ഫാഷിസം, ജനാധിപത്യം, മതനിരപേക്ഷത

ഡോ. കെ. ഇ. എന്‍ കുഞ്ഞഹമ്മദ് / ഡോ. സി. മുഹമ്മദ് റാഫി

2020 മാര്‍ച്ച് 21 1441 റജബ് 26
ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് ഫാഷിസം എത്രമാത്രം ആതമവിശ്വാസത്തോടെ തങ്ങളുടെ ഗൂഢ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമവും അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും. സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന വിഭജന പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനമെന്താണ്, അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്, ചരിത്രബോധമുള്ളവര്‍ നിരീക്ഷിക്കുന്ന ഇതിന്റെ ഭാവിയെന്താണ്? തുറന്ന സംസാരം.

പൗരത്വ ഭേദഗതി നിയമം ഇന്ത്യയില്‍ നടപ്പിലാക്കുമ്പോള്‍; അത് 1940കള്‍ മുതല്‍ മഹാത്മാ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചാണ് എന്നും അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങള്‍ അവിടെ അനുഭവിക്കുന്ന മതപീഡനങ്ങള്‍ക്കും മറ്റു പ്രതിസന്ധികള്‍ക്കും പരിഹാരമായിട്ടാണ് എന്നുമുള്ള സംഘ്പരിവാര്‍ ന്യായീകരണത്തെ സമകാലിക സാഹചര്യത്തില്‍  നമുക്ക് എത്രമാത്രം വിശ്വാസത്തിലെടുക്കാനാകും? 

സത്യത്തില്‍ സംഘ്പരിവാര്‍ അവതരിപ്പിക്കുന്ന ഓരോ വാദഗതിയും സ്വയം വൈരുധ്യത്തില്‍ ചെന്ന് അവസാനിക്കുന്നതായിട്ടാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഉദാഹരണം അവര്‍ ഈ ബില്ലിന് നല്‍കിയിരിക്കുന്ന പേരുതന്നെയാണ്. അവര്‍ നല്‍കിയിരിക്കുന്ന പേര് 'പൗരത്വ ഭേദഗതി നിയമം' എന്നാണ്. സത്യത്തില്‍ പൗരത്വ ഭേദഗതി നിയമം എന്ന പേര് തന്നെ ആധുനിക വൈജ്ഞാനിക സാംസ്‌കാരിക കാലാവസ്ഥയില്‍ നാം ആലോചിച്ച് കഴിഞ്ഞാല്‍, കൃത്യമായും നമുക്ക് ഇതിന്റെ അപരിഷ്‌കൃത പിന്തിരിപ്പന്‍ നയത്തെ തിരിച്ചറിയാന്‍ പറ്റും.

നിലവിലുള്ള പൗരത്വത്തിന്റെ സാധ്യത വിപുലപ്പെടുത്തുക, വിസ്തൃതമാക്കുക. ജനങ്ങള്‍ക്ക് കുറേകൂടി സ്വാതന്ത്ര്യം അനുഭവിക്കാവുന്ന ഒരവസ്ഥ ഉണ്ടാക്കിയെടുക്കുക. ഇപ്പോള്‍ നമ്മള്‍ ആഗോള വല്‍ക്കരണം എന്ന് പറയുമ്പോള്‍ സാധാരണയായി പറയുന്ന ഒരു കാര്യമുണ്ട്; മുമ്പത്തെപ്പോലെ അതിര്‍ത്തികളൊന്നും തന്നെ ഇപ്പോള്‍ പ്രസക്തമല്ല, എങ്ങും വെളിച്ചത്തിന്റെ തുളഞ്ഞു കയറ്റമാണ,് ഇരുമ്പ് മറകളൊക്ക അപ്രത്യക്ഷമായി, മതിലുകള്‍ പൊളിഞ്ഞു എന്നൊക്കെയാണ് നമ്മള്‍ പറയുന്നത്. പക്ഷേ, അതേ നമ്മള്‍തന്നെ ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു ഭാഗത്തു മതില് പൊളിഞ്ഞു എന്ന് പറഞ്ഞ് ആഗോളവല്‍ക്കരണത്തെ സ്തുതിക്കുകയും മൂലധനത്തിന്റെ മുമ്പില്‍ ദേശരാഷ്ട്രം നിര്‍മിച്ച തടസ്സങ്ങളൊക്കെ തട്ടിമാറ്റി ജനങ്ങളുടെ മുമ്പില്‍ കൂടുതല്‍ തടസ്സങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലാണ്. ആ ഒരു പ്രവര്‍ത്തനമാണ് ഫാഷിസം നടത്തിക്കൊണ്ടിരിക്കുന്നത്. അതായത് മൂലധനത്തിന് സര്‍വതന്ത്ര സ്വതന്ത്ര സഞ്ചാര സാധ്യതകള്‍ ഉണ്ടാക്കിക്കൊടുക്കുകയും അതേസമയം ജനങ്ങള്‍ക്ക് പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നു എന്ന് ചുരുക്കം.

ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. അതിനാല്‍ ഈ പൗരത്വ ഭേദഗതി നിയമം എന്ന് പറയുമ്പോള്‍ ജനാധിപത്യത്തിന്റെ കാഴ്ചപ്പാടില്‍ പൗരത്വത്തിന്റെ സാധ്യതകള്‍ വിപുലപ്പെടുത്തണം, വിസ്തൃതമാക്കണം, കുറേകൂടി സൗകര്യം നല്‍കണം. അതിനുപകരം സത്യത്തില്‍ ഇപ്പോള്‍ 2019 ഡിസംബര്‍ 12ല്‍ വിജ്ഞാപനമായിട്ടുള്ള ഈ പൗരത്വ ഭേദഗതി നിയമത്തില്‍ ചെയ്തിരിക്കുന്നത് നിലവിലുള്ള പൗരത്വത്തിന്റെ സാധ്യതകളെ സങ്കോചിപ്പിക്കുകയാണ്, പൗരത്വത്തെ പരിമിതപ്പെടുത്തുകയാണ്, നിലവിലുള്ള പൗരത്വത്തെ തന്നെ ശിഥിലമാകുകയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഞാന്‍ എല്ലായ്‌പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്; പൗരത്വഭേദഗതി നിയമം എന്നുള്ളത് ഇന്ത്യന്‍ ഫാഷിസത്തിന്റെ ഒരു പരസ്യ വാചകമാണ്, അതിന് യാഥാര്‍ഥ്യവുമായി ഒരു പൊരുത്തവുമില്ല, സത്യത്തില്‍ ഇതിനെ വിളിക്കേണ്ടത് പൗരത്വവിരുദ്ധബില്‍ എന്ന് തന്നെയാണ്. വേണമെങ്കില്‍ കുറച്ചുകൂടി ഒന്ന് മയപ്പെടുത്തിയിട്ട് 'പൗരത്വ വിവേചന നിയമ'മെന്ന് വിളിക്കാം. പക്ഷേ, പൗരത്വ വിവേചന നിയമം എന്ന് വിളിക്കുമ്പോള്‍ അത് പ്രത്യക്ഷത്തില്‍ ശരിയാകും. എന്നാല്‍ സൂക്ഷ്മാര്‍ഥത്തില്‍ ശരിയാകണമെങ്കില്‍ ഞാനിപ്പോഴും കരുതുന്നത് ഇതിനെ പൗരത്വ വിരുദ്ധ നിയമം എന്ന് തന്നെ വിളിക്കണം എന്നാണ്.

സത്യത്തില്‍ ഇന്ത്യന്‍ ഫാഷിസം ചെയ്തുകൊണ്ടിരിക്കുന്നത് പൗരത്വത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്ന, ഒരു പൗരത്വ വിരുദ്ധ ബില്‍ അവതരിപ്പിച്ചിട്ട് ആ പൗരത്വ വിരുദ്ധ ബില്ലിന്റെ പിതൃത്വം സംഘ്പരിവാര്‍ കൊന്ന് കൊലവിളിച്ച മഹാത്മാഗാന്ധിയുടെ ശിരസ്സിലിടുക എന്ന ഏറ്റവും വികൃതമായ കാര്യമാണ്.

ഈ ബില്ല് അവതരിപ്പിച്ചു എന്നുള്ളത് തന്നെ ജനാധിപത്യ പശ്ചാത്തലത്തില്‍ നോക്കിയാല്‍ ജനാധിപത്യവിരുദ്ധ കുറ്റകൃത്യമാണ്. അത് മഹാത്മാഗാന്ധിയുടെ ശിരസ്സിലിടുക എന്ന് പറഞ്ഞാല്‍ അതിനെക്കാള്‍ വലിയ കുറ്റകൃത്യമാണ്. കാരണമെന്താണെന്ന് വെച്ചാല്‍ മഹാത്മാഗാന്ധി തന്റെ ജീവിതത്തിലുടനീളം പറഞ്ഞുകൊണ്ടിരുന്നത് മതപരമായ വിവേചനം പാടില്ല എന്നാണ്. എന്റെ ഒരു കണ്ണ് ഹിന്ദുവാണെങ്കില്‍ മറ്റേകണ്ണ് മുസ്‌ലിമാണ് എന്നു പറഞ്ഞ മഹാത്മാഗാന്ധി, മതമൈത്രിയുടെ മുദ്രാവാക്യം മുഴക്കിയ മഹാത്മാഗാന്ധി. സ്വാതന്ത്ര്യസമരം കത്തിനില്‍ക്കുമ്പോള്‍ ഗാന്ധിയോട് ലൂയി ഫിഷര്‍ ചോദിക്കുന്നുണ്ട്; അങ്ങയുടെ ലക്ഷ്യം എന്താണെന്ന്. അപ്പോള്‍ ഗാന്ധി പറഞ്ഞു: 'ഒന്ന് മതമൈത്രി, രണ്ട് സ്വദേശിവല്‍ക്കരണം, മൂന്ന് അയിത്തോച്ചാടനം. ഇത് മൂന്നുമാണ് എന്റെ ലക്ഷ്യം.' അപ്പോള്‍ ലൂയി ഫിഷര്‍ ചോദിച്ചു: 'സ്വാതന്ത്ര്യമോ?' കാരണം സാമ്രാജ്യത്വത്തിനെതിരെ സമരം നടക്കുകയാണല്ലോ. അതിന് ഗാന്ധി 'അയിത്തോച്ഛാടനവും മതമൈത്രിയും അതുപോലെ തന്നെ സ്വദേശിവല്‍ക്കരണവുമുണ്ടെങ്കില്‍ സ്വാതന്ത്ര്യം താനെ ഉണ്ടാകും' എന്ന് മറുപടി പറയുന്നുണ്ട്. മതപരമായ വിവേചനം പാടില്ല എന്ന് പറഞ്ഞ മഹാത്മാഗാന്ധിയുടെ ശിരസ്സില്‍, കൃത്യമായും മതവിവേചനത്തിലധിഷ്ഠിതമായുള്ള ഒരു പൗരത്വ വിരുദ്ധ നിയമത്തിന്റെ പിതൃത്വം ആരോപിക്കുക എന്ന് പറഞ്ഞാല്‍ മഹാത്മാഗാന്ധിയെ സംഘ്പരിവാര്‍ ഫാഷിസ്റ്റുകള്‍ വെടിവെച്ച് കൊന്നതിന് ശേഷവും നിരവധി തവണ വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിന്റെ ഒരു ഭാഗമായിട്ട് മാത്രമെ ഇതിനെ കാണാന്‍ പറ്റുകയുള്ളൂ.

എന്തിനാണിക്കാര്യത്തില്‍ അവര്‍ ഗാന്ധിയെ തിരിച്ചു കൊണ്ടുവരുന്നത്? ഗാന്ധിയുടെ കഥ കഴിക്കുകയും ഗാന്ധി സ്മരണകളെ നിരന്തരം അവഹേളിക്കുകയും ചെയ്യുന്നവരാണിവര്‍. എന്തിനാണ് 2019ല്‍ കൊണ്ടുവന്ന ഈ മനുഷ്യത്വ വിരുദ്ധമായുള്ള നിയമത്തെ മാനവികതക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മഹാത്മാഗാന്ധിയുടെ തലയില്‍ കെട്ടിവെക്കുന്നത്? എന്തുകൊണ്ട് ഇവര്‍ക്കത് സ്വന്തമായി ഏറ്റെടുത്തു കൂടാ? കാരണമെന്താണെന്ന് വെച്ചാല്‍ 2019ല്‍ അല്ലല്ലോ സംഘ്പരിവാര്‍ ഈ ബില്ലിന്റെ ആശയം മുന്നോട്ടുവെക്കുന്നത്. മറിച്ച് ആര്‍.എസ്.എസ് എന്ന് രൂപപ്പെട്ടോ അന്നുമുതല്‍ ഈ ആശയം സംഘ്പരിവാറിന്റെ ആശയലോകത്തുണ്ട്. അതെന്തിന് ഗാന്ധിയുടെ മേല്‍ കെട്ടിവെക്കുന്നു? ഇവിടെയാണ് ഹിറ്റ്‌ലറുടെ വളരെ പ്രസിദ്ധമായ 'മെയിന്‍ കാംഫി'ല്‍ ഒരു പ്രസ്താവനയുള്ളത് നാം ശ്രദ്ധിക്കേണ്ടത്. 'നമ്മള്‍ നുണ പറയുമ്പോള്‍ ഏറ്റവും വലിയ നുണകള്‍ പറയണം' എന്ന് ഹിറ്റ്‌ലര്‍ പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണമെന്തെന്ന് വെച്ചാല്‍ ചെറിയ നുണകളാകുമ്പോള്‍ ആളുകള്‍ക്ക് ഇത് സത്യമാണോ അല്ലേയെന്ന് ഒരു സംശയം തോന്നും. അതാണ് പൊതു മാനസികാവസ്ഥ. വലിയ നുണയാകുമ്പോള്‍ 'ഏയ് അങ്ങനെയുള്ള ഒരു നുണ പറയാന്‍ പറ്റുമോ' എന്ന് വിചാരിച്ച് ജനങ്ങള്‍ സല്‍ബുദ്ധിയോടെ ചിന്തിച്ച് പോകും. ജനങ്ങളുടെ സല്‍ബുദ്ധിയെ മുതലെടുക്കാന്‍ ഏറ്റവും വലിയ ഫാഷിസ്റ്റായ ഹിറ്റ്‌ലര്‍ നിര്‍ദേശിച്ച തരത്തിലുള്ള ഏറ്റവും വലിയ നുണയാണ് ഈ പൗരത്വ ബില്ലിന്റെ പശ്ചാലത്തില്‍ അതിന്റെ പിതൃത്വം ഗാന്ധിയുടെ ശിരസ്സില്‍ ഇടുന്ന ഈ പ്രസ്താവന.

ഒട്ടും ജനാധിപത്യപരമായി ചിന്തിക്കാത്ത, ഡിപ്ലോമാറ്റിക്കായി ഇടപെടാത്ത ഒരു ഭരണകൂടവും ഭരണാധികാരികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍  ജനാധിപത്യപരമായ സഹന സമരങ്ങള്‍ എത്രമാത്രം വിജയിക്കും എന്നൊരു ആശങ്ക പൊതുവില്‍ രൂപപ്പെട്ടുവരുന്നുണ്ടോ? ആ രംഗത്ത് നിര്‍ദേശിക്കാവുന്ന കാര്യങ്ങള്‍ എന്താണ്?

ഒന്നാമത് ഈ സമരങ്ങള്‍ തന്നെയാണ് വിജയം. അതായത് ഈ സമരത്തിന്റെ ഫലം എന്തായിരിക്കു മെന്നത് പ്രധാനമാണ് എങ്കിലും  ഇത്തരം സമരം ഇന്ത്യയില്‍ ഉണ്ടായിത്തീര്‍ന്നു എന്നുള്ളത് തന്നെ വന്‍ വിജയമാണ്. ജനാധിപത്യത്തിന്റെ വന്‍ വിജയം. അത് വിജയമാകുന്നതിന്റെ പശ്ചാത്തലമെന്തെന്ന് പറഞ്ഞാല്‍, ഈ ബില്ല് നിയമമാക്കുമ്പോള്‍, വിജ്ഞാപനമാക്കുമ്പോള്‍ ഇന്ത്യന്‍ ഫാഷിസത്തിന് വലിയ ശുഭപ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷ എന്താണെന്ന് പറഞ്ഞാല്‍; ഇതിനോട് ഇന്ത്യന്‍ ജനത പൊരുത്തപ്പെടും എന്ന് അവര്‍ കരുതി. അങ്ങനെ ഇന്ത്യന്‍ ജനത പൊരുത്തപ്പെടും എന്നവര്‍ കരുതാന്‍ അവര്‍ക്ക് ന്യായമുണ്ട്. കാരണം ഇത്രതന്നെ ഭീകരമായുള്ള ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ തൊട്ട് മുന്‍പ് വന്നപ്പോഴും ഇന്ത്യന്‍ജനത ചെറിയ രീതിയില്‍ മാത്രം പ്രതികരിച്ചു. ആ പ്രതികരണം പെട്ടെന്ന് അവസാനിച്ചു പോകുകയാണ് ഉണ്ടായത്. ഇതാണ് ഇന്ത്യന്‍ ഫാഷിസത്തിന് പ്രതീക്ഷ നല്‍കിയത്.

അപ്പോള്‍ അവര്‍ വിചാരിച്ചു; ഇതിനോടും ചെറിയ പ്രതികരണമൊക്കെ ഉണ്ടാകും, പെട്ടെന്ന് അത് അവസാനിച്ചു പോകും എന്ന്. പക്ഷേ, അവരുടെ പ്രതീക്ഷകള്‍ പൊളിച്ചുകൊണ്ട് ഇന്ത്യന്‍ ജനത ഒരുമിച്ചു നിന്ന് നടത്തുന്ന വലിയ ഒരു സമരമായിട്ട് ഇതങ്ങു വളര്‍ന്നു. അതും ഇവരെ വല്ലാതെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഇവരാദ്യം വിചാരിച്ചത് മുസ്‌ലിംകളുടെ പൗരത്വമാണല്ലോ ഞങ്ങള്‍ എടുത്തുകളയുന്നത്, മുസ്‌ലിംകള്‍ അല്ലാത്തവരുടെ പൗരത്വം ഞങ്ങള്‍ ഓഫര്‍ ചെയ്തിട്ടുണ്ടല്ലോ. അതുകൊണ്ട് പൗരത്വം ലഭിക്കുന്നവര്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കും. പൗരത്വം നിഷേധിക്കപ്പെടുന്ന ഒരു വിഭാഗം ചെറിയ ചില  പ്രതിഷേധമൊക്കെ നടത്തും, അത് താനെ അവസാനിച്ചു പോകും. അങ്ങനെ ജനങ്ങളെ  മതാടിസ്ഥാ നത്തില്‍ ഭിന്നിപ്പിക്കാനുള്ള ഫാഷിസത്തിന്റെ അജണ്ട വിജയിക്കും. ഇതായിരുന്നു വിചാരിച്ചത്. പക്ഷേ, ഇന്ത്യന്‍ ജനത ആദ്യം തന്നെ പൊളിച്ചത് ഇവരുടെ അജണ്ടയാണ്. ഇതൊരു മതവിഭാഗത്തിന്റെ പ്രശ്‌നമല്ല, ഇന്ത്യന്‍ ജനതയുടെ മൊത്തം പ്രശ്‌നമാണ് എന്ന തിരിച്ചറിവില്‍ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ചേര്‍ന്ന് വന്നു. അതുകൊണ്ടാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞത്; ഈ സമരം തന്നെ ഒരു വിജയമാണ്.

ഇനി രണ്ടാമത്തെ ചോദ്യം; അത് വളരെ പ്രസക്തമാണ്. അതായത് ഈ സമരത്തിന്റെ അനന്തരഫലം എന്തായിരിക്കും? ഒരു സംശയവുമില്ല! ഈ സമരത്തിന്റെ മുമ്പില്‍ ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്ക് മുട്ടുമടക്കേണ്ടി വരും. ഇപ്പോള്‍ ഈ സമരം നടക്കുന്ന ഷഹീന്‍ബാഗ് നോക്കിയാല്‍ മതി. ഷഹീന്‍ബാഗിനെ കുറിച്ച് എന്റെ ഒരു നിരീക്ഷണം എന്താണെന്ന് പറയാം. 2016ലെ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലാണ് 'പോസ്റ്റ് ട്രൂത്ത്' എന്നുള്ളത് ഈ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരികല്‍പനയാണെന്നുള്ള നിരീക്ഷണം വന്നത്. അതിനോട് പൂര്‍ണ യോജിപ്പുള്ള ആളല്ല ഞാന്‍. പക്ഷേ, എങ്കില്‍ തന്നെയും പോസ്റ്റ് ട്രൂത്ത് വ്യാപകമായിട്ട് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, എനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റുന്ന ഒരു കാര്യമുണ്ട.് 2020ല്‍ ലോകത്തിലേറ്റവും പ്രധാനപെട്ട ഒരു പദമായിട്ട്, പദാവലിയായിട്ട് ഷഹീന്‍ബാഗ് ഫ്രഞ്ച് ഡിക്ഷ്ണറിയിലും ജര്‍മന്‍ ഡിക്ഷ്ണറിയിലും ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലും ഇടംപിടിക്കും. ജര്‍മന്‍കാര്‍ അതിനെ എങ്ങനെയാണ് ഉച്ചരിക്കുക എന്നുള്ളത്  എനിക്കറിയില്ല, ഫ്രഞ്ചുകാര്‍ എങ്ങനെ ഉച്ചരിക്കും എന്നറിഞ്ഞു കൂടാ. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. സമാനതകളില്ലാത്ത ഒരു സമരകേന്ദ്രം എന്ന് അര്‍ഥംവരുന്ന വാക്കായിട്ട്, പദാവലിയായിട്ട് ഇത് മാറും. കാരണം ഷഹീന്‍ബാഗ് ഇനി മുതല്‍ ഒരു സ്ഥലത്തിന്റെ പേരല്ല. അത് സമാനതകളില്ലാത്ത ഒരു പ്രക്ഷോഭത്തിന്റെ പര്യായമാണ്. ആ അര്‍ഥത്തില്‍ ഡിക്ഷ്ണറിയില്‍ രേഖപ്പെടുത്തപ്പെടും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കില്‍ അത് ആ ഡിക്ഷ്ണറിക്ക് നഷ്ടം എന്ന് മാത്രമെ പറയാന്‍ പറ്റൂ. കാരണം അത്ര വലിയ സമരമാണത്. ഈ സമരം ഏറ്റവും വലുതാണ് എന്ന് ഞാന്‍ വിചാരിക്കുന്നതിന്റെ കാരണമെന്താണെന്ന് വെച്ചാല്‍ സാധാരണഗതിയില്‍ നമ്മുടെ ജീവിതവും സമരവും തമ്മില്‍ ഒരു ചെറിയ അതിര്‍ത്തി ഉണ്ട്. നമ്മള്‍ ഒരു ജാഥക്ക് പോകുകയാണെങ്കില്‍, ഒരു പിക്കറ്റിങ്ങിന് പോകുകയാണെങ്കില്‍; നമ്മള്‍ വീട്ടില്‍ നിന്ന് പിക്കറ്റിങ്ങിനു പോകുന്നു. പിക്കറ്റിങ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നു. അല്ലെങ്കില്‍ പിക്കറ്റിങ്ങില്‍ അറസ്റ്റ് ചെയ്യപ്പെട്ട് നമ്മള്‍ ജയിലിലേക്ക് പോകുന്നു. ഇത്രയാണ് സംഭവിക്കുക. പക്ഷേ, ഷഹീന്‍ബാഗില്‍ അങ്ങനെയല്ല. ഷഹീന്‍ബാഗില്‍ അവിടെത്തന്നെയാണ് അവര്‍ സമരം ചെയ്യുന്നത്. അവിടെത്തന്നെയാണ് അവര്‍ ഭക്ഷണം കഴിക്കുന്നത്. അവിടെത്തന്നെയാണ് അവര്‍ പാട്ടുപാടുന്നത്. അവിടെത്തന്നെയാണ് അവരുടെ കുട്ടികള്‍ പഠിക്കുന്നത്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് ഷഹീന്‍ബാഗില്‍ നിന്നാണ്. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുന്നത് ഷഹീന്‍ബാഗിലേക്കാണ്, അവര്‍ ഗൃഹപാഠം ചെയ്യുന്നത് ഷഹീന്‍ബാഗില്‍ നിന്നാണ്. അവര്‍ മുദ്രാവാക്യം വിളിക്കുന്നതും ഷഹീന്‍ബാഗില്‍ തന്നെയാണ്.

അപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും ഭിന്നശേഷിക്കാരും പ്രായമുള്ളവരും എല്ലാവരും എവിടെ? എവിടെ  പഠനം? എവിടെ സമരം? എവിടെ ഭക്ഷണം? എവിടെ രോഗം? ഈ അതിര്‍ത്തിയൊക്കെ അപ്രസക്ത മായിട്ട് മാറുകയാണ്. ഒരു സമരത്തിന്റെ ഏറ്റവും വലിയ വിജയം അതാണ്. ആ അര്‍ഥത്തില്‍ ഷഹീന്‍ബാഗ് ഒരു പ്രതിഷേധത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.

മാത്രമല്ല ഷഹീന്‍ബാഗ് ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളിലും ഉയര്‍ന്നുവരുന്നു. ഒരു ഷഹീന്‍ബാഗില്‍ നിന്ന് ആയിരം ഷഹീന്‍ബാഗുകള്‍ ഉയര്‍ന്നുവരുന്നു! വേറൊരു പ്രത്യേകത കൂടിയുണ്ട്. പലവിധ കാരണങ്ങളാല്‍ വീടുകളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകളാണ് ഈ സമരത്തിന്റെ നേതൃത്വം. മൂന്നാമതൊരു പ്രത്യേകത കൂടിയുണ്ട്, സാധാരണ ഒരു എഴുപത് എണ്‍പത് വയസ്സ് ഒക്കെ കഴിഞ്ഞാല്‍ നമ്മുടെ പ്രതികരണത്തില്‍ മനസ്സ് വെമ്പിയാലും ശരീരം നമ്മളെ പിന്തുണക്കില്ല. അതുകൊണ്ട് തന്നെ പ്രായമാകുന്തോറും മനുഷ്യര്‍ക്ക് പ്രതികരണമൊക്കെ ഉണ്ടെങ്കിലും അതൊക്കെ ഒതുക്കി വെക്കാന്‍ നിര്‍ബന്ധിതമാകും. പക്ഷേ, ഈ സമരത്തിന് നേതൃത്വം നല്‍കുന്നത് 80 വയസ്സ് കഴിഞ്ഞ, 90 അടുത്ത സ്ത്രീകളാണ്.

സമാനതകളില്ലാത്ത സമാധാന സമരമാണിത്. കാരണം അവര്‍ പാട്ട് പാടുന്നു, കവിത എഴുതുന്നു, ചിത്രം വരക്കുന്നു! ഷഹീന്‍ബാഗ് സമരത്തിന്റെ ഒരു മൂല സന്ദര്‍ശിച്ച ആളുകള്‍ എഴുതിയത് ഞാന്‍ വായിച്ചതാണ്. അവര്‍ പറഞ്ഞിരുന്നത് അത് ഒരു ബസ്‌സ്‌റ്റോപ് ആണ്  എന്നാണ്. ആ ബസ്‌സ്‌റ്റോപ് വായനാമുറിയായിട്ട് അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവിടെ നടക്കുന്നത് വിപ്ലവത്തിന് വേണ്ടിയുള്ള വായനയാണ്; പരീക്ഷക്ക് വേണ്ടിയുള്ള സാധാരണ വായനയല്ല. ആവിഷ്‌കാരത്തിന് വേണ്ടിയുള്ള വായനയല്ല. ആവിഷ്‌കാരത്തിന് വേണ്ടിയാണ്; അതേസമയം അത് സമര വായനയാണ്, വിപ്ലവ വായനയാണ്. അതിന്റെ തൊട്ടപ്പുറത്തുള്ള ബസ്‌സ്‌റ്റോപ് ഫാത്തിമാഷേഖ് സാവിത്രി  ലൈബ്രറിയാക്കിരിക്കുകയാണ്. അത്ഭുതമാണ് സത്യത്തില്‍! അപ്പോള്‍ സമാനതകളില്ലാത്ത സമരമാണത്. മാത്രമല്ല ഇന്ത്യന്‍ സുപ്രീം കോടതി, ഞാന്‍ മനസ്സിലാക്കിയടത്തോളം ഒരു പക്ഷേ, സമീപകാലത്ത് ആദ്യമായിട്ടാണ് ഒരു സമരത്തില്‍ ഇടപെടാന്‍ മധ്യസ്ഥന്‍മാരെ അയക്കുന്നത്. അപ്പോള്‍ ആ അര്‍ഥത്തില്‍ ഷഹീന്‍ബാഗ് എന്നുള്ളത് ഇന്ത്യയിലെ സമരത്തിന്റെ സമാനതകളില്ലാത്ത ഒരു അപൂര്‍വ മാതൃകയായി കഴിഞ്ഞു. ഈ സമരത്തിന്റെ അനന്തര ഫലം, അതേകുറിച്ചാണ് ഞാന്‍ പറഞ്ഞത്. തീര്‍ച്ചയായിട്ടും ഈ സമരം വ്യാപിക്കും എന്ന് മാത്രമല്ല ഈ സമരം വലിയ വിജയത്തിലേക്ക് കുതിക്കും എന്ന കാര്യം ഉറപ്പാണ്. അതിനപ്പുറം ജനങ്ങള്‍ ഒരു കാര്യം തിരിച്ച റിഞ്ഞിട്ടുണ്ട്; ഈ ബില്ല് അപകടമാണ്, ഈ ബില്ലിനെക്കാള്‍ അപകടമാണ് ഇതുപോലെ നിരവധി ബില്ലുകള്‍ക്ക് രൂപം നല്‍കാന്‍ കഴിവുള്ള ഇന്ത്യന്‍ ഫാഷിസം. അതുകൊണ്ട് ഫാഷിസത്തിന് എതിരെയുള്ള അനിശ്ചിതകാല സമരം കൂടിയായി ഇത് മാറുകയെന്നുള്ളതാണ്, ഇതിനെ മാറ്റുകയെന്നുള്ളതാണ് ഏറ്റവും പ്രധാനം. (അവസാനിച്ചില്ല)