യഹോവ സാക്ഷികളുടെ കേസും ശിരോവസ്ത്ര വിധിയും

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ജൂലൈ 08 , 1444 ദുൽഹിജ്ജ 20

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 28)

എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ് എന്ന വിഷയം ശിരോവസ്ത്ര വിഷയത്തിൽ ബാധകമല്ലെന്നും ഓരോ വ്യക്തിക്കും ഭരണഘടന നൽകിയിട്ടുള്ള അവകാശമായ മനഃസാക്ഷി, മത വിശ്വാസ, ആചാര പ്രചാരണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന അനുച്ഛേദം 25(1) മാത്രമാണ് ഈ വിഷയത്തിൽ പരിഗണിക്കേണ്ടത് എന്നുമായിരുന്നു കേസിൽ വിദ്യാർഥികൾക്ക് അനുകൂലമായ വിധി നൽകിയ ജസ്റ്റിസ് സുധാൻഷു ധൂലിയ പ്രധാനമായും പറഞ്ഞുവച്ചത്. ദൈവശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരുന്നത് ശരിയല്ലെന്നും വിവിധ മതങ്ങളുടെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നും ബഹുസ്വരതയെ അംഗീകരിക്കുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ വിധിപ്രസ്താവത്തിൽ ഇതുവരെ നാം വിശദീകരിച്ച കാതലായ വിഷയങ്ങൾ.

തുടർന്നുകൊണ്ട് ജസ്റ്റിസ് ധൂലിയ പ്രവേശിച്ചത് യഹോവ സാക്ഷികളുടെ കേസിലേക്കാണ്. മതവിശ്വാസികളുടെ വ്യക്തിപരമായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉടലെടുക്കുമ്പോൾ സുപ്രീം കോടതി പ്രധാനമായും ഉദ്ധരിക്കുന്ന കേസാണ് ‘യഹോവ സാക്ഷികളുടെ കേസ്’ എന്നറിയപ്പെടുന്ന 1986ലെ ബിജോയ് ഇമ്മാനുവലിന്റെ സ്റ്റേറ്റ് ഓഫ് കേരള കേസ്.

യഹോവ കേസ് വിധി ഒരു വഴികാട്ടി

ജസ്റ്റിസ് ധൂലിയ തുടരുന്നു: ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി നൽകിയ വിധിയാണ് ശിരോവസ്ത്ര വിഷയത്തിലും ഞങ്ങൾക്ക് വഴികാട്ടിയാവുന്നത്. പ്രസ്തുത വിധി നക്ഷത്രതുല്യമായ വഴികാട്ടിയാണ്. നമ്മുടെ ഭരണഘടനാ മൂല്യങ്ങളുടെ സുസ്ഥിരമായ തത്ത്വങ്ങളും ധാരണകളും സഹിഷ്ണുതയുടെ പാതയിലൂടെ അത് നമുക്ക് കാണിച്ചുതരുന്നു.‘വിവേകപൂർണ മായ ഒത്തുതീർപ്പ്’ എന്നാണ് പല നിയമജ്ഞരും ഈ കോടതി മുമ്പാകെ പ്രസ്തുത വിധിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. മനഃസാക്ഷി സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ബിജോയ് ഇമ്മാനുവൽ കേസ് മൗലികമായ നിർദേശമൊന്നും വെക്കുന്നില്ല എന്ന കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം ഒട്ടും ശരിയല്ല. ബിജോയ് കേസ് വസ്തുതകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിൽ ഇപ്പോൾ നാം ചർച്ച ചെയ്യുന്ന ശിരോവസ്ത്ര കേസിലേക്ക് കൃത്യമായ വെളിച്ചം വീശുന്നത് തന്നെയാണ്.

എന്തായിരുന്നു ബിജോയ് കേസ്?

ക്രിസ്തു മതത്തിലെ യഹോവാ സാക്ഷി വിഭാഗത്തിൽ പെട്ട മൂന്നു പെൺകുട്ടികൾ കേരളത്തിലെ ഒരു സർക്കാർ സ്‌കൂളിൽ പഠിക്കുകയായിരുന്നു. എല്ലാ ദിവസവും രാവിലെ സ്‌കൂളിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ ഈ മൂന്ന് വിദ്യാർഥികളും സ്‌കൂളിലെ മറ്റ് കുട്ടികളെപ്പോലെ ബഹുമാനത്തോടെ ദേശീയ ഗാനത്തിനായി എഴുന്നേറ്റു നിൽക്കുമായിരുന്നു; എന്നാൽ അവർ ദേശീയഗാനം ആലപിച്ചിരുന്നില്ല. യഹോവക്കല്ലാതെ മറ്റാർക്കും വേണ്ടി പാടാൻ തങ്ങളുടെ വിശ്വാസം അനുവദിക്കുന്നില്ല എന്നായിരുന്നു അവരുടെ വാദം. തുടക്കത്തിൽ ഇത് ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ലെങ്കിലും പിന്നീട് ചിലർ അധികാരികൾക്ക് പരാതി നൽകി. കുട്ടികൾ സ്‌കൂളിൽനിന്നും പുറത്താക്കപ്പെട്ടു. കുട്ടികൾ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷൻ സിംഗിൾ ബെഞ്ച് തള്ളി. തുടർന്ന് അവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ചും അവരുടെ പരാതി തള്ളി. ഒടുവിൽ അവർ സുപ്രീം കോടതിയെ സമീപിക്കുകയും പ്രത്യേക വിടുതൽ ഹരജി ഫയൽ ചെയ്യുകയും ചെയ്തു. യഹോവാ സാക്ഷികൾ ദേശീയ പതാകയോടോ ദേശീയ ഗാനത്തോടോ അനാദരവ് കാണിച്ചിട്ടില്ല. എന്നാൽ യഹോവക്കല്ലാതെ മറ്റാർക്ക് വേണ്ടിയും പാടുന്നത് തങ്ങളുടെ മതവിശ്വാസം തങ്ങളെ വിലക്കുന്നു എന്നതിനാൽ ദേശീയഗാനം പാടുന്നതിൽനിന്നും വിട്ടുനിൽക്കുന്നു എന്നായിരുന്നു അവരുടെ വാദം.

ഇന്ത്യൻ ദേശീയഗാനത്തിൽ ആരുടെയും മതവികാരം വ്രണപ്പെടുത്തുന്ന വാക്കോ ചിന്തയോ ഇല്ല എന്നതിനാൽ യഹോവാ സാക്ഷികളായ മൂന്ന് പെൺകുട്ടികളുടെ വാദം പരിഗണിക്കാൻ സാധിക്കില്ല എന്നായിരുന്നു കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. അതിനാൽ കുട്ടികൾ ദേശീയഗാനം ആലപിക്കാതിരിക്കാൻ ഒരു ന്യായവും കാണുന്നില്ല എന്നായിരുന്നു ഹൈക്കോടതിയുടെ നിഗമനം. എന്നാൽ ഇവരുടെ കേസ് പരിശോധിച്ച് വിധി പറഞ്ഞ സുപ്രീംകോടതി ജസ്റ്റിസ് ഒ. ചിന്നപ്പ റെഡ്ഡി, ഹൈക്കോടതി വിധിയെ തള്ളുകയും ഹൈക്കോടതി നിരീക്ഷണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. ദേശീയഗാനത്തിന്റെ ഭാഷയോ ആശയമോ ആയിരുന്നില്ല കുട്ടികളുടെ പ്രശ്‌നം. ഏതു രാജ്യത്തിന്റെതായിരുന്നാലും ദേശീയഗാനം ചൊല്ലുന്നത് തങ്ങളുടെ വിശ്വാസത്തിന് എതിരാകുന്നു എന്ന് മാത്രമായിരുന്നു അവരുടെ പ്രശ്‌നം.

മൈനേഴ്സ്വിൽ, ബാർനെറ്റ് കേസുകൾ

ബിജോയ് കേസിലെ വിധിയിലേക്ക് ജസ്റ്റിസ് ചെന്നപ്പ റെഡ്ഡിയെ നയിച്ചത് അമേരിക്കൻ സുപ്രീം കോടതിയുടെ രണ്ട് വിധിന്യായങ്ങളാണ്. അവ ഇവിടെ ശിരോവസ്ത്ര വിഷയത്തിൽ പ്രത്യേകം പരാമർശിക്കേണ്ടത് തന്നെയാണ്. കാരണം അവ സ്‌കൂളുകളുമായും സ്‌കൂളുകൾ നടപ്പാക്കുന്ന ‘അച്ചടക്ക’വുമായും ബന്ധപ്പെട്ടതാണ്. ആദ്യത്തെത് മൈനേഴ്സ്വിൽ സ്‌കൂൾ ഡിസ്ട്രിക്റ്റിന്റെ ഗോബൈറ്റിസ് കേസ് Minersville School District vs Gobitis), രണ്ടാമത്തെത് വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് ബോർഡ് ഓഫ് എഡ്യൂക്കേഷന്റെ ബാർനെറ്റ് കേസ് (West Virginia State Board of Education vsBarnette).

അമേരിക്കൻ വിധികൾ ഒരവലോകനം

മൈനേഴ്സ്വിൽ കേസിൽ പ്രധാനമായും വന്നത് ദേശീയപതാകയെ ആദരിക്കാൻ നിർബന്ധിക്കുന്നത് അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതി അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന് വിരുദ്ധമാണോ എന്നതായിരുന്നു. ഈ വിഷയത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ല എന്നായിരുന്നു മൈനേഴ്സ്വിൽ കേസിലെ വിധിയെങ്കിൽ ബാർനെറ്റ് കേസിന്റെ വിധി മൈനേഴ്സ്വിൽ കേസ് വിധിയെ റദ്ദ് ചെയ്യുകയും പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏതൊരു വിഷയത്തിലും കോടതിക്ക് ഇടപെടാമെമെന്ന പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്യുകയാണുണ്ടായത്. ബാർനെറ്റ് കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് ജാക്്സൺ ഉദ്ധരിച്ചത് ‘ഒരു സർക്കാർ പ്രാധാന്യം നൽകേണ്ടത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനാണോ അതല്ല, സർക്കാറിന്റെ നിലനിൽപിനാണോ’ എന്ന എബ്രഹാം ലിങ്കന്റെ ധർമസങ്കടം നിറഞ്ഞ പ്രസിദ്ധമായ വചനത്തെയാണ്. തുടർന്നു ജാക്‌സൺ മൈനേഴ്‌സ്‌വിൽ കേസിൽ വിദ്യാർഥികൾ ഉന്നയിച്ച വിഷയത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് വിധി പറഞ്ഞ ജസ്റ്റിസ് ഫ്രാങ്ക്ഫർട്ടറെ വിമർശിച്ചുകൊണ്ട് പറഞ്ഞു: ‘വിദ്യാലയങ്ങൾ ഭരണഘടനക്ക് വിധേയമായാണ് പ്രവർത്തിക്കേണ്ടത്. പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ കുറിച്ചുള്ള നമ്മുടെ ധാരണക്ക് വിരുദ്ധമായ വിധികൾ അംഗീകരിക്കാൻ കഴിയില്ല. സ്വാതന്ത്ര്യം ലംഘിക്കപ്പെടുമ്പോൾ ഇടപെടുക എന്നത് കോടതികളെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ദൗത്യമാണ്. മതം, രാഷ്ട്രീയം, ദേശീയത തുടങ്ങിയ കാര്യങ്ങളിൽ ഒരു വ്യക്തിയുടെ കാഴ്ചപ്പാട് നിശ്ചയിക്കേണ്ടത് ഉദ്യോഗസ്ഥന്മാരല്ല. പതാകവന്ദനവും പ്രതിജ്ഞയും നിർബന്ധമാക്കിക്കൊണ്ടുള്ള പ്രാദേശിക അധികാരികളുടെ നടപടി ഭരണഘടനാപരമായ അവരുടെ അധികാര പരിധികളെ മറികടക്കുന്നതാണ്. സാമാന്യബുദ്ധിയോട് അത് യോജിക്കുന്നില്ല.’

ജസ്റ്റിസ് ചെന്നപ്പ റെഡ്ഡിയുടെ നിരീക്ഷണം

അമേരിക്കയിലെ വിദ്യാർഥികൾ അനുഭവിച്ച അതേ പ്രശ്‌നമാണ് ബിജോയ് കേസിൽ യഹോവാ സാക്ഷികളായ വിദ്യാർഥികളും അനുഭവിച്ചത് എന്നായിരുന്നു ജസ്റ്റിസ് ചിന്നപ്പ റെഡ്ഡി നിരീക്ഷിച്ചത്. വിദ്യാർഥികളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന് പറഞ്ഞ റെഡ്ഡിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെയായിരുന്നു:

‘ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) സംസാരത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും ഉറപ്പുനൽകുന്നു. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം, പൊതുക്രമം, മാന്യത തുടങ്ങിയവക്ക് വിരുദ്ധമാവുകയോ കോടതിയലക്ഷ്യം, അപകീർത്തി എന്നിവ ഉൾക്കൊള്ളുകയോ ചെയ്യുന്നുണ്ടെങ്കിൽ മാത്രമെ നിയന്ത്രണങ്ങൾ പാടുള്ളൂ എന്ന് അനുച്ഛേദം 19(2) വ്യക്തമാക്കുന്നു. അനുച്ഛേദം 25(1) എല്ലാ വ്യക്തികൾക്കും മനസ്സാക്ഷി സ്വാതന്ത്ര്യവും മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും ഉറപ്പ് നൽകുന്നു.’

ബിജോയ് കേസ് വിധിയിൽ ധൂലിയയുടെ നിരീക്ഷണം

ദേശീയഗാനം ആലപിക്കുമ്പോൾ പെൺകുട്ടികൾ മാന്യമായി നിൽക്കുന്നത് സൂചിപ്പിക്കുന്നത് ദേശീയ ഗാനത്തോട് അവർക്ക് ആദരവുണ്ട് എന്നതാണ്. ആലാപനത്തിൽ പങ്കെടുത്തില്ല എന്നത് അനാദരവായി കാണാൻ കഴിയില്ല. അതുകൊണ്ടുതന്നെ അവരെ സ്‌കൂളിൽനിന്ന് പുറത്താക്കിയത് ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) പ്രകാരം അവർക്ക് നൽകിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം, അഭിപ്രായ പ്രകടനം എന്നീ മൗലികാവകാശങ്ങളുടെ ലംഘനമാണ്. മുഴുവൻ സ്‌കൂളുകളും ദേശീയഗാനം ആലപിക്കണമെന്ന സർക്കാർ നിർദേശത്തെ ഒരു നിയമമായി കണക്കാക്കാൻ സാധ്യമല്ല. നിയമപരമായി നില നിൽക്കുന്ന ചട്ടം ‘The Prevention of Insults to National Honour Act, 1971’ മാത്രമാണ്. അതായത് ദേശീയതയെ അവഹേളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം. ഇവിടെ ഒരു അവഹേളനവും ഉണ്ടായിട്ടില്ല. ദേശീയഗാനം ആലപിക്കുമ്പോൾ ആദരവോടെ നിൽക്കുകയും എന്നാൽ ആലാപനത്തിൽ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്ന ഒരാൾ നിയമപ്രകാരം കുറ്റം ചെയ്യുന്നില്ല. ദേശീയഗാനം ആലപിക്കുന്നതിൽനിന്ന് ഒരാൾ മറ്റൊരാളെ തടയുമ്പോൾ മാത്രമാണ് കുറ്റം ചെയ്യുന്നത്. പാടാനുള്ള സ്വാതന്ത്ര്യം പോലെത്തന്നെ നിശ്ശബ്ദത പാലിക്കാനുള്ള സ്വാതന്ത്ര്യവും മൗലികാവകാശങ്ങളിൽ പെട്ടതാണ് എന്നാണ് കോടതി വ്യക്തമാക്കിയത്.

ബിജോയ് കേസിൽ ഒ.ചെന്നപ്പറെഡ്ഡി അനുച്ഛേദം 25നെ കുറിച്ച് സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘അനുച്ഛേദം 25 വിശ്വാസവുമായി ബന്ധപ്പെട്ട അനുച്ഛേദമാണ്. നിസ്സാര ന്യൂനപക്ഷത്തിന് പോലും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് കീഴിൽ അതിന്റെ സ്വത്വം കണ്ടെത്തി അതനുസരിച്ച് ജീവിക്കാനുള്ള സാധ്യതയാണ് യഥാർഥ ജനാധിപത്യം എന്നാണ് പ്രസ്തുത അനുച്ഛേദത്തിന്റെ അകക്കാമ്പ്. അതുകൊണ്ടുതന്നെ അനുച്ഛേദം 25 വ്യാഖ്യാനിക്കുമ്പോൾ ഈ ആശയം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്.’

ബിജോയ് കേസും ശിരോവസ്ത്ര കേസും ഒരുപോലെ

ജസ്റ്റിസ് ധൂലിയ വിഷയം അവസാനിപ്പിക്കുന്നത് ഇങ്ങനെ: ‘യഹോവാ സാക്ഷികൾ അനുഭവിച്ചതുപോലെയുള്ള പ്രശ്‌നങ്ങളാണ് ഇപ്പോൾ നമ്മുടെ മുമ്പിൽ നിൽക്കുന്ന ഈ പെൺകുട്ടികളും അനുഭവിക്കുന്നത്. ഈ പെൺകുട്ടികൾ ശിരോവസ്ത്രം അവരുടെ വിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്നു. അത് തങ്ങളുടെ മതത്തിന്റെയും സാമൂഹിക ആചാരത്തിന്റെയും ഭാഗമാണെന്ന് അവർ വിശ്വസിക്കുന്നു. അതിനാൽ, എന്റെ അഭിപ്രായത്തിൽ ബിജോയ് ഇമ്മാനുവൽ കേസും അതിൽ പറഞ്ഞിരിക്കുന്ന അനുപാതങ്ങളും ഈ കേസും പൂർണമായി ഉൾക്കൊള്ളുന്നുണ്ട്.’

അടുത്ത ലക്കത്തിൽ:

ക്ലാസ്സ്മുറികളിലെ മതസ്വാതന്ത്ര്യവും ജസ്റ്റിസ് ധൂലിയയുടെ നിരീക്ഷണവും