വിവാഹം: മാറേണ്ടത് പ്രായമോ കാഴ്ചപ്പാടോ?

സ്റ്റാഫ്‌ റിപ്പോർട്ടർ

2020 സെപ്തംബര്‍ 05 1442 മുഹര്‍റം 17

(നേര്‍പഥം വൈജ്ഞാനിക സംവാദം)

(ഈ ലക്കത്തില്‍: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി / ഡോ. സെബാസ്റ്റ്യന്‍ പോള്‍ / കെ.പി രാമനുണ്ണി / ടി.കെ അശ്‌റഫ്  / ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍ )

പരിപക്വതയുടെ ആദ്യ നാളുകളാണ് ദാമ്പത്യത്തിന്റെ മധുവൂറുന്ന കാലമെന്ന് ശാസ്ത്ര പഠനം. നിലവിലെ പതിനെട്ടിനെ മാനിക്കുന്നെന്ന് പൊതുസമൂഹം. വൈകി വന്ന വിവാഹങ്ങളാണ് കുടുംബശൈഥില്യങ്ങളില്‍ കൂടുതലെന്ന് കണക്കുകള്‍. എന്നിട്ടും ഊതിവീര്‍പ്പിച്ച ഊഹങ്ങള്‍ പഠനങ്ങളായി പുറത്തുവരുന്നു. അത്തരം പഠന റിപ്പോര്‍ട്ടുകളുടെയടിസ്ഥാനത്തില്‍ നയങ്ങളും നിയമങ്ങളും ചുട്ടെടുക്കുന്നു. 'പെണ്ണിര'കള്‍ക്കായുള്ള അനാവശ്യ പ്രതികരണങ്ങള്‍ വരുത്തിവെക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ തികഞ്ഞ മൗനം പാലിക്കുന്നു. പരിഹാരത്തിനായി എവിടെ നിന്ന് തുടങ്ങണം? മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു.

കോവിഡിന്റെ മറവില്‍ ഭരണകൂടം സ്ഥാപിതതാല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന തിരക്കിലാണ്. ജനങ്ങളുടെ ശ്രദ്ധമുഴുവന്‍ കോവിഡെന്ന മഹാമാരിയിലാണ്. അവര്‍ അതില്‍നിന്ന് രക്ഷനേടാനുള്ള ശ്രമത്തിലാണ്. വരുമാനമാര്‍ഗമെല്ലാം അടഞ്ഞ് പ്രയാസത്തിനുമേല്‍ പ്രയാസമനുഭവിച്ച് ജീവിക്കുന്നവര്‍ക്ക് നിലനില്‍പാണല്ലോ പ്രധാനം. ജനങ്ങളുടെ ഈ അരക്ഷിതാവസ്ഥയെ മുതലടുത്ത് ദുഷ്ടലാക്കോടെയുള്ള നിയമനിര്‍മാണങ്ങള്‍ നടത്തുന്ന തിരക്കിലാണ് കേന്ദ്രം. അതിലൊന്നാണ് വിവാഹ പ്രായം ഉയര്‍ത്താനുള്ള നീക്കം. നിലവില്‍ ആവശ്യമായ നിയമങ്ങള്‍ ഉണ്ടായിരിക്കെ എന്തിനാണ് ഈ പുതിയ നീക്കം? സമൂഹത്തിന് ഇത് ഗുണകരമോ, ദോഷകരമോ? സര്‍ക്കാരിന്റെ ലക്ഷ്യമെന്ത്? ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടല്‍ നിര്‍ബന്ധമാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ 'മാറേണ്ടത് പ്രായമോ കാഴ്ചപ്പാടോ?' എന്ന തലക്കെട്ടോടെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ മുഖപത്രമായ 'നേര്‍പഥം' വാരികയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 29ന് ഒരു ഓണ്‍ലൈന്‍ വൈജ്ഞാനിക സംവാദം നടക്കുകയുണ്ടായി.

സമകാലിക വിഷയങ്ങളില്‍ നേര്‍വായന ലക്ഷ്യംവെച്ച് 'നേര്‍പഥം' നടത്തിവരുന്ന നിരന്തരമായ ഇടപെടലിന്റെ പുതിയൊരധ്യായമായി മാറി ഈ വൈജ്ഞാനിക സംവാദം. പ്രമുഖരായ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ഈ പരിപാടി ഫേസ് ബുക്ക്, യുട്യൂബ് വഴി ആയിരങ്ങളാണ് കണ്ടത്.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അശ്‌റഫിന്റെ ആമുഖ ഭാഷണത്തോടെയാണ് പരിപാടി ആരംഭിച്ചത്. വിഷയത്തിന്റെ വിവിധ വശങ്ങള്‍ ഹ്രസ്വമായി ഓര്‍മപ്പെടുത്തിയ ആമുഖഭാഷണത്തിലൂടെ കടന്നുപോകാം.


ടി.കെ അശ്‌റഫ് / ജനറല്‍ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

വിവാഹ പ്രായമുയര്‍ത്തുന്നതിനെതിരില്‍ രാജ്യത്ത് അനിവാര്യമായും  ഉയര്‍ന്നുവരേണ്ട വൈജ്ഞാനിക പ്രതിരോധത്തിന് അടിത്തറപാകാനും അതിന്റെ ദിശതിരിക്കുവാനും ഈ വൈജ്ഞാനിക സംവാദം കാരണമാകുമെന്നാണ് പ്രാര്‍ഥനയും പ്രതീക്ഷയും.

നമ്മുടെ രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി  വിവാഹപ്രായം സംബന്ധിച്ച് നടത്തിയ ഒരു പ്രഖ്യാപനമാണ് ഈ വൈജ്ഞാനിക സംവാദത്തിന് കളമൊരുക്കിയത്.

പ്രസവാനന്തരം സ്ത്രീകളുടെയും കുട്ടികളുടെയും മരണനിരക്ക് ഇന്ത്യയില്‍ ഉയര്‍ന്നുവരുന്നതിനെ തടയാന്‍ വേണ്ടിയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് 21ലേക്ക് മാറ്റാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് എന്നതായിരുന്നു  പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പൊരുള്‍.

ഈ തീരുമാനം വ്യക്തി, കുടുംബ, സാമൂഹ്യ മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. നേരത്തെ 18 വയസ്സ് നിജപ്പെടുത്തിയപ്പോള്‍ സമൂഹത്തില്‍നിന്ന് വലിയ എതിര്‍പ്പൊന്നും ഉണ്ടായില്ല എന്ന് കരുതി 21 വയസ്സിലേക്ക് പരിധി ഉയര്‍ത്തുന്നത് രാജ്യം തലകുലുക്കി സമ്മതിക്കുമെന്ന് ഒരിക്കലും ആരും വിചാരിക്കേണ്ടതില്ല.

സാധാരണക്കാരന്റെ അജ്ഞതകൊണ്ടും ചിലരുടെ ആചാരത്തിന്റെ ഭാഗമായും പക്വതയെത്താത്ത പെണ്‍കുട്ടികളെ കല്യാണംകഴിച്ചു കൊടുക്കുന്നതിലൂടെ ഉണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സഹായകമാകും എന്ന കാഴ്ചപ്പാടിലാണ് 18 വയസ്സ് നിശ്ചയിച്ചതിനെ അന്ന് സമൂഹം വലിയതോതില്‍ എതിര്‍ക്കാതെ പോയത്. വിവാഹത്തിന്റെ പ്രായമല്ല മാറേണ്ടത്, അതിനോടുള്ള കാഴ്ചപ്പാടാണ് തിരുത്തേണ്ടത് എന്നത് ആ കാലഘട്ടത്തില്‍തന്നെ 'നേര്‍പഥ'ത്തിന്റെ താളുകളിലൂടെ വ്യക്തമാക്കിയ കാര്യവുമാണ്.

21 വയസ്സായിട്ടും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ശാരീരികവും മാനസികവുമായ പക്വതയെത്താത്ത പെണ്‍കുട്ടിയെ പ്രായം മാനദണ്ഡമാക്കി വിവാഹം കഴിച്ചുകൊടുക്കാന്‍ പാടില്ല എന്നതാണ് 'നേര്‍പഥ'ത്തിന്റെ പക്ഷം. അഥവാ പണ്ട് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന ശൈശവ വിവാഹത്തിലേക്ക് തിരിഞ്ഞുനടക്കുന്ന യാതൊരു നടപടിയും ഉണ്ടായിക്കൂടായെന്നര്‍ഥം.

എന്നാല്‍ പുതിയ തലമുറയില്‍ ശാരീരികവളര്‍ച്ചയും മാനസികനിലവാരവും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ വിവാഹജീവിതം അനിവാര്യമായവര്‍ക്ക് 21 വയസ്സുവരെ കാത്തിരിക്കണമെന്ന് നിയമം മൂലം നിര്‍ബന്ധിക്കുന്നതിനെ വ്യക്തിസ്വാതന്ത്ര്യത്തിനും മതവിശ്വാസത്തിനും നേരെയുള്ള കടന്നു കയറ്റമായിട്ടേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.

പ്രായപരിധി ഉയര്‍ത്തിയതിനെ വിമര്‍ശിച്ചാല്‍ ശൈശവ വിവാഹത്തെ അനുകൂലിക്കുന്നവരായിരി മുദ്രകുത്തുമോയെന്ന ഭയത്താല്‍ പലരും എതിര്‍പ്പ് മനസ്സിലൊതുക്കി മൗനം പാലിക്കുന്നത് സമൂഹത്തോടുള്ള ധാര്‍മിക ബാധ്യതയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. വിവാഹത്തിലൂടെയുള്ള പവിത്രമായ ലൈംഗികബന്ധത്തിന് 21 വയസ്സുവരെ കാത്തിരിക്കണമെന്നും എന്നാല്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ള  സ്വതന്ത്രരതി ഏത് പ്രായത്തിലും ആവാം എന്നുമുള്ള വിചിത്രമായ നടപടി ഇന്ത്യന്‍ കുടുംബസംവിധാനത്തെ തകര്‍ക്കുന്നതും പാശ്ചാത്യ സംസ്‌കാരത്തെ വാരിപ്പുണരാന്‍ ഭരണകൂടം തന്നെ വഴിയൊരുക്കുന്നതുമായ കാര്യമാണ്.

വിവാഹപ്രായം ഉയര്‍ത്തുകവഴി ഇന്ത്യയിലിന്ന് വര്‍ധിച്ചുവരുന്ന സ്ത്രീപീഡനം കുത്തനെ ഉയരും എന്ന കാര്യത്തില്‍ കാര്യബോധമുള്ളവര്‍ക്ക് യാതൊരു സംശയവും ഉണ്ടാവുകയില്ല. ദാരിദ്ര്യനിര്‍മാര്‍ജനം, സമനീതി, സ്ത്രീസുരക്ഷ, തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച, വികസനം... അങ്ങനെ തുടങ്ങി രാജ്യത്തിന്റെ സകലമാന അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ സ്ത്രീ സംരക്ഷണത്തിന്റെ കാവല്‍ക്കാരായി ചമയാന്‍ കൊണ്ടുവന്ന മുത്തലാക്വ് ബില്ലുപോലെയുള്ള ഒരു തുരുപ്പുചീട്ടാണ് വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കവും.  

ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ആരോഗ്യപരിരക്ഷക്കും ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പകരം വിഭാഗീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണ് ഇവിടെ ചെയ്യുന്നത്. മനുഷ്യവിഭവശേഷി രാഷ്ട്ര പുനര്‍നിര്‍മാണത്തിന് ശരിയാം വിധം പ്രയോജനപ്പെടുത്തുന്ന ദീര്‍ഘവീക്ഷണമുള്ള ചുവടുവെപ്പിന് പകരം പുതുതലമുറ പിറക്കുന്നതിനോട് പുറംതിരിഞ്ഞു നില്‍ക്കുന്ന നിലപാട് പുനഃപരിശോധിക്കാന്‍ തയ്യാറാവണം.

അംഗവിഛേദം നടത്തി ആളെ കൊല്ലാതെകൊല്ലുന്ന പോലെ ഭരണഘടന അനുശാസിച്ച വ്യക്തി നിയമത്തിലെ ഓരോ വിഷയവും വെട്ടിമുറിച്ച് ഏകസിവില്‍കോഡിലേക്കുള്ള കാല്‍വെപ്പാണ് ഇതിന്റെയൊക്കെ പിന്നിലുള്ളതെന്ന വിമര്‍ശനം നാം പരിഗണിക്കേണ്ടതുണ്ട്. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ സവിശേഷത നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരും ഈ തീരുമാനത്തിനെതിരില്‍ രംഗത്തുവരേണ്ടതുണ്ട്.

മതേതര ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനായി ഈയിടെ കൊണ്ടുവന്ന വര്‍ഗീയ അജണ്ടകളിലേക്ക് ഈ വിഷയത്തെയും നാം ചേര്‍ത്തുവായിക്കണം. ഭരണഘടനാ തത്ത്വങ്ങള്‍ തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമം, ഇരകളെ വേട്ടക്കാരാക്കി തുറുങ്കിലടക്കുന്ന ഡഅജഅ എന്ന കരിനിയമം, കാശ്മീരിന്റെ പ്രത്യേക പദവി സംരക്ഷിക്കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞ നടപടി, അടുത്ത തലമുറയെ കൂടി തങ്ങളുടെ വര്‍ഗീയ അജണ്ടക്ക് അനുകൂലമാക്കാന്‍ ഉദ്ദേശിച്ച് നടപ്പാക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം, കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ അടിയറവെക്കുന്ന സ്വകാര്യവല്‍ക്കരണം, സുസ്ഥിര ഭരണം ലക്ഷ്യംവെച്ച് ക്ഷേത്രനിര്‍മാണത്തെ പൊലിപ്പിച്ചുകൊണ്ടുള്ള വിഭാഗീയ നീക്കങ്ങള്‍...ഇതെല്ലാം മുന്നില്‍വെച്ചു കൊണ്ടായിരിക്കണം മതേതര സമൂഹം ഈ വിവാഹപ്രായം ഉയര്‍ത്തുന്ന വിഷയത്തെ പരിഗണിക്കേണ്ടത്.

'വിവാഹം: മാറേണ്ടത് പ്രായമോ കാഴ്ചപ്പാടോ?' എന്ന ശീര്‍ഷകത്തില്‍ നേര്‍പഥം സംഘടിപ്പിക്കുന്ന ഈ വൈജ്ഞാനിക സംവാദത്തില്‍ ഈ വിഷയത്തിന്റെ വിവിധതലങ്ങളെ വിലയിരുത്തുകയാണ്. വിവാഹപ്രായം വിവിധ രാജ്യങ്ങളില്‍ എത്രയാണ്? വിവാഹപ്രായം ഉയര്‍ത്തുമ്പോള്‍ കുട്ടികളുടെ ശാരീരിക, മാനസിക തലങ്ങളെ എങ്ങനെ ബാധിക്കും? വിവിധ മതങ്ങള്‍ക്ക് ഈ വിഷയത്തിലുള്ള വീക്ഷണം എന്താണ്? ഇസ്‌ലാമിലെ വിവാഹകാഴ്ചപ്പാട് സാര്‍വകാലികമാണ്, എന്തുകൊണ്ട്? ഈ പ്രശ്‌നത്തെ പ്രതിരോധിക്കാനുള്ള മതേതര ഇന്ത്യയുടെ അജണ്ടയെന്തായിരിക്കണം? ചര്‍ച്ച ചെയ്യല്‍ അനിവാര്യമായ ഇത്തരം വിഷയങ്ങളെക്കുറിച്ച് വിവിധ തുറകളിലുള്ള പ്രമുഖര്‍ ഈ വൈജ്ഞാനിക സംവാദത്തില്‍ അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കാം.

ഈ ചര്‍ച്ച നയിക്കുന്നത് വിസ്ഡം ഹെല്‍ത്ത് കെയറിന്റെ സംസ്ഥാന ഭാരവാഹിയും പ്രമുഖ അസ്ഥിരോഗ വിദഗ്ധനും പ്രബാധകനുമായ ഡോ. മുഹമ്മദ് കുട്ടി കണ്ണിയനാണ്.

നിയമങ്ങള്‍ പാസ്സായ ശേഷം അതിനെതില്‍ ഉയരുന്ന പ്രതിഷേധങ്ങളെക്കാള്‍ സ്വാധീനമുണ്ടാകുന്നത് അതിന്റെ തുടക്കത്തില്‍ നടക്കുന്ന വൈജ്ഞാനിക സംവാദങ്ങള്‍ക്കായിരിക്കുമെന്ന തിരിച്ചറിവില്‍നിന്നു കൊണ്ടാണ് 'നേര്‍പഥം' ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണ്. ഇതിന്റെ തുടര്‍ച്ച ഇന്ത്യയുടെ കുടുംബ സംവിധാനം നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരും ഏറ്റെടുക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍ വിവിധ ജനവിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന കെട്ടുറപ്പുള്ള കുടുംബ സംവിധാനമാണ് കമ്പോള താല്‍പര്യങ്ങള്‍ക്ക് എന്നും കടിഞ്ഞാണിട്ടിട്ടുള്ളത്.

കുടുംബ സംവിധാനത്തിന്റെ പടിപ്പുരയായ വിവാഹത്തെ കൊട്ടിയടക്കുകയും കുത്തഴിഞ്ഞ ലൈംഗികതക്ക് വാതില്‍ തുറന്ന് വെക്കുകയും ചെയ്യുക വഴി സ്വതന്ത്രരതിക്കും സ്വവര്‍ഗലൈംഗികതക്കും പാശ്ചാത്യ ലിബറല്‍ സംസ്‌കാരത്തിനും വേണ്ടി വാദിക്കുന്നവര്‍ക്ക് ആവേശം നല്‍കുന്ന ഈ തീരുമാനത്തിനെതിരില്‍ ധാര്‍മിക ബോധമുള്ളവരെല്ലാം രംഗത്തുവരണമെന്ന് അഭ്യര്‍ഥിക്കുന്നു. ഭാരതീയ കുടുംബ സംവിധാനത്തിന്റെ അലകുംപിടിയും തട്ടുംതറയും തരിപ്പണമാക്കാന്‍ ഇടയാക്കുന്ന ഈ നിര്‍ദേശത്തെ നമുക്ക് ഒന്നിച്ച് എതിര്‍ത്ത് തോല്‍പിക്കാം. നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ. എല്ലാവരെയും ഇതിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.


വിവാഹ പ്രായം ഉയര്‍ത്തുന്നത് അനുചിതമാണെന്നും വിവാദങ്ങള്‍ ഉയര്‍ത്തി ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടുവാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഓര്‍മിപ്പിക്കുന്നതായിരുന്നു ബഹു. എംപി ഇ.ടി മുഹമ്മദ് ബഷീറിന്റെ ഉദ്ഘാടന ഭാഷണം.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

'നേര്‍പഥം' സംഘടിപ്പിച്ച വിവാഹ പ്രായം സംബന്ധിച്ചുള്ള 'വിവാഹം: മാറേണ്ടത് പ്രായമോ കാഴ്ചപ്പാടോ?' എന്ന വിഷയത്തില്‍ ഡിസ്‌കഷന്‍ നടക്കാന്‍ പോകുകയാണ്. ആ ഡിസ്‌കഷന്റെ തുടക്കമാണ് നമ്മളിവിടെ കുറിക്കുന്നത്. ഈ പ്രശ്‌നം ഉയര്‍ന്നുവരാനുള്ള കാരണം പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ പറഞ്ഞ ഒരു കാര്യമാണ്. പല വിഷയങ്ങളിലും പഠനം നടത്താന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്. അതില്‍ ഒന്ന് വിവാഹ പ്രായം ഉയര്‍ത്തണമോ എന്നുള്ളതാണ്. ഇപ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് പതിനെട്ടും പുരുഷന്മാര്‍ക്ക് 21ഉം ആണ് വിവാഹ പ്രായം. ഈ കമ്മിറ്റി പഠനറിേപ്പാര്‍ട്ട് െകാടുത്തുകഴിഞ്ഞാല്‍ അതിനെപ്പറ്റി തീരുമാനിക്കും എന്നാണ് പറയുന്നത്.

പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു; നമ്മുെട പെണ്‍കുട്ടികള്‍ക്ക് പോഷകാഹാരക്കുറവിന്റെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്, അതിനാല്‍ വിവാഹപ്രായം കൂട്ടണമോ എന്നതിനെക്കുറിച്ച് ഇൗ കമ്മിറ്റി പഠിക്കും, എന്നിട്ട് തീരുമാനമെടുക്കും എന്ന്. ഗവണ്‍മെന്റിന്റെ സമീപനമെടുത്തു പരിശോധിച്ചാല്‍ മൗലികമായ പ്രശ്‌നങ്ങളില്‍നിന്നകന്ന് രാജ്യത്തൊരു വലിയ ചര്‍ച്ചയുണ്ടാക്കി സ്ത്രീകളുടെ രക്ഷകന്മാര്‍ തങ്ങളാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള നിഗൂഢ അജണ്ട ഈ ഗവണ്‍മെന്റ് എന്നുമെടുത്തിട്ടുണ്ട് എന്ന് കാണാനാവും. ഇതുപോലുള്ള ഒരു പ്രഖ്യാപനമായിരുന്നു ചെങ്കോട്ടയില്‍വെച്ചു നടത്തിയത്;  മുത്ത്വലാക്വിന്റെ വിഷയത്തില്‍. മുത്ത്വലാക്വിന്റെ പ്രശ്‌നം വന്ന സമയത്ത് എല്ലാവര്‍ക്കും അറിയാമായിരുന്നു ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് ഒരു പ്രശ്‌നമേയല്ല മുത്ത്വലാക്വ് എന്നത്. പക്ഷേ, എന്താണവര്‍ വരുത്താന്‍ ശ്രമിച്ചത്? ഈ നാട്ടിലെ മുഴുവന്‍ സ്ത്രീകളുടെയും അധോഗതിക്കു കാരണം, പരാജയത്തിനു കാരണം മുത്ത്വലാക്വാണ്, അതുകൊണ്ട് ഞങ്ങളവരുടെ രക്ഷകരായി വന്നിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ ഈ നിയമം കൊണ്ടുവരുന്നു എന്നാണവര്‍ പറഞ്ഞത്.

ഇപ്പോള്‍ വിവാഹ പ്രായം ഉയര്‍ത്താന്‍ കാരണമായി പറയുന്നത് മാതൃത്വത്തില്‍ പ്രവേശിക്കുന്ന പ്രായം നേരത്തെയാകുന്നതിനാല്‍ പോഷകാഹാരക്കുറവ് സംഭവിക്കുന്നു എന്നിത്യാദി കാര്യങ്ങളാണ്. ഇവിടുത്തെ പ്രശ്‌നം അതൊന്നുമല്ല. പോഷകാഹാരക്കുറവ് ഒരു പ്രശ്‌നമാണ്, സംശയമില്ല. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ അത് പ്രശ്‌നമാണ് എന്നത് പ്രധാനമന്ത്രിക്കറിയാം, എല്ലാവര്‍ക്കുമറിയാം. നാടാകെ മാറിയിരിക്കുന്നു, ഇന്ത്യ മുന്നോട്ട് കുതിക്കുന്നു എന്നൊക്കെ പറയുമ്പോഴും ഗ്രാമീണസ്ത്രീകള്‍ക്കിടയില്‍ വിളര്‍ച്ച രോഗം കൂടുകയാണ്. പോഷകാഹാരക്കുറവു കാരണമായി കൂടുതല്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. അതില്‍നിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാന്‍ ഒരു പൊടിക്കൈ പ്രയോഗിക്കുകയാണ് ഇന്ത്യാഗവണ്‍മെന്റ് എന്നാണ് എന്റെ കാഴ്ചപ്പാട്.

പോഷകാഹാരക്കുറവ് അഡ്രസ് ചെേയ്യണ്ട വിഷയം തന്നെയാണ്. അതിന് ഗവണ്‍മെന്റ് ഗൗരവതരമായ ചില നടപടികള്‍ എടുത്തേ പറ്റൂ. ഗ്രാമീണ സ്ത്രീകള്‍ക്ക് കുടിക്കാന്‍ നല്ല വെള്ളമില്ല, പ്രാഥമിക കാര്യം നിര്‍വഹിക്കാന്‍ സൗകര്യമില്ല, പോഷകാഹാരം അവര്‍ക്ക് കിട്ടുന്നില്ല... ഇതെല്ലാം യാഥാര്‍ഥ്യമാണ്. വടക്കെ ഇന്ത്യയിലെ ജനജീവിതം കണ്ടുമനസ്സിലാക്കിയ ആര്‍ക്കും ഇത് മനസ്സിലാക്കാന്‍ സാധിക്കും. അത്രയും ദുരിതം പിടിച്ച സാഹചര്യത്തിലൂടെയാണ് വടക്കെ ഇന്ത്യയിലെ സ്ത്രീകളും കുഞ്ഞുങ്ങളും കഴിഞ്ഞുകൂടുന്നത്. അത് അഡ്രസ് ചെയ്യാനുള്ള തന്റേടം കാണിക്കാതെ, അതിനുള്ള പരിഹാരം കാണിക്കാതെയാണ് ഈ പുകമറ സൃഷ്ടിക്കല്‍. ഐസിഡിഎസില്‍ പോലും കൊടുത്തിട്ടുള്ള പൈസ പൂര്‍ണമായിട്ടും ചെലവാക്കുന്നില്ല, അതിന്റെ അലോക്കേഷന്‍ തന്നെ കുറക്കുന്നു എന്ന കാര്യം ചര്‍ച്ചചെയ്യപ്പെടുന്ന രാജ്യമാണിത്. ഫണ്ടമെന്റലായിട്ടുള്ള അത്തരം കാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനു പകരം ആ സംഗതിയെപ്പറ്റി വളരെയധികം പ്രയാസപ്പെടുന്ന ജനങ്ങള്‍ക്കിടയില്‍ അന്താരാഷ്ട്രതലത്തില്‍ നടത്തിയിട്ടുള്ള ചില പഠനങ്ങളിലൊക്കെ ഇന്ത്യയില്‍ ഇത്തരം കാര്യങ്ങളില്‍ സംഭവിച്ചിട്ടുള്ള അപചയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറയിടാന്‍ വേണ്ടിയുള്ള ഒരു സൂത്രമെന്നതില്‍ കവിഞ്ഞ് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ യാതൊര ആത്മാര്‍ഥതയുമില്ല എന്നാണ് എന്റെ വിചാരം. കുറെ കാലത്തെ പഠനങ്ങള്‍ക്കു ശേഷമാണ് ആണിന്റെ വിവാഹ പ്രായം 21ഉം പെണ്ണിന്റെ വിവാഹ പ്രായം 18ഉം ആക്കി നിശ്ചയിച്ചത്. അതിനു ശേഷം വന്നിട്ടുള്ള പുതിയ സാഹചര്യമെന്താണ്? ജനങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളില്‍നിന്ന് ചര്‍ച്ച തിരിച്ചുവിടുക എന്നല്ലാതെ മെറ്റാന്നും ഇതിനു പിന്നില്‍ ഞാന്‍ കാണുന്നില്ല. ഏതു കാലത്തും അവെരടുത്തിട്ടുള്ള ഒരു കപടനാടകം എടുക്കുന്നു.

വിവാഹ പ്രായം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച തന്നെ ഈ സമയത്ത് അപ്രസക്തമാണ് എന്നാണ് എന്റെ വിചാരം. സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയാണത് കൊണ്ടുവരുന്നത് എന്നു പറയുന്നതില്‍ യാതൊരര്‍ഥവുമില്ല. സ്ത്രീകളുടെ രക്ഷകരെന്നു പറഞ്ഞുള്ള ഒരു പൊടിക്കൈ പ്രയോഗം മാത്രമാണിത്. യുക്തിഭദ്രമായ ഒരു തീരുമാനമല്ല ഗവണ്‍മെന്റ് എടുക്കുന്നത് എന്നു ഞാന്‍ വിചാരിക്കുകയാണ്. ഈ ചര്‍ച്ച നടക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് എല്ലാവരെയും കൊണ്ടുവരുമല്ലോ.ഈ വീക്ഷണത്തോട് യോജിക്കുന്നവരായിരിക്കും ഒരുപക്ഷേ, അധികവും. വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ടെങ്കില്‍ വരട്ടെ, അറിയാമല്ലോ അവര്‍ക്കെന്താണ് പറയാനുള്ളതെന്ന്. ധിഷണാപരമായ ചര്‍ച്ചക്ക് കാലികമായ ഒരു വിഷയം വിസ്ഡം ഓര്‍ഗനൈ സേഷന്‍ തെരഞ്ഞെടുത്തതിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി ഞാന്‍ അറിയിക്കുന്നു.


ആങ്കര്‍: ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

ബഹുമാന്യനായ എം.പി പറഞ്ഞതുപോലെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളില്‍നിന്ന് വഴിതിരിച്ചുവിടാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ നീക്കം. ഈ പ്രശ്‌നത്തിന്റെ നാഴികക്കല്ലുകള്‍ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞ ജൂലൈ 31ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ ജയ ജയ്റ്റിലിയുടെ നേതൃത്വത്തില്‍ ഒരു ടാസ്‌ക് ഫോഴ്‌സ് സമര്‍പ്പിച്ച ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇവിടെ എല്ലാവരും ഉയര്‍ത്തുന്ന ചില ന്യായങ്ങളുണ്ട്-വിവാഹപ്രായം വര്‍ധിപ്പിക്കാന്‍ അവര്‍ ഉന്നയിക്കുന്ന ചില ന്യായങ്ങള്‍. അതിലൊന്ന് സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ടുള്ള മരണനിരക്ക് ഇന്ത്യയില്‍ വളരെ കൂടുതലാണ് എന്നുള്ളതാണ്. അഥവാ ഒരു ലക്ഷം പ്രസവത്തില്‍ എത്ര സ്ത്രീകള്‍ മരിക്കുന്നു എന്നതാണ് അതിന്റെ ഒരു സൂചിക. മെറ്റേണല്‍ മോര്‍ട്ടാലിറ്റി റൈറ്റ് (എംഎംആര്‍) എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. അത് ഇന്ത്യയുടെത് 122 ആണ്. അത് കുറക്കാന്‍ വേണ്ടിയാണ് സത്യത്തില്‍ ഈയൊരു ശുപാര്‍ശ വന്നിട്ടുള്ളത്. അതേപോലെ തന്നെ ആദ്യ വയസ്സിനുള്ളില്‍തന്നെ കുട്ടി മരണപ്പെടുക എന്നതും ഗര്‍ഭിണികളടെ വിളര്‍ച്ച, പോഷകാഹാരക്കുറവ് എന്നീ കാര്യങ്ങളൊക്കെ കൊണ്ടാണ് ഇത് കൂടുതല്‍ സംഭവിക്കുന്നത്. ഇതെല്ലാം ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ഒരു നടപടിയുടെ ഭാഗമായിട്ടാണ് ഈ നിയമം കൊണ്ടുവരുന്നത് എന്നു പറയുന്നു. കേട്ടാല്‍ തോന്നും നല്ല കാര്യമായിട്ടാണ് ഇത് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത് എന്ന്. സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ടുള്ള മരണനിരക്ക് പരിശോധിക്കുമ്പോള്‍, സത്യത്തില്‍ വളരെ നേരത്തെ കല്യാണം കഴിഞ്ഞതുകൊണ്ട് മാത്രമാണോ ഇവര്‍ക്ക് ഈ ഒരു അവസ്ഥ വന്നിട്ടുള്ളത് എന്ന് ഈ ഡാറ്റ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.

ഇത് മനസ്സിലാക്കിയേടത്ത് ചില വീഴ്ചകള്‍ വന്നിട്ടുണ്ട് എന്ന് ഡാറ്റ പരിശോധിച്ചാല്‍ പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാകും. പെണ്ടാക്കെ എല്ലാവരും വീട്ടിലായിരുന്നു പ്രസവിച്ചിരുന്നത്. നമുക്കറിയാം നമ്മുടെ ഉമ്മമാരും ഉമ്മാമമാരുമെല്ലാം പ്രസവിച്ചത് വീട്ടിലാണ്. അക്കാലഘട്ടത്തില്‍ പ്രസവിക്കാന്‍ ആശുപത്രിയിലേക്ക് എപ്പോഴാണ് പോവുക? ആയക്ക് പ്രസവം എടുക്കാന്‍ കഴിയാത്ത, നോര്‍മലായിട്ട് പ്രസവം നടക്കാത്ത ഒരു പ്രതിസന്ധി പ്രതീക്ഷിക്കുമ്പഴോ അത് സംഭവിക്കുമ്പഴോ മാത്രമാണ് ആശുപത്രിയിലേക്ക് പ്രസവത്തിന് പോകുന്നത്. അപ്പോള്‍ അന്നത്തെ ആശുപത്രി രജിസ്റ്ററിലെ ഡാറ്റ പരിശോധിക്കുന്ന ഒരാള്‍ക്ക് മനസ്സിലാകുന്നതെന്താണ്? അവിടെ നടക്കുന്ന പ്രസവങ്ങളില്‍ ഭൂരിഭാഗവും വളരെ സങ്കീര്‍ണമാണ് എന്ന്. അതുകൊണ്ട് ആശുപത്രി സുഖപ്രസവത്തിന് പറ്റിയതല്ല എന്ന് ഒരാള്‍ തീരുമാനിക്കുന്നത് പോലെയാണ് സത്യത്തില്‍ ഈ ഡാറ്റയില്‍നിന്ന് ഇത്തരത്തിലുള്ള ഒരു തീരുമാനം വന്നു എന്നുള്ളത്. ലോകാരോഗ്യ സംഘടന ഇറക്കിയ ഇതിന്റെ ഡാറ്റയുണ്ട്. ലോകത്തിലെ ബഹുഭൂരിഭാഗം രാജ്യങ്ങളിലെയും ഈ റൈറ്റ് അവര്‍ കമ്പയര്‍ ചെയ്തുകൊണ്ട് അവര്‍ കണ്‍ക്‌ളൂഷനിലെത്തുന്നുണ്ട്.

94% മാതൃമരണങ്ങളും നടക്കുന്നത് വരുമാനം കുറഞ്ഞ രാജ്യങ്ങളിലാണ്. അവികസിത രാജ്യങ്ങളിലാണ് മരണനിരക്ക് കൂടുതല്‍ ഉള്ളത്. വികസിതമായ, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഈ മരണനിരക്ക് വളരെ കുറവാണ്. അടിസ്ഥാനപരമായ ഭക്ഷണം, അതേപോലെതന്നെ ആരോഗ്യപരിരക്ഷാസംവിധാനങ്ങള്‍ നന്നായി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇത്തരത്തില്‍ മരണങ്ങള്‍ നടക്കുന്നില്ല എന്നുള്ള യാഥാര്‍ഥ്യം ഇവര്‍ മൂടിവെക്കുകയാണ് എന്നത് വളരെ ഖേദകരമായ കാര്യമാണ്.

മലപ്പുറം ജില്ലയില്‍ ഒരു ലക്ഷം സ്ത്രീകളില്‍ 23 പേര്‍ മാത്രമാണ് മരിക്കുന്നത്. കേരളത്തിലെ മൊത്തം റൈറ്റ് നോക്കുമ്പോള്‍ അത് 40-42 ആണ്. ഇന്ത്യയുടെത് 122ഉം! മറ്റു ജില്ലകളിലുള്ളതിനെക്കാള്‍ പ്രസവം നടക്കുന്ന മലപ്പുറം ജില്ല പോലും കേരളത്തിന്റെ ആവറേജിന്റെ പകുതിക്കും താഴെയാണ് കിടക്കുന്നത് എന്നുള്ളത് ഇവിടുത്തെ സാമ്പത്തികമായ നല്ലൊരു അവസ്ഥയെയും മികച്ച ആരോഗ്യപരിരക്ഷാ സംവിധാനങ്ങളെയുമാണ് സൂചിപ്പിക്കുന്നത് എന്ന് കൃത്യമായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് ഇനിയും ആളുകളെ കബളിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ ഒരിക്കലും സാധിക്കുകയില്ല എന്ന് നിയമനിര്‍മാതാക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്. അടുത്തതായി ഈ വൈജ്ഞാനിക ചര്‍ച്ചയില്‍ നമ്മോട് പങ്കുചേരുന്നത് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ഡോക്ടര്‍ സെബാസ്റ്റ്യന്‍പോള്‍.


ഡോ. സെബാസ്റ്റ്യന്‍ പോള്‍

കശ്മീരിനും അയോധ്യക്കും ശേഷം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അടുത്തതായി ഉന്നംവെക്കുന്നത് അവരുടെ മറ്റൊരു വാഗ്ദാനം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ്. ഏക സിവില്‍ നിയമം എന്നുള്ളതാണ് ആ വിഷയം. ഭരണഘടനയുടെ അനുച്ഛേദം 44 പ്രകാരം ചെയ്യേണ്ടതായ, അനുഷ്ഠിക്കേണ്ടതായ ഒരു കാര്യമാണ് എന്ന വിശദീകരണം ഉണ്ടെങ്കിലും യൂണിഫോം സിവില്‍കോഡ് എന്നതുകൊണ്ട് എന്താണ് ബിജെപിയും ബിജെപിയുടെ സര്‍ക്കാരും ഉദ്ദേശിക്കുന്നത് എന്നതില്‍ വ്യക്തതയുണ്ട്. യൂണിഫോം സിവില്‍കോഡ് എന്നു പറഞ്ഞാല്‍ പെട്ടെന്ന് പാര്‍ലമെന്റ് സമ്മേളിച്ച് ഒരു ഏകനിയമം എല്ലാവര്‍ക്കും, എല്ലാ മതത്തില്‍പെട്ടവര്‍ക്കും ബാധകമാകുന്നത് ഉണ്ടാക്കിയെടുക്കുക എന്നതല്ല. അത് അസാധ്യമായ കാര്യമാണ്. അതിന്റെ ആവശ്യവുമില്ല. ഏകീകൃത നിയമം പണ്ടേ ഉണ്ട്. എല്ലാവര്‍ക്കും ക്രിമിനല്‍ നിയമം ഒന്നാണ്. ഓരോ മതവിഭാഗത്തിനും ആചാരാനുഷ്ഠാനങ്ങള്‍ വ്യത്യസ്തമാണ്. ആ വ്യത്യാസങ്ങള്‍ കഴിയുന്നതും ഒഴിവാക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് കോടതി തന്നെയാണ്. അങ്ങനെയൊരു വിധിയാണ് അടുത്ത കാലത്ത് സുപ്രീം കോടതി നല്‍കിയത്. ഹിന്ദു പിതൃസ്വത്തിലുള്ള അവകാശം പെണ്‍കുട്ടികള്‍ക്കും ഉണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം പറഞ്ഞു. അതിനെയൊക്കെ സിവില്‍ നിയമം ഏകീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിത്തന്നെയാണ് കാണേണ്ടത്.

മുസ്‌ലിംകളെ ബാധിക്കുന്ന നിയമങ്ങള്‍, ക്രിസ്ത്യാനികളെ ബാധിക്കുന്ന നിയമങ്ങള്‍, ഹിന്ദുക്കളെ ബാധിക്കുന്ന നിയമങ്ങള്‍; ഇതിലൊക്കെ ഏകസ്വഭാവം വരുത്താന്‍ കോടതികള്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ ഒരു പുതിയ വിഷയം, ആരും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലാത്തതും ആരും ആവശ്യപ്പെടാത്തതുമായ ഒരു കാര്യം പ്രധാനമന്ത്രി പറഞ്ഞിരിക്കുകയാണ്. വിവാഹപ്രായം ഉയര്‍ത്തും എന്നുള്ളതാണത്. വിവാഹപ്രായം നിയമംമൂലം നിശ്ചയിക്കപ്പെട്ട ഒന്നാണ്. ഓരോ കാലത്തും ആ കാലഘട്ടത്തിലെ സാമൂഹ്യ അവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഇതൊക്കെ നിശ്ചയിക്കുന്നത്. മഹാത്മാ ഗാന്ധി വിവാഹം കഴിച്ചപ്പോള്‍ കസ്തൂര്‍ബായ്ക്ക് 12 വയേസ്സ ഉണ്ടായിരുന്നുള്ളൂ. 12 വയസ്സുതന്നെ അക്കാലത്ത് ആകണമെന്നില്ലായിരുന്നു. ഒന്‍പത് വയസ്സും എട്ടുവയസ്സുമൊക്കെ ആകുമ്പോള്‍ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കുന്ന രീതി അന്നുണ്ടായിരുന്നു. ഇന്നും വടക്കെ ഇന്ത്യയിലെ പല ഗ്രാമങ്ങളിലും അത് നടക്കുന്നുണ്ട്.

സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അനുസൃതമായി അതിനൊക്കെ മാറ്റം വരുത്തി. നമ്മള്‍ ഇപ്പോള്‍ കുറേക്കൂടി മുകളിലേക്ക് വന്നു. അത് എന്തിനെന്നു ചോദിച്ചാല്‍, ഒരു പെണ്‍കുട്ടി ശാരീരികമായും മാനസികമായും വളര്‍ച്ചപ്രാപിച്ച് പക്വതയാര്‍ജിക്കണം. ഭാര്യയാകാനും പ്രസവിക്കാനും കുടുംബം പുലര്‍ത്താനുമൊക്കെയള്ള പ്രാപ്തി ഒരു പെണ്‍കുട്ടിക്ക് ഉണ്ടാകണമല്ലോ.

വിവാഹപ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശത്തെ പ്രത്യക്ഷത്തില്‍ തന്നെ എതിര്‍ക്കുന്ന ആളല്ല ഞാന്‍. പല പരിഷ്‌കൃത സമൂഹങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ ഉയര്‍ച്ച കാലക്രമത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. വിദ്യാഭ്യാസം നേടുക, ഉദ്യോഗത്തിന് പോവുക തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വാഭാവികമായും അവര്‍ വിവാഹം നീട്ടിക്കൊണ്ടുപോകും. നമ്മുടെ നാട്ടിലും അത് കാണുന്നുണ്ട്. എല്ലാ മതങ്ങളിലും പെട്ട പെണ്‍കുട്ടികളുടെ ഇടയിലും അത് കാണുന്നുണ്ട്. വിവാഹം കുറച്ച് നീട്ടിക്കൊണ്ടുപോവുക എന്നുള്ളതില്‍ ഒരു തെറ്റും പറയാനില്ല. എന്നാല്‍ ഭരണകൂടത്തിന്റെ ഇടപെടലുണ്ടാകുമ്പോള്‍ അവിടെ ചില സംശയങ്ങള്‍ നമുക്കുണ്ടാകുന്നു. ജനസംഖ്യയുടെ അമിതമായ വര്‍ധന തടയണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സന്താനോല്‍പാദന വിഷയത്തില്‍ പോലും ഭരണകൂടം ഇടപെടുന്ന അവസ്ഥയുണ്ട്. ചില ഏകാധിപത്യ രാജ്യങ്ങളിലൊക്കെ അത് നടന്നിട്ടുണ്ട്. ചൈനയില്‍ നടക്കുന്നുണ്ട്. എത്ര കുട്ടികള്‍ വേണമെന്ന് ഭരണകൂടം നിശ്ചയിക്കുന്ന സാഹചര്യം, ഏതു വയസ്സില്‍ വിവാഹം കഴിക്കണം, എത്ര കുട്ടികള്‍ വേണം എന്നതുപോലെയുള്ള തീര്‍ത്തും വ്യക്തിപരമായ, സ്വകാര്യമായ ഇടങ്ങളിലേക്ക് ഭരണകൂടം പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വലുതാണ്. അത് കേവലമായ സ്വകാര്യതയെ മാത്രം ബാധിക്കുന്ന വിഷയമല്ല.

സ്വയംഭരണവും സ്വയംനിര്‍ണയാവകാശവും രാജ്യങ്ങള്‍ക്കു മാത്രമല്ല; വ്യക്തികള്‍ക്കുമുണ്ട്. എന്റെ കാര്യങ്ങള്‍ ആ രീതിയില്‍ നിശ്ചയിക്കേണ്ടത് ഞാനാണ്. പക്ഷേ, അത് പൊതുതാല്‍പര്യത്തിനും പൊതുജനാരോഗ്യത്തിനും ധാര്‍മികതയ്ക്കും ഒക്കെ നിരക്കുന്ന രീതിയില്‍ ആകണം എന്ന് മാത്രമേയുള്ളൂ. മറ്റാര്‍ക്കും ഒരു ഉപദ്രവവും എന്റെ തീരുമാനംകൊണ്ട് ഉണ്ടാകരുത്. അങ്ങനെയുള്ള അവസ്ഥയില്‍, ഇപ്പോള്‍ പെട്ടെന്ന് ഒരു പൊതുപ്രഭാഷണത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കേണ്ട വിഷയമല്ല പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും പ്രസ്താവനകളില്‍ അടങ്ങിയിട്ടുള്ള വലിയതോതിലുള്ള അപകടങ്ങള്‍ ആരുമറിയാതെ വിദഗ്ധമായി ഒളിച്ചുവെക്കാറുണ്ട്. എന്താണ് ഇതിന്റെ യഥാര്‍ഥ ഉദ്ദേശ്യമെന്ന് നമുക്ക് വരുംകാലങ്ങളില്‍ മനസ്സിലാകുമായിരിക്കും. പക്ഷേ, ഇപ്പോള്‍ ഇങ്ങനെയൊരു നിര്‍ദേശം, തീര്‍ത്തും ഏകപക്ഷീയമായി പ്രധാനമന്ത്രി മുന്നോട്ടുവെക്കുമ്പോള്‍ അതില്‍ അപകടമുണ്ടോ എന്ന് നാം പരിശോധന നടത്തണം. വളരെ ലളിതമായി പറഞ്ഞ് അവസാവനിപ്പിക്കേണ്ട ഒരു വിഷയമല്ല ഇത്. സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ ഈ രാജ്യത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ പ്രധാനമന്ത്രിക്ക് പറയാനുണ്ടായിരുന്നു. ഒരു ജനത എന്ന നിലയിലുള്ള നമ്മുടെ അതിജീവനം തന്നെ അപകടത്തിലാണ്. എങ്ങനെയാണ് നമ്മള്‍ കഴിഞ്ഞുകൂടുന്നത്? അടച്ചിട്ട മുറികളിലും വീടുകളിലും കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ട ഒരു ജനത എപ്രകാരമാണ് മുന്നോട്ട് പോകുന്നത്, അല്ലെങ്കില്‍ പോകേണ്ടത്? അങ്ങനെ പല കാര്യങ്ങളും പറയാനുള്ളപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞത് വിവാഹപ്രായം കൂട്ടാം എന്നാണ്! എത്ര കൂട്ടും? 21 ആക്കുമോ? അതോ അതിലും കൂടുതല്‍ വേണമോ? ആരും പറയാതെ തന്നെ ഈ രാജ്യത്ത് വിദ്യാഭ്യാസമുള്ള, ഉദ്യോഗമുള്ള പെണ്‍കുട്ടികള്‍ വിവാഹം നീട്ടിക്കൊണ്ടുപോകുന്നുണ്ട്. ഇരുപതിനും മുപ്പതിനുമിടയിലുള്ള പ്രായം വിവാഹത്തിന് പെണ്‍കുട്ടികള്‍ തന്നെ സ്വാഭാവികമായി സ്വീകരിച്ചിട്ടുള്ള ഒരു പ്രായമായി മാറിക്കഴിഞ്ഞു. അതിലും നേരത്തെ വിവാഹം നടത്തേണ്ട അവസ്ഥ വന്നാല്‍ അതും നടക്കാറുണ്ട്.

നമ്മുടെ നാട്ടില്‍ വോട്ടുചെയ്യുന്നതിന് ആദ്യം 21 വയസ്സായിരുന്നു. പിന്നെ അത് പതിനെട്ടാക്കി. എന്റെ അഭിപ്രായത്തില്‍ അത് 16 ആക്കുന്നതില്‍ തെറ്റൊന്നുമില്ല. കാരണം ആ പ്രായമാകുമ്പോഴേക്കും കുട്ടികള്‍ക്ക് നല്ല രീതിയിലുള്ള പൊതുബോധവും രാഷ്ട്രീയബോധവും ഉണ്ടാകുന്നുണ്ട്. ആ തരത്തിലുള്ള വിദ്യാഭ്യാസം അവര്‍ക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് അത് വേണമെങ്കില്‍ അല്‍പം കുറക്കാം. ആ തോതില്‍ വിവാഹപ്രായം കുറക്കണം എന്ന് ആരും പറയില്ല. അതിന്  മറ്റു പല കാരണങ്ങളുമുണ്ട്.

എന്നാല്‍ വിവാഹപ്രായമങ്ങ് കൂട്ടാം എന്ന് പറയുമ്പോള്‍ എന്താണ് അതിന് അടിസ്ഥാനം? പ്രധാനമന്ത്രി വ്യക്തിപരമായ ഒരു ഇഷ്ടത്തെ അടിസ്ഥാനമാക്കിയാണോ അത് പറഞ്ഞത്? അതല്ല സാമൂഹികശാസ്ത്ര പഠനത്തെ അടിസ്ഥാനമാക്കിയുള്ള നിലപാടാണോ അദ്ദേഹം വ്യക്തമാക്കിയത്? ആവക കാര്യങ്ങള്‍ കൂടി നമ്മള്‍ അറിയണം. ഏതു കാര്യവും വളരെ നിര്‍ദോഷമായി അവതരിപ്പിക്കപ്പെടും. എന്നാല്‍ അതിനുള്ളില്‍ വലിയ അപകടങ്ങള്‍ കണ്ടു എന്ന് വരാം.

വ്യക്തികളുടെ, അല്ലെങ്കില്‍ സമൂഹത്തിന്റെ മതപരവും സാംസ്‌കാരികവും സാമൂഹികവും ഒക്കെ ആയിട്ടുള്ള ചില നിലപാടുകള്‍ നമ്മുടെ ജീവിതക്രമത്തെ നിശ്ചയിക്കുന്നത് അതുപോലുള്ള പല ഘടകങ്ങളും ഒത്തു ചേരുമ്പോഴാണ്. ആ മേഖലയിലേക്കുള്ള ഭരണകൂടത്തിന്റെ ഒരു കടന്നുകയറ്റമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് നമ്മള്‍ പരിചയമുള്ള മറ്റൊരു വാക്ക് ഉപയോഗിക്കാറുണ്ട്. ഫാസിസം എന്നാണത്. ഫാസിസം പല പേരുകളില്‍ പല രാജ്യങ്ങളില്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇപ്പോഴും പ്രാബല്യത്തില്‍ ഉണ്ട്. അവിടെയെല്ലാം വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക,് കുടുംബ ജീവിതത്തിലേക്ക് അതിക്രമിച്ചു കടക്കുന്നതിനുള്ള ഭരണകൂടത്തിന്റെ വ്യഗ്രത നാം കാണുന്നുണ്ട്. ഇവിടെയും പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയില്‍ അത്തരത്തിലുള്ള, അത്ര ശുഭകരമല്ലാത്ത ഒരു സൂചന ഞാന്‍ കാണുന്നുണ്ട്.അതുകൊണ്ട് വ്യക്തത വരട്ടെ. വ്യക്തത വരുവോളം നമുക്ക് ഈ കാര്യങ്ങളൊക്കെ ജാഗ്രത പുലര്‍ത്താം.

ആര്, ആരെ,  എപ്പോള്‍ വിവാഹം കഴിക്കണം, എങ്ങനെ ജീവിക്കണം എന്നൊക്കെയുള്ളത് വ്യക്തികള്‍ക്ക് വിട്ടുകൊടുക്കുക. പൊതുവായ ഒരു രൂപരേഖ, നിയന്ത്രണരേഖ ഒക്കെയാകാം. അതൊക്കെ ഇപ്പോള്‍ ഉണ്ട്. ബാല്യവിവാഹം നമ്മള്‍ നിയമംമൂലം നിരോധിച്ചിട്ടുണ്ട്. താഴേക്ക് കൊണ്ടുവരണം എന്നാരും പറയുന്നില്ല. ഉയര്‍ത്തണമെന്നും ആരും പറഞ്ഞിട്ടില്ല. അതുകൊണ്ട് ഒരു പൊതുചര്‍ച്ചയ്ക്ക് സഹായകരമാകുന്ന രീതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രി വെളിപ്പെടുത്തണം. അപ്പോള്‍ മാത്രമെ ആരോഗ്യകരമായ രീതിയില്‍ ഇത്തരം വിഷയങ്ങളില്‍ സംവാദം നടത്തുന്നതിനും സമന്വയത്തില്‍ എത്തിച്ചേരുന്നതിനു സമൂഹത്തിന് കഴിയുകയുള്ളൂ.


കെ.പി രാമനുണ്ണി

പ്രിയപ്പെട്ട സുഹൃത്തുക്കേള, പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ ആലോചന പല വിവാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ നിലവിലുള്ള 18-21 എന്ന പ്രായം തീര്‍ച്ചയായും ജീവശാസ്ത്രപരമായും സാമൂഹ്യമായും ന്യായീകരിക്കാന്‍ പറ്റുന്നതാണ്. പെട്ടെന്ന് ഇപ്പോള്‍ വിവാഹപ്രായം ഉയര്‍ത്തേണ്ട യാതൊരു കാര്യവും ഇല്ല എന്നാണ് നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് തോന്നുക. വിവാഹപ്രായത്തെ പറ്റി ആലോചിക്കുയാണെങ്കില്‍, നമുക്ക് അറിയാന്‍ കഴിയും

സാമ്പത്തികമായും സാമൂഹ്യമായും മുന്നില്‍ നില്‍ക്കുന്നവര്‍ സ്വാഭാവികമായും അവരുടെ പെണ്‍മക്കളുടെ വിവാഹപ്രായം ഉയര്‍ത്തുകയാണ് ചെയ്യാറുള്ളത്. വിദ്യാഭ്യാസരംഗത്തുള്ള മുന്നേറ്റത്തിനു വേണ്ടി ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് ഇരുപത്തിയൊന്നും ഇരുപത്തിയഞ്ചുമൊക്കെയായി മാറും. എന്നാല്‍ സാമ്പത്തികമായി പിന്നില്‍നില്‍ക്കുന്നവരാണ് കൂടുതലായിട്ട് പെണ്‍കുട്ടികളെ 18 വയസ്സാകുമ്പോഴേക്കും വിവാഹം കഴിച്ചു കൊടുക്കുക. ഇതിനുള്ള കാരണം അവര്‍ക്ക് പെണ്‍മക്കളെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പിക്കാനുള്ള ബദ്ധപ്പാടാണ്. ഇന്ന് സ്ത്രീപീഡനങ്ങള്‍ അരങ്ങേറുന്ന അവസ്ഥാവിശേഷത്തില്‍ പെണ്‍കുട്ടികളെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പിക്കുക എന്നത് സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്നവരുടെ ഒരു ആവശ്യമാണ്. ഇതേപോലെ തന്നെ പല ഗോത്ര സമുദായങ്ങളിലും ആദിവാസി സമുദായങ്ങളിലുമെല്ലാം നേരത്തെ തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുന്ന സമ്പ്രദായമുണ്ട്. ഇങ്ങനെയുള്ളവരുടെയെല്ലാം താല്‍പര്യങ്ങള്‍ക്ക് എതിരായിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴുള്ള ഈ നയം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ നയം ഇന്ത്യാ രാജ്യത്തെ എല്ലാ മത വിഭാഗങ്ങളിലും പെടുന്ന പിന്നോക്കക്കാരെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പറയാനുള്ളത്. വേണ്ടവണ്ണം ആലോചിക്കാതെയുള്ള ഒരു എടുത്തുചാട്ടമാണ് ഈ വിവാഹപ്രായത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യാരാജ്യത്ത് ഏതൊരു നയരൂപീകരണത്തിന് പിന്നിലും  ഒരുതരത്തിലുള്ള ന്യൂനപക്ഷ വിദ്വേഷത്തിന്റെ അലയടികള്‍ കണ്ടെത്താന്‍ സാധിക്കും. പൗരത്വനിയമമാണെങ്കിലും കാശ്മീര്‍ പ്രശ്‌നത്തിലുള്ള നിയമമാണെങ്കിലുമൊക്കെ നമുക്ക് കാണാവുന്ന ഒരു കാര്യമാണത.് ഈ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ സത്യത്തില്‍ അങ്ങനെയുള്ള ചില കാലുഷ്യത്തിന്റെ പ്രതിഫലനങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. കാരണം ഹിന്ദുവര്‍ഗീയവാദികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യം 20 കൊല്ലം കൊണ്ട് ഇവിടെ ന്യൂനപക്ഷത്തിന്റെ, വിശേഷിച്ച് മുസ്‌ലിംകളുടെ ജനസംഖ്യ വര്‍ധിച്ച് ഭൂരിപക്ഷത്തെ അവര്‍ കടത്തിവെട്ടും എന്നുള്ളതാണ്. ഈയൊരു ഭീതി സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതുമായി കൂട്ടിവായിക്കുന്ന സമയത്ത് ഹിന്ദു സമുദായത്തിനുള്ള ആശങ്ക വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് കൂടിയാണ് ഈ വിവാഹപ്രായം ഉയര്‍ത്താനുള്ള ഒരു ആലോചന. കാരണം കൂടുതല്‍ ജനസംഖ്യാ വിസ്‌ഫോടനം ഉണ്ടാകുന്നത് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയിലാണ് എന്ന ഒരു ധാരണ വളര്‍ത്തുക, അവര്‍ക്കെതിരായ ഒരു വികാരം വളര്‍ത്തുക ഇങ്ങനെയുള്ള വിലക്ഷണമായ പല പദ്ധതികളും ഈ വിവാഹപ്രായം ഉയര്‍ത്തുന്നതിന് പിറകിലുണ്ട് എന്ന് നമുക്ക് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് വളരെ മോശപ്പെട്ട ഒരു കാര്യമാണ്. ഹിന്ദുക്കള്‍ക്കും ഹിന്ദുക്കളുടെ ഇടയിലും പിന്നാക്ക വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് 18 വയസ്സ് എന്നത് അവരുടെ ഒരു ആവശ്യമാണ്. പക്ഷേ, ന്യൂനപക്ഷങ്ങള്‍ക്കെതിരായി ഒരു വികാരം വളര്‍ത്തിക്കൊണ്ട് ഹിന്ദുക്കളുടെയെല്ലാം പിന്തുണ ഇതിന് നേടുക എന്നുപറഞ്ഞാല്‍ ഇതെല്ലാം വളരെ വര്‍ഗീയമായിട്ടുള്ള ചില വിഭജനങ്ങള്‍ക്കും ചിന്താഗതികള്‍ക്കും ആക്കം കൂട്ടുന്നതാണ്. അതുകൊണ്ട് സാധാരണ ഹിന്ദുവിനും മുസ്‌ലിമിനും ആര്‍ക്കും തന്നെ ഗുണം ചെയ്യില്ല എന്നുള്ളതാണ്. ഈ തരത്തിലുള്ള വീണ്ടുവിചാരമില്ലാത്ത ചില കാലുഷ്യങ്ങളുടെ പുറത്തിലുള്ള നയരൂപീകരണങ്ങള്‍ രാജ്യത്തിന് ഹാനികരമാകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇപ്പോഴുള്ള പ്രായമായ 18 വയസ്സില്‍ വിവാഹം കഴിച്ചു കൊടുക്കണം എന്നതില്‍ യാതൊരു നിര്‍ബന്ധവുമില്ല. അത് ഏറ്റവും ചുരുങ്ങിയ പ്രായം മാത്രമാണ്.

അതിലെത്ര കൂടുതല്‍ ആയിട്ടുള്ള വിദ്യാഭ്യാസത്തിനും മറ്റും പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിച്ച് 22-25 വയസ്സില്‍ വിവാഹം കഴിച്ചുകൊടുക്കുന്നതിന് ആരും എതിരല്ല. ഈയൊരു അവസ്ഥയില്‍ ഈ വിവാഹപ്രായം മാറ്റേണ്ട യാതൊരു കാര്യവുമില്ല. ഇപ്പോഴുള്ള ഒരു തുറസ്സ്, എല്ലാവര്‍ക്കും അവരുടെ സൗകര്യംനല്‍കുന്ന ഇപ്പോള്‍ നിലവിലുള്ള വിവാഹപ്രായം തന്നെ തുടരുകയാണ് ഈ കാര്യത്തില്‍ വേണ്ടത്. ഇങ്ങനെയുള്ള ഒരു ചിന്താഗതി സമുദായങ്ങളുെട ഇടയിലും വളര്‍ത്തിയെടുക്കുക, അതിനുവേണ്ടി ഒരു അഭിപ്രായ രൂപീകരണം നടത്തുകയാണ് ഈ വിഷയത്തില്‍ വേണ്ടത്. (തുടരും)