കേരളീയ യുക്തിവാദം: ചരിത്രം, വര്‍ത്തമാനം, ധാര്‍മികത

അലി ചെമ്മാട്

2020 ഒക്ടോബര്‍ 17 1442 സഫര്‍ 30
ജാതീയതക്കെതിരെയുള്ള ശക്തമായ ചുവടുവയ്പുകളുമായാണ് കേരളത്തില്‍ യുക്തിവാദപ്രസ്ഥാനം കാലുറപ്പിക്കുന്നത്. എന്നാല്‍ അന്ധമായ മതവിമര്‍ശനങ്ങളും ധാര്‍മികത തൊട്ടുതീണ്ടാത്ത നിലപാടുകളുമായി യുക്തിവാദവും അതിന്റെ താത്ത്വിക സംഘടനകളും മലയാളിമനസ്സില്‍നിന്ന് നീക്കം ചെയ്യപ്പെട്ടുകഴിഞ്ഞു. സാമൂഹിക പരിവര്‍ത്തന വീഥിയില്‍ എവിടെയാണ് അവര്‍ക്ക് പിഴച്ചത്? ചരിത്രപരമായ അവലോകനം.

പത്തൊമ്പതാം നൂറ്റാണ്ടും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും കേരളം വര്‍ണവെറിയുടെയും ജാതീയതയുടെയും തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും വിളനിലമായിരുന്നു; പ്രത്യേകിച്ച് തെക്കന്‍കേരളം. മലബാറില്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിന്റെ ബാക്കിപത്ര ഫലമായി ജാതീയതക്കും തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും വര്‍ണവെറിക്കും തെല്ലൊരാശ്വാസം ഉണ്ടായിരുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടം നേരത്തെ തന്നെ മലബാറില്‍ ജാതീയതക്കും വര്‍ണവെറിക്കും ആഘാതം സൃഷ്ടിച്ചിരുന്നു. ടിപ്പുവിന്റെ പടയോട്ടം ജന്മിമാരുടെ സ്വാധീനത്തിനും കുറവുണ്ടാക്കിയിരുന്നു. ടിപ്പുസുല്‍ത്താന്‍ അക്കാലത്തുതന്നെ ഭൂപരിഷ്‌കരണം നടപ്പിലാക്കിയിരുന്നു. കൃഷിഭൂമി ജന്മിമാരില്‍നിന്നും ഏറ്റെടുത്ത് കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും നല്‍കിയിരുന്നു. (കേരളത്തില്‍ ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കിയപ്പോള്‍ പക്ഷേ, കര്‍ഷകര്‍ക്കോ കര്‍ഷകത്തൊഴിലാളികള്‍ക്കോ ആയിരുന്നില്ല കൃഷിഭൂമി ലഭിച്ചത്. മറിച്ച് കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ ആവുകയായിരുന്നു. അതായത് കേസും കോടതിയുമായി നടക്കുന്ന, നിയമപരിചയമുള്ള സമര്‍ഥന്മാര്‍ കോടതിക്കേസുകളിലൂടെ കയ്യടക്കുകയാണ് ചെയ്തത്). ടിപ്പുവിന്റെ പതനത്തിനുശേഷം ബ്രിട്ടീഷുകാര്‍ അവയെല്ലാം കര്‍ഷകരില്‍നിന്ന് പിടിച്ചെടുത്ത് ജന്മിമാര്‍ക്ക് തിരിച്ചുനല്‍കി. എങ്കിലും അദ്ദേഹത്തിലൂടെ ഉണ്ടായ സാമൂഹ്യ, സാംസ്‌കാരിക വിപ്ലവം നിലനിന്നതുകൊണ്ടാണ് മലബാറില്‍ ജാതീയതക്ക് തെല്ലൊരു കാഠിന്യം കുറഞ്ഞത്.

എന്നാല്‍ മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും സ്ഥിതി ഏറെ ദയനീയമായിരുന്നു. ഇതിന്റെ നേര്‍ചിത്രം ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള വിക്കി പേജില്‍ ഇങ്ങനെ കുറിക്കുന്നു:

''മനുഷ്യരെ എല്ലാവരെയും ഒരേപോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടു ബന്ധപ്പെട്ട തീണ്ടല്‍, തൊടീല്‍ മുതലായ അനാചാരങ്ങളും ആയിരുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണര്‍, ക്ഷത്രിയരടക്കമുള്ള നായര്‍, അമ്പലവാസി, ശൂദ്രനായര്‍, വെള്ളാളര്‍ തുടങ്ങിയവര്‍ സവര്‍ണര്‍ എന്നും കമ്മാളര്‍, ഗണകര്‍ തുടങ്ങി ചിലവര്‍ രണ്ടിലും ചേരാത്തതായും ഈഴവര്‍, അതിനുതാഴെ നായാടിവരെയുള്ളവര്‍ അവര്‍ണരെന്നും തരംതിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇവര്‍ക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സര്‍ക്കാര്‍ ജോലിയില്‍ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവര്‍ണ ജാതിക്കാര്‍ (ഡോ. പല്‍പുവും മറ്റും) ഈ ശാഠ്യത്തിന്റെ ഇരകളായിത്തീര്‍ന്നു.(ഡോ. പല്‍പ്പു ഈഴവനായതുകൊണ്ട് മാത്രം അദ്ദേഹത്തിന് ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നിഷേധിച്ചു. അദ്ദേഹം മദ്രാസില്‍ മെഡിസിന് പഠിക്കുകയും ശേഷം ക്യാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ലണ്ടനില്‍ ഉപരിപഠനം നടത്തുകയും ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ ഡോക്ടര്‍ക്ക് പക്ഷേ, തിരുവിതാംകൂര്‍ മഹാരാജ്യത്ത് പ്രാക്ടീസ് ചെയ്യാന്‍ ജാതീയത അനുവദിച്ചില്ല. അദ്ദേഹം ബ്രിട്ടീഷ് മൈസൂരിലാണ് പ്രാക്ടീസ് ചെയ്തത്- ലേഖകന്‍).

ബ്രാഹ്മണര്‍ ജന്മികളായിത്തീരുകയും കര്‍ഷകരായ അവര്‍ണ ജാതിക്കാര്‍ക്ക് ഭൂമി പാട്ടത്തിനു നല്‍കി വിളവ് കൊള്ളയടിക്കുകയും അടിമവേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ണരെ അടിമകളാക്കിവയ്ക്കുന്നതരം ജന്മി-കുടിയാന്‍ വ്യവസ്ഥകള്‍ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതൊന്നും പോരാതെ സാമൂഹ്യമായ മര്‍ദനങ്ങളെ അതിക്രമിക്കും വിധമായിരുന്നു അവര്‍ണജാതിക്കാരുടെമേല്‍ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങള്‍. അടിക്കടിയുള്ള യുദ്ധങ്ങള്‍കൊണ്ട് ഖജനാവ് ശോഷിച്ചപ്പോള്‍ പതിനാറിനും നാല്‍പതിനും ഇടക്കു പ്രായമുള്ള അവര്‍ണരില്‍നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ വീടുമേയുക, മീന്‍പിടിക്കുക, എണ്ണയാട്ടുക, കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകള്‍ക്കും നികുതി ഏര്‍പ്പെടുത്തിയിരുന്നു. പതിനാറിനും മുപ്പത്തിയഞ്ചിനും ഇടയിലുള്ള അവര്‍ണയുവതികളില്‍നിന്നും മുലക്കരം പിരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുല അരിഞ്ഞ് കരംപിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാര്‍ന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കെ കത്തിക്കൊണ്ടിരുന്ന ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പനും ആത്മാഹൂതി ചെയ്തു. ജാതിയുടെ ഏറ്റക്കുറച്ചില്‍ നോക്കിയാണ് കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിച്ചിരുന്നത്. അവര്‍ണര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ശിക്ഷകള്‍ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങള്‍ക്കുപോലും അവയവങ്ങള്‍ മുറിച്ചുകളഞ്ഞിരുന്നു. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തില്‍നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവര്‍ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.''(1)

ഇത്തരം ക്രൂരതകള്‍ അടിസ്ഥാനവര്‍ഗത്തിന് എതിരെയാണ് നടത്തിയിരുന്നതെങ്കില്‍ സവര്‍ണമേധാവികളുടെ ഇല്ലങ്ങളിലും സ്ഥിതി പരിതാപകരമായിരുന്നു. കേരള യുക്തിവാദിസംഘം അതിന്റെ 'അടിസ്ഥാന ഗ്രന്ഥം, പാഠപുസ്തകം' എന്ന് പരിചയപ്പെടുത്തി പ്രസിദ്ധീകരിച്ച 'യുക്തിദര്‍ശനം' വി.ടി ഭട്ടതിരിപ്പാടിനെ ഉദ്ധരിച്ച് ഇങ്ങനെ പറയുന്നു: ''ഇല്ലത്തു മൂസ്സു മാത്രം 'മണിക്കാള'യെപ്പോലെ നാലും അഞ്ചും വിവാഹം കഴിച്ചു സന്തത്യുത്പാദനം ചെയ്തു തറവാട്ടില്‍ തിന്നുകൂടും. ഇളമുറക്കാര്‍ സമാവര്‍ത്തനത്തിനുശേഷം ദേവാലയത്തിലെയും ബ്രഹ്മാലയത്തിലെയും ഉച്ഛിഷ്ടം തിന്നുകൊണ്ട് തെണ്ടിനടക്കും. ധനാഢ്യഗൃഹങ്ങളിലെ 'അടിയന്തിര'ങ്ങള്‍ക്ക് ക്ഷണിച്ചില്ലെങ്കിലും മണത്തറിഞ്ഞ് കയറിച്ചെല്ലും. ഒരു നവരക്കിഴിക്കെന്നപോലെ കുളിര്‍ക്കെ എണ്ണതേച്ചു കുളിക്കും. ദേഹണ്ണപ്പുരയില്‍ ചെന്ന് മുക്കിയ മുണ്ട് ചെമ്പടുപ്പിന്റെ തീജ്വാലയില്‍ വിടര്‍ത്തിപ്പിടിച്ച് ഉണക്കിയെടുക്കും. മുഖപ്പന്തിക്ക് തന്നെ ഒഴിഞ്ഞമൂല നോക്കി സ്ഥലംപിടിച്ചു മൂക്കറ്റം 'ഘാസും.' തിക്കിയും തിരക്കിയും കൂട്ടത്തില്‍ കടന്നിരുന്നു ദാനവും പ്രതിഗ്രഹവും പറ്റിക്കും. കലവറക്കാര്യസ്ഥന്റെ മുമ്പില്‍ പൂണൂല്‍പ്പൂജ്യത കാട്ടി ഒരുപാട് മുറുക്കാന്‍ തരമാക്കും. എല്ലാം കൈയിലായാല്‍ എങ്ങോ തിരുകിവച്ചിരുന്ന കുടയുമെടുത്ത് അപ്രത്യക്ഷനാകും. അങ്ങിനെ ദാരിദ്ര്യംകൊണ്ടും ദാസ്യമനോഭാവം കൊണ്ടും പുച്ഛം തോന്നിക്കുന്ന പലതരക്കാരും... കേളികേട്ട എല്ലാ ആഢ്യഗ്രഹങ്ങള്‍ക്കുമുണ്ടായിരുന്നു ഇത്തരം അടിമകള്‍...''(2)

മലബാറില്‍ വര്‍ണവെറി ഒരല്‍പം കുറവായിരുന്നു എന്നു പറഞ്ഞുവല്ലോ. എന്നാലും എത്രത്തോളം ഭയാനകമായിരുന്നു സ്ഥിതിവിശേഷം എന്ന് വ്യക്തമാകാന്‍ എന്റെ പ്രദേശത്ത് അക്കാലത്ത് നടന്ന ഒരു സംഭവം ഓര്‍ക്കുന്നത് അവസരോചിതമയിരിക്കുമെന്ന് കരുതട്ടെ. സ്ഥലത്തെ പ്രധാന നായര്‍ തറവാട്ടില്‍ കൃഷിപ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന കള്ളാടി, നായാടി, ചെറുമന്‍മാരുടെ കൂട്ടത്തിലെ 'കീരന്‍' (പേര് സാങ്കല്‍പികം) എന്ന കള്ളാടിയുടെ സംഭവമാണ് ഓര്‍ക്കുന്നത്. കീരന് കഞ്ഞികുടിക്കാന്‍ സമയമായിരുന്നു. കഞ്ഞികുടിക്കാനുള്ള കുഴികുത്തി അതില്‍ വാഴയില പരത്തി പ്ലാവിലക്കയിലും കുത്തി കഞ്ഞിക്ക് കീരന്‍ കാത്തുനിന്നു. അടുക്കളപ്പണിക്കാരി കുഴിയില്‍ കഞ്ഞി ഒഴിക്കാന്‍ വരുന്നതുകണ്ടു കീരന്‍ 'ജാതീയ അകലം' പാലിച്ചു മാറിനിന്നു. പണിക്കാരി കഞ്ഞി ഒഴിച്ചുപോയ ശേഷം കീരന്‍ കഞ്ഞികുടിക്കാന്‍ അടുത്തു വരുന്നതിനിടയില്‍ കാക്കകള്‍ വന്നു കഞ്ഞി രുചി നോക്കി. അവിടെ വീട്ടുകാരന്‍ നായരെ കാണാന്‍ വന്ന സ്ഥലത്തെ മുസ്‌ലിം പ്രമാണി ഇതുകണ്ടു വേദനിച്ചു. അദ്ദേഹം തിരിച്ചുപോകുമ്പോള്‍ പണിമാറ്റിയ ശേഷം വന്നുകാണാന്‍ കീരനോട് പറഞ്ഞു. മാസങ്ങള്‍ക്ക് ശേഷം ആ മുസ്‌ലിം പ്രമാണിയും മറ്റൊരാളും കൂടി നായരുടെ അതേ വീട്ടിലെത്തി. കൂടെയുള്ളയാളും തൊപ്പിയും കുപ്പായവുമിട്ട ഒരു മുസ്‌ലിം തന്നെയായിരുന്നു. ഇരുവരെയും തറവാട്ടുകാരണവര്‍ നായര്‍ സ്വീകരിച്ചിരുത്തി സല്‍ക്കരിച്ചു. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ കൂടെയുള്ള ആളാരാണെന്ന് നായര്‍ അന്വേഷിച്ചു. പ്രമാണി പറഞ്ഞു, 'ഇത് കള്ളാടി ചക്കന്റെ മകന്‍ കീരനാണ്' എന്ന്. മുസ്ലിം പ്രമാണി കീരനെ, അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെ പൊന്നാനിയിലേക്കയച്ച്, കീരന്‍ മുസ്‌ലിമായി തിരിച്ചുവന്ന ശേഷമായിരുന്നു നായരെ കാണാന്‍ പോയത്.  

അന്നത്തെ കേരളത്തിന്റെ സാമൂഹ്യദുരവസ്ഥ ഇതില്‍നിന്ന് വ്യക്തമാണ്. ആ സാമൂഹ്യ ദുരാചാരത്തില്‍നിന്നും അടിച്ചമര്‍ത്തലുകളില്‍നിന്നും അടിസ്ഥാനവര്‍ഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രയത്‌നിച്ച മഹാനാണ് ശ്രീനാരായണ ഗുരു. ശ്രീനാരായണഗുരുവിന്റെ ആത്മമിത്രമായിരുന്നു വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി. മൗലവി സാമൂഹ്യപരിഷ്‌കര്‍ത്താവ് മാത്രമായിരുന്നില്ല; സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനും സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനും കൂടിയായിരുന്നു. ദിവാന്റെ നെറികെട്ട ഭരണത്തിനെതിരെ ശക്തമായി തൂലിക ചലിപ്പിച്ചതുകാരണം അദ്ദേഹത്തിന്റെ പത്രം കണ്ടുകെട്ടുകയും പത്രാധിപര്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. ഇത്തരം ശക്തരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സ്വാതന്ത്ര്യസമര സേനാനികളും പത്രപ്രവര്‍ത്തകരും എല്ലാവരും ചേര്‍ന്നായിരുന്നു തിരുവിതാംകൂറിനെയും കൊച്ചിയെയും ജാതീയ, സാമൂഹ്യ അടിമത്തത്തില്‍നിന്നുമുള്ള മോചനത്തിനുവേണ്ട മുന്നേറ്റങ്ങള്‍ നടത്തിയിരുന്നത്.(3)

ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്നു സഹോദരന്‍ അയ്യപ്പന്‍. ശ്രീനാരായണഗുരുവിനെപ്പോലെ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയെപ്പോലെ, സ്വദേശാഭിമാനി ബാലകൃഷ്ണ പിള്ളയെപ്പോലെയുള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കളും നേതാക്കളും കഠിനപ്രയത്‌നം നടത്തി സൃഷ്ടിച്ച സാമൂഹ്യസുരക്ഷാ ബോധത്തില്‍, അതിന്റെ ഓരംപറ്റി വളര്‍ന്നുവന്ന വ്യക്തിയാണ് സഹോദരന്‍ അയ്യപ്പന്‍. ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പ്രയോഗവല്‍ക്കരിക്കാനും അദ്ദേഹം ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. ആ ശ്രമത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 'മിശ്രഭോജനം.' ഇതിലൂടെ അദ്ദേഹത്തിന് 'പുലയന്‍ അയ്യപ്പന്‍' എന്ന് വിളിപ്പേരുകൂടി ലഭിച്ചു. ഇതേ കാലയളവില്‍ തന്നെ അദ്ദേഹം മുന്‍കൈയെടുത്ത് രൂപീകരിച്ച കൂട്ടായ്മയാണ് സഹോദരസംഘം. 1919ല്‍ അദ്ദേഹം സ്ഥാപിച്ച പത്രമാണ് സഹോദരന്‍. വളരെയേറെ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തികൂടിയാണ് സഹോദരന്‍ അയ്യപ്പന്‍.(4)

സഹോദരന്‍ അയ്യപ്പന്റെ പ്രധാന പ്രവര്‍ത്തനങ്ങളുടെ കാലം ശ്രദ്ധേയമാണ്. 1917ല്‍ ആണ് അദ്ദേഹം മിശ്രഭോജനം നടത്തിയതും സഹോദര സംഘം രൂപീകരിച്ചതും. അദ്ദേഹം പത്രം സ്ഥാപിച്ചത് 1919ലും. ഈ കാലഘട്ടത്തിന് ലോകചരിത്രത്തില്‍ ഒരു പ്രത്യേക അടയാളമുണ്ട്. എന്താണത്? 1917 മാര്‍ച്ചിലാണ് ആദ്യ റഷ്യന്‍ വിപ്ലവം അരങ്ങേറിയത്. ഒക്ടോബറിലാണ് നിക്കോളാസ് രണ്ടാമന്‍ എന്ന അവസാനത്തെ സര്‍ ചക്രവര്‍ത്തിയില്‍ നിന്ന് ലെനിന്റെ നേതൃത്വത്തില്‍, പൈശാചിക അക്രമത്തിലൂടെ ചക്രവര്‍ത്തിയുടെ കുടുംബത്തിലെ കൊച്ചുകുട്ടികളെ അടക്കം അരും കൊലചെയ്തു(5) ബോള്‍ഷെവിക്കുകള്‍ ഭരണം പിടിച്ചെടുത്തത്. തുടര്‍ന്നുണ്ടായ റഷ്യന്‍ അഭ്യന്തര യുദ്ധത്തില്‍ 10500000 മനുഷ്യര്‍ മരിച്ചുവീണു എന്നത് പിന്നീട് പുറത്തുവന്ന ചരിത്രയാഥാര്‍ഥ്യം.(6) കമ്യൂണിസം ലോകത്താകമാനം 10 കോടിയിലേറെ മനുഷ്യരെ കൊന്നു എന്നത് മറ്റൊരു വസ്തുത. മനുഷ്യചരിത്രത്തില്‍ ഇന്നോളം ഇത്രയും മനുഷ്യരെ കൊന്നുതള്ളിയ മറ്റൊരാദര്‍ശവും കഴിഞ്ഞ് പോയിട്ടില്ല. അതിലൂടെയാണ് ലോകത്ത്, ചരിത്രത്തില്‍ ആദ്യമായി കമ്യൂണിസ്റ്റ് (നാസ്തിക) ഭരണം നിലവില്‍വന്നത്. ഈ പൈശാചിക ഭരണമാറ്റത്തിനെ പൊടിപ്പും തൊങ്ങലും വച്ച് എരിവും പുളിവും ചേര്‍ത്തു വെളുപ്പിച്ച വ്യാജ വാര്‍ത്തകള്‍ ലോകമൊന്നാകെ പരന്നു. റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവം, അത് കേരള മണ്ണിനെയും പുളകംകൊള്ളിച്ചു. സ്വാഭാവികമായും വിപ്ലവത്തെ ഇഷ്ടപ്പെട്ടിരുന്ന സഹോദരന്‍ അയ്യപ്പനെയും അത് വളരെയേറെ ആവേശഭരിതനാക്കി. ആ ആവേശം അദ്ദേഹത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങളിലെല്ലാം പ്രതിഫലിച്ചിരുന്നു.

ഇക്കാര്യം യുക്തിദര്‍ശനം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്: ''ഈ കാലത്താണ്, അതായത് 1917 മെയ് 29ാം തിയതി ശ്രീ.കെ. അയ്യപ്പന്‍ 'സഹോദരസംഘം' സ്ഥാപിച്ചതും മിശ്രഭോജനത്തിലൂടെ സംഘത്തിന്റെ ഉദ്ഘാടനം നടത്തിയതും. ഈ നാളുകളില്‍, പുതിയൊരു യുഗപ്പിറവിയുടെ വിജയകാഹളം മുഴക്കിയെത്തിയ മഹത്തായ റഷ്യയിലെ ഒക്ടോബര്‍ വിപ്ലവത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടുതന്നെ, ശ്രീ അയ്യപ്പന്‍ കേരളത്തിലെ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു:

''നിങ്ങളെപ്പോലെയുള്ള യുവാക്കളേറെക്കാലം

ഭംഗമില്ലാതെ ചെയ്ത ഘോരമാം ത്യാഗത്തിന്റെ

ഫലമായത്രേ, മഹാദാസ്യത്തില്‍ കേണ റഷ്യാ-

ധരണി വിശ്വോത്തര സ്വാതന്ത്ര്യസുഭഗയായ്

സകലഭോഗക്ഷമരായുള്ളയെത്രയെത്ര

യുവതീയുവാക്കന്മാര്‍ തങ്ങളുടെ രാജ്യത്തിന്റെ

അവശസ്ഥിതപോക്കി സ്വാതന്ത്ര്യം സ്ഥാപിക്കുവാന്‍

അവിടെ ജീവിതങ്ങള്‍ സാമോദം ബലിചെയ്താര്‍

രചിപ്പിന്‍വേഗം നിങ്ങളിവിടെ സഖാക്കളെ

ശ്രവിക്കിന്‍ രോമം ചീര്‍ക്കും താദൃശചരിത്രങ്ങള്‍''

അതെ, 'താദൃശചരിത്രങ്ങള്‍ രചിക്കുന്നതിന്' ആഹ്വാനം ചെയ്തുകൊണ്ട് അതിന്റെ ആദ്യപടിയെന്നോണം 'മനുജസ്വാതന്ത്ര്യത്തെ തടഞ്ഞ് നിര്‍ത്തീടുന്ന, മലിനവിശ്വാസങ്ങള്‍ക്കും വികലാചാരങ്ങള്‍ക്കും' എതിരായ പ്രവര്‍ത്തനങ്ങള്‍ സഹോദരസംഘം ആരംഭിച്ചു.''(7)

റഷ്യയില്‍ നടന്നത് രാഷ്ട്രീയ വിപ്ലവം ആയിരുന്നുവെങ്കില്‍ ഇവിടെ വിശ്വാസങ്ങല്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം നടത്തുകയായിരുന്നു അയ്യപ്പന്‍ ചെയ്തത് എന്നാണ് യുക്തിദര്‍ശന ഭാഷ്യം. അതിനെ സാധൂകരിക്കുന്നു അയ്യപ്പ പ്രവര്‍ത്തന ചരിത്രം. ഒക്ടോബര്‍ സായുധവിപ്ലവം ഭരണമാറ്റമാണ് ലക്ഷ്യംവച്ചതെങ്കില്‍ പക്ഷേ, തുടര്‍ന്നു നടന്നത് തുല്യതയില്ലാത്ത മതപീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ്. കമ്യൂണിസത്തെ കുറിച്ച്, അതിന്റെ രക്തരൂക്ഷിത ചരിത്രത്തെ കുറിച്ച് അറിയാന്‍ 'ഠവല ആഹമരസ ആീീസ ീള ഇീാാൗിശാെ' എന്ന ഗ്രന്ഥം വായിക്കുക. ജഉഎ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആവശ്യമുള്ളവര്‍ വ്യക്തിപരമായി ബന്ധപ്പെട്ടാല്‍ അയച്ചുതരാവുന്നതാണ്. (ലേഖകന്‍).

അതുകൊണ്ട്തന്നെയാണ് ശ്രീനാരായണഗുരുവിന്റെ 'ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ആദര്‍ശ മുദ്രാവാക്യത്തിന് പാരഡിയായി 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നാക്കി അയാള്‍ തിരുത്തിയത്. ആ ദുഃസ്വാധീനംമൂലം ഇന്നും കേരള യുക്തിവാദിസംഘത്തെ മറ്റു നാസ്തികര്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കേരള യുക്തിവാദിസംഘം ഇന്നും വൈരുധ്യാത്മക ഭൗതികവാദത്തിന്റെ അടിമകളാണല്ലോ. എന്നാല്‍ മറ്റു നാസ്തികര്‍ അതുപോലെയുള്ള മറ്റു പല പല വിശ്വാസങ്ങളുടെ അടിമകളും! റഷ്യയില്‍ അരങ്ങേറിയ പൈശാചിക വിപ്ലവത്തിന്റെ ഉപോല്‍പന്നമായാണ് കേരളത്തില്‍ കമ്യൂണിസവും യുക്തിവാദവും നാസ്തികതയും ഉത്ഭവിച്ചത് എന്ന വസ്തുത ഇത് തെളിയിക്കുന്നു. അതായത് നാസ്തികകേരളം അതിന്റെ ഒന്നാം തീയതിതന്നെ മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ വൈകാരിക സന്തതിയാണ്.

നാസ്തികതക്ക് ധാര്‍മിക നിയമം(?) ആവിഷ്‌ക്കരിച്ച ബര്‍ട്രന്റ് റസ്സല്‍ ലെനിനെക്കുറിച്ചു പറഞ്ഞത് ക്രൂരനായ പിശാച് എന്നാണ്.(8) ഈ ലെനിനെ മലയാളത്തിനു പരിചയപ്പെടുത്തിയതും അയ്യപ്പന്‍ തന്നെയായിരുന്നു. യുക്തിദര്‍ശനം പറയുന്നു: ''സഹോദരന്‍ ആണ് ആദ്യമായും ലെനിന്റെ ചിത്രം പ്രസിദ്ധീകരിച്ചതും ലെനിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ കാര്യങ്ങള്‍ വിവരിച്ചതും.''(9)

പക്ഷേ, ശ്രീ അയ്യപ്പന്‍; ലെനിന്‍ ഇത്രയും വലിയ ക്രൂരനാണെന്ന് അറിഞ്ഞായിരുന്നില്ല അദ്ദേഹത്തെ പുകഴ്ത്തിയിരുന്നത് എന്ന് വിചാരിക്കാം. ലോകത്ത് മുതലാളിത്തത്തിന് പകരം 'തൊഴിലാളിവര്‍ഗ സര്‍വാധിപത്യം' വരുമെന്ന പ്രതീക്ഷയില്‍ അതിന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് അയ്യപ്പനും കഥയറിയാതെ നാസ്തിക നൃത്തമാടിയത്. കേരളത്തില്‍ കമ്യൂണിസവും യുക്തിവാദവും പരസ്പര സഹായ സഹകരണ സംഘമായാണ് നിലവില്‍വന്നത്. കമ്യൂണിസ(പാര്‍ട്ടിക്ക്)ത്തിന് മെല്ലെ മെല്ലെ രാഷ്ട്രീയ സ്വാധീനം വളര്‍ന്നതോടെ അടവുനയത്തിന്റെ ഭാഗമായി നിരീശ്വരവാദം (സ്വന്തം ആദര്‍ശം) ഒളിച്ചുവച്ച് മതേതര കപട മറതീര്‍ത്തു. 1984-86 കാലത്തെ ഇര്‍ഫാന്‍ ഹബീബ് തുടങ്ങി, ഇ.എം.എസ് ഏറ്റെടുത്ത ശരീഅത്ത് വിവാദവും അതിനോടനുബന്ധിച്ച് യുക്തിവാദികളും കമ്യൂണിസ്റ്റ്പാര്‍ട്ടിയും തമ്മില്‍; മതത്തെ നക്കിക്കൊല്ലണോ (കമ്യൂണിസ്റ്റ്പാര്‍ട്ടി) ഞെക്കിക്കൊല്ലണോ (യുക്തിവാദി സംഘം) എന്ന തര്‍ക്കം പാര്‍ട്ടിയും സംഘവും തമ്മില്‍ അകല്‍ച്ചക്ക് കാരണമായി.

മതത്തെ നക്കിക്കൊല്ലാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കയ്യെടുത്ത് സ്ഥാപിച്ച മതത്തിനെതിരെയുള്ള നാസ്തികപ്രവര്‍ത്തന പ്രചാരണ യന്ത്രങ്ങള്‍ തന്നെയാണ് പുരോഗമന കലാസാഹിത്യ സംഘവും (പുകസ) പ്രൈമറി അധ്യാപകര്‍ മാത്രം ശാസ്ത്രജ്ഞന്‍മാരായുണ്ടായിരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തും. അക്കാലത്ത് കൊച്ചുകുട്ടികളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് എല്‍.പി സ്‌കൂളുകളില്‍ ശാസ്ത്രക്കുപ്പായമിട്ട നാസ്തികര്‍ മത്സരപരീക്ഷകളും ക്വിസ് പ്രോഗ്രാമുകളും മറ്റുമായി നിറഞ്ഞാടിയിരുന്നു. ഇന്ന് പരിഷത്ത് കേവലം തെര്‍മോകൂള്‍ ചൂടാറാപ്പെട്ടിക്കകത്ത് അനന്തശയനത്തിലാണ്. പുകസയെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ല. ഇന്നിവര്‍ക്കൊക്കെയുള്ള ഏകജോലി സ്വന്തം സ്വകാര്യസ്വത്ത് സംരക്ഷണം മാത്രം! കമ്യൂണിസത്തെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കാന്‍ കാരണം കമ്യൂണിസത്തിന്റെയും യുക്തിവാദത്തിന്റെയും ചരിത്രം കെട്ടുപിണഞ്ഞ് കിടക്കുന്നതുകൊണ്ടാണ്. ഒന്നില്ലെങ്കില്‍ മറ്റേതുമില്ല. കേരളത്തില്‍ അവയുടെ ചരിത്രം പരസ്പര പൂരകങ്ങളാണ്.

(സോഷ്യലിസം, സ്വകാര്യസ്വത്തിന്റെ ഉന്മൂലനം, തൊഴിലാളിവര്‍ഗ സര്‍വാധിപത്യം, മാര്‍ക്‌സിയന്‍ എക്കോണമി, കമ്യൂണിസ്റ്റ് വ്യവസ്ഥിതി എന്നൊക്കെയുള്ള കപടലക്ഷ്യം പറഞ്ഞു; വൈരുധ്യാത്മക ഭൗതികവാദം, ചരിത്രപരമായ ഭൗതികവാദം, മാര്‍കിസന്‍ എക്കോണമി എന്നീ അടിസ്ഥാന ശിലകളില്‍ പടുത്തുയര്‍ത്തി, മനുഷ്യരക്തത്തില്‍ വളര്‍ന്നുവന്ന കമ്യൂണിസം പക്ഷേ, പ്രയോഗവത്ക്കരിച്ചത് എന്താണ്? മുതലാളിത്ത വ്യവസ്ഥിതിയില്‍ ബൂര്‍ഷ്വകളും പെറ്റിബൂര്‍ഷ്വകളും സാധാരണക്കാരും തൊഴിലാളികളും ആണ് നിലനില്‍ക്കുന്നത്. ചൂഷണങ്ങളും നിലനില്‍ക്കുന്നു. വന്‍കിടക്കാര്‍ സ്വാധീനം ഉപയോഗിച്ച് വീണ്ടും വീണ്ടും ബൂര്‍ഷ്വകള്‍ ആകുന്നു. എന്നാ ല്‍ കമ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ സര്‍ക്കാര്‍ എന്ന കോര്‍പറേറ്റ് സ്ഥാപനം മാത്രം നിലവില്‍വരുന്നു. രാജ്യത്തെ പ്രജകള്‍ എല്ലാവരും ഒരു ഉടമസ്ഥാവകാശവും ഇല്ലാത്ത കേവലം സ്റ്റേറ്റ് എന്ന കോര്‍പറേറ്റ് സ്ഥാപനത്തിന്റെ അടിമകള്‍ മാത്രമായി അധഃപതിക്കുന്നു. വൈരുധ്യാത്മക ഭൗതികവാദത്തിന് ശാസ്ത്രലോകത്ത് മാത്രമല്ല നാസ്തികര്‍ക്കിടയില്‍ പോലും ചവറ്റുകുട്ടയിലാണ് സ്ഥാനം. ചരിത്രപരമായ ഭൗതികവാദം മനുഷ്യന്‍ തെരുവുനായ്ക്കളെ പോലെ ഒരെല്ലിന്‍ കഷ്ണത്തിന് കടിച്ചുകീറുന്ന, പരസ്പരസഹായ മനസ്സില്ലാത്ത, ദീനാനുകമ്പയില്ലാത്ത, അന്നത്തിനും പെണ്ണിനും വേണ്ടി കടിച്ചുകീറുന്ന ജന്തുവാണെന്ന് ഉദ്‌ഘോഷിക്കുന്നു. നാസ്തികര്‍ അത്തരം ചിന്താഗതിക്കാര്‍ തന്നെയാണ്.

(അവസാനിച്ചില്ല)

 

റഫറന്‍സ്:

1. https://ml.wikipedia.org/wiki//ശ്രീനാരായണഗുരുപശ്ചാത്തലം

2. യുക്തിദര്‍ശനം, എ.ടി കോവൂര്‍ ട്രസ്റ്റ്, കോഴിക്കോട്. പേജ് 761

3. (അവലംബം) https://ml.wikipedia.org/ wiki//ശ്രീനാരായണഗുരു, https://ml.wiki pedia.org/wiki//വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, https://ml.wikipedia.org/wiki/സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള

4.https://ml.wikipedia.org/wiki സഹോദരന്‍ അയ്യപ്പന്‍

https://en.wikipedia.org/whttps://ml.wikipedia.org/wiki/

https://ml.wikipedia.org/wiki/https://ml.wikipedia.org/wiki/iki/Nicholas_II_of_ Russia

6. https://www.quora.com/Howmany peoplediedduringtheRussianCivilWar

7. യുക്തിദര്‍ശനം, പേജ് 766

8. https://en.wikipedia.org/wiki/Bertrand_ Russell#Between_the_wars

9. യുക്തിദര്‍ശനം, പേജ് 767