ചേലാകർമത്തിന്റെ ഗുണഫലങ്ങളും വിമർശനങ്ങളിലെ അർഥശൂന്യതയും

റഹ്‌മാൻ മധുരക്കുഴി

2023 മെയ് 06 , 1444 ശവ്വാൽ 14

സഹസ്രാബ്ദങ്ങൾക്ക് മുമ്പേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ജനസമൂഹങ്ങൾക്കിടയിൽ അനുഷ്ഠിക്കപ്പെട്ടു പോരുന്നതാണ് ചേലാകർമം. ജൂതൻമാരും ക്രിസ്ത്യാനികളും മതത്തിന്റെ ഭാഗമായി ഇതനുഷ്ഠിക്കുമ്പോൾ, സെൻട്രൽ അമേരിക്ക, ആമസോൺ ആദിവാസികളും അബ്സീനിയയിലെ ക്രിസ്ത്യാനികളും ഇത് ഒരു ആചാരമായിട്ടാണ് നടത്തിവരുന്നത്. കേരളത്തിലെ ഒരു പ്രബല സമുദായമായ നായൻമാരുടെ ഇടയിലും ഇത് നടപ്പിലുണ്ടായിരുന്നു. 1949ൽ തിരുവനന്തപുരം റെഡ്യാർ പ്രസ്സ് ആന്റ് ബുക്ക് ഡിപ്പോവിൽ നിന്ന് പ്രസിദ്ധീകരിച്ചതും ശ്രീ കുറുപ്പും വീട്ടിൽ കെ.എൻ.ഗോപാലപിള്ള രചിച്ചതുമായ കേരള മഹാചരിത്രം രണ്ടാം ഭാഗത്തിൽ ‘നായൻമാരുടെ പൂർവികാചാരാങ്ങൾ’ എന്ന തലക്കെട്ടിൽ ഇപ്രകാരം പറയുന്നു: ‘ലോകത്ത് എല്ലാ പ്രാചീന സമുദായങ്ങളും ആചരിച്ചുപോന്ന ഒരു ആചാരമാകുന്നു ലിംഗ ശാസ്ത്രം. പുരുഷ പ്രജകളുടെ ലിംഗാഗ്രത്തിൽ ഉള്ള ബാഹ്യചർമം ഛേദിച്ചുകളയുന്ന ക്രിയയാകുന്നു ലിംഗ ശാസ്ത്രം. കേരത്തിൽ നായൻമാരുടെയിടയിൽ പുരാതനകാലങ്ങളിൽ ഈ ആചാരം നടപ്പിലുണ്ടായിരുന്നു. ദക്ഷിണ തിരുവിതാംകൂറിൽ ചില പ്രദേശങ്ങളിലെ നായൻമാർ ഒരു പാദശരവർഷം മുൻപ് വരെ ഈ കർമം നടത്തിവന്നു. ഇതിന് ചേലാകർമം എന്നും പേരുണ്ട്. ആൺകുട്ടിയെ കൗപീനം ധരിപ്പിക്കുന്നതിന്റെ പ്രാരംഭ കർമമായിട്ടാണ് ഈ ശസ്ത്രക്രിയ നടത്തി പോന്നത്. തന്നിമിത്തം ഈ ക്രിയക്ക് ‘ചേലാകർമം’ എന്ന പേര് സിദ്ധിച്ചു. (പേജ് 54,55)

ശാസ്ത്ര വിരുദ്ധമോ?

ചേലാകർമം ശാസ്ത്രവിരുദ്ധമെന്ന വാദം അശാസ്ത്രീയമത്രെ. വൈദ്യശാസ്ത്രം ചേലാകർമത്തെ അംഗീകരിക്കുകയും ആരോഗ്യപരമായ കാരണങ്ങളാൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന യാഥാർഥ്യം ഇക്കൂട്ടർ കാണാതെ പോവുകയാണ്.

ലിംഗത്തിനുണ്ടാകുന്ന പല രോഗങ്ങൾക്കും ചികിത്സയായിട്ട് ഇന്ന് ലിംഗാഗ്രപരിഛേദം വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. ലിംഗാഗ്രത്തുള്ള ചർമം വല്ലാതെ ഇടുങ്ങിയിരിക്കുമ്പോൾ ഇത് സംഭോഗത്തെ പ്രതികൂലമായി ബാധിക്കുകയും ചിലപ്പോൾ മൂത്രം ഒഴിഞ്ഞുപോവാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. മൂത്രം കെട്ടിനിൽക്കുന്നത് പലതരം രോഗപ്പകർച്ചൾക്കും കാരണമാകുമെന്നും ഇതിനുള്ള ഏക പ്രതിവിധി പരിഛേദനമാണെന്നും വിദഗ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ചേലാകർമം ശിശു പീഡനമാകയാൽ നിരോധിക്കണമെന്ന് ചിലർ വാദിക്കുന്നു. പ്രായപൂർത്തിയായാൽ താൽപര്യമുള്ളവർക്ക് ആയതിന് സ്വാതന്ത്ര്യം നൽകണണെന്ന് മറ്റു ചിലരും വാദിക്കുന്നു. എന്നാൽ, ചേലാകർമം ശൈശവകാലത്ത് തന്നെ നിർവഹിക്കുന്നതാണ് അഭികാമ്യമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. ‘ബാല്യപ്രായത്തിൽ തന്നെ ചേലാകർമം ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ലിംഗത്തിന് ബലക്ഷ യമോ വൈകാരികാസ്വാദനത്തിന് ഭംഗമോ നേരിടുന്നതല്ല’ എന്നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മന:ശാസ്ര്ത വിദഗ്ധനായിരുന്ന പി.എം.മാത്യുവിന്റെ പക്ഷം. (ബാല്യം, കൗമാരം, യൗവ്വനം, വാർധക്യം, പി.എം.മാത്യു, പേജ്: 67, 68).

‘ഭാഗികമായി മാത്രം മനസ്സിലാക്കാവുന്ന ചില കാരണങ്ങളാൽ ജനിച്ചയുടനെ ശരിയായ വിധത്തിൽ നടത്തപ്പെടുന്ന ചേലാകർമം ക്യാൻസറിനെതിരെ പൂർണമായി പ്രതിരോധശക്തി നൽകുന്നു’ എന്നാണ് Baily and Love എഴുതിയ ‘A short practice of subject’ എന്ന ഗ്രന്ഥത്തിൽ പറയുന്നത്. ‘ലിംഗാർബുദം ജൂതൻമാരിൽ ഇല്ലതന്നെ. കുറച്ചു വൈകി മാത്രം ചേലാകർമം ചെയ്യുന്ന മുസ്‌ലിംകളിലും ഇത് അപൂർവമാണ്’-പ്രസിദ്ധ പാത്തോളജിസ്റ്റായ വില്യം ബോയ്ഡിന്റെതാണ് ഈ അഭിപ്രായം. അഗ്രചർമം മുറിക്കുന്നതോടെ സംവേദന ക്ഷമത ഉണ്ടാകുന്ന ഞരമ്പുകൾക്ക് പരിക്ക് പറ്റുമെന്നും, അത് പരിഛേദനം നടത്തിയവരുടെ ലൈംഗിക സംതൃപ്തി ഇല്ലാതാക്കുമെന്നുള്ള വാദം, ഈ പഠനം ഖണ്ഡിക്കുന്നതിങ്ങനെ.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ടുമെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹ്യൂമൺ സർവീസസിന്റെ ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ Does male circumcision effect sexual fumctiom, Sensitivity, or Satisfaction എന്ന ലേഖനത്തിൽ 1++, 2++, 2+ പഠനങ്ങൾ ലിംഗസംവേദന ക്ഷമത, ലൈംഗിക ഉത്തേജനം, ലൈംഗിക സംവേദനം, ഉദ്ധാരണ പ്രവർത്തനം, സ്ഖലന ലേറ്റൻസി, രതിമൂർഛ, ലൈംഗിക സംതൃപ്തി, ആനന്ദം എന്നിവക്ക് പരിഛേദനം മൂലം പ്രതികൂലഫലമൊന്നും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ചേലാകർമം ശിശു പീഡനമാണെന്നും 18 വയസ്സ് വരെ കാത്തിരിക്കണമെന്നും വാദിക്കുന്നവർക്കുള്ള മറുപടിയാണിത്.

ഇന്ത്യയിൽ മതാചാരപ്രകാരം ചേലാകർമം നടത്തിവരുന്ന മുസ്്ലിംകളിൽ ലിംഗത്തിനുണ്ടാവുന്ന ക്യാൻസർ വളരെ വിരളമാണ്. എന്നാൽ ചേലാകർമം നടത്താത്ത ഹൈന്ദവരിൽ ഇത് 10% വരും! പാത്തോളജിസ്റ്റ് ആൻജേഴ്സൺ പറയുന്നു: ‘ന്യൂയോർക്കിലും ഇസ്രായീലിലുമുള്ള സ്ത്രീകളിൽ ഇതരരെ അപേക്ഷിച്ച് കാൽഭാഗത്തിന് മാത്രമെ സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ കണ്ടുവരുന്നുള്ളൂ. പുരുഷൻമാരുടെ ചേലാകർമവും അതുവഴി ലിംഗം എപ്പോഴും ശുദ്ധിയായിരിക്കുന്നതുമാണ് ഇതിന് കാരണം. ഉദയ്‌പൂരിലെ ആർ.എൻ.ടി. മെഡിക്കൽ കോളേജ് നടത്തിയ ഒരു പഠനം ചേലാകർമം നടത്താത്തവരിലാണ് ലിംഗ ക്യാൻസർ കൂടുതലായി കാണുന്നതെന്ന് വ്യക്തമാക്കിയതായി 25-04-83ലെ ദേശാഭിമാനി റിപ്പോർട്ട് ചെയ്യുകയുണ്ടായി. ‘സുന്നത്ത്’ നടത്തുന്ന മുസ്്ലിംകൾ തിങ്ങിപ്പാർക്കുന്ന സിറ്റിയിൽ നിന്നും ലിംഗത്തിന് ക്യാൻസർ ബാധിച്ച ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ‘സുന്നത്തും, ക്യാൻസറും’ എന്ന ശീർഷകത്തിൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച പ്രസ്തുത വാർത്ത ചൂണ്ടിക്കാണിക്കുന്നു.

ന്യൂയോർക്ക് നഗരത്തിൽ നടത്തിയ സർവേയിൽ ജൂത വംശത്തിൽപെട്ട ഒരു ലക്ഷം വനിതകളിൽ മൂന്ന് പേർക്ക് മാത്രം ഗർഭാശയമുഖ ക്യാൻസർ പിടിപെട്ടതായി കണ്ടപ്പോൾ നീഗ്രോ വംശജരായ സ്ത്രീകളിൽ ഒരു ലക്ഷത്തിന് 47 പേരാണ് ഈ രോഗത്തിന് വിധേയരായതെന്നും, ജൂതവംശജരായ പുരുഷൻമാർ പരിഛേദനം നടത്തുന്നതിലാണ് അവരുടെ ഭാര്യമാരിൽ ഗർഭാശയമുഖ ക്യാൻസർ കുറഞ്ഞിരിക്കുന്നതെന്നും തൃശൂരിലെ അമല ക്യാൻസർ ഹോസ്പിറ്റലിലെ ഡോ.സി.ഡി.ജോസഫ് പറയുന്നു. (1983 ഡിസംബർ ലക്കം വനിത മാസിക).

എയ്ഡ്സ് രോഗവുമായി ബന്ധപ്പെട്ട് അഗ്രചർമഛേദനത്തെക്കുറിച്ച് ആസ്ട്രേലിയൻ ഡോക്ടർമാർ നടത്തിയ ഗവേഷണറിപ്പോർട്ട് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ടിൽ പുരുഷ ലിംഗം വഴിയാണ് എച്.ഐ.വി വൈറസുകൾ സാധാരണ സംക്രമിക്കുന്നതെന്നും ചേലാകർമം നടത്തിയ പുരുഷൻമാരിൽ വൈറസ് സംക്രമണ സാധ്യത രണ്ട് മുതൽ എട്ട് വരെ മടങ്ങ് കുറവാണെന്നും കണ്ടെത്തിയതായി പറയുന്നു. അതിനാൽ എയ്ഡ്സ് ബാധ തടയുന്നതിന് ഫലപ്രദമായ മാർഗമായി ചേലാകർമത്തെ സ്വീകരിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നു. എയ്ഡ്സ് കൂടുതൽ ബാധിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളിലും പ്രതിരോധ മാർഗമെന്ന നിലയിൽ ചേലാകർമം ഗൗരവമായി പരിഗണിക്കേണ്ടതാണെന്നാണ് മേൽബൺ യൂണിവേഴ്സിറ്റി പ്രൊഫസർ റോജർ ഷോർട്സ് പറയുന്നത്. എയ്ഡ്സ് വൈറസിനെ പ്രതിരോധിക്കുന്നതിലുള്ള അതിന്റെ കഴിവ് പ്രകടമാവുന്നത് 15-20 വയസ്സുകളിലാണ്. അതിനാൽ മുസ്‌ലിം സമൂഹങ്ങളിൽ നടപ്പുള്ളത് പോലെ കൗമാരത്തിലോ ബാല്യത്തിലോ ചേലാകർമം നിർവഹിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുരുഷൻമാർക്ക് എച്ച്.ഐ.വി ബാധിക്കുന്നതിൽനിന്നും അത് സ്ത്രീകളിലേക്ക് പകരുന്നതിൽനിന്നും സംരക്ഷണം നേടാൻ സുന്നത്ത് കർമം സഹായിക്കുന്നതായി ദക്ഷിണാഫ്രിക്കയിലെ ദർബാറിൽ ഈയിടെ നടന്ന 13ാമത് അന്താരാഷ്ട്ര എയ്ഡ്സ് കോൺഫ്രൻസിൽ അമേരിക്കൻ ഗവേഷകർ ചൂണ്ടിക്കാണിക്കുകയു ണ്ടായി. ബെൽജിയത്തിലെ ശാസ്ത്രജ്ഞ ആനിബുവേ തദ്സംബന്ധമായ തന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എച്ച്.ഐ.വി.പടരുന്നതിനെതിരെ സുന്നത്ത് കർമം പ്രചരിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി (മാധ്യമം: 2000 ജൂലായ് 12).

ഇത്രയും ഗുണഫലങ്ങൾ ലഭ്യമാകുന്ന ചേലാകർമം നിരോധിക്കണമെന്ന ചിലരുടെ വിതണ്ഡവാദം അതർഹിക്കുന്ന അവജ്ഞതയോടെ കോടതി തള്ളിക്കളഞ്ഞതിൽ അത്ഭുതമുണ്ടോ!