കറുത്തവന്റെ കൈപിടിച്ചുയര്‍ത്തിയ ഇസ്‌ലാം

ഡോ.സബീല്‍ പട്ടാമ്പി

2020 ജൂണ്‍ 13 1441 ശവ്വാല്‍ 21
വംശീയതയുടെ വിഷപ്പുക കൊണ്ട് അമേരിക്കന്‍ മനസ്സും, അതിനെതിരെയുള്ള പ്രതിഷേധച്ചൂട് കൊണ്ട് തെരുവും ഘനീഭവിച്ചിരിക്കുകയാണ്. ജാതി-മത-വര്‍ണങ്ങള്‍ക്കതീതമായി മനുഷ്യനെ പരിഗണിക്കാന്‍ ദൈവികനിയമങ്ങള്‍ക്ക് മാത്രമെ കഴിയൂ എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇസ്‌ലാം. ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ ഈ രംഗത്ത് എത്രമാത്രം പരാജയമാണെന്നതിന്റെ ഉദാഹരണമാണ് അമേരിക്കന്‍ സാമൂഹിക വ്യവസ്ഥ.

ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ വെളുത്ത വര്‍ഗക്കാരനായ ഒരു നിയമപാലകന്‍(?) മുട്ടുകാലുകള്‍ക്കിടയില്‍ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചുകൊന്ന വാര്‍ത്ത നാം വായിച്ചത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്. വര്‍ണത്തിന്റെയും വംശത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിച്ചിരുന്ന സമ്പ്രദായത്തിന്റെ നേരിയ അംശം ചില വെളുത്ത ശരീരങ്ങളിലെ കറുത്ത മനസ്സുകളില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്നതിന്റെ തെളിവാണിത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1948ലാണ് ആഫ്രിക്കയില്‍ 'വര്‍ണവിവേചന വ്യവസ്ഥ' (Aparthied) എന്ന കരിനിയമം നിലവില്‍ വന്നത്. അതിനു ശേഷം നെല്‍സണ്‍ മണ്ടേലയെ പോലുള്ളവരുടെ നിരന്തരമായ പോരാട്ടത്തിലൂടെ 1990കളിലാണ് ആഫ്രിക്കയും കറുത്ത വര്‍ഗക്കാരും ഈ കാടന്‍നിയമത്തില്‍നിന്ന് മോചിപ്പിക്കപ്പെടുന്നത്. ഈ പോരാട്ടത്തിന്റെ പേരില്‍ 28 വര്‍ഷമാണ് മണ്ടേല അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ടത്. 1990കള്‍ക്ക് ശേഷം ഇന്നുവരെയുള്ള സ്‌കൂള്‍ സിലബസ്സുകളിലെല്ലാം നാം പഠിച്ചത് അപ്പാര്‍ത്തീഡ് അഥവാ നിറത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന പരിപാടി കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രമായിരുന്നു എന്നും ഇന്ന് അത് നിലവിലില്ല എന്നുമാണ്. എന്നാല്‍ നാം ചൊല്ലിപ്പഠിച്ചത് പോലെയല്ല, 'കറുപ്പിനോടുള്ള വെറുപ്പ്' ഒരു മാനസിക വൈകൃതമായി ഇന്നും നിലനില്‍ക്കുന്നുവെന്നാണ് ചില സമീപകാല വാര്‍ത്തകളിലൂടെ ബോധ്യപ്പെടുന്നത്.

നിറത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിച്ച് കാണുന്ന രീതി കേവലം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ തുടങ്ങിയതല്ല, മറിച്ച് മനുഷ്യചരിത്രത്തിന്റെ ഏടുകള്‍ ചികഞ്ഞുനോക്കിയാല്‍ അതിലെല്ലാം ഈ ദുഷിച്ച ചിന്തയുടെ ദുര്‍ഗന്ധം നമുക്ക് അറിയാന്‍ പറ്റും. ലഭ്യമായ പുരാതന ചരിത്രങ്ങളിലെല്ലാം വര്‍ണവിവേചനത്തിന്റെ വേരുകള്‍ കാണാം. ഏറ്റവും പഴയ സംസ്‌കാരങ്ങളിലൊന്നായ ഈജിപ്ഷ്യന്‍ സംസ്‌കാരത്തില്‍ അടിമത്തം നിലനിന്നിരുന്നു എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. ഫറോവമാര്‍ ഈ അടിമകളെ ഉപയോഗിച്ചാണ് പിരമിഡുകളും സ്ഫിംഗ്‌സ് പോലുള്ള കൂറ്റന്‍ കൊത്തുപണികളും ഉണ്ടാക്കിയതെന്നാണ് ചരിത്രം. എന്നാല്‍ ഈ അടിമവ്യവസ്ഥ നിറത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതായിരുന്നോ അല്ലേ എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ബൈബിള്‍ പ്രകാരം ഈജിപ്തുകാര്‍ ഹാമിന്റെ (Ham) പിന്മുറക്കാരാണ്. ചരിത്രകാരനായ ഡിയോപ് (Diop) പറയുന്നത് 'ഹാം' എന്ന ഹീബ്രു വാക്കിന്റെ (പഴയ നിയമം ഹീബ്രു ഭാഷയിലാണ്) അര്‍ഥം 'കറുത്തവന്‍,' 'വെയിലു കൊണ്ട് ഉണങ്ങിയവന്‍' എന്നൊക്കെയാണ് എന്നാണ്. ഇത് ഈജിപ്തുകാര്‍ കറുത്തവരായിരുന്നു എന്ന തന്റെ വാദത്തിനു തെളിവായി അദ്ദേഹം പറയുന്നു. ഇബ്‌റാഹീം നബിക്ക് ഹാജറ എന്ന കറുത്ത വര്‍ഗക്കാരി അടിമയെ കിട്ടിയത് ഈജിപ്തില്‍ നിന്നാണെന്ന സെമിറ്റിക് ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളും പുരാതന ഈജിപ്തില്‍ അടിമ സമ്പ്രദായം ഉണ്ടായിരുന്നു എന്ന വാദത്തെ ബലപ്പെടുത്തുന്ന കാര്യമാണ്.

ജൂതന്മാരുടെ വീക്ഷണ പ്രകാരം കറുത്ത വര്‍ഗക്കാര്‍ 'ശപിക്കപ്പെട്ടവരാണ്.' അവരുടെ വിശുദ്ധ ഗ്രന്ഥമായി അവര്‍ കണക്കാക്കുന്ന 'തല്‍മുദി'ല്‍ (ഇത് പില്‍ക്കാലത്ത് യഹുദ റബ്ബിമാര്‍ എഴുതിയുണ്ടാക്കിയതാണ്) പറയുന്നത് 'ഹാമിന്റെ സന്തതികള്‍ കറുത്തവരാകാന്‍ ശപിക്കപ്പെട്ടു' എന്നാണ്. അതിനുള്ള കാരണമായി തല്‍മുദില്‍ പറയുന്നത് ഹാം പാപി ആയിരുന്നു എന്നുമാണ്. കറുത്തവരുടെ മേല്‍ അധികാരം നേടാനും അവരെ അടിമകളാക്കി വെക്കാനും ജൂതന്മാര്‍ എഴുതിച്ചേര്‍ത്തതായിരുന്നു ഈ വരികള്‍ എന്ന് നിസ്സംശയം പറയാം. ഇന്നും ഇസ്രായേലില്‍ ജൂതന്മാര്‍ക്കിടയില്‍ പോലും കറുത്ത ജൂതനെന്നും വെളുത്ത ജൂതനെന്നും കുടിയേറ്റക്കാരനായ ജൂതനെന്നുമൊക്കെയുള്ള വേര്‍തിരിവ് കാണാം. തല്‍മുദിലെ ഈ ദുഷിച്ച വരികള്‍ക്ക് 14ാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂന്‍ മറുപടി നല്‍കിയതായി കാണാം.

ഗ്രീക്ക് ചിന്തകനായിരുന്ന അരിസ്‌റ്റോട്ടില്‍ പറഞ്ഞത്, കറുത്ത വര്‍ഗക്കാര്‍ ശാരീരികമായി ശക്തരും ബുദ്ധിപരമായി പിന്നാക്കം നില്‍ക്കുന്നവരും ആയതുകൊണ്ട് അവര്‍ ഘടനാപരമായി തന്നെ അടിമകളായിരിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണ് എന്നാണ്! റോമിലും ഇത് തന്നെയായിരുന്നു സ്ഥിതി. പൗരാണിക ഗ്രീസിലും റോമിലും നിലനിന്നിരുന്ന അടിമ സമ്പ്രദായത്തെ പറ്റി ചരിത്രപരമായ തെളിവുകള്‍ ഉദ്ധരിച്ച് ചരിത്രകാരന്‍ Benjamin Isaac അദ്ദേഹത്തിന്റെ The invention of racism in classical antiqutiy എന്ന ഗ്രന്ഥത്തില്‍ സവിസ്തരം സ്ഥാപിക്കുന്നുണ്ട്.

ഇതേകാലത്ത് ഇന്ത്യയിലും വംശീയതയും അടിമത്തവും നിലനിന്നിരുന്നുവെന്ന് കാണാം. പക്ഷേ, ഇന്ത്യയില്‍ നിലനിന്നിരുന്ന വ്യവസ്ഥയുടെ പശ്ചാത്തലം മറ്റൊന്നായിരുന്നു. തൊലിനിറത്തിന്റെ അടിസ്ഥാനത്തെക്കാള്‍ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള വിവേചനം എന്ന് പറയുന്നതാകും ശരി. ഈ ജാതിവ്യവസ്ഥയുടെ ബീജം ഋഗ്വേദത്തിലും ഛാന്ദഗേ്യാപനിഷത്തിലും മനുസ്മൃതിയിലുമെല്ലാം കാണാം. ജാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ 4 വിഭാഗങ്ങളായി തിരിച്ചിരുന്നു. ഏറ്റവും ഉയര്‍ന്ന തട്ടില്‍ പുരോഹിതന്മാരായ ബ്രാഹ്മണര്‍, അതിനുതാഴെ യുദ്ധവീരന്മാരായ ക്ഷത്രിയര്‍; കച്ചവടക്കാരായ വൈശ്യര്‍, ഏറ്റവും താഴെ അടിമകളായ ശൂദ്രര്‍ എന്നതായിരുന്നു ക്രമം. മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങള്‍ ബ്രാഹ്മണന്റെ അവകാശങ്ങളെ പറ്റി വാചാലമാകുമ്പോള്‍ താഴ്ന്ന ജാതിക്കാരനായ ശൂദ്രനു കിട്ടേണ്ട അവകാശങ്ങളെ പറ്റി ഒന്നും പറയുന്നില്ല. ബ്രാഹ്മണനു വലിയ കുറ്റങ്ങള്‍ ചെയ്താല്‍ നിസ്സാര ശിക്ഷകളും ശൂദ്രന്‍ ചെയ്യുന്ന നിസ്സാര തെറ്റുകള്‍ക്ക് പോലും കിരാത ശിക്ഷകളും വിധിച്ചത് കാണാം. അയ്യങ്കാളി, ശ്രീനാരായണ ഗുരു പോലുള്ളവരുടെ ഇടപെടലുകളും പ്രത്യേകമായ രാഷ്ട്രീയ സാഹചര്യങ്ങളും കാരണം കേരളത്തില്‍ ഇന്ന് ജാതിവ്യവസ്ഥ ഏറെക്കുറെ അപ്രത്യക്ഷമായി എന്ന് കരുതാം. എന്നാല്‍ തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ ഇന്നും ജാതിവ്യവസ്ഥ കൊടികുത്തി വാഴുന്നുണ്ട്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ദലിത് പീഡനങ്ങള്‍ ഇതിന്റെ ഒരു നേര്‍സാക്ഷ്യമാണ്. നിറത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിക്കുകയും കറുത്തവരെ അടിമകളാക്കി ഉപയോഗിക്കുകയും വില്‍ക്കല്‍ വാങ്ങലുകള്‍ നടത്തുകയും ചെയ്യുന്ന രീതി ഏറെക്കുറെ എല്ലാ പൗരാണിക സംസ്‌കാരങ്ങളിലും ചിന്തകളിലും നിലനിന്നിരുന്നു എന്ന് സാരം.

മധ്യകാല ചരിത്രവും ഈ ചിന്തയില്‍ നിന്ന് മുക്തമായിരുന്നില്ല. അത് കോളനിവല്‍ക്കരണത്തിന്റെ കാലമാണ്. ബ്രിട്ടീഷുകാര്‍, ഡച്ചുകാര്‍ എന്നിവര്‍ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുകയും അവര്‍ എത്തിയ രാജ്യങ്ങള്‍ കീഴ്‌പെടുത്തി തദ്ദേശീയരെ അടിമകളാക്കി വെക്കുകയും മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തു. ഒരിക്കല്‍ അടിമയായി മുദ്രകുത്തപ്പെട്ടാല്‍ പിന്നെ ആ ബന്ധനത്തില്‍ നിന്ന് രക്ഷപ്പെടുക ഏറെക്കുറെ അസാധ്യമായിരുന്നു. അമേരിക്കയില്‍ 1865 വരെ അടിമക്കച്ചവടം നില നിന്നിരുന്നു, ആഫ്രിക്കയില്‍ അടിമക്കച്ചവടം നിരോധിച്ചത് 1875ല്‍ ആണ്. അടിമവ്യവസ്ഥ 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അവസാനിച്ചെങ്കിലും നിറത്തിന്റെ പേരില്‍ വേര്‍തിരിച്ച് കാണുന്ന രീതി പിന്നെയും നിലനിന്നുപോന്നു.

അമേരിക്കയില്‍ ഇന്നും കറുത്തവര്‍ക്കും വെളുത്തവര്‍ക്കുമിടയില്‍ അപ്രഖ്യാപിത വിവേചനങ്ങള്‍ നിലവിലുണ്ട്. ജോലിയുടെ കാര്യത്തില്‍ ഉയര്‍ന്ന തസ്തികകളില്‍ നിന്ന് കറുത്തവന്‍ തഴയപ്പെടുന്നുണ്ട്. ശമ്പളത്തിന്റെ കാര്യത്തില്‍ കറുത്തവരോട് വിവേചനം കാണിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും വിദ്യാഭ്യാസക്കുറവുമൊക്കെ കൂടുതലുള്ളത് കറുത്ത വര്‍ഗക്കാര്‍ക്കാണ്.

അടിമത്ത വ്യവസ്ഥിതിക്കും അസമത്വത്തിനുമെതിരെയുള്ള പോരാട്ടവും മനുഷ്യന്റെ സ്വാതന്ത്ര്യവുമാണു ഞങ്ങളുടെ സിദ്ധാന്തം എന്ന് കൊട്ടിഘോഷിച്ച് 19ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ (1848) മുന്നോട്ട് വന്ന കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളും കറുത്തവരോടുള്ള നിലപാടിന്റെ കാര്യത്തില്‍ പരാജയമായിരുന്നുവെന്നാണു കാലം തെളിയിച്ചത്. കമ്യൂണിസത്തിന്റെ പോരാട്ടം പ്രധാനമായും കേന്ദ്രീകരിച്ചത് സാമ്പത്തിക അസമത്വത്തിനെതിരെയായിരുന്നു. തൊലിനിറത്തിന്റെ പേരിലുള്ള അസമത്വത്തിനെതിരെ കമ്യൂണിസത്തിന് ഒന്നും പറയാനുണ്ടായിരുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇരുണ്ട തൊലിയുള്ളവരോട് വിവേചനം കാണിക്കുന്നതില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന രാജ്യം കമ്യൂണിസം ഭരണഘടനയാക്കിയ റഷ്യയിലാണ്. കമ്യൂണിസത്തിന്റെ തറവാടായി കണക്കാക്കപ്പെടുന്ന ക്യൂബന്‍ ജനതയുടെ 60 ശതമാനവും കറുത്തവരാണ്. പക്ഷേ, അവരുടെ ഭരണ സിരാകേന്ദ്രങ്ങളില്‍ ഇരിക്കുന്നവരില്‍ 70 ശതമാനവും വെളുത്തവരാണ് എന്ന് 2009ല്‍ പുറത്തുവന്ന കണക്കില്‍ പറയുന്നു. ഇതേ പഠനത്തില്‍ തന്നെ പറയുന്നു ക്യൂബയിലെ 70 ശതമാനം കറുത്തവരും ജോലിയില്ലാത്തവരാണെന്ന്. കറുത്തവര്‍ വെളുത്തവരെക്കാള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നു. സാമ്പത്തിക അസമത്വത്തിനെതിരെ പോരാടിയ കമ്യൂണിസം ഭരണഘടനയായി പ്രഖ്യാപിച്ച ക്യൂബയില്‍ പോലും കറുത്തവര്‍ ഇന്നും സാമ്പത്തികമായും സാമൂഹികമായും ഏറ്റവും വലിയ 'അസമത്വം' നേരിട്ടുകൊണ്ടിരിക്കുന്നു എന്ന് ചുരുക്കം.

പരിണാമ സിദ്ധാന്തവും വംശീയതയും

വര്‍ണവിവേചനത്തിനെ ന്യായീകരിക്കുന്നവര്‍ക്ക് വളംവെച്ച് കൊടുക്കുന്ന സിദ്ധാന്തമാണ് പരിണാമ സിദ്ധാന്തം (Theory of evolution). 19ാം നൂറ്റാണ്ടില്‍ ജീവിച്ച ചാള്‍സ് ഡാര്‍വിനാണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ജീവികള്‍ക്ക് ക്രമാനുഗതമായി വന്ന മാറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന ജീവിവര്‍ഗമാണ് മനുഷ്യന്‍ എന്നാണ് ഈ സിദ്ധാന്തം പറയുന്നത്. ഈ സിദ്ധാന്തത്തെ പൊക്കിപ്പിടിച്ചു നടന്നത് പ്രധാനമായും രണ്ടു വിഭാഗക്കാര്‍ ആയിരുന്നു.(1) സൃഷ്ടിവാദത്തെ എതിര്‍ക്കുന്ന വിഭാഗക്കാര്‍ അഥവാ യുക്തിവാദ-നിരീശ്വരവാദ പ്രസ്ഥാനക്കാര്‍.(2) വംശീയവാദ (Racism) സിദ്ധാന്തക്കാര്‍.

 ഒന്നാമത്തെ വിഭാഗക്കാര്‍ പരിണാമസിദ്ധാന്തത്തെ പൊക്കിപ്പിടിച്ചത് സ്രഷ്ടാവായ ദൈവം ഇല്ലെന്നതിനും സൃഷ്ടിപ്പ് നടന്നിട്ടില്ലെന്നതിനും ജീവികള്‍ ഉണ്ടായത് ക്രമാനുഗതമായ പരിണാമത്തിലൂടെയാണ് എന്നതിനും തെളിവായിട്ടാണ്. രണ്ടാമത്തെ വിഭാഗം ഈ സിദ്ധാന്തത്തെ ഉപയോഗിച്ചത് വെളുത്ത വംശക്കാര്‍ കറുത്തവരെക്കാള്‍ ഉയര്‍ന്നവരാണ് എന്ന് സ്ഥാപിക്കാനായിരുന്നു. അവര്‍ പറഞ്ഞത് ഇപ്രകാരമാണ്: 'കറുത്തവരായ നീഗ്രോകള്‍ കുരങ്ങുകളില്‍ നിന്ന് വെളുത്തവരിലേക്കുള്ള പരിണാമത്തിനിടയിലെ ഒരു കണ്ണി മാത്രമാണ്. അഥവാ നീഗ്രോകള്‍ പൂര്‍ണ മനുഷ്യരല്ല, മനുഷ്യരെ പോലെ പൂര്‍ണ ബുദ്ധിയുള്ളവരല്ല. അതുകൊണ്ട് തന്നെ വെളുത്തവര്‍ക്ക് അവരെക്കാള്‍ ഔന്നിത്യമുണ്ട്, അവരെ അടിമകളാക്കാന്‍ അവകാശമുണ്ട്.'

ഈ സിദ്ധാന്തം രൂപപ്പെട്ട് ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന രണ്ട് ചിന്താഗതികളാണു ഫാഷിസവും നാസിസവും. ഈ രണ്ട് കൂട്ടരുടെയും സൈദ്ധാന്തിക അടിത്തറ വംശീയതയില്‍ ഊന്നിയതായിരുന്നു. ഹിറ്റ്‌ലറും നാസികളും പറഞ്ഞത് വെളുത്തവരായ ആര്യന്‍ വംശജര്‍ ഉന്നതരാണ് എന്നാണ്. ഫാഷിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനും തലവനുമായ മുസ്സോളിനിയും ഈ ന്യായം പറഞ്ഞായിരുന്നു എതേ്യാപ്യ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്തി കോളനികള്‍ സ്ഥാപിക്കുകയും തദ്ദേശീയരായ കറുത്ത വര്‍ഗക്കാരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തത്. ഈ രണ്ട് കൂട്ടരും പരിണാമ സിദ്ധാന്തത്തെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കുകയാണു ചെയ്തത്. ഹിറ്റ്‌ലര്‍ ഇതിനായി പ്രത്യേകം തെരഞ്ഞെടുത്ത നരവംശശാസ്ത്രജ്ഞരെ നിയമിച്ചു. അവര്‍ ഡാര്‍വിന്‍ സിദ്ധാന്തത്തിന് ഹിറ്റ്‌ലര്‍ക്കു വേണ്ടി സമര്‍ഥമായി ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ചു. ഇത് കറുത്ത വര്‍ഗക്കാരെ കൊന്നൊടുക്കാന്‍ നാസിസ്റ്റ്, ഫാഷിസ്റ്റ് പാര്‍ട്ടികള്‍ക്ക് സൈദ്ധാന്തിക അടിത്തറയായി.

18,19 നൂറ്റാണ്ടുകളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട മറ്റൊന്നായിരുന്നു Scientific racism (ശാസ്ത്രീയ വംശീയ പഠനം) എന്നത്. കറുത്തവരും വെളുത്തവരും തമ്മിലുള്ള ശാരീരികവും ബുദ്ധിപരവുമായ വ്യത്യാസങ്ങള്‍ പഠിക്കുന്ന ഒരു ശാസ്ത്രശാഖയാണ് അത് എന്ന് പ്രചരിപ്പിക്കപ്പെടുകയും അതിന് അക്കാലത്ത് വന്‍ പ്രചാരം ലഭിക്കുകയും ചെയ്തു; പ്രത്യേകിച്ചും അടിമ വ്യവസ്ഥ നിലനിന്നിരുന്ന ആഫ്രിക്കന്‍, അമേരിക്കന്‍ നാടുകളില്‍. ഇതിന്റെയും ലക്ഷ്യം കറുത്തവന്‍ വെളുത്തവനെക്കാള്‍ താഴ്ന്നവവനാണ് എന്ന് സ്ഥാപിക്കലായിരുന്നു. എന്നാല്‍ 1950കള്‍ക്ക് ശേഷം ഇത് ശാസ്ത്രമല്ലെന്നും ശാസ്ത്രത്തിന്റെ തോലണിഞ്ഞ അസംബന്ധങ്ങള്‍ മാത്രമാണെന്നും ലോകം തിരിച്ചറിഞ്ഞു. ഇന്ന് ഇതൊരു കപട ശാസ്ത്രം (Pseudo science) ആയാണ് അറിയപ്പെടുന്നത്.

ഇസ്‌ലാം കറുത്തവര്‍ക്ക് വേണ്ടി ശബ്ദിച്ച മതം

കറുത്തവര്‍ക്ക് വേണ്ടി ശബ്ദിക്കുകയും പോരാടുകയും ചെയ്ത വളരെ വിരളം ശബ്ദങ്ങള്‍ മാത്രമെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ. കറുത്തവര്‍ക്ക് വേണ്ടി ശബ്ദിച്ചവര്‍ ആരൊക്കെ എന്ന് ചോദിച്ചാല്‍ ലോകത്ത് ഉയര്‍ന്നുകേള്‍ക്കാറുള്ള പേരുകള്‍ നെല്‍സണ്‍ മണ്ടേല, ലൂഥര്‍, ഗാന്ധി തുടങ്ങിയ പേരുകളാണ്. എന്നാല്‍ ഈ ഗണത്തില്‍ ആരും പറയാത്ത ചില പേരുകള്‍ കൂടിയുണ്ട്. ഇസ്‌ലാമിലെപ്രവാചകന്മാരെല്ലാം വംശീയതക്കും അടിമ സമ്പ്രദായത്തിനുമെതിരെ പോരാടിയവരായിരുന്നു എന്നതാണ് വാസ്തവം. ലേഖനത്തിന്റെ തുടക്കത്തില്‍ മഹാനായ ഇബ്‌റാഹീം നബി(അ)ക്ക് ഈജിപ്തില്‍ നിന്ന് കിട്ടിയ അടിമസ്ത്രീയായിരുന്നു ഹാജറ എന്ന് സൂചിപ്പിച്ചല്ലോ. ഇബ്‌റാഹീം നബി(അ) പക്ഷേ, ഹാജറയെ കേവലം ഒരു അടിമയാക്കി വെക്കുകയല്ല ചെയ്തത്. അവരെ വിവാഹം ചെയ്യുകയും അതുവഴി അവരെ അടിമ സ്ത്രീയില്‍ നിന്ന് ഒരു മനുഷ്യസ്ത്രീയുടെ പദവിയിലേക്ക് ഉയര്‍ത്തുകയുമാണ് ചെയ്തത്. അതെ, ബഹുദൈവാരാധന എന്ന സാമൂഹ്യ തിന്മക്കെതിരെ പോരാടി വീരേതിഹാസം രചിച്ച ഇബ്‌റാഹീം നബി കറുത്തവളായ ഹാജറയെ വിവാഹംകഴിക്കുക വഴി അന്നത്തെ 'വര്‍ണ വിവേചനത്തിന്റെയും അടിമവ്യവസ്ഥിതിയുടെയും' ചങ്ങലക്കെട്ടുകള്‍ കൂടി തകര്‍ക്കുകയായിരുന്നു. ഇതേ ഹാജറയാണു പിന്നീട് ഇസ്മാഈല്‍ എന്ന പ്രവാചകനു ജന്മം നല്‍കിയത്. ലോകത്തുള്ള ഒരു മുസ്‌ലിമിനും കറുത്തവളായ ഹാജറയെ ഓര്‍ക്കാതെ, അവരുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ സഫാ-മര്‍വയ്ക്കിടയിലൂടെ നടക്കാതെ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കാന്‍ സാധ്യമല്ല. ഇത് ഹാജറബീവിക്ക് അല്ലാഹു നല്‍കിയ സ്ഥാനമാണ്. കറുത്ത ഹാജറ നടന്ന ഈ സ്ഥലത്ത് ഞാന്‍ ചവിട്ടില്ല എന്ന് ഹജ്ജിനു വരുന്ന ഒരു വെള്ളക്കാരനും പറയില്ല. കാരണം തൊലിയുടെ കറുപ്പോ വെളുപ്പോ അല്ല ശ്രേഷ്ഠതയുടെ അളവുകോല്‍, മറിച്ച് ഹൃദയത്തിലെ വിശ്വാസവിശുദ്ധിയും ധര്‍മനിഷ്ഠയുമാണ് ഒരു മനുഷ്യനെ അല്ലാഹുവിങ്കല്‍ ശ്രേഷ്ഠനാക്കുന്നത് എന്നതാണ് ഇസ്‌ലാമിന്റെ പ്രഖ്യാപനം. അല്ലാഹു പറയുന്നു:

''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അനേ്യാന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു''(കുര്‍ആന്‍  49:13).

നബി ﷺ  പറഞ്ഞു: ''തീര്‍ച്ചയായും അല്ലാഹു നോക്കുന്നത് നിങ്ങളുടെ ശരീരങ്ങളിലേക്കോ സമ്പത്തിലേക്കോ അല്ല, മറിച്ച് അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ്'' (മുസ്‌ലിം).

അടിമ മോചനത്തിന്റെ കാഹളം മുഴക്കിയ മറ്റൊരു പ്രവാചകനാണ് മൂസാ(അ). വര്‍ഷങ്ങളോളം ഫിര്‍ഔന്‍ അടിമകളാക്കി വെച്ചിരുന്ന ഇസ്‌റഈല്യരെ മോചിപ്പിച്ചത് മൂസാ നബിയായിരുന്നു.

മുഹമ്മദ് നബി(അ) ആഗതനാകുന്നതിനു മുമ്പ് അറേബ്യന്‍ ഉപഭൂഘണ്ഡത്തിലും വര്‍ണ വിവേചനവും അടിമത്തവും നിലനിന്നിരുന്നു. അവിടുന്ന് അടിമകളുടെ അവകാശത്തെ കുറിച്ചും നീതിയെ കുറിച്ചും ജനങ്ങളെ പഠിപ്പിച്ചു. കറുത്ത അടിമയായിരുന്ന ബിലാലും കുലീന കുടുംബത്തില്‍ പെട്ട അബുദ്ദര്‍ദാഉം തോളോട് തോള്‍ ചേര്‍ന്ന് നബിയുടെ സന്നിധിയില്‍ ഇരുന്നു. അടിമമോചനം ഒരു വമ്പിച്ച പുണ്യകര്‍മമാണെന്ന് ഇസ്‌ലാം പഠിപ്പിച്ചു. അല്ലാഹു പറയുന്നു:

''എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുക. അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക; കുടുംബബന്ധമുള്ള അനാഥയ്ക്ക്. അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്'' (കുര്‍ആന്‍ 90:11-16).

സ്വഹാബികള്‍ അടിമകളെ മോചിപ്പിക്കുന്ന കാര്യത്തില്‍ പരസ്പരം മല്‍സരിച്ചു. പല പാപങ്ങള്‍ക്കും പരിഹാരമായി ഇസ്‌ലാം നിര്‍ദേശിച്ചിട്ടുള്ളത് അടിമമോചനമാണ് എന്നതും ശ്രദ്ധേയമാണ്. വര്‍ണവിരോധത്തിന്റെ അന്ധത ബാധിച്ച ലോകത്തോട് പ്രവാചകന്‍ ﷺ  വിളിച്ച് പറഞ്ഞു:

''എല്ലാവരും ആദമില്‍ നിന്നുള്ളവരാണ്. അറബിക്ക് അനറബിയെക്കാളോ വെളുത്തവനു കറുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല, ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ'' (മുസ്‌ലിം, അബുദാവൂദ്).

ഇതിനു തുല്യമായൊരു പ്രഖ്യാപനം അതിനു മുമ്പോ ശേഷമോ എവിടെയും രേഖപ്പെടുത്തി വെച്ചത് കാണുക സാധ്യമല്ല. വീണ്ടും അവിടുന്ന് പറഞ്ഞു:

''നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക, നിങ്ങളുടെ നേതാവായി വരുന്നത് ഉണക്ക മുന്തിരിയുടേത് പോലുള്ള തലയുള്ള നീഗ്രോ അടിമയായിരുന്നാലും ശരി'' (ബുഖാരി, ഇബ്‌നുമാജ).

വംശീയതയെ ഇതിനെക്കാള്‍ നന്നായി പ്രതിരോധിച്ച വേറെ ഏത് പ്രത്യയശാസ്ത്രമാണു ലോകത്തുള്ളത്? ഇസ്‌ലാമിന്റെ ഈ മാനവികതയുടെ പ്രഘോഷണം ധാരാളം കറുത്ത വര്‍ഗക്കാരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച കറുത്ത വര്‍ഗക്കാരുടെ വിമോചന നായകനായിരുന്ന മാല്‍കം എക്‌സ്, കറുത്തവനായ ബോക്‌സിംഗ് താരമായിരുന്ന കാഷ്യസ് ക്ലേ എന്നിവര്‍ ഇസ്‌ലാം സ്വീകരിച്ചത് ഇസ്‌ലാമിന്റെ ഈ സമഭാവനയില്‍ ആകൃഷ്ടരായാണ്. ഇന്ത്യയില്‍ ജാതിയുടെ പേരിലുള്ള വിവേചനവും പീഡനവും നേരിട്ടിരുന്ന അനേകം 'താഴ്ന്ന ജാതിക്കാര്‍' ഇസ്‌ലാമിലേക്ക് കടന്നുവരാനുള്ള കാരണം ഇസ്‌ലാമിന്റെ മാനവ സമത്വവീക്ഷണമാണ്.

ദലിതര്‍ക്ക് വേണ്ടി പോരാടിയ ഡോ. ബി ആര്‍ അംബേദ്കര്‍ അവസാന കാലത്ത് ലക്ഷക്കണക്കിനു അനുയായികളോടൊപ്പം 'മനുഷ്യ സമത്വത്തിന്റെ മതമായ' ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ അന്നത്തെ തീവ്രഹിന്ദു വിഭാഗക്കാര്‍ അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു എന്നും അതിനാല്‍ അദ്ദേഹം ഒരു ലക്ഷം അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിക്കുകയാണുണ്ടായതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട ചരിത്രം പറയുന്നു.

വംശീയതയുടെയും വര്‍ണവിവേചനത്തിന്റെയും തീക്കനലുകള്‍ വീണ്ടും ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ ആരുതന്നെയായാലും അവരെ ചെറുത്ത് തോല്‍പിക്കേണ്ടതുണ്ട്. ഇനിയൊരു ജോര്‍ജ് ഫ്‌ളോയിഡ് ഉണ്ടായിക്കൂടാ. അങ്ങനെ സംഭവിച്ചാല്‍ അത് ഇരുണ്ട ഭൂതകാലത്തേക്കുള്ള തിരിച്ചുപോക്കിന്റെ ഒരു ദുസ്സൂചനയായി നാം കാണണം.