ടിപ്പു സുല്‍ത്താന്‍: ചരിത്രം വീണ്ടും വായിക്കുമ്പോള്‍

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

2020 ഫെബ്രുവരി 15 1441 ജുമാദല്‍ ആഖിറ 16
ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റുധരിപ്പിക്കപ്പെട്ട ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍. ബ്രിട്ടീഷുകാരന്റെ ലോഹ വെടിയുണ്ട നെഞ്ചിന്‍കൂട് തകര്‍ക്കുന്നത് വരെ പിറന്ന നാടിന്റെ സ്വാതന്ത്യത്തിന് വേണ്ടി അദ്ദേഹം അവിശ്രമം പോരാടി. എന്നാല്‍ വ്യക്തിജീവിതത്തില്‍ ദൈവഭക്തിയും മതബോധവും കാത്തുസൂക്ഷിച്ചു എന്നതിന്റെ പേരില്‍ വര്‍ഗീയ ചരിത്ര രചയിതാക്കളില്‍ നിന്ന് ഇന്നും ടിപ്പു കൂരമ്പുകളേറ്റു വാങ്ങിക്കൊണ്ടിരിക്കുന്നു. സമകാലിക വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ടിപ്പുവിന്റെ ജീവിതം വീണ്ടും വായിക്കുന്നു.

പൗരത്വ ഭേദഗതി ബില്ല്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ അണമുറിയാതെ നടന്നുകൊണ്ടിരിക്കുകയാണ് നമ്മൂടെ നാട്ടില്‍. ഒരു മതവിഭാഗത്തെ പ്രകടമായി ലക്ഷ്യംവച്ചുള്ള ഈ നീക്കങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന, ഭാവിയില്‍ മറ്റു പലരെയും ദോഷകരമായി ബാധിക്കുന്ന ഈ നിയമങ്ങള്‍ക്ക് പിന്നിലെ വിശാല ദുരുദ്ദേശ്യങ്ങള്‍ തിരിച്ചറിഞ്ഞ മതേതര കാഴ്ചപ്പാടുള്ളവരെല്ലാം കടുത്ത പ്രതിഷേധസമരവുമായി മുന്നോട്ടുപോകുമ്പോള്‍ കൂപമണ്ഡൂകങ്ങളായ ചിലര്‍ ബില്ലിനെ അനുകൂലിച്ചും മുസ്‌ലിം സമുദായത്തെ അവഹേളിച്ചും രംഗത്ത് വരുന്നുണ്ട്. ലൗജിഹാദ് എന്ന പഴകിപ്പുളിച്ച ആരോപണവുമായി സീറോ മലബാര്‍ സഭ രംഗത്തുവന്നത് നാം കണ്ടു. ഇപ്പോഴിതാ രസികന്‍ പ്രസംഗങ്ങളുമായി ജനങ്ങളെ കയ്യിലെടുക്കുന്നതില്‍ അഗ്രഗണ്യനായ ഫാദര്‍ ജോസഫ് പുത്തന്‍ പുരക്കലും ഇസ്‌ലാം വിരോധവുമായി രംഗത്ത് വന്നിരിക്കുന്നു. ഏതൊക്കെയോ ചില രാജ്യങ്ങളില്‍ ക്രൈസ്തവരെ കൊന്നൊടുക്കിയ മുസ്‌ലിംകളോട് കരുണ കാണിക്കേണ്ടതില്ല എന്ന സ്വരമാണ് അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്. ലോകത്ത് എവിടെയെല്ലാം ഇസ്‌ലാമിന്റെ പേരില്‍ ആരൊക്കെ നിരപരാധികളെ അക്രമിച്ചിട്ടുണ്ടോ അതിനെയെല്ലാം ലോകമുസ്‌ലിംകള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. ആ അക്രമിസംഘങ്ങള്‍ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നില്ല എന്ന് മുസ്‌ലിം പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫാദര്‍ ജോസഫ് പുത്തന്‍ പുരക്കല്‍ മുസ്‌ലിംകള്‍ക്ക് ക്രൈസ്തവരോട് കടുത്ത ദേഷ്യമാണെന്ന് വരുത്തിത്തീര്‍ക്കാനും ക്രൈസ്തവരെ കൊന്നൊടുക്കാന്‍ ശ്രമിച്ചവരാണ് മുസ്‌ലിം ഭരണാധികാരികള്‍ എന്ന് സ്ഥാപിക്കുവാനും ഉദാഹരണമായെടുക്കുന്നത് ടിപ്പു സുല്‍ത്താനെയാണ്. മുസ്‌ലിംകളുടെ ചോരകൊണ്ട് അക്ഷരാര്‍ഥത്തില്‍ പുഴയൊഴുക്കിയ കുരിശുയുദ്ധങ്ങള്‍ ഫാദര്‍ അറിയാതിരിക്കാന്‍ വഴിയില്ല എന്ന് കരുതുന്നു.  

ഫാദര്‍ ജോസഫ് പുത്തന്‍ പുരക്കല്‍ ടിപ്പുസുല്‍ത്താനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

1. ടിപ്പുസുല്‍ത്താന്‍ വാഡിയാര്‍ രാജാവിന്റെ സൈന്യാധിപനാണ്.

2. 15ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ടിപ്പുസുല്‍ത്താന്‍ ജീവിച്ചിരുന്നത്.

3. ടിപ്പുസുല്‍ത്താന്‍ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും വെടിവെച്ചുകൊന്നു.

4. ക്രിസ്ത്യന്‍ പ്രദേശങ്ങളിലേക്ക് പടയോട്ടം നയിച്ച ടിപ്പുവിനെ അത്ഭുതകരമായി വഴിയില്‍ മാവ് എന്ന വൃക്ഷം തടഞ്ഞുനിര്‍ത്തി.

5. ക്രിസ്ത്യന്‍ പള്ളി മഞ്ഞിനാല്‍ മറയ്ക്കപ്പെട്ടു.

6. അങ്ങനെയാണ് ക്രിസ്ത്യാനികള്‍ രക്ഷപ്പെട്ടത്.

7. മേല്‍ പറയപ്പെട്ട കാരണങ്ങളാല്‍ മുസ്‌ലിംകളെ വിശ്വസിക്കാന്‍ കൊള്ളില്ല.

ഫാദര്‍ ജോസഫിന്റെ പരാമര്‍ശം ഇപ്പോള്‍ പുറത്തുവന്നത് പൗരത്വനിയമവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രതിഷേധ സമരങ്ങളെ നിര്‍വീര്യമാക്കാന്‍ വേണ്ടിയുള്ള ഹീനമായ ശ്രമമാണെന്നതില്‍ അദ്ദേഹത്തെ  അനുകൂലിക്കുന്നവര്‍ക്ക് പോലും അഭിപ്രായവ്യത്യാസമുണ്ടാകാന്‍ സാധ്യതയില്ല. കാരണം ടിയാന്‍ തുടര്‍ന്ന് പറയുന്നത് പൗരത്വവിഷയത്തെക്കുറിച്ചാണ്. പൗരത്വവിഷയത്തില്‍ നല്ലവരായ ക്രൈസ്തവ സഹോദരങ്ങളുടെ പിന്തുണ ഇല്ലാതാക്കലാണ് ഈ പരാമര്‍ശങ്ങളുടെ ലക്ഷ്യമെന്നും വ്യക്തം. പൗരത്വ നിയമം വ്യക്തമായ നീതിനിഷേധമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെയും മുസ്‌ലിംകളെ ഈ വിഷയത്തില്‍ സപ്പോര്‍ട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നുമുള്ള സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്.

ടിപ്പുവിനെക്കുറിച്ച് അടിസ്ഥാനപരമായ ചരിത്രം അദ്ദേഹം വായിച്ചിട്ടില്ലെന്ന് മാത്രമല്ല ചരിത്രത്തെക്കുറിച്ച് കേവലമായ ധാരണ പോലുമില്ലെന്നാണ് ടിപ്പു വാഡിയാര്‍ രാജാവിന്റെ സൈന്യാധിപനാണെന്നും 1500 കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നും പറയുന്നതിലൂടെ നമുക്ക് മനസ്സിലാകുന്നത്. എന്നാല്‍ അദ്ദേഹം നടത്തിയ, ടിപ്പു ക്രിസ്ത്യാനികളെ വെടിവെച്ചുകൊന്നു എന്ന പരാമര്‍ശം അദ്ദേഹം ബോധപൂര്‍വം നടത്തിയതാണെന്നാണ് തുടര്‍ന്നുള്ള സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. ബ്രിട്ടീഷ് പട്ടാളത്തെയാണ് ഇദ്ദേഹം ക്രിസ്ത്യാനികള്‍ എന്ന് ഉദ്ദേശിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ടിപ്പു നടത്തിയ ശക്തമായ ചെറുത്ത് നില്‍പുകളും പ്രത്യാക്രമണങ്ങളുമെല്ലാം ക്രിസ്ത്യാനികള്‍ക്കെതിരിലുള്ളതാണ് എന്ന് വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും ഇദ്ദേഹത്തെപ്പോലുള്ളവര്‍ ശ്രമിക്കുന്നത് അന്ധമായ മതവിദ്വേഷത്തിന്റെ മഹാവൃണങ്ങള്‍ ഹൃദയത്തില്‍ പേറുന്നത് കൊണ്ടാണ്.

യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ മതേതരവാദികളോ കമ്യൂണിസ്റ്റുകളോ ആയിരുന്നില്ല; അടിയുറച്ച ക്രൈസ്തവവിശ്വാസികള്‍ തന്നെയായിരുന്നു. മാത്രവുമല്ല കൊളോണിയലിസത്തിന്റെ രീതി ശാസ്ത്രത്തില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥാനം ആരാലും നിഷേധിക്കാന്‍ കഴിയാത്തതുമാണ്. 11 മുതല്‍ 13 വരെയുള്ള നൂറ്റാണ്ടുകളില്‍ നടന്ന കുരിശുയുദ്ധങ്ങള്‍ പോപ്പ് അര്‍ബന്‍ രണ്ടാമന്‍ നേരിട്ട് നിര്‍ദേശിച്ചതും അതുകൊണ്ട് തന്നെ അധിനിവേശത്തിന് വിശ്വാസപരവും മതപരവും ആയ മാനങ്ങള്‍ ഉണ്ട് എന്ന് സാമാന്യ ക്രൈസ്തവ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ തക്കതുമായിരുന്നു. ക്രൈസ്തവ പുരോഹിതരിലെ ഭൂരിഭാഗവും അധിനിവേശത്തിന് അനുകൂലമായ സമീപനം സ്വീകരിക്കുവാന്‍ ഇത് കാരണമായി. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ബ്രിട്ടീഷ് വിരുദ്ധസമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ക്രൈസ്തവരെ തടഞ്ഞുനിര്‍ത്തിയത്. ടിപ്പുവിനോട് ജോസഫ് പുത്തന്‍ പുരക്കലിനെ പോലുള്ളവര്‍ക്കുള്ള കഠിനമായ വിരോധത്തിന്റെ കാരണവും മറ്റൊന്നല്ല.

അത്ഭുത പ്രവര്‍ത്തനമെന്ന രീതിയില്‍ മാവ് വളഞ്ഞ് സൈന്യത്തെ തടഞ്ഞ് നിര്‍ത്തിയ സംഭവവും മഞ്ഞ് കാരണം കണ്ണ് കാണാതായ സംഭവവും സൂചിപ്പിക്കുന്നത് അന്ധവിശ്വാസത്തിന്റെ ചങ്ങലകളില്‍ ഒരു വിഭാഗം ക്രിസ്തുമത വിശ്വാസികളെ തളച്ചിടാനുള്ള ശ്രമമാണ്. കൗതുകകരമായ ഒരു വസ്തുത മാവ് വളഞ്ഞ സംഭവത്തിന് ദൃക്‌സാക്ഷികളില്ലെന്നതാണ്. മഞ്ഞ് കാരണം ടിപ്പു പള്ളി കണ്ടില്ല എന്ന് പറയുമ്പോള്‍ കാണാത്ത പള്ളിയുടെ കാര്യം ഇത് കാണാത്ത ടിപ്പുവും സൈന്യവും എന്തായാലും പറയാന്‍ തരമില്ല. സ്വാഭാവികമായും ഈ കാര്യങ്ങളെല്ലാം ഇവര്‍ക്ക് വെളിപാടിലൂടെ ലഭിച്ചതായിരിക്കാം. വെളിപാടിന്റെ സ്രോതസ്സ് ദൈവികമാകാന്‍ തരമില്ല. എന്തുകൊണ്ടെന്നാല്‍ 15ാം നൂറ്റാണ്ടിലാണ് ടിപ്പുസുല്‍ത്താന്‍ ജീവിച്ചിരുന്നത് എന്ന അബദ്ധം ദൈവം പറയില്ല എന്നത് ദൈവവിശ്വാസികളെല്ലാം അംഗീകരിക്കുന്ന കാര്യമാണ്.

ക്രൈസ്തവ വിശ്വാസികളിലെ ഭൂരിഭാഗം പേരും പുത്തന്‍ പുരക്കലിനെ പോലുള്ളവരുടെ വര്‍ഗീയ ചിന്തകളെയും ധ്രുവീകരണ ശ്രമങ്ങളെയും എതിര്‍ക്കുന്നു എന്നുള്ളത് ആശ്വാസത്തിന് വകനല്‍കുന്നു. മതവിശ്വാസികള്‍ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുന്ന കേരളീയപശ്ചാത്തലത്തില്‍ കുബുദ്ധികളായ ചില ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ നടത്തുന്ന വര്‍ഗീയ പ്രചാരണത്തിന്റെ അടിസ്ഥാനകാരണം അവര്‍ സാധാരണക്കാരില്‍ നിന്നും യേശുവിന്റെ പാതയില്‍ നിന്നുമകന്ന് അരമനയൊരുക്കുന്ന അതിഭൗതികതയുടെ സൗകര്യങ്ങളിലും സുഖാഡംബരങ്ങളിലും മുഴുകി ജീവിക്കുന്നതാണ്. അവരെ സംബന്ധിച്ചിടത്തോളം നാട്ടിലെ മനുഷ്യര്‍ പരസ്പരം കലഹിക്കുന്നതും മനസ്സില്‍ വെറുപ്പും പകയുമായി ജീവിക്കുന്നതും ഒരു പ്രശ്‌നമല്ല. അള്‍ത്താരയില്‍ നിന്ന് അരമനയിലേക്കും ജനക്കൂട്ടം നിറഞ്ഞവേദിയിലേക്കും മാത്രം സഞ്ചരിക്കുന്ന ആളുകളുടെ സംരക്ഷിത കവചമായി അവര്‍ കാണുന്നത് വിശ്വാസികളെയാണ്. അപ്പോഴും ദൈവത്തിന്റെ പ്രതിപുരുഷരായി സ്വയം അവര്‍ വിചാരിക്കുന്നു എന്നതാണ് ഇതിലെ വിരോധാഭാസം.

അത്യധികം സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മുസ്‌ലിം സമൂഹത്തെയും പിന്നാക്ക വിഭാഗങ്ങളെയും സര്‍വോപരി ഇന്ത്യന്‍ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഭൂരിപക്ഷം ജനങ്ങളെയും ആശങ്കയിലാക്കുന്ന പൗരത്വഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കപടദേശസ്‌നേഹ നാടകത്തില്‍ ജോസഫ് പുത്തന്‍ പുരക്കല്‍ അദ്ദേഹത്തിന്റെ ഭാഗം നന്നായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ടിപ്പുസുല്‍ത്താന്റെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന ചില പരാമര്‍ശങ്ങള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നു.

ടിപ്പു: ചില ചരിത്ര വസ്തുതകള്‍

ചരിത്രത്തിന്റെ ചുവരുകളില്‍ നിന്ന് സ്വന്തം അസ്തിത്വം മായ്ക്കപ്പെടരുതേ എന്നാഗ്രഹിച്ച് ഭൂമിയില്‍ സ്വന്തം ശവകുടീരങ്ങളുടെ പിരമിഡുകള്‍ തീര്‍ത്ത ഫറോവ രാജാക്കന്‍മാരും ചരിത്രത്തിന്റെ ഭാഗമാകാന്‍ തെല്ലും ആഗ്രഹിക്കാതെ നിസ്വാര്‍ഥരായി ജീവിക്കുകയും ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്ത രാജാക്കന്‍മാരും ഭൂമിയില്‍ കഴിഞ്ഞുപോയിട്ടുണ്ട്. സ്ത്രീകളെ നിരാലംബകളാക്കുകയും പുരുഷന്‍മാരെ വംശഹത്യക്ക് വിധേയരാക്കുകയും അതുമൂലം തങ്ങളുടെ രാജാധിപത്യം നിലനിര്‍ത്തിപ്പോരുകയും ചെയ്തതായി ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ ഫറോവമാര്‍ അവരുടെ ദുഷ്‌ചെയ്തികള്‍ സര്‍വര്‍ക്കും സംശയലേശമന്യെ ബോധ്യപ്പെടുക കൂടി ചെയ്തിട്ടും പ്രതിഭാധനന്‍മാരായും മഹത്തായ നാഗരികതയുടെ വക്താക്കളായും ലോകത്ത് വാഴ്ത്തപ്പെട്ടുകൊണ്ടിരിക്കുന്നു! ജനലക്ഷങ്ങളെ അടിമവേല ചെയ്യിച്ചും പീഡിപ്പിച്ചും അവര്‍ നിര്‍മിച്ച 'അത്ഭുത' പിരമിഡുകള്‍ മഹത്തായ മാനവസംസ്‌കൃതിയാണ് പോലും! അതേസമയം ചോദ്യം ചെയ്യപ്പെടാത്ത അധികാരവും മഹത്തായ സാമ്രാജ്യവും ഉണ്ടായിരുന്നിട്ടും ഒരുനാള്‍ സര്‍വശക്തന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ആത്മപ്രചോദനത്താല്‍ നീതിയുടെയും മനുഷ്യത്വത്തിന്റെയും മഹത്തായ മാതൃകകള്‍ സൃഷ്ടിച്ച ഭരണാധികാരികളെ അക്രമകാരികളായും കൊള്ളക്കാരായും ചിത്രീകരിച്ച് വികൃതമാക്കി അവതരിപ്പിക്കുന്ന 'സാംസ്‌കാരിക' പരിപാടികളും ഇവിടെ നടത്തപ്പെടുന്നു.

ധീരതയുടെയും രാജ്യസ്‌നേഹത്തിന്റെയും പ്രതിഭാവിലാസത്തിന്റെയും മേന്മകള്‍ ഉണ്ടായിരുന്നിട്ടും അവരെ മനുഷ്യത്വത്തിന്റെ പടിക്കു പുറത്ത്‌നിര്‍ത്താനുള്ള ഒരേ ഒരു കാരണം അവരുടെ മതമാണ്. തീവ്രമായ വര്‍ഗീയതയുടെയും ഇസ്‌ലാം മതത്തോടുള്ള അങ്ങേയറ്റത്തെ വെറുപ്പിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് 2015 നവംബര്‍ 10ന് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു സുല്‍ത്വാന്‍ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടികള്‍ക്കിടെ അരങ്ങേറിയ അക്രമസംഭവങ്ങള്‍. നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്നതിന്റെ ഗര്‍വില്‍ സംഘപരിവാരം സംഘടിപ്പിച്ച ഒരു അക്രമം എന്നതിലുപരി ഈ സംഭവത്തിന് വിവിധ മാനങ്ങളുണ്ട്. അതില്‍ പ്രധാനമായ ഒരു മാനം ഈ അക്രമത്തില്‍ അവിടുത്തെ ചില െ്രെകസ്തവ സംഘടനകളും പങ്കുവഹിച്ചിട്ടുണ്ട് എന്നുള്ളതാണ്. അതിഭയങ്കരമായ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ച് ടിപ്പുവിന്റെ വ്യക്തിത്വത്തെ അപമാനിക്കുന്നതില്‍ ബ്രിട്ടീഷുകാരും ഇന്ത്യന്‍ ദേശീയതയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരും രാജ്യസ്‌നേഹം തലക്കുപിടിച്ച െ്രെകസ്തവസംഘടനകളും കൈകോര്‍ക്കുമ്പോള്‍ അതില്‍ നമുക്കെന്ത് കാര്യം എന്നു പലരും ചിന്തിച്ചേക്കാം. എന്നാല്‍ ഒരു സമൂഹത്തിന്റെ നാളെയിലേക്കുള്ള ചുവടുവയ്പുകള്‍ അതിന്റെ ഇന്നലെകളുടെ ഓര്‍മകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ആയിരിക്കണം. ഇന്നലെകളെക്കുറിച്ച് തെറ്റിദ്ധാരണകളും അത്ഭുതകരമായ സങ്കല്‍പങ്ങളുമല്ല സമൂഹത്തിന്റെ ഭാവിയിലേക്ക് നാം കരുതേണ്ടത്. മറിച്ച് സത്യത്തിന്റെയും ചരിത്രവസ്തുതകളുടെയും തെളിഞ്ഞ ധാരണകളാണ് നമ്മെ നയിക്കേണ്ടത്. മുസ്‌ലിം പൂര്‍വകാല ചരിത്രങ്ങള്‍ അസഹിഷ്ണുതയുടെയും അന്യമത വിദ്വേഷത്തിന്റെയും അധികാരക്കൊതിയുടെയും പര്യായങ്ങളാണ് എന്നു വരുത്തിത്തീര്‍ക്കുന്നതിലൂടെ സംഘപരിവാരവും ക്രൈസ്തസംഘടനകളും ലക്ഷ്യം വെക്കുന്നത് പ്രധാനമായും അഞ്ച് കാര്യങ്ങളില്‍ സംഗ്രഹിക്കാം.

1. മുസ്‌ലിംകള്‍ക്ക് അവരുടെ പൂര്‍വികരിലെ ഉത്തമവ്യക്തികളെക്കുറിച്ചുള്ള ധാരണകളില്‍ സംശയം ജനിപ്പിക്കുക.

2. അടിച്ചമര്‍ത്തപ്പെട്ട, ഇന്ത്യയിലെ ഇതര മതജാതി വിഭാഗങ്ങള്‍ക്കുവേണ്ടി പരിശ്രമിച്ച മുസ്‌ലിം ഭരണാധികാരികളെ മാത്രം വിമര്‍ശന വിധേയമാക്കുക. അതുമൂലം ജാതീയമായ ഉച്ചനീചത്വങ്ങള്‍ നിലനിര്‍ത്തുക.

3. ഇസ്‌ലാമികാധ്യാപനങ്ങള്‍ പാലിച്ചുകൊണ്ട് സാമൂഹ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് അസഹിഷ്ണുതക്ക് കാരണമാകും എന്ന തോന്നല്‍ മുസ്‌ലിംകളില്‍ ഉണ്ടാക്കുക.

4. ഒരു ഭാഗത്ത് മുസ്‌ലിംകളിലെ സര്‍വാദരണീയ വ്യക്തികളെ മുസ്‌ലിംകള്‍ തന്നെ മോശക്കാരായി കരുതുമ്പോള്‍ ചരിത്രത്തിന്റെ താളുകളില്‍ നിന്ന് അവരുടെ വ്യക്തിത്വത്തെ അടര്‍ത്തിമാറ്റുക. ഭൂമിയിലെ അവരുടെ അടയാളങ്ങളെ സ്വന്തമാക്കി അതിനെ കാവിപുതപ്പിക്കുക എന്ന 'സാംസ്‌കാരിക ധര്‍മം' നിര്‍വഹിക്കുക.

5. ജനാധിപത്യത്തിനുപോലും ഉന്മൂലനം ചെയ്യാന്‍ കഴിയാത്ത ജാതിവ്യവസ്ഥ 'ഹിന്ദുത്വ' ഭരണകാലത്ത് ദളിതനെ ചുട്ടുകൊല്ലുന്ന അവസ്ഥയിലേക്ക് മടങ്ങിവരുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന അവര്‍ണ ജനവിഭാഗങ്ങളുടെ മുന്നേറ്റം തടഞ്ഞ് അവരിലെ സാധാരണക്കാരെ മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചുവിട്ട് അതിന്റെ മറവില്‍ ദളിതരെ പിന്നെയും ചുട്ടുകൊല്ലാനുള്ള തീ ഒരുക്കുക.

ടിപ്പുവിനെ ആക്രമിക്കുന്നവര്‍ പ്രധാനമായും അദ്ദേഹത്തിന്റെ മൂന്ന് ഘടകങ്ങളെ ഉന്നം വെക്കുന്നു. ഒന്ന്, അദ്ദേഹത്തിന്റെ വ്യക്തിത്വം. രണ്ട്, അദ്ദേഹത്തിന്റെ മതനിഷ്ഠ. മൂന്ന്. അദ്ദേഹത്തിന്റെ രാഷ്ട്രീയം. ടിപ്പുവിനെക്കുറിച്ചുള്ള എല്ലാ ദുരാരോപണങ്ങളും പരിശോധിച്ചാല്‍ അത് അടിസ്ഥാനപരമായി ഈ മൂന്ന് കാര്യങ്ങളുമായാണ് ബന്ധിക്കപ്പെടുന്നത് എന്നു മനസ്സിലാക്കാം. അതിനാല്‍ വിമര്‍ശനങ്ങളില്‍ പ്രധാനമായവയുടെ നിജസ്ഥിതികളുടെ ഒരു ലഘുവിവരണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ടിപ്പുവിന്റെ വ്യക്തിത്വവും ജീവിതവിശുദ്ധിയും

''അദ്ദേഹത്തിന്റെ മുഖം ആഭിജാത്യവും അന്തസ്സും പ്രസരിപ്പിച്ചു. എല്ലാ വെറുപ്പിനും വിദ്വേഷത്തിനുമിടയിലും ഇംഗ്ലീഷുകാര്‍ക്ക് അത് അനുഭവപ്പെട്ടിട്ടുണ്ട്. അവരതേറ്റു പറഞ്ഞിട്ടുണ്ട്. വേഷവിധാനം കൊണ്ടുണ്ടാക്കിത്തീര്‍ത്ത പ്രൗഡിയല്ലിത്. വസ്ത്രധാരണത്തില്‍ ലളിതമായ സൗന്ദര്യബോധം പുലര്‍ത്തിയിരുന്ന സുല്‍ത്താന്‍ വര്‍ണപ്പകിട്ടില്ലാത്ത ശുഭ്രവസ്ത്രങ്ങളേ ധരിച്ചിരുന്നുള്ളൂ. ആഭരണങ്ങളായി അണിഞ്ഞിരുന്നത് രത്‌നഖചിതമായ സ്വോര്‍ഡ് ബെല്‍റ്റുകളും ചിത്രങ്ങളില്‍ കണ്ട് നമുക്ക് പരിചയമുള്ള തലപ്പാവിലെ ചില രത്‌നങ്ങളും മാത്രമായിരുന്നു. ശരീരംകൊണ്ട് ജോലി ചെയ്യാന്‍ തടസ്സമാകുന്ന വസ്ത്രധാരണരീതികളെ വെറുത്തിരുന്ന ടിപ്പു ഇന്ത്യയിലെ കൊട്ടാരങ്ങളില്‍ സാര്‍വത്രികമായിരുന്ന നിലത്തിഴയുന്ന 'റോബുകള്‍' തന്റെ കൊട്ടാരത്തില്‍ നിരോധിച്ചു'' (ടിപ്പു സുല്‍ത്താന്‍, പി.കെ ഗോപാലകൃഷ്ണന്‍, പേജ് 116)

ടിപ്പുസുല്‍ത്താനെക്കുറിച്ച് നിഷ്പക്ഷമായി എഴുതിയ പുസ്തകത്തില്‍ ഹൈദറിന്റെ ചില സ്വഭാവദൂഷ്യങ്ങളെപ്പറ്റി പി.കെ ബാലകൃഷ്ണന്‍ തുറന്നെഴുതുന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഹൈദറിന്റെ പുത്രനായി കൊട്ടാരത്തില്‍ വസിച്ച ടിപ്പു, ഒരു രാജകുമാരന്റെ എല്ലാ അധികാരങ്ങളും ഉണ്ടായിരുന്നിട്ടും തോഴിമാരെയും നര്‍ത്തകിമാരെയും സമീപ്പിച്ചില്ല. അന്നത്തെ രാജനീതിയനുസരിച്ച് നേരിയ ഒരു വിമര്‍ശനംപോലും അത്തരം ചെയ്തികള്‍ക്ക് ഇന്‍ഡ്യയില്‍ നേരിടേണ്ടി വരുമായിരുന്നില്ല.

''ടിപ്പു ഒരു സന്മാര്‍ഗിയായിരുന്നു. പൊതുധാരണകളില്‍ നിന്നെല്ലാം എത്രയോ അകന്ന ഒരു മുരത്ത സന്മാര്‍ഗി. തന്റെ ജോലികളിലും ചുമതലകളിലും പാലിച്ചിരുന്ന കര്‍ക്കശമായ നിഷ്ഠകള്‍ സ്വന്തം വ്യക്തിജീവിത സങ്കല്‍പത്തിലേക്ക് ടിപ്പു പകര്‍ത്തി... അദ്ദേഹം സാധാരണയില്‍ കവിഞ്ഞ ഒരു മതവിശ്വാസിയാണ് എന്നതുശരിയാണ്. പക്ഷേ, മതപരമായ തന്റെ സന്മാര്‍ഗാനുഷ്ഠാനങ്ങളില്‍ ടിപ്പു തനതായ ഒരു നിലവാരത്തിലേക്ക് സ്വയം മാറിനില്‍ക്കുന്നതായി കാണാം. കുടുംബം, ലൈംഗികകാര്യങ്ങള്‍, ദൈവവിശ്വാസം ഇങ്ങനെ ഓരോന്നിലും ദൃശ്യമാണ് ആ പ്രത്യേകത...  കുതിരയെപ്പോലെ ആരോഗ്യമുള്ള ആ യുവാവിന് 49ാമത്തെ വയസ്സില്‍ മരിക്കുന്നതുവരെ ലൈംഗികമായ ഒരപഭ്രംശവും ഒരു സാമാന്യ ആസക്തിപോലും സംഭവിച്ചതായി ദൂഷ്യങ്ങള്‍ രേഖപ്പെടുത്താന്‍ ഭൂതക്കണ്ണാടിയുമായി ഉഴറി നടന്നിരുന്നവര്‍പോലും പറയുന്നില്ല'' (ടിപ്പു സുല്‍ത്താന്‍, പി.കെ ഗോപാലകൃഷ്ണന്‍, പേജ് 120).

'ടിപ്പുവിന്റെ ലൈംഗികവിശുദ്ധിക്ക് തെളിവായി പ്രസിദ്ധമായ രണ്ട് സംഭവങ്ങള്‍ സംഘപരിവാര ചരിത്രകാരന്‍മാര്‍ ഒഴികെയുള്ളവരെല്ലാം ഉദ്ധരിച്ചതായി കാണാം. മഹാരാഷ്ട്ര യുദ്ധകാലത്ത് അവരുടെ ക്യാമ്പില്‍ നിശാ ആക്രമണം നടത്തിയപ്പോള്‍ തടവുകാരായി പിടിക്കപ്പെട്ട പ്രഭുകുമാരികളുടെ കാര്യമാണൊന്ന്. നട്ടപ്പാതിരാത്രിയില്‍ തന്റെ കൂടാരത്തില്‍ എത്തിയ ആ അപൂര്‍വസുന്ദരികളെ ആഭരണങ്ങളും വസ്ത്രവും സമ്മാനമായി കൊടുത്തശേഷം യുദ്ധം നിര്‍ത്താന്‍ ഭര്‍ത്താക്കന്‍മാരെ പ്രേരിപ്പിക്കണമെന്ന അപേക്ഷയോടെ ടിപ്പു തിരിച്ചയക്കുകയായിരുന്നു. മരിക്കുമ്പോള്‍ 11 മക്കളുണ്ടായിരുന്ന ടിപ്പുവിന്റെ ശാരീരിക ശേഷിയെക്കുറിച്ച് ഒന്നും ശങ്കിക്കാനില്ലെന്നുകൂടി ഓര്‍ക്കുമ്പോഴാണ് ഈ നടപടിയുടെ മഹത്ത്വം നമുക്ക് പൂര്‍ണമായി ബോധ്യമാവുക.

അമ്മയുമായി എന്തോ ആലോചിക്കാന്‍ അവരുടെ കിടപ്പറയില്‍ കടന്ന ടിപ്പു ഒരിക്കല്‍ ഉറങ്ങിയപ്പോള്‍ ഉണ്ടായ സംഭവമാണ് മറ്റൊന്ന്. കൊട്ടാരം പരിചാരകികളായ രണ്ട് സുന്ദരികളായ യുവതികള്‍ സുല്‍ത്താനെ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ഉറക്കമുണര്‍ന്ന സുല്‍ത്താന്‍ പരലോകത്ത് താന്‍ ശിക്ഷിക്കപ്പെടാന്‍ കാരണമാകുന്ന പാപകൃത്യത്തിലേക്ക് തന്നെ നയിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അവരോട് ക്രുദ്ധനായി പെരുമാറിയ സംഭവം. ഈ രണ്ട് സംഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് പി.കെ ബാലകൃഷ്ണന്‍ എഴുതുന്നു.

''ഇമ്മാതിരി ഒരു വിഷയത്തില്‍ വിവരണത്തിന്റെ സത്യസ്ഥിതി സംശയിക്കേണ്ട കാര്യമില്ല. സന്മാര്‍ഗസൂക്തക്കാര്‍ പാടിപ്പുകഴ്‌ത്തേണ്ട ഈ സ്വഭാവരീതി പ്രവാചകന്‍മാര്‍ക്കും സാധാരണ മനുഷ്യര്‍ക്കും കിരീടമായിരിക്കുമെങ്കിലും അനേകലക്ഷം പേരുമായി പ്രായോഗിക ബുദ്ധിയോടെ ഇടപെടേണ്ട ഒരു രാജാവിന് അപകടകരമായ പല സ്വഭാവവിശേഷങ്ങള്‍ അത് ഉണ്ടാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ടിപ്പുവിനത് സംഭവിച്ചു എന്നു കാണുകയും ചെയ്യാം'' (ടിപ്പു സുല്‍ത്താന്‍, പി.കെ ഗോപാലകൃഷ്ണന്‍, പേജ് 120).

രാജവാഴ്ച കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ ദേവദാസീ സമ്പ്രദായം നിലവിലുണ്ടായിരുന്നത് നമുക്കറിയാം. നാട്ടിലെ ഇഷ്ടപ്പെട്ട യുവതികളുമായി വിവാഹബന്ധത്തിലോ വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളിലോ ഏര്‍പ്പെടുന്നതിന് ഇവിടെ വിലക്കുകളില്ലായിരുന്നു. എന്നുമാത്രമല്ല അത്തരം പ്രവൃത്തികള്‍ രാജാവിന്റെ ദുര്‍ഗുണങ്ങളായി അക്കാലഘട്ടങ്ങളില്‍ എണ്ണപ്പെടുക കൂടിയില്ല. അതെല്ലാം മുമ്പില്‍വെച്ച് നോക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്ന വസ്തുത കാലഘട്ടങ്ങളിലെ ദുരാചാരങ്ങളോ സ്വന്തം പരമാധികാരത്തിന്റെ അഹങ്കാരമോ അദ്ദേഹത്തെ തൊട്ടുതീണ്ടിയിരുന്നില്ല എന്നാണ്. (അവസാനിച്ചില്ല)