അഞ്ചല്‍ കൊലപാതകവും ചില തിരിച്ചറിവുകളും

നബീല്‍ പയ്യോളി

2020 ജൂണ്‍ 06 1441 ശവ്വാല്‍ 14
ഭര്‍തൃപീഡനവും കൊലപാതകവും പുതുമയുള്ള വാര്‍ത്തയല്ല കേരളത്തില്‍. എന്നാല്‍ ക്രൂരത കൊണ്ടും ആസൂത്രണ മികവ് കൊണ്ടും ഏറെ വ്യതിരിക്തമായിരുന്നു മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് അഞ്ചലില്‍ നടത്തിയ നരഹത്യ. വില്‍പനച്ചരക്കായി മാറുന്ന വിവാഹത്തെയും കമ്പോള വല്‍ക്കരിക്കപ്പെടുന്ന കുടുംബജീവിതത്തെയും മാറ്റി നിര്‍ത്തി ഉത്രയുടെ കൊലപാതകത്തെ ചര്‍ച്ച ചെയ്യുക സാധ്യമല്ല തന്നെ!

കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് കൊല്ലം അഞ്ചലിലെ ഏറാത്ത് ഉത്രയുടെത്. മാനുഷിക ബന്ധങ്ങള്‍ക്കപ്പുറം ഭൗതിക താല്‍പര്യങ്ങള്‍ മനുഷ്യനെ മൃഗതുല്യനാക്കുന്ന ആധുനിക ലോകത്തെ കറുത്ത അധ്യായങ്ങളില്‍ ഒടുവിലത്തെതാണ് അഞ്ചലില്‍ അരങ്ങേറിയത്. ഉത്രയുടെ മകന്‍, ഒരു വയസ്സ് മാത്രം പ്രായമുള്ള ധ്രുവ് എന്ന ആ കൊച്ചുകുട്ടിയുടെ മുഖം കേരളീയ മനഃസാക്ഷിക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.

അഞ്ചല്‍ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഉത്രയുടെ ഭര്‍ത്താവ് പത്തനംതിട്ട അടൂര്‍ പറക്കോട്ട് സൂരജ്, അയാള്‍ക്ക് പാമ്പിനെ നല്‍കിയ പാമ്പ് പിടുത്തക്കാരന്‍ സുരേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മാര്‍ച്ച് രണ്ടിനാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേല്‍ക്കുന്നത്. ഇതിന്റെ ചികില്‍സയ്ക്കായി സ്വന്തം വീട്ടിലെത്തി കഴിയുമ്പോഴാണ് രണ്ടാമതും പാമ്പുകടിയേല്‍ക്കുന്നതും അവര്‍ മരിക്കുന്നതും.

മാര്‍ച്ച് രണ്ടിന് അണലിയുടെ കടിയേറ്റ് ഉത്ര 56 ദിവസം തിരുവല്ല പുഷ്പഗിരിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞു സ്വന്തം വീട്ടില്‍ വിശ്രമത്തിലായിരുന്നു അവര്‍. മെയ് 6ന് അര്‍ധരാത്രി ഒരു മണിയോടെ ഭാര്യ ഉറങ്ങിയെന്ന് ഉറപ്പാക്കി മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് വലതുകൈത്തണ്ടയില്‍ രണ്ടു തവണ കടിപ്പിച്ചു സൂരജ് അവരുടെ മരണം ഉറപ്പാക്കി. പാമ്പിനെ തിരികെ ജാറിലാക്കാന്‍ സൂരജ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏസി മുറിയുടെ ജനാല തുറന്നിട്ട് പാമ്പ് അതുവഴി അകത്തു കയറിയെന്ന് വരുത്താനും ഇയാള്‍ ശ്രമിച്ചു. അടുത്ത ദിവസം പുലര്‍ച്ചെ ഉത്രയുടെ അമ്മയാണ് അവരെ മരിച്ച നിലയില്‍ കാണുന്നത്. സഹോദരനൊപ്പം സൂരജ് പാമ്പിനെ തല്ലിക്കൊന്ന് കുഴിച്ചിടുകയും ചെയ്തു. നാടകീയ സംഭവങ്ങള്‍ക്ക് സ്വാഭാവികതയുടെ നിറം നല്‍കാന്‍ സൂരജ് ശ്രമിച്ചുവെങ്കിലും അയാളുടെ ഇടപെടലുകളും സാഹചര്യങ്ങളും ഒക്കെ സംശയത്തിന് കാരണമായി. കുടുംബം പൊലീസില്‍ പരാതി നല്‍കിയതോടെ കൊലപാതകത്തിന്റെ ചുരുളഴിയാന്‍ വഴിയൊരുങ്ങി. പ്രതിക്ക് വധശിക്ഷ നല്‍കണം എന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ പിന്നീട് സൂരജ് കുറ്റം നിഷേധിക്കുകയും പൊലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് മൊഴിമാറ്റിപ്പറയുകയും ചെയ്തിരിക്കുകയാണ്. കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയാണ് അഞ്ചലില്‍ അരങ്ങേറിയത് എന്ന് പറയാതെ വയ്യ. കുറ്റം തെളിയിക്കാന്‍ പൊലീസിന് കഴിയട്ടെ, അതോടൊപ്പം പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കാനും.

ഉത്രയുടെ കൊലപാതകത്തിന് ശേഷം കേരളം ആ കൊലപാതകത്തിന്റെ രീതിയും അതിലേക്ക് നയിച്ച സാഹചര്യങ്ങളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതില്‍ ഒന്നാമത്തേത് സ്ത്രീധനമാണ്. സ്ത്രീധന നിരോധനനിയമം നിലവിലുണ്ടെങ്കിലും അവയെല്ലാം കാറ്റില്‍പറത്തി അലിഖിത സമ്പ്രദായമായിഅതിപ്പോഴും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു. അതിന്റെ ഒടുവിലത്തെ ഇരയാണ് ഉത്ര. സ്ത്രീധനമായി 98 പവനും 5 ലക്ഷവും കാറും ആണ് അവരുടെ വിവാഹത്തിന് നല്‍കിയത്. അതിന് പുറമെ എല്ലാ മാസവും 8000 രൂപ വീതവും ഉത്രയുടെ വീട്ടില്‍നിന്ന് സൂരജ് വാങ്ങി. മറ്റു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

വിവാഹം എന്നത് ഒരു കച്ചവടവും സ്ത്രീ വില്‍പനച്ചരക്കുമായി മാറുന്ന വിവാഹ കമ്പോളത്തിന്റെ ബാക്കിപത്രമാണ് സ്ത്രീധനം. വിറ്റഴിക്കാന്‍ പറ്റാത്ത ചരക്കിന് ആകര്‍ഷകമായ ഓഫര്‍ നല്‍കി, വാങ്ങുന്നവന്റെ മനംകവരുന്ന മാനസികാവസ്ഥയാണ് ഇത്തരത്തിലുള്ള ഒരു കമ്പോളത്തെ സൃഷ്ടിച്ചത്. വിവാഹ ദല്ലാളുമാരും പണക്കൊതിയന്മാരായ ചിലരുമാണ് ഈ കമ്പോളത്തെ സമര്‍ഥമായി ചൂഷണം ചെയ്ത് കൊണ്ടിരിക്കുന്നത്. ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനും അവള്‍ക്ക് അര്‍ഹമായ മുഴുവന്‍ അവകാശങ്ങളും വകവെച്ചു കൊടുത്ത് ഒരു നല്ല ജീവിതം സമ്മാനിക്കാനും നട്ടെല്ലുണ്ടാവുക എന്നത് പ്രധാനമാണ്. അത്തരത്തില്‍ ആത്മാഭിമാനമുള്ള ചെറുപ്പക്കാര്‍ ഈ വൃത്തികെട്ട കച്ചവട തന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയില്ലെന്നത് തീര്‍ച്ച.

സ്ത്രീധനം എന്നത് ജാതിമത വ്യത്യാസമില്ലാതെ കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന വലിയ ഒരു ചൂഷണം തന്നെയാണ്. ജനിച്ചത് പെണ്‍കുട്ടിയാണ് എന്നറിഞ്ഞാല്‍ അന്ന് തുടങ്ങുന്ന ആധിയാണ് ഓരോ രക്ഷിതാവിനും. കെട്ടുപ്രായംവരെ അവളെ നന്നായി വളര്‍ത്തിയാല്‍ മാത്രം പോരാ, മറിച്ച് കൈ നിറയെ സ്വര്‍ണവും പണവും വാഹനവും നല്‍കി അവളെ വിവാഹം ചെയ്ത് അയക്കേണ്ടി വരുന്ന ഗതികേട് കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളില്‍ ആധിയായി നിലനില്‍ക്കുന്നു. പെണ്ണിന് സ്വന്തമായി അസ്തിത്വം ഉണ്ടെന്നും അവള്‍ക്കും പുരുഷനെ പോലെ അവകാശങ്ങളും വ്യക്തിത്വവും ഉണ്ടെന്നും അംഗീകരിക്കാന്‍ കഴിയാത്ത ചിന്താഗതിയുടെ ബാക്കിപത്രമായും സ്ത്രീധനത്തെ കാണേണ്ടതുണ്ട്. ഒരു പുരുഷായുസ്സ് മുഴുവന്‍ അധ്വാനിച്ച് സമ്പാദിച്ച പണം സ്ത്രീധനത്തിന് മതിയാവാതെ വരുമ്പോള്‍ സ്വന്തം കിടപ്പാടം വിറ്റ് പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ഇന്നും നമ്മുടെ കേരളത്തില്‍ ഉണ്ട്. പണക്കാരനും പാവപ്പെട്ടവനും ഏറ്റവ്യത്യാസം ഉണ്ടെങ്കിലും സ്ത്രീധനം എന്ന ദുരാചാരം ദരിദ്ര, ധനിക വ്യത്യാസമില്ലാതെ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലകൊള്ളുന്നു എന്നതാണ് യാഥാര്‍ഥ്യം. വിദ്യാസമ്പന്നനും വിദ്യാഭ്യാസം കുറവുള്ളവനുമൊക്കെ സ്ത്രീധനം വാങ്ങുന്നുണ്ട്. വിദ്യാഭ്യാസവും തറവാടും സാമ്പത്തിക ചുറ്റുപാടുമൊക്കെ കൂടുന്നതിനനുസരിച്ച് സ്ത്രീധനത്തിന്റെ അളവ് കൂടുന്നു എന്ന് മാത്രം. വിവാഹത്തെ കുറിച്ചുള്ള വികൃതമായ കാഴ്ചപ്പാടുകളാണ് ഇത്തരം ദുരാചാരങ്ങള്‍ക്ക് വഴിവെക്കുന്നത്.

പവിത്രമായ ഒരു കര്‍മമായാണ് ഇസ്‌ലാം വിവാഹത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്: ''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 30:21).

നമ്മെ സൃഷ്ടിച്ച ലോകനാഥന്റെ ദൃഷ്ടാന്തമായാണ് ഇൗ വചനത്തിലൂടെ അല്ലാഹു വിവാഹത്തെ പരിചയപ്പെടുത്തുന്നത്. അത് മനുഷ്യന്റെ സമാധാനത്തിന് നിദാനമാണ്. എന്തൊരു സുന്ദരമായ കാഴ്ചപ്പാട്! മനുഷ്യന് സമാധാനം നല്‍കുക എന്നത് വിവാഹത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമാണ്. എന്നാല്‍ സ്ത്രീധന വിവാഹങ്ങള്‍ അസമാധാനത്തിന്റെ വാതായനങ്ങള്‍ തുറക്കുന്നു എന്നാണ് നമുക്ക് ചുറ്റുമുള്ള നിരവധി സംഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. എന്തിനാണ് വിവാഹം എന്നതും പ്രസക്തമായ ചോദ്യം തന്നെയാണ്. അതിന് പ്രവാചക അധ്യാപനങ്ങള്‍ നമുക്ക് കൃത്യമായ മറുപടി നല്‍കുന്നുണ്ട്.

പ്രവാചകന്‍ ﷺ  പറഞ്ഞു: ''നാലു കാര്യങ്ങള്‍ക്കു വേണ്ടിയാണ് സ്ത്രീകള്‍ വിവാഹം ചെയ്യപ്പെടാറുള്ളത്; അവളുടെ സ്വത്ത്, തറവാട്, സൗന്ദര്യം, മതനിഷ്ഠ (എന്നിവയാണവ). മതനിഷ്ഠയുള്ളവളെ വിവാഹം ചെയ്ത് നീ വിജയിച്ചുകൊള്ളുക'' (ബുഖാരി).

സ്വത്തും തറവാടും സൗന്ദര്യവും പരിഗണിക്കേണ്ട എന്നല്ല. എന്നാല്‍ അവയെക്കാളെല്ലാം പ്രധാനം മതനിഷ്ഠയായിരിക്കണം എന്ന് പ്രവാചകന്‍ ഉണര്‍ത്തുന്നു. ധാര്‍മിക മൂല്യങ്ങളാണ് വിവാഹ ജീവിതത്തെ മുന്നോട്ട് നയിക്കേണ്ടത്.

സ്ത്രീകളുടെ സ്വത്തില്‍ കണ്ണുനട്ട് വിവാഹം കഴിക്കാനല്ല, മറിച്ച് അവള്‍ക്ക് മാന്യമായ വിവാമൂല്യം അങ്ങോട്ടു നല്‍കി അവളെ തന്റെ ജീവിതത്തിലേക്ക് ചേര്‍ക്കുവാനാണ് ഇസ്ലാം കല്‍പിക്കുന്നത്.

''സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടുകൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചു കൊള്ളുക'' (ക്വുര്‍ആന്‍ 4:4).

സ്ത്രീധനം എന്ന ദുരാചരത്തിന് ഇസ്ലാമിക വിവാഹത്തില്‍ ഒരിടവും ഇല്ല എന്ന് വ്യക്തം. പുരുഷന്‍ സ്ത്രീക്ക് പവിത്രമായ വിവാഹ സമ്മാനമായ മഹ്ര്‍ (വിവാഹമൂല്യം) നല്‍കണമെന്നാണ് ഇസ്ലാം അനുശാസിക്കുന്നത്.  

 ഭാര്യയുടെയും കുടുംബത്തിന്റെയും സമ്പത്ത് കണ്ടിട്ടാണ് പലരും ഇന്ന് വിവാഹം കഴിക്കുന്നത്. അത് ലഭ്യമാകുന്നിടത്ത് എന്തെങ്കിലും വീഴ്ച വന്നാല്‍ അത് കുടുംബ ജീവിതത്തെ സാരമായി ബാധിക്കുന്നു. എന്നാല്‍ ഭാര്യക്കും കുടുംബത്തിനും വേണ്ടി അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു ചെലവഴിക്കുന്നത് പ്രതിഫലാര്‍ഹമാണ് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. നബി ﷺ  പറഞ്ഞു:

''അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് എന്ത് ചെലവഴിച്ചാലും അതിനു പ്രതിഫലം ലഭിക്കാതിരിക്കില്ല; തന്റെ ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ഒരു ഉരുളക്കുപോലും'' (ബുഖാരി, മുസ്ലിം)

ഭാര്യയുടെയോ അവരുടെ വീട്ടുകാരുടെയോ ചെലവില്‍ ജീവിക്കാമെന്ന മോഹവുമായി വിവാഹത്തിനൊരുങ്ങുന്ന അധമരായി പുരുഷന്മാര്‍ മാറരുത്. അധ്വാനിച്ച് ഭാര്യയെയും മക്കളെയും ഭക്ഷിപ്പിക്കുവാനും അവര്‍ക്ക് സംരക്ഷണവും അവകാശങ്ങളും നല്‍കുവാനുമാണ് ഒരു മാന്യനായ പുരുഷന്‍ ശ്രദ്ധിക്കേണ്ടത്. അത് അഭിമാനമാണ്.

ഭാര്യമാരെ സ്ത്രീധനത്തിന്റെയും പണത്തിന്റെയും പേരില്‍ പീഡിപ്പിക്കുന്നവര്‍ക്ക് ഈ പ്രവാചക അധ്യാപനം വെളിച്ചമാവണം:

നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്; ഞാന്‍ എന്റെ ഭാര്യമാരോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവനത്രെ'' (തിര്‍മിദി).

''സത്യവിശ്വാസി, സത്യവിശ്വാസിനി(യായ ഭാര്യ)യുമായി പിണങ്ങുവാന്‍ പാടില്ല. അവളില്‍ നിന്നുള്ള വല്ല സ്വഭാവത്തെയും നിങ്ങള്‍ വെറുക്കുന്നുവെങ്കില്‍ മറ്റു കുറെ സ്വഭാവങ്ങള്‍ നിങ്ങളെ തൃപ്തിപ്പെടുത്തും'' (മുസ്‌ലിം).

തന്റെ ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുകയും അവളുടെ നന്മകളെ തിരിച്ചറിഞ്ഞ് വിട്ടുവീഴ്ചയും സ്‌നേഹവും ഇഴചേര്‍ന്ന ഇടപെടലുകള്‍ നടത്തലുമാണ് സാര്‍ഥകമായ വിവാഹ ജീവിതത്തിന്റെ മാര്‍ഗം എന്ന് ഇസ്ലാമിക അധ്യാപനങ്ങള്‍ നമ്മെ ഉണര്‍ത്തുന്നു.

ആഇശ(റ) പറയുന്നു: ''നബി ﷺ ക്ക് എന്തെങ്കിലും കുടിക്കുവാന്‍ കൊണ്ടുവന്നാല്‍ ഞാന്‍ അതില്‍ നിന്നും കുടിക്കും; ആര്‍ത്തവകാരിയായിരിക്കുമ്പോഴും. പിന്നീട് പ്രവാചകന്‍ ﷺ  ഞാന്‍ വായവെച്ച അതേ സ്ഥലത്തുതന്നെ വായവെച്ച് കുടിക്കുകയും ചെയ്യും. അതുപോലെ ഞാന്‍ മാംസം ഭക്ഷിച്ചാല്‍ ആ മാംസത്തിന്റെ ബാക്കിഭാഗം എന്റെ വായവെച്ച സ്ഥലത്തുതന്നെ പ്രവാചകന്‍ തിരുമേനി തന്റെ വായ വെച്ചു ഭക്ഷിക്കുമായിരുന്നു'' (മുസ്ലിം, അഹ്മദ്)

എത്ര മനോഹരമായ മാതൃകയാണ് ലോകത്തിന് മുന്നില്‍ ദാമ്പത്യജീവിതത്തില്‍ പ്രവാചകന്‍ കാണിച്ചുതന്നിട്ടുള്ളത്! ഈ മാതൃക അറിയാനും ഉള്‍ക്കൊള്ളാനുമാണ് സമൂഹം ശ്രമിക്കേണ്ടത്. സ്ത്രീധനം ചോദിക്കാത്തവന് മാത്രമെ തന്റെ മകളെ വിവാഹം കഴിപ്പിച്ചു നല്‍കൂ എന്ന് പറയാനുള്ള ആര്‍ജവം കേരളത്തിലെ രക്ഷിതാക്കള്‍ കാണിക്കണം. അതോടൊപ്പം സ്ത്രീധനം വാങ്ങാതെയായിരിക്കും എന്റെ വിവാഹം എന്ന് പറയാനുള്ള തന്റേടം യുവാക്കള്‍ക്കും ഉണ്ടാകേണ്ടതുണ്ട്. എങ്കിലേ ഇത്തരം ദുരന്തങ്ങള്‍ക്ക് അറുതിയാവൂ.

രണ്ടാമത്തേത്, ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന സൂരജിന്റെ കുറ്റസമ്മതമൊഴിയാണ്. ഉത്രയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഉത്രയെ കുടുംബം അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ്. പരമാവധി സ്വത്ത് കൈക്കലാക്കിയതോടെ ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹമോചനം നേടിയാല്‍ വാങ്ങിയ പണവും സ്വര്‍ണവും കാറും എല്ലാം ഉത്രയുടെ വീട്ടുകാര്‍ക്ക് തിരികെ നല്‍കേണ്ടിവരുമെന്ന് കൊലയാളി ഭയപ്പെട്ടു. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്തി ഒഴിവാക്കാമെന്നു പ്രതി തീരുമാനിച്ചതെന്ന് അന്വേഷണസംഘം വിശദീകരിച്ചു. ഇവിടെ സ്ത്രീധനം ഉണ്ടാക്കുന്ന ബാധ്യതയുടെ അനന്തരഫലമാണ് മറ്റൊരു പ്രധാന പ്രശ്‌നം.

വൈവാഹിക ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ പറ്റാത്തവിധം പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ എന്ത് ചെയ്യണം എന്നത് ചില വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ഒരു സമസ്യയായി നിലനില്‍ക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. നടേ സൂചിപ്പിച്ചത് പോലെ, വിവാഹം എന്നത് സമാധാനം കൈവരിക്കാനും പരസ്പരം അറിഞ്ഞും സ്‌നേഹിച്ചും വിട്ടുവീഴ്ച ചെയ്തും മുന്നോട്ട് പോകാനുമുള്ള ഒരു പവിത്രമായ ബന്ധമാണ്. എങ്കിലും, മാനസികവും ശാരീരികവുമായി പൊരുത്തപ്പെടാത്ത സാഹചര്യം ചിലപ്പോഴെങ്കിലും ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ മനപ്പൊരുത്തമില്ലാതെ രണ്ടുപേരും ഒന്നിച്ചു ജീവിക്കണമെന്ന് ശഠിക്കുന്നത് ബുദ്ധിയല്ലല്ലോ. ദൈവം കൂട്ടിച്ചേര്‍ത്തത് വേര്‍പെടുത്താന്‍ നമുക്ക് അവകാശമില്ലെന്ന് വിശ്വസിക്കുന്ന ചില മതവിശ്വാസികളുണ്ട്. മതപരമായ ഒരു മാര്‍ഗനിര്‍ദേശം അത്തരം മതങ്ങളില്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട് കാണുക സാധ്യമല്ല. രാജ്യത്തിന്റെ നിയമമനുസരിച്ച് വിവാഹ ബന്ധം വേര്‍പെടുത്തുക എന്നതാണ് അവര്‍ക്ക് മുന്നിലുള്ള പരിഹാരം. നിയമ വ്യവഹാരങ്ങളുടെ നൂലാമലകളും വര്‍ഷങ്ങള്‍ അതിന്റെ പിന്നില്‍ ചെലവഴിക്കേണ്ടി വരുന്നതും പലരെയും പല പാതകങ്ങള്‍ക്കും പ്രേരിപ്പിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

കുടുംബ കോടതികളില്‍ കെട്ടിക്കിടക്കുന്ന ധാരാളം കേസുകള്‍ ഈ വസ്തുതയാണ് ബോധ്യപ്പെടുത്തുന്നത്. അതാണ് ഉത്രയുടെ കൊലപാതകത്തിലേക്ക് നയിച്ച മറ്റൊരു ഘടകം എന്ന് പറയുമ്പോള്‍ വിവാഹ മോചനത്തിന്റെ കുരുക്കുകളുടെ ഇരകൂടിയാണ് ഉത്രയെന്ന് പറയേണ്ടിവരും. നൂറുകണക്കിന് സഹോദരിമാര്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്നതും ഇതിനോട് നാം ചേര്‍ത്ത് വായിക്കണം. ഒന്നുകില്‍ പങ്കാളിയെ കൊന്നുകളയുക, ഇല്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുക എന്ന 'എളുപ്പവഴി'യാണ് വിവാഹമോചനത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നവര്‍ പലപ്പോഴും തെരഞ്ഞെടുക്കുന്നത്. ഈ കൊലപാതകവും അത്തരത്തിലുള്ള ഒരു എളുപ്പവഴിയായിരുന്നു എന്നാണ് പ്രതിയുടെ കുറ്റസമ്മതത്തില്‍ നിന്നും നാം മനസ്സിലാക്കുന്നത്.

എന്നാല്‍ പ്രായോഗിക ജീവിതത്തിന് ദൈവം അവതരിപ്പിച്ച മാര്‍ഗദര്‍ശനം എന്ന നിലയില്‍ പരിശുദ്ധ ഇസ്ലാമില്‍ ഇത്തരം സന്ദര്‍ഭത്തില്‍ രണ്ടുപേര്‍ക്കും സ്വീകരിക്കാവുന്ന മാര്‍ഗങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

''ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'' (ക്വുര്‍ആന്‍ 2:35).

പ്രശ്‌നങ്ങളെ അനുരഞ്ജനത്തിലൂടെ പരിഹരിക്കുക എന്ന നിര്‍ദേശമാണ് ഇസ്‌ലാം ഈ വിഷയത്തില്‍ ആദ്യം മുന്നോട്ടു വെക്കുന്നത്. എന്നാല്‍ പരസ്പരം ഒത്തുജീവിക്കാന്‍ ഒരിക്കലും സാധ്യമല്ലെന്നു വന്നാല്‍ വിവാഹ മോചനത്തിനുള്ള അധികാരം പുരുഷനുണ്ടെന്ന് മാത്രമല്ല സോപാധികം സ്ത്രീക്കുമുണ്ട് (ഫസ്ഖ്). അല്ലാഹു പറയുന്നു:

''(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്. നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നല്‍കിയിട്ടുള്ളതില്‍നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിച്ചുപോരാന്‍ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്. അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍'' (ക്വുര്‍ആന്‍ 2:229).

''നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണി കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്റെ നിയമപരിധികളാകുന്നു. അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന് നിനക്ക് അറിയില്ല'' (ക്വുര്‍ആന്‍ 65:1).

വിവാഹ മോചനവുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നുണ്ട്. അത് പാലിച്ചുകൊണ്ട് വിവാഹ മോചനം പ്രയാസങ്ങള്‍ ഇല്ലാതെ തന്നെ സാധ്യമാവുകയും ചെയ്യും. മാന്യമായി പിരിയുക എന്ന നിലപാടാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. കോടതി വരാന്തകളില്‍ കയറിയിറങ്ങി കാലമേറെ പ്രയാസമനുഭവിച്ച് കഴിയുന്ന അവസ്ഥയുണ്ടായിക്കൂടാ. ഇരുകൂട്ടര്‍ക്കും പ്രയാസങ്ങള്‍ ഇല്ലാതെ മാന്യമായ അവകാശങ്ങള്‍ വകവെച്ചു കൊടുത്തുകൊണ്ട് വേര്‍പിരിയാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇസ്ലാം. അത് പാലിക്കാന്‍ മുസ്ലിം ബാധ്യസ്ഥനുമാണ്.

കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചും ഇല്ലാക്കഥകള്‍ മെനഞ്ഞും വിവാഹമോചനത്തിന്റെ പേരില്‍ മുസ്ലിം സമൂഹത്തെ മുഴുവന്‍ താറടിച്ചു കാണിക്കുവാനും അന്യവല്‍കരിക്കാനും മുസ്ലിം പുരുഷന്മാരെ തുറുങ്കിലടക്കാനും നിയമങ്ങള്‍ നിര്‍മിക്കുന്നവര്‍ ഇസ്ലാമിന്റെ പ്രായോഗിക നിര്‍ദേശങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. യഥാര്‍ഥത്തില്‍ വിവാഹമോചനത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന മറ്റു സമൂഹങ്ങളിലെ ഇരകളെ കാണാതെ പോകുന്നത് വിരോധാഭാസമാണ്. കുടുംബകോടതികളുടെ വരാന്തകളില്‍ കേള്‍ക്കുന്ന തേങ്ങലുകള്‍ക്ക് പരിഹാരം കാണേണ്ടവര്‍ കുറ്റകരമായ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

ന്യൂനതകള്‍ പ്രസ്പരസ്പരം മറച്ചുവെച്ച് മുന്നോട്ട് പോവുക എന്നതാണ് വിവാഹ ജീവിതത്തിലെ പ്രായോഗികത. അത് ഉള്‍കൊള്ളുന്നവര്‍ക്ക് വിജയിക്കാന്‍ സാധിക്കും. അല്ലാഹു പറയുന്നു: ''അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു'' (ക്വുര്‍ആന്‍ 2:187).

ഇസ്ലാമിക അധ്യാപനങ്ങളില്‍ നിന്ന് മാതൃകയുള്‍ക്കൊണ്ടാല്‍ ഇത്തരം ദുരന്തങ്ങളില്‍ നിന്നും ഒരുപരിധിവരെ നമ്മുടെ നാടിനെ രക്ഷിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.