മനുഷ്യരേ, നാം ഒന്നാണ്
ടി.കെ.അശ്‌റഫ്
2020 മാര്‍ച്ച് 28 1441 ശഅബാന്‍ 04
മനുഷ്യരൊന്നാണ്, ഐക്യത്തോടെ കഴിയേണ്ടവരാണ് എന്നത് മനുഷ്യത്വമുള്ളവരെല്ലാം അംഗീകരിക്കുന്ന കാര്യമാണ്. എന്നാല്‍ കാര്യം അങ്ങനെയല്ല, ചിലരുമായി ഐക്യപ്പെട്ടുകൂടാ, ചിലര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടതാണ് എന്നൊക്കെയുള്ള വിഭജനത്തിന്റെയും വേര്‍തിരിവിന്റെയും ശബ്ദം നാട്ടില്‍ ഉയര്‍ന്നുകേള്‍ക്കുകയാണിപ്പോള്‍. ഇത് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനും ഒന്നിച്ചു കൊണ്ടുപോകുവാനും ബാധ്യതയുള്ള ഭരണകൂടത്തില്‍ നിന്നാണ് എന്ന വസ്തുതയാണ് നമ്മെ വേദനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതും.
ഈ വിഭജനചിന്തയുടെ അനന്തരഫലമെന്നോണം രാജ്യതലസ്ഥാനത്ത് തുല്യതയില്ലാത്ത വര്‍ഗീയാക്രമണങ്ങള്‍ നടന്നതിനും രാജ്യം സാക്ഷിയായി. ഡസന്‍ കണക്കിനാളുകള്‍ അതില്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. വെടിവെക്കുവാന്‍ കൃത്യമായി പരിശീലനം ലഭിച്ചവരുടെ വെടിയേറ്റാണ് പല മരണങ്ങളും നടന്നതും നൂറിലധികം പേര്‍ക്ക് പരിക്കുപറ്റിയതും എന്ന് വ്യക്തമായിക്കഴിഞ്ഞു. അനേകം വാഹനങ്ങളും വീടുകളും അഗ്‌നിക്കിരയാക്കപ്പെട്ടു. കടകള്‍ കൊള്ളയടിക്കപ്പെടുയും തകര്‍ക്കപ്പെടുകയും ചെയ്തു. ഫാക്ടറികളും സ്‌കൂളുകളും പോലും നശിപ്പിക്കപ്പെട്ടയുടെ ലിസ്റ്റിലുണ്ട്.
പൗരത്വഭേദഗതി നിയമം എന്ന ബില്ലിന്റെ മറവിലാണ് ഈ കലാപം അരങ്ങേറിയത്. ഏതൊരു പ്രശ്‌നമുണ്ടായാലും അതിലേക്ക് നയിച്ച കാരണമെന്താണ് എന്നതാണ് നാം പരിഗണിക്കേണ്ട വിഷയം. ഈ ബില്‍ കൊണ്ടുവന്നവര്‍ കരുതിയത് ഏതാനും മുസ്‌ലിംകള്‍ മാത്രം പ്രതിഷേധവുമായി വരുെമന്നാണ്. എന്നാല്‍ രാജ്യം കണ്ടത് ഇന്ത്യന്‍ ജനതയുടെ ഒന്നിച്ചുള്ള മുന്നേറ്റമാണ്. സഹന സമരമാണ്. അത് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ പ്രകമ്പനം സൃഷ്ടിച്ചു. ഈ മനുഷ്യത്വവിരുദ്ധമായ നിയമം കൊണ്ടുവന്നവരെ ഏറെ ദുഃഖിപ്പിച്ചത് ഈ ഐക്യമാണ്. വമ്പിച്ച സമരങ്ങള്‍ നടക്കുമ്പോഴും ഒന്നും അക്രമാസക്തമാകുന്നില്ല എന്നതാണ് ഇവരെ വിറളിപിടിപ്പിച്ചത്. അക്രമാസക്തമായാല്‍ സമരത്തെയും സമരക്കാരെയും നിയമത്തിന്റെ ദണ്ഡുകാട്ടി അടിച്ചമര്‍ത്താം എന്ന് അവര്‍ കണക്കുകൂട്ടി. ഷഹീന്‍ബാഗിലെ സമരപോരാളികളിലേക്ക് തോക്കുമായി കടന്നുചെന്ന് ഭീഷണിപ്പെടുത്താനും സമരക്കാരെ പിന്തിരിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തി. എല്ലാ കുടിലതന്ത്രങ്ങളും വിഫലമാകുകയാണുണ്ടായത്.
ഈ സാഹചര്യത്തിലാണ് ദല്‍ഹിയില്‍ കലാപത്തിനു തീ കൊളുത്തിയത്. അത് സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് നടന്നത് എന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. പോലീസുകാര്‍ അക്രമികള്‍ അഴിഞ്ഞാടുന്നത് നോക്കിനിന്നതും പലപ്പോഴും അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് അക്രമം നടത്തിയതും ഒത്താശകള്‍ ചെയ്തുകൊടുത്തതും അതിന്റെ അടയാളമാണ്. മൂന്ന് ദിവസം കലാപം നീണ്ടുനിന്നിട്ടും സര്‍ക്കാര്‍ ഇടപെടാത്തതിന്റെ പേരില്‍ ദല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും സര്‍ക്കാറിനെ വിമര്‍ശിച്ചതും ശ്രദ്ധേയമാണ്. ഹൈക്കോടതി പോലീസുകാരോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. കലാപത്തിന് ആഹ്വാനം ചെയ്ത വ്യക്തിയെ എന്തുകൊണ്ട് നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നില്ല എന്ന ജഡ്ജിയുടെ ചോദ്യത്തിന് അങ്ങനെയൊരു പ്രസംഗം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നായിരുന്നു മറുപടി. ആ പ്രസംഗം ഇന്ത്യയുടെ ഓരോ മുക്കുമൂലയിലും എത്തിക്കഴിഞ്ഞതിനു ശേഷമാണ് ഇതെന്നോര്‍ക്കണം. എന്നാല്‍ കോടതി അതിന്റെ വീഡിയോ പൊലീസുകാര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് അവരുടെ വായടപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ നിരാശ വേണ്ടെന്നും ഇതുപോലുള്ള രജതരേഖകള്‍ ആശ്വാസം പകരുന്നുവെന്നും ഇത് വിളിച്ചുപറയുന്നു. എന്നാല്‍ ആ ജഡ്ജിയെ രായ്ക്കുരാമാനം സ്ഥലംമാറ്റിയത് ഭരണകൂടത്തില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയെ ഇല്ലാതാക്കുന്നതായിരുന്നു.
ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ദല്‍ഹിയില്‍ കലാപം അരങ്ങേറുമ്പോഴാണ് ഉല്‍ബുദ്ധമായ കേരളത്തില്‍ പോലും ചിലര്‍ വര്‍ഗീയ വിഷം ചീറ്റി സോഷ്യല്‍മീഡിയയിലൂടെ രഗത്തുവന്നത് എന്നത് നമ്മെ ഭയപ്പെടുത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അത്തരം വിഷവിത്തുകളെ അറസ്റ്റു ചെയ്യുകയും ചെയ്തു എന്നത് ആശ്വാസകരമാണ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ പലരും ഈ കലാപത്തെ ന്യായീകരിച്ചതും എത്രത്തോളം ഈ വിഷം മലയാളികള്‍ക്കിടയില്‍ പടര്‍ന്നുകയറിയിട്ടുണ്ട് എന്നത് വ്യക്തമാക്കുന്നു.
ഇസ്‌ലാമിന്റെ മാനവികത
ഇസ്‌ലാമും മുസ്‌ലിംകളും ഏറ്റവും കൂടുതല്‍ അപരവത്കരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും തെറ്റുധരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മാനവിക സന്ദേശമെന്തെന്ന് ലോകം അറിയേണ്ടതുണ്ട്.
''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ക്വുര്‍ആന്‍ 49:13).
ലോകത്ത് ഇന്നേവരെ കഴിഞ്ഞുപോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ സകല മനുഷ്യരുടെയും ആദിമാതാവും ആദിപിതാവും ഒന്നാണെന്ന ക്വുര്‍ആനിന്റെ ഈ പ്രഖ്യാപനം ലോകത്തിന് നല്‍കുന്നത് മഹത്തായ ഒരു സന്ദേശമാണ്. വര്‍ഗ, വര്‍ണ, ദേശ, ഭാഷകളുടെയും അധികാരത്തിന്റെയും സമ്പന്നതയുടെയും പേരില്‍ മേനി നടിക്കാന്‍ ഒരാള്‍ക്കും അധികാരമില്ലെന്നും അതൊന്നും ഒരു വ്യക്തിയുടെ മേന്മയുടെ അടയാളമല്ലെന്നും ഭയഭക്തിയോടുകൂടി നന്മകള്‍ ചെയ്ത് ജീവിക്കുന്നതാണ് ഒരു മനുഷ്യനെ ഉന്നതസ്ഥാനീയനാക്കുന്നത് എന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് എന്നും ഈ ക്വുര്‍ആന്‍സൂക്തം നമ്മെ പഠിപ്പിക്കുന്നു.
'അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ നോക്കുന്നില്ല; മറിച്ച് അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്' എന്നും 'അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ശ്രേഷ്ഠതയില്ല; ഭയഭക്തികൊണ്ടല്ലാതെ' എന്നുമുള്ള പ്രവാചക വചനങ്ങള്‍ ഇസ്‌ലാമിന്റെ മാനവികതയും സമഭാവനയും വ്യക്തമാക്കുന്നു.
ശ്രേഷ്ഠതയുടെ അടയാളം
ആരാണ് നല്ലവന്‍? ആരാണ് ശ്രേഷ്ഠന്‍? ആരാണ് ഉന്നതന്‍? സമ്പന്നനാണോ? അധികാരമുള്ളവനാണോ? തൊലിവെളുപ്പുള്ളവനാണോ? പ്രത്യേകമായ ഒരു രാജ്യത്ത് ജനിച്ചവനോ പ്രത്യേകമായ ഏതെങ്കിലും ഭാഷ സംസാരിക്കുന്നവനോ ആണോ? അങ്ങനെയൊക്കെയാണെന്ന് പറയുന്നവര്‍ വര്‍ത്തമാനകാലത്ത് ഏറെയുണ്ട്. എന്നാല്‍ ഇത്തരം വിഭാഗീയതയുടെ ചിന്തകളെ ഇസ്‌ലാം തകര്‍ത്തുകളയുന്നു. ദൈവത്തെ ഭയപ്പെട്ടുകൊണ്ട് എല്ലാവിധ തെറ്റുകളും വര്‍ജിച്ചുകൊണ്ടും അവന്റെ കാരുണ്യത്തിലും പ്രതിഫലത്തിലും പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് പരമാവധി നന്മകള്‍ ചെയ്തുകൊണ്ടും അവന്റെ കല്‍പനാനിര്‍ദേശങ്ങള്‍ അനുസരിച്ചുകൊണ്ടും ജീവിക്കുന്നവന്‍ ആരാണോ അവനാണ് ശ്രേഷ്ഠനായ മനുഷ്യന്‍. അവനാണ് ഉത്തമന്‍.
സൂക്ഷ്മതയോടെ(തക്വ്‌വയോടെ)യുള്ള ഈ ജീവിതം വ്യക്തി, കുടുംബ, സമൂഹ തലങ്ങളിലെല്ലാം സമാധാനം കൈവരുവാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. ഇതിന്റെ അഭാവമാണ് വിദ്യാസമ്പന്നര്‍ പോലും അധര്‍മങ്ങളിലും അന്ധവിശ്വാസങ്ങളിലും മുഴുകി ജീവിക്കുവാന്‍ കാരണം. സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടി രോഗിയുടെ ജീവിതം കൊണ്ട് കളിക്കുന്ന ഡോക്ടര്‍മാരും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കൃത്രിമം കാണിച്ച് പണംകൊയ്യുന്ന എഞ്ചിനീയര്‍മാരുമൊക്കെ തങ്ങളെ സദാസമയം നിരീക്ഷിക്കുന്ന സ്രഷ്ടാവിനെക്കുറിച്ച് ബോധമുള്ളവരാണെങ്കില്‍ അത്തരം തെറ്റുകള്‍ ചെയ്യുകയില്ല.
ഇന്ന് മിക്ക സ്ഥാപനങ്ങളുടെ അകത്തും പുറത്തും സി.സി.ടി.വി ക്യാമറകളുണ്ട്. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുവാനും ജോലിക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും ഇത് സഹായകമാണ്. താന്‍ നിരീക്ഷിക്കപ്പെടുന്നു, തന്റെ ചലനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നു എന്ന ബോധം മനുഷ്യനെ ജാഗ്രതയുള്ളവനും കര്‍മനിരതനുമാക്കുമെന്നതില്‍ സംശയമില്ല.
സി.സി.ടി.വി ക്യാമറക്കണ്ണുകള്‍ക്ക് പരിധിയുണ്ട്. അതിനപ്പുറമുള്ളത് അതിന്റെ കാഴ്ചയില്‍ പെടില്ല. എന്നാല്‍ ദൈവത്തിന്റെ അറിവിനും കേള്‍വിക്കും കാഴ്ചക്കും പരിമിതിയും പരിധിയുമില്ല.
''കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു'' (ക്വുര്‍ആന്‍ 40:19).
''(നബിയേ,) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങള്‍ മറച്ചുവെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവനറിയുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു''(ക്വുര്‍ആന്‍ 3:29).
എല്ലാറ്റിന്റെയും സ്രഷ്ടാവ് അല്ലാഹുവാണ്. ഇങ്ങനെയുള്ള വേറെയൊരു ശക്തിയോ വ്യക്തിയോ പ്രപഞ്ചത്തിലോ പ്രപഞ്ചത്തിനപ്പുറത്തോ ഇല്ല. അതുകൊണ്ട് ആരാധനക്കര്‍ഹന്‍ അവന്‍ മാത്രമാണ്. അവനെ മാത്രം ആരാധിക്കുവാന്‍ ഇസ്‌ലാം മാവനവരാശിയോട് പറയുന്നു:
''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അതുമുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്'' (ക്വുര്‍ആന്‍ 2:21,22).
ഈ സൂക്തത്തിലൂടെ സസൂക്ഷ്മം കണ്ണോടിക്കുക. ഭൂമിയെ ജീവിക്കുവാന്‍ പറ്റുന്ന രൂപത്തില്‍ സംവിധാനിച്ച, വേണ്ടതെല്ലാം ഒരുക്കിത്തന്ന, സകല സൃഷ്ടിജാലങ്ങളെയും പടച്ച ദൈവത്തെ മാത്രം ആരാധിക്കുവാനാണ് ഇതിലൂടെ കല്‍പിക്കുന്നത്. ഹിന്ദുക്കളുടെ ദൈവത്തെ ആരാധിക്കൂ എന്നല്ല, മുസ്‌ലിംകളുടെ ദൈവത്തെ ആരാധിക്കൂ എന്നല്ല, ക്രിസ്ത്യാനികളുടെ ദൈവത്തെ ആരാധിക്കൂ എന്നല്ല കല്‍പന; ദൈവം ചമഞ്ഞ് നടക്കുന്നവരെയോ ജാറങ്ങളെയോ നബിമാരെയോ ഔലിയാക്കളെയോ ആരാധിക്കൂ എന്നല്ല; മറിച്ച് പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ആരാധിക്കുവാനാണ്. സൂര്യനെയോ ചന്ദ്രനെയോ ആരാധിക്കുവാനല്ല അവയെ സൃഷ്ടിച്ചവനെ ആരാധിക്കുവാനാണ്. ഇതില്‍ വര്‍ഗീയതയില്ല. വിഭാഗീയതയില്ല. വിയോജിക്കേണ്ട കാര്യമേയില്ല.
സ്രഷ്ടാവും സൃഷ്ടികളും ഒന്നല്ല
പടപ്പുകളെ ആരാധിക്കുന്നവന് ജീവിതത്തില്‍ സൂക്ഷ്മത പാലിക്കാന്‍ കഴിയില്ല. കാരണം പടപ്പുകള്‍ സര്‍വജ്ഞരല്ല. സര്‍വശക്തരുമല്ല. അതുകൊണ്ട് തന്നെ അദൃശ്യമായ നിലയില്‍, അവര്‍ തങ്ങളെ നിരീക്ഷിക്കുമെന്ന ചിന്തയാല്‍ ആരും അവരെ ഭയപ്പെടില്ല. അവര്‍ സ്വന്തം കാര്യങ്ങള്‍ക്ക് പോലും അന്യരുടെ സഹായം ആവശ്യമുള്ളവരാണ്. സ്വദേഹങ്ങള്‍ക്ക് വരുന്ന ആപത്ത് പോലും തടുക്കാന്‍ കഴിയാത്തവരാണ്. തങ്ങള്‍ക്ക് ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അവര്‍ അജ്ഞരാണ്. അവര്‍ മാനുഷികമായ എല്ലാ ദൗര്‍ബല്യങ്ങളും ഉള്ളവരാണ്.
എന്നാല്‍ സാക്ഷാല്‍ ദൈവം അങ്ങനെയല്ല: ''അല്ലാഹു-അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ'' (ക്വുര്‍ആന്‍ 2:255).
ദൈവമല്ലാത്തതെല്ലാം സൃഷ്ടികളാണ്. ജനിച്ചവരാണ്. മരണമുള്ളവരാണ്.
''(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമാ യിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും'' (ക്വുര്‍ആന്‍ 112:1-4).
ഇങ്ങനെയുള്ള ഒരു ദൈവത്തെ മാത്രമെ ആരാധിക്കുവാന്‍ പാടുള്ളൂ എന്ന വിഷയത്തില്‍ അഭിപ്രായാന്തരത്തിന് വകയില്ല. ഇത് മാനവസമൂഹം ഐക്യപ്പെടുവാനുള്ള മാര്‍ഗമാണ്. ഭിന്നതകള്‍ തുടച്ചുനീക്കുന്നതാണ്.
''(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍'' (21:92).
മനുഷ്യര്‍ ഏകസമുദായമായിരുന്നു. പിന്നീടവര്‍ ഭിന്നിക്കുകയാണുണ്ടായത്:
''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹുപ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്‌സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല....'' (2:213).
മതം അടിച്ചേല്‍പിക്കേണ്ടതല്ല
ഇസ്‌ലാമികാദര്‍ശം ആരിലും അടിച്ചേല്‍പിക്കുവാനോ പ്രലോഭനം നല്‍കിയോ ഭീഷണിപ്പെടുത്തിയോ സ്വീകരിപ്പിക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നില്ല. അതില്‍നിന്ന് വിലക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. വിശ്വാസത്തിന്റെ ഉറവിടം മനസ്സാണ്. നിര്‍ബന്ധിച്ച് ഒരാളെയും വിശ്വാസിയാക്കാന്‍ സാധ്യമല്ല. അവര്‍ക്ക് സന്ദേശം എത്തിച്ചുകൊടുക്കുക എന്ന ബാധ്യത മാത്രമെ മുസ്‌ലിംകള്‍ക്കുള്ളൂ. പ്രലോഭനമോ ഭീഷണിയോ കൊണ്ട് ആരെങ്കിലും വിശ്വാസം സ്വീകരിച്ചാല്‍ അത് കേവലം അഭിനയമായിരിക്കും. ജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ പിന്‍പറ്റുവാന്‍ അവര്‍ക്ക് സാധിക്കില്ല.
വിശ്വാസ സ്വാതന്ത്ര്യം ഇസ്‌ലാം അനുവദിക്കുന്നു: ''നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും'' (109:6).
''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 2:256).
ഇതരമതസ്ഥരോടുള്ള സമീപനം
മനുഷ്യര്‍ക്ക് ഈ ക്ഷണികമായ ഭൗതികലോക ജീവിതം ഒരു പരീക്ഷണ വേളയാണ്. സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയവര്‍ ഈ പരീക്ഷണത്തില്‍ വിജയിക്കും.
''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു'' (6:2).
ഇസ്‌ലാമിക മര്യാദയനുസരിച്ച് ജീവിക്കുന്നവന്‍ പൂര്‍ണാര്‍ഥത്തില്‍ മനുഷ്യനായിരിക്കും. മാനുഷികമായ മൂല്യങ്ങളെല്ലാം അവനില്‍ പ്രകടമാകും. അവന്‍ സല്‍സ്വഭാവങ്ങളുടെ വിളനിലമായിരിക്കും. ദുസ്സ്വഭാവങ്ങള്‍ അവന്‍ വെടിയും. എല്ലാ മനുഷ്യരെയും ഇതര ജീവജാലങ്ങളെയും സ്‌നേഹിക്കുവാനും എല്ലാറ്റിനോടും കരുണകാണിക്കുവാനും അവര്‍ സന്നദ്ധനായിരിക്കും. മാനുഷികമായ സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ ഒരു സത്യവിശ്വാസി മത, വര്‍ഗ, വര്‍ണ ഭേദം പരിഗണിക്കില്ല.
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവര്‍ സത്യവിശ്വാസിയല്ല എന്ന പ്രവാചക വചനം ഏറെ പ്രസിദ്ധമാണ്. അയല്‍വാസിയുടെ ജാതിയും മതവും നിറവും നോക്കാന്‍ അവിടെ പറഞ്ഞിട്ടില്ല. ഇങ്ങോട്ട് നന്മയില്‍ വര്‍ത്തിക്കുന്നവരോട് ഏത് മതക്കാരായാലും എന്ത് നിലപാട് സ്വീകരിക്കണമെന്ന് ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നത് കാണുക:
''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (ക്വുര്‍ആന്‍ 60:8).
അതെ! വിശ്വാസി പുണ്യം ചെയ്യുന്നവനായിരിക്കും! സ്വന്തം മാതാപിതാക്കള്‍ മുസ്‌ലിംകള്‍ അല്ലെങ്കിലും അവരെ അനുസരിക്കണം; വിശ്വാസകാര്യത്തിലൊഴികെ എന്നാണ് ഇസ്‌ലാമിന്റെ കല്‍പന.
''നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെമേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്'' (ക്വുര്‍ആന്‍ 31:15).
എങ്ങനെ ഒരു മുസ്‌ലിമിന് മറ്റുമതക്കാരോട് അസഹിഷ്ണുത കാട്ടാന്‍ കഴിയും? എങ്ങനെ അവരെ വേദനിപ്പിക്കാന്‍ കഴിയും? എങ്ങനെ അവന് വര്‍ഗീയവാദിയും തീവ്രവാദിയുമാകാന്‍ കഴിയും?
ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍
മിക്ക നബിമാരും ജീവിച്ചിരുന്നത് ബഹുമത സമൂഹത്തിലും ബഹുദൈവാരാധകര്‍ക്കിടയിലുമായിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. വിശ്വാസസംരക്ഷണാര്‍ഥം ഏതാനും പ്രവാചകാനുചരന്മാര്‍ ആദ്യമായി പലായനം ചെയ്തത് ക്രിസ്ത്യന്‍ രാജ്യമായ അബ്‌സീനിയയിലേക്കായിരുന്നു. പ്രവാചകത്വം ലഭിച്ച ശേഷം 13 വര്‍ഷത്തോളം നബി ﷺ യും അനുയായികളും ജീവിച്ചത് ബഹുദൈവാരാധകര്‍ക്ക് ഭൂരിപക്ഷമുള്ള മക്കയിലായിരുന്നു. വിശ്വാസിയായിക്കൊണ്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം മാത്രമാണ് മദീനയിലേക്ക് പലായനം ചെയ്യാനുള്ള കാരണം.
മദീന മുസ്‌ലിംകളും ജൂതന്മാരും ബഹുദൈവാരാധകരും ഉള്ള ഒരു നാടായി മാറി. മദീനയുടെ ഭരണം തന്റെ കൈകളിലായതിനാല്‍ അവിടെയുള്ള മറ്റുമതക്കാരുടെ പൗരത്വം ചോദ്യം ചെയ്യുവാനോ അവരെ ആട്ടിയോടിക്കുവാനോ അല്ല മഹാനായ പ്രവാചകന്‍ ശ്രമിച്ചത്. മദീനക്കാര്‍ക്കിടയിലെ ബന്ധം സൃദൃഢമാകുവാനും അവരുടെ അവകാശങ്ങളും ബാധ്യതകളും വ്യക്തമാക്കിക്കൊടുക്കുവാനും ഒരു കരാര്‍ തന്നെ അദ്ദേഹം തയ്യാറാക്കി. മുസ്‌ലിംകളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധവും മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിലുള്ള ബന്ധവും വ്യവസ്ഥപ്പെടുത്തി പറയുന്ന രേഖയായിരുന്നു അത്.
മദീനക്കാരോട് മൊത്തമായി ഇങ്ങനെ ഇങ്ങനെ ഉടമ്പടി ചെയ്തു: ''അയല്‍വാസികള്‍ സ്വന്തം ശരീരം പോലെയാണ്. അവരെ ദ്രോഹിക്കുവാനോ കുറ്റങ്ങള്‍ ചെയ്യുവാനോ പാടില്ല. ഒരാളുടെയും പവിത്രതക്ക് കളങ്കം വരുത്തുന്ന ഒന്നും ചെയ്യാന്‍ പാടില്ല. മദീനക്കാര്‍ക്ക് ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളിലും തര്‍ക്കങ്ങളിലും അതിന്റെ അന്തിമ തീരുമാനം പറയേണ്ടത് അല്ലാഹുവും അവന്റെ പ്രവാചകനുമാണ്. മദീനയെ വല്ലവരും അക്രമിക്കുന്നുവെങ്കില്‍ മദീനക്കാര്‍ പരസ്പരം സഹായിക്കേണ്ടതാണ്. മദീനയില്‍ നിന്ന് പുറത്തു പോകുന്നവനും മദീനയില്‍ ഇരിക്കുന്നവനും നിര്‍ഭയനായിരിക്കും. അക്രമം ചെയ്തവനും കുറ്റകൃത്യങ്ങള്‍ ചെയ്തവനും ഒഴികെ. തക്വ്‌വ (സൂക്ഷ്മത) കാണിക്കുകയും പുണ്യം ചെയ്യുകയും ചെയ്തവര്‍ക്കുള്ള അഭയം നല്‍കുന്നത് അല്ലാഹുവാണ്, അവന്റെ പ്രവാചകനാണ്.''
ചേര്‍ന്നുനില്‍ക്കുക
ഇന്ത്യക്കൊരു പ്രശ്‌നം വന്നാല്‍ നമ്മള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രയത്‌നിച്ചവരിലും അതിനായി ജീവന്‍ ബലിയര്‍പ്പിച്ചവരിലും എല്ലാ മതക്കാരും മതമില്ലാത്തവരുമുണ്ട്. ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യവും ജനാധിപത്യവും ഇവിടെ നിലനില്‍ക്കണം. മതം നോക്കി ചിലര്‍ക്ക് പൗരത്വം നല്‍കുകയും ചിലര്‍ക്കു നല്‍കാതിരിക്കുകയും ചെയ്യുക എന്നത് ഭരണഘടനാവിരുദ്ധമാണ്. ജനങ്ങളില്‍ വേര്‍തിരിവുണ്ടാക്കലാണ്. ഗൂഢമായ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമമാണ്. അതിനെ ഒറ്റക്കെട്ടായി ഇന്ത്യന്‍ ജനത നേരിടണം. ചെറുത്തു തോല്‍പിക്കണം.