സ്വത്വരാഷ്ട്രീയവും പ്രതിരോധത്തിലെ സ്വത്വബോധവും

മുജീബ് ഒട്ടുമ്മല്‍

2020 ഒക്ടോബര്‍ 24 1442 റബിഉല്‍ അവ്വല്‍ 06
രാജ്യത്ത് പട്ടിണിയും പരിവട്ടവും പെരുകിവരുമ്പോഴും വംശീയ ധ്രുവീകരണത്തിനായി കെണികള്‍ ഒരുക്കുന്ന തിരക്കിലാണ് അധിനിവേശത്തിലൂടെ ആധിപത്യമുറപ്പിച്ച ആര്യന്‍മാരുടെ പിന്‍മുറക്കാര്‍. ഹിന്ദുത്വമെന്ന മതരാഷ്ട്ര സ്വത്വരാഷ്ട്രീയത്തെ എതിര്‍ക്കാന്‍ മതപരമായ സ്വത്വവാദവുമായി മുന്നോട്ടിറങ്ങുന്നത് വര്‍ഗീയത വളര്‍ത്തുന്നവര്‍ക്ക് വളമാവുമെന്നതാണ് വര്‍ത്തമാനകാല പാഠങ്ങള്‍. ആദര്‍ശരംഗത്ത് സ്വത്വമുയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം തന്നെ യോജിച്ച പ്രതികരണങ്ങളാണ് ഇനി ഉയര്‍ന്നുവരേണ്ടത്.

'അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ഭരണം നല്‍കുക, അതിലൂടെ നേടാന്‍ ബാക്കിയായതെല്ലാം ജര്‍മന്‍ ജനതയ്ക്ക് ഒരിക്കല്‍കൂടി പിടിച്ചെടുക്കാം; സ്വാതന്ത്ര്യത്തിനും ഭക്ഷണത്തിനും വേണ്ടി!' 1932ല്‍ ജര്‍മനിയിലെ ആദ്യത്തെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്നുള്ള വരികളാണിത്.

സ്വാതന്ത്ര്യം, ഭക്ഷണം എന്നിവ മനുഷ്യജീവിതത്തിലെ അനിവാര്യ ഘടകങ്ങളാണ്. മഹത്തായ ലക്ഷ്യങ്ങളെ ആവരണമായി സ്വീകരിച്ചുകൊണ്ടാണ് ഹിറ്റ്‌ലര്‍ ജര്‍മന്‍ ജനതയിലേക്ക് അധികാര മോഹവുമായിറങ്ങിയത്. അധികാര സോപാനത്തിലിരുന്നപ്പോള്‍ പതിനായിരങ്ങളെ ഗ്യാസ് ചേമ്പറിലിട്ട് അറുകൊല ചെയ്ത ഹിറ്റ്‌ലറുടെ മനസ്സിലെ ക്രൂരത മധുരിക്കുന്ന വാക്കുകളിലെവിടെയും കാണാനാവില്ല. മാനവ ചരിത്രത്തില്‍ സര്‍വനാശം വിതച്ച ഏത് പ്രത്യയശാസ്ത്ര വക്താക്കളിലും പ്രകടമായ കപടതയുടെ വികൃതമുഖമാണിത്.

വര്‍ഗരഹിത സമൂഹമെന്ന കമ്യൂണിസ്റ്റ് സ്വപ്‌നത്തെ സാക്ഷാത്കരിക്കാനായി തൊഴിലാളി വര്‍ഗത്തിന്റെ സര്‍വാധിപത്യരാഷ്ട്ര സംവിധാനം മാനവരില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് ഭൗതിക പ്രത്യയശാസ്ത്രം തേരോട്ടം നടത്തിയത്. അത് ജനങ്ങളുടെമേല്‍ അധീശ്വത്വം സ്ഥാപിച്ച് കൊന്നുകളഞ്ഞത് കോടിക്കണക്കിന് മനുഷ്യരെയാണ്.

സ്റ്റാലിന്റെ ഭരണത്തില്‍ മാത്രം ഒന്നര കോടിയോളം ജനങ്ങള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉക്രയ്‌നിലെയും വോള്‍ഗയിലെയും കസാക്കിസ്ഥാനിലെയും വടക്കന്‍ കോക്കാസസിലെയും കര്‍ഷകരെ പട്ടിണിക്കിട്ടുകൊണ്ട് 60 ലക്ഷം പേരെയാണ് കൊന്നൊടുക്കിയത്. തൊഴിലാളി വര്‍ഗാധിപത്യമെന്ന ആകര്‍ഷകമായ ആശയ പ്രചാരണത്തിനു പിന്നിലും സര്‍വനാശത്തിന്റ ഒളിയജണ്ടകളുണ്ടെന്നത് നാം വിസ്മരിക്കരുത്.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഉച്ചഭാഷിണികളില്‍നിന്ന് അത്യധികം ഒഴുകിയ വാക്കുകളാണ് മതേതരത്വവും സാഹോദര്യവും. സംഘപരിവാരങ്ങളുടെ നാവുകളില്‍നിന്നും ഈ പദങ്ങള്‍ നിര്‍ഗളിച്ചൊഴുകിയപ്പോള്‍ എല്ലാവരുടെയും മുഖങ്ങളില്‍ പരിഹാസങ്ങളുടെ മന്ദഹാസമായിരിക്കാം. ന്യൂനപക്ഷങ്ങളെ ഉന്‍മൂലനാശം വരുത്താന്‍ നിയമനിര്‍മാണങ്ങള്‍ക്കായുള്ള ധൃതിപിടിച്ച ശ്രമങ്ങളാണ് പിന്നീടു നാം കണ്ടത്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ക്രുരമായി കൊല്ലപ്പെടുകയും അവരുടെ പൗരത്വം ചോദ്യം ചെയ്തുകൊണ്ട് നിയമ ഭേദഗതി വരുത്തിയും ജനദ്രോഹ നിലപാട് സംഘ പരിവാരങ്ങള്‍ വ്യക്തമാക്കിയപ്പോഴാണ് ഫാഷിസത്തിന്റെ ഭീകരമായ മുഖം വ്യക്തമായത്.

'ചിരിയിലിരയെ ക്ഷണിച്ചിരുത്തും മാംസഭോജിയാം പൂവ്' എന്ന കവിതാ ശകലത്തിലെ മനോഹരമായ ഇതളുകള്‍ വിടര്‍ന്ന് മന്ദസ്മിതംതൂകി ഇരയെ ആകര്‍ഷിക്കുന്ന മാംസഭോജിയായ പൂവിനെ അനുസ്മരിക്കും വിധമാണ് ഹിംസാത്മക രാഷ്ട്രീയത്തിന്റെ നയം രൂപപ്പെടുന്നത്.

വിഭാഗീയതയുടെ രാഷ്ട്രീയം

അധികാര പ്രമത്തതയില്‍ സാമൂഹിക ധ്രുവീകരണം സാധുവാക്കാനുള്ള ശ്രമം വംശീയ ഉന്‍മൂലനം ലക്ഷ്യമാക്കുന്നവരുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. മത, ജാതി, വര്‍ണ, വര്‍ഗ, ദേശ, ഭാഷാ വൈവിധ്യങ്ങളില്‍ അടയിരുന്ന് ധ്രുവീകരണം സാധ്യമാക്കാന്‍ വളരെ എളുപ്പമാണ്. അസത്യങ്ങളുടെയും മിത്തുകളുടെയും തേരിലേറി സഞ്ചരിക്കുന്നവരുടെ മനസ്സുകളില്‍ നന്മക്ക് സ്ഥാനമുണ്ടാവില്ലെന്ന തിരിച്ചറിവില്‍നിന്നാണ് വര്‍ഗീയ രാഷ്ട്രീയം കുതന്ത്രങ്ങള്‍ മെനയുന്നത്.

നാസീജര്‍മനിയില്‍ ജൂതന്‍മാരും റുവാണ്ടയില്‍ ടുട്‌സികളും വംശഹത്യകള്‍ക്കിരയായതും പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം അമേരിക്കയില്‍ ജപ്പാന്‍ വംശജരും 9/11ന് ശേഷം മുസ്‌ലിംകളും വേട്ടയാടലുകള്‍ക്ക് വിധേയമായതും ഇത്തരം സമീപനങ്ങളുടെ പരിണതിയാണ്.

വര്‍ഗീയ രാഷ്ട്രീയത്തിന്റെ നിലനില്‍പ് വര്‍ഗ സംഘര്‍ഷങ്ങളിലാണെന്ന ബോധമാണിതിന് പ്രേരിപ്പിക്കുന്നത്. കൊളോണിയല്‍ ശക്തികളുടെ ആഗമനത്തോടെ ഇന്ത്യയിലെ അറുനൂറില്‍പരം നാട്ടുരാജ്യങ്ങളെ ഒരു ഭരണകൂടത്തിനു കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. എങ്കിലും ഭിന്നിച്ചുനില്‍ക്കുന്ന സമൂഹങ്ങളുടേമേല്‍ മാത്രമെ കോളണിവല്‍കരണം സാധ്യമാകൂ എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് ഭരണകൂടം തന്ത്രങ്ങള്‍ മെനഞ്ഞു. ലോകത്ത് പട്ടിണിയുടെ വ്യാപനത്തിന് കാരണം ജനസംഖ്യാ വര്‍ധനവാണെന്ന പാശ്ചാത്യരുടെ കണ്ടെത്തല്‍ യൂറോപ്യന്‍നാടുകളില്‍  സെന്‍സസുകളെടുക്കുന്നതിന് കാരണമായപ്പോള്‍ മതവും ജാതിയും മാറ്റിനിര്‍ത്തിയാണ് അതിനെ യാഥാര്‍ഥ്യമാക്കിയത്. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിലെ സെന്‍സസുകളില്‍ മതവും ജാതിയും ഭാഷയും വര്‍ഗവും രേഖപ്പെടുത്താനുള്ള കോളങ്ങള്‍ രൂപപ്പെടുത്തി അതിലൂടെ ശേഖരിച്ച വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ ഓരോ വിഭാഗവും തങ്ങളുടെയും മറ്റുള്ളവരുടെയും എണ്ണവും വണ്ണവും അറിഞ്ഞതിലൂടെ അപരത്വം മനസ്സുകള്‍ക്ക് വ്യത്യസ്ത ഭാവങ്ങള്‍ നല്‍കി.

ഈ അപരബോധം ജനമനസ്സുകളില്‍ പടര്‍ന്നുകയറിയപ്പോള്‍ അതിലിരുന്ന് വിഭാഗീയതയുടെ മതിലുകള്‍ പണിയാന്‍ അധികാരിവര്‍ഗത്തിന് കഴിഞ്ഞു. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കിയുള്ള ഭരണഘടന നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ സമൂഹത്തില്‍ അപരത പുകഞ്ഞുകൊണ്ടിരിന്നു.

വര്‍ഗരാഷ്ട്രീയം വിരിക്കുന്ന കെണികള്‍

രാജ്യത്ത് പട്ടിണിയും മനുഷ്യാവകാശ ധ്വംസനങ്ങളും അധികാരപ്രമത്തതയും വര്‍ധിച്ചുവരുമ്പോഴും വംശീയ ധ്രുവീകരണത്തിനായി കെണികള്‍ ഒരുക്കുന്ന പണിയിലാണ് അഭിനവ ഇന്ത്യന്‍ ഭരണകൂടം. ബ്രിട്ടീഷ് ഭരണകാലത്ത് പടിപടിയായി നിര്‍മിച്ചെടുക്കുകയും 1980കളില്‍ തീവ്രമായി ഉയര്‍ന്നുവരികയും ചെയ്ത രാമക്ഷേത്ര പ്രശ്‌നം അതിലൊന്നാണ്. എട്ടാംനൂറ്റാണ്ടില്‍ കീഴ്ജാതിക്കാരുടെ മേല്‍ ബ്രാഹ്മണാധിപത്യമുറപ്പിക്കാന്‍ സഹായകമായി രൂപപ്പെടുത്തിയ 'പശു' രാഷ്ട്രീയം മറ്റൊരു കെണിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവത്തോടു കൂടി പുനരുജ്ജീവിപ്പിച്ച 'പശുദിവ്യത്വ'ക്കെണി ഈ കാലത്തും ജ്വലിപ്പിച്ചുനിര്‍ത്തിയാണ് ഇരകളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

അധിനിവേശത്തിലൂടെ ആധിപത്യമുറപ്പിക്കാന്‍ ശ്രമിച്ച ആര്യന്‍മാരുടെ പിന്‍മുറക്കാര്‍ മറ്റുള്ളവരുടെ ദേശീയതയെയും ദേശസ്‌നേഹത്തെയും ചോദ്യംചെയ്തുകൊണ്ടാണ് വംശരാഷ്ട്രീയത്തിന് വിത്തുകള്‍ മുളപ്പിക്കാന്‍ ശ്രമിച്ചത്.

നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ പൈതൃകം ഏതെങ്കിലും ഒരു സമൂഹത്തിന്റെ സൃഷ്ടിയല്ല. മറിച്ച് ഇന്ത്യയുടെ പ്രാരംഭ ഘട്ടം മുതലേ സാമൂഹികമായി രൂപപ്പെട്ടുവന്ന സൗന്ദര്യമാണത്. അതിനെ വികൃതമാക്കാനുള്ള ശ്രമങ്ങളിലാണ് വിദ്വേഷരാഷ്ട്രീയം ചുവടുകള്‍ വയ്ക്കുന്നത്. ഏകീകൃത സിവില്‍കോഡ് എന്നത് ഇത്തരം ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാനായി മുന്നോട്ടുവച്ച ആശയമാണ്. കുറ്റകൃത്യങ്ങള്‍ക്ക് ഒരേകീകൃത നിയമമുള്ളതുപോലെ സിവില്‍കോഡിനും ഏകീകരണം വരണമെന്ന വാദം വേടന്റെ കെണിയിലെ വിഷം പുരട്ടിയ സ്വാദിഷ്ട വിഭവമാണെന്നതാണ് സത്യം.

മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്തുകൊണ്ടാണ് ജമ്മു കാശ്മീരിലേക്ക് ഫാഷിസ്റ്റ് സര്‍ക്കാര്‍ കടന്നുചെന്നത്. സുദീര്‍ഘമായ ചര്‍ച്ചകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ കാശ്മീരിന്റ സ്വതന്ത്രമായ അവകാശത്തിനായി തയ്യാറാക്കിയ 370ാം വകുപ്പ് പിന്‍വലിച്ചു. ഇപ്പോള്‍ ഇതുവരെയുണ്ടായിരുന്ന സൈ്വര്യജീവിതവും നഷ്ടമായെന്ന് മാത്രമല്ല കോവിഡ് 19നോടനുബന്ധിച്ച ലോക്ഡൗണ്‍ കാലത്തും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം മറ്റു സംസ്ഥാനങ്ങളില്‍ സാധ്യമായപ്പോഴും കശ്മീരികള്‍ 2 ജിയില്‍ പരിമിതപ്പെട്ടു വീര്‍പ്പുമുട്ടി.

ഒരു സമുദായത്തെ ലക്ഷ്യമാക്കിയുള്ള നിയമനിര്‍മാണങ്ങള്‍ക്ക് സംഘപരിവാരങ്ങള്‍ ധൃതി കൂട്ടുകയാണ്. സമര കോലാഹലങ്ങള്‍കൊണ്ട് ഇന്ത്യന്‍ തെരുവുകള്‍ പ്രകമ്പിതമായ പൗരത്വനിയമ ഭേദഗതിയുടെ പിന്നിലും വര്‍ഗീയതയുടെ കൗശല ബുദ്ധിയാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. കുടിയേറ്റ പ്രശ്‌നങ്ങളാല്‍ പ്രയാസങ്ങളനുഭവിക്കുന്ന ആസാമിനെ പോലുള്ള സംസ്ഥാനങ്ങളില്‍ ബാധകമായ നിയമങ്ങളെ വക്രീകരിച്ച് ഒരു സമൂഹത്തെ മാത്രം ഒറ്റപ്പെടുത്താനും അപരന്‍മാരാക്കാനും ദേശവ്യാപകമായി ഉപയോഗിക്കുന്ന ഇന്ത്യന്‍ ഫാഷിസ്റ്റ് ഭരണകൂടം മതേതര മൂല്യങ്ങളെ തകര്‍ത്തെറിയുകയാണിന്ന്.

ബഹുസ്വരതയിലെ പൊതുബോധം

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മതപരമായ ധ്രുവീകരണവും ഭരണവര്‍ഗ ഫാഷിസവും ന്യൂനപക്ഷങ്ങളില്‍ അരക്ഷിതബോധം വളര്‍ത്തുകയായിരുന്നു. ബഹുസ്വരതയിലെ ഐക്യബലത്തിലാണ് ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയുടെ തുരുത്തുകള്‍ കണ്ടെത്താനായത്. കൊളോണിയല്‍വര്‍ഗം ഭയപ്പെടുകയും തകര്‍ക്കാനുള്ള ആസൂത്രണം നടത്തുകയും ചെയ്ത രാജ്യത്തിന്റ ഐക്യബലത്തെ സ്വത്വരാഷ്ട്രീയവും ഭയപ്പെട്ടു.

സമീപകാലത്തെ കാവി വര്‍ണ ഭരണകൂടങ്ങള്‍ കൊണ്ടുവന്ന നിയമങ്ങളധികവും പൈതൃക ഏകതയെ തകര്‍ക്കാനായിരുന്നുവെന്നത് നഗ്‌നമായ സത്യമാണ്. ഏറ്റവും അവസാനമായി ആരോഗ്യസുരക്ഷാ കാര്‍ഡില്‍ പോലും ജാതിയും മതവും ചോദിച്ചതിലൂടെ ബ്രാഹ്മണീയ സംസ്‌കാരത്തിന്റ അധീശ്വത്വ ശ്രമം വ്യക്തമാണ്. എഴുപതുകള്‍ മുതല്‍ തന്നെ ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികള്‍ അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുമെന്ന് അന്നത്തെ ആര്‍. എസ്. എസ് തലവന്‍ ബാലസാഹബ് ദേവരസ് പ്രഖ്യാപിച്ച ഹിന്ദുത്വ ദേശീയതയുടെ സാംസ്‌കാരിക യുക്തിയില്‍ അധിഷ്ഠിതമായ മുസ്‌ലിം വിരുദ്ധമായ രാഷ്ട്രീയ ഇടപെടലാണ് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും

ഇന്ത്യയെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനതയും കൈകോര്‍ത്തുനിന്ന് പ്രതിരോധിക്കേണ്ട അനിവാര്യതയിലേക്കാണ് സാഹചര്യങ്ങള്‍ തള്ളിവിടുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രശ്‌നമാണിതെന്ന് ധരിച്ചുവശായ ചില അല്‍പജ്ഞാനികളുണ്ടെന്നൊഴിച്ചാല്‍ മതനിരപേക്ഷതയുടെ മുഴുവന്‍ മനസ്സുകളും ഐക്യപ്പെടുന്ന സന്തോഷങ്ങളുമുണ്ട്. ഡല്‍ഹിയിലെ ഷാഹിന്‍ ബാഗ് അതിനൊരു തെളിവാണ്. ഭരണ സിരാകേന്ദ്രങ്ങള്‍ക്ക് നടുക്കമുണ്ടാക്കും വിധം നടന്നിരുന്ന ഷാഹിന്‍ ബാഗ് സമരം ഇന്ത്യന്‍ മതനിരപേക്ഷതയുടെ മുന്നേറ്റമാണ്. ഈ മുന്നേറ്റത്തെയാണ് ഫാഷിസം ഭയപ്പെടുന്നതും.

ഷാഹിന്‍ ബാഗ് സമരപ്പന്തലില്‍ പതിച്ച പോസ്റ്ററുകളിലൊന്നിലുള്ള സന്ദേശം പ്രസക്തമാണ്. 'ഇന്ത്യ വലിയ ഒരു പൂന്തോട്ടമാണ്, വ്യത്യസ്തമായ മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും പൂത്തുലഞ്ഞ് നില്‍ക്കുന്ന വലിയ ഒരു പൂന്തോട്ടം. താമര മാത്രം വിരിയണമെന്ന് നിങ്ങള്‍ വാശിപിടിക്കാതിരിക്കുക.'

ഈ വചനത്തെ അന്വര്‍ഥമാക്കുമാറ് സമരമുഖത്തിറങ്ങിയവരില്‍ സിഖുകാരും ക്രിസ്ത്യാനികളും ഹിന്ദുക്കളുമെല്ലാം അണിചേര്‍ന്നിരുന്നു. സെലിബ്രിറ്റികളും പാട്ടുകാരും കവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും കലാകാരന്‍മാരുമടക്കമുള്ളവരുടെ ഒത്തൊരുമയോടെയുള്ള മുന്നേറ്റം ഫാഷിസത്തിന്റ കുതന്ത്രങ്ങളുടെ വേരിളക്കുന്നതായിരുന്നു.

പ്രതിരോധത്തിലെ സ്വത്വബോധം

സമരപോരാട്ടങ്ങളിലും ശബ്ദകോലാഹലങ്ങളിലും മാത്രം ഇസ്‌ലാമിനെ തളച്ചിടാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. ലോകത്ത് നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രതീകങ്ങളായി ഇസ്‌ലാമിനെ അവരോധിക്കാന്‍ 'അല്ലാഹു അക്ബര്‍,' 'ലാ ഇലാഹ ഇല്ലല്ലാഹ്' തുടങ്ങിയ പവിത്രമായ വചനങ്ങളെ കറുത്തശീലയില്‍ കോറിയിട്ട് കോര്‍പറേറ്റ് മാധ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതിനോട് ഐക്യപ്പെടും വിധമാണ് ഇത്തരം വികാരപ്രകടനങ്ങള്‍ കാണാന്‍ സാധിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ഇന്ത്യക്കാരായ നാനാമതസ്ഥരും ഒന്നിച്ചുനിന്ന് പോരാടുക എന്നതാണ് പ്രായോഗികം. അതിന് പകരമായി മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്തി ആക്രമിച്ച് നിഷ്‌കാസനം ചെയ്യണമെന്ന വര്‍ഗരാഷ്ട്രീയത്തിന്റെ അജണ്ട നടപ്പാക്കാന്‍ സഹായകമാകാന്‍ വേറിട്ടുനിന്ന് പോരാടുകയല്ല വേണ്ടതെന്ന ഔചിത്യബോധം ചിലര്‍ക്കില്ലാതെ പോയി.

പൗരത്വ ഭേദഗതിനിയമത്തിനെതിരെയുള്ള സമര പോരാട്ടങ്ങളില്‍ ഒരേ ശബ്ദവും സ്വരവുമായി മുന്നോട്ട് പോകുന്ന ബഹുസ്വര സമരങ്ങളില്‍നിന്ന് 'അല്ലാഹു അക്ബര്‍' എന്ന പവിത്രമായ ശബ്ദത്തെ അനവസരത്തില്‍ ഉപയോഗിച്ച് മറ്റുള്ളവരെ നിരാശരാക്കുന്ന നടപടിയെന്തായാലും ചില അപ്രായോഗിക രാഷ്ട്രീയത്തെ പുനരുജ്ജീവിപ്പിക്കാനാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.

ഹിന്ദുത്വമെന്ന മതരാഷ്ട്രവാദ സ്വത്വരാഷ്ട്രീയത്തെ ഇസ്‌ലാമിക സ്വത്വവാദവുമായി നേരിടുന്നതെന്തായാലും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ആക്കം കൂട്ടുന്നതാണെന്നതില്‍ സംശയമില്ല. മുസ്‌ലിം സ്വത്വമെന്നത് പര്‍ദ ധരിച്ചുകൊണ്ടും ലാഇലാഹ ഇല്ലല്ലാ പ്രഖ്യാപിച്ചും സമരവേദിയില്‍ ശത്രുവിനെ പ്രകോപിക്കാനുള്ളതാണെന്ന തെറ്റായവായനയില്‍ പെട്ട് പോയവരുണ്ടെന്നത് വളരെ വിചിത്രമാണ്.

'ജൂതനെന്ന നിലയ്ക്ക് ആക്രമിക്കപ്പെടുന്നവര്‍ ചെറുത്ത് നില്‍ക്കേണ്ടതും ജൂതനായിട്ടാണ്, അല്ലാതെ ജര്‍മനിക്കാരനെന്ന നിലയ്‌ക്കോ ആഗോള പൗരനെന്ന നിലയ്‌ക്കോ മാനുഷിക അവകാശങ്ങള്‍ ഉണ്ടെന്ന നിലയ്‌ക്കോ അല്ല' എന്ന, 1930കളില്‍ നാസീ ജര്‍മനിയില്‍ നിന്ന് ഒളിച്ചോടിയ ജൂത ഫിലോസഫര്‍ ഹന്ന ആരന്റിന്റെ വാക്കുകളുദ്ധരിച്ചുകൊണ്ടാണ് ഇത്തരം വാദങ്ങളെ ന്യായീകരിക്കുന്നത്.

1947ല്‍ ഡല്‍ഹി ജുമാമസ്ജിദിന്റ പടികളില്‍ ചവിട്ടിനിന്ന് മൗലാനാ അബുല്‍കലാം ആസാദ് പാക്കിസ്ഥാനിലേക്ക് പലായനം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന മുസ്‌ലിം ഭൂരിപക്ഷത്തോട് ചെയ്ത പ്രസംഗം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: ''വൈദേശികാധിപത്യത്തിനു കീഴില്‍ ചെയ്തത് പോലെ നിങ്ങള്‍ അധികാരികളുടെ ആജ്ഞാനുവര്‍ത്തികളായി ജീവിതം നയിക്കണമെന്ന് ഞാന്‍ പറയുന്നില്ല. എനിക്ക് നിങ്ങളെ ഓര്‍മിപ്പിക്കാനുള്ളത് ഇതാണ്. ചുറ്റും നിങ്ങളിന്ന് കാണുന്ന ഈ ബൃഹത്തായ കൊത്തുപണികളെല്ലാം നിങ്ങളുടെ പൂര്‍വികര്‍ കടന്നുപോയതിന്റ തിരുശേഷിപ്പുകളാണ്. അതു മറക്കരുത്, അവയെ കൈവെടിയരുത്. അവരുടെ യോഗ്യരായ അനന്തരവന്‍മാരെ പോലെ നിങ്ങള്‍ ജീവിക്കുക. ഈ അരങ്ങ് ഒഴിഞ്ഞുപോകാന്‍ മനസ്സില്ലെങ്കില്‍ നിങ്ങളെ തുരത്തിയോടിക്കാന്‍ ഒരാള്‍ക്കുമാവില്ലെന്ന തികഞ്ഞ ആത്മബോധ്യത്തോടെ തുടരുക. വരൂ! നമുക്ക് പ്രതിജ്ഞയെടുക്കാം; ഈ രാജ്യം ഞങ്ങളുടെ സ്വന്തമാണെന്ന്, ഞങ്ങളാണതിന്റ സ്വന്തക്കാരെന്ന്, അതിന്റെ ഭാഗധേയത്തെ കുറിക്കുന്ന അടിസ്ഥാനപരമായ ഏത് തീരുമാനവും ഞങ്ങളുടെ സമ്മതമില്ലെങ്കില്‍ പൂര്‍ണമാകില്ലെന്ന്.'

പ്രൗഢമായ വാക്കുകള്‍കൊണ്ട് മുസ്‌ലിംകള്‍ക്ക് സ്വത്വബോധം നല്‍കിയ മഹാനായ അബുല്‍ കലാം ആസാദ് നെഹ്‌റുവിനും ഗാന്ധിക്കുമൊപ്പം ബഹുസ്വരതയിലൂന്നിയ രാഷ്ട്രീയ മുന്നേറ്റമാണ് നടത്തിയതെന്നത് നമ്മുടെ കണ്ണുതുറപ്പിക്കണം.

മുസ്‌ലിമിന് സ്വത്വബോധമുണ്ടാവണം. അത് ജീവിതത്തിന്റ നിഖില മേഖലകളിലും വേണം. അത് പ്രകടമാവുകയും വേണം. ഏകദൈവാരാധനയാണ് അതിന്റ കാതല്‍. എല്ലാ സദ്ഗുണങ്ങളും അതിന്റെ ഭാഗമാണ്. മാനവവിരുദ്ധമായ ഒന്നും ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അന്യമതസ്ഥരെ ദ്രോഹിക്കാന്‍ ഇസ്‌ലാം കല്‍പിക്കുന്നില്ല.

അയല്‍വാസികളെ പരിഗണിക്കുന്നതിലൂടെ, കുടുംബ ബന്ധം ചേര്‍ക്കുന്നതിലൂടെ, ഏതു ജീവജാലത്തോടും കരുണ കാണിക്കുന്നതിലൂടെ, രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യവും കാത്ത് സൂക്ഷിക്കുന്നതിലൂടെ ഇസ്‌ലാമിന്റെ സ്വത്വം വിശ്വാസികളിലൂടെ പ്രകടമായിക്കൊണ്ടിരിക്കും.