പൂര്‍ണമായും തകര്‍ക്കപ്പെട്ട് ഒരു മണ്‍കൂമ്പാരമായിരിക്കുന്നു' (http://news.bbc.co.uk/2/hi/south_asia/2528025.stm).

അദ്വാനിയും ജോഷിയുമടക്കമുള്ള ബിജെപി, വിഎച്ച്പി നേതാക്കളുടെ പ്രസംഗങ്ങളില്‍നിന്നും ആവേശം ഉള്‍ക്കൊണ്ടവരാണ് അക്രമം ചെയ്തതെന്ന് ഇതില്‍നിന്നും വ്യക്തമാണ്. സ്വന്തം കൈകള്‍ കൊണ്ട് മാത്രം അത്രയും വലിയ ഒരു പള്ളി പൊളിക്കാന്‍ സാധ്യമായിരുന്നില്ല. അതിനവര്‍ ഉപയോഗിച്ചത് പിക്കാസും വലിയ ചുറ്റികയും ഉളിയും കമ്പിയും എല്ലാമായിരുന്നു. പിക്കാസുകളും കൈക്കോട്ടുകളും മറ്റു ആയുധങ്ങളും ഉപകരണങ്ങളും ഒരു മുന്‍ ആലോചനയുമില്ലാതെ അങ്ങോട്ടെത്തുകയില്ല എന്ന കാര്യം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. നേരത്തെ ആലോചിച്ചുറപ്പിച്ച് പോലീസുമായി ധാരണയുണ്ടാക്കി നടപ്പാക്കിയ നാടകമായിരുന്നു അതെന്ന് എല്ലാവര്‍ക്കും ബോധ്യമായിരുന്നു.  

വിവിധ മാധ്യമപ്രവര്‍ത്തകരുടെ വിവരണം

ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് മുമ്പായി കര്‍സേവകര്‍ നടത്തിയ ആക്രമണത്തില്‍ ഒരുപാട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും അവരുടെ ഉപകരണങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ അവിടെ സന്നിഹിതരായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എല്‍.കെ അദ്വാനിയോടും മറ്റു ബിജെപി നേതാക്കളോടും സഹായമഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അവര്‍ അത് ഒട്ടും ചെവിക്കൊണ്ടില്ല. ടുള്ളിയുടെ വിവരണം ശ്രദ്ധിക്കുക: 'ധാരാളം കര്‍സേവകര്‍ ഇരച്ചുകയറി മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചു. അവരുടെ ക്യാമറകള്‍ തകര്‍ത്തു. പെട്ടെന്ന് ഒരു വലിയ ജനക്കൂട്ടം പള്ളിയുടെ ഭാഗത്തേക്ക് മാര്‍ച്ച് ചെയ്യുന്നത് കണ്ടു. പോലീസ് അവരെ പ്രതിരോധിക്കുന്നുണ്ടായിരുന്നില്ല. പോലീസ് സംഭവസ്ഥലത്തു നിന്നും മെല്ലെ ഒഴിയുന്നതാണ് കണ്ടത്. അയോധ്യയിലേക്കെത്തുന്ന പ്രധാന കവാടകങ്ങളെല്ലാം കത്തിക്കപ്പെട്ട വാഹനങ്ങളാല്‍ അടഞ്ഞുകിടന്നു. ഞാന്‍ പള്ളിയിലേക്ക് പ്രവേശിച്ചപ്പോള്‍ കര്‍സേവകര്‍ എന്നെ വളഞ്ഞു. ചിലര്‍ എന്നെ അടിക്കാന്‍ വന്നു. എന്നെയും കൂടെയുണ്ടായിരുന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെയും അവര്‍ 'ധര്‍മശാല'യില്‍ അടച്ചുപൂട്ടി. കുറച്ചപ്പുറത്തെ ക്ഷേത്രത്തിലെ ഒരു പൂജാരിയാണ് പിന്നീട് ഞങ്ങളെ തുറന്നുവിട്ടത്. അന്ന് ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല എന്ന തോന്നലാണ് എനിക്കുണ്ടായത്.'

സംഭവം നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്ന ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഡെപ്യുട്ടി എഡിറ്റര്‍ സീമ ചിശ്തി പറയുന്നു: 'പ്രധാനമായും അക്രമികള്‍ നോട്ടമിട്ടിരുന്നത് മാധ്യമപ്രവര്‍ത്തകരെയായിരുന്നു. സംഭവം ലോകം അറിയരുത് എന്നായിരുന്നു അവര്‍ ഉദ്ദേശിച്ചിരുന്നത്. ഇന്നത്തെ കാലത്ത് (2017ല്‍ നല്‍കിയ വിവരണം) മാധ്യമങ്ങളെ തടയുക അവര്‍ക്ക് എളുപ്പമാണ്. കാരണം രാജ്യം അവരുടെ കൈകളിലാണ്. എന്നാല്‍ അന്ന് അത്ര എളുപ്പമായിരുന്നില്ല. അന്നവിടെ തര്‍ക്കഭൂമിയില്‍ ക്ഷേത്രനിര്‍മാണം ആരംഭിക്കുമോ എന്നായിരുന്നു ഞങ്ങളുടെ ആശങ്ക. പള്ളി തകര്‍ക്കുന്ന കാര്യം ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചതല്ല. സംഭവം കണ്ടപ്പോള്‍ ഞങ്ങള്‍ തീര്‍ത്തും തകര്‍ന്നുപോയി.'

പള്ളി തകര്‍ക്കാന്‍ റിഹേഴ്‌സല്‍

ബിബിസിയുടെ ഫോട്ടോ ജേര്‍ണലിസ്റ്റ് പ്രവീണ്‍ ജെയ്ന്‍ നല്‍കുന്നത് വളരെയധികം ഞെട്ടിക്കുന്ന വിവരണമാണ്: 'തലേന്ന് രാത്രി കര്‍സേവയുടെ ഡ്രസ്സ് റിഹേഴ്‌സല്‍ നടക്കുന്ന സ്ഥലത്തേക്ക് എനിക്ക് പ്രവേശനാനുമതി കിട്ടി. വിശ്വഹിന്ദുപരിഷത്ത് നേതാവ് ബി.എല്‍ ശര്‍മ പ്രേം ആണ് എനിക്ക് പാസ് നല്‍കിയത്. വിഎച്ച്പിയുടെ ഐഡന്റിറ്റി കാര്‍ഡ് ആയിരുന്നു എനിക്ക് ലഭിച്ചിരുന്നത്. വിവിധതരം മെഷിനുകള്‍, ആയുധങ്ങള്‍ എന്നിവ റിഹേഴ്‌സലില്‍ ഞാന്‍ കണ്ടു. ഒരു താഴികക്കുടം (dome) പോലെയുള്ള രൂപവും കണ്ടു. കയറുകള്‍ ഉപയോഗിച്ച് എങ്ങനെ താഴികക്കുടത്തിന്റെ മുകളിലേക്ക് കയറാം എന്ന് അവരെ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. പള്ളി തകര്‍ക്കാന്‍ ഈ രീതിയാണ് ഞങ്ങള്‍ ഉപയോഗിക്കുക എന്ന് പിന്നീട് പ്രേം എന്നോട് പറയുകയുണ്ടായി. ഈ കാര്യം പിന്നീട് ഞാന്‍ മറ്റു മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചപ്പോള്‍ ഒരാള്‍ പോലും എന്നെ വിശ്വസിച്ചില്ല.'

'മസ്ജിദ് തകര്‍ത്തു തുടങ്ങിയപ്പോള്‍ ഹിന്ദുത്വ തീവ്രവാദികള്‍ കാര്യമായും അക്രമം അഴിച്ചുവിട്ടത് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്ക് നേരെയായിരുന്നു. കെട്ടിടങ്ങള്‍ക്ക് മുകളിലായിരുന്ന ഞങ്ങളുടെ ക്യാമറകളെല്ലാം അവര്‍ വലിച്ചു താഴേക്കെറിഞ്ഞു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ ഞാന്‍ എല്‍.കെ അദ്വാനിയെ സമീപിച്ചു. പക്ഷേ, അയാള്‍ സഹായം നിരസിച്ചു. അപ്പോള്‍ അവരെല്ലാവരും മസ്ജിദ് തകര്‍ക്കല്‍ കണ്ടു നില്‍ക്കുകയായിരുന്നു'-ജെയ്ന്‍ വിവരിച്ചു.

വനിതാ ജേര്‍ണലിസ്റ്റിന്റെ അനുഭവം

ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് റുച്ചിറ ഗുപ്തയും സംഭവസ്ഥലത്തുണ്ടായിരുന്നു. സംഭവസ്ഥലത്ത് അവര്‍ക്ക് ലൈംഗികാതിക്രമം പോലും നേരിടേണ്ടി വന്നുവെന്നാണ് അവര്‍ പറയുന്നത്: 'അക്രമാത്മക പ്രകടമാക്കുന്ന വിഷലിപ്തമായ മുദ്രാവാക്യങ്ങളായിരുന്നു അവിടെ മുഴുവന്‍ കേട്ടത്. സാധ്വി ഋതംബരയും ഉമാഭാരതിയും പുരുഷ മുദ്രാവാക്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഞാന്‍ പള്ളിയിലേക്ക് പ്രവേശിച്ചു. ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളാല്‍ പള്ളി വലയം ചെയ്യപ്പെട്ടിരുന്നു. ഞാനവരെ മറികടന്നു പോകാന്‍ ശ്രമിച്ചപ്പോഴേക്കും ഒരാള്‍ 'മുസല്‍മാന്‍' എന്നാക്രോശിച്ച് എന്റെ നേര്‍ക്കുവന്നു. തൊട്ടുപിന്നാലെ എന്റെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ചില കൈകള്‍ എത്തിത്തുടങ്ങി. മരണത്തില്‍നിന്നും നിമിഷങ്ങള്‍ അകലെയാണോ എന്നു ഞാന്‍ ചിന്തിച്ചു. എന്നെ ശാരീരികമായും ലൈംഗികമായും ആക്രമിക്കാന്‍ തുടങ്ങി. 'ഞാനൊരു ഹിന്ദുവാണ്' എന്നു പറഞ്ഞിട്ടുപോലും രക്ഷയുണ്ടായിരുന്നില്ല.'

'ഒരാള്‍ എന്നെ രക്ഷിച്ചു അദ്വാനിയുടെ അടുത്ത് കൊണ്ടുപോയി. അവിടെ എത്തുമ്പോള്‍ അദ്വാനി ബൈനോക്കുലറിലൂടെ സംഭവങ്ങള്‍ നോക്കിക്കാണുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ അദ്വാനിയോട് ഞാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ വളരെ ആശ്ചര്യകരമായ മറുപടിയാണ് ലഭിച്ചത്. 'നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് മറന്നേക്കൂ. ഇത് ചരിത്രപരമായ ദിവസമാണെന്ന് മനസ്സിലാക്കുക. മധുരമുള്ള എന്തെങ്കിലും കഴിക്കുക' എന്നായിരുന്നു അദ്വാനി പറഞ്ഞത്. അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദേ്യാഗസ്ഥര്‍ പോലും എനിക്ക് മധുരം നീട്ടുകയായിരുന്നു. അദ്വാനി ബൈനോക്കുലര്‍ എനിക്കുനേരെ നീട്ടിക്കൊണ്ട് 'നഷ്ടപരിഹാരത്തിനായി മുസ്‌ലിംകള്‍ സ്വന്തം വീടുകള്‍ കത്തിക്കുന്നത് കാണുക' എന്നു പറഞ്ഞപ്പോള്‍ ഞാന്‍ എനിക്കൊന്നും കാണേണ്ടതില്ല എന്നുപറഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് മസ്ജിദ് തകര്‍ക്കലില്‍ ബിജെപി നേതാക്കളുടെ നേരിട്ടുള്ള പങ്കിനെയാണ്'- റുച്ചിറ ഗുപ്ത പറഞ്ഞു.

ദൂരദര്‍ശനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സഈദ് നഖ്‌വി പറയുന്നത് രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ചോ രാമനെ കുറിച്ചോ ഒന്നുമായിരുന്നില്ല കര്‍സേവകരുടെ മുദ്രാവാക്യം എന്നാണ്. കാര്യമായും പാകിസ്ഥാനെതിരെ ആയിരുന്നു. 'ഈ പതാക പാകിസ്ഥാനിലുയര്‍ത്തും. പാകിസ്ഥാനില്‍ ബോംബ് വീഴ്ത്തും. ഞങ്ങള്‍ റാവല്‍പിണ്ടിയും ലാഹോറും കീഴടക്കും' തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു. ഹിന്ദു താല്‍പര്യങ്ങളോ രാമഭക്തിയോ ഒന്നുമായിരുന്നില്ല അവിടെ കണ്ടത് എന്നാണ് അദ്ദേഹം വിശദീകരിച്ചത്.

1992 ഡിസംബര്‍ 6നു അയോധ്യയില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ ദൃക്‌സാക്ഷി വിവര ങ്ങളാണ് മുകളില്‍ കണ്ടത്. അവര്‍ അന്നെടുത്ത ചിത്രങ്ങളും വീഡിയോകളും റിപ്പോര്‍ട്ടുകളും പിന്നീടുള്ള കാലങ്ങളില്‍ ജീവിക്കുന്ന തെളിവുകളായി അവശേഷിച്ചു. കേസ് അന്വേഷിച്ചിരുന്ന ലിബര്‍ഹാന്‍ കമ്മീഷനും മറ്റു ഏജന്‍സികള്‍ക്കും ഈ തെളിവുകള്‍ ധാരാളമായിരുന്നു. (https://thewire.in/communalism/babrimasjiddemolitionhappenedreporters-lookback).

ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ബാബരി മസ്ജിദ് ധ്വംസനത്തെ കുറിച്ച് അന്വേഷിക്കുന്നതിനുവേണ്ടി 1992 ഡിസംബര്‍ 16നു രൂപവത്കരിക്കപ്പെട്ട കമ്മീഷനാണ് ജസ്റ്റിസ് എം.എല്‍ ലിബര്‍ഹാന്‍ കമ്മീഷന്‍. 2009 ജൂണ്‍ 30നാണു കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 17 വര്‍ഷമെടുത്ത് ആറര കോടി രൂപ ചെലവഴിച്ച് പ്രവര്‍ത്തിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ എല്‍.കെ അദ്വാനി അടക്കമുള്ള ബിജെപി നേതാക്കള്‍ക്കും സംഘപരിവാര്‍ നേതാക്കള്‍ക്കും പങ്കുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തതില്‍ 68 നേതാക്കള്‍ക്ക് പങ്കുണ്ടെന്നാ ണ് കമ്മീഷന്‍ വ്യക്തമാക്കിയത്. എല്‍.കെ അദ്വാനിക്ക് പുറമെ, എ.ബി വാജ്‌പേയ്, മുരളി മനോഹര്‍ ജോഷി, വിജയ രാജെ സിന്ധ്യ, കല്യാണ്‍ സിംഗ് (യു.പി മുഖ്യമന്ത്രി), സാക്ഷി മഹാരാജ് തുടങ്ങിയ ബിജെപി നേതാക്കളും വിഎച്ച്പി നേതാക്കളായ അശോക് സിംഗാള്‍, ഉമാ ഭാരതി, പ്രവീണ്‍ തൊഗാഡിയ, ശിവസേന നേതാവ് ബാല്‍താക്കറെ, ആര്‍എസ്എസ് നേതാക്കളായ വിനയ് കത്യാര്‍, കെ. എസ് സുദര്‍ശന്‍, മഹന്ത് അവൈദ്യനാഥ് (ഹിന്ദുമഹാസഭ), ആചാര്യ ധര്‍മേന്ദ്ര ദേവ് (ധരം സന്‍സദ്), മഹന്ത് നൃത്യ ഗോപാല്‍ ദാസ് (രാമജന്മഭൂമി ന്യാസ്) എന്നീ പ്രമുഖരെല്ലാം ലിസ്റ്റിലുണ്ട്. അവര്‍ക്കു പുറമെ ഫൈസാബാദ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, ഡിഐജി, എഎസ്പി, യു.പി പ്രിന്‍സിപ്പല്‍ ഹോം സെക്രട്ടറി, പോലീസ് കമ്മീഷണര്‍, ഡിജിപി, ചീഫ് സെക്രട്ടറി, ഉത്തര്‍പ്രദേശിലെ ചില മന്ത്രിമാര്‍ തുടങ്ങി കല്യാണ്‍സിംഗ് നിശ്ചയിച്ച ബ്യുറോക്രാറ്റുകള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. (https://www.mha.gov.in/sites/default/files/LAC-Chap-XIV-B.pdf - page 958)

റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി കല്യാണ്‍സിംഗിന്റെ പങ്കിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സംഭവം നടക്കുന്ന സമയത്ത് നടപടി സ്വീകരിക്കാതിരിക്കുകയും നിശ്ശബ്ദരായിരിക്കുകയും ചെയ്യുന്ന ഉദേ്യാഗസ്ഥരെയും പോലീസ് ഉദേ്യാഗസ്ഥരെയും മുഖ്യമന്ത്രിയാണ് നിയമിച്ചത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. അന്ന് എല്‍.കെ അദ്വാനിയുടെ പേര്‍സണല്‍ സെക്യൂരിറ്റി ഓഫിസറായിരുന്ന അഞ്ജു ഗുപ്ത ഐ. പി.എസ് പറഞ്ഞത് അദ്വാനിയുടെയും ജോഷിയുടെയും പ്രസംഗങ്ങളായിരുന്നു ജനക്കൂട്ടത്തിന്റെ വികാരങ്ങളില്‍ ഇളക്കം സൃഷ്ടിച്ചത് എന്നാണ്. തികച്ചും പ്രകോപനപരമായ ആ പ്രസംഗങ്ങളാണ് ജനക്കൂട്ടത്തെ മസ്ജിദ് തകര്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് അവര്‍ കമ്മീഷന്റെ മുമ്പില്‍ പറഞ്ഞത്. മാത്രവുമല്ല പ്രസ്തുത പ്രസംഗങ്ങള്‍ നടക്കുന്ന സമയത്ത് രണ്ടു തവണ വിനയ് കത്യാര്‍ അവരെ പ്രസംഗവേദിയില്‍നിന്നും തന്ത്രപൂര്‍വം മാറ്റി നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നു. കര്‍സേവകരോട് ശാന്തമായിരിക്കാന്‍ നേതാക്കള്‍ പറഞ്ഞിരുന്നത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ മാത്രമായിരുന്നു എന്നും പള്ളി തകര്‍ക്കരുത് എന്ന് ഒരിക്കല്‍ പോലും നേതാക്കള്‍ പറഞ്ഞിട്ടില്ല എന്നും ഇതെല്ലം വെച്ചുനോക്കുമ്പോള്‍ പള്ളി തകര്‍ന്നുപോകണമെന്ന ഗൂഢ ഉദ്ദേശ്യം നേതാക്കള്‍ക്കുണ്ടായിരുന്നുവെന്നും ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. (പേജ് 256).

റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശം ഇങ്ങനെയാണ്: 'അസാധാരണമായ രഹസ്യസ്വഭാവത്തോടെയാണ് ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പു നടത്തിയത്. കുറ്റമറ്റ സാങ്കേതികമികവും സ്ഥിരത നിലനിര്‍ത്തിക്കൊണ്ടും റിസള്‍ട്ട് ഉറപ്പാക്കിക്കൊണ്ടുമുള്ള തയ്യാറെടുപ്പായിരുന്നു അത്. അധികാരത്തിലെത്തുക എന്നതായിരുന്നു ആശയം. ഈ ഗൂഢലക്ഷ്യം യുവാക്കളെ ആകര്‍ഷിക്കുകയും അതിനെ പിന്തുണക്കാന്‍ അവര്‍ രംഗത്ത് വരികയും ചെയ്തു. ഈ ലക്ഷ്യത്തോടുള്ള അഭിനിവേശത്തെ എങ്ങനെ ജനിപ്പിക്കാമെന്നും എങ്ങനെ തടയണമെന്നും നേതാക്കള്‍ക്ക് അറിയാമായിരുന്നു. രാഷ്ട്രത്തിന് എന്താണ് ഗുണകരം എന്നതിനെക്കാള്‍ അവര്‍ ചിന്തിച്ചത് തങ്ങള്‍ക്ക് എന്താണ് പ്രയോജനപ്രദം എന്നായിരുന്നു. ഇതായിരുന്നു അയോധ്യയില്‍ സംഭവിച്ചത്.' (https://www. mha.gov.in/sites/default/files/LAC-Chap-VI.pdf - page 376 (61:30,31))

ലിബര്‍ഹാന്‍ റിപ്പോര്‍ട്ടില്‍ ഇത്രയും ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും സിബിഐ കോടതി അത് കാണാതെ പോയത് അത്ഭുതകരമാണ്!

മുന്‍ ഐബി ചീഫ് പറഞ്ഞത്

അക്കാലത്തെ ഇന്റലിജന്‍സ് ബ്യുറോയുടെ (ഐബിയുടെ) മേധാവി മലോയ് കൃഷ്ണ ധര്‍ 2005ല്‍ എഴുതിയ 'Open Secrets: India's Intelligence Unveiled' (തുറന്ന രഹസ്യങ്ങള്‍: ഇന്ത്യയുടെ ഇന്റലിജന്‍സ് അനാവരണം ചെയ്യപ്പെടുന്നു) എന്ന പുസ്തകത്തില്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ച ഗൂഢാലോചനകള്‍ അദ്ദേഹം തുറന്നുപറയുന്നുണ്ട്. സംഭവത്തിന്റെ പത്തുമാസം മുമ്പുതന്നെ ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി നേതാക്കള്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്: 'ബിജെപിയിലെയും സംഘപരിവാറിന്റെ മറ്റു ഘടകങ്ങളിലെയും വ്യക്തികള്‍ക്കുതമ്മില്‍ കണ്ടുമുട്ടുന്നതിനാവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാന്‍ എനിക്ക് നിര്‍ദേശമുണ്ടായിരുന്നു. ഒരു സംശയവും വേണ്ട, ആ കണ്ടുമുട്ടലിലായിരുന്നു വരുംമാസങ്ങളില്‍ സംഘടിപ്പിക്കേണ്ട ഹിന്ദുത്വ അഴിഞ്ഞാട്ടങ്ങള്‍ക്കും അയോധ്യയിലെ 92 ഡിസംബറിലെ തകര്‍ത്താടലിനുമുള്ള ബ്ലൂപ്രിന്റും കൊറിയോഗ്രാഫും തയ്യാറാക്കിയത്. ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി, ബജ്‌റംഗ് ദള്‍ എന്നീ സംഘടനകള്‍ ഉചിതമായരീതിയില്‍, ആസൂത്രിതമായ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഈ യോഗത്തിന്റെ ടേപ്പുകള്‍ ഞാന്‍ എന്റെ മേലധികാരിക്ക് കൈമാറിയിട്ടുണ്ട്.'

ബാബരി മസ്ജിദിന്റെ തകര്‍ച്ച കേവലം ഒരു ഭ്രാന്തന്‍ ജനക്കൂട്ടത്തിന്റെ ആക്രമണം കൊണ്ടുമാത്രം സംഭവിച്ചതല്ല, മറിച്ച് സംഘപരിവാര്‍ ശക്തികളുടെ കൂട്ടായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവിച്ചതെന്ന് കോബ്ര പോസ്റ്റ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെയും വെളിപ്പെടുത്തിയിരുന്നു.

കേസും സിബിഐയും

ഇനി കേസ് എങ്ങനെയാണ് സിബിഐയിലേക്ക് എത്തിയതെന്ന് നോക്കാം. 1993 ഒക്ടോബര്‍ 5നാണ്‌സിബിഐ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട രണ്ടു കേസുകളും (197,198) ഏറ്റെടുക്കുകയും അവ രണ്ടും ഒരു ചാര്‍ജ്ഷീറ്റായി ഫയല്‍ ചെയ്യുകയും ചെയ്തത്. 197 കര്‍സേവകര്‍ക്കെതിരെയുള്ളതും 198 അദ്വാനി അടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ളതുമാണ്. 198ലെ ചാര്‍ജ്ഷീറ്റില്‍ പറയപ്പെട്ട വ്യക്തികള്‍ വിനയ് കത്യാരുടെ വീട്ടില്‍ രഹസ്യയോഗം ചേരുകയും മസ്ജിദ് തകര്‍ക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തിയത്. കേസ് 198 ഏറ്റെടുത്തപ്പോള്‍ അത് ഹൈക്കോടതിയുമായി ആലോചിച്ചില്ല എന്ന സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു കേസിന്റെ വേഗതയെ തണുപ്പിച്ചു. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2001 മെയ് 24നു ലഖ്‌നൗ കോടതിയിലെ സ്‌പെഷല്‍ ജഡ്ജി ശ്രീകാന്ത് ശുക്ല, അദ്വാനിക്കും കൂട്ടര്‍ക്കുമെതിരെയുള്ള കേസ് പിന്‍വലിച്ചു. ഇതിനെതിരെ സിബിഐ റിവിഷന്‍ പെറ്റിഷന്‍ നല്‍കിയെങ്കിലും 2010 മെയ് 20നു അലഹബാദ് ഹൈക്കോടതി ശുക്ലയുടെ വിധി അംഗീകരിക്കുകയും സിബിഐ യുടെ പെറ്റിഷന്‍ തള്ളിക്കളയുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് 2011 ഫെബ്രുവരി 11നു സിബിഐ സുപ്രീംകോടതിയില്‍ ശക്തമായ ഒരു നീക്കം നടത്തിയത്. 2017 മാര്‍ച്ച് 6നു സുപ്രീംകോടതി അത് അംഗീകരിച്ചു. സാങ്കേതിക കാരണം പറഞ്ഞ് ഗൂഢാലോചന കേസ് റദ്ദാക്കിയ വിചാരണക്കോടതിയുടെ നടപടി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ പ്രതികളായിട്ടുള്ള മുഴുവന്‍ പേര്‍ക്കെതിരെയും പുതിയ കുറ്റപത്രം നല്‍കാന്‍ സിബിഐക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. 'പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നതുകൊണ്ട് ആരോപിതരെ കുറ്റവിമുക്തരാക്കിയതിനെ അംഗീകരിക്കാന്‍ കഴിയില്ല. എന്തടിസ്ഥാനത്തിലാണ് ഇവരെ കുറ്റവിമുക്തരാക്കിയത്? സാങ്കേതിക കാരണങ്ങള്‍ ഒരിക്കലും കുറ്റവിമുക്തമാക്കാനുള്ള ന്യായീകരണമല്ല'- സുപ്രീംകോടതി നിരീക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് സിബിഐ ലഖ്‌നൗ സ്‌പെഷ്യല്‍ സിബിഐ കോടതിയില്‍ നടപടികള്‍ പുനരാരംഭിച്ചത്. എന്നാല്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിയാണ് ഇപ്പോള്‍ സിബിഐ കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് നിയമവകുപ്പുമായി ബന്ധപ്പെടുമെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ജസ്റ്റിസ് ലിബര്‍ഹാന്റെ പ്രതികരണം

സിബിഐ കോടതിയുടെ ഇപ്പോഴത്തെ വിധിയെ കുറിച്ച് നേരത്തെ കേസ് അന്വേഷിച്ചിരുന്ന ജസ്റ്റിസ് ലിബര്‍ഹാന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: 'ബാബരി മസ്ജിദ് തകര്‍ത്തത് ഒരു സിവില്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എന്റെ മുമ്പില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്. കമ്മീഷനു മുമ്പില്‍ ഹാജരായ പ്രതികളാരും തെളിവുകള്‍ നിഷേധിച്ചിരുന്നില്ല. ഉമാഭാരതി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പള്ളി പൊളിച്ചത് അദൃശ്യശക്തികളൊന്നുമല്ല. മനുഷ്യകരങ്ങള്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്.' ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ലിബര്‍ഹാന്‍ ഇങ്ങനെ പറഞ്ഞത്. (https://indianexpress.com/article/india/justice liberhanbabri-masjid-demolition-6657370/)

ഇപ്പോള്‍ വന്ന വിധിക്ക് ഒട്ടും നീതീകരണമില്ല എന്ന കാര്യം സംഘപരിവാര്‍ അല്ലാത്ത മറ്റെല്ലാവരും ഒരുപോലെ വിളിച്ചു പറയുന്നു. കോണ്‍ഗ്രസും സിപിഎമ്മും മുസ്‌ലിംലീഗും ഇതര മതേതര പാര്‍ട്ടികളും വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടുകഴിഞ്ഞു. നിയമത്തിന്റെ അങ്ങേയറ്റംവരെ പോയി ശരിയായ ന്യായവിധി കണ്ടെത്തണമെന്നാണ് ഇന്ത്യയുടെ മനഃസാക്ഷി ആവശ്യപ്പെടുന്നത്. രാജ്യത്ത് ഒരിക്കലും സമാധാനം ഉണ്ടാവരുതെന്നാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നത്. ഇനിയും പുതിയ വിഷയങ്ങളുമായി അവര്‍ രംഗപ്രവേശം ചെയ്യും. അതിനെ ഭരണഘടനയുടെയും സാമുദായിക സൗഹാര്‍ദത്തിന്റെയും പരിചകള്‍ കൊണ്ട് നേരിടുകയാണ് വേണ്ടത്.

സംയമനത്തിന്റെയും നിയമപോരാട്ടങ്ങളുടെയും മാര്‍ഗത്തിലൂടെ തന്നെ യഥാര്‍ഥ നീതി നടപ്പാക്കാന്‍ രാജ്യത്തെ ജനാധിപത്യമനസ്സുകള്‍ വിചാരിച്ചാല്‍ സാധിക്കും. ലോകംകണ്ട കിങ്കരന്മാരില്‍ പലരും ഇതുപോലെ സത്യത്തെയും നീതിയെയും ചവിട്ടിമെതിച്ച് കീഴടക്കാന്‍ നോക്കിയിട്ടുണ്ട്. മൂസാനബി(അ)യില്‍ വിശ്വസിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ചോദ്യമോ വിചാരണയെ ഒന്നുമില്ലാതെ വിധിപറഞ്ഞ ഫിര്‍ഔനിനോട് വിശ്വാസികള്‍ പറഞ്ഞ ഒരൊറ്റ വാചകം മാത്രമാണ് നീതി നിഷേധിക്കുന്ന മുഴുവന്‍ സംവിധാനങ്ങളോടും പറയുവാനുള്ളത്: 'നീ വിധിക്കുന്നതെന്തോ അത് വിധിച്ച് കൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമെ നിനക്ക് വിധിക്കാന്‍ സാധിക്കുകയുള്ളൂ.'