യേശുക്രിസ്തു വിശുദ്ധ ക്വുര്‍ആനിലും ബൈബിളിലും

സലീം പട്‌ല

2020 ഡിസംബര്‍ 19 1442 ജുമാദല്‍ അവ്വല്‍ 04
യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ഓര്‍മ പുതുക്കുന്ന ക്രിസ്തുമസ് ആഘോഷവേളയിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. സെമിറ്റിക് മതങ്ങളിലെല്ലാം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും വ്യത്യസ്തത പുലര്‍ത്തുന്നതുമായ സ്ഥാനമാണ് യേശുവിനുള്ളത്. പ്രബല മതവിഭാഗങ്ങളായ ഇസ്ലാമും ക്രിസ്തുമതവും യേശുവിനെക്കുറിച്ച് വച്ചുപുലര്‍ത്തുന്ന വിശ്വാസങ്ങളിലെ സാമ്യതകളും വൈജാത്യങ്ങളും എന്തൊക്കെ? ഒരു താരതമ്യ പഠനം.

ഇസ്രാഈല്‍ ജനതയിലേക്ക് അല്ലാഹു നിയോഗിച്ച മഹാനായ പ്രവാചകനാണ് യേശുക്രിസ്തു അഥവാ ഈസാനബി(അ). യേശുക്രിസ്തുവിനെ കുറിച്ച് തികച്ചും തീവ്രമായ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന രണ്ട് വിരുദ്ധ ചേരികളാണ് ജൂതരും ക്രിസ്ത്യാനികളും. യഹൂദര്‍ വ്യഭിചാരപുത്രനും വ്യാജപ്രവാചകനും മരക്കുരിശില്‍ തൂക്കപ്പെട്ട അഭിശപ്തനുമാക്കി ക്രിസ്തുവിനെ തള്ളിക്കളയുമ്പോള്‍, ദൈവപുത്രനും സാക്ഷാല്‍ ദൈവവും യേശു തന്നെയാണെന്ന് വാദിച്ച് ക്രൈസ്തവര്‍ അതിരുകവിയുന്നു. ഫലത്തില്‍ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇരുപക്ഷവും ആ പ്രവാചകനെതിരെ ഉന്നയിച്ചിരിക്കുന്നത്. തെളിവുകളുടെ പിന്‍ബലമില്ലാത്ത ഇത്തരം അബദ്ധധാരണകളെയും വികല വിശ്വാസങ്ങളെയും ദൈവിക ഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുകയും തിരുത്തുകയും യേശുക്രിസ്തുവിന്റെ തെളിമയാര്‍ന്ന വ്യക്തിത്വം ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. പൗരോഹിത്യത്തിന്റെ കൈകടത്തലുകള്‍ക്ക് വിധേയമായ നിലവിലുള്ള ബൈബിള്‍ പുസ്തകങ്ങളില്‍ പോലും സത്യാസത്യവിവേചന പ്രമാണവും അവസാനത്തെ വേദഗ്രന്ഥവുമായ വിശുദ്ധ ക്വുര്‍ആനിന്റെ ആശയങ്ങളെ ശരിവെക്കുന്നതും സത്യപ്പെടുത്തുന്നതുമായ വാക്യങ്ങള്‍ അത്ഭുതകരമായി നിലനില്‍ക്കുന്നുണ്ട്. പ്രസ്തുത വിഷയത്തിലുള്ള ചെറിയ പഠനമാണിത്.

യേശുവിന്റെ 'തിരുപ്പിറവി'

വിശുദ്ധ ക്വുര്‍ആന്‍ പേരെടുത്ത് പറഞ്ഞ ഏക വനിതയാണ് യേശുവിന്റെ മാതാവായ മര്‍യം. മര്‍യമിന്റെ ജനനത്തെക്കുറിച്ചും (3/35-36) മര്‍യമിലൂടെ വെളിപ്പെട്ട അത്ഭുതത്തെക്കുറിച്ചും (3/37) മര്‍യമിന്റെ മഹത്ത്വത്തെക്കുറിച്ചുമെല്ലാം (3/42-43; 66/11-12) വിശുദ്ധ ക്വുര്‍ആന്‍ വിശദമായിത്തന്നെ സംസാരിക്കുന്നുണ്ട്.

പരിശുദ്ധാത്മാവ് (ജിബ്‌രീല്‍/ഗബ്രിയേല്‍) മനുഷ്യരൂപത്തിലെത്തുന്നതും മനുഷ്യനാണെന്ന് തെറ്റിദ്ധരിച്ച് മര്‍യം അല്ലാഹുവില്‍ അഭയം തേടുന്നതും ജിബ്‌രീല്‍(അ) തന്റെ വരവിന്റെ ഉദ്ദേശ്യമായ യേശുവിന്റെ തിരുപ്പിറവിയെക്കുറിച്ച് അറിയിക്കുന്നതും വിശുദ്ധ ക്വുര്‍ആന്‍ 19ാം അധ്യായം 16 മുതല്‍ 21 വരെയുള്ള വചനങ്ങളിലുണ്ട്.

മലക്കുകള്‍ യേശുവിനെക്കുറിച്ച് മര്‍യമിനെ അറിയിച്ച സന്തോഷവാര്‍ത്തയും (3/45-47) മര്‍യം യേശുവിനെ ഗര്‍ഭം ധരിക്കുന്നതും വീട്ടില്‍നിന്നും മാറിത്താമസിക്കുന്നതും പ്രസവിച്ച് കൈക്കുഞ്ഞുമായി നാട്ടുകാരിലേക്ക് പോകുന്നതും നാട്ടുകാര്‍ മര്‍യമിനെതിരെ വ്യഭിചാരാരോപണമുന്നയിക്കുന്നതും മാതാവിന്റെ ചാരിത്രശുദ്ധി ചോദ്യം ചെയ്തവര്‍ക്ക് തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞ് മറുപടി പറയുന്നതുമായ അത്ഭുത സംഭവങ്ങള്‍ വിശുദ്ധ ക്വുര്‍ആന്‍ 19ാം അധ്യായം 22 മുതല്‍ 33 വരെയുള്ള വചനങ്ങളില്‍ വിശദീകരിക്കുന്നു.

യേശുവിന്റെയും മാതാവിന്റെയും ചരിത്രം സത്യസന്ധമായി പഠിപ്പിച്ചുതരികയും അവരെ പരിശുദ്ധപ്പെടുത്തുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്ന ഏകഗ്രന്ഥം വിശുദ്ധ ക്വുര്‍ആനാണ് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

യേശുക്രിസ്തു മഹാനായ പ്രവാചകന്‍

മനുഷ്യര്‍ക്ക് നന്മതിന്മകളും ശരിതെറ്റുകളും സന്മാര്‍ഗവും ദുര്‍മാര്‍ഗവും വേര്‍ത്തിരിച്ച് വ്യക്തമാക്കി കൊടുക്കാനും ദൈവിക കല്‍പനകളനുസരിച്ച് ജീവിച്ചു കാണിച്ച് കൊടുക്കാനും സര്‍വലോകരക്ഷിതാവ് മനുഷ്യരില്‍നിന്നുതന്നെ തെരഞ്ഞെടുത്ത് അയച്ചവരാണ് പ്രവാചകന്‍മാര്‍ (നബിമാര്‍).

പ്രവാചകന്‍മാരുടെ പേരുകള്‍ പരാമര്‍ശിക്കുമ്പോള്‍ യേശുവിന്റെ പേരും വിശുദ്ധ ക്വുര്‍ആന്‍ എടുത്തു പറയുന്നുണ്ട് (6/84-86). റസൂല്‍ (ദൂതന്‍) (5/73), അല്ലാഹുവിന്റെ റസൂല്‍ (4/157,4/171) എന്നൊക്കെ യേശുവിനെ അല്ലാഹു പരിചയപ്പെടുത്തുന്നതായി കാണാം. നിങ്ങളിലേക്ക് അല്ലാഹു അയച്ച ദൂതനാണ് ഞാനെന്നാണ് യേശു ഇസ്രാഈല്‍ മക്കളോട് പറയുന്നത് (61/6). എനിക്ക് വേദഗ്രന്ഥം നല്‍കിയിട്ടുണ്ടെന്നും എന്നെ നബിയാക്കിയിട്ടുണ്ടെന്നും യേശു പറയുന്നുണ്ട് (19/30).

ഇസ്രാഈല്‍ മക്കളിലേക്കാണ് യേശുവിന്റെ നിയോഗമെന്നും വിശുദ്ധ ക്വുര്‍ആന്‍ (61/6) അറിയിച്ചു തരുന്നുണ്ട്. യേശുക്രിസ്തു പ്രവാചകനാണെന്നും ദൈവം അയച്ചതാണെന്നും പ്രഖ്യാപിക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുമുണ്ട്. (മാര്‍ക്ക്: 6/4; ലൂക്ക: 4/24; യോഹ: 17/3, 7/1618, 11/42, 12/49,50, 11/41,42,7/28,29, 2/44, 4/34,16/30, 9/33).

ഇസ്രായേലി സന്തതികളിലേക്കാണ് യേശുക്രിസ്തുവിന്റെ നിയോഗമെന്നാണ് ബൈബിളും പറയുന്നത്.(മത്താ: 15/24;10/5,6). യെരൂശലേം നിവാസികളും(മത്താ: 21/10,11) യേശുവിന്റെ ജനതയും (മത്താ: 21/45,46) യേശുവിന്റെ ശിഷ്യന്മാരും (ലൂക്ക: 24/19, 20) നയീം പട്ടണക്കാരും (ലൂക്ക: 7/16) അടക്കമുള്ള സമകാലികര്‍ ദൈവത്തിന്റെ പ്രവാചകനാണ് യേശുവെന്നാണ് മനസ്സിലാക്കിയത്.

യേശുവിന്റെ അത്ഭുതം നേരില്‍ കണ്ട ശമരിയ്യക്കാരിയും (യോഹ:4/19) യേശുവിന്റെ അത്ഭുത പ്രവര്‍ത്തനംവഴി കാഴ്ച ലഭിച്ച മനുഷ്യനു(യോഹ:19/17)മൊക്കെ യേശുവിനെക്കുറിച്ച് വിശ്വസിച്ചത് പ്രവാചകനാണെന്നു തന്നെയാണ്.

ദൈവത്തിന്റെ ദാസന്‍

സര്‍വലോകരക്ഷിതാവായ അല്ലാഹുവിന്റെ ദാസന്‍മാരും അടിയാന്‍മാരും സേവകരുമാണ് സൃഷ്ടികളായ സര്‍വചരാചരങ്ങളും.

'ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും' എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ (19/93) പറയുന്നത്. നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു എന്നാണ് യേശുവിനെ അല്ലാഹു വിശേഷിപ്പിച്ചത് (43/59).

അല്ലാഹുവിന്റെ അടിമയായിരിക്കുന്നതിലോ ആരാധനകളര്‍പ്പിക്കുന്നതിലോ യേശുക്രിസ്തുവോ അല്ലാഹുവിന്റെ മലക്കുകളോ ഒരിക്കലും വൈമനസ്യം കാണിക്കുന്നവരല്ല (4/172).

'ഞാന്‍ അല്ലാഹുവിന്റെ ദാസ(അബ്ദുല്ലാഹ്)നാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു' എന്ന് യേശു പറഞ്ഞതായി വിശുദ്ധ ക്വുര്‍ആനില്‍ (19/30) കാണാം.

പ്രവാചകന്‍മാരായ അബ്രഹാമിനെയും (ഉല്‍പ:26/24) യാക്കോബിനെയും (യെശയ്യാ: 41/8) ദാവീദിനെയും (സങ്കീര്‍: 116/16) ഇയ്യോബിനെയും (ഇയ്യോ: 1/8) മോശെയെയും (പുറ: 14/31) ദൈവത്തിന്റെ ദാസനെന്നാണ് ബൈബിള്‍ വിശേഷിപ്പിച്ചത്. യേശുവിന്റെ മാതാവായ മര്‍യമിനെ കര്‍ത്താവിന്റെ ദാസിയെന്നും (ലൂക്ക: 1/38) യേശുവിനെ ദൈവത്തിന്റെ ദാസനെന്നുമാണ് (മത്താ:12/17; അപ്പോ: 3/13; 4/27; 4/30) ബൈബിള്‍ പരിചയപ്പെടുത്തുന്നത്.

ഒരു അടിമ തന്റെ യജമാനനും ഉടമയുമായ സ്രഷ്ടാവിന്റെ മുമ്പില്‍ അര്‍പ്പിക്കുന്ന അങ്ങേയറ്റത്തെ വിനയത്തിന്റെയും താഴ്മയുടെയും പ്രകടനമായ സാഷ്ടാംഗം നമിക്കല്‍ യേശുക്രിസ്തുവും ചെയ്തിരുന്നതായി ബൈബിളിലുണ്ട് (മത്താ: 26/39; ലൂക്ക: 22/40).

യേശുക്രിസ്തുവിന്റെ മുഖ്യ പ്രബോധനം

കാലാകാലങ്ങളില്‍ വിവിധ ദേശങ്ങളില്‍, വ്യത്യസ്ത സമൂഹങ്ങളില്‍ ദൈവത്താല്‍ നിയുക്തരായ പ്രവാചകന്‍മാര്‍ നടത്തിയ പ്രബോധനത്തിന്റെ കാതലായവശം കണിശമായ ഏകദൈവത്വമായിരുന്നു. ആരാധനയുടെ, പ്രാര്‍ഥനയുടെ, പരമമായ കീഴ്‌വണക്കത്തിന്റെ ഒരംശവും ലോകരക്ഷിതാവിനല്ലാതെ സമര്‍പ്പിച്ചുകൂടെന്നും, അവന്റെ അസ്തിത്വംപോലെ മറ്റൊരസ്തിത്വമില്ലെന്നും അവന്റെ ഗുണങ്ങള്‍ക്ക് തുല്യമായ ഗുണമുള്ളവരോ അവന്റെ നാമങ്ങള്‍ക്ക് തുല്യമായ നാമമുള്ളരോ അവന്റെ വിശേഷണങ്ങള്‍ക്ക് തുല്യമായ വിശേഷണങ്ങളുള്ളവരോ ഇല്ലെന്നും അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരായി ആരുമില്ലെന്നും യാതൊരു സൃഷ്ടിക്കും ദിവ്യത്വം കല്‍പിക്കരുതെന്നും അങ്ങനെ ചെയ്താല്‍ നരകത്തില്‍ നിത്യവാസിയായിത്തീരുമെന്നുമുള്ള സന്ദേശങ്ങളായിരുന്നു അവരുടെ പ്രബോധനത്തിന്റെ പ്രധാന ഭാഗം. (ക്വുര്‍ആന്‍: 21/25; 16/36; 7/59; 29/16,17; 11/50; 11/61; 11/84; 11/90; 37/123-126; 12/39,40; 11/2; 3/64).

ഇസ്രാഈല്‍ സമൂഹത്തിലേക്ക് ദൈവദൂതുമായി വന്ന യേശുക്രിസ്തുവിന്റെയും പ്രധാനകല്‍പന കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസം തന്നെയായിരുന്നു എന്ന് വിശുദ്ധ ക്വുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

''തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായമാര്‍ഗം'' (ക്വുര്‍ആന്‍: 3/51; 43/63,64; 19/36; 5/114).

അദ്ദേഹം ബഹുദൈവവിശ്വാസത്തിന്റെ ഗൗരവം ഇസ്രാഈല്‍ മക്കളെ ബോധ്യപ്പെടുത്തിയത് വിശുദ്ധ ക്വുര്‍ആന്‍ എടുത്തുദ്ധരിക്കുന്നുണ്ട്: ''...ഇസ്രാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല'' (ക്വുര്‍ആന്‍ 5/72).

യേശുവിന്റെ പ്രബോധനത്തിന്റെ പ്രധാന കല്‍പനയായി ബൈബിളും പഠിപ്പിക്കുന്നത് ഏകദൈവ വിശ്വാസം തന്നെയാണ്. എല്ലാറ്റിലും മുഖ്യകല്‍പന ഏത് എന്ന ചോദ്യത്തിന് യേശു പറഞ്ഞ ഉത്തരമിതാണ്: ''എല്ലാറ്റിലും മുഖ്യകല്‍പനയോ? യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവു ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണ മനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്‌നേഹിക്കേണം എന്ന് ആകുന്നു'' (മാര്‍ക്ക്: 12/29,30).

''നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ചു അവനെ മാത്രമെ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ' എന്നാണ് യേശു വേറൊരു സ്ഥലത്ത് പറയുന്നത്. (മത്താ: 4/10; ലൂക്ക: 4/8).ന്യായപ്രമാണത്തിലെ മുഖ്യകല്‍പന യേശു ആവര്‍ത്തിക്കുകയാണിവിടെ.

''ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആണെന്നും...'' (യോഹ: 17/3).

സ്രഷ്ടാവിനെയാണ് ഭയക്കേണ്ടത്; സൃഷ്ടികളെയല്ല എന്നും ക്രിസ്തു ഇസ്രാഈല്യരെ ഉണര്‍ത്തുന്നുണ്ട്: (മത്താ: 10/28; ലൂക്ക: 12/4,5).

യേശുക്രിസ്തു ആരോട് പ്രാര്‍ഥിച്ചു?

ഒരു സൃഷ്ടി തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവിനോട് അര്‍പ്പിക്കുന്ന മഹത്തായ നന്ദി പ്രകടനമാണ് പ്രാര്‍ഥന. എല്ലാ ആരാധനകളുടെയും ജീവനും പ്രാര്‍ഥന തന്നെയാണ്. പ്രാര്‍ഥന ആരാധനയാണ്. അതിനാല്‍ പ്രാര്‍ഥനകളെല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന, ഉപജീവനമേകുന്ന, കഷ്ടപ്പെടുന്നവന്റെ വിളികേള്‍ക്കുന്ന, ആഗ്രഹങ്ങള്‍ സഫലീകരിച്ചുതരുന്ന, മാര്‍ഗം കാണിക്കുന്ന, അനുഗ്രഹമരുളുന്ന സാക്ഷാല്‍ ആരാധ്യനോട് മാത്രമെ പാടുള്ളൂ. സൃഷ്ടികള്‍ എത്ര ഉന്നതരായാലും അവരതിന് അര്‍ഹരല്ല. സൃഷ്ടികളോടുള്ള പ്രാര്‍ഥന സ്രഷ്ടാവ് പൊറുക്കാത്ത മഹാപാപമാണ്.

പ്രവാചകന്‍മാരുടെ പ്രാര്‍ഥനകളടക്കം നിരവധി പ്രാര്‍ഥനകള്‍ വിശുദ്ധ ക്വുര്‍ആനിലുണ്ട്. മധ്യവര്‍ത്തികളും ഇടയാളന്‍മാരുമില്ലാതെ സത്യദൈവമായ അല്ലാഹുവോട് നേരിട്ടാണ് ആ പ്രാര്‍ഥനകളെല്ലാം. യേശുക്രിസ്തുവിന്റെ പ്രാര്‍ഥനയും വിശുദ്ധ ക്വുര്‍ആനില്‍ കാണാം.

'ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ' എന്ന് പറഞ്ഞുകൊണ്ട് ഈസാ നബി(അ) പ്രാര്‍ഥിച്ചതായി ക്വുര്‍ആനിലുണ്ട് (5/114).

ബൈബിളിലെ സ്ഥിതിയും മറിച്ചല്ല. ഏകദൈവത്തോട് പ്രാര്‍ഥിക്കാനാണ് യേശു ശിഷ്യമാരെ പഠിപ്പിക്കുന്നത്. (മത്താ: 6/6; 7/11; 21/22; 7/7 മാര്‍ക്ക്: 11/24; ലൂക്ക: 22/40).

യേശുക്രിസ്തു പഠിപ്പിച്ചുകൊടുത്ത പ്രാര്‍ഥന ബൈബിളിലുണ്ട്, അതും സ്വര്‍ഗസ്ഥനായ ദൈവത്തെ വിളിച്ചുകൊണ്ടുള്ളതാണ് (ലൂക്ക: 11/14; മത്താ: 6/7-13).

യേശുക്രിസ്തു ദൈവത്തെ സ്തുതിച്ചുകൊണ്ടും (ലൂക്ക:10/21) കുട്ടികള്‍ക്ക് വേണ്ടിയും (മത്താ: 19/13) സ്‌നാനം എല്‍ക്കുമ്പോളും (ലൂക്ക: 3/21,22) ക്രൂശികരണത്തില്‍നിന്ന് രക്ഷപ്പെടുത്താനും (മാര്‍ക്ക:് 14/3441) തീരുമാനം എടുക്കുന്നതിനുമുമ്പും (ലൂക്ക: 6/12,13) സുവിശേഷം പ്രസംഗിക്കാന്‍ പോകുന്നതിന് മുമ്പും (മാര്‍ക്ക്: 1/35) ഒറ്റക്കിരുന്നും (ലൂക്ക: 9/18) അത്ഭുതം പ്രവര്‍ത്തിക്കുന്നതിന് മുമ്പും (യോഹ: 11/41,42) നടത്തിയ പ്രാര്‍ഥനകള്‍ ബൈബിളിലുണ്ട്. പലപ്പോഴും പ്രാര്‍ഥനക്കായി ഏകാന്തമായ സ്ഥലത്തേക്കും (ലൂക്ക്: 5/16) മലമുകളിലേക്കും (മത്താ: 14/23) പോയതായി ബൈബിളില്‍ കാണാം.

ഇത്രയും സുവ്യക്തമായ തെളിവുകളുണ്ടായിട്ടും യേശുവിനെ ആരാധിക്കുകയും യേശുവിനോട് തന്നെ പ്രാര്‍ഥിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നാം കാണുന്നത്. നാളെ പരലോകത്ത് സ്രഷ്ടാവിന്റെ തിരുസന്നിധിയില്‍ യേശുക്രിസ്തു ഇവരുടെ പ്രാര്‍ഥനകളെയും ആരാധനയെയും തള്ളിപ്പറഞ്ഞ് ഇവര്‍ക്കെതിരായി സാക്ഷിപറയുമെന്ന കാര്യം വിശുദ്ധ ക്വുര്‍ആന്‍ (5/116,117) പറഞ്ഞുതരുന്നുണ്ട്.

യേശുക്രിസ്തുവും അത്ഭുത പ്രവര്‍ത്തനങ്ങളും

പ്രവാചകന്‍മാര്‍ക്ക്അറിവു ലഭിച്ചത് ദൈവികബോധനം വഴിയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് അവരിലൂടെ സ്രഷ്ടാവ് ദൃഷ്ടാന്തങ്ങളും അടയാളങ്ങളും വെളിപ്പെടുത്തിയത്. പ്രവാചകന്‍മാര്‍ക്ക് ഇഷ്ടപ്രകാരം ചെയ്യാന്‍ കഴിയാത്തതും സര്‍വശക്തനായ സ്രഷ്ടാവിന്റെ സര്‍വ നിയന്ത്രണത്തിലുള്ളതും അവനുദ്ദേശിക്കുന്ന സന്ദര്‍ഭത്തിലും സമയത്തിലും വെളിപ്പെടുന്നതുമാണ് ദൃഷ്ടാന്തങ്ങള്‍.

കളിമണ്‍ പക്ഷിക്ക് ജീവനിടീച്ചതും അന്ധന് കാഴ്ച നല്‍കിയതും മരിച്ചവരെ ജീവിപ്പിച്ചതും (5/110; 3/49) ആകാശത്തുനിന്ന് ഭക്ഷണത്തളിക ഇറക്കിയതുമടക്കം (5/114) നിരവധി അത്ഭുതങ്ങള്‍ യേശുവിലൂടെ വെളിപ്പെട്ടതായി വിശുദ്ധ ക്വുര്‍ആനിലുണ്ട്. ഇതൊക്കെയും അല്ലാഹുവിന്റെ അനുമതിപ്രകാരം (ബി ഇദ്‌നില്ലാഹ്) യേശു ചെയ്തത് താന്‍ ദൈവദൂതനാണെന്ന് തെളിയിക്കാനാണ്; അല്ലാതെ താനാണ് ദൈവം എന്നു സ്ഥാപിക്കാനല്ല.

ഇതുതന്നെയാണ് ബൈബിള്‍ ഭാഷ്യവും. സ്വന്തം ഇഷ്ടപ്രകാരമല്ല ദൈവത്തിന്റെ അനുമതി പ്രകാരവും (യോഹ: 5/19) ദൈവം ഉദ്ദേശിക്കുമ്പോളും മാത്രമാണ് (മാര്‍ക്ക്: 6/5,6) യേശുവിലൂടെ ദൃഷ്ടാന്തങ്ങള്‍ വെളിപ്പെട്ടത്!

ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടും ദൈവത്തെ സ്തുതിച്ചുകൊണ്ടും വാഴ്ത്തിക്കൊണ്ടും സ്‌തോത്രം ചൊല്ലിക്കൊണ്ടും ആകാശത്തേക്ക് നോക്കി പ്രാര്‍ഥനാ വചനങ്ങള്‍ ഉരുവിട്ടുകൊണ്ടുമാണ് യേശു അത്ഭുത പ്രവൃത്തികളൊക്കെ ചെയ്തത്.(മാര്‍ക്ക്: 6/40; 8/6; 9/28, 29; 7/30, 31; മത്താ: 14/19,20; 15/35,36; യോഹ:11/41-44; 11/21, 22).

'നീ ദൈവത്തോടു എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാന്‍ അറിയുന്നു' (യോഹ: 11/21,22) എന്ന് ലാസറിന്റെ സഹോദരി മാര്‍ത്ത യേശുവിനോട് പറയുന്നതില്‍നിന്നു തന്നെ യേശുവിനെ കുറിച്ചുള്ള അവരുടെ വിശ്വാസം വ്യക്തമാണ്. സ്വന്തം ഇഷ്ടപ്രകാരം അത്ഭുതം പ്രവര്‍ത്തിക്കാന്‍ യേശുവിന് കഴിയില്ലെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു.

'പ്രാര്‍ഥനയാല്‍ അല്ലാതെ ഈ ജാതി(അശുദ്ധാത്മാക്കള്‍) ഒന്നിനാലും പുറപ്പെട്ടുപോകയില്ല' (മാര്‍ക്ക്: 9/28,29) എന്നു യേശു ശിഷ്യരോട് പറയുന്നുണ്ട്.

യേശു ചെയ്ത അത്ഭുതം നേരില്‍ കണ്ടവരുടെയും അനുഭവിച്ചവരുടെയും പ്രതികരണങ്ങളും മറ്റൊന്നായിരുന്നില്ല. യേശുവിലൂടെ അത്ഭുതം വെളിപ്പെടുത്തിയ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും യേശുവിന്റെ പ്രവാചകത്വത്തെ സത്യപ്പെടുത്തുകയുമാണ് അവര്‍ ചെയ്തത്: (മത്താ: 9/8; 12/23; മാര്‍ക്ക്: 2/12; ലൂക്ക: 5/25; 7/14; 18/43; യോഹ: 9/17,18; 4/15-19; 3/2).

യേശുവിനെ പോലെയോ അതിനെക്കാള്‍ കൂടുതലോ അത്ഭുതം പ്രവര്‍ത്തിച്ച പ്രവാചകന്‍മാരുടെ നിരവധി കഥകള്‍ പഴയനിയമത്തിലെ പുറപ്പാട്, രാജാക്കന്‍മാര്‍, ദാനിയേല്‍, യോശുവ, യെഹസ്‌കേല്‍ പുസ്തകങ്ങളില്‍ കാണുന്നുണ്ട്. അത്ഭുതപ്രവര്‍ത്തനങ്ങളാണ് ദിവ്യത്വത്തിന്റെ മാനദണ്ഡമെങ്കില്‍ അവരായിരിക്കും അതിന് യേശുവിനെക്കാള്‍ കൂടുതല്‍ അര്‍ഹര്‍!

യേശുക്രിസ്തു മനുഷ്യനായ ദൈവദൂതന്‍

സര്‍വവിധ സദ്ഗുണങ്ങളുമായി സമൂഹത്തിന് മുന്നില്‍ മാതൃകയായി ജീവിച്ച പ്രവാചകന്‍മാര്‍ ദിവ്യാംശമുള്ളവരോ മലക്കുകളോ ആയിരുന്നില്ല. അവര്‍ ഭക്ഷണം കഴിക്കുന്ന, തെരുവുകളില്‍ സഞ്ചരിക്കുന്ന, വിശപ്പും ദാഹവും ഉറക്കവും വിശ്രമവും വികാരവും വിചാരവുമുള്ള പച്ചയായ മനുഷ്യരായിരുന്നു. അവരിലൊരാളായിരുന്നു മര്‍യമിന്റെ മകനായ യേശുവും.

ബൈബിള്‍ ഒരാവര്‍ത്തി വായിക്കുന്ന ഒരാള്‍ക്ക് യേശുക്രിസ്തു എന്ന പച്ചയായ മനുഷ്യന്റെ ചിത്രമാണ് ലഭിക്കുക. യെരോദോ രാജാവിന്റെ കാലത്ത് (മത്താ: 2/1) യെഹൂദവിലെ ബെത്‌ലഹേമില്‍ (മത്താ: 2/1) അബ്രഹാമിന്റെ പരമ്പരയില്‍ (മത്താ: 1/1) മറിയയുടെ മകനായിട്ടാണ് യേശുക്രിസ്തു ജനിക്കുന്നത് (ലൂക്ക: 2/6,7; മത്താ: 1/18).

മുലകുടിച്ചതും (ലൂക്ക:11/27) ചേലാകര്‍മം ചെയ്തതും യേശുവെന്ന് പേരിട്ടതും (ലൂക്ക:2/21) ന്യായപ്രമാണ പ്രകാരം യാഗം കഴിക്കാന്‍ യെരുശലേമിലേക്ക് കൊണ്ടുപോയതും (ലൂക്ക: 2/21) യേശു വളര്‍ന്നതും യേശുവിന് വളര്‍ച്ചക്കനുസരിച്ച് അറിവും ശക്തിയും ഉണ്ടായതും ദൈവാനുഗ്രഹമുണ്ടായതും ദൈവത്തെ പ്രസാദിപ്പിച്ചതും (ലൂക്ക: 2/42; 3/23; 2/52) എല്ലാം ബൈബിള്‍ വരച്ചുകാട്ടുന്നു.

യേശു ഉപദേശം കേള്‍ക്കുന്നതും സംശയങ്ങള്‍ ചോദിക്കുന്നതും (ലൂക്ക: 2/46) പളളിയില്‍വെച്ച് വേദഗ്രന്ഥങ്ങള്‍ വായിക്കുന്നതും (ലൂക്ക: 4/16,17) കഴുതപ്പുറത്ത് സഞ്ചരിച്ചതും (മത്താ: 21/7) ജനങ്ങളെ ഉപദേശിക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്നതുമൊക്കെ ബൈബിളിന്റെ താളുകളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. (ലൂക്ക: 21/37,38).

യേശു ഉറങ്ങുകയും ഉണരുകയും ചെയ്തതും (മത്താ: 8/24,25; മാര്‍ക്ക്: 4/38) ക്ഷീണിച്ചതും യേശുവിന് ദാഹം തോന്നിയതും (യോഹ: 4/6,7) വിശന്നതും (മാര്‍ക്ക:് 11/12) ഭക്ഷണം കഴിച്ചതും (മത്താ: 11/19) അടക്കം എല്ലാ കാര്യങ്ങളും ബൈബിളിലുണ്ട്.

യേശു പൗരോഹിത്യത്തിനെതിരെ ശബ്ദിച്ചതും (മത്താ: 23/13; 23/27; 23/29; 23/33) വാളെടുക്കാന്‍ ആഹ്വാനം ചെയ്തതും (ലൂക്ക: 22/36) ശക്തി പ്രയോഗിച്ച് വാണിഭക്കാരെയും ചൂതാട്ടക്കാരെയും പള്ളിയില്‍ നിന്ന് പുറത്താക്കിയതുമായ രംഗങ്ങളും ബൈബിള്‍ വരച്ചുകാട്ടുന്നുണ്ട്. (യോഹ: 2/13,16).

യേശു ദുഃഖിക്കുകയും കരയുകയും ചെയ്തത് (യോഹ:11/33-35), യഹൂദരെ ഭയക്കുന്നത്, നാടുവിടുന്നത് (യോഹ:11/53), ദുഃഖിക്കുകയും മരണത്തെ ഭയക്കുകയും ചെയ്യുന്നത് (മത്താ: 26/37,38), യേശുവിന് മര്‍ദനമേല്‍ക്കുന്നത്, അപമാനിക്കപ്പെടുന്നത് (യോഹ:18/22; മത്താ: 27/29,30), യേശു ദൈവത്തെ സ്തുതിക്കുന്നത് (മത്താ:11/25), യേശു സാഷ്ടാംഗം ചെയ്തു ദൈവത്തോട് പ്രാര്‍ഥിക്കുന്നത് (മത്താ: 26/39)... അങ്ങനെ യേശു യഥാര്‍ഥ മനുഷ്യനാണെന്ന് വ്യക്തമാക്കുന്ന ഒട്ടേറെ തെളിവുകള്‍ ബൈബിളില്‍തന്നെ കാണാം.

''ദൈവത്തില്‍നിന്ന് കേട്ട സത്യങ്ങള്‍ നിങ്ങളോട് പറഞ്ഞ ഒരു മനുഷ്യനാണ് ഞാന്‍. പക്ഷേ, നിങ്ങളെന്നെ കൊല്ലാന്‍ ശ്രമിക്കുന്നു'' (യോഹ: 8/40) എന്നാണ് യേശു പറയുന്നത്!

ഇത്രയും വ്യക്തവും സ്പഷ്ടവുമായ തെളിവുകളുണ്ടായിട്ടും യേശുവിനെ ദൈവമായി കണ്ട് ആരാധനകളര്‍പ്പിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക: ''മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്. (നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 5/75,76)

തൗറാത്തും ഇന്‍ജീലും

ബൈബിള്‍ പ്രകാരം സ്രഷ്ടാവായ ദൈവം സിനായ്മലയില്‍ മോശെ പ്രവാചകന് നല്‍കിയ കല്‍പലകകളിലെ പത്തു കല്‍പനകളടങ്ങുന്ന ന്യായപ്രമാണം (തൗറാത്ത്) ദുര്‍ബലപ്പെടുത്തുകയോ അസാധുവാക്കുകയോ ആയിരുന്നില്ല യേശു ചെയ്തത്. നിത്യജീവനിലെത്തിച്ചേരാന്‍ ന്യായപ്രമാണത്തില്‍ അടിയുറച്ച് വിശ്വസിച്ച് അതനുസരിച്ച് ജീവിക്കണമെന്ന് ഇസ്‌റാഈല്യരോട് കല്‍പിക്കുകയായിരുന്നു. യേശുവിലൂടെ ദൈവമവതരിപ്പിച്ച വേദഗ്രന്ഥമാണ് ഇന്‍ജീല്‍ (സുവിശേഷം).

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''(ആ പ്രവാചകന്‍മാരെ) തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്റെ മകന്‍ ഈസായെ തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്‍മാര്‍ഗനിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സദുപദേശവുമത്രെ അത്'' (ക്വുര്‍ആന്‍ 5/46).

''പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു...''(ക്വുര്‍ആന്‍ 57/27).

ന്യായപ്രമാണം ദുര്‍ബലപ്പെടുത്താനല്ല സത്യപ്പെടുത്താനാണ് വന്നതെന്നും (മത്താ: 5/17-19), സ്വര്‍ഗപ്രവേശനത്തിന് ന്യായപ്രമാണമനുസരിക്കാതെ രക്ഷയില്ലെന്നും (മാര്‍ക്ക്:10/17-19) യേശു പറഞ്ഞതായി ബൈബിളിലുണ്ട്. ന്യായപ്രമാണത്തിലെ കല്‍പനകള്‍ (ആവര്‍: 6/45; 6/13) യേശുവും ആവര്‍ത്തിക്കുന്നുണ്ട് (മാര്‍ക്ക്: 12/29,30; മത്താ: 4/10).

യേശു നാട്ടില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ട് അവരുടെ പള്ളികളില്‍ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള വ്യാധിയെ സൗഖ്യമാക്കുകയും ചെയ്തതായി ബൈബിളില്‍ കാണാം: (ലൂക്ക: 4/43,44; 8/1; മത്താ: 4/23;9/35; മാര്‍ക്ക്: 1/1415). സുവിശേഷത്തിനുവേണ്ടി ത്യാഗം ചെയ്യണമെന്ന് യേശു പഠിപ്പിക്കുന്നുണ്ട് (മാര്‍ക്ക്: 10/28, 29).

യേശുക്രിസ്തു പ്രവചിച്ച 'ആ' പ്രവാചകന്‍ ആര്?

യേശു ക്രിസ്തു പറഞ്ഞതായി വിശുദ്ധ ക്വുര്‍ആനില്‍ ഇങ്ങനെ കാണാം: ''മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രാഈല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍'' (ക്വുര്‍ആന്‍ 61/6).

തനിക്കുശേഷം വരാനിരിക്കുന്ന ഒരു മഹാപ്രവാചകനെക്കുറിച്ച് യേശുവിന്റെ സന്തോഷ വാര്‍ത്ത ബൈബിളില്‍ യോഹന്നാന്റെ സുവിശേഷം 16 അധ്യായം 7 മുതല്‍ 14 വരെയുള്ള വചനങ്ങളിലുണ്ട്. സ്രഷ്ടാവില്‍നിന്നുള്ള ബോധനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാചകനായിരുന്ന യേശുക്രിസ്തു പ്രവചിച്ചതായിരിക്കും അത്.

യേശുക്രിസ്തുവിനെ മഹത്ത്വപ്പെടുത്തുമെന്നും തന്നിഷ്ടപ്രകാരം സംസാരിക്കാതെ ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സംസാരിക്കുമെന്നും, പാപം, നീതി, ന്യായവിധി എന്നിവയെക്കുറിച്ച് ലോകത്തിന് ബോധ്യപ്പെടുത്തുമെന്നും യേശു പറഞ്ഞ ലക്ഷണങ്ങള്‍ നിറവേറ്റിയ 'ആ പ്രവാചകന്‍' മുഹമ്മദ് നബിﷺയാണെന്നതില്‍ സംശമില്ല.

മോശെയുടെ ന്യായപ്രമാണത്തിലും (തൗറാത്തിലും) യേശുവിന്റെ സുവിശേഷത്തിലും രേഖപ്പെടുത്തപ്പെട്ട ആ പ്രവാചകനിലും ആ പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ക്വുര്‍ആനിലും വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്യുകയാണ് നിത്യജീവന്റെ ഭവനമായ സ്വര്‍ഗരാജ്യത്തെത്തുവാനുള്ള വഴി.

ക്വുര്‍ആന്‍ പറയുന്നു: ''(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ (വിശുദ്ധ ക്വുര്‍ആന്‍) പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍. പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍). അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍, നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം'' (ക്വുര്‍ആന്‍ 7/157, 158).