മനുഷ്യന്‍ ക്വുര്‍ആനില്‍

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ജൂലൈ 25 1441 ദുല്‍ഹിജ്ജ 04
പ്രപഞ്ചത്തിന്റെ ചരിത്രം മനുഷ്യനെന്ന സൃഷ്ടിയെ ചുറ്റിപ്പറ്റിയാണ് രൂപപ്പെട്ടത്. ലോകത്തിന്റെ ഉത്ഥാനപതനം മനുഷ്യജീവിതത്തെ ആശ്രയിച്ചാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വേദങ്ങളും ദൂതന്മാരും അവന്നുവേണ്ടിയാണ് അവതീര്‍ണമായത്. അക്ഷരവിദ്യയും പേനയും പഠനവും പ്രചാരണവും മനുഷ്യര്‍ക്കുമാത്രമുള്ളതാണ്. ഈ ദൃശ്യപ്രപഞ്ചത്തിന്റെ ഘടനതന്നെ മനുഷ്യനെ ചൂഴ്ന്നുനില്‍ക്കുന്നു. എങ്കില്‍ എന്താണ് മനുഷ്യന്‍? എന്തിനാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്? എന്താണ് അവന്റെ ജീവിതലക്ഷ്യം?

മനുഷ്യന്‍ എത്ര ഉല്‍കൃഷ്ടനായ സൃഷ്ടിയാണ്! പ്രകാശംകൊണ്ട് സൃഷ്ടിക്കപ്പെട്ട മലക്കുകളുടെയും തീയിനാല്‍ സൃഷ്ടിക്കപ്പെട്ട ജിന്നുകളുടെയും ശേഷമാണ് മണ്ണിനാല്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് എന്നു ക്വുര്‍ആനില്‍ നിന്നും ഗ്രഹിക്കാം. 'മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന ഉണങ്ങിയ കളിമണ്ണില്‍ നിന്ന് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചുച്ചു' എന്ന് ക്വുര്‍ആനില്‍ (55:14) കാണാം.

'മനുഷ്യന്റെ സൃഷ്ടി കളിമണ്ണില്‍ നിന്നും അവന്‍ ആരംഭിച്ചു' (32:7) എന്നും, 'നിങ്ങളെ നാമാണ് മണ്ണില്‍ നിന്നും പിന്നീട് ബീജത്തില്‍നിന്നും പിന്നീട് ഭ്രൂണത്തില്‍നിന്നും അനന്തരം രൂപംനല്‍കപ്പെട്ടതും രൂപം നല്‍ക്കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്...''(22:5) എന്നുമൊക്കെ അല്ലാഹു വിവിധ സൂക്തങ്ങളിലായി മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.

മനുഷ്യനെ സൃഷ്ടിക്കുവാനുള്ള അല്ലാഹുവിന്റെ തീരുമാനവും അക്കാര്യത്തെപ്പറ്റി മലക്കുകളുമായുള്ള സംസാരവും, മനുഷ്യസൃഷ്ടിപ്പു പൂര്‍ത്തിയായശേഷം അവനു ജ്ഞാനം നല്‍കിയതും പിന്നീട് മലക്കുകളോട് ആദ്യമനുഷ്യനെ പ്രണമിക്കാന്‍ കല്‍പിച്ചതും, അവര്‍ അത് അനുസരിച്ചതും അദൃശ്യലോകത്തെ മറ്റൊരു സൃഷ്ടിയായ ജിന്നുവര്‍ഗത്തില്‍പെട്ട ഇബ്‌ലീസ് പ്രണമിക്കാന്‍ വിസമ്മതിച്ചതും ക്വുര്‍ആനില്‍ അല്ലാഹു വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യമനുഷ്യനില്‍നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചുവെന്നും ഇണകള്‍ തമ്മിലെ കൂടിച്ചേരല്‍ മുഖേന സ്രവിക്കപ്പെടുന്ന ബീജത്തില്‍നിന്നും പിന്നീട് മനുഷ്യതലമുറകള്‍ ഉണ്ടായി എന്നുമാണ് ക്വുര്‍ആന്‍ വെളിപ്പെടുത്തുന്നത്. അങ്ങനെ തലമുറകളായി ജനിച്ചുവളര്‍ന്ന മനുഷ്യന്ന് തന്റെ സൃഷ്ടിയുടെ ആരംഭത്തെക്കുറിച്ച് ഒന്നുമറിയില്ല എന്നത് പറയേണ്ടതില്ലല്ലോ.

പരമസൂക്ഷ്മവും സ്ഥൂലവുമായ അസംഖ്യം അസ്തിത്വങ്ങള്‍, കോടാനുകോടി ജീവജാലങ്ങള്‍, വായു, വെള്ളം, വെളിച്ചം, താപം തുടങ്ങിയ പദാര്‍ഥങ്ങള്‍... എല്ലാം മനുഷ്യനുവേണ്ടിയാണ് സൃഷ്ടിച്ചത് എന്ന് അല്ലാഹു പറയുന്നു:

''അവനാണ് നിങ്ങള്‍ക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചിട്ടുള്ളത്''(2:29). ഈ ഭൗമ വിഭവങ്ങളെ ഏതൊക്കെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും പാടില്ലാത്തത് ഏതെല്ലാമാണെന്നും ഭൂമിയിലേക്ക് മനുഷ്യനെ ജീവിക്കാനയച്ചപ്പോള്‍ അവന്‍ മാര്‍ഗദര്‍ശനം നല്‍കിയിട്ടുമുണ്ട്:

''സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്തവന്‍. വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവന്‍''(87:2-3).

പ്രപഞ്ചത്തിന്റെ ചരിത്രം മനുഷ്യനെന്ന സൃഷ്ടിയെ ചുറ്റിപ്പറ്റിയാണ് രൂപപ്പെട്ടത്. ലോകത്തിന്റെ ഉത്ഥാനപതനം മനുഷ്യജീവിതത്തെ ആശ്രയിച്ചാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വേദങ്ങളും ദൂതന്മാരും അവന്നുവേണ്ടിയാണ് അവതീര്‍ണമായത്. അക്ഷരവിദ്യയും പേനയും പഠനവും പ്രചാരണവും മനുഷ്യര്‍ക്കുമാത്രമുള്ളതാണ്. ഈ ദൃശ്യപ്രപഞ്ചത്തിന്റെ ഘടനതന്നെ മനുഷ്യനെ ചൂഴ്ന്നുനില്‍ക്കുന്നു.

കാഴ്ചശക്തി, കേള്‍വി, കായികശേഷി എന്നീ കാര്യങ്ങളില്‍ പ്രപഞ്ചത്തിലെ ഇതര സൃഷ്ടിഗണങ്ങളില്‍ പലതിന്റെയും പിന്നിലാണ് മനുഷ്യന്‍. എന്നാല്‍ നക്ഷത്രസമൂഹങ്ങള്‍ മുതല്‍ പരമാണുക്കള്‍വരെയുള്ള വസ്തുക്കളെയും സസ്യ, ജന്തുജാലങ്ങളെയും കടലിനെയും കരയെയും വായുവിനെയും പഠിക്കാനും തന്റെ നിലനില്‍പിന്നുവേണ്ടി കീഴ്‌പ്പെടുത്താനുമുള്ള ശേഷി സ്രഷ്ടാവ് മനുഷ്യന്നാണ് പ്രത്യേകം നല്‍കിയത്. പക്ഷേ, സ്രഷ്ടാവിന്റെ കല്‍പന പ്രകാരം, ദൃഷ്ടിഗോചരമല്ലാത്ത സൂക്ഷ്മാണുക്കളുടെ മുമ്പില്‍ ചിലപ്പോള്‍ അവന്ന് പഞ്ചപുഛമടക്കി തോറ്റുകൊടുക്കേണ്ടിവരാറുമുണ്ട്. അതെ, മനുഷ്യന്‍ മഹാശക്തനാണ്. അതോടൊപ്പം തന്റെ സ്രഷ്ടാവിന്റെ കല്‍പനക്കു മുമ്പില്‍ അവന്‍ അതീവദുര്‍ബലനുമാണ്.

അത്ഭുതങ്ങളുടെ കലവറയായ മനുഷ്യനാണ് വിശുദ്ധ ക്വുര്‍ആനിന്റെ മുഖ്യ പരാമര്‍ശ വിഷയം. മനുഷ്യന്‍ ആര്? ഉല്‍ഭവം എങ്ങനെ? എന്തിന്നു സൃഷ്ടിക്കപ്പെട്ടു? അവന്റെ സവിശേഷതയെന്ത്? എത്രത്തോളം? എന്താണവന്റെ പര്യവസാനം? ഇതര ജന്തുവര്‍ഗങ്ങളെപ്പോലെ ജനിച്ചുവളര്‍ന്ന് തിന്നും കുടിച്ചും പ്രജനനം നടത്തിയും ഒടുങ്ങേണ്ടവനാണോ മനുഷ്യന്‍? അതല്ല, വല്ല ദൗത്യവും ഈ ജീവിതകാലത്തിനിടക്ക് അവന്‍ നിര്‍വഹിക്കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്?... എന്നിങ്ങനെയുള്ള കാര്യങ്ങളെ പറ്റി ചിന്തിപ്പിക്കുകയാണ് ക്വുര്‍ആനിലൂടെ അല്ലാഹു ചെയ്യുന്നത്.

'ഹേ; മനുഷ്യാ! ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവന്‍'' (82:6-8).

മനുഷ്യന്റെ ജനനവും പ്രകൃതവും

സ്വയം ആഗ്രഹിച്ചിട്ടല്ല മനുഷ്യന്‍ ഇവിടെ എത്തിപ്പെട്ടത്. ഇതിനുമുമ്പ് താന്‍ എവിടെ, എന്തായിരുന്നു എന്നതിനെക്കുറിച്ച് അവന്നറിഞ്ഞുകൂടാ.

''നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍നിന്നും നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടുവന്നു. നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി''(16:78).

''മനുഷ്യന്‍ പറയപ്പെടാവുന്ന ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെമേല്‍ കഴിഞ്ഞുപോയിട്ടില്ലേ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അവനെ നാം പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു'' (76:1,2).

മനുഷ്യന്റെ ജനനം ഭ്രൂണാവസ്ഥയില്‍തന്നെ തടയുന്ന അവസ്ഥ എക്കാലത്തുമുണ്ടായിരുന്നു. ജനിച്ച ശേഷം വേണ്ടെന്നുവെച്ച് ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരുന്നു. ജന്മശിശുവിനെ ചിലര്‍ ഉപേക്ഷിച്ചിട്ടുപോകുന്നു. ജനിക്കേണ്ടിയിരുന്നില്ലെന്ന് കരുതി ചിലര്‍ ആത്മഹത്യചെയ്യുന്നു. പലരും മരണം കൊതിച്ച് ജീവിച്ചു തീര്‍ക്കുന്നു. എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചവരൊക്കെ, ഉദ്ദേശിച്ചതൊക്കെ ഇവിടെ ഉണ്ടാവുകതന്നെചെയ്യും. അത് മനുഷ്യരുടെ ഇഷ്ടം നോക്കിയല്ല; ആര്‍ക്കും അത് തടയാനുമാവില്ല.

അല്ലാഹു പറഞ്ഞു: ''അങ്ങനെ തന്നെയാകുന്നു; താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം ഉദ്ദേശിച്ചുകഴിഞ്ഞാല്‍ അതിനോട് 'ഉണ്ടാകു' എന്ന് പറയുക മാത്രം ചെയ്യുന്നു, അപ്പോള്‍ അതുണ്ടാകുന്നു'' (3:47)

മനുഷ്യര്‍ക്കിടയിലെ വൈജാത്യങ്ങളും വൈവിധ്യങ്ങളും സ്രഷ്ടാവിന്റെ തീരുമാനത്തിന്റെ ഭാഗമാണ്. എന്നാല്‍ മനുഷ്യരില്‍ ചിലര്‍ ചിലരെ ഉന്നതരും ചിലരെ അധമരും താഴ്ന്നവരുമൊക്കെയായി കാണുന്നതും കണക്കാക്കുന്നതും നാം കാണുന്നു. ഇത് ഇസ്‌ലാം അംഗീകരിക്കുന്നില്ല.

നാമറിയാത്ത അവസ്ഥയില്‍നിന്ന്, നിനയ്ക്കാതെ തന്നെ നാമുണ്ടായി. ആണായി പിറന്നവരും പെണ്ണായി പിറന്നവരും അവരുടെ ഇംഗിതത്തിനനുസരിച്ചല്ല ആണായതും പെണ്ണായതും. അല്ലാഹു പറയുന്നു:

''അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ നല്‍കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആണ്‍മക്കളെയും നല്‍കുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു'' (42:49-50).

മനുഷ്യന്റെ ശകുനം അവന്റെ കഴുത്തില്‍ തന്നെ

ജനിച്ചവര്‍ ജീവിതത്തെ അഭിമുഖീകരിക്കണം. മനുഷ്യജീവിതത്തിലെ വിജയപരാജയങ്ങള്‍ക്കുത്തരവാദി മനുഷ്യന്‍ തന്നെയാണ്. അല്ലാഹുവിന്റെ വിധിയാണ് എന്നു പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ പറ്റില്ല. സര്‍വജ്ഞനും സ്രഷ്ടാവും അന്തിമവിധിയുടെ ഉടമസ്ഥനും അല്ലാഹു തന്നെയാണ്. ഓരോ മനുഷ്യന്റെയും പര്യവസാനം നന്മയോ തിന്മയോ എന്ന് അല്ലാഹു അറിയുന്നു. എന്നാല്‍ അതെന്തായിരിക്കുമെന്ന് അവന്‍ മനുഷ്യനെ അറിയിച്ചിട്ടില്ല. നേരെമറിച്ച്, അല്ലാഹു പറഞ്ഞിരിക്കുന്നത് മനുഷ്യന്‍ വിശ്വസിച്ച് സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കണമെന്നാണ്. എങ്കില്‍ സ്വര്‍ഗമുണ്ട്. തിന്മകള്‍ ചെയ്യരുത്, അപ്പോള്‍ നരകശിക്ഷ ലഭിക്കും. തന്റെ പ്രവൃത്തി നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കാനും അത് ചെയ്യാനും മനുഷ്യന്ന് സ്രഷ്ടാവ് സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. അപ്പോള്‍ അല്ലാഹു വിധിച്ചതല്ല പ്രശ്‌നം, മനുഷ്യന്റെ ഇംഗിതങ്ങളാണ്.

''ഓരോ മനുഷ്യനും അവന്റെ ശകുനം അവന്റെ കഴുത്തില്‍ തന്നെ നാം ബന്ധിപ്പിച്ചിരിക്കുന്നു. ഉയിര്‍ത്തെയുന്നേല്‍പിന്റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍കണ്ടെത്തും. നീ നിന്റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീതന്നെ മതി (എന്ന് അവനോട് അന്ന് പറയപ്പെടും)'' (17:13-14).

''അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷേ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു'' (3:117).

മനുഷ്യന്‍: ബഹുമുഖ പ്രകൃതം

മനുഷ്യസൃഷ്ടിപ്പിലെ രണ്ടു വിരുദ്ധഭാവങ്ങളെപ്പറ്റി അല്ലാഹു പറഞ്ഞിരിക്കുന്നു: ''തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു'' (95:4-5).

''തീര്‍ച്ചയായും ആദംസന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു'' (17:70).

ഈ ഔന്നത്യവിചാരം മനുഷ്യനെ തന്റെ വാക്കിലും പ്രവൃത്തിയിലും ശ്രേഷ്ഠമായത് തെരഞ്ഞെടുക്കാന്‍ കാരണമാക്കും; അധമ വികാര, വിചാരങ്ങളില്‍നിന്ന് മോചിതനാകാന്‍ പ്രേരിപ്പിക്കുകയുംചെയ്യും. മാത്രമല്ല, അധമത്വം മനുഷ്യരെ മൃഗത്തെക്കാള്‍ നീചനാക്കുമെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്:

''ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളംപേരെ നാം നരകത്തിന്നുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്; അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല, അവര്‍ക്ക് കണ്ണുകളുണ്ട്; അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല, അവര്‍ക്ക് കാതുകളുണ്ട്; അവയുപയോഗിച്ച് അവര്‍ കേട്ടുമനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍'' (7:179).

മനുഷ്യന്‍ ഉല്‍കൃഷ്ടന്‍

മനുഷ്യന്റെ ഉല്‍കൃഷ്ട ഗുണങ്ങളെ ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക.

1. ഖിലാഫത്ത്: എല്ലാ ജീവികളെയും പോലെ മനുഷ്യനും തലമുറകളായിട്ടാണ് ഭൂമിയില്‍ ജീവിക്കുന്നത്. ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറ ജനിച്ചുവളരുന്നു. ആദ്യമനുഷ്യനായ ആദമിൗല്‍നിന്ന് ജനിച്ചുണ്ടായവരാണ് ഭൂമിയില്‍ ഉണ്ടായ കോടിക്കണക്കിനാളുകള്‍. മറ്റു ജീവികളും പ്രജനനത്തിലൂടെ ഭൂമിയില്‍ പെരുകിയതാണ്. എന്നാല്‍ 'ഖിലാഫത്ത്' (പിന്‍ഗാമിത്വം) എന്ന സവിശേഷത മനുഷ്യന്നു മാത്രം സ്വന്തമാണ്. മറ്റു ജന്തുജാലങ്ങള്‍ അവയുടെ ജീവിതാനുഭവങ്ങളില്‍നിന്ന് ഒരു പാഠവും അടുത്ത തലമുറക്ക് കൈമാറുന്നില്ല. മനുഷ്യന്‍ അങ്ങനെയല്ല. അവന്റെ ഭാഷയും ശൈലിയും ജീവനോപാധികളും തലമുറകള്‍ കൈമാറിവന്നതാണ്. ഇന്നീ കാണുന്ന നാഗരികതയുടെ ലക്ഷണമെല്ലാം നൂറ്റാണ്ടുകളിലൂടെ ചാക്രികമായി വന്ന വളര്‍ച്ചയും തുടര്‍ച്ചയുമാണ്.

ക്വുര്‍ആന്‍ പറയുന്നു: ''പിന്നെ, അവര്‍ക്കുശേഷം നിങ്ങളെ നാം ഭൂമിയില്‍ പിന്‍ഗാമികളാക്കി. നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നാം നോക്കുവാന്‍ വേണ്ടി'' (10:14).

നിരന്തരമായ ചിന്തയിലൂടെയും അധ്വാനത്തിലൂടെയും ജീവിതം അര്‍ഥവത്താക്കണമെന്നും, അടുത്ത തലമുറക്ക് ഫലപ്രദമാകുന്ന പ്രവര്‍ത്തനങ്ങള്‍ ബാക്കിവെക്കണമെന്നും മനുഷ്യന്റെ ഈ വിശേഷണം സുചന നല്‍കുന്നുണ്ട്. നല്ലത് കല്‍പിക്കുക, ചീത്ത വിരോധിക്കുക, ഉപകാരപ്പെടുന്ന അറിവുകള്‍ പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നാം മരിച്ചാലും അടുത്ത തലമുറക്കും പ്രയോജനപ്പെടുമല്ലോ. ഇതെല്ലാം മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്.

2. ബുദ്ധി: സ്രഷ്ടാവിനെ കണ്ടെത്താനും നല്ലതും ചിത്തയും വേര്‍തിരിക്കാനും സ്വയം വളരാനും വളര്‍ത്താനുമുള്ള കഴിവ് മനുഷ്യന്നു മാത്രമാണുള്ളത്. നമുക്കറിയാവുന്ന മറ്റു ജീവികള്‍ ഈ വിവേചന ശേഷി പ്രകടിപ്പിക്കുന്നവയല്ല.

3. ഹൃദയം: ബുദ്ധിയുടെ സഹായത്തോടെ കാര്യങ്ങള്‍ ഗ്രഹിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നതോടൊപ്പം വികാരപ്രകടനം, അവയുടെ കൈമാറ്റം, വ്യത്യസ്ത ഭാവപ്രകടനം എന്നിവ ഹൃദയത്തിന്റെ പ്രത്യേകതകളാണ്.

4. പഞ്ചേന്ദ്രിയ ശേഷി: മറ്റുജീവികള്‍ക്കു ഭാഗികമായി ഈ കഴിവുകളുണ്ടെങ്കിലും ചിന്തയും വികാരങ്ങളും തലമുറകളിലേക്ക് കൈമാറാനുള്ള വിശേഷകഴിവ് മനുഷ്യനുണ്ട്.

5. പഠനം: വായന, മനനം, ആശയവിനിമയം, എഴുത്ത് എന്നീ കഴിവുകളാണ് എടുത്തുപറയാനുള്ള മറ്റു സവിശേഷതകള്‍. ഇവ മുഖേനയാണ് ലോകചരിത്രം എന്ന വിജ്ഞാനശാഖ തന്നെ നിലവില്‍വന്നത്.

6. ചിന്താശേഷി: ഇതും മനുഷ്യന്നു മാത്രമുള്ള സവിശേഷതയാണ്.

ദുര്‍ബലനായ മനുഷ്യന്‍

അനേകം സവിശേഷതകള്‍ നിറഞ്ഞ ഉല്‍കൃഷ്ട സൃഷ്ടിയാണ് മനുഷ്യനെങ്കിലും അവന്റെ നിസ്സാരതയെയും കഴിവുകേടിനെയും ക്വുര്‍ആന്‍ എടുത്തു പറയുന്നുണ്ട്.

''നിങ്ങള്‍ക്കു ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്'' (4:28). മാനസിക ദൗര്‍ബല്യമാണ് ഇവിടെ സൂചന.

ശാരീരിക ഘടനയിലും ഇഛാശക്തിയിലും വിശ്വാസരംഗത്തും ക്ഷമയുടെ കാര്യത്തിലുമെല്ലാം മനുഷ്യന്റെ ദൗര്‍ബല്യം പ്രകടമാണ്. വൈവാഹിക നിയമങ്ങളെ പരാമര്‍ശിക്കുന്ന വചനങ്ങള്‍ക്കിടയിലാണ് ഉപര്യുക്ത വചനമുള്ളത്. സ്ത്രീസംബന്ധമായ വൈകാരികതയിലും മനുഷ്യന്‍ പലപ്പോഴും ദുര്‍ബലനാണെന്ന സുചനയും മേല്‍വചനത്തിലുണ്ട് എന്ന് പല ക്വുര്‍ആന്‍ വ്യാഖ്യാനങ്ങളും പ്രസ്താവിച്ചിരിക്കുന്നു.

''നിങ്ങളെ ബലഹീനമായ അവസ്ഥയില്‍നിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്കുശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വജ്ഞനും സര്‍വശക്തനും'' (30:54). ശാരീരിക, ഘടനാപരമായ ദൗര്‍ബല്യമാണിവിടെ സൂചിപ്പിക്കുന്നത്.

''അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്? അതല്ല നാമാണോ സൃഷ്ടികര്‍ത്താവ്? നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല'' (56:58-60).

''എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന കൃഷിയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ചുവളര്‍ത്തുന്നത്? അതല്ല, നാമാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണ്ടേയിരിക്കും, തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു. അല്ല, ഞങ്ങള്‍ (ഉപജീവനം) തടയപ്പെട്ടവരാകുന്നു (56:63-67).

''ഇനി നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍നിന്ന് ഇറക്കിയത്? അതല്ല നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?'' (56:68-70).

''നിങ്ങള്‍ ഉരസിക്കത്തിക്കുന്നതായ തീയിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതിന്റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍?'' (56:71-72).

ബുദ്ധിവൈഭവവും ജ്ഞാനവും പഞ്ചേന്ദ്രിയാനുഭവങ്ങളുംകൊണ്ട് അനുഗൃഹീതനായ മനുഷ്യന് തന്റെ ശേഷിയില്‍ അഹങ്കരിക്കാനൊന്നുമില്ലെന്നും തന്റെ ജീവനെ നിലനിര്‍ത്തുന്നതെല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ കഴിവു മാത്രമാണെന്നും അവനെ ബോധ്യപ്പെടുത്തുകയാണിവിടെ. നന്ദികാണിക്കണമെന്ന കല്‍പനയും ഇതിലുണ്ട്.

''അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ ഞാന്‍ വീഴ്ചവരുത്തിയിട്ടുള്ള കാര്യത്തില്‍ എനിക്ക് നല്ലത് പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്കവിധം എന്നെ (ജീവിതത്തിലേക്ക്) തിരിച്ചയക്കേണമേ. ഒരിക്കലുമില്ല! അതൊരു വെറുംവാക്കു മാത്രമാണ്. അതവന്‍ പറഞ്ഞുകൊണ്ടിരിക്കും. അവരുടെ പിന്നില്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്'' (23:99-100).

''അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും, മന്ത്രിക്കുവാനാരുണ്ട് എന്ന് പറയപ്പെടുകയും, അത് വേര്‍പാടാണെന്ന് അവര്‍ ഉറപ്പാക്കുകയും, കണങ്കാലും കണങ്കാലുമായി കൂട്ടിപ്പിണയുകയും ചെയ്താല്‍, അന്ന് തന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടുപോകുന്നത്'' (75:20-30).

എത്ര വലിയവനായാലും മരണത്തിന്ന് കീഴൊതുങ്ങാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന അവസ്ഥയാണിവിടെ അല്ലാഹു ഓര്‍മിപ്പിക്കുന്നത്. ഞാനല്ലാതെ നിങ്ങള്‍ക്ക് വേറെയൊരു ദൈവമില്ല എന്ന് അഹങ്കരിച്ച ഫിര്‍ഔന്‍ മുതല്‍ വമ്പന്മാരും മഹാശക്തരും ഇവിടെ ജീവിച്ചു. അവര്‍ പക്ഷേ, മരണത്തിന്റെ മുമ്പില്‍ അതീവ ദുര്‍ബലരായി. ഫിര്‍ഔന്‍ തന്റെ അന്ത്യനിമിഷത്തില്‍ ഗത്യന്തരമില്ലാതെ 'ഞാന്‍ വിശ്വസിച്ചു' എന്ന് പറഞ്ഞ സംഭവം ക്വുര്‍ആന്‍ വിവരിച്ചത് കാണുക:

''ഇസ്‌റാഈല്‍ സന്തതികളെ നാം കടല്‍കടത്തിക്കൊണ്ടുപോയി. അപ്പോള്‍ ഫിര്‍ഔനും അവന്റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്‌റാഈല്‍ സന്തതികള്‍ ഏതൊരു ആരാധ്യനില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ആരാധ്യനുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ കീഴ്‌പ്പെട്ടവരുടെ കൂട്ടത്തിലാകുന്നു'' (10:90).

അപ്പോള്‍ അല്ലാഹു അവനോട് ചോദിച്ചു: ''മുമ്പ് ധിക്കരിക്കുകയും കുഴപ്പക്കാരില്‍ പെടുകയും ചെയ്തിട്ട് ഇപ്പോഴാണോ? (നീ വിശ്വസിക്കുന്നത്)'' (10:91).

''എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവന്‍ വിട്ടേച്ചുപോയത്! കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും അവര്‍ ആഹ്ലാദപൂര്‍വം അനുഭവിച്ചിരുന്ന (എത്രയെത്ര) സൗഭാഗ്യങ്ങള്‍! അങ്ങനെയാണത് (കലാശിച്ചത്). അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്കു ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല'' (44:25-28)

ഒറ്റ നിമിഷംകൊണ്ട് ഭൂലോകം ചുട്ടുചാമ്പലാക്കാന്‍ ശക്തിയുള്ള ആയുധങ്ങള്‍ ശേഖരിച്ചുവെച്ച് അഹങ്കരിക്കുന്ന ആധുനിക ഫിര്‍ഔനുമാരും സൂക്ഷ്മജീവിയായ ഒരു വൈറസിന്റെ മുമ്പില്‍ പകച്ചുനില്‍ക്കുന്ന വര്‍ത്തമാനകാലാനുഭവം മനുഷ്യന്റെ ദൗര്‍ബല്യമാണ് വിളിച്ചു പറയുന്നത്. (തുടരും)