പൗരാവകാശം ചോദ്യം ചെയ്യപ്പെടുമ്പോള്‍

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

2020 ഫെബ്രുവരി 01 1441 ജുമാദല്‍ ആഖിറ 02
ഒരു പ്രത്യേക മതത്തില്‍ ജനിച്ചു എന്നതിന്റെ പേരില്‍ സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തെപോലും ഹനിക്കുന്ന തരത്തിലേക്കാണ് ഭരണകൂടത്തിന്റെ പുതിയ നിയമനിര്‍മാണം ചെന്നെത്തി നില്‍ക്കുന്നത്. ഭരണഘടനയുടെ പച്ചയായ ലംഘനമെന്ന് മാത്രമല്ല ജനാധിപത്യരാഷ്ട്രം മുന്നോട്ടുവെക്കുന്ന സമത്വമെന്ന ആശയത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നിലപാട് കൂടിയാണിത്. ശക്തമായ പ്രതിഷേധത്തിലൂടെയല്ലാതെ ഇതിനെ തിരുത്തുക സാധ്യമല്ല.

1949 നവംബര്‍ 26ന് ഭരണഘടന പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ഇന്നുവരെയും ഇന്ത്യന്‍ ജനത അതിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തുവരുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ അവസ്ഥകളും കൃത്യമായി മനസ്സിലാക്കി, ഭാവിയില്‍ വരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ പോലും മുന്നില്‍ കണ്ടുകൊണ്ട് മഹാന്മാരായ പണ്ഡിതന്മാരും നിയമജ്ഞരും നേതാക്കളും ചേര്‍ന്ന് ലോകോത്തരമായ ഭരണഘടന എഴുതിയുണ്ടാക്കിയത് ഓരോ ഇന്ത്യന്‍ പൗരനും വേണ്ടിയാണ്. മതനിരപേക്ഷതയും മതസ്വാതന്ത്ര്യവും അതിന്റെ മുഖമുദ്രയാണ്. മതം നോക്കി പൗരത്വം നല്‍കലും നിഷേധിക്കലും ഭരണഘടന അംഗീകരിക്കുന്ന കാര്യമല്ല.

എന്നാല്‍ കേന്ദ്ര മന്ത്രിസഭ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാരെ വേര്‍തിരിക്കുന്ന നിയമം പാസാക്കിയിരിക്കുകയാണ്. അത് ഭരണഘടനാവിരുദ്ധമായതിനാല്‍ തന്നെ ഭരണഘടനയെ നെഞ്ചേറ്റുന്ന ഒരു പൗരനും ഈ കരിനിയമത്തെ അംഗീകരിക്കാനാവില്ല. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നു എന്നതിനാല്‍ ഈ ബില്ലിനെ ഇന്ത്യന്‍ ജനത എതിര്‍ക്കുന്നു. ഈ എതിര്‍പ്പിനും അതിനെ തുടര്‍ന്ന പ്രതിഷേധത്തിനും ജനങ്ങള്‍ പറയുന്ന കാരണം  അത് ഭരണഘടനയുടെ അന്തസ്സിനും അന്തസ്സത്തക്കും അത് ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയ്ക്കും മതേതരത്വത്തിനും ഭീക്ഷണിയാണ് എന്നതാണ്.

നമ്മുടെ ഭരണഘടന നിലവില്‍ വരുന്നത് സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ വിജയം കണ്ടതിന് ശേഷമാണ്. അതുകൊണ്ട് തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകവുമായി ഭരണഘടനയ്ക്ക് അഭേദ്യമായ ബന്ധമുണ്ട്.

സ്വാതന്ത്ര്യസമരത്തില്‍ മത, ജാതി ചിന്തകള്‍ക്കതീതമായാണ് ഇന്ത്യന്‍ ജനത പോരാടിയത്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യാനന്തരം എഴുതപ്പെട്ട ഭരണഘടന സ്വാതന്ത്ര്യസമരത്തില്‍ ഉയര്‍ത്തിപ്പിടിച്ച ലക്ഷ്യങ്ങളും നിലപാടുകളും മുറുകെ പിടിക്കുകയും വര്‍ണവെറിയുടെയും വംശീയകേന്ദ്രോന്മുഖതയുടെയും മാലിന്യങ്ങള്‍ സമൂഹത്തില്‍ നിന്ന് പിഴുതെറിയാനുള്ള തത്ത്വങ്ങള്‍ക്ക് രൂപംകൊടുക്കുകയും ചെയ്തു.

ഇന്ത്യയിലെ നാട്ട് രാജ്യങ്ങളില്‍ നിന്നും ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ചിരുന്ന പ്രവിശ്യകളില്‍ നിന്നുമായി 385 പ്രതിനിധികള്‍, അതായത് ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഭരണഘടനാ നിര്‍മാണസഭയില്‍ അംഗങ്ങളായി. അവരുടെയെല്ലാം ആവശ്യങ്ങളും അഭിലാഷങ്ങളും ചിന്തകളുമാണ് ഭരണഘടനയായി പരിണമിച്ചത്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ഗാന്ധിജിയുള്‍പെടെയുള്ള നേതാക്കള്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഭരണഘടന രൂപീകരിക്കപ്പെടുമ്പോള്‍ അതില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് ദേശീയ നേതാക്കള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. ഇതിന്റെ പ്രതിഫലനമാണ് ലക്ഷ്യ പ്രമേയം.

ഭരണഘടനാ നിര്‍മാണസഭയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുന്ന പട്ടികയാണ് ലക്ഷ്യപ്രമേയം. ദേശീയ പ്രസ്ഥാനത്തില്‍ ഉന്നയിച്ച അടിസ്ഥാന ആശയങ്ങളാണ് ലക്ഷ്യപ്രമേയത്തില്‍ സ്ഥാനം പിടിച്ചത്. 1946 ഡിസംബറില്‍ സഭയുടെ പ്രഥമസമ്മേളനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചു.

ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ ഭരണഘടന സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ടത്. അതുകൊണ്ട് തന്നെ മതാടിസ്ഥാനത്തില്‍ പൗരന്മാരെ നിര്‍ണയിക്കുന്ന നിയമഭേദഗതി, ഭരണഘടനാ നിര്‍മാണത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ പ്രധാനമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരങ്ങളെ നയിച്ച ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളെയും അഭിലാഷങ്ങളെയും വിലകല്‍പിക്കാത്തതും ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പങ്ങളെ വെല്ലുവിളിക്കുന്നതുമാണ്.

വ്യക്തമായ ഈ ഭരണഘടനാ ലംഘനത്തിനെതിരെ, 'സമത്വം' എന്ന ആശയത്തിന്റെ നിഷേധത്തിനെതിരെ ഭരണഘടന അനുവദിക്കുന്ന രീതിയില്‍ ജനം പ്രതിഷേധിക്കുകയും തെരുവിലിറങ്ങുകയും ചെയ്തപ്പോള്‍ 'സ്വാതന്ത്ര്യം' എന്ന ആശയവും ജനങ്ങള്‍ക്ക് നിഷേധിക്കുന്ന രീതിയിലാണ് സമരങ്ങളെ ഭരണകൂടം നേരിടുന്നത്. സമരങ്ങളെ പോലീസിനെ ഉപയോഗിച്ച്  അടിച്ചമര്‍ത്താനും വെടിവെപ്പ് നടത്താനും അധികൃതര്‍ ധൈര്യം കാണിച്ചത് ഭരണഘടനയോടുള്ള മറ്റൊരു വെല്ലുവിളിയാണ്.

ജനാധിപത്യ രാജ്യമായ  ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നു എന്ന് തെളിയുക പൗരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യവും സംഘടിക്കാനുള്ള അവകാശവും നല്‍കപ്പെടുമ്പോഴാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ പോലും അന്യായമായി അറസ്റ്റ് ചെയ്യുകയും സമാധാനപരമായ സമരങ്ങളെ സായുധമായി അടിച്ചമര്‍ത്തുകയും പരസ്യമായി വര്‍ഗീയമായ, വിദ്വേഷപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് പരസ്യമായിത്തന്നെ ഭരണഘടനയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും കശാപ്പ് ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണിതെന്നാണ്.

സമരങ്ങളും പ്രതിഷേധങ്ങളും നടത്തുന്നത് അധികാരികള്‍ ജനഹിതത്തിനെതിരെയുള്ള നയനിലപാടുകളില്‍ നിന്ന് പിന്‍വാങ്ങാനാണ്. ജനാധിപത്യ മര്യാദയനുസരിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികള്‍ക്ക് ജനഹിതം മാനിക്കാന്‍ ബാധ്യതയുണ്ട്. എന്തുകൊണ്ടെന്നാല്‍ പരമാധികാരം രാഷ്ട്രത്തിനാണ്. രാഷ്ട്രമെന്നാല്‍ ഇന്ത്യയിലെ ജനങ്ങളാണ്. അപ്രകാരം നടത്തിയ സമരങ്ങളുടെ ഫലമായാണ് ബ്രിട്ടീഷ്ഭരണകൂടം പോലും ജനങ്ങളുടെ അവകാശം നല്‍കാന്‍ തയ്യാറായത്. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ നമുക്ക് സ്വാതന്ത്ര്യം തരാന്‍ തയ്യാറായെങ്കില്‍ നാം തന്നെ അധികാരത്തിലേറ്റിയവര്‍ നമ്മുടെ സ്വാതന്ത്ര്യം കവരാനും നമ്മെ നിശ്ശബ്ദരാക്കുവാനുമാണ് ശ്രമിക്കുന്നത്. ഈ യാഥാര്‍ഥ്യം ഇന്ത്യന്‍ജനത തിരിച്ചറിയുകയും കൃത്യമായും ശക്തമായും പ്രതിരോധിക്കുകയും വിജയംവരെ സമരപാതയില്‍ നിലയുറപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഏതൊരു ലക്ഷ്യത്തിന് വേണ്ടിയാണോ നാം സ്വാതന്ത്ര്യം നേടിയത് ആ ലക്ഷ്യവും ആഗ്രഹങ്ങളും കുഴിച്ച് മൂടപ്പെടുകയും തികഞ്ഞ ഏകാധിപത്യത്തിന്റെ ഭീതിതമായ ഭാവിയുടെ ദിനരാത്രങ്ങള്‍ നമ്മെ തേടിയെത്തുകയും ചെയ്യും.

മതനിരപേക്ഷത തകര്‍ക്കപ്പെട്ടാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ആഴത്തിലുള്ള മുറിവുകളാണ് അത് സമൂഹത്തില്‍ സൃഷ്ടിക്കുക. എന്തുകൊണ്ടെന്നാല്‍ പാശ്ചാത്യമതേതരത്വം മതനിരാസവും മതനിഷേധവുമാണ്. എന്നാല്‍ ഇന്ത്യന്‍ മതേതരത്വം സര്‍വമതങ്ങളെയും ബഹുമാനിക്കുകയും തുല്യമായി കാണുകയും ചെയ്യുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മതത്തെക്കാള്‍ കൂടുതല്‍ 'ജാതി'കളാണ് സമൂഹത്തില്‍ ഉള്ളത്. രണ്ട് രീതിയിലുള്ള മതമേധാവിത്തങ്ങളും അതിനെ ഉപജീവിച്ചുള്ള ചൂഷണങ്ങളും സമൂഹത്തില്‍ ഉണ്ടാകും.

ഒന്ന്, അന്തര്‍ മതമേധാവിത്വം അഥവാ മതങ്ങള്‍ക്ക് തമ്മില്‍ തമ്മിലുള്ള മേധാവിത്വമനോഭാവം. രണ്ട്, ആന്തരിക മതമേധാവിത്വം അഥവാ മതത്തിന്റെ ഉള്ളിലെ ജാതികള്‍ക്കിടയിലുള്ള മേധാവിത്വം. ഈ രണ്ട് മേധാവിത്വങ്ങളും വളരെയധികം അപകടകരമാണ്. ഇന്ത്യന്‍ മതേതരത്വം തകര്‍ക്കപ്പെടുന്നതിന്റെ ആദ്യഘട്ടം അന്തര്‍ മതമേധാവിത്വമാണ്. എന്നാല്‍ അതിന്റെ രണ്ടാംഘട്ടം അത് ആന്തരിക മതമേധാവിത്വത്തിലേക്ക് തിരിയും എന്നതാണ്. ചരിത്രപരമായ കാരണങ്ങളാല്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നില്‍ നില്‍ക്കുന്ന അധഃസ്ഥിത വിഭാഗങ്ങള്‍ 1947ന് മുമ്പുള്ള അവസ്ഥയിലേക്ക്, അതായത് ജാതീയ അടിച്ചമര്‍ത്തലുകളിലേക്ക് നയിക്കപ്പെടും എന്നത് തീര്‍ച്ചയാണ്. ജാതീയമായ അടിച്ചമര്‍ത്തലുകളില്‍ നിന്ന് ജനത മോചിതരായത് ഭരണഘടന ഉറപ്പ് നല്‍കുന്ന 'സമത്വം' എന്ന ആശയം ഉള്ളത് കൊണ്ടാണ്. സമത്വം എന്ന ആശയവും അതിന്റെ പ്രായോഗിക രീതിയുടെ സമീപനത്തിലെ മാറ്റവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടാല്‍ സ്വാഭാവികമായും മതേതരത്വം പടിയിറങ്ങും. അതിന്റെ പരിണിത ഫലം മനുഷ്യനെ ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നും വിധിക്കുന്ന പ്രാകൃത സമ്പ്രദായം പുനഃസ്ഥാപിക്കപ്പെടും  എന്നതാണ്. അതുകൊണ്ടാണ് 'ഇന്ത്യന്‍ മതേതരത്വം' എന്ന ആശയം മഹത്തരമാകുന്നത്. അതുകൊണ്ട് തന്നെ ഭരണഘടന അതിന്റെ മൗലികമായ പരിശുദ്ധിയോട് കൂടി നിലനില്‍ക്കേണ്ടത് ജനതയുടെ പ്രധാനപ്പെട്ട ആവശ്യമാണ്. ഇക്കാര്യം നാം തിരിച്ചറിയണം.

സമത്വം എന്ന ആശയം തകര്‍ക്കപ്പെടുമ്പോള്‍ അത് പ്രധാനമായും ബാധിക്കുക സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തെയാണ് എന്നത് ആലങ്കാരികമായി പറഞ്ഞതല്ല. ഇന്ത്യന്‍ ഭരണഘടന ഭാഗം 3ല്‍ മൗലികാവകാശങ്ങളില്‍ ഒന്നാമത്തേതാണ് സമത്വാവകാശം.

14-മുതല്‍ 18 വരെയുള്ള വകുപ്പുകളിലായി സമത്വാവകാശം വിശദീകരിക്കപ്പെടുന്നു.

14-ാം വകുപ്പ്: നിയമത്തിന് മുന്നില്‍ സമത്വം; നിയമം മുഖേന തുല്യസംരക്ഷണം.

15-ാം വകുപ്പ്: മതം, ജാതി, ലിംഗം, ജന്മദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു. കടകള്‍, ഹോട്ടലുകള്‍, പൊതുഭക്ഷണശാലകള്‍, പൊതുവിനോദസ്ഥലങ്ങള്‍ അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ ധനമുപയോഗിച്ച് സംരക്ഷിക്കുന്ന പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു വ്യക്തിക്കും പ്രവേശനം നിഷേധിക്കരുത്.

16-ാം വകുപ്പ്: അവസരസമത്വം. രാഷ്ട്രത്തിന് കീഴിലെ ഏത് സ്ഥാപനത്തിലും പൗരന്മാര്‍ക്ക് സര്‍ക്കാര്‍ജോലിയുടെ കാര്യത്തില്‍ സമത്വം നല്‍കുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്കും പട്ടികജാതി/പട്ടിക വര്‍ഗങ്ങള്‍ക്കും അനുകൂലമായി നിയമത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ ഈ വകുപ്പ് രാഷ്ട്രത്തിന് അധികാരം നല്‍കുന്നു.

17-ാം വകുപ്പ്: അയിത്താചാരം നിരോധിക്കുന്നു.

18-ാം വകുപ്പ്: ബഹുമതികള്‍ ഒഴിവാക്കല്‍.

മേല്‍ പറയപ്പെട്ട വകുപ്പുകളും അവയുടെ വിശദീകരണങ്ങളും സമത്വാവകാശത്തിന്റെ പരിധിയിലാണ് വരിക. അത്‌കൊണ്ട് തന്നെ സമത്വാവകാശ നിഷേധത്തിലൂടെ സമൂഹത്തിലെ അധഃസ്ഥിത സമൂഹത്തിന്റെ ഉന്നമനത്തിനും വളര്‍ച്ചക്കും വേണ്ടി നിശ്ചയിക്കപ്പെട്ട നിയമങ്ങളുടെ സാധുത ചോദ്യം ചെയ്യപ്പെടുകയും സാമ്പത്തികമായും സാംസ്‌കാരികമായും തകര്‍ക്കപ്പെടുകയും ചെയ്യും.

പഴയ ദുരാചാരങ്ങള്‍ ആവര്‍ത്തിക്കും, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ആവര്‍ത്തിക്കും. ജാതീയ മേല്‍കോയ്മ പുനഃസ്ഥാപിക്കപ്പെടും. ഇന്ത്യയില്‍ പലയിടങ്ങളിലും ഇപ്പോഴും അയിത്താചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. പത്രങ്ങളില്‍ നാം കാണാറുള്ളതാണവ. നിയമം ഉണ്ടായിട്ടുപോലും സ്ഥിതി ഇതാണെങ്കില്‍ നിയമം ഇല്ലായ്മ ചെയ്താല്‍ എന്താണവസ്ഥ എന്നത് ഊഹിക്കാവുന്നതിനും അപ്പുറമാണ്.

മനുഷ്യാവകാശലംഘനം നടക്കുമ്പോള്‍ കാര്യനിര്‍വഹണ വിഭാഗവും നിയമനിര്‍മാണ സഭയും അതിനെതിരെ ഇടപെടാത്ത അവസ്ഥ നിലനില്‍ക്കുന്നു. ജനാധിപത്യപരമായി പ്രധിഷേധിക്കാനും സംഘടിക്കാനും അനുവദിക്കാതിരിക്കുക, മാധ്യമ പ്രവര്‍ത്തകരെയും സാമൂഹ്യ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുക, (കണ്ണന്‍ ഗോപിനാഥനും ചന്ദ്രശേഖര്‍ ആസാദും കസ്റ്റഡിയിലായത് ഓര്‍ക്കുക)തുടങ്ങിയ; സ്വാതന്ത്ര്യത്തിന്‍ മേലുള്ള അവകാശലംഘനങ്ങള്‍ നടക്കുമ്പോള്‍, ജനങ്ങള്‍ വെടിയേറ്റ് വീഴുമ്പോള്‍ കോടതിക്ക് വിഷയത്തില്‍ ഇടപെടാനുള്ള അധികാരമുണ്ട്. അതാണ് ജുഡീഷ്യല്‍ ആക്ടിവിസം. ബഹുമാനപ്പെട്ട കോടതികള്‍ ഈ വിഷയത്തില്‍ ഇടപെടുന്നത് ജനാധിപത്യവിശ്വാസികള്‍ക്ക് ആശ്വാസത്തിന് വകനല്‍കുമെന്നതില്‍ സംശയമില്ല.

ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങളിലൂടെ അധികാരം ഉറപ്പിക്കേണ്ടതിന് പകരം ക്രമേണ ഏകാധിപത്യത്തിലേക്ക് നീങ്ങി അധികാരം അരക്കിട്ടുറപ്പിക്കുവാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. സൈനിക മേധാവി രാഷ്ട്രീയം പറയുക, ആ പറയുന്നത് ഭരണ പക്ഷത്തെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം കൂടിയാവുക! ഇത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സംഭവിക്കുന്നത്. നമ്മുടെ നാട്ടിലെ ജനാധിപത്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് ഇത് നമ്മെ ബോധ്യമാകുന്നു.

ഇതെല്ലാം കണ്ട് മൗനികളായിരിക്കുകയല്ല പൗരധര്‍മം. പൗരത്വ ഭേദഗതി ബില്ലും എന്‍.ആര്‍.സിയുംപിന്‍വലിക്കുന്നത് വരെ സമരം തുടരേണ്ടതുണ്ട്. ഇത് കേവലം മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് മാത്രമല്ല, ഭാവിയില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ വിലക്കുകള്‍ ഉണ്ടായേക്കാം. നേതാക്കന്മാര്‍ വീട്ടുതടങ്കലിലാക്കപ്പെടും. ചോദിക്കാനും പറയാനും ആരുമുണ്ടാവില്ല. കാശ്മീരില്‍ സംഭവിച്ചത് നമുക്ക് മുമ്പിലുള്ള അനുഭവ പാഠമാണ്. നമ്മുടെ ഭാഗത്ത് നീതിയുള്ളത് കൊണ്ടോ ചരിത്രം നമുക്ക് അനുകൂലമായത് കൊണ്ടോ മാത്രം നാം വിജയിക്കണം എന്നില്ല. അധികാരത്തിന്റെ മുഷ്‌ക്കിനു മുമ്പില്‍ സത്യവും നീതിയും ചവിട്ടിമെതിക്കപ്പെടും.

അധികാരം ഏതെങ്കിലുമൊരിടത്ത് കേന്ദ്രീകരിക്കപ്പെടാതിരിക്കാനും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ കവരുന്നത് തടയാനും കൂടിയാണ് ഇന്ത്യയെ ഒരു അര്‍ധ ഫെഡറല്‍ സംവിധാനമാക്കി നമ്മുടെ ഭരണഘടന തീരുമാനിച്ചത്. ഫെഡറല്‍ എന്ന പദമല്ല അതിന് ഭരണഘടന ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ ആയിരിക്കണം എന്നാണ് ഭരണഘടനയുടെ ഒന്നാം അനുഛേദത്തില്‍ പറയുന്നത്. ഇതില്‍ നിന്ന് തന്നെ സംസ്ഥാനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട് എന്നത് വ്യക്തമാണ്. അതിനാല്‍ തന്നെ ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ നേര്‍ക്കുള്ള അക്രമങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ല.

സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകളും ആകുലതകളും അറിഞ്ഞ്, അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട ചുമതലയാണ് ഓരോ സംസ്ഥാന ഭരണകര്‍ത്താക്കള്‍ക്കും ഉള്ളത്. ജനങ്ങളെ ആശങ്കയിലാക്കുന്നതും ദേശീയ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നതുമായ നിയമങ്ങള്‍ നിര്‍മിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകളുടെയും ജനങ്ങളുടെയും അഭിപ്രായം ആരായുക എന്നത് ഒരു ഫെഡറല്‍ സംവിധാനത്തില്‍ അത്യന്താപേക്ഷിതമാണ്. മൃഗീയ ഭൂരിപക്ഷവും രാഷ്ട്രീയ അതിപ്രസരവും കൂടിയാലോചന എടുക്കുന്നതില്‍ നിന്ന് കേന്ദ്രഗവണ്‍മെന്റിനെ തടയാന്‍ പാടുള്ളതല്ല.

സംസ്ഥാനങ്ങള്‍ കേന്ദ്രം പറയുന്നത് മുഴുവന്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങേണ്ടതില്ല. സംസ്ഥാനങ്ങള്‍ക്ക് വ്യക്തമായ അധികാരങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കങ്ങള്‍ സുപ്രീം കൊടതിയില്‍ എത്തുന്നത്. കേന്ദ്രഭരണകൂടം കുടിലമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് സംസ്ഥാനങ്ങളെ ദുരുപയോഗപ്പെടുത്തുകയും രാഷ്ട്രീയ സ്ഥിതിഗതികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കാനുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുമ്പോള്‍ സംസ്ഥാനങ്ങള്‍ പ്രതിരോധിക്കുക സ്വാഭാവികംമാത്രം; ജനങ്ങളുടെ പൗരത്വം ചോദ്യം ചെയ്യുന്ന വിഷയത്തില്‍ പ്രത്യേകിച്ചും.

ചരിത്രത്തിലെ വലിയൊരു സംഭവമായി കേരളനിയമസഭ പൗരത്വഭേദഗതി ബില്ലിനെതിരെ പ്രമേയം പാസ്സാക്കിയ നടപടി രേഖപ്പെടുത്തപ്പെടും എന്നതില്‍ രണ്ടഭിപ്രായമില്ല. ജനാധിപത്യവും മതേതരത്വവും അതിന്റെ പൂര്‍ണാര്‍ഥത്തില്‍ എവിടെയെങ്കിലും പുലര്‍ന്നിട്ടുണ്ടെങ്കില്‍ അത് കേരളത്തിലാണ് എന്ന് നമുക്ക് അവകാശപ്പെടാം. ചില സംസ്ഥാന സര്‍ക്കാറുകള്‍ സ്വന്തം ജനതയെ പോലീസ് സേനയുടെ ലാത്തികൊണ്ടും തോക്ക് കൊണ്ടും സംഘപരിവാര അക്രമികളുടെ കുറുവടി കൊണ്ടും നേരിടുന്ന വേദനാജനകമായ കാഴ്ചകള്‍ക്കിടയിലാണ് കേരള സര്‍ക്കാരിന്റെ കരുത്തുറ്റ നിലപാടും കേരളത്തിന്റെ ജനാധിപത്യബോധത്തിന്റെ മഹത്തായ ആവിഷ്‌കാരവും നമുക്ക് കാണാന്‍ സാധിക്കുന്നത്. രാഷ്ട്രീയത്തിലെ ലാഭനഷ്ടങ്ങള്‍ തൂക്കിനോക്കാതെ ഈ വിഷയത്തില്‍ പ്രതിപക്ഷം ഭരണപക്ഷത്തിന് പൂര്‍ണ പിന്തുണ കൊടുത്തത് ഏറെ ശ്രദ്ധേയമാണ്. ധീരമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണറും കേന്ദ്രസര്‍ക്കാറും നടത്തുന്ന നീക്കങ്ങളെ കേരളജനതക്കെതിരെ നടത്തുന്ന നീക്കങ്ങളായിത്തന്നെ നാം കാണേണ്ടതുണ്ട്. അതിനാല്‍ നാം ഒറ്റക്കെട്ടായി നിലനില്‍ക്കുക; നേരിടുക.