ഇന്ത്യയുടെ ഭാഷാചരിത്രവും വിദ്യാഭ്യാസനയത്തിന്റെ ഭാഷാപഠന അജണ്ടകളും

പി.ഒ ഉമര്‍ ഫാറൂഖ്, തിരൂരങ്ങാടി

2020 ഡിസംബര്‍ 05 1442 റബീഉല്‍ ആഖിര്‍ 20
കൃത്യമായ ലോകവീക്ഷണമുള്ള നിരവധി വിദ്യാഭ്യാസവിചക്ഷണന്മാരാല്‍ രൂപീകരിക്കപ്പെട്ടതാണ് ഇന്ത്യയുടെ വിദ്യാഭ്യാസ നയം. കാലോചിതമായ പരിഷ്‌കാരങ്ങള്‍ ഈ രംഗത്ത് നടന്നിട്ടുണ്ടെങ്കിലും സമൂലമായ മാറ്റങ്ങള്‍ അപൂര്‍വമാണ്. കേന്ദ്ര ഗവണ്മെന്റിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ ഭാഷാപഠനവുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച പക്ഷപാതപരമായ തീരുമാനങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നു.

ഏതൊരു രാഷ്ട്രത്തെയും സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും പരിവര്‍ത്തിപ്പിക്കുന്നതില്‍ വിദ്യാഭാസ പാഠ്യപദ്ധതികള്‍ക്കുള്ള പങ്ക് അവിതര്‍ക്കിതമാണ്. വിദ്യാഭാസ പാഠ്യപദ്ധതിയില്‍ മതതീവ്രവാദം, വംശീയത, വര്‍ഗീയത, വര്‍ണവെറി, മറ്റു രാജ്യങ്ങളോടുള്ള ശത്രുത തുടങ്ങിയവ കുത്തിനിറച്ച രാജ്യങ്ങളില്‍ എന്തു സംഭവിച്ചു എന്നതിന് നമുക്ക് മുന്നില്‍ അനുഭവസാക്ഷ്യങ്ങളുണ്ട്. വിദ്യാഭ്യാസ പ്രക്രിയകള്‍, വിദ്യാഭ്യാസ പാഠ്യപദ്ധതി തുടങ്ങിയവ നിര്‍ണയിക്കുന്നതില്‍ അതാതുകാലത്തെ വിദ്യാഭ്യാസനയങ്ങള്‍ അതിപ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രത്തിന്റെ വിദ്യാഭ്യാസനയങ്ങളെ സഗൗരവം വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് ഒരുജനാധിപത്യരാഷ്ട്ര സംവിധാനത്തില്‍ അനിവാര്യമാണ്.

വിദ്യാഭ്യാസ നയത്തില്‍ അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ 2020ലെ ദേശീയ വിദ്യാഭ്യാസനയം അംഗീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസഘടനയില്‍ കാതലായ മാറ്റങ്ങളാണ് നയം നിര്‍ദേശിക്കുന്നത്. നയരേഖ പരാമര്‍ശിക്കുന്ന 10+2 പാറ്റേണില്‍നിന്നും 5+3+3+4 ലേക്കുള്ള മാറ്റത്തെക്കുറിച്ചും ഈ ഘടനാമാറ്റത്തിനനുസരിച്ചുള്ള ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചുമെല്ലാം ഒട്ടേറെ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. എന്നാല്‍ നയരേഖ നിര്‍ദേശിക്കുന്ന ഘടനാപരമായ മാറ്റങ്ങളോ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയോ ചര്‍ച്ചചെയ്യുന്നതിനെക്കാള്‍ പ്രധാനമായി നാം കാണേണ്ടത് പാഠ്യ പദ്ധതിയുടെ ഭാഗമായി എന്തൊക്കെയാണ് പഠിപ്പിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതര പാരമ്പര്യത്തിനു കോട്ടങ്ങളുണ്ടാക്കുന്നതുമായ എന്തെല്ലാം നിര്‍ദേശങ്ങളാണ് നയരേഖ മുന്നോട്ടു വെച്ചിരിക്കുന്നത് എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ അസ്തിവാരത്തില്‍ രൂപംകൊണ്ട ആര്‍.എസ്.എസിന്റെയും ബ്രാഹ്മണ മേല്‍ക്കോയ്മ അരക്കിട്ടുറപ്പിച്ച് അധികാരസ്ഥാനത്തിരിക്കുന്ന ബി.ജെ.പി എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും മേല്‍നോട്ടത്തില്‍ ഒരു നയരേഖ രൂപംകൊള്ളുമ്പോള്‍ അത് വരേണ്യ ഹൈന്ദവമേധാവിത്വത്തിന്റെ ഇംഗിതത്തിനനുസരിച്ചുള്ളതും വര്‍ണാശ്രമവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതുമായിരിക്കും എന്ന ആശങ്ക സ്വാഭാവികമാണ്.

പുതിയ വിദ്യാഭ്യാസ നയത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുളളത് ഭാഷാ പഠനത്തിലാണ്. രാഷ്ട്രത്തിന്റെ സാങ്കേതികവികസനം ത്വരിതപ്പെടുത്തുന്ന ശാസ്ത്രപഠനത്തിനോ ഗണിതപഠനത്തിനോ നല്‍കാത്ത പരിഗണനയാണ് ഭാഷാപഠനത്തിന് നയരേഖ നല്‍കിയിരിക്കുന്നത്. മാത്രമല്ല ഭാഷയുടെ കൂട്ടത്തില്‍ സംസ്‌കൃത ഭാഷക്ക് അര്‍ഹിക്കുന്നതിലേറെ പരിഗണന നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ പരിഗണന വൈദിക കാലത്തെ ചാതുര്‍വര്‍ണ്യവ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിന് കാരണമാകുമോ എന്ന ആശങ്കയാണ് മതേതരമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഓരോ ഇന്ത്യന്‍ പൗരനിലും ഉണ്ടാക്കുന്നത്. ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങള്‍ സംസാരിക്കുന്ന സുപ്രധാന ഭാഷകളെക്കുറിച്ച് നയരേഖ മൗനം പാലിക്കുന്നതും ഇപ്പോള്‍ യൂണിവേഴ്‌സിറ്റി തലങ്ങളില്‍ പഠനവിഷയമായി നിലനില്‍ക്കുന്നതും അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നതുമായ ചില ഭാഷകളെ അവഗണിച്ചതും ഏറെ ആശങ്കയുളവാക്കുന്നുണ്ട്.

ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്നതിനും ന്യൂനപക്ഷങ്ങളും ബ്രാഹ്മണേതര വിഭാഗങ്ങളും ഉപയോഗിക്കുന്ന ഭാഷകളെ ഇകഴ്ത്തുന്നതിനുമുള്ള ശ്രമമായി നയരേഖയുടെ ഭാഷാസമീപനത്തെ കാണാനാവൂം. ഇന്ത്യാരാജ്യത്ത് ബ്രാഹ്മണേതരര്‍ ഉപയോഗിച്ചിരുന്ന ഭാഷകളോട് എല്ലാകാലത്തും സവര്‍ണ ഹൈന്ദവ മേധാവിത്വം വിപ്രതിപത്തികാണിച്ചിട്ടുണ്ട് എന്നത് ഇന്ത്യയിലെ ഭാഷാവിഭജന ചരിത്രത്തെക്കുറിച്ചു വിശകലനം നടത്തിയാല്‍ മനസ്സിലാകും. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ ഇന്ത്യാരാജ്യം ഭാഷയുടെ കാര്യത്തിലും വൈവിധ്യം വെച്ചുപുലര്‍ത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഭാഷാവൈവിധ്യം

1961ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 1,652 ഭാഷകളുണ്ട്. 70% ജനങ്ങള്‍ സംസാരിക്കുന്ന ഇന്തോയൂറോപ്പ്യന്‍,  ഇന്തോആര്യന്‍ ഭാഷകളും 22% ജനങ്ങള്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷകളുമാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഭാഷാഗോത്രങ്ങള്‍. വൈദികകാലത്ത് സാധാരണക്കാര്‍ സംസ്‌കൃത ഭാഷ വ്യാപകമായി ഉപയോഗിച്ചിരുന്നുവെങ്കിലും കാലാന്തരത്തില്‍ ആ ഭാഷ സ്വാഭാവിക പരിണാമങ്ങള്‍ക്കു വിധേയമാകുകയും വ്യത്യസ്തങ്ങളായ ഉപഭാഷകളായി രൂപാന്തരപ്പെടുകയും ചെയ്തു. ക്രിസ്താബ്ദം പത്താം നൂറ്റാണ്ടുവരെ വടക്കെ ഇന്ത്യയില്‍ ഇന്തോആര്യന്‍ ഭാഷയായ സംസ്‌കൃതത്തില്‍നിന്നും രൂപം കൊണ്ട ഏതാനും പ്രാദേശിക ഭാഷകളായിരുന്നു ഉപയോഗിച്ചുവന്നിരുന്നത്. അവയില്‍ പ്രധാനപ്പെട്ടത് ഖഢീബോലി എന്ന പ്രാദേശിക ഭാഷയായിരുന്നു. ദേവനാഗിരി ലിപിയിലാണ് ഖഢീബോലി പോലുള്ള പ്രാദേശിക ഭാഷകള്‍ എഴുതപ്പെട്ടിരുന്നത്.

ഉറുദുഭാഷയുടെ ചരിത്രം

പത്താം നൂറ്റാണ്ടില്‍ പശ്ചിമേഷ്യയില്‍നിന്നും വടക്കെ ഇന്ത്യയിലേക്കുണ്ടായ കുടിയേറ്റത്തിന്റെ ഫലമായി പുറമെനിന്നെത്തിയ ഭാഷകളില്‍നിന്നുള്ള പദങ്ങളും ശൈലികളും ധാരാളമായി ഖഢീ ബോലിയില്‍ കലരുകയും ക്രമേണ അത് പുതിയ ഒരു ഭാഷയായി രൂപാന്തരപ്പെടുകയും ചെയ്തു. ഈ മിശ്രഭാഷയാണ് പില്‍കാലത്ത് ഉറുദു എന്ന പേരില്‍ അറിയപ്പെട്ടത്. ദേവനാഗിരി ലിപിയില്‍ നിരക്ഷരരായിരുന്നുവെങ്കിലും മുസ്‌ലിം വിഭാഗത്തില്‍പെട്ട സാധാരണക്കാര്‍ മതവിദ്യാഭ്യാസത്തിന്റെ ഭാഗമായി അറബി ഭാഷയില്‍ എഴുതാനും വായിക്കാനുമുള്ള കഴിവുനേടുക പതിവായിരുന്നു. അതിനാല്‍ ഉറുദു ഭാഷയില്‍ എഴുതുന്നതിന് നിലവിലുണ്ടായിരുന്ന ദേവനാഗിരി ലിപിക്കു പകരം അറബി, പേര്‍ഷ്യന്‍ ലിപി കളാണ് അവര്‍ ഉപയോഗപ്പെടുത്തിയത്. ദേവനാഗിരി ലിപിയില്‍നിന്നും മാറി ഉറുദു പുതിയ ലിപി സ്വീകരിച്ചതിന്റെ ഫലമായി ഉറുദുവും മറ്റു പ്രാദേശിക ഭാഷകളും തമ്മില്‍ കൂടുതല്‍ അകന്നു.

മുസ്‌ലിംകളുടെ ഭാഷയായ അറബിയുടെ ലിപി സ്വീകരിക്കപ്പെട്ടതിനാല്‍ ഉറുദുവുമായി ചേരാതെ ഖഢീബോലിയുടെ മറ്റൊരു പിരിവ് സംസ്‌കൃതത്തോടടുക്കുകയും പുതിയ രൂപം പ്രാപിക്കുകയും അത് പിന്നീട് ഹിന്ദി എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. അറബി, പേര്‍ഷ്യന്‍ ലിപികളോട് വിപ്രതിപത്തി കാണിച്ച സവര്‍ണ ഹൈന്ദവ വിഭാഗങ്ങള്‍ ഹിന്ദി ഭാഷ ഉപയോഗിക്കുകയും ഖഢീബോലിയുടെ ലിപിയായ ദേവനാഗിരിയില്‍തന്നെ അതിനെ നിലനിര്‍ത്തുകയും ചെയ്തു. ഉറുദുഭാഷയോടുള്ള വരേണ്യ വര്‍ഗത്തിന്റെ അസഹിഷ്ണുതയാണ് ഹിന്ദിഭാഷയുടെ ഉല്‍ഭവത്തിനും നിലനില്‍പിനും ഹേതുവായത്. അറബി, പേര്‍ഷ്യന്‍ ലിപികളില്‍ എഴുതപ്പെട്ടിരുന്ന ഉറുദുവിന് മധ്യകാല മുസ്‌ലിം ഭരണാധികാരികള്‍ ഏറെ പ്രോത്സാഹനം നല്‍കി. ഉറുദു ഭാഷയില്‍ ഒട്ടേറെ സാഹിത്യകൃതികള്‍ ജന്മംകൊള്ളാന്‍ ഇത് കാരണമായി. പൊതുജനങ്ങള്‍ക്കിടയില്‍ ഉറുദുഭാഷ കൂടുതല്‍ സ്വീകാര്യമായി. ക്രമേണ ഉറുദു ഭാഷയ്ക്കു ഔദേ്യാഗിക തലത്തില്‍ കുടുതല്‍ സ്വാധീനം നേടാനും ഭരണകൂടത്തിന്റെ ഔപചാരികഭാഷയായി മാറുവാനും സാധിച്ചു. 1837 മുതല്‍ കോടതിയിലെയും കച്ചേരിയിലെയും വ്യവഹാര ഭാഷയായി ഉറുദു മാറി. മുഗള്‍ ഭരണാധികാരികള്‍ ഉറുദുവിന് പ്രോത്സാഹനം നല്‍കിയപ്പോഴും ഖഢീബോലിയുടെ രണ്ടു പിരിവുകളിലൊന്നായി ഉറുദുവിനോടൊപ്പം ഹിന്ദിയും വേറിട്ടുവളര്‍ന്നു. അതോടൊപ്പം ഈ രണ്ടു ഭാഷാ വിഭാഗങ്ങളുടെ സൗഹൃദത്തിന്റെ പ്രതീകമായി ഹിന്ദി ഉറുദു മിശ്രഭാഷയായി ഹിന്ദുസ്ഥാനി എന്ന മൂന്നാമതൊരു ഭാഷാസങ്കരം രൂപംകൊള്ളുകയും ചെയ്തു. അറബി, പേര്‍ഷ്യന്‍ ലിപിയിലും ദേവനാഗിരി ലിപിയിലും ഈ ഭാഷ എഴുതപ്പെട്ടതിനാല്‍ സാധാരണക്കാരായ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഈ ഭാഷ കൂടുതല്‍ സ്വീകാര്യമായി. രണ്ടു ലിപികളിലും എഴുതപ്പെടുകയും വലിയ ഒരു വിഭാഗം ആളുകള്‍ തങ്ങളുടെ ഭാഷയായി ഹിന്ദുസ്ഥാനിയെ സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായി ഹിന്ദി, ഉറുദു മിശ്രഭാഷയായ ഹിന്ദുസ്ഥാനിയില്‍ ധാരാളം കൃതികളും ഇക്കാലഘട്ടത്തില്‍ വിരചിതമായി.

1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് മുഗള്‍ സാമ്രാജ്യം തകരുകയും ബ്രിട്ടീഷുകാര്‍ എല്ലാ രംഗത്തും ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. ഇതിനെതിരെ ദേശസ്‌നേഹികളായ ഇന്ത്യക്കാര്‍ ശക്തമായ ചെറുനില്‍പ്പാണ് നടത്തിയത്. ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തെ ഭയപ്പെട്ട ബ്രിട്ടീഷ് സാമ്രാജ്യത്ത ശക്തികള്‍ ഹിന്ദു-മുസ്‌ലിം ഐക്യം തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യയുടെ പ്രാചീന കാലഘട്ടത്തെ ഹൈന്ദവ കാലഘട്ടം അഥവാ സുവര്‍ണ കാലഘട്ടമെന്നും മുസ്‌ലിം കാലഘട്ടത്തെ ഇരുണ്ട കാലഘട്ടമെന്നും തുടര്‍ന്നുള്ളതിനെ ബ്രിട്ടീഷ് കാലഘട്ടമെന്നും മൂന്നായി തിരിച്ച് ബ്രിട്ടീഷ് ചരിത്രകാരനായിരുന്ന ജെയിംസ്മില്‍ ആവിഷ്‌ക്കരിച്ച മതാധിഷ്ഠിത കാലഘട്ട വിഭജനസിദ്ധാന്തം ആ ശ്രമത്തിന്റെ ഭാഗമായിരുന്നു. അക്കാലംവരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത രാമജന്മഭൂമി വിവാദവും മുഗള്‍ സാമ്രാജ്യ ഭരണകാലത്ത് നിലവിലില്ലാതിരുന്ന ഹിന്ദി-ഉറുദു സംഘര്‍ഷവും ഇന്ത്യന്‍ ജനതയില്‍ വിഭജനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്‌നങ്ങളായിരുന്നു.

മധ്യേന്ത്യയിലെ സവര്‍ണ ഭൂപ്രഭു വര്‍ഗത്തിന്റെയും അധികാരം നഷ്ടമായ ഹൈന്ദവ നാടുവാഴി വിഭാഗങ്ങളുടെയും പിന്തുണ വര്‍ഗീയ വിഭജനത്തിനായുള്ള ബ്രിട്ടീഷുകാരുടെ ശ്രമങ്ങള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കി. പുരാതന ആര്യന്‍ സംസ്‌കാരത്തെക്കുറിച്ചും പൗരാണിക സംസ്‌കൃത കൃതികളെക്കുറിച്ചുമൊക്കെ പഠനം നടത്താന്‍ തല്‍പരകക്ഷികള്‍ക്ക് ബ്രിട്ടീഷുകാര്‍ ഏറെ പ്രോത്സാഹനം നല്‍കി. ബ്രി ട്ടീഷ്-ബ്രാഹ്മണ അവിശുദ്ധ ബന്ധത്തിലൂടെ കാല്‍പനികമായ ഒരു ഇന്ത്യന്‍ സങ്കല്‍പം അവര്‍ വളര്‍ ത്തിയെടുത്തു. ഇന്ത്യയുടെ 'സുവര്‍ണ കാലഘട്ട'ത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യവിരുദ്ധമായ ഒരു മിത്ത് നിര്‍മിച്ചെടുക്കാനും വ്യാജമായ ഈ പരികല്‍പനയില്‍ ഒരു മിഥ്യാഭിമാനം രൂപപ്പെടുത്താനും ബ്രിട്ടീഷുകാരുടെ പിന്തുണയോടെ ഇന്ത്യയിലെ ജാതിഹിന്ദുക്കള്‍ക്ക് സാധിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി ഔദേ്യാഗിക ഭാഷയായ ഉറുദുവിനെ മാറ്റി ഹിന്ദിയെ അവരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഹിന്ദു വരേണ്യവര്‍ഗം നേതൃത്വം നല്‍കി. അറബി, പേര്‍ഷ്യന്‍ ലിപികളില്‍ എഴുതപ്പെടുന്ന ഉറുദുഭാഷ ഉപയോഗിക്കുന്നത് ബ്രാഹ്മണര്‍ക്ക് അത്രമേല്‍ അഹിതമായിരുന്നു. സവര്‍ണ വിഭാഗങ്ങളുടെ പിന്തുണയോടെ ബ്രഹ്മസമാജ് നേതാവായിരുന്ന ശങ്കര്‍ ലാലിന്റെ നേതൃത്വത്തില്‍ ഹിന്ദിയെ ഔപചാരിക ഭാഷയാക്കി പ്രഖ്യാപിക്കുന്നതിനുള്ള സമരങ്ങള്‍ക്കു തുടക്കം കുറിച്ചു. ഹിന്ദു-മുസ്‌ലിം സംഘര്‍ഷത്തിനും ശക്തമായ ഉറുദു-ഹിന്ദി ഭാഷ ഭിന്നതയ്ക്കും ഇതു കാരണമായി. 1901ല്‍ ബ്രിട്ടീഷുകാരുടെ പിന്തുണയോടെ ഈ സമരം വിജയത്തിലെത്തുകയും ഔദേ്യാഗിക ഭാഷയായി ഉറുദുവിനുപകരം ഹിന്ദിഭാഷ നടപ്പാക്കുകയും ചെയ്തു. ഹിന്ദി ഔദേ്യാഗിക ഭാഷയായി സ്ഥാനംപിടിച്ചുവെങ്കിലും ബഹുഭൂരിഭാഗം സാധാരണക്കാരും ഉപയോഗിച്ചിരുന്ന ഭാഷ എന്ന നിലയില്‍ പാഠപുസ്തകങ്ങളില്‍ ഹിന്ദിയും ഉറുദുവും ചേര്‍ന്ന ഹിന്ദുസ്ഥാനി ഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്.  

പാഠപുസ്തകങ്ങള്‍ ഹിന്ദിയിലാക്കുന്നതിനും ഹിന്ദി-ഉറുദു മിശ്ര പാരമ്പര്യത്തില്‍പെട്ട കൃതികളെ ഉന്മൂലനം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീടുനടന്നത്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഉപയോഗിക്കുന്ന ഹിന്ദി-ഉറുദു സങ്കലനഭാഷയായ ഹിന്ദുസ്ഥാനിക്കെതിരിലും നീക്കങ്ങള്‍നടന്നു. പാഠപുസ്തകങ്ങളിലും മറ്റു പൊതുവ്യവഹാരങ്ങളിലും ബഹുഭൂരിപക്ഷത്തിനും സ്വീകാര്യമായ ഹിന്ദുസ്ഥാനിഭാഷ ഉപയോഗിക്കണമെന്ന് ഗാന്ധിജിയെപ്പോലുള്ള സ്വാതന്ത്ര്യസമര നായകര്‍ അഭ്യര്‍ഥിച്ചുവെങ്കിലും ആ അഭ്യര്‍ഥന സ്വീകരിക്കാന്‍ സവര്‍ണ ഹൈന്ദവവാദികള്‍ തയ്യാറായില്ല. ഹിന്ദിയെ പൂര്‍ണമായും സംസ്‌കൃതവത്കരിക്കുകയും ക്രമേണ സംസ്‌കൃതത്തെ രാഷ്ട്രഭാഷയാക്കുകയും ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഹൈന്ദവ വരേണ്യജാതികള്‍ക്കുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി ഹിന്ദിയില്‍നിന്ന് ഉറുദുസ്വാധീനം ഇല്ലാതാക്കുന്നതിനും ഹിന്ദിയില്‍ സംസ്‌കൃത സ്വാധീനം വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ഹൈന്ദവ വരേണ്യവര്‍ഗം തുടക്കംകുറിച്ചു. കേവലം 5 ശതമാനം വരുന്ന ബ്രാഹ്മണര്‍ക്കിടയില്‍ മാത്രം ഉപയോഗിക്കുന്ന സംസ്‌കൃതം ഹിന്ദിയില്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടും ഉറുദു, പേര്‍ഷ്യന്‍, രാജസ്ഥാനി, മൈഥിലി, ഭോജ്പൂരി, ബുജി, ചത്തിസ്ഖഡി, ഔദ്, റോസല്‍ ഖണ്ഡി തുടങ്ങി ഭാഷകളുടെ ഹിന്ദി സ്വാധീനത്തെ നിഷേധിച്ചുകൊണ്ടും രൂപപ്പെടുത്തിയ ഹിന്ദിഭാഷ മഹാഭൂരിപക്ഷത്തിനുമേല്‍ അടിച്ചേല്‍പിക്കുവാനുമാണ് ഹിന്ദു വരേണ്യവര്‍ഗം ശ്രമിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി ഹിന്ദി, ഉറുദു വിഭജനം കൂടുതല്‍ ആഴത്തിലുള്ളതായി. അങ്ങനെ ഹിന്ദിയും ഉറുദുവും മതപരമായ ഭിന്നതയുടെ പ്രതീകങ്ങളായി മാറി. ബ്രിട്ടീഷുകാര്‍ ഹിന്ദുക്കളില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച മുസ്‌ലിം വിരോധം ഉറുദുഭാഷയോടുള്ള വിരോധമാക്കിമാറ്റാന്‍ സവര്‍ണഹിന്ദുക്കള്‍ക്ക് സാധിച്ചു.

സംസ്‌കൃതത്തിന് മാത്രമെ രാഷ്ട്രഭാഷയാകാനുള്ള അര്‍ഹതയുള്ളൂ എന്ന നിലപാട് സ്വീകരിച്ച ആര്‍.എസ്. എസ് തലവന്‍ ഗോള്‍വാള്‍ക്കര്‍ ഹിന്ദിയെ ഒരു ആന്തരിക സംവിധാനം മാത്രമായാണ് കണ്ടത്. ഇന്ത്യാരാജ്യം സ്വതന്ത്രമായതിനുശേഷവും ഹിന്ദി-ഉറുദു ഭിന്നത നിലനിന്നു. ഹിന്ദിയെ രാഷ്ട്രഭാഷയായി പ്രഖ്യാപിക്കുന്നതിന് സവര്‍ണ മേല്‍ക്കോയ്മ ചരടുവലിച്ചു. ദേവനാഗിരി ലിപിയിലും ഉറുദു ലിപിയിലും എഴുതപ്പെടുന്ന ബഹുഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ ഭാഷയായ ഹിന്ദുസ്ഥാനിയെ രാഷ്ട്രഭാഷയായി സ്വീകരിക്കണമെന്ന ഗാന്ധിജിയെപ്പോലുള്ള രാഷ്ട്രനായകരുടെ നിര്‍ദേശം സവര്‍ണ ഹൈന്ദവവിഭാഗം സ്വീകരിച്ചില്ല. ഒടുവില്‍ സവര്‍ണരുടെ ഇംഗിതത്തിനു വഴങ്ങി ഹിന്ദിയെ രാഷ്ട്രഭാഷയായി പ്രഖ്യാപിക്കാന്‍ രാഷ്ട്രനായകര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഹിന്ദിയെ രാഷ്ട്രഭാഷയായി പ്രഖ്യാപിച്ചതുകൊണ്ടുമാത്രം വരേണ്യവിഭാഗം തൃപ്തരായിരുന്നില്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന പ്രാദേശിക ഭാഷകളെയും അവയുടെ അതിസമ്പന്നമായ പൈതൃകത്തെയും ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളും സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യാരാജ്യത്തുണ്ടായി. വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദിയെ ഒരു നിര്‍ബന്ധ ഭാഷയായി പ്രഖ്യാപിക്കാനുള്ള നിയമനിര്‍മാണങ്ങള്‍ പല ഘട്ടങ്ങളിലായി കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ദ്രാവിഢ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മറ്റു ഹിന്ദിയിതര സംസ്ഥാനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അവ മാറ്റിവെക്കേണ്ടി വന്നു. പിന്നീട് ഏറെക്കാലം ഈ വിഷയം ചര്‍ച്ചചെയ്യപ്പെടാതെനിന്നു. ബ്രാഹ്മണ മേല്‍ക്കോയ്മയിലധിഷ്ഠിതമായ ബി.ജെ.പി.യുടെ രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് വീണ്ടും ഈ വിഷയം ചര്‍ച്ചയാകുന്നത്.

2019 സെപ്തംബര്‍ മാസം അമിത്ഷാ 'ഒരു രാജ്യം, ഒരു ഭാഷ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയതോടെ ഭാഷാചര്‍ച്ച വിണ്ടും ചൂടുപിടിച്ചു. ഹിന്ദിയിതര സംസ്ഥാനങ്ങള്‍ അമിത്ഷായുടെ ഗൂഢപദ്ധതിക്കെതിരെ ശക്തമായി പ്രതികരിച്ചു. പ്രാദേശിക ഭാഷകളെ അപ്രസക്തമാക്കിക്കൊണ്ട്, മധ്യേന്ത്യയിലെ ഹൈന്ദവന്യൂനപക്ഷം വികസിപ്പിച്ചെടുത്ത ഹിന്ദിയെ 'ഒരു രാജ്യം, ഒരു ഭാഷ' എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നു. വര്‍ഗ, വര്‍ണ, ജാതി മേധാവിത്വ താല്‍പര്യങ്ങളാണ് അമിത്ഷായെ ഇങ്ങ നെയൊരു മുദ്രാവാക്യം ഉയര്‍ത്താന്‍ പ്രേരിപ്പിച്ചത്. കാലക്രമത്തില്‍ സംസ്‌കൃതത്തെ ദേശീയഭാഷയുടെ പദവിയിലേക്കുയര്‍ത്താനുള്ള കുടിലതന്ത്രമായും ഈ ശ്രമത്തെ നമുക്ക് കാണാവുന്നതാണ്. എന്നാല്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഒടുവില്‍ അമിത്ഷാ തന്റെ മുദ്രാവാക്യത്തില്‍നിന്നും പുറകോട്ടു പോകാന്‍ നിര്‍ബന്ധിതനായി.

സംസ്‌കൃതത്തിന് അമിത പ്രാധാന്യം

ഹിന്ദിയെ സംസ്‌കൃതഭാഷായിലേക്ക് നയിക്കുന്ന ഒരു ആന്തരികസംവിധാനം എന്ന നിലയില്‍ ഗോള്‍ വാള്‍ക്കര്‍ മുന്നോട്ടുവെച്ച ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിന്റെയും ഇന്ത്യാരാജ്യത്തിന്റെ ഇന്നലെകളില്‍ അനൈക്യത്തിന്റെ വിത്തുകള്‍ പാകിയ ഭാഷാവിഭജന ചരിത്രത്തിന്റെയും പരിപ്രേക്ഷ്യത്തില്‍ നിന്നു കൊണ്ടുവേണം പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഷാപഠന സമീപനം വിലയിരുത്താന്‍. ഹിന്ദിയെ മറ്റു ഭാഷകള്‍ക്കു പകരംവെക്കാനും ക്രമേണ സംസ്‌കൃതത്തെ രാഷ്ട്രഭാഷയായി സ്ഥാപിക്കാനുമുള്ള ആസൂത്രിതപദ്ധതി നയരേഖയില്‍ ഒളിഞ്ഞുനില്‍ക്കുന്നുണ്ട്. അതോടൊപ്പം മറ്റു ഭാഷാവിഭാഗങ്ങളില്‍നിന്നും നേരത്തെയുണ്ടായതുപോലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നുവരാതിരിക്കാനുള്ള തന്ത്രപരമായ ചില പൊടിക്കൈ പ്രയോഗങ്ങളും നയരേഖ നടത്തുന്നുണ്ട്.

ഭാഷാപഠനത്തിന് മറ്റേതു മേഖലയെക്കാളും മുന്തിയ പരിഗണന നല്‍കുന്ന നയരേഖ സംസ്‌കൃതഭാഷയുടെ പുനരുജ്ജീവനമാണ് ലക്ഷ്യംവെക്കുന്നത് എന്ന് വ്യക്തമാണ്. ഇന്ത്യയില്‍ 2.88 ശതമാനത്തിനും 6.7 ശതമാനത്തിനും ഇടയില്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ പ്രാദേശിക ഭാഷകളെ രണ്ടുതവണ പരാമര്‍ശിച്ചപ്പോള്‍ വളരെ വളരെ തുച്ഛം (0.002% ശതമാനം) പേര്‍മാത്രം ഉപയോഗിക്കുന്ന സംസ്‌കൃത ഭാഷയെ 23 തവണയാണ് നയരേഖ പരാമര്‍ശിച്ചത്! 4.19% പേര്‍ തങ്ങളുടെ പ്രഥമഭാഷയായി ഉപയോഗിക്കുന്ന ഉറുദുവിനെ നയരേഖ പരാമര്‍ശിച്ചതേയില്ല എന്നത് വിദ്യാഭ്യാസ നയരേഖയുടെ ന്യൂനപക്ഷങ്ങളോടുള്ള മനോഭാവമാണ് വെളിവാക്കുന്നത്. സംസ്‌കൃത ഭാഷയെ ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്നതും അതിന്റെ മഹിമകള്‍ പെരുപ്പിച്ചുപറയുന്നതും സംസ്‌കൃത കാലഘട്ടമായ വൈദിക കാലഘട്ടത്തിലെ പൗരാണിക ബിംബങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ടിയാണ്. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ 85 ശതമാനംവരുന്ന ജനതയും ക്രൂരമായ വര്‍ണ, ജാതി വ്യവസ്ഥയാല്‍ അസ്പൃശ്യരായി, എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് മൃഗതുല്യം ജീവിച്ച കാലത്തെയാണ് വൈദികകാലഘട്ടം പ്രതിനിധാനം ചെയ്യുന്നത്. സംസ്‌കൃതപഠനത്തിലൂടെ നയരേഖ ലക്ഷ്യംവെക്കുന്നത് ഭയാനകമായ ആ ബ്രാഹ്മണിക കാലഘട്ടത്തിന്റെ പുനരാവര്‍ത്തനമാണ് എന്ന് സമീപകാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറിയ ദളിത് പീഡനമുള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നിലപാടുകളില്‍നിന്നും നമുക്ക് വ്യക്തമാകുന്നുണ്ട്.

സംസ്‌കൃതത്തിന് അനര്‍ഹമായ പരിഗണന നല്‍കുമ്പോള്‍ നമ്മെ ഓര്‍മപ്പെടുത്തുന്ന കാര്യം എല്ലാ ഹൈന്ദവ സംസ്‌കൃത ഗ്രന്ഥങ്ങളും ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ പരിപോഷിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത് എന്നതാണ്. 'ഗുണകര്‍മങ്ങളുടെ വിഭാഗത്തിനനുസരിച്ച് നാലു വര്‍ണങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് ദൈവം തന്നെയാണ്' എന്ന് പഠിപ്പിച്ച ഭഗവത്ഗീതയിലേക്കും 'പരമപുരുഷന്റെ ശിരസ്സില്‍നിന്ന് ബ്രാഹ്മണനും കൈകളില്‍നിന്ന് വൈശ്യനും പാദങ്ങളില്‍ ശൂദ്രനും സൃഷ്ടിക്കപ്പെട്ടു'വെന്ന് പ്രഖ്യാപിച്ച ഋഗ്വേദത്തിലേക്കും 'അടിമകളായി ജനിക്കാന്‍ വിധിക്കപ്പെട്ട ചണ്ഡാളന്മാരെ പന്നികളോടും പട്ടികളോടുമൊപ്പം' പരിഗണിച്ച ഛന്ദോഗേ്യാപനിഷത്തിലേക്കും 'കീഴാളരോടുള്ള പെരുമാറ്റം മൃഗങ്ങളോടുള്ളതിനെക്കാള്‍ നീചമായിരിക്കണ'മെന്ന് ഉദ്‌ഘോഷിക്കുന്ന മനുസ്മൃതിയിലേക്കും 'ശൂദ്രന്‍ വേദപാരായണം കേട്ടാല്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം' എന്നു പ്രഖ്യാപിച്ച ഗൗതമേയ ധര്‍മസൂത്രത്തിലേക്കുമുള്ള തിരിച്ചു പോക്കിലേക്ക് നയിക്കാന്‍ മാത്രമെ സംസ്‌കൃത പഠനം സഹായകമാകൂ എന്ന തിരിച്ചറിവ് ഇന്ത്യാരാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കുമുണ്ടാകേണ്ടതുണ്ട്.

ബ്രാഹ്മണ വംശമേധാവിത്വത്തിന്റെ കിരാതമായ സാമൂഹ്യ സാഹചര്യങ്ങളില്‍ പീഡിതരായ ദശലക്ഷക്കണക്കിന് കീഴാളജനങ്ങളുടെ ദീനരോദനങ്ങള്‍ മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട കാലത്തിന്റെ ആവര്‍ത്തനമല്ലാതെ സംഘ്പരിവാര്‍ അജണ്ടയിലെ സംസ്‌കൃത പഠനം മനുഷ്യകുലത്തിന് മറ്റൊരു സംഭാവനയും നല്‍കാന്‍ പോകുന്നില്ല. സംസ്‌കൃതത്തെ മഹത്ത്വവല്‍കരിക്കുന്നതിന് ഉറുദുഭാഷയെ അവഗണിക്കുക മാത്രമല്ല നയരേഖ ചെയ്യുന്നത്, ലോകത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ ലാറ്റിന്‍, ഗ്രീക്ക് ഭാഷകളെ പുച്ഛിച്ചുതള്ളുവാനും നയരേഖ ശ്രമിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയെ മഹത്ത്വവല്‍കരിക്കുന്നതിന് ബ്രിട്ടീഷ് ഭരണകാലത്ത് ജോണ്‍ മെക്കാളെ തന്റെ മിനുട്ട്‌സില്‍ നടത്തിയ അപമാനകരമായ പരാമര്‍ശത്തിനു(1) സമാനമായ നിരീക്ഷണമാണ് സംസ്‌കൃതവുമായി ബന്ധപ്പെട്ട് നയരേഖനടത്തിയിരിക്കുന്നത്. ഇന്ത്യയുടെയും അറേബ്യയുടെയും മൊത്തം സാഹിത്യമെടുത്താല്‍ അതിനെക്കാള്‍ വിലമതിക്കുക ഒരു നല്ല യൂറോപ്യന്‍ ലൈബ്രറിയിലെ ഒരൊറ്റ അലമാരയായിരിക്കും എന്ന് എഴുതിപ്പിടിപ്പിച്ച് ഇന്ത്യന്‍ സാഹിത്യത്തെയും അറേബ്യന്‍ സാഹിത്യത്തെയും മെക്കാളെ അപഹസിച്ചതുപോലെ ലാറ്റിന്‍, ഗ്രീക്ക് ഭാഷകളുടെ മഹത്തായ പാരമ്പര്യത്തെയും അവ നല്‍കിയ മികച്ച സംഭാവനകളെയും ഇകഴ്ത്തുവാനും ആ ഭാഷകള്‍ കൂട്ടായി നല്‍കിയതിനെക്കാള്‍ മെച്ചപ്പെട്ട സംഭാവനകളാണ് സംസ്‌കൃതം നല്‍കിയിട്ടുള്ളത് എന്നു സമര്‍ഥിക്കുവാനും നയരേഖ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം വസ്തുതകള്‍ക്ക് വിരുദ്ധമായി, സംസ്‌കൃത ഭാഷയെ ജാതി, മത ഭേദമന്യെ ജനങ്ങള്‍ ഉപയോഗിക്കുന്ന ആധുനിക ഭാഷയായും നയരേഖ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.(2) സംസ്‌കൃതത്തെ സാഹിത്യപാരമ്പര്യമുള്ള ഭാഷയായും ശാസ്ത്രീയമായി ഉച്ചരിക്കപ്പെടുന്ന ഭാഷയായും ആധുനികയുഗത്തിന് ഏറെ പ്രാധാന്യമുള്ള വിജ്ഞാനപദ്ധതി സമ്മാനിക്കുന്ന ഭാഷയായും അവതരിപ്പിച്ച് ആ ഭാഷയെ മഹത്ത്വപ്പെടുത്താനുള്ള ശ്രമവും ഏറെ സംശയങ്ങള്‍ക്ക് വഴിയൊരുക്കുന്നു.(3)

ഇംഗ്ലീഷും ഹിന്ദിയും ഒരു പ്രാദേശിക ഭാഷയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതി തുടരുമെന്ന് പറയുന്ന നയരേഖ സംസ്‌കൃതം ഓപ്ഷന്‍ അനുവദിക്കുമെന്ന് പറയുന്നു. അപ്പോള്‍ ഒഴിവാക്കപ്പെടുന്ന ഭാഷ ഏതെന്ന് നയരേഖ വ്യക്തമാക്കുന്നില്ല. ഒരു ഭാഷ എന്ന നിലയില്‍ സംസ്‌കൃതത്തെ സ്വാഗതം ചെയ്യാമെങ്കിലും ആര്‍.എസ്.എസ്. പ്രത്യയശാസ്ത്രത്തിന്റെ നിലപാടുതറയില്‍ നിന്നുകൊണ്ടുള്ള സംസ്‌കൃതവത്കരണം ഇന്ത്യാരാജ്യത്തെ കീഴാള പീഡനത്തിന്റെ ഭയാനകമായ ആ ഭൂതകാലത്തിലേക്കു തിരിച്ചു നടത്തുന്നതാകുമോ എന്ന ആശങ്കയാണ് ഓരോ ഇന്ത്യക്കാരനിലും ഉണ്ടാക്കുന്നത്. ഇങ്ങനെ, നയരേഖ ഒരുതവണ വായിച്ചാല്‍ തന്നെ സംസ്‌കൃതവത്ക്കരണ ശ്രമങ്ങളുടെ എല്ലാ സൂചനകളും ലഭ്യമാകും. സംസ്‌കൃതത്തിനു നല്‍കുന്ന ഈ അമിത പ്രാധാന്യം വിവാദമാകാതിരിക്കാനും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഒഡിയ എന്നീ ഭാഷാവിഭാഗങ്ങളില്‍നിന്നും ഉണ്ടായേക്കാവുന്ന എതിര്‍പ്പുകള്‍ രൂപപ്പെടാതിരിക്കാനും നയരേഖ പയറ്റുന്ന അടവുകള്‍ ശ്രദ്ധേയമാണ്. ഈ ഭാഷകളെ പാലി, പേര്‍ഷ്യന്‍, പ്രാകൃത് തുടങ്ങിയ ഭാഷകളോടൊപ്പം ക്ലാസിക്കല്‍ ഭാഷകളുടെ പട്ടികയില്‍ പെടുത്തി അവയെ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാണിക്കുകയാണ് നയരേഖ ഇതിനായി ചെയ്യുന്നത്.(4) പാലി, പേര്‍ഷ്യന്‍, പ്രാകൃത് തുടങ്ങിയ ഭാഷകളോടൊപ്പം ഈ ഭാഷകളും അതിലെ കൃതികളും ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും പഠിപ്പിക്കാനുള്ള അവസരം നല്‍കുമെന്ന് നയരേഖ പ്രഖ്യാപിക്കുകയും ചെയ്യുന്നു.(5) മുന്‍കാലങ്ങളില്‍ ഉണ്ടായതുപോലെ ദ്രാവിഢഭാഷാ പ്രദേശങ്ങളില്‍നിന്നും മറ്റു ഹിന്ദിയിതര സംസ്ഥാനങ്ങളില്‍നിന്നും ഉണ്ടായേക്കാവുന്ന എതിര്‍പ്പുകള്‍ ഉയര്‍ന്നുവരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് നയരേഖ ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നത്.

(അവസാനിച്ചില്ല)

Ref:

1. a single shelf of a good European library was worth the whole native literature of India and Arabia (Mecaulay's minutes).

2.  The importance, relevance, and beauty of the classical languages and literature of India also cannot be overlooked. Sanskrit, while also an important modern language mentioned in the Eighth Schedule of the Constitution of India, possesses a classical literature that is greater in volume than that of Latin and Greek put together,containing vast erasures of mathematics, philosophy, grammar, music,politics, medicine, architecture, metallurgy, drama, poetry,storytelling, and more (known as 'Sanskrit Knowledge Systems'),written by people of various religions as well as nonreligious people, and by people from all walks of life and a wide range of socioeconomic backgrounds over thousands of years. (NEP: Page 14).

3. It will be taught in ways that are interesting and experiential as well as contemporary relevant, including through the use of Sanskrit Knowledge Systems, and in particular through phonetics and pronunciation. (NEP: Page 14).

4. In addition to Sanskrit, other classical languages and literature India, including Tamil, Telugu, Kannada,Malayalam, Odia, Pali,Persian, and Prakrit, will also be widely available in schools adoptions for students, possibly as online modules, through experiential and innovative approaches, to ensure that these languages and literature stay alive and vibrant. (NEP: Page 15).

5. For the enrichment of the children, and for the preservation of these rich languages and their artistic reassures, all students in all schools, public or private, will have the option of learning at least two years of a classical language of India and its associated literature, through experiential and innovative approaches. (NEP: Page15).