പ്രപഞ്ച പഠനം ക്വുര്‍ആനിക പരിപ്രേക്ഷ്യത്തില്‍

ഡോ. ജൗസല്‍

2020 ജൂലൈ 11 1441 ദുല്‍ക്വഅദ് 20
ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്, ശാസ്ത്രം അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ വിശദീകരണവും. സ്ഥൂല പ്രപഞ്ചത്തിലും സൂക്ഷ്മ പ്രപഞ്ചത്തിലും മനുഷ്യ ധിഷണ ചെന്നെത്താത്ത ഒരുപാട് മേഖലകള്‍ ഇനിയുമുണ്ട് എന്നും നിലവിലുള്ള യാതൊരു ഉപകരണവും അതിനെ അനാവരണം ചെയ്യാന്‍ പര്യാപ്തമല്ല എന്നും പഠിപ്പിക്കപ്പെടുമ്പോഴാണ് സ്രഷ്ടാവിന്റെ മഹത്വം നമുക്ക് ബോധ്യപ്പെടുന്നത്.

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മനുഷ്യര്‍ക്ക് സന്‍മാര്‍ഗ ദര്‍ശനമായി അവതരിപ്പിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. അന്തിമദൂതനായ മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. യാതൊരുവിധ മാറ്റത്തിരുത്തലുകളും കൂടാതെ ആയിരത്തി നാനൂറിലധികം വര്‍ഷങ്ങളായി വിശുദ്ധ ക്വുര്‍ആന്‍ നിലകൊള്ളുന്നു. അതിവിശാലമായ ഈ പ്രപഞ്ചത്തെയും മനുഷ്യനടക്കമുള്ള എല്ലാ ചരാചരങ്ങളെയും സൃഷ്ടിച്ച അല്ലാഹുവിന്റെ വചനങ്ങളാണ് ക്വുര്‍ആന്‍ എന്ന് ക്വുര്‍ആന്‍ തന്നെ പറയുന്നതായി കാണാം.

ലോകരക്ഷിതാവായ അല്ലാഹുവിനെ മാത്രമെ ആരാധിക്കുവാന്‍ പാടുള്ളൂ എന്നും ധര്‍മവും അധര്‍മവും എന്താണ് എന്നും പഠിപ്പിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് മരണാനന്തരം ലഭിക്കാനുള്ള സ്വര്‍ഗത്തെ പറ്റിയുള്ള സുവിശേഷം അറിയിക്കുകയും, അധര്‍മകാരികള്‍ക്ക് മരണാനന്തരം ലഭിക്കാനുള്ള നരകത്തെ പറ്റിയുള്ള താക്കീത് നല്‍കുകയും ചെയ്യുന്ന ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ക്വുര്‍ആന്‍ ഒരിക്കലും ഒരു ശാസ്ത്ര ഗ്രന്ഥമല്ല, അഥവാ ഒരു സയന്‍സ് ടെക്സ്റ്റ് ബുക്ക് അല്ല. എന്നാല്‍ ഈ കുര്‍ആന്‍ അവതരിപ്പിച്ചത് ലോകരക്ഷിതാവായ അല്ലാഹുവാണ് എന്നുള്ളത് കൊണ്ട് തന്നെ ഇതില്‍ യാതൊരു തരത്തിലുള്ള ശാസ്ത്രീയമായ അബദ്ധങ്ങളും ഉണ്ടാവാന്‍ പാടുള്ളതല്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ശാസ്ത്രം വളരെ കൃത്യമായി തെളിയിച്ച ശാസ്ത്ര സത്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ക്വുര്‍ആനില്‍ ഉണ്ടാവാന്‍ പാടില്ല. ഉണ്ടെന്ന് തെളിയിക്കുവാന്‍ വിമര്‍ശകര്‍ക്ക് സാധിച്ചിട്ടുമില്ല. ശാസ്ത്രം ഇന്നു പറഞ്ഞ പല കാര്യങ്ങളും നാളെ മാറ്റിപ്പറഞ്ഞേക്കാം. എന്നാല്‍ ക്വുര്‍ആന്‍ പറഞ്ഞ ശാസ്ത്ര സൂചനയുള്ള കാര്യങ്ങള്‍ ശാസ്ത്ര വിരുദ്ധമോ മനുഷ്യനുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങള്‍ മാനവികവിരുദ്ധമോ അല്ലാത്തതിനാല്‍ മാറ്റത്തിരുത്തലുകള്‍ ആവശ്യമായി വരുന്ന ഗ്രന്ഥമല്ല. അതിന് സൃഷ്ടികളില്‍ ആര്‍ക്കും അവകാശവുമില്ല.

പ്രപഞ്ചോല്‍പത്തിയുമായി ബന്ധപ്പെട്ട ക്വുര്‍ആന്‍ വചനങ്ങള്‍ മനസ്സിലാക്കുവാനും അതിന്റെ ശാസ്ത്രീയമായ കൃത്യത എത്രത്തോളമുണ്ടെന്ന് പരിശോധിക്കുവാനുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ നടത്തുന്നത്.

 ഈ പ്രപഞ്ചം എങ്ങനെയാണ് ഉണ്ടായത് എന്ന് അറിയാന്‍ മനുഷ്യന്‍ പൗരാണികകാലം മുതല്‍ ശ്രമിച്ചുവന്നിട്ടുണ്ട്. തുടക്കവും ഒടുക്കവും ഇല്ലാത്ത പ്രപഞ്ചത്തെപ്പറ്റി പ്രാചീനകാലത്തു തന്നെ അരിസ്റ്റോട്ടില്‍ ഉള്‍പ്പെടെ പലരും ചിന്തിച്ചിരുന്നു. പ്രപഞ്ചത്തിന് പ്രത്യേകിച്ച് ഒരു തുടക്കവും ഇല്ല, അഥവാ അനാദിയില്‍ തന്നെ ഈ പ്രപഞ്ചം ഇതുപോലെ തന്നെ ഉണ്ട്. പ്രപഞ്ചത്തിന് പ്രത്യേകിച്ച് ഒരു അവസാനവും ഇല്ല, ഇതേപോലെ തുടര്‍ന്ന് നിലനില്‍ക്കുകയും ചെയ്യും എന്നുള്ള ഒരു വീക്ഷണമായിരുന്നു അരിസ്റ്റോട്ടിലിനെ പോലെയുള്ള തത്ത്വചിന്തകന്‍മാര്‍ക്ക് ഉണ്ടായിരുന്നത്.

ഫ്രെഡ് ഹോയ്ല്‍, തോമസ് ഗോള്‍ഡ്, ഹെര്‍മന്‍ ബോണ്ടി എന്നിവര്‍ ചേര്‍ന്ന് 1948ല്‍ വികസിപ്പിച്ചതാണ് 'സ്ഥിരസ്ഥിതി സിദ്ധാന്തം' (Steady state theory). പ്രപഞ്ചത്തിനു തുടക്കമോ ഒടുക്കമോ ഇല്ല എന്നതാണ് ഈ സിദ്ധാന്തം മുന്നോട്ടുവച്ചവരും ഉന്നയിച്ചത്. പില്‍ക്കാലത്ത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.

പ്രപഞ്ചോല്‍പത്തിയുമായി ബന്ധപ്പെട്ട് ശാസ്ത്രലോകം ഇന്ന് അംഗീകരിച്ചിട്ടുള്ള സിദ്ധാന്തമാണ് ബിഗ് ബാങ് തിയറി. ഒരു തിയറി എന്നതിനുമപ്പുറം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു ശാസ്ത്രസത്യം തന്നെയാണ് ഇന്ന് ബിഗ് ബാങ് തിയറി.

ഏതാണ്ടു 1380 കോടി വര്‍ഷം മുമ്പ് ഒരു മഹാ വിസ്‌ഫോടനം സംഭവിച്ചു. അതിനു മുമ്പ് ഒന്നുമില്ലായിരുന്നു. ഭൂമിയില്ല, നക്ഷത്രങ്ങളില്ല, ബഹിരാകാശമില്ല. ശൂന്യത എന്നു പോലും പറയാനാവില്ല; കാരണം ശൂന്യമാവാന്‍ ഒരു സ്ഥലമെങ്കിലും വേണ്ടേ! സ്ഥലമില്ല, വായുവില്ല, ശബ്ദമില്ല! ഈ ഒന്നുമില്ലാത്ത അവസ്ഥയില്‍ ഒരു വിസ്‌ഫോടനം; അത് ക്വാണ്ടം ബലതന്ത്രപരമായ ഒരു സാധ്യത മാത്രമാണ്. സാധാരണ ഭാഷയില്‍ അതു വിശദീകരിക്കാന്‍ എളുപ്പമല്ല. പക്ഷേ, പ്രപഞ്ചോല്‍പത്തി പോലുള്ള കാര്യങ്ങള്‍ നമ്മുടെ ദൈനംദിന അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാനാകും എന്നു പ്രതീക്ഷിക്കരുത് എന്നു ശാസ്ത്രജ്ഞര്‍ ഓര്‍മിപ്പിക്കുന്നു.

പ്രപഞ്ചവും സമയവും സൃഷ്ടിക്കപ്പെടുന്നതിന്റെ ആരംഭമാണ് ബിഗ് ബാങ്. ബിഗ് ബാങിനു മുമ്പ് സ്‌പേസ് ടൈം ഇല്ല. ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും പൊടുന്നനെ പ്രപഞ്ച സൃഷ്ടിപ്പ് ആരംഭിക്കുന്നു അതാണ് ബിഗ് ബാങ്. വിശുദ്ധ ക്വുര്‍ആന്‍ 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസ്താവിച്ചു:

''ആകാശങ്ങളെയും ഭൂമിയെയും മുന്‍മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമെ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു''(2:117).

ഈ വചനത്തില്‍ 'മുന്‍മാതൃകയില്ലാതെ നിര്‍മിച്ചവന്‍' എന്ന അര്‍ഥത്തില്‍ 'ബദീഅ്' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. 'ബദഅ' എന്ന അറബിപദത്തിന്റെ അര്‍ഥം 'മുമ്പ് ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കുക' എന്നുള്ളതാണ്. മുസ്‌ലിംകള്‍ക്കിടയില്‍ സുപരിചിതമായ 'ബിദ്അത്ത്' എന്ന പദം ഈ ഒരു ധാതുവില്‍നിന്ന് ഉണ്ടായതാണ്. മതത്തില്‍ ഇല്ലാത്ത ഒരു കാര്യം പുതുതായി ഉണ്ടാക്കുന്നതിനെയാണ് ബിദ്അത്ത് എന്ന് പറയുന്നത്.

 'ബദീഉസ്സമാവാതി വല്‍ അര്‍ദ്' അഥവാ ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും സമാവാതും അര്‍ദും സൃഷ്ടിച്ചവന്‍. 'സമാവാത്' എന്നത് 'സമാഅ്' എന്ന പദത്തിന്റെ ബഹുവചനമാണ്. മലയാള പരിഭാഷകളില്‍ സാധാരണയായി ആകാശങ്ങള്‍ എന്നാണ് പരിഭാഷ കൊടുക്കാറ്. സമാഅ് എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് പ്രപഞ്ചം അഥവാ സ്‌പേസ്; യൂണിവേഴ്‌സ് അല്ലെങ്കില്‍ കോസ്‌മോസ് ആണ് എന്ന് താഴെ വരുന്ന വിശദീകരണത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാം. അല്ലാഹു പറയുന്നു:

''ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു...'' (ക്വുര്‍ആന്‍ 67:5).

''അങ്ങനെ രണ്ടുദിവസ(ഘട്ട)ങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്'' (ക്വുര്‍ആന്‍ 41:12).

ഏറ്റവുമടുത്ത 'സമാഇ'നെ നക്ഷത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്നാണു ക്വുര്‍ആന്‍ വിശേഷിപ്പിച്ചത്. നക്ഷത്രങ്ങള്‍ ഉള്ള ഈ പ്രപഞ്ചത്തെ അല്ലെങ്കില്‍ സയന്‍സിന്റെ ഭാഷയില്‍ സ്‌പേസിനെ ഉദ്ദേശിച്ചാണ് ഒന്നാം ആകാശം അഥവാ 'സമാഅദ്ദുന്‍യാ' എന്ന് ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ബിഗ് ബാങ് അഥവാ ആദി സൃഷ്ടിപ്പിന്റെ ഫലമായി ഈയൊരു പ്രപഞ്ചത്തെ കൂടാതെ മറ്റു 6 പ്രപഞ്ചങ്ങള്‍ കൂടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത്. അഥവാ നക്ഷത്രങ്ങളും ഗാലക്‌സികളും ഉള്ള ഈയൊരു പ്രപഞ്ചത്തിന് പുറമെ മറ്റ് ആറ് പ്രപഞ്ചങ്ങള്‍ കൂടി. ഈ ആറു പ്രപഞ്ചങ്ങള്‍ എങ്ങനെയാണ് എന്ന് നമുക്ക് അറിയില്ല. ഒന്നാം പ്രപഞ്ചത്തില്‍ നക്ഷത്രങ്ങള്‍ നിറക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമെ നമുക്കറിയൂ. ബിഗ് ബാങിന്റെ ഫലമായി ഈയൊരു യൂണിവേഴ്‌സ് കൂടാതെ നക്ഷത്രങ്ങളില്ലാത്ത, മറ്റെന്തൊക്കെയോ ഉള്ള ആറ് വ്യത്യസ്ത പ്രപഞ്ചങ്ങള്‍ കൂടി ഉണ്ടായിട്ടുണ്ടെന്നാണ് വിശുദ്ധ ക്വുര്‍ആന്‍ പ്രസ്താവിക്കുന്നത്. ക്വുര്‍ആന്‍ 67:3ല്‍ ഇങ്ങനെ കാണാം:

''ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?''

ഒന്നും ഇല്ലാതിരുന്ന അവസ്ഥയില്‍ അല്ലാഹുവിന്റെ 'കുന്‍' (ഉണ്ടാവുക) എന്ന ഒരു വചനത്തോടുകൂടി പൊടുന്നനെ ലോകത്തിന്റെ സൃഷ്ടിപ്പ് ആരംഭിക്കുന്നു. 7 സമാവാതുകളുടെ അഥവാ 7 യൂണിവേഴ്‌സുകളുടെ സൃഷ്ടിപ്പിനു തുടക്കമാവുന്നു.

ക്വുര്‍ആന്‍ പറഞ്ഞ പ്രപഞ്ചസൃഷ്ടിപ്പില്‍ നമുക്ക് അറിവുള്ള ഈയൊരു ദൃശ്യപ്രപഞ്ചത്തിനു പുറമെ മറ്റു ആറു പ്രപഞ്ചങ്ങള്‍ കൂടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒന്നിനു മുകളില്‍ ഒന്നായിക്കൊണ്ട് 7 വ്യത്യസ്ത സമാവാതുകള്‍; ഏഴ് വ്യത്യസ്ത പ്രപഞ്ചങ്ങള്‍. (Multiverse which contains 7 universes).

നമ്മള്‍ സാധാരണയായി കേട്ടുകൊണ്ടിരിക്കുന്ന ഒരു ആക്ഷേപമാണ് 'ശാസ്ത്രം എന്തെങ്കിലും പുതിയ കാര്യം കണ്ടുപിടിച്ചാല്‍ ഉടനെ മതത്തിന്റെ വക്താക്കള്‍ ഇക്കാര്യം ഞങ്ങളുടെ കിതാബില്‍ പണ്ടേ പറഞ്ഞിട്ടുണ്ട് എന്ന് പറയും. എന്തുകൊണ്ടാണ് നിങ്ങള്‍ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുമ്പേ തന്നെ പറയാത്തത്' എന്നത്. വിശുദ്ധ ക്വുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പലയിടങ്ങളില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ള കാര്യമാണ് അല്ലാഹു 7 സമാവാതുകള്‍ സൃഷ്ടിച്ചു എന്നുള്ളത്. ഇതുവരെ ശാസ്ത്രം അത്തരമൊരു കാര്യം കണ്ടുപിടിച്ചിട്ടില്ല.

Multiverse hypothesis അഥവാ ബഹുപ്രപഞ്ചത്തിന് ഉള്ള സാധ്യതകള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന ധാരാളം ശാസ്ത്രജ്ഞര്‍ ഉണ്ട്. ഈയിടെ അന്തരിച്ച വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് Multiverse ഉണ്ടാവാം എന്ന് വിശ്വസിക്കുന്ന ആളായിരുന്നു.Multiverse അഥവാ ബഹുപ്രപഞ്ചങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല എന്നും വിശ്വസിക്കുന്ന ഒരുപാട് ശാസ്ത്രജ്ഞര്‍ ലോകത്തുണ്ട്. പറഞ്ഞുവന്നത് ഇതാണ്; ഇതുവരെ ഇങ്ങനെയൊരു കാര്യം കണ്ടുപിടിച്ചിട്ടില്ല. ഇപ്പോഴുള്ള അറിവുകളും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താനുള്ള ശാസ്ത്ര സംവിധാനങ്ങളും ബഹുപ്രപഞ്ചങ്ങള്‍ കണ്ടുപിടിക്കാന്‍ മാത്രം പര്യാപ്തമല്ല. ഭാവിയില്‍ ഒരു പക്ഷേ, ശാസ്ത്രം ആ മേഖലയില്‍ കൂടുതല്‍ വസ്തുതകള്‍ കണ്ടുപിടിച്ചേക്കാം എന്ന് മാത്രം അനുമാനിക്കാം. വിശുദ്ധ ക്വുര്‍ആന്‍ മള്‍ട്ടി വേഴ്‌സ് ഉണ്ടെന്നു പറയുക മാത്രമല്ല, അതിന്റെ എണ്ണം വരെ വളരെ കൃത്യമായി പ്രസ്താവിക്കുന്നു.

ഒന്നാം പ്രപഞ്ചത്തെക്കുറിച്ച് പ്രസ്താവിച്ച ഇടത്ത് അതിനെ നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്ന് ക്വുര്‍ആന്‍ പ്രസ്താവിച്ചത് നാം കണ്ടു. മറ്റു പ്രപഞ്ചങ്ങളുടെ ഭൗതിക അവസ്ഥയെപ്പറ്റി ക്വുര്‍ആനില്‍ പ്രസ്താവിച്ചിട്ടില്ല. ഒരുപക്ഷേ, നമുക്ക് അറിയാവുന്ന ഈയൊരു പ്രാപഞ്ചിക വ്യവസ്ഥയില്‍ നിന്നും പാടെ വ്യത്യസ്തമായ അവസ്ഥകള്‍ ആയിരിക്കാം മറ്റു ആറു പ്രപഞ്ചത്തിലും ഉള്ളത്.

7 സമാവാതുകള്‍ സൃഷ്ടിച്ചതിനെപ്പറ്റി ധാരാളം ക്വുര്‍ആന്‍ വചനങ്ങള്‍ നമുക്ക് കാണാവുന്നതാണ്. അവയില്‍ ചിലത് കാണുക:

''അവനാണ് നിങ്ങള്‍ക്കു വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' (2:29).

''ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട്(അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷേ, അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു''(17:44).

''നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ്അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്''(71:15).

''നിങ്ങള്‍ക്കു മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും...'' (78:12).

''നീ ചോദിക്കുക: ഏഴ് ആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു?'' (23:86).

ബിഗ് ബാങ് എന്നുള്ളത് പ്രപഞ്ചങ്ങളുടെ നിര്‍മാണത്തിലെ ഏറ്റവും ആദ്യത്തെ സ്റ്റെപ്പ് മാത്രമാണ്. ബിഗ് ബാങിനു ശേഷം സ്‌പേസ് ഉണ്ടാകുന്നു, സമയം ഉണ്ടാകുന്നു, പദാര്‍ഥങ്ങള്‍ ഉണ്ടാകുന്നു. ബിഗ് ബാങിനു ശേഷം ഒരു നിമിഷത്തിലെ വളരെ വളരെ ചെറിയ അംശത്തില്‍ പ്രപഞ്ചം വളരെയധികം വികസിക്കുകയുണ്ടായി. Inflation എന്നറിയപ്പെടുന്ന ഈ പ്രതിഭാസം നടന്നത് പ്രകാശത്തെക്കാള്‍ വളരെയധികം വേഗതയിലാണ്. സ്‌പേസ് തന്നെ വികസിക്കുകയാണ് ഉണ്ടായത്. ശുദ്ധശൂന്യതയില്‍നിന്നും അല്ലെങ്കില്‍ ഒന്നുമില്ലായ്മയില്‍നിന്നും വെറും 10-34 സെക്കന്‍ഡില്‍ ഒരു ഗോള്‍ഫ് പന്തിന്റെ വലുപ്പത്തില്‍ എത്തി. ബിഗ് ബാങിന് ശേഷമുള്ള ആദ്യത്തെ സെക്കന്‍ഡില്‍ തന്നെ പ്രപഞ്ചം മുഴുവന്‍ ന്യൂട്രോണുകള്‍, പ്രോട്ടോണുകള്‍, ഇലക്ട്രോണുകള്‍, ആന്റി ഇലക്ട്രോണുകള്‍, ന്യൂട്രിനോകള്‍ തുടങ്ങിയ സബ് ആറ്റോമിക് പാര്‍ട്ടിക്കിളുകള്‍കൊണ്ട് നിറഞ്ഞു.

ബിഗ് ബാങിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ സബ് ആറ്റോമിക് പാര്‍ട്ടിക്കിളുകള്‍-ന്യൂട്രോണുകളും പ്രോട്ടോണുകളും-കൂടിച്ചേര്‍ന്ന് ആറ്റങ്ങളുടെ ന്യുക്ലിയസ് ഉണ്ടാവാന്‍ ആരംഭിച്ചു. ഏറ്റവും ചെറിയ ആറ്റം ആയ ഹൈഡ്രജന്റെയും ഹൈഡ്രജന്റെ ഐസോടോപ് ആയ ഡ്യൂട്ടീരിയത്തിന്റെയും ഹീലിയത്തിന്റെയും ലിഥിയത്തിന്റെയുമെല്ലാം ന്യൂക്ലിയസുകള്‍ ഉണ്ടാവാന്‍ ആരംഭിച്ചു. ഇത് ബിഗ് ബാങ് ന്യൂക്ലിയോ സിന്തസിസ് എന്നാണ് അറിയപ്പെടുന്നത്.

പ്രപഞ്ചോല്‍പത്തിയുടെ ആദ്യ സെക്കന്‍ഡുകളില്‍ ഉണ്ടായിരുന്ന അതിശക്തമായ ഊഷ്മാവ് ഏതാനും മിനിറ്റുകള്‍ക്കകം വളരെയധികം കുറഞ്ഞു. പ്രപഞ്ചോല്‍പത്തിയുടെ ആദ്യ 20 മിനിറ്റിനു ശേഷം പ്രപഞ്ചം ന്യൂക്ലിയാര്‍ ഫ്യൂഷന് അനുയോജ്യമല്ലാത്ത അളവിലേക്ക് ഊഷ്മാവ് കുറഞ്ഞെങ്കിലും അതിശക്തമായ ഉഷ്മാവ് തന്നെയായിരുന്നു ആദിപ്രപഞ്ചത്തിന് ഉണ്ടായിരുന്നത്. ഈ അതിശക്തമായ ഊഷ്മാവില്‍ ന്യൂട്രല്‍ ആറ്റങ്ങള്‍ ഉണ്ടാവുക അസാധ്യമായിരുന്നു. ആറ്റങ്ങള്‍ പ്ലാസ്മാവസ്ഥയിലായിരുന്നു. ഇലക്ട്രോണുകളും പ്രോട്ടോണുകളുമെല്ലാം ചിതറിത്തെറിച്ച പ്ലാസ്മ രൂപത്തിലായിരുന്നു. ഈ പ്ലാസ്മ അവസ്ഥയില്‍ പ്രകാശകണികകളായ ഫോട്ടോണുകള്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ ആദ്യ 20 മിനിറ്റ് മുതല്‍ ഏകദേശം മൂന്നു ലക്ഷത്തി എണ്‍പതിനായിരം വര്‍ഷങ്ങള്‍ വരെ പ്രപഞ്ചം വെളിച്ചമില്ലാത്ത ഒരു വലിയ ഇരുണ്ട പുക രൂപത്തിലായിരുന്നു. ബിഗ് ബാങിനു ശേഷം ഏകദേശം 380000 വര്‍ഷങ്ങള്‍ക്കുശേഷം പ്രപഞ്ചം തണുക്കുകയും പ്രോട്ടോണും ന്യൂട്രോണും അടങ്ങിയ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകള്‍ കൂടിച്ചേരുകയും ന്യൂട്രല്‍ ആറ്റങ്ങള്‍ രൂപം കൊള്ളാന്‍ തുടങ്ങുകയും ചെയ്തു. Recombination എന്നാണ് ഇത് അറിയപ്പെടുന്നത്. ന്യൂട്രല്‍ ആറ്റങ്ങള്‍ പ്രകാശത്തെ അഥവാ ഫോട്ടോണുകളെ കടത്തിവിടുന്ന സ്വഭാവമുള്ളതാണ്. അങ്ങനെ ബിഗ് ബാങിന്റെ ഫലമായി ഉണ്ടായ ഫോട്ടോണുകള്‍ പുറത്തേക്ക് ദൃശ്യമാകാന്‍ തുടങ്ങി. കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ ഇങആ എന്നാണ് ബിഗ് ബാങിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടായ ഈയൊരു ഒരു റേഡിയേഷന്‍ അറിയപ്പെടുന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ അർണോ പെൻസിയാസും റോബര്‍ട്ട് വില്‍സണും 1964ലാണ് കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ ആദ്യമായി കണ്ടുപിടിക്കുന്നത്. 1978ല്‍ ഈ കണ്ടുപിടുത്തത്തിന് ഇവര്‍ക്ക് ഫിസിക്‌സിലെ നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.

പ്രപഞ്ച സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തില്‍ ആദിപ്രപഞ്ചം ഒരു പുക രൂപത്തിലായിരുന്നു എന്നുള്ളത് ആധുനിക കാലഘട്ടത്തില്‍ മാത്രം കണ്ടുപിടിക്കപ്പെട്ട ഒരു കാര്യമാണ്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരക്ഷരനായ ഒരു മനുഷ്യന്റെ നാവിലൂടെ വെളിവാക്കപ്പെട്ട വിശുദ്ധ ക്വുര്‍ആനില്‍ നമുക്ക് ഇങ്ങനെ കാണാം:

''അതിനു പുറമെ അവന്‍ ആകാശത്തിന്റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. അങ്ങനെ രണ്ടുദിവസ(ഘട്ട)ങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്'' (41:11,12).

വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യ വചനങ്ങളല്ല എന്നും പ്രപഞ്ച സ്രഷ്ടാവിന്റെ വചനങ്ങളാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു തെളിവുകളാണ് ഈ വചനങ്ങള്‍.

പുക രൂപത്തിലായിരുന്ന ആദിപ്രപഞ്ചത്തെ രണ്ട് ഘട്ടങ്ങളിലായി ഏഴ് വ്യത്യസ്ത പ്രപഞ്ചങ്ങള്‍ ആക്കി ഒന്നിനു മുകളില്‍ ഒന്നായിക്കൊണ്ട് അല്ലാഹു സംവിധാനിച്ചു. നേരത്തെ പറഞ്ഞ പോലെ ഏഴ് വ്യത്യസ്ത പ്രപഞ്ചങ്ങള്‍ ഉള്ള മള്‍ട്ടി വേഴ്‌സ്. ഏറ്റവും താഴെയുള്ള നമ്മുടെ ദൃശ്യപ്രപഞ്ചത്തില്‍ നക്ഷത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു എന്ന് കൃത്യമായി തന്നെ മുകളില്‍ പറഞ്ഞ ക്വുര്‍ആന്‍ ആയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നക്ഷത്രങ്ങള്‍ ഉള്ള നമ്മുടെ ഈ ദൃശ്യപ്രപഞ്ചവും അതിനുപുറമെ തികച്ചും വ്യത്യസ്തമായ മറ്റ് ആറു പ്രപഞ്ചങ്ങളും അതില്‍ വ്യത്യസ്തങ്ങളായ പ്രാപഞ്ചിക വ്യവസ്ഥകളും ഉണ്ടെന്നും ക്വുര്‍ആന്‍ വചനം സൂചന നല്‍കുന്നുണ്ട്.

ഇങ്ങനെ വ്യത്യസ്തമായ 7 പ്രപഞ്ചങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവച്ചിരിക്കുന്നു എന്ന ക്വുര്‍ആനിന്റെ പ്രയോഗത്തില്‍ നിന്ന് തന്നെ പ്രപഞ്ചങ്ങളുടെ രൂപം പരന്നത്, അഥവാ ഫ്‌ളാറ്റ് ആയതാണ് എന്ന് നമുക്ക് മനസ്സിലാക്കാം. ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ടത് ഭൂമിയില്‍ നിന്നും നമ്മള്‍ പ്രപഞ്ചത്തെ നിരീക്ഷിക്കുമ്പോള്‍ കാണുന്ന രൂപമല്ല ഉദ്ദേശിക്കുന്നത് എന്നതാണ്. പ്രപഞ്ചത്തിന്റെ മൊത്തത്തിലുള്ള ആകൃതിയാണ് ഉദ്ദേശിക്കുന്നത്. അഥവാ ഈ പ്രപഞ്ചത്തിന് പുറത്തുനിന്നൊരാള്‍ പ്രപഞ്ചത്തെ നോക്കുകയാണെങ്കില്‍ പ്രപഞ്ചത്തിന്റെ ആകൃതി പരന്നതായിരിക്കും (Flat universe).

ഇന്ന് അറിയപ്പെടുന്ന നിരീക്ഷണ പരീക്ഷണങ്ങള്‍ എല്ലാം തെളിയിക്കുന്നതും പ്രപഞ്ചം പരന്നതാണ് എന്നതാണ്. നാസയുടെ Wilkinson Microwave Anisotropy Probe(WMAP), BOOMER anG experiment (Balloon Observations Of Millimetric Extra galactic Radiation ANd Geophysics  എന്നിവയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ Planck space observatoryയും നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നെല്ലാം വ്യക്തമായത് പ്രപഞ്ചം പരന്നതാണ് എന്നതാണ്. ഈ നിരീക്ഷണങ്ങളെല്ലാം നടന്നത് 2000ത്തിനു ശേഷമാണ് എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്! അഥവാ വളരെ അടുത്ത കാലത്ത് മാത്രമാണ് പ്രപഞ്ചം പരന്നതാണ് (Universe is flat) എന്ന അറിവ് നമുക്ക് ലഭിച്ചിട്ടുള്ളത് എന്ന് പ്രത്യേകം മനസ്സിലാക്കണം. ക്വുര്‍ആന്‍ പറയുന്നു:

''ഏഴു ആകാശങ്ങളെ ഒന്നിനു മീതെ മറ്റൊന്നായി അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?'' (67:3).

''നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ്അല്ലാഹു ഒന്നിനു മീതെ മറ്റൊന്നായി അടുക്കുകളായിട്ട്  ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്'' (71:15).

പുക രൂപത്തില്‍ ഉണ്ടായിരുന്ന ആദിപ്രപഞ്ചത്തില്‍ നിന്നും നക്ഷത്രങ്ങളെ സൃഷ്ടിച്ചുവെന്നു ക്വുര്‍ആന്‍ പ്രസ്താവിച്ചത് നമ്മള്‍ കണ്ടല്ലോ. ഇനി ശാസ്ത്രം എന്തു പറയുന്നു എന്നു നോക്കാം. ബിഗ് ബാങിനു ശേഷം ശേഷം മൂന്ന് ലക്ഷത്തി എണ്‍പതിനായിരം വര്‍ഷങ്ങള്‍ക്കും നൂറുകോടി വര്‍ഷങ്ങള്‍ക്കും ഇടയിലുള്ള സമയം ഡാര്‍ക്ക് ഏജ് എന്നറിയപ്പെടുന്നു. പ്രപഞ്ചത്തിലെ ഊഷ്മാവ് വളരെയധികം കുറയുകയും പ്ലാസ്മ അവസ്ഥയിലുള്ള പ്രോട്ടോണുകളും ന്യൂട്രോണുകളും ഇലക്ട്രോണുകളും എല്ലാം ചേര്‍ന്നു ധാരാളം ന്യൂട്രല്‍ ആറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ആറ്റങ്ങള്‍ കൂടിച്ചേര്‍ന്ന് തന്മാത്രകള്‍ ഉണ്ടായി. പ്രധാനമായും ഹൈഡ്രജന്‍ തന്മാത്രകള്‍(H2) കൂടിച്ചേര്‍ന്ന് വലിയ തന്മാത്ര മേഘപടലങ്ങള്‍ (Molecular clouds) ഉണ്ടായി. സ്റ്റെല്ലാര്‍ നഴ്‌സറികള്‍ (Stellar nurseries)  എന്നറിയപ്പെടുന്ന ഇത്തരം ഹൈഡ്രജന്‍ തന്മാത്രകളുടെ വലിയ മേഘപടലങ്ങളില്‍ നക്ഷത്രങ്ങള്‍ ഉണ്ടായി. ബിഗ് ബാങിന് ശേഷം ഏകദേശം 10 കോടി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങള്‍ ആയ ഗാലക്‌സികളും ഉല്‍ഭവി ക്കാന്‍ ആരംഭിച്ചു. ഈയൊരു പ്രതിഭാസം തുടര്‍ന്നുകൊണ്ടേയിരുന്നു. ഏകദേശം 450 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നമ്മുടെ സൗരയൂഥം നിലവില്‍ വന്നത് എന്ന് കരുതപ്പെടുന്നത്. സോളാര്‍ നെബുല എന്നറിയപ്പെടുന്ന വലിയ വാതകമേഘക്കൂട്ടങ്ങളില്‍ നിന്നാണ് സൂര്യനും ഭൂമിയും വ്യാഴവും ശനിയും ചൊവ്വയും എല്ലാം ഉള്‍ക്കൊള്ളുന്ന ഈ സൗരയൂഥം ഉണ്ടായത്. സോളാര്‍ നെബുലയില്‍ നിന്നും സൂര്യനും മറ്റു ഗ്രഹങ്ങളുമെല്ലാം വേര്‍പെടുകയായിരുന്നു എന്നാണ് പൊതുവെ ശാസ്ത്രലോകം വിശ്വസിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ ഒന്നുമില്ലായ്മയില്‍ നിന്നും പ്രപഞ്ച സൃഷ്ടിപ്പ് ആരംഭിച്ചു: ''ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു'' (ക്വുര്‍ആന്‍ 2:117).

വെറും 10-34 സെക്കന്‍ഡില്‍ ഇത് ഒരു ഗോള്‍ഫ്പന്തിന്റെ വലുപ്പത്തില്‍ ആയി. ഇതു വളരെ വേഗം വികസിക്കുകയും പടിപടിയായി അറ്റോമിക് കണികകളും ഹൈഡ്രജന്‍ ന്യൂക്ലിയസും ആറ്റവും ഒക്കെ രൂപപ്പെട്ടു. അതില്‍നിന്ന് പടിപടിയായി നക്ഷത്രങ്ങളും ഗ്രഹങ്ങളും എല്ലാം രൂപംകൊണ്ടു.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക: ''ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?'' (21:30).

എങ്ങനെയാണ് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരക്ഷരനായ പ്രവാചകന് ഇക്കാര്യങ്ങളെ പറ്റി അറിയാന്‍ കഴിഞ്ഞത്? ക്വുര്‍ആന്‍ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളല്ലാതെ മറ്റൊന്നുമല്ല എന്നുള്ളതിന് വ്യക്തമായ ദൃഷ്ടാന്തങ്ങളാണ് ഇവയെല്ലാം.

(അവസാനിച്ചില്ല).