ജനസംഖ്യാ വിസ്‌ഫോടനം: സത്യവും മിഥ്യയും

ഹിലാല്‍ സലീം സി.പി

2020 മെയ് 23 1441 റമദാന്‍ 30
ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ജനസംഖ്യാവര്‍ധനവാണെന്ന തരത്തിലുള്ള പഠനങ്ങള്‍ ഏതാണ്ടെല്ലാ രാജ്യങ്ങളും അംഗീകരിച്ച് കഴിഞ്ഞു. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും ഭക്ഷിക്കാനാവശ്യമായ വായ മാത്രമെയുള്ളൂവെന്നും നിര്‍മാണത്തിനുപയുക്തമായ കൈകളില്ലെന്നുമുള്ള മിഥ്യാധാരണയിലാണ് ഈ പഠനങ്ങളുടെയെല്ലാം അസ്തിവാരമിട്ടിരിക്കുന്നത്. ജനസംഖ്യാ വര്‍ധനവ് കൊണ്ട് ആത്യന്തികമായി രാജ്യത്തിന് എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഈ രംഗത്തെ ഇസ്‌ലാമിന്റെ നിലപാടെന്താണ്?

ഭൂഗോളത്തില്‍ ഏറ്റവുമധികം പേര്‍ വസിക്കുന്നത് ചൈനയിലാണ്. രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. ജനസംഖ്യാ വര്‍ധനവിനെ ചുറ്റിപ്പറ്റി വിവിധ വീക്ഷണങ്ങളാണ് നിലവിലുള്ളത്. ജനസംഖ്യ വര്‍ധിക്കുന്നത് രാഷ്ട്രപുരോഗതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ജനസംഖ്യാ വര്‍ധനവിനെ ചെറുക്കാന്‍ നിര്‍ബന്ധിത വന്ധ്യംകരണ പ്രക്രിയയിലേക്ക് ലോകം കടക്കണമെന്നുമുള്ള വാദങ്ങള്‍ വിവിധ കോണുകളില്‍ കാലാകാലങ്ങളായി ഉയരുന്നതാണ്. 2019ലെ തന്റെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ 'ഛോട്ടാ പരിവാര്‍, സുഖി പരിവാര്‍' എന്ന ആപ്തവാക്യം പ്രഘോഷിച്ചു കൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസ്തുത വിഷയത്തില്‍ ഭരണകൂടം കൈക്കൊള്ളുന്ന തീരുമാനത്തെ സംബന്ധിച്ചുള്ള സൂചനകള്‍ നല്‍കിയിരിക്കുന്നു.

ജനസംഖ്യാപ്പെരുപ്പം: ഒരു ആമുഖം

1798ല്‍ തന്റെ, ജനസംഖ്യയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലൂടെ തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് എന്ന കത്തോലിക്കാ പാതിരിയാണ് ജനസംഖ്യയെ സംബന്ധിച്ച ഭീതി ആദ്യമായി സമൂഹമധ്യത്തിലെത്തിച്ചത്. ജനസംഖ്യാവര്‍ധനവിനെതിരെ മനുഷ്യന്‍ വടിയെടുത്തില്ലെങ്കില്‍ പ്രകൃതി തിരിച്ചടിക്കും എന്ന് അദ്ദേഹം വാദിച്ചു. പില്‍ക്കാലത്ത് ജീവപരിണാമ സിദ്ധാന്തത്തെ ആശയപരമായി ന്യായീകരിക്കുവാന്‍ ഡാര്‍വിനും ആല്‍ഫ്രഡ് റസ്സല്‍വാലസും കൂട്ടുപിടിച്ചതും മാല്‍ത്തൂസിയന്‍ സിദ്ധാന്തത്തെ തന്നെയായിരുന്നു. ജനസംഖ്യാവര്‍ധനവിനെ ഭീതിതമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ വിവിധങ്ങളായ കാരണങ്ങള്‍ കാണാവുന്നതാണ്. മാല്‍ത്തൂസിന്റെ കാലത്ത് ജനസംഖ്യ വര്‍ധിക്കുമ്പോള്‍ അവര്‍ പ്രതീക്ഷിച്ച ഭക്ഷ്യലഭ്യതയിലെ കമ്മി, ഭൂമിയില്‍ ജനങ്ങള്‍ക്ക് വസിക്കുവാനുള്ള സ്ഥലപരിമിതി, ജനസംഖ്യാനുപാതികമായി ഉയരാന്‍ സാധ്യതയുള്ള മലിനീകരണം, വികസനത്തിന് മേല്‍ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന തടസ്സങ്ങള്‍ തുടങ്ങിയവയാണ് ചര്‍ച്ച ചെയ്തതെങ്കില്‍ ആധുനിക ഇന്ത്യയിലടക്കം ഇന്ന് നാം കാണുന്ന എതിര്‍സ്വരങ്ങള്‍ വംശീയമായ വിദ്വേഷം അങ്കുരിക്കുന്നവയാണ്. 'ഛോട്ടാ ഫാമിലി' രാജ്യസ്‌നേഹത്തിന്റെ അടയാളമാണെന്നും ജനസംഖ്യാപ്പെരുപ്പത്തിനെതിരെ ഒരു സാമൂഹിക വിപ്ലവം അനിവാര്യമാണെന്നുമാണ് സദസ്സില്‍ നിന്നുമുയര്‍ന്ന വമ്പിച്ച കരഘോഷത്തിനിടയില്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തനിക്ക് ഒരു കുഞ്ഞ് പിറക്കുമ്പോള്‍ അതിനെ തീറ്റിപ്പോറ്റി വളര്‍ത്താന്‍ തനിക്കാവുമോ എന്ന് ഓരോ ഇന്ത്യക്കാരനും ചിന്തിക്കണം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു കുഞ്ഞ് പിറന്നുവീഴുന്നത് മുതല്‍ വളര്‍ന്ന് വാര്‍ധക്യം പ്രാപിച്ച് മരണപ്പെടുന്നത് വരെ അവന്‍ അല്ലെങ്കില്‍ അവള്‍ കേവലം ഭക്ഷിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന മിഥ്യാധാരണയില്‍ നിന്നാണ് ഇത്തരം വാദങ്ങള്‍ ജനിക്കുന്നത്. ഏതൊരു രാഷ്ട്രത്തിന്റെയും പുരോഗതിയും സാമ്പത്തികമായ ഉന്നമനവും ആ രാജ്യത്തെ 'വര്‍ക്ക് ഫോഴ്‌സി'നെ ആശ്രയിച്ചിരിക്കും. ഇവരുടെ അറിവും കഴിവും രാഷ്ട്രപുരോഗതിക്ക് വേണ്ടി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പിക്കുക ഭരണകൂടത്തിന്റെ ലക്ഷ്യവും കടമയുമാണ്. ജോലി ചെയ്യുന്ന, ചെയ്യാന്‍ കഴിവുള്ള ഈ ക്യാറ്റഗറിയെ വളരെ സമര്‍ഥമായി, ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നതിലൂടെയാണ് പുരോഗതി നേടാന്‍ സാധിക്കുന്നത്. ഇതിന്റെ പ്രധാനപ്പെട്ട ചുവടുകളാണ് കാര്യക്ഷമമായ വിദ്യാഭ്യാസ സംവിധാനങ്ങളും വിദ്യ അഭ്യസിച്ചവര്‍ക്ക് ജോലി ഉറപ്പാക്കലും. ചുരുക്കത്തില്‍, മാനവവിഭവശേഷിയുടെ സൃഷ്ടിപരമായ വിനിയോഗത്തിലൂടെ ഏതൊരു രാഷ്ട്രത്തിന്നും ലോകശക്തിയായി മാറാം. ഇന്ത്യയെപ്പോലെ മാനവിഭവശേഷിക്ക് പഞ്ഞമില്ലാത്തയിടത്ത് ഇതിന്റെ സാധ്യത വളരെയധികം വര്‍ധിക്കുന്നു. എന്നാല്‍ യുവതയെ പുരോഗതിയുടെ വക്താക്കളാക്കുന്നതില്‍ നമ്മുടെ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. ഉയര്‍ന്നുകൊണ്ടിരിക്കുന്ന പട്ടിണി മരണങ്ങളും കലാപങ്ങളും വിരല്‍ചൂണ്ടുന്നത് തൊഴിലില്ലായ്മ രൂക്ഷമായതിനാല്‍ ജോലിയും കൂലിയുമില്ലാതെ അലയുന്ന ഇന്ത്യന്‍ യുവതയുടെ ആത്മരോഷത്തിലേക്കാണ്. അപ്പോഴും ജനസംഖ്യയെ പഴിക്കാന്‍ തയ്യാറാകുന്ന ഭരണാധികാരികള്‍ തങ്ങളുടെ പിഴവുകള്‍ മറയ്ക്കുള്ളിലാക്കാന്‍ ശ്രമിക്കുകയാണ്.

ഇന്ന് ജനസംഖ്യാപ്പെരുപ്പം ചര്‍ച്ച ചെയ്യപ്പെടുന്നതിന് വംശീയമായ ചില മാനങ്ങള്‍ കൂടി കാണാന്‍ സാധിക്കും. ഇസ്‌ലാംഭീതി എന്നത്തെക്കാളും വര്‍ധിച്ച തോതില്‍ വിറ്റഴിക്കപ്പെടുന്ന മാര്‍ക്കറ്റുകളില്‍ കൂടുതല്‍ ഡിമാന്റോടെ 'ഔട്ട് ഓഫ് സ്റ്റോക്കാ'വുന്ന ഉല്‍പന്നമാണ് ഇത്. 2011 ല്‍ റിലീജ്യസ് സെന്‍സസ് പുറത്തുവിട്ട സമയത്ത് ഇന്ത്യയിലെ ഒരു ദിനപ്പത്രമായ 'ടൈംസ് ഓഫ് ഇന്ത്യ'യിലെ ലീഡ് (തലവാചകം) ഇങ്ങനെയായിരുന്നു: "Hindu number shrinks, Muslim number grows'! സെന്‍സസ് പ്രകാരം ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 80 ശതമാനത്തോടടുത്തായിരുന്നു. മുസ്‌ലിം ജനസംഖ്യയാകട്ടെ 14.2 ശതമാനവും. മുമ്പത്തെ കണക്കുകളില്‍ നിന്നും 0.8%ന്റെ വളര്‍ച്ച മുസ്‌ലിം ജനസംഖ്യയിലുണ്ടായതാണത്രെ ഈ തലക്കെട്ടിന് ഹേതു. ഒരു ബഹുമത രാഷ്ട്രത്തില്‍ ഭൂരിപക്ഷ സമുദായത്തെ മറികടക്കാന്‍ ന്യൂനപക്ഷത്തിന് സാധിക്കില്ല എന്ന സാമാന്യ വസ്തുത നിലനില്‍ക്കെയാണ് ഇത്തരത്തില്‍ ഒറ്റനോട്ടത്തില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വൈകാരികമായ തലക്കെട്ടുകളും അന്തിച്ചര്‍ച്ചകളും അന്ന് മാധ്യമങ്ങളില്‍ അരങ്ങേറിയത്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ പെറ്റുപെരുകുകയാണ് എന്ന വംശീയച്ചുവയോടെയുള്ള വാദങ്ങള്‍ അടുത്തകാലത്ത് കേരളത്തിലടക്കം കാണാന്‍ സാധിക്കുന്നു. ജനസംഖ്യാ പെരുപ്പവും ഫാമിലി പ്ലാനിംഗിന് പിന്നിലെ സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങളും മറ്റു തെറ്റിദ്ധാരണകളും അപഗ്രഥിക്കുന്നതോടൊപ്പം ഇസ്‌ലാം ഇവ്വിഷയത്തില്‍ മുന്നോട്ടു വെക്കുന്ന ചിന്തകളും കൂട്ടിവായിക്കുമ്പോള്‍ മാത്രമെ ഈ പഠനം പൂര്‍ത്തിയാവുകയുള്ളൂ.

ജനസംഖ്യാവിസ്‌ഫോടനം: മാല്‍ത്തൂസ് തിരികൊളുത്തുന്നു

ആമുഖത്തില്‍ വ്യക്തമാക്കിയത് പോലെ ജനസംഖ്യയുമായി ബന്ധപ്പെട്ട് ആദ്യമായി ഭീതി പരത്തിയത് തന്റെ 'An Essay on the Principle of Population' എന്ന രചനയിലൂടെ തോമസ് റോബര്‍ട്ട് മാല്‍ത്തൂസാണ്. ഇന്നും പാഠപുസ്തകങ്ങളില്‍ വിദ്യാര്‍ഥികള്‍ മാല്‍ത്തൂസിയന്‍ ചിന്തകള്‍ പഠിക്കുന്നു എന്നതാണ് മാല്‍ത്തൂസിന്റെ സിദ്ധാന്തത്തെ ഇഴകീറി പരിശോധിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. 1798ല്‍ പ്രസിദ്ധീകരികരിച്ച തന്റെ സിദ്ധാന്തം കേവലം അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 1803ല്‍ അദ്ദേഹം തന്നെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ജനസംഖ്യ വര്‍ധിക്കുന്നത് ഭക്ഷ്യോല്‍പാദനത്തിനെക്കാള്‍ വേഗതയിലാണെന്നും ജനസംഖ്യയെ മനുഷ്യര്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങളിലൂടെ പ്രകൃതി സ്വയം ആ ചുമതല നിര്‍വഹിക്കുമെന്നും അദ്ദേഹം സിദ്ധാന്തിച്ചു. വിവാഹം കഴിക്കാതിരിക്കുക, വൈകിയവേളയില്‍ വിവാഹം കഴിക്കുക, കഴിച്ചാല്‍ത്തന്നെ കുട്ടികളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയവയായിരുന്നു മാല്‍ത്തൂസ് മുന്നോട്ടുവച്ചത്. ഇംഗ്ലണ്ടിലെ വന്‍തോതിലുള്ള ജനസംഖ്യാവര്‍ധനവില്‍ മനംനൊന്താണ് ഈ സിദ്ധാന്തവുമായി ടിയാന്‍ രംഗത്ത് വരുന്നത്.

എന്നാല്‍ പ്രഥമദൃഷ്ട്യാ തന്നെ വളരെ ബാലിശമെന്ന് ഏതൊരാള്‍ക്കും എളുപ്പം തിരിച്ചറിയാവുന്നതാണ് ഇദ്ദേഹത്തിന്റെ വാദങ്ങള്‍. വസ്തുനിഷ്ഠമായ പരിശോധനയിലൂടെ ഈ സിദ്ധാന്തത്തിന്റെ പിഴവുകള്‍ കൂടുതല്‍ വ്യക്തമാകും.

1. ജനസംഖ്യ വര്‍ധിച്ചാല്‍ സംഭവിക്കുമെന്ന് മാല്‍ത്തൂസ് പ്രവചിച്ച ഭക്ഷ്യക്ഷാമം കടന്നുവന്നില്ല. പ്രത്യുത, ആധുനിക സാങ്കേതിക വിദ്യകളിലൂടെ ആവശ്യത്തിലും കൂടുതല്‍ ഭക്ഷ്യലഭ്യത ഉറപ്പാക്കാന്‍ മനുഷ്യന് സാധിച്ചു. കീടനാശിനികളുടെ പ്രയോഗം, ഓര്‍ഗാനിക് ഫാമിംഗ്, ബയോടെക്‌നോളജി എന്ന ശാസ്ത്രശാഖയുടെ ഉദയം, അതിലൂടെ ഭക്ഷ്യോല്‍പാദന രംഗത്ത് നടന്ന വിപ്ലവകരമായ മാറ്റങ്ങള്‍ തുടങ്ങി മെഷിനറിയുടെ ഉപയോഗം വരെയുള്ള ഘട്ടങ്ങളിലൂടെ ജനസംഖ്യാ വര്‍ധനവ് കാരണമുള്ള ഭക്ഷ്യക്ഷാമം എന്ന വാദം അമ്പേ പരാജയപ്പെട്ടു.

2. ഹരിതവിപ്ലവത്തിലൂടെ കൂടുതല്‍ ഭക്ഷ്യലഭ്യത ഉറപ്പാക്കാന്‍ സാധിച്ചു.

3. പാശ്ചാത്യലോകത്ത് മാല്‍ത്തൂസിയന്‍ സിദ്ധാന്തം നിലംതൊട്ടില്ല. അവിടെ മാല്‍ത്തൂസ് പ്രവചിച്ച ജനസംഖ്യാവിസ്‌ഫോടനം നടന്നില്ലെന്ന് മാത്രമല്ല, ആധുനിക കാലത്ത് കൂടുതല്‍ മെച്ചപ്പെട്ട ജീവിത പരിസരവും അവര്‍ക്ക് ലഭിച്ചു.

ഉദാ: 1930കളില്‍ യു.എസിലെ 25% ജനങ്ങള്‍ കാര്‍ഷിക മേഖലയില്‍ തൊഴിലെടുത്തു. അന്ന് യു.എസിലെ ജി.ഡി.പി 100 ബില്യണ്‍ ഡോളറാണ്. എന്നാല്‍ ഇന്ന് കേവലം 2% പേര്‍ മാത്രമാണ് കാര്‍ഷിക മേഖലയില്‍ ജോലി നോക്കുന്നത്. ഇന്ന് ആ രാഷ്ട്രത്തിന്റെ ജി.ഡി.പി 14 ട്രില്യണ്‍ ഡോളറിനെക്കാള്‍ കൂടുതലാണ്.

4. ജനസംഖ്യാ വര്‍ധനവ് ഭക്ഷ്യോല്‍പാദനത്തിനുള്ള പ്രദേശങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന് മാല്‍ത്തൂസ് പറഞ്ഞപ്പോള്‍ പില്‍കാലത്ത് നാം കാണുന്നത് അംബരചുംബികളായ ഫ്‌ളാറ്റുകളില്‍ കുറച്ച് ഭൂമി ഉപയോഗിച്ച് കൂടുതല്‍ പേര്‍ താമസിക്കുന്നതാണ്. ഒപ്പം ടെറസ് ഫാമിംഗ് അടക്കമുള്ള വിദ്യകള്‍ വികസിച്ചു.

5. ആഗോളീകരണമെന്ന ആശയം ശക്തിപ്രാപിച്ചതോടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള കൈമാറ്റങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു. ഇതോടെ സ്വന്തം രാജ്യത്ത് ഉല്‍പാദിപ്പിക്കാത്തവ മറുനാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യാമെന്നായി. ചില ഉല്‍പന്നങ്ങള്‍ക്ക് ചിലയിടങ്ങളില്‍ ക്ഷാമം ഉണ്ടാകാം എന്ന വാദവും ഇതോടെ തകര്‍ന്നു.

6. ജീവിത സാഹചര്യം മെച്ചപ്പെട്ടാല്‍ ജനനനിരക്ക് വര്‍ധിക്കും എന്ന മാല്‍ത്തൂസിയന്‍ വാദം തെറ്റാണെന്ന് പിന്നീട് ബോധ്യമായി.

ജനസംഖ്യാബോംബും യാഥാര്‍ഥ്യവും

മാല്‍ത്തൂസിന് ശേഷം 1968 ലാണ് ജനസംഖ്യാ നിയന്ത്രണത്തെ പിന്തുണച്ചുകൊണ്ട് പ്രചുരപ്രചാരം നേടിയ 'പോപ്പുലേഷന്‍ ബോംബ്' എന്ന നാമധേയത്തിലുള്ള കൃതിയുമായി ജൂത-ജര്‍മന്‍ ഫിസിഷ്യനും ശാസ്ത്രജ്ഞനുമായ പോള്‍ ഏര്‍ളിച്ച് രംഗപ്രവേശം ചെയ്യുന്നത്. ജനസംഖ്യാ ബോംബ് എന്ന നാമകരണത്തിലൂടെ മൂന്നാം ലോകരാജ്യങ്ങളുടെ മാനവവിഭവശേഷിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണ നല്‍കി.

1980ല്‍ 'The Ultimate Resource' എന്ന പുസ്തകത്തിന്റെ രചയിതാവായ ജൂലിയന്‍ എല്‍ സൈമണും പോള്‍ ഏര്‍ളിച്ചും തമ്മില്‍ ഒരു പന്തയം നടന്നു. 1990 ആകുമ്പോഴേക്കും 1980ലേതിനെക്കാള്‍ വിഭവങ്ങള്‍ കുറയുമെന്നും ഇത് ജനസംഖ്യാശാസ്ത്രപരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പോള്‍ ഏര്‍ളിച്ച് വാദിച്ചു. ഇതിന് അദ്ദേഹം കണ്ടെത്തിയ കാരണം ജനസംഖ്യാവര്‍ധനവായിരുന്നു. എന്നാല്‍ ജനസംഖ്യ വര്‍ധിച്ചത് കാരണം വിഭവലഭ്യത കൂടുമെന്ന് ജൂലിയന്‍ സൈമണും വാദിച്ചു. പന്തയത്തിന്നായി കോപ്പര്‍, ക്രോമിയം, നിക്കല്‍, ടിന്‍, ടങ്സ്റ്റണ്‍ എന്നീ ലോഹങ്ങള്‍ ഏര്‍ളിച്ച് തെരഞ്ഞെടുത്തു. വിഭവലഭ്യത കൂടുമ്പോള്‍ സ്വാഭാവികമായും ഉല്‍പന്നത്തിന്റെ മൂല്യം (വില) കുറയുമല്ലോ. 1990 ആയപ്പോഴേക്കും മുകളില്‍ പറഞ്ഞവയുടെ വില 57% കുറഞ്ഞു. അഥവാ, വിഭവലഭ്യത കൂടി എന്നര്‍ഥം. ഇതേത്തുടര്‍ന്ന് 1990 ഒക്‌ടോബറില്‍ പോള്‍ ഏര്‍ളിച്ച് പന്തയത്തുകയായ 576.07 ഡോളര്‍ ജൂലിയന്‍ സൈമണ് അയച്ചുകൊടുത്തു.

ജനസംഖ്യ വര്‍ധിക്കല്‍ ദോഷകരമാണെന്ന് വാദിച്ച തോമസ് മാല്‍ത്തൂസിന്റെയും പോള്‍ ഏര്‍ളിച്ചിന്റെയും പഠനങ്ങളും അവരുടെ കണക്കുകൂട്ടലുകളും അവരുടെ കാലഘട്ടത്തിലെ സാഹചര്യങ്ങളുടെയും സാങ്കേതിക വിദ്യയുടെയും അടിസ്ഥാനത്തിലാണ് എന്നതാണ് ഇവിടെ നാം തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ഒരു വസ്തുത. അവരുടെ വാദങ്ങള്‍ ദയനീയമായി പത്തിമടക്കുന്ന കാഴ്ചയ്ക്ക് കാലം സാക്ഷിയായി.

ജനസംഖ്യാവര്‍ധനവ് ദോഷകരമെന്നോ?

ജനസംഖ്യയെ സംബന്ധിച്ച ഭീതിജനകമായ പ്രചാരണങ്ങളും തെറ്റിദ്ധാരണകളും രാഷ്ട്രങ്ങളുടെ പുരോഗതിയെ തടഞ്ഞുനിര്‍ത്തുന്ന കാഴ്ചയാണ് ആധുനിക കാലഘട്ടത്തില്‍ കാണാന്‍ സാധിക്കുന്നത്. 1989 ജൂണ്‍ 3ന് അമേരിക്കന്‍ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെ കുറിച്ചു: ''ഈ പുരോഗതി കൈവരിച്ച കാലത്ത് അവന്ധ്യതാ നിരക്ക് (fertiltiy rate) വര്‍ധിക്കുന്നത് സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ പുരോഗതിക്ക് വിഘാതമാണ്.'

നോബേല്‍ ജേതാവ് ലിയോണ്‍ ലെഡര്‍മാന്‍ 1989 ജൂണ്‍ മൂന്നിന് അമേരിക്കന്‍ അസ്സോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്റെ പ്രസ്താവനയില്‍ ഒരു പ്രതിസന്ധിയായി എണ്ണിയത് ജനസംഖ്യാവര്‍ധനവിനെയാണ്. ഇത്തരത്തില്‍ വിവിധ കോണുകളില്‍ നിന്നും തുടര്‍ച്ചയായി ഉയര്‍ത്തുന്ന 'ജനസംഖ്യാഭീഷണി'ക്ക് പിന്നിലെ സാമ്പത്തിക താല്‍പര്യങ്ങളും കക്ഷിതാല്‍പര്യങ്ങളും വഴിയെ ചര്‍ച്ച ചെയ്യാം.

1. പട്ടിണി: 1798ല്‍ മാല്‍ത്തൂസ് തന്റെ കൃതി രചിക്കുമ്പോള്‍ അന്നത്തെ ലോകജനസംഖ്യ 90 കോടിയോളമായിരുന്നു. രണ്ടു നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇത് 779 കോടിയാണ്. കൃത്യമായി കണക്കാക്കിയാല്‍ 2020 പകുതി പിന്നിടുമ്പോഴേക്ക് 7,794,798,739. ജനസംഖ്യയില്‍ ഇത്രയധികം വര്‍ധനവുണ്ടാകുമ്പോള്‍ മറുവശത്ത് ജനങ്ങളുടെ ജീവിതനിലവാരം പതിന്‍മടങ്ങ് മെച്ചപ്പെട്ടതായാണ് കാണാന്‍ സാധിക്കുന്നത്. മാല്‍ത്തൂസ് പ്രവചിച്ച ക്ഷാമത്തിന് പകരം ക്ഷേമമാണ് ജനസംഖ്യാവര്‍ധനവിലൂടെ ലോകര്‍ക്ക് ലഭിച്ചത്. മുകളില്‍ പറഞ്ഞ കണക്കില്‍ നിന്ന് തന്നെ ജനസംഖ്യയുടെ വളര്‍ച്ചാവേഗത ബോധ്യപ്പെടുമല്ലോ.

പ്രസ്തുത കണക്കുകള്‍ക്കൊപ്പം ഉല്‍പാദനത്തിന്റെ ഗ്രാഫുകള്‍ കൂടി ഒത്തുനോക്കുമ്പോഴാണ് ജനസംഖ്യാവര്‍ധനവ് എന്തുകൊണ്ട് ശാപമല്ല എന്നതിന്റെ ഉത്തരം ലഭിക്കുന്നത്. 1950ല്‍ 50.8 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ഉല്‍പാദിപ്പിച്ചത് 1970ല്‍ 108.4 ആയി കുത്തനെ വര്‍ധിച്ചു. 2000ല്‍ 201.6 ലേക്ക് വീണ്ടും ഗ്രാഫ് ഉയരുകയാണ്. അഥവാ, ജനസംഖ്യ വര്‍ധിക്കുന്നതിനെക്കാള്‍ വേഗതയില്‍ ഉല്‍പാദനവും ഉയരുന്നു. പട്ടിണിയുടെ കാരണമായി ഇതിനാല്‍ത്തന്നെ ജനസംഖ്യാവര്‍ധനവിനെ പഴിക്കാന്‍ സാധ്യമല്ല.

2. രോഗങ്ങള്‍: ജനസംഖ്യാവര്‍ധനവ് മനുഷ്യര്‍ക്കിടയില്‍ രോഗങ്ങള്‍ വര്‍ധിക്കാന്‍ നിമിത്തമാകുന്നു എന്ന് വാദിച്ചവരായിരുന്നു മാല്‍ത്തൂസും ഏര്‍ളിച്ചും. ഈ വാദം ഇന്നും ഉന്നയിക്കപ്പെടുന്നു എന്നതിലാണ് ഇത് ചര്‍ച്ച ചെയ്യുന്നതിന്റെ പ്രസക്തി. എന്നാല്‍ ഈ വാദഗതി ശുദ്ധ അസംബന്ധമാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 1973ല്‍ ഇന്ത്യയിലെ ജനസംഖ്യ 59.48 കോടിയാണ്. അന്ന് നമ്മുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കേവലം 49.7 മാത്രം. എന്നാല്‍ 2008 ല്‍ 120 കോടിയായി ജനസംഖ്യ വര്‍ധിച്ചപ്പോള്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 66.1 ആയി ഉയര്‍ന്നു. അതായത്, ജനസംഖ്യ വര്‍ധിച്ചപ്പോള്‍ ജീവിതനിലവാരം കൂടുകയും ആയുര്‍ദൈര്‍ഘ്യം കൂടുകയും ചെയ്തു. ഇതോടെ ആ വാദവും നിലംപൊത്തി.(1)

3. പ്രതിശീര്‍ഷ വരുമാനം: ജനസംഖ്യ വര്‍ധിച്ചാല്‍ പ്രതിശീര്‍ഷ വരുമാനം കുറയും എന്ന വാദമാണ് മറ്റൊന്ന്. ഒറ്റനോട്ടത്തില്‍ ഈ വാദത്തില്‍ കഴമ്പുണ്ടെന്ന് തോന്നാമെങ്കിലും ഇതും മാല്‍ത്തൂസിന്റെ സിദ്ധാന്തം കണക്കെ തെറ്റാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ജനസാന്ദ്രത വളരെക്കുറഞ്ഞ രാഷ്ട്രങ്ങളായ മംഗോളിയ, കോംഗോ, റഷ്യ എന്നിവിടങ്ങളില്‍ പ്രതിശീര്‍ഷ വരുമാനം വളരെക്കുറവായപ്പോള്‍ ജനസാന്ദ്രത വളരെയധികമുള്ള രാഷ്ട്രങ്ങളായ സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ പ്രതിശീര്‍ഷ വരുമാനം ലോക ശരാശരിയെക്കാള്‍ വളരെക്കൂടുതലാണ്. ചുരുക്കത്തില്‍, ജനങ്ങള്‍ വര്‍ധിക്കുന്നത് കൊണ്ട് തീറ്റിപ്പോറ്റാനുള്ള ആളുകളുടെ എണ്ണം വര്‍ധിക്കുന്നു എന്നതോടൊപ്പം ഉല്‍പാദനക്ഷമതയും വര്‍ധിക്കുന്നു എന്ന വസ്തുത ഭരണകൂടം തിരിച്ചറിയുന്നില്ല എന്നതാണ് ഇവ്വിഷയത്തിലെ കാലികമായ പ്രഖ്യാപനങ്ങള്‍ സൂചിതമാക്കുന്നത്.(2)

ജനസംഖ്യാ വളര്‍ച്ചാനിരക്ക് വര്‍ധിക്കുന്നില്ല!

ജനസംഖ്യാവര്‍ധനവുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ട സുപ്രധാനമായ ഒരു വസ്തുതയാണ് ജനസംഖ്യാ വളര്‍ച്ചാനിരക്ക് വര്‍ധിക്കുന്നില്ല എന്നത്. ഒരല്‍പം കൂടി വ്യക്തമാക്കിയാല്‍ ജനസംഖ്യാ നിരക്ക് കുത്തനെ കുറയുകയാണ് ചെയ്യുന്നത് എന്ന് കാണാന്‍ സാധിക്കും.  1960ല്‍ ജനസംഖ്യാ വളര്‍ച്ചാനിരക്ക് 22% ആയിരുന്നെങ്കില്‍ ഇന്ന് 2020 ല്‍ ഇത് കേവലം 8.7% മാത്രമാണ് എന്ന് കാണാം.

 

വര്‍ഷം        1960  1970  1980 1990  2000  2010  2020

നിരക്ക്(%)     22    20.2  18.5  15.2  12.6   10.7  8.7

ഇസ്‌ലാം എന്തുപറയുന്നു?

എതൊരു ഉല്‍പന്നത്തെ സംബന്ധിച്ചും ആധികാരികമായി പ്രസ്താവിക്കാന്‍ സാധിക്കുക തീര്‍ച്ചയായും അതിന്റെ സ്രഷ്ടാവിന്നാണ്. അങ്ങനെയെങ്കില്‍ മനുഷ്യനെ സൃഷ്ടിച്ച, അവന്‍ വസിക്കുന്ന ഭൂമിയെ സൃഷ്ടിച്ച, അവന്നാവശ്യമായ സര്‍വവിഭവങ്ങളും സൃഷ്ടിച്ച ദൈവത്തിനാണ് ഇവയെക്കുറിച്ച് ആധികാരികമായി പറയാന്‍ സാധിക്കുക. ദാരിദ്ര്യഭയത്താല്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ വധിക്കരുത്, അവനുള്ള വിഭവങ്ങള്‍ ഒരുക്കുന്നത് നാമാണ് എന്ന ലോകരക്ഷിതാവിന്റെ ഉറപ്പ് തന്നെയാണ് മുകളില്‍ നിരത്തിയ കണക്കുകളെക്കാള്‍ ഏറെ നമുക്ക് വിശ്വാസയോഗ്യമായത്.

''ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു'' (ക്വുര്‍ആന്‍ 17:31).

വിശുദ്ധ ക്വുര്‍ആനിലെ ആറാമത്തെ അധ്യായമായ അല്‍അന്‍ആമിലെ 151ാം സൂക്തത്തില്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും കല്‍പിക്കുന്ന സന്ദര്‍ഭത്തില്‍ ഈ വിഷയത്തില്‍ അല്ലാഹു കല്‍പിക്കുന്നത് കാണുക:

''(നബിയേ) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുകേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ചു പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചു കളയരുത്. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടി. അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.''

ജനസംഖ്യാപ്പെരുപ്പം വിഭവലഭ്യതക്കുറവിലേക്ക് ലോകത്തെ തള്ളിയിടുമെന്ന ഭീതിക്ക് സ്ഥാനമില്ലെന്ന് അല്ലാഹു നമ്മോടു പറഞ്ഞിരിക്കുന്നു: ''നിങ്ങള്‍ക്ക് നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും നിങ്ങള്‍ക്കവിടെ നാം ജീവിതമാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ചു മാത്രമെ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ'' (ക്വുര്‍ആന്‍ 7:10).

ഭൂമിയില്‍ മനുഷ്യന് വേണ്ടി സംവിധാനിച്ചവയെ സ്വാര്‍ഥതയില്ലാതെ, ഉപകാരപ്രദമായി വിനിയോഗിക്കുന്നതിലൂടെയാണ് മനുഷ്യന്‍ തന്റെ സ്രഷ്ടാവിന്ന് നന്ദിയര്‍പ്പിക്കേണ്ടത്. ജനസംഖ്യയുടെ വര്‍ധനവല്ല, പ്രത്യുത, മനുഷ്യന്റെ സ്വാര്‍ഥതയാണ് പ്രകൃതിദുരന്തങ്ങളടക്കമുള്ള പല വിപത്തുകള്‍ക്കും പിന്നിലെന്ന് തിരിച്ചറിയുക. നമസ്‌കാരത്തിന് അംഗശുദ്ധി വരുത്താന്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ പോലും നാം സ്വീകരിക്കേണ്ട മിതത്വം നമുക്കു പറഞ്ഞു തന്ന നബി തിരുമേനി ﷺ യുടെ പാഠങ്ങള്‍ നാം മറക്കാതിരിക്കുക.  

(തുടരും)

References:

1. http://censusindia.gov.in/vital_statistics/SRS_Based/Itnroduction.pdf

2. https://www.prb.org/datasheets/