വിദ്യാഭ്യാസനയത്തിലെ ഒളിയജണ്ടകള്‍

പി.ഒ ഉമര്‍ ഫാറൂഖ്, തിരൂരങ്ങാടി

2020 ഒക്ടോബര്‍ 03 1442 സഫര്‍ 16
രാഷ്ട്രവികസനത്തിന്റെ നെടുംതൂണായ വിദ്യാഭ്യാസരംഗം സുശക്തമാക്കുന്നതിനും ജാതിമത ഭേദമന്യെ ഇന്ത്യയിലെ ഓരോ പൗരനും അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വിദ്യാഭ്യാസനയങ്ങള്‍ രൂപീകരിക്കപ്പെട്ടത്. എന്നാല്‍ മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മുന്നോട്ടുവെച്ച വിദ്യാഭ്യാസ നയങ്ങളില്‍ പലതിന്റെയും കടയ്ക്കല്‍ കത്തി വെച്ചുകൊണ്ടാണ് മോഡി സര്‍ക്കാര്‍ പുതിയ കരട് അവതരിപ്പിച്ചിട്ടുള്ളത്. എന്താണ് ഈ നയവ്യതിയാനം കൊണ്ട് കേന്ദ്രം ലക്ഷ്യമിടുന്നത്?

രാഷ്ട്രവികസനത്തിന്റെ നെടുംതൂണായ വിദ്യാഭ്യാസരംഗം സുശക്തമാക്കുന്നതിനും ജാതിമത ഭേദമന്യെ ഇന്ത്യയിലെ ഓരോ പൗരനും അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വിദ്യാഭ്യാസനയങ്ങള്‍ രൂപീകരിക്കപ്പെട്ടത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 നിഷ്‌കര്‍ശിക്കുന്ന വിധത്തിലുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതും വിദ്യാഭ്യാസനയങ്ങളുടെ ഭാഗമായാണ്. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസനയം 1968ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയും, രണ്ടാമത്തെത് 1986ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, അവസരസമത്വം തുടങ്ങിയ മൂല്യങ്ങളിലധിഷ്ഠിതമായ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌ക രിക്കുന്നതിലും ഈ വിദ്യാഭ്യാസ നയങ്ങള്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. 2017ല്‍ നരേന്ദ്രമോദി ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനുള്ള കരട് തയ്യാറാക്കാന്‍ കെ. കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ ഒരു പുതിയ കമ്മിറ്റി രൂപവത്കരിക്കുകയും അതിന്റെ തുടര്‍ച്ചയായി രണ്ടാം മോദി സര്‍ക്കാര്‍ 2020ല്‍ ഇന്ത്യയുടെ മൂന്നാമത്തെ വിദ്യാഭ്യാസനയം അവതരിപ്പിച്ച് അംഗീകരിക്കുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മതനിരപേക്ഷതയെന്ന ആശയത്തെപൂര്‍ണമായും അവഗണിച്ച ആദ്യത്തെ വിദ്യാഭ്യാസ നയരേഖയാണിത്. മതനിരപേക്ഷത എന്ന പദം നയത്തിലോ അതിന്റെ കരടിലോ കാണാനാവുന്നില്ല എന്നത് മതേതരമനസ്സുകളില്‍ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത് . ഭരണഘടനാമൂല്യങ്ങളായി പരിസര ശുചിത്വമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ നയരേഖയില്‍ ഇന്ത്യയുടെ ആത്മാവായി നാം ഇതുവരെ പരിഗണിച്ചുവന്ന മതനിരപേക്ഷത എന്ന പദം ബോധപൂര്‍വം ഒഴിവാക്കിയത് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ഒളിയജണ്ടയുടെ ഭാഗമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ രേഖപ്പെടുത്തിയ ജനാധിപത്യ ഇന്ത്യയുടെ അടിത്തറയെയാണ് ഇതിലൂടെ വെട്ടിമാറ്റിയിരിക്കുന്നത്. ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നത് മതനിരപേക്ഷതയിലൂടെയാണ്. ഇന്ത്യ ജനാധിപത്യ രാജ്യമായി നിലനില്‍ക്കുന്നത് അതിന്റെ മതനിരപേക്ഷ ഉള്ളടക്കത്താലാണ്. മതനിരപേക്ഷമല്ലാത്ത ഒരുരാജ്യത്തിന് ജനാധിപത്യ രാജ്യമായി നിലനില്‍ക്കാനാവില്ല.

മതനിരപേക്ഷതയെപ്പോലെത്തന്നെ, ഫെഡറലിസം, സംവരണം തുടങ്ങിയവ നയത്തില്‍ കാണാനേയില്ല. തീവ്രദേശീയത, വര്‍ഗീയത, യാഥാസ്ഥിതികത തുടങ്ങിയവ സിലബസില്‍ കടത്തിവിട്ട് തങ്ങളുടെ അജണ്ട നടപ്പാക്കുകയാണ് ഈ നയത്തിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ വിദ്യാഭ്യാസമേഖലയില്‍ ഗുരുതരപ്രത്യാഘാതങ്ങളുണ്ടാക്കു ന്ന അപകടകരമായ നിര്‍ദേശങ്ങള്‍ നിറഞ്ഞതാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഈ പുതിയ ദേശീയ വിദ്യാഭ്യാസനയം എന്ന് പറയാതിരിക്കാന്‍ വയ്യ.

'പൗരാണികവും കാലാതിവര്‍ത്തിയുമായ ഭാരതീയ വിജ്ഞാനത്തിന്റെയും ദര്‍ശനങ്ങളുടെയും സമ്പന്നമായ പൈതൃകമാണ് ഈ വിദ്യാഭ്യാസ നയത്തിന്റെ വഴികാട്ടി' എന്നും 'ജ്ഞാനം, പ്രജ്ഞ, സത്യം എന്നിവയാണ് ഇന്ത്യന്‍ വിദ്യാഭ്യാസചിന്തയെ നയിക്കുന്നത്' എന്നും നയരേഖ അതിന്റെ ആമുഖത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്.(1) പുരാതനവും സനാതനവുമായ ഇന്ത്യന്‍ പൈതൃകത്തെ വര്‍ണിച്ചുകൊണ്ട് ആത്മസാക്ഷാത്കാരത്തിന്റെ വൈദികവും വര്‍ണാശ്രമവ്യവസ്ഥയിലധിഷ്ഠിതവു മായ ഗുരുകുല വിദ്യാഭ്യാസത്തെ തിരിച്ചുകൊണ്ടുവന്ന് ഇന്ത്യന്‍ വിദ്യാഭ്യാസത്തെ ഹൈന്ദവവത്കരിക്കുക എന്ന ഗൂഢലക്ഷ്യം നയരേഖവെച്ചുപുലര്‍ത്തുന്നതായി കാണാം. ബഹുഭൂരിപക്ഷം വരുന്ന കീഴാള ജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രാപ്യമല്ലാത്ത വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു ഇത് എന്നതിന് ചരിത്രം സാക്ഷിയാണ്.

പൗരാണിക ഭാരതീയ ചരിത്രത്തിന്റെ പരസ്പരവിരുദ്ധമായ രണ്ടു മുഖങ്ങളെ സംയോജിപ്പിക്കാനുള്ള ശ്രമമാണ് നയരേഖ അതിന്റെ ആമുഖത്തിലൂടെ ലക്ഷ്യംവെക്കുന്നത്. ബ്രാഹ്മണേതര വിഭാഗങ്ങളെ വിദ്യാഭ്യാസത്തിന്റെ ഏഴയലത്തുപോലും നിര്‍ത്താന്‍ കൂട്ടാക്കാതിരുന്ന വൈദികവിദ്യാഭ്യാസവും, ജാതിയുടെ ശ്രേണീസ്വഭാവത്തെ നിരാകരിക്കുകയും സംഘങ്ങളിലൂടെയും വിഹാരങ്ങളിലൂടെയും പടര്‍ന്നു പന്തലിച്ച ജനാധിപത്യപരവും സാര്‍വത്രികവുമായ ജനകീയവിദ്യാഭ്യാസവുമാണ് ഇന്ത്യന്‍ വിദ്യാഭ്യാസ ചരിത്രത്തിന്റെ പരസ്പരവിരുദ്ധമായ ആ രണ്ടു മുഖങ്ങള്‍.

പുരാതന ഇന്ത്യന്‍ സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനും തുല്യതയില്ലാത്ത സംഭാവന നല്‍കിയ മാനവികവും ജാതിരഹിതവും സാര്‍വത്രികവുമായ ബുദ്ധ, ജൈന വിദ്യാഭ്യാസം, 'ശൂദ്രമക്ഷര സംയുക്തം ദൂരതഃപരിവര്‍ജയേല്‍' (ശൂദ്രന്‍ അക്ഷരം പഠിച്ചാല്‍ അവനെ പൂര്‍ണമായും ബഹിഷ്‌കരിക്കണം) എന്ന മനുസ്മൃതിവാക്യം സൂചിപ്പിക്കുന്നതുപോലെ ബ്രാഹ്മണരല്ലാത്ത ജാതികളെ വിദ്യാഭ്യാസപ്രക്രിയക്കു പുറത്തുനിര്‍ത്തിയ ബ്രാഹമണിക് വിദ്യാഭ്യാസം. ഇങ്ങനെയുള്ള, ഭാരതത്തിന്റെ വ്യത്യസ്തങ്ങളായ രണ്ടു വിദ്യാഭ്യാസ ചരിത്രങ്ങളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി വിലയിരുത്തുന്ന ചരിത്രവായന വസ്തുതകള്‍ക്കു നിരക്കാത്തതും ഗൂഢലക്ഷ്യങ്ങളുള്‍ക്കൊള്ളുന്നതു മാണ്. വ്യത്യസ്തങ്ങളായ ഈ ചരിത്രങ്ങളുടെ ഏകീകരണത്തിലൂടെ വര്‍ണാശ്രമവ്യവസ്ഥയിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ വ്യവസ്ഥയെ പുനഃസ്ഥാപിക്കാനുള്ള ഒളിയജണ്ടയാണ് നയരേഖയുടെ ആമുഖത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

ചരിത്രത്തിന്റെ ഈ ഏകീകരണത്തിലൂടെ മുന്നോട്ടുവെക്കുന്ന ഭാരതകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ അസ്ഥിവാരത്തിലാണ് വിദ്യാഭ്യാസ നയംരൂപപ്പെടുത്തിയിരിക്കുന്നത്. ഭാരതകേന്ദ്രീകൃത വിദ്യാഭ്യാസത്തെക്കുറിച്ച് ഊറ്റംകൊള്ളുന്ന നയരേഖ പൗരാണിക ഭാരതചരിത്രത്തെ മാത്രമാണ് വിശകലനവിധേയമാക്കുന്നത്. പൗരാണിക കാലഘട്ടത്തിനും ഇരുപത്തി ഒന്നാം നൂറ്റാണ്ടിനുമിടയ്ക്കുള്ള ദീര്‍ഘകാല ചരിത്രത്തെ നയരേഖ സൗകര്യപൂര്‍വം അവഗണിക്കുന്നു. മധ്യകാല ഇന്ത്യയുടെയും നവോത്ഥാന കാലഘട്ടത്തിന്റെയും സ്വാതന്ത്ര്യസമരം ഉള്‍പ്പെടെയുള്ള ആധുനിക കാലഘട്ടത്തിന്റെയും ഐതിഹാസികമായ ആ സമരത്തിനു നേതൃത്വം നല്‍കിയ രാഷ്ട്ര ശില്‍പികളുടെയും ചരിത്രവും സംഭാവനകളും നയരേഖ കാണാതെ പോയത് യാദൃച്ഛികമല്ല.

മുസ്‌ലിം ഭരണാധികാരികള്‍ രാജ്യം ഭരിച്ചിരുന്ന മധ്യകാലം പ്രാദേശിക ഭാഷകളുടെ വളര്‍ച്ചക്കും കലാസാംസ്‌കാരിക രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും ഉണ്ടായ പുതുവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കാലഘട്ടമാണ്. ഹിന്ദുസ്ഥാനി സംഗീതം, കര്‍ണാടിക് സംഗീതം തുടങ്ങിയവ ഈ കാലഘട്ടത്തിന്റെ സംഭാവനയായിരുന്നു. ബ്രാഹ്മണാധിപത്യത്തിനെതിരെ ഭക്തിപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത് ഈ കാലഘട്ടത്തിലായിരുന്നു. കബീര്‍, തുളസീദാസ്, രാമനുജന്‍, രാമാനന്ദ, നാനാക്ക് എന്നീ ഭക്തിപ്രസ്ഥാന നായകരും ഈകാലത്തിന്റെ സൃഷ്ടിയായിരുന്നു. മുസ്‌ലിം ഭരണാധികാരികള്‍ ജാതിവ്യവസ്ഥയ്ക്ക് പിന്തുണയോ പ്രോത്സാഹനമോ നല്‍കിയിരുന്നില്ല എന്നതിനാല്‍ ആകാലഘട്ടത്തില്‍ വര്‍ണ, ജാതി വ്യവസ്ഥക്ക് കാര്യമായ പോറലുകള്‍ ഏല്‍ക്കുകയുണ്ടായി. ഇതാണ് ബ്രാഹ്മണ മേധാവിത്വത്തിനെതിരെ മേല്‍പ്പറഞ്ഞ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണമായത്. ഇന്ത്യയിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക സമന്വയത്തിന് കാരണമാകുകയും ബ്രാഹ്മണമേധാവിത്വത്തിന് തകര്‍ച്ച നേരിടുകയും ചെയ്ത മധ്യകാല ഇന്ത്യയെ മുസ്‌ലിം കാലഘട്ടം എന്ന പേരില്‍ മാറ്റി നിര്‍ത്തിയുള്ള ചരിത്രത്തിന്റെ അപനിര്‍മിതി നയരേഖയില്‍ വ്യക്തമാണ്. വികലമായ ചരിത്രാഖ്യാനത്തിലൂടെ സാമൂഹിക സൗഹാര്‍ദത്തിന്റെയും പുരോഗതിയുടെയും നന്മകള്‍ നിറഞ്ഞ ഭൂതകാലത്തെ തമസ്‌കരിക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢ അജണ്ടയുടെ ഭാഗമാണത്.

ആധുനിക ഇന്ത്യയില്‍ നടന്ന വിദ്യാഭ്യാസ നവോത്ഥാന സംരംഭങ്ങളെയും ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരു ടെ വിദ്യാഭ്യാസപുരോഗതിക്കായി നവോത്ഥാന നായകര്‍ നടത്തിയ അശ്രാന്ത പരിശ്രമങ്ങളെയും നയരേഖയില്‍ പരാമര്‍ശിക്കുന്നില്ല. ജനാധിപത്യ, മതേതര, ശാസ്ത്രീയ വിദ്യാഭ്യാസത്തിനായി പരിശ്രമിച്ച രാജാറാം മോഹന്‍ റോയ്, ഹരിജനോദ്ധാരണ സംരംഭങ്ങളില്‍ ഗാന്ധിജിയുടെ വലംകൈയായി പ്രവര്‍ത്തിക്കുകയും 1918ല്‍ ബോംബേ ലെജിസ്‌ളേറ്റിവ് കൗണ്‍സിലില്‍ നിര്‍ബന്ധ വിദ്യാഭ്യാസബില്‍ അവതരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത തക്കര്‍ബാപ്പാ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും സ്വതന്ത്ര ഇന്ത്യയും ഉയര്‍ത്തിപ്പിടിച്ച, ശാസ്ത്രീയ മതേതര ജനാധിപത്യ വിദ്യാഭ്യാസം എന്ന തത്ത്വം ആദ്യമായി അവതരിപ്പിച്ച സംസ്‌കൃത പണ്ഡിതന്‍ ഈശ്വര ചന്ദ്ര വിദ്യാസാഗര്‍, വിധവാവിവാഹം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെയും പിന്നാക്ക ജാതികളുടെയും വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടിയും ജീവിതം ഉഴിഞ്ഞുവെച്ച മഹര്‍ഷി ഡി. കെ.കാര്‍വെ, ഇന്ത്യയില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസരീതിയുടെ പരിഷ്‌കരണത്തിനായി പ്രവര്‍ത്തിക്കുകയും അതിനായി സെര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റി എന്ന സംഘടനയ്ക്കു രൂപംകൊടുക്കുകയും ചെയ്ത ഗോപാലകൃഷ്ണ ഗോഖലെ, ബഹുജന്‍ വിഭാഗങ്ങള്‍, ശൂദ്രര്‍ എന്നിവര്‍ക്ക് നേരെയുള്ള ബ്രാഹ്മണവിഭാഗത്തിന്റെ വിവേചനത്തെയും ചൂഷണത്തേയും തടയുന്നതിനും അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതിനും പ്രയത്‌നിച്ച ജ്യോതിറാവു ഫൂലെ, എന്നിങ്ങനെ നീളുന്ന നവോത്ഥാന നായകരെയൊന്നും തന്നെ നയരേഖ പരാമര്‍ശിക്കുന്നില്ല. ഭാരതീയ വിദ്യാഭ്യാസത്തെ ആധുനികവും പാശ്ചാത്യവുമായ വിദ്യാഭ്യാസരീതികളുമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ച സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, രവീന്ദ്ര നാഥ ടാഗോര്‍ തുടങ്ങിയ ദാര്‍ശനികരുടെ ചിന്തകളെക്കുറിച്ചും നയരേഖ മൗനം പാലിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. വര്‍ണാശ്രമവ്യവസ്ഥയെ നിരാകരിക്കുകയും മതേതരവിദ്യാഭ്യാസത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്ത മഹാന്മാരെയെല്ലാം അവഗണിക്കുകയാണ് നയരേഖ ചെയ്തിട്ടുള്ളത്.

ഇന്ത്യയുടെ തകര്‍ച്ചക്കു കാരണം ദശലക്ഷങ്ങള്‍ മതത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടതും ഒരു പ്രത്യേകവിഭാഗം മാത്രം വിദ്യാഭ്യാസം കുത്തകയാക്കി വെച്ചതുമാണെന്നു നിരീക്ഷിച്ച സ്വാമി വിവേകാനന്ദന്‍ വേദങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ജാതിവ്യവസ്ഥയെ നിരാകരിക്കുകയും ഭഗവദ്ഗീതയെ അപ്പാടെ സ്വീകരിക്കുക വയ്യ എന്ന നിലപാട് കൈക്കൊള്ളുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യസമര കാലത്തുതന്നെ പെസ്റ്റലോസി, ഫ്രോബല്‍, റൂസ്സോ, മറിയ മോണ്ടിസ്സോറി, ജോണ്‍ ഡ്യൂയി എന്നിങ്ങനെ പാശ്ചാത്യവിദ്യാഭ്യാ സമണ്ഡലത്തിലെ ചിന്തകരുടെയും പ്രയോക്താക്കളുടെയും ആദര്‍ശങ്ങളുടെ സാരാംശം ഉള്‍ക്കൊണ്ട് മതേതരവും ജാതിരഹിതവുമായ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയാണ് ഗാന്ധിജി മുന്നോട്ടു വെച്ചത്. ഓറിയന്റല്‍ വിദ്യാഭ്യാസ ചിന്തകളില്‍നിന്നും ആവേശമുള്‍ക്കൊണ്ട് ശാന്തിനികേതന്‍ സ്ഥാപിച്ച രവീന്ദ്രനാഥ ടാഗോര്‍ ഇന്ത്യക്കാരിലെ അസാധാരണമായ ജാതിബോധത്തെയും തൊട്ടുകൂടായ്മയെയും അതിശക്തമായി എതിര്‍ത്തിരുന്നു. അതിനെതിരായി പ്രഭാഷണ പരമ്പരകളും ദളിതര്‍ മുഖ്യകഥാപാത്ര ങ്ങളാകുന്ന നാടകങ്ങളും കവിതകളും അദ്ദേഹം രചിക്കുകയുണ്ടായി.

പൗരാണിക വിദ്യാഭ്യാസം ജാതിവ്യവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും അന്ധവിശ്വാസം, ഭയം, ഏകാധിപത്യപ്രവണത തുടങ്ങിയവ സൃഷ്ടിക്കുന്നതുമാണെന്നും, മധ്യകാലം ആധുനിക കാലഘട്ടത്തില്‍ നമ്മുടെ രാജ്യം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയില്‍നിന്നും നമ്മെ പുറകോട്ടുനയിക്കുന്നതാണെന്നും, മുകളില്‍ പരാമര്‍ശിക്കപ്പെട്ടവരുള്‍പ്പെ ടെയുള്ള പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ സ്വാതന്ത്ര്യ സമരനായകരും നവോത്ഥാനചിന്തകരുമെല്ലാം മനസ്സിലാക്കിയിരുന്നു. പൗരാണികതയെക്കുറിച്ചുള്ള അവരുടെ ഇത്തരം സമീപനങ്ങള്‍ തന്നെയാണ് വിദ്യാഭ്യാസ നയരേഖയില്‍നിന്ന് അവരെല്ലാം തിരസ്‌കരിക്കപ്പെട്ടതിനു കാരണമായതെന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം. സ്വാതന്ത്ര്യസമരത്തെക്കുറിച്ചോ അക്കാലത്ത് നടന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അവയ്ക്കു നേതൃത്വം നല്‍കിയ വിദ്യാഭ്യാസവിചക്ഷണരെക്കുറിച്ചോ പരാമര്‍ശമില്ലാതെ പുരാതനകാല മഹിമകള്‍ പെരുപ്പിച്ചു കാണിച്ച് ചാതുര്‍വര്‍ണ്യത്തിന്റെ ഇരുണ്ടകാലത്തേക്ക് നമ്മുടെ രാജ്യത്തെ തിരിച്ചുനടത്താനാണ് വിദ്യാഭ്യാസനയം ശ്രമിക്കുന്നത്.

തക്ഷശില, നളന്ദ, വിക്രമശില, വളഭി തുടങ്ങിയ പൗരാണിക സര്‍വകലാശാലകളെ നയരേഖ ഭാരതകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ മാതൃകകളായി അവതരിപ്പിക്കുന്നുണ്ട്.(2) എന്നാല്‍ ഇവയൊന്നും കീഴാളന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന വൈദികകാലത്തിന്റെ സംഭാവനകളായിരുന്നില്ല. മറിച്ച് വേദങ്ങളെ നിരാകരിക്കുകയും വര്‍ണാശ്രമവ്യവസ്ഥയെ നഖനിഖാന്തം എതിര്‍ത്ത് വിദ്യാഭ്യാസം സാര്‍വത്രികമാക്കുകയും ചെയ്ത ബൗദ്ധസംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ്. ഈ രണ്ടു ചരിത്രങ്ങളുടെയും ഏകീകരണത്തിലൂടെ ഭാരതത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ ബൗദ്ധകാല വിദ്യാഭ്യാസത്തെ ബ്രാഹ്മണിക് വിദ്യാഭ്യാസത്തിന്റെ ഭാഗമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് നയരേഖനടത്തുന്നത്.

ഇന്ത്യയുടെ പൗരാണിക വൈജ്ഞാനിക പാരമ്പര്യത്തെ ധന്യമാക്കിയ ചരകന്‍, സുശ്രുതന്‍ തുടങ്ങി തിരുവള്ളുവര്‍വരെയുള്ള ഒട്ടനേകം പണ്ഡിതരെ എടുത്തുകാണിക്കുന്ന നയരേഖ ഗണിതം, ഗോളശാസ്ത്രം, ലോഹസംസ്‌കരണശാസ്ത്രം, കപ്പല്‍നിര്‍മാണം, നാവിഗേഷന്‍ തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ പുരാതന ഇന്ത്യനേടിയ പുരോഗതിയെക്കുറിച്ചും അഭിമാനം കൊള്ളുന്നുണ്ട്.(3) എന്നാല്‍ ഇന്ത്യ ജന്മംനല്‍കിയ എക്കാലത്തെയും മുന്‍നിര ശാസ്ത്രജ്ഞരായ സി.വി.രാമന്‍, മേഘനാഥ് സാഹ, ജഗദീഷ് ചന്ദ്രബോസ്, എസ്.എന്‍.ബോസ്, പി.സി.റോയ് തുടങ്ങിയ, ആധുനികശാസ്ത്രത്തിനും മനുഷ്യവിജ്ഞാനത്തിനും അതുല്യമായ സംഭാവനകള്‍ നല്‍കിയ നിരവധിയാളുകളുടെ പേരുകള്‍ അവഗണിച്ചത് നയരേഖ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയലക്ഷ്യം തുറന്നു കാണിക്കുന്നു.

ബ്രാഹ്മണിക് വിദ്യാഭ്യാസത്തിന്റെ നേട്ടമായി നയരേഖ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന ജൈന, ബൗദ്ധ കാലത്തെ വൈജ്ഞാനിക പുരോഗതിയും കണ്ടുപിടുത്തങ്ങളുമെല്ലാം അക്കാലത്തെ വമ്പിച്ച നേട്ടങ്ങള്‍ തന്നെയായിരുന്നു എന്നതില്‍ സംശയമില്ല. അത്തരം കണ്ടുപിടുത്തങ്ങളില്‍നിന്നും ശാസ്ത്രം ഇന്ന് ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്. എന്നാല്‍ ഈ പൗരാണിക വിജ്ഞാനങ്ങളെല്ലാം ഇന്നും പ്രസക്തമാണെന്നും അവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ആ മേഖലകളില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കണമെന്നും പ്രഖ്യാപിക്കുന്നതിലെ സാംഗത്യം എന്താണ്? പൗരാണികമായ ഏകാത്മക ബഹുവിഷയ വിദ്യാദ്യാസത്തെ മുന്‍നിര്‍ത്തി ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ നാലാം വ്യവസായിക വിപ്ലവത്തിലേക്ക് ഇന്ത്യയെ നയിക്കുന്ന വിദ്യാഭ്യാസമാണ് നയരേഖലക്ഷ്യമിടുന്നത്(4) എന്ന് അവകാശപ്പെടുന്നത് നയരേഖയുടെ യാഥാര്‍ഥ്യബോധമില്ലായ്മയെയും അത് സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്ന മിഥ്യാഭിമാനത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. പൗരാണികകാലത്ത് നിലനിന്നിരുന്ന പരിമിത ജ്ഞാനരൂപങ്ങളെയും സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവര്‍ ആശ്രയിച്ചിരുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളെയും അടിസ്ഥാനമില്ലാത്ത ഐതിഹ്യങ്ങളെയും സാര്‍വകാലികമാക്കി ആധുനിക ഇന്ത്യയുടെ സങ്കീര്‍ണ വിദ്യാഭ്യാസ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന അനീതിയാണ്.

ഇന്ത്യന്‍ സംസ്‌കാരവും ദര്‍ശനങ്ങളും ലോകംമുഴുവനും ശക്തമായ സ്വാധീനം ചെലുത്തിയിരുന്നുവെന്നും, ലോകനാഗരികതക്ക് മികച്ച സംഭാവന നല്‍കിയ സമ്പന്നമായ ഈ പൈതൃകം പരിപോഷിപ്പിക്കുമെന്നും ഭാവിതലമുറക്കായി സംരക്ഷിക്കുമെന്നും അവ ഗവേഷണത്തിനു വിധേയമാക്കുന്നതോടൊപ്പം അവയെ വളര്‍ത്തിക്കൊണ്ടുവരുമെന്നും നമ്മുടെ വിദ്യാദ്യാസ വ്യവസ്ഥയിലൂടെ അവ പ്രയോഗതലത്തി ലേക്കു കൊണ്ടുവരുമെന്നും പ്രഖ്യാപിക്കുന്ന നയരേഖ ആധുനിക ശാസ്ത്രീയ വിദ്യാഭ്യാസത്തെ സമ്പൂര്‍ണമായി തമസ്‌കരിക്കുമ്പോള്‍ ഒട്ടേറെ ആശങ്കകളാണ് അത് ഉയര്‍ത്തുന്നത്.(5)

പുരാതന ഇന്ത്യയുടെ അഭിമാനകരമായ വിജ്ഞാന പാരമ്പര്യത്തോട് ബഹുമാനവും ആദരവും നിലനിര്‍ത്തിക്കൊണ്ടുതന്നെ രാജ്യാതിര്‍ത്തികള്‍ക്ക് അതീതമായി മതേതരവും ശാസ്ത്രീയവും ജനാധി പത്യപരവുമായ ആധുനിക വിദ്യാഭ്യാസത്തിലേക്കാണ് നാം നയിക്കപ്പെടേണ്ടത്. അത്തരമൊരു സമീപനത്തിനു മാത്രമെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവൂ. എന്നാല്‍ ആ കാഴ്ചപ്പാടിനു പകരം പൗരാണികര്‍ വന്‍നേട്ടങ്ങളായി പരിഗണിച്ചതും ഇപ്പോള്‍ അത്രതന്നെ പ്രസക്തിയില്ലാത്തതുമായ പൗരാണിക വിജ്ഞാനങ്ങളെ തീവ്രദേശീയത വളര്‍ത്താനും വര്‍ഗീയത പരിപോഷിപ്പിക്കാനും വേണ്ടി ഉപയോഗപ്പെടുത്തുക എന്ന കുടില തന്ത്രമാണ് നയരേഖ ഇവിടെ പയറ്റുന്നത്.

 

Ref:

1. The rich heritage of ancient and eternal Indian knowledge and thought has been a guiding light for this Policy. The pursuit of knowledge (Jnan), wisdom (Pragyaa), andt ruth (Staya) was always considered in Indian thought and philosophy as the highest human goal. The aim of education in ancient India was not just the acquisition of knowledge as preparation for life in this world, or life beyond schooling, but for the complete realization and liberation of the self. (National Education Policy 2020 Page: 4 )

2. Worldclass institutions of ancient India such as Takshashila, Nalanda, Vikramshila, Vallabhi, set the highest standards of multidisciplinary teaching and research and hosted scholars and students from across backgrounds and coutnries. (Page: 4).

3. The Indian educations ystem produced great scholars such as Charaka, Ssuruta, Aryabhata, Varahamihira, Bhaskaracharya, Brahmagupta, Chanakya, Chakrapani Datta, Madhava, Panini, Patanjali, Nagarjuna, Gautama, Pingala, Sankardev, Matireyi, Gargi and Thiruva lluvar, among numerous others, who made seminal cotnributions to world knowledge in diverse fields such as mathematics, astronomy, metallurgy, medical science and surgery, civil engineering, architecture, shipbuilding and navigation, yoga, fine arts, chess, and more. (Page: 4).

4. A holistic and multidisciplinary education, as described so beautifully in India 's past, is indeed what is needed for the education of India to lead the coutnry into the 21st century and the fourth industrial revolution. (Page: 37).

5. Indian culture and philosophy have had a strong influence on the world. These rich legacies to world heritage must not only be nurtured and preserved for postertiy but also researched, enhanced, and put to new uses through our educations ystem. (Page: 4).